മതമില്ലാത്ത ബിരിയാണികള്‍…!

483

08TVIFTAR_G031D1E30_177533f

ലേഖകന്‍ : ഫേവര്‍ കൊല്ലന്നുര്‍ ഫ്രാന്‍സിസ് 

‘ഹിന്ദു യുവാവ് നബി ദിന റാലിയെ റോഡരികില്‍ ചെരുപ്പുപോലും അഴിച്ചു വച്ച് തൊഴുന്നു’, ‘മുസ്ലിം യുവാവ് അയ്യപ്പന്മാര്‍ക്ക് അന്നദാനം നടത്തുന്നു’.. ഇങ്ങനെ മത സൗഹാര്‍ദ വാര്‍ത്തകളുടെ പ്രളയം ആണ് ഫേസ്ബുക്കില്‍ ഇപ്പോള്‍. അസാധാരണമായ സംഭവങ്ങള്‍ക്ക് വാര്‍ത്താ മൂല്യം ഏറുമെന്നാണ് പഠിപ്പ്.

ഇത്തരം സംഭവങ്ങള്‍ വാര്‍ത്തകള്‍ ആകുന്നതില്‍ അപ്പോള്‍ നമ്മള്‍ സന്തോഷിക്കുകയാണോ ആകുലപ്പെടുകയാണോ വേണ്ടത്? ആശിക്കാം. ഇവ വരും കാലങ്ങളില്‍ വാര്‍ത്തകള്‍ അല്ലാതായി മാറട്ടെ  എന്നും സംഭവിക്കുന്ന സര്‍വസാധാരണ പ്രവര്‍ത്തികള്‍ ആയി മാറട്ടെ ഇവ.

നബി ദിന റാലിയെ വന്ദിക്കുന്ന കാവി മുണ്ട് ധാരി എന്നെ ഓര്‍മിപ്പിച്ചത്  പഠന കാലത്തെ ഒരു ചെറിയ സംഭവം, വലിയ സന്ദേശം ഉള്‍ക്കൊള്ളുന്ന ഒന്ന്.  കാലിക്കറ്റ് യൂണിവേര്‍സിറ്റി പഠന കാലത്തെ ഒരു ക്രിസ്തുമസ്. തൃശ്ശൂരില്‍ വീട്ടിലും നാട്ടിലും ക്ലബ്ബിനും പള്ളിക്കും ഒക്കെ വേണ്ടി വളരെ പ്രൊഫഷണല്‍ ആയി പുല്‍ക്കൂട് നിര്‍മിച്ചു ആ മേഖലയിലെ ഒരു താപ്പാന ആയി വിരാജിച്ചിരുന്ന എനിക്ക് യൂണിവേര്‍സിറ്റിയില്‍ എം സീ ജെ പഠന കാലത്ത് ഞങ്ങളുടെ ഹോസ്റ്റല്‍ വിങ്ങില്‍ ഒരു പുല്‍ക്കൂട് പണിതാല്‍ കൊള്ളാം എന്ന മോഹം ഉദിച്ചു. അങ്ങനെ ഞാനും കുറച്ചു കൂട്ടുകാരും പണി തുടങ്ങി. ഹോസ്റ്റലില്‍ രണ്ടു ഇടനാഴികള്‍ ചേരുന്നിടത്ത് ഉള്ള ഒരു കോമണ് ഏരിയ ആണ് പുല്‍ക്കൂടിനായി തെരഞ്ഞെടുത്തത്. ടീ ടീ റൂമിന്റെ എതിര്‍വശം. ഓരോ വിങ്ങിന്റെ അവസാനവും മൂന്നോ നാലോ കക്കൂസുകളും കുളിമുറികളും ഉണ്ടാകും
ആരുടെ ഐഡിയ ആണ് എന്ന് അറിയില്ല, ഈ രണ്ടു വിങ്ങുകളുടെ സംഗമസ്ഥാനത്തും ഉണ്ട് ഒരു കക്കൂസ് കം കുളിമുറി അതിന്റെ നേരെ എതിര്‍വശത്താണ് നമ്മുടെ പുല്‍ക്കൂട് പണി തകൃതിയായി നടക്കുന്നത്.

ആ പണി പുരോഗമിക്കുന്നതിനിടയില്‍ ഒരു രാവിലെ റൂമില്‍ ഒരു സന്ദര്‍ശകന്‍ എത്തുന്നു. ബയോ ടെക്‌നോളജി പഠിക്കുന്ന അക്ഷയ് കുമാര്‍. ബീഹാര്‍ സ്വദേശി ആണ് അക്ഷയ് ഇടയ്ക്കു മെസ്സിലും ലൈബ്രറിയിലും ഒക്കെ കണ്ടുമുട്ടുന്‌പോള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ഒക്കെ കുശലാന്വേഷണം നടത്താറുണ്ട് അക്ഷയ്. എന്നാല്‍ ഇന്നത്തെ വരവിന്റെ ഉദ്ദേശം വേറെ ആണ്.

കടുത്ത ധര്‍മസങ്കടത്തില്‍ ആണ് അക്ഷയ്. വൃത്തിയില്‍ അല്പം മുന്‍പില്‍ ആയിരുന്ന അക്ഷയ് സ്ഥിരമായി ഉപയോഗിക്കുന്നത് ഈ പുല്‍ക്കൂട് പണി നടക്കുന്നതിനു സമീപമുള്ള ടോയലെറ്റ് ആണ്. ഇപ്പോള്‍ അതിന്റെ മുന്നില്‍ ആണ് ക്രിസ്തുവിനു പിറന്നു വീഴാനുള്ള പുല്‍ക്കൂട് ഒരുങ്ങുന്നത്. അപ്പോള്‍ ഇനി താന്‍ ആ ടോയലെറ്റ് ഉപയോഗിക്കുന്നത് പ്രശ്‌നമല്ലേ, അത് നിങ്ങളുടെ മതത്തെ അപമാനിക്കുന്ന പോലെ അല്ലെ എന്നൊക്കെയാണ് അക്ഷയ് സംശയം പ്രകടിപ്പിക്കുന്നത് പുല്‍ക്കൂട് നിര്‍മാണത്തിന് നേത്രുത്വും നല്കുന്ന ഒന്നാം തരം നസ്രാണി വര്‍ഗീയ വാദിയായ എനിക്ക് അതൊരു പ്രശ്‌നമായി തോന്നിയിരുന്നെ ഇല്ല.ഞാനും സ്ഥിരമായി ഉപയോഗിച്ചിരുന്നത് അതെ ടോയ് ലെറ്റ് തന്നെയായിരുന്നു. അന്ന് രാവിലെ വരെ.

വാല്‍ക്കഷണങ്ങള്‍

ഒന്ന്

യുണിവേര്‍സിറ്റി വാച്ച്മാന്‍ പ്രകടിപ്പിച്ച ‘സ്‌നേഹം’ ക്രിസ്തുമസ്സിനു പുല്‍ക്കൂട് ഉണ്ടാക്കുന്നതിലെ അവിഭാജ്യ ഘടകം ആണ് ‘കാറ്റാടി’ മരം. അത് കൊണ്ടാണ് ക്രിസ്തുമസ് ട്രീ ഉണ്ടാക്കുന്നത്. യുണിവേര്‍സിറ്റി ഇന്‍സ്റ്റ്രമെന്റെഷന്‍ സെന്ററിന്റെ പരിസരത്തുള്ള ഒരു വലിയ കാറ്റാടി മരത്തില്‍ നിന്നും കൊന്പുകള്‍ വെട്ടാന്‍ വെട്ടുകത്തിയുമായി ഇറങ്ങിയ ഞങ്ങളെ ഒരു വാച്ച്മാന്‍ പിടികൂടി. കാര്യം പറഞ്ഞപ്പോള്‍ പുള്ളി ഞങ്ങളെ ഉപദേശിച്ചു.

‘ആ വലിയ മരത്തിന്റെ മുകളില്‍ വലിഞ്ഞു കയറി വീണു കയ്യും കാലും ഒടിക്കണ്ട.
പോരാത്തതിനു അവിടെ ഒക്കെ നല്ല വിഷമുള്ള പാമ്പുകളും ഉണ്ട്. നിങ്ങള്‍ ഒരു കാര്യം ചെയ്യ്, ആ ഹെല്‍ത്ത് സെന്ററിന്റെ പിന്നില്‍ കാറ്റാടി തൈകള്‍ ഉണ്ട്. ക്രിസ്തുമസ് ട്രീക്ക് പറ്റിയ വലിപ്പം ആണ്; കടയോടെ വെട്ടിയെടുക്കാം എന്റെ കൂടെ പോരെ, ഞാന്‍ ടോര്‍ച്ച അടിച്ചു തരാം.’

(അയാള്‍ അക്രൈസ്തവന്‍ ആണെന്ന് തന്നെയാണ് എന്റെ ഓര്‍മ!)

രണ്ട്

പുല്‍ക്കൂട് പണി തീര്‍ന്നപ്പോള്‍ അതില്‍ വെക്കാന്‍ രൂപങ്ങള്‍ ഇല്ല. എല്ലാവരും ചിന്തിച്ചു തലപുകക്കുമ്പോഴാണ്‌ എന്നോട് അതിനു മുന്‌പോ ശേഷമോ സംസാരിച്ചിട്ടില്ലാത്ത
പ്രമോദ് എന്ന മലയാളം എം എ വിദ്യാര്‍ഥി ഒരു ക്രിസ്തുമസ് കാര്‍ഡുമായി കടന്നു വരുന്നത്. മാതാവും ഉണ്ണിയേശുവും ഔസേപ്പിതാവും ഉണ്ടായിരുന്ന ആ കാര്‍ഡ് ആണ് പുല്‍ക്കൂട്ടില്‍ രൂപങ്ങള്‍ക്ക് പകരം വെച്ചത്. (പ്രമോദ് തീര്‍ച്ചയായും അക്രൈസ്തവന്‍ തന്നെ!)

മൂന്ന്

(തികച്ചും വ്യക്തിപരം)
മറ്റു മതങ്ങളെ ആദരിചില്ലെങ്കിലും ബഹുമാനിച്ചില്ലെങ്കിലും അവര്‍ അവരുടെ വിശേഷ ദിവസങ്ങളില്‍ വിരുന്നുണ്ണാന്‍ വിളിച്ചാല്‍ തീര്‍ച്ചയായും പോകണം. മൂക്ക് മുട്ടെ തട്ടുകയും വേണം. മതങ്ങളുടെ പേരില്‍ നമ്മള്‍ പരസ്പരം പോരടിക്കുന്നതിന് അപ്പവും പത്തിരിയും പ്രഥമനും കോഴി ബിരിയാണിയും താറാവ് റോസ്റ്റും ആട്ടിന്‍ തല ചതച്ചതും അവിയലും തോരനും പച്ചടിയും കിച്ചടിയും കാളനും ഓലനും പഴം പുഴുങ്ങിയതും ഒക്കെ എന്ത് പിഴച്ചു?

പോരാത്തതിന് കോഴിക്കും പോത്തിനും ആടിനും താറാവിനും ഒക്കെ സ്വന്തമായി മതവുമില്ലല്ലൊ!

പിന്നെ പടവലങ്ങക്കാണോ മതം?