നിങ്ങളുടെ ബന്ധുക്കളിലെ അപകടകരമായ മാറ്റങ്ങൾ തിരിച്ചറിയണം

718

നൗഷാദ് സി.കെ (Noushad CK)എഴുതുന്നു

പഠന കാലത്താണ്.

കേരളത്തിലെ മുസ്ലിം പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക് അവരുടെ മത-രാഷ്ട്രീയ സ്വത്വം തിരഞ്ഞെടുക്കുന്നതിൽ വളരെയേറെ പ്രതിസന്ധികൾ നേരിട്ട ഒരു കാലഘട്ടമായിരുന്നു അത്.

മീററ്റിലും, സൂററ്റിലും, ഭഗൽപൂരിലും, ഉത്തരേന്ത്യയിൽ പലയിടങ്ങളിലും നടന്ന മുസ്ലിം വംശഹത്യകൾ! ഭരണത്തിലിരുന്ന കോൺഗ്രസ്സ് ഗവർമെന്റുകൾ കലാപങ്ങൾക്ക് കാഴ്ചക്കാരായി നോക്കി നിന്ന സാഹചര്യം. ശേഷം ബാബരി മസ്ജിദിന്റെ പതനം. ആ സമയത്ത് അധികാരത്തിലിരുന്ന റാവു ഗവർമെന്റ് നിഷ്ക്രിയമായെന്ന ആരോപണം.

സാഹചര്യം മുതലെടുത്ത് കേരളം മുഴുവൻ കരിമ്പൂച്ചകളുമായി പാറി നടന്ന് തന്റെ സമാനതകളില്ലാത്ത പ്രസംഗ ചാതുരിയിലൂടെ-സിംഹഗർജ്ജനത്തിലൂടെ, സായുധ പ്രതിരോധ-പകരം വീട്ടൽ വികാരം ഉണർത്തി വിട്ട്, മുസ്ലിം വികാര രാഷ്ട്രീയത്തിലേക്ക് യുവാക്കളെ റിക്രൂട്ട്മെന്റ് നടത്താൻ മഅദനിയും, കൂട്ടംതെറ്റി വരുന്ന വികാരജീവികളെ ഒപ്പം ചേർക്കാൻ കാത്തു നിൽക്കുന്ന അദ്ദേഹത്തിന്റെ ഐ.എസ്സ്.എസ്സും.

ലീഗിന്റെ കോൺഗ്രസ്സ് അനുകൂല നിലപാടിൽ പ്രതിഷേധിച്ചു നിൽക്കുന്ന മുസ്ലിം ലീഗിന്റെ എക്കാലത്തെയും ആരാധ്യ നേതാവായിരുന്ന സുലൈമാൻ സേട്ടു സാഹിബും, ഏതു വിധേനയും അദ്ദേഹത്തെ സംഘടനയിൽ നിന്നും പുറത്തെത്തിക്കാൻ നോമ്പു നോറ്റു നടക്കുന്ന മാധ്യമവും ജമാഅത്തും.

ഒ.അബ്ദുല്ലയും, കാസിം ഇരിക്കൂരും, മറ്റനേകം പേരും ചേർന്ന്; ചോര തിളപ്പിക്കുന്ന പരമ്പരകളും, ഫീച്ചറുകളുമായി മാധ്യമത്തിന്റെ എഡിറ്റോറിയൽ പേജുകളിൽ നിറഞ്ഞു നിൽക്കുന്ന കാലം.

ഐ.എൻ.എല്ലിന്റെ പിറവി. ലീഗിന്റെ പതനത്തിലൂടെ മാത്രമേ കേരളത്തിലെ തങ്ങളുടെ രാഷ്ട്രീയ മോഹങ്ങൾ പൂവണിയൂ എന്ന തിരിച്ചറിവിൽ ലീഗിനെതിരിൽ കിട്ടുന്ന ഏത് അവസരവും മുതലെടുക്കാൻ കാത്തു നിൽക്കുന്ന ജമാഅത്തിന്റെയും, മാധ്യമത്തിന്റെയും നാലാം കണ്ണ്. ന്യൂനപക്ഷ-രാഷ്ട്രീയ നേട്ടങ്ങൾക്കായി ഏത് കോൺഗ്രസ്സ്-ലീഗ് വിരുദ്ധ ചലനങ്ങളിലും ചൂട്ടു പിടിക്കാൻ തയ്യാറായി നിൽക്കുന്ന കേരളത്തിലെ അന്നത്തെ ഇടതുപക്ഷവും.

അവിടെയും തീർന്നില്ല.

നാദാപുരം കലാപങ്ങളിൽ ഇരകളാക്കപ്പെടുന്ന മുസ്ലികളുടെ ചെറുത്ത് നിൽപ്പിനെന്ന പേരിൽ രൂപം കൊണ്ട നാദാപുരം ഡിഫൻസ് ഫോഴ്സ് (ഫ്രണ്ട് ആയിരുന്നോ എന്നും സംശയമുണ്ട്) എന്ന രഹസ്യ സംഘടനയെ; സിമിയിൽ നിന്നും അടുത്തൂൺ പറ്റി പിരിഞ്ഞു പോന്ന കുറെപേർ ഹൈജാക്ക് ചെയ്ത് നാഷണൽ ഡമോക്രാറ്റിക് ഫ്രണ്ട് എന്ന എൻ.ഡി.എഫ് ആക്കി മാറ്റിയത്.

വിവിധ സംഘടനകളും, ഗ്രൂപ്പുകളുമായി നില-നിൽക്കുമ്പോഴും മേൽ പറഞ്ഞ മുഴുവൻ കൂട്ടരും തമ്മിലുണ്ടായിരുന്നു വ്യക്തമായ പൊതു സഹായ-സഹകരണവും റിബലിയൻ മുഖ്യധാരാ കാഴ്പ്പാടും.

ചേരും പടി ചേർക്കാൻ; കള്ളുകുടിയും, പെണ്ണു പിടിയും, അഴിമതികളുമടക്കം; പ്രത്യക്ഷ ധാർമ്മികത കൈമോശം വന്ന അനവധി പേർ മുസ്ലിം ലീഗിന്റെ താക്കോൽ സ്ഥാനങ്ങളിൽ ആധിപത്യം നേടിയതിലെ അണികളുടെ അതൃപ്തിയും കലിപ്പും, അതു വേറെയും. ആകെക്കൂടെ കലങ്ങി മറിഞ്ഞ കേരളത്തിലെ മുസ്ലിം മത-രാഷ്ട്രീയ മേഖല.

ഇരുട്ടിന്റെ മറവിലും, അടച്ചിട്ട മുറികൾക്കകത്തും മാത്രം സൂക്ഷിച്ചു വെച്ചിരുന്ന മുട്ടകൾ വിരിഞ്ഞ്; കുഞ്ഞുങ്ങളായി, പാത്തും പതുങ്ങിയും, അവിടെയും ഇവിടെയും പരസ്യ പ്രവർത്തനം തുടങ്ങി വരുന്ന എൻ.ഡി.എഫിന്റെ തുടക്ക കാലം. അന്ന് ഇന്നത്തെ പോലെയല്ല. നാട്ടിലെ മിക്ക പള്ളികളിലും സുബ്ഹി ജമാഅത്തിന് ഒരു സഫ്ഫിൽ കൂടുതൽ ആളുകളെ കാണുക വിരളമാണ്. ഖളാ ആക്കാതെ സുബ്ഹി നമസ്കരിക്കുന്നവർ തന്നെ മിക്കവാറും വീട്ടിൽ വെച്ച് തന്നെ നിസ്കരിക്കും.

ആയിടക്കാണ്, സ്ഥിരമായി കുറച്ചു ദിവസം ഞാൻ സുബ്ഹി ജമാഅത്തിനായി കൈതക്കൊല്ലി സ്രാമ്പിയിൽ പോയി തുടങ്ങിയത്.

എന്റെ പുതുതായുള്ള ഈ സ്ഥിര സാന്നിധ്യം ശ്രദ്ധിച്ച സ്രാമ്പിയുടെ ഉത്തരവാദിത്വപ്പെട്ട ഒരാൾ, അന്നും ഇന്നും മുസ്ലിം ലീഗുകാരനായ അദ്ദേഹം തന്നെയാണ് ഉപ്പയോട് ഇങ്ങിനെ പറയുന്നത്. “മാഷെ, കുറച്ചായി നൗഷാദിനെ സ്ഥിരമായി സുബ്ഹിക്ക് പള്ളിയിൽ കാണുന്നുണ്ട്. ഒരു കണ്ണുണ്ടാവണം. യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് വഴിതെറ്റിക്കുന്നവരെ കുറിച്ച് മാഷോട് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ?”

പക്ഷെ ഈ പറഞ്ഞതിനെ കുറിച്ച് ഉപ്പ എന്നോട് സംസാരിച്ചതേ ഇല്ല. ഞാൻ ആ വഴിക്ക് പോവില്ലെന്ന ഉറച്ച ആത്മവിശ്വാസം മാത്രമായിരുന്നില്ല കാരണം. മക്കളെ ഉപദേശിക്കൽ ഒരു കാലത്തും ഉപ്പയുടെ രീതിയും ആയിരുന്നില്ല. പക്ഷെ ഈ സംഭാഷണം കേട്ടു നിന്ന മറ്റൊരാളാണ് എന്നോടിത് പറയുന്നത്. കേട്ടപ്പോൾ അദ്ദേഹത്തോട് അന്ന് തോന്നിയ അറപ്പിനും, വെറുപ്പിനും ഒരളവുമുണ്ടായിരുന്നില്ല. “ഇയാൾ എന്തു തരം മുസ്ലിമാണ്? ഒരാൾ പുതുതായി സുബ്ഹിക്ക് പള്ളിയിൽ ജമാഅത്തിന് വരുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം; ഇങ്ങിനെയാണോ ചെയ്യേണ്ടത്? പോരാത്തതിന് അയാൾ പള്ളിയുടെ വേണ്ടപ്പെട്ട ആളും. സംശയമില്ല. ഇയാൾ ഒരു മുനാഫിഖ് തന്നെ!”

പക്ഷേ, ഇന്നെനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നുന്നു. വലിയ പഠിപ്പും വിദ്യാഭ്യാസവുമില്ലാത്ത, അന്നും ഇന്നും അഞ്ചു നേരം പള്ളിയിൽ വെച്ച് തന്നെ നമസ്കരിക്കുന്ന ആ മനുഷ്യന്റെ അന്നത്തെ ദീർഘ വീക്ഷണത്തിന്. ആ കരുതലിന്. അദ്ദേഹം ഇന്നത് ഓർക്കുന്നോ എന്ന് പോലും നിശ്ചയമില്ലെങ്കിൽ പോലും കോഴിക്കോട്-ദോഹ ഫ്ലൈറ്റിലിരുന്ന് ഇന്ന് ഇതെഴുതുമ്പോൾ എനിക്ക് അദ്ദേഹത്തെ നേരിൽ കാണണമെന്ന് തോന്നുകയാണ്.

അന്നദ്ധേഹം ഉപ്പയ്ക്ക് പകർന്ന അതേ കരുതൽ ഇന്നു ഞാൻ എന്നെ വായിക്കുന്ന, മുഴുവൻ മുസ്ലിം രക്ഷിതാക്കളിലേക്കും, മുസ്ലിം ആണിലേക്കും, മുസ്ലിം പെണ്ണിലേക്കും കൈമാറുകയാണ്. ഇക്കാലത്ത് സുബ്ഹി ജമാഅത്തിന് പള്ളിയിൽ പോവുന്നത്, അന്നത്തെ പോലെ വിരളമല്ല, സർവ്വസാധാരണമാണ്. അതു കൊണ്ട് തന്നെ അതിൽ അത്രമാത്രം അസ്വാഭാവികത കാണേണ്ട ആവശ്യവുമില്ല.

എന്നാൽ; നിങ്ങളുടെ മക്കൾ, സഹോദരങ്ങൾ, പരിചയത്തിലുള്ളവർ, അവരുടെ മതവിശ്വാസം ചുരുങ്ങിയ കാലയളവിൽ ഒരു തരം ഭ്രാന്തമായ ആവേശമായി മാറുന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

അവർ പെട്ടെന്ന് അന്തർമുഖികളോ, മതപരമായ ഉപദേശങ്ങൾ കൊണ്ട് നിങ്ങളെയും, മറ്റുള്ളവരെയും മൂടുന്നവരോ ആയി മാറിയതായി നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ? അവരുടെ താടിയുടെ നീളം കൂടി-കൂടി അറുബോറനായി മാറുകയും, മീശ എപ്പോഴും വെട്ടി വെടിപ്പാക്കുകയും ചെയ്യുന്നത് ഒരു പുതിയ കാര്യമായി നിങ്ങൾ കാണുന്നുണ്ടോ?

ഖുർആൻ ക്ലാസെന്നും, ഹദീസ് മജ്ലിസെന്നും പറഞ്ഞ് പുറത്തു പോയി, സ്ഥിരമായി വീട്ടിൽ തിരിച്ചെത്തുന്നത് അർദ്ധരാത്രി കഴിഞ്ഞ ശേഷം മാത്രമാണോ?

ഭാര്യയോടും-രക്തബന്ധത്തിൽ പെട്ടവരോടുമല്ലാത്ത സ്ത്രീകളോട് മുഖത്ത് നോക്കി സംസാരിച്ചിരുന്ന അയാൾ ഒരു സുപ്രഭാതത്തിൽ അവരോട് സംസാരിക്കുന്നത് തല താഴേക്ക് താഴ്ത്തി, കണ്ണുകൾ തറയിലോട്ട് നോക്കിയാണോ?

ജിഹാദിയായി, ശഹീദായാലുള്ള പ്രതിഫലത്തെ പറ്റിയും, ഇസ്ലാമിലെ ഹിജ്റയുടെ പ്രാധാന്യത്തെ കുറിച്ചും അവർ വാചാലരാവാറുണ്ടോ? പ്രവാചക സ്നേഹം മൂത്ത്-മൂത്ത് അതൊരു തരം ഭ്രാന്തമായ പ്രേമമായി മാറുന്നത് പോലെ നിങ്ങൾക്ക് തോന്നാറുണ്ടോ? ഒരു ബഹുസ്വര സമൂഹത്തിൽ, ഒരു സമ്പൂർണ്ണ മുസ്ലിമായി ജീവിക്കുക അസാധ്യമാണെന്ന് എപ്പോഴെങ്കിലും അയാൾ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? സ്വർഗ്ഗത്തിലെ സൗകര്യങ്ങളെ വർണ്ണിച്ച്-വർണ്ണിച്ച് അതിൽ മത്തു പിടിച്ച ഒരാളായി അദ്ദേഹം ഇടക്കാലത്ത് മാറിയതായി നിങ്ങൾക്ക് അനുഭവപ്പെടാറുണ്ടോ? ഖുർആനും ഹദീസും വ്യാഖ്യാനിക്കുമ്പോൾ; അത് പറയാനുണ്ടായ സാഹചര്യങ്ങൾ പരിഗണിക്കരുതെന്നും; അതിലെ കൽപ്പനകൾ സ്ഥല-കാല വ്യത്യാസങ്ങൾക്ക് അതീതമായി യുക്തിപരമോ, മാനുഷിക പരമോ ആയ ഒരു പരിഗണനയും നൽകാതെ അതേ പടി അനുസരിക്കാൻ, ഒരു അക്ഷര പൂജകനായിരിക്കാൻ, ഓരോ വിശ്വാസിയും ബാധ്യസ്ഥനാണെന്ന് അദ്ദേഹം നിങ്ങളോട് പറയാറുണ്ടോ?

മേൽ പറഞ്ഞതിന്റെ ഉത്തരമോ, ഉത്തരങ്ങളോ; “അതെ” എന്നാണെങ്കിൽ ഒന്നു ശ്രദ്ധിക്കണം. നിർബന്ധമായും ശ്രദ്ധിക്കണം. വീട്ടിലുള്ള മറ്റുള്ളവരുമായി അത് ചർച്ച ചെയ്യണം. മേൽ പറഞ്ഞ പലതും ഒരു സലഫി തീവ്രവാദിയുടെ സ്വഭാവ വിശേഷണങ്ങൾ ആവാമെങ്കിലും; അങ്ങിനെ ചെയ്യുന്നവർ മുഴുവൻ തീവ്രവാദികൾ ആവണമെന്ന ഒരർത്ഥവുമില്ല, ഒരു നിർബന്ധവുമില്ല. ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ സലഫികളിൽ ആട് മേയ്ക്കാനും, ആളെക്കൊല്ലാനും പോയവർ ഒരു മൈക്രോസ്കോപ്പിക് മൈനോറിറ്റി പോലും വരില്ല. എങ്കിലും ചിലർ പോയി എന്നത് നേരാണ്, സത്യമാണ്. അത് സങ്കികളുടെയോ, എൻ.ഐ.എ യുടേയോ വ്യാജ സൃഷ്ടിയൊന്നുമല്ല. ഒരാൾ പോയാൽ, ഒരു കോടി പേർ പോയെന്ന് അവർ പറയുമെന്നു മാത്രം. ഹിന്ദു തീവ്രവാദികളുടെ അടുപ്പിലെ വിറക് കൊള്ളികൾ, മുസ്ലിം-കൃസ്ത്യൻ തീവ്രവാദികളും; നേരെ മറിച്ചും ആണെന്നത് എല്ലാവർക്കും അറിയാവുന്ന വിഷയം തന്നെയാണല്ലോ?

അതിനാൽ ശ്രദ്ധിക്കണം. വളരെയേറെ ശ്രദ്ധിക്കണം. കാര്യങ്ങൾ അവഗണിക്കരുത്. ബുദ്ധിപരമായി തന്നെ കൈകാര്യം ചെയ്യണം. കുടുംബത്തിനുള്ളിൽ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ; ഏറ്റവും വിശ്വസ്തരായ പുറത്തുള്ളവരെ, നേരിട്ട് പരിചയമുള്ള പൊതു പ്രവർത്തകരെ, സാമൂഹിക ബോധമുള്ള മതപണ്ഡിതരെ; സമീപിക്കണം. സംശയങ്ങൾ ദൂരീകരിക്കപ്പെടുന്നതു വരെ, നിങ്ങൾ വിശ്രമിക്കരുത്, പിന്തുടരണം. സംശയത്തിൽ കഴമ്പുണ്ടെന്ന് കണ്ടാൽ ഉടനെ പോലീസിനെ വിവരമറിയിക്കണം. വിശ്വസ്തരായ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തണം. അതു വഴി ഒരു മകനോ ഒരു സഹോദരനോ നമുക്ക് നഷ്ടമായാലും; രക്ഷപ്പെടുന്നത് ഒരു നാടോ, ഒരു സമുദായമോ മൊത്തമാണെന്ന ഓർമ്മ വേണം.

മുസ്ലിം മതരാഷ്ട്രീയ തീവ്രവാദത്തേക്കാൾ; പതിൻമടങ്ങ് സംഹാരശേഷിയുള്ളതാണ് നിലവിലെ സലഫീ തീവ്രവാദം. മുസ്ലിം തീവ്രവാദങ്ങൾ ഏതൊക്കൊയാണെന്നതും, അതിന്റെ സ്വഭാവവിശേഷണങ്ങളെ കുറിച്ചും പിന്നീടൊരിക്കൽ പറയാം. തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെടാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും അടുത്ത പോസ്റ്റിൽ പറയാം.

ഒന്നോർക്കുക: കഴിഞ്ഞ ഞായറാഴ്ച വരെ ചിരിച്ചും, കളിച്ചും, സന്തോഷിച്ചും ജീവിച്ചിരുന്ന നാനൂറ് പേർ ഇന്ന് നമ്മോടൊപ്പമില്ല. അവരുടെ ബന്ധുക്കളുടെ ശിഷ്ട ജീവിതത്തിൽ ഇനി ഒരിക്കലും പഴയ സന്തോഷം തിരിച്ചു വരികയുമില്ല. ഒപ്പം ശ്രീലങ്ക എന്ന രാജ്യം അന്ന് വരെ അവിടത്തെ പത്തു ശതമാനം വരുന്ന മുസ്ലിങ്ങളുടേത് കൂടിയായിരുന്നു. അവിടത്തെ ബിസിനസ്സ് സ്ഥാപനങ്ങൾ ബഹുഭൂരിപക്ഷവും ഈ വെറും പത്തു ശതമാനത്തിന്റേതായിരുന്നു. എന്നാൽ ഇന്ന് അതങ്ങിനെ അല്ല. ഇനി അങ്ങിനെ ആവാൻ അവർക്ക് എത്ര വർഷങ്ങൾ കാത്തിരിക്കേണ്ടി വരും എന്നുമറിയില്ല.

എല്ലാത്തിനും കാരണം; ഒരു ചെറിയ അശ്രദ്ധ, പള്ളിയിൽ വെച്ച് പരസ്യമായി ജിഹാദ് നടത്തുമെന്ന് പ്രസംഗിച്ച; തീവ്രസലഫിയെ, പുത്തൻ തബ്ലീഗ് ജമാഅത്ത്കാരനെ ബാക്കിയുള്ളവർ പിടിച്ച് അപ്പോഴേ പോലീസിൽ ഏൽപ്പിച്ചിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന വലിയ ദുരന്തം. അവരിൽ ചിലർ വിവരം പോലീസിൽ അറിയിച്ചിരുന്നു എന്നത് നേര്. പോലീസിനും പാളിച്ച പറ്റി എന്നതും നേര്. സംഗതിയുടെ ഗൗരവം മനസ്സിലാക്കിയതിൽ വന്ന പാളിച്ച. ആ പാളിച്ച തിരുത്താൻ പറ്റാത്ത ഒരു അപരാധമായി ഇന്ന് മാറി. കഴിഞ്ഞ ഒന്നര വർഷമായി വീര്യം കൂടിയ പുതിയ ഇസ്ലാമുമായി അന്നാട്ടിൽ വന്ന വലിയ ആ മൗലവിയിൽ, തന്റെ എല്ലാ പ്രസംഗങ്ങളിലും ജിഹാദ് പറഞ്ഞിരുന്ന ആ തബ്ലീഗ് ജമാഅത്ത്കാരനിൽ ഒരു പുതിയ മത ചൈതന്യം ദർശിച്ച് അദ്ദേഹത്തോടൊപ്പം കൂടിയ കുറ്റത്തിന് ഒടുക്കേണ്ടി വന്ന വലിയ വില. വിമർശിച്ചവരിൽ കുറ്റം കണ്ടെത്തിയ, അദ്ദേഹത്തിന്റെ അനുയായികളുടെ വിവേക ശൂന്യതയ്ക്ക് നൽകേണ്ടി വന്ന ഭയാനകമായ വില.

ഓർക്കുക: ശ്രീലങ്ക നമുക്ക് ഒരുപാടൊന്നും അകലെയല്ല. വിവേകത്തെ മറ്റൊന്നു കൊണ്ടും പകരം വെക്കുക സാധ്യമേ അല്ല.

(എഴുതിയ ഒരു കാര്യവും; എന്റെ ഇമേജിനേഷനോ, എക്സാജറേഷനോ, വ്യൂപോയിന്റോ അല്ല. നൂറു ശതമാനം ബോധ്യമായ, ചിലതിനെല്ലാം തെളിവുകൾ കയ്യിലുള്ള യാഥാർത്ഥ്യങ്ങളാണ്. അതിനാൽ ആഗോള മുസ്ലിം വിരുദ്ധ ഗൂഢാലോചന സിന്താദ്ധവുമായോ, ഇസ്ലാമോഫോബിയ സിന്താദ്ധവുമായോ വരുന്നവർക്ക് ഉത്തരം നൽകി എന്ന് വരില്ല. പകരം അത്തരം ആളുകൾക്ക്, വിഷയം ചർച്ച ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ നേരിട്ട് വരാവുന്നതാണ്).