വിശ്വാസികൾക്ക് സമാധാനം കിട്ടാത്തതിന്റെ കാരണമെന്ത് ?

472

ഒരു അവിശ്വാസിക്കു കിട്ടുന്നത്രയും സമാധാനം ഇക്കാലത്ത് ഒരു ദൈവവിശ്വാസിക്ക് ലഭിക്കില്ലെന്നുറപ്പാണ്..
കാരണം അവിശ്വാസിക്കു ദൈവങ്ങളേക്കുറിച്ചും, അമ്പലങ്ങളെക്കുറിച്ചും, പള്ളികളെക്കുറിച്ചും, ആചാരങ്ങളെക്കുറിച്ചും വേവലാതികളില്ല..

ശബരിമലയിൽ സ്ത്രീ കയറിയാലും, കയറിയില്ലെങ്കിലും പ്രശ്നമില്ല.. പ്രതിമയുടെ ബ്രഹ്മചര്യത്തെക്കുറിച്ച് ഗവേഷണം നടത്തേണ്ട. അർച്ചനകൾ, പൊങ്കാലകൾ മുതൽ ശത്രുസംഹാര കൊട്ടേഷനുകൾക്കു വരെ മുടക്കേണ്ട ചെറുതല്ലാത്തൊരു തുക വർഷാവർഷം ലാഭിയ്ക്കാം….
ജാതിപ്പോരുകളിൽ ഭാഗമാകേണ്ട..

മതത്തിന്റെ പേരിലുള്ള വിദ്വേഷ പ്രചരണങ്ങളിലും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട.. ദിനംപ്രതിയുള്ള സുഖ ദുഃഖങ്ങളെ സ്വയം അങ്ങനെത്തന്നെ സ്വീകരിച്ച് വ്യക്തിത്വത്തെ കൂടുതൽ update ചെയ്യുന്നതല്ലാതെ പടച്ചവൻമാരോട്, എന്നും പരാതി പറഞ്ഞ് ടെൻഷൻ കൂട്ടേണ്ട..

ആചാരങ്ങളുടെ പേരിലുള്ള തമ്മിൽത്തല്ലുകൾ കണ്ട് ചിരിയടക്കി നിൽക്കാം.. അന്ധവിശ്വാസങ്ങളേയും, മതഫലിതങ്ങളേയും വായിച്ചും, കണ്ടും പൊട്ടിച്ചിരിക്കാനുള്ള വിനോദമാക്കി മാറ്റാം..
സമൂഹത്തിലെ യഥാർത്ഥ പ്രശ്നങ്ങളെ മറ്റുള്ളവരേക്കാൾ നന്നായി വേർതിരിച്ച് മനസ്സിലാക്കാം..

യാതൊരുവിധ ആചാരങ്ങളാലും ബന്ധിതമാകാതെ സ്വന്തം ഇഷ്ടപ്രകാരം സാമൂഹ്യ ധാർമ്മികതയെ ഉയർത്തിപ്പിടിച്ച് ജീവിയ്ക്കാം.. വേഷവും, ഭക്ഷണവും, വിനോദങ്ങളും സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാം.. വിശ്വാസ ചർച്ചകളെയെല്ലാം സഹതാപത്തോടെ കണ്ട് ചെളിപറ്റാതെ മാറിനടക്കാം.. മതചിട്ടിയിൽ ചേരാത്തതിനാൽ മതസ്ഥനുമായി കൂട്ടുകൂടിയാലും മതസൗഹാർദ്ദമെന്ന് പറഞ്ഞ് വാഴ്ത്താനും ആളുണ്ടാവില്ല..

സ്വർഗ്ഗത്തിന് വേണ്ടിയല്ലാതെത്തന്നെ സഹജീവികളെ സ്നേഹിയ്ക്കാം.. നന്മ ചെയ്യാം.. നരക ഭയമില്ലാതെത്തന്നെ സാമൂഹികതയെ ഉൾക്കൊണ്ട് തെറ്റുകളിൽ നിന്ന് വഴിമാറാം.. കിതാബുകൾക്കും, പ്രതിമകൾക്കും വേണ്ടി വെറുതെ രക്തം തിളപ്പിച്ച് വറ്റിക്കേണ്ട കാര്യമില്ല..

കുടുംബത്തിലും, സമൂഹത്തിലും ചെറിയ ഒറ്റപ്പെടലുകൾ ഉണ്ടാകുമെങ്കിലും യാഥാർത്ഥ്യത്തിന്റെ വെളിച്ചം കണ്ട് മുന്നോട്ടുനടക്കാം.. ശാസ്ത്രചിന്തകളെ മത കിതാബുകളുമായി കൂട്ടിച്ചേർത്ത് വ്യാഖ്യാനിച്ച് കഷ്ടപ്പെടേണ്ട.. മത കണ്ണടകളിലൂടെയല്ലാതെ ലോകത്തെ അതിന്റെ യഥാർത്ഥ നിറത്തിൽത്തന്നെ ആസ്വദിയ്ക്കാം..
ആചാരാനുഷ്ഠാനങ്ങളുടെ ജയിലിൽ നിന്ന് രക്ഷപ്പെടുന്നതുമൂലം ധാരാളം freetime ലഭിക്കും . അത് ഗുണപ്രദമായ കാര്യങ്ങൾക്കുപയോഗിക്കാം.. മതവെറിയും, ആചാരത്തർക്കങ്ങളും കൊണ്ട് തുരുമ്പടിച്ച ചാനൽ ചർച്ചകൾ ഒഴിവാക്കാം..

ആവശ്യമില്ലാത്ത ചിന്തകളെ ചുമക്കാതെ സ്വന്തം ജോലിചെയ്ത് കഞ്ഞികുടിച്ച് ചെറിയ സന്തോഷങ്ങളെയും ആഘോഷമാക്കി ജീവിയ്ക്കാം.. അത്യാവശ്യത്തിന് ജനാധിപത്യമൊക്കെ നാട്ടിൽ ഉള്ളതുകൊണ്ട് അവിശ്വാസിയായതിന് ആരും തൂക്കിക്കൊല്ലാനും പോവുന്നില്ല..
സ്വർഗ്ഗം കിട്ടില്ല.. പക്ഷേ നല്ലൊരു മനുഷ്യനായി ജീവിയ്ക്കാം, മരണം വരെ..!!

(കടപ്പാട് )