എംവീഡി ചതിച്ചതാ…..
കണ്ണൂർ ആർടിഒ ഓഫീസിൽ രണ്ട് ഫ്രീക്കൻമാര് വന്ന് ഒച്ചപ്പാടാക്കുന്നുണ്ട് ” സ്പെഷൽ ബ്രാഞ്ചിലെ സുഹൃത്ത് ഇങ്ങനെയൊരു മെസേജ് അയച്ചപ്പോൾ ഞാനത് അത്രയ്ക്ക് കാര്യമാക്കിയില്ല
203 total views

കണ്ണൂർ M V D x വ്ളോഗർ വിഷയത്തിനെ കുറിച്ച് വിശദമാക്കി Noufal Bin you saf എഴുതിയത്
എംവീഡി ചതിച്ചതാ
“കണ്ണൂർ ആർടിഒ ഓഫീസിൽ രണ്ട് ഫ്രീക്കൻമാര് വന്ന് ഒച്ചപ്പാടാക്കുന്നുണ്ട് ” സ്പെഷൽ ബ്രാഞ്ചിലെ സുഹൃത്ത് ഇങ്ങനെയൊരു മെസേജ് അയച്ചപ്പോൾ ഞാനത് അത്രയ്ക്ക് കാര്യമാക്കിയില്ല. എന്നാലും സംഭവം എന്താന്ന് തിരക്കാമല്ലോ എന്ന് കരുതിയാണ് പോയത്. അവിടെ കണ്ട സീൻ ഇതാണ്. ചുവന്ന ടീഷർട്ടും കറുത്ത ട്രൗസറുമിട്ട് രണ്ട് ഫ്രീക്കൻമാർ ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്നു. ഇടയ്ക്ക് മൊബൈൽ ക്യാമറയിൽ നോക്കി പൊട്ടിക്കരയുന്നു. ലിബിനും എബിനും പറഞ്ഞ കാര്യങ്ങളിൽ എനിക്ക് മനസിലായത് ഇത്രയുമാണ്.
”കേരള എംവിഡി ഞങ്ങളെ ചതിച്ചതാ. ഒരക്ഷരം പോലും എംവിഡിക്കെതിരെ സംസാരിക്കാത്തവരാ ഞാനും എന്റെ അനുജനും. ഞങ്ങൾ പത്രപ്രവർത്തകരാ… അടിക്കല്ലേ സാറെ… ഞങ്ങളോട് ക്രൂരത കാണിക്കല്ലേ സാറെ… ഒരു വണ്ടി ഡിസൈൻ ചെയ്തതിന് ഇങ്ങനെ തല്ലല്ലേ സാറേ… പിന്നാലെ നിലവിളി. ( ഉദ്യോഗസ്ഥർ അടിക്കുന്നുണ്ടായിരുന്നില്ല)
” ഞങ്ങളാരാണെന്ന് നിങ്ങൾക്ക് മനസിലായിട്ടില്ല. ടാക്സ് അടച്ച് വീട്ടിലിട്ട വണ്ടിയാണ്. മൂന്ന് കൊല്ലമായി പട്ടിയെപോലെ അടിയും ഇടിയും കൊണ്ട് ഈ സാധനം ഉരുട്ടിക്കൊണ്ട് നടന്നതാണ്. ഐ ആം എ മീഡിയാ പേഴ്സൺ. നിങ്ങൾ ഇതിന് വലിയ വില കൊടുക്കേണ്ടിവരും”
പൊലീസെത്തി ഇവരെ ബലമായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
രണ്ട് ദിവസം കേരളം ആകെ ചർച്ച ചെയ്യാൻ പോകുന്നൊരു ഗുലുമാല് ആകും ഇതെന്ന് അപ്പോൾ തോന്നിയതേയില്ല. പക്ഷെ മണിക്കൂറുകൾ കൊണ്ട് കഥ മാറി. ഉദ്യോഗസ്ഥർ തല്ലിച്ചതക്കുന്നു എന്ന ഇവരുടെ കരച്ചിൽ ലക്ഷക്കണക്കിന് പേർ സമൂഹമാധ്യമങ്ങളിലൂടെ കേട്ടു. ആർടിഒ ഓഫീസിൽ ഇവരുണ്ടാക്കിയെടുത്ത ബഹളം ഒരു മൊബൈൽ സ്ക്രീനിന്റെ ചെറിയ സ്പേസിൽ കണ്ട യുവാക്കൾ അത് സത്യമെന്ന് കരുതി. ചാനൽ ഓഫീസുകളിലേക്കും പൊലീസ് സ്റ്റേഷനിലേക്കും രാഷ്ട്രീയക്കാരുടെ മൊബൈലിലേക്കുമൊക്കെ നിർത്താതെ അവർ ഫോൺ വിളിച്ചു. യൂട്യൂബർമാരെ രക്ഷിക്കണം എന്ന് അപേക്ഷിച്ചും ഭീഷണിയുടെ സ്വരത്തിലുമൊക്കെ കോളുകൾ തുരുതുരെ പാഞ്ഞു.
കോടതിയിൽ കൊണ്ടുപോകും വഴി ചാനൽ ക്യാമറകൾക്ക് മുന്നിലും എബിനും ലിബിനും നാടകം ആവർത്തിച്ചു. ലക്ഷക്കണക്കിന് പേർ ആ ദൃശ്യങ്ങൾ തത്സമയം കണ്ടു. ഇരുപത് വയസിന് താഴെയുള്ള കുട്ടികളാണ് ഇവരുടെ ആരാധകരിൽ ഭൂരിഭാഗവും. അവർ രോഷത്തോടെ പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും തെറി വിളിച്ചു. അവിടെ കണ്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെയും അധിക്ഷേപിച്ചു. അവരുടെ മനസിലുള്ള ആരാധനാ പാത്രങ്ങളെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു എന്നാണവർ വിശ്വസിച്ചത്.
ആരും തല്ലുന്നില്ലെന്നും ഇവർ വെറുതേ ബഹളം വയ്ക്കുന്നതാണെന്നും മനസിലാകുന്ന വീഡിയോ ദൃശ്യങ്ങൾ പിന്നാലെ പുറത്തുവന്നു. അതോടെ ഫാൻസ് വെട്ടുകിളികൾ പതിയെ വലിയാൻ തുടങ്ങി. ഇ ബുൾജെറ്റ് വ്ളോഗർമാർ നേരത്തെ ബിഹാറിലൂടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച വീഡിയോയും പുറത്തുവന്നു. ആൾക്കൂട്ടമുള്ള കവലകൾ അതിവേഗതയിൽ കടന്ന്, പരിഭ്രാന്തി പരത്തി സൈറണും ഹോണും മുഴക്കിയുള്ള യാത്ര. പൊലീസ് വാഹനങ്ങളെയടക്കം പിന്നിലാക്കി ആംബുലൻസ് എന്ന വ്യാജേന ടോൾബൂത്തും മറികടന്നുള്ള മരണപ്പാച്ചിൽ. നേരത്തെ പിന്തുണച്ച ഭൂരിഭാഗം പേരും ഇതോടെ ഇവർക്കെതിരായി.
നിയമ വിധേയമല്ലാത്ത രീതിയിൽ ട്രാവലർ രൂപമാറ്റം വരുത്തിയ യൂട്യൂബർമാർ 42,000 രൂപ പിഴ അടക്കുന്നതിന് പകരം നിയമത്തെ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. വണ്ടിയുടെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാനും ലൈസൻസ് റദ്ദാക്കാനുമുള്ള നടപടി മോട്ടോർ വാഹന വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇത്രയൊന്നും വഷളാക്കാതെ പ്രശ്നം പരിഹരിക്കാനുള്ള സാമാന്യ ബുദ്ധി ഇ ബുൾജെറ്റിന് ഇല്ലാതെ പോയി. ജാമ്യം കിട്ടി പുറത്തിറങ്ങിയ ലിബിനും എബിനും രണ്ടു ദിവസമായിട്ടും കമ എന്നൊരക്ഷരം മിണ്ടിയിട്ടില്ല. ആദ്യ ദിവസത്തെ നിലവളിക്കുള്ള ശമ്പളമാണ് ഈ മൗനം !
204 total views, 1 views today
