ഒട്ടുമിക്ക രാജ്യങ്ങളിലും പെപ്സിയും നാരങ്ങവെള്ളവും വിൽക്കുന്ന പോലെയാണ് മദ്യം, കേരളത്തിൽ മാത്രം വിവാദങ്ങളൊഴിയാത്ത വൻ പ്രശ്നവും

83

Noushad Mehamood

ഒട്ടു മിക്ക രാജ്യങ്ങളിലും പെപ്സിയും നാരങ്ങ വെള്ളവും വിൽക്കുന്ന പോലെ വിൽക്കുന്ന സാധനമാണ് മദ്യം. ഇന്ത്യയിലെ തന്നെ ബാംഗ്ലൂർ പോലുള്ള സ്ഥലങ്ങളിൽ മുക്കിനു മുക്കിനു മദ്യ ഷാപ്പുണ്ട്. ഗോവയിൽ ഒട്ടു മിക്ക വീടുകളും ബാർ അറ്റാച്ഡ് ആണ്. എന്നാൽ കേരളത്തിലിപ്പോഴും മദ്യവും ബാറുമൊക്കെ ഒരിക്കലും വിവാദങ്ങളൊഴിയാത്ത വൻ പ്രശ്നമാണ്.കസ്റ്റമറെ പൊരി വെയിലത്തു ക്യു നിർത്തി, “വല്യടത്ത് മോരിന് പോയ പോലെ “ഓച്ഛാനിച്ചു നിന്നു വേണം ഒരു കുപ്പി വാങ്ങാൻ. പത്തു രൂപയുടെ ചായ കുടിക്കാൻ കേറിയാൽ കടക്കാരൻ പുഞ്ചിരിച്ചു കൊണ്ട് ഇരിക്കാൻ പറയും. 30 രൂപയുടെ സാധനം അഞ്ഞൂറ് രൂപ കൊടുത്തു വാങ്ങുന്ന മദ്യപാനിക്ക് പോലീസിന്റെ തല്ലും. തെരുവ് നായകൾക്ക് പോലും ഇതിലും ബഹുമാനം കിട്ടാറുണ്ട്.

പണ്ടൊരു വിദേശി ഈ ക്യു കണ്ട് എന്നോട് ചോദിച്ചിട്ടുണ്ട്. “ഇത്ര പേർക്കെങ്ങനെയാണ് സർക്കാരിന് മദ്യം കൊടുക്കാൻ പറ്റുന്നത് എന്ന്‌.” പുള്ളി വിചാരിച്ചത് സർക്കാർ പാവങ്ങൾക്ക് വെറുതേ നൽകുന്ന മദ്യം മേടിക്കാൻ ക്യു നിൽക്കുന്നവരാണ് ഈ മനുഷ്യർ എന്നാണ്. ഇത് വെറുതേയല്ല, പത്തും ഇരുപതും ഇരട്ടി ലാഭം കൊടുത്താണ് വാങ്ങിക്കുന്നത് എന്ന്‌ പറഞ്ഞപ്പോൾ സായിപ്പ് പറഞ്ഞത് പുളിച്ച തെറിയാണ്. എന്തിനാണ് മദ്യം ഇത്ര വലിയ ഇഷ്യൂ ആക്കുന്നത് എന്ന്‌ മനസ്സിലാകുന്നില്ല. ആവശ്യമുള്ളവർ ആവശ്യാനുസരണം വാങ്ങട്ടെ. ഇഷ്ടമുള്ളവർ ബാറുകളോ പബ്ബു്കളോ തുറക്കട്ടെ. കുടിക്കേണ്ടവർ കുടിക്കട്ടെ. ആർക്കെന്താണ് പ്രശ്നം?  ഇവിടെ വെള്ളം ശുദ്ധമല്ല. മനുഷ്യ മലം കലരാത്ത വെള്ളം കേരളത്തിൽ ഇല്ലെന്നു തന്നെ പറയാം. തിന്നുന്ന പച്ചക്കറിയോ മാംസമോ വൃത്തിയുള്ളതോ മായമില്ലാത്തതോ അല്ല, ഇന്ത്യയിലെ മരുന്നുകളിൽ നാല്പത് ശതമാനവും വ്യാജമെന്ന് റിപ്പോർട്ടുകളിൽ കാണുന്നു. പട്ടിണി കാരണം ചത്ത പട്ടിയെ വരെ ഭക്ഷിക്കുന്ന മനുഷ്യരുള്ള നാട്ടിൽ, മദ്യം മാത്രം നിയന്ത്രിച്ചു എന്ത് കോപ്പുണ്ടാക്കാനാണ് ?