പാകിസ്ഥാനിൽ യു എ ഇയിൽ നിന്ന് വന്ന പ്രവാസികളിൽ കോവിഡ് പടരുന്നു, നമുക്ക് വേണ്ടത് ജാഗ്രത

76

Noushad Pokkalath

പാകിസ്ഥാനിൽ യു എ ഇയിൽ നിന്ന് വന്ന പ്രവാസികളിൽ കോവിഡ് പടരുന്നു. പാകിസ്ഥാനി പത്രമായ DAWN ൽ ഈ വാർത്തയുണ്ട്.. ഇതാണ്  ആദ്യം മുതലേ പറഞ്ഞത്, പ്രവാസികൾ വിവരണാതീതമായ ഗതികേടിലാണ് എങ്കിലും,അവരെ സ്വീകരിക്കേണ്ട ബാധ്യത രാജ്യത്തിനുണ്ടെങ്കിലും അവർ കൂട്ടത്തോടെ സ്വന്തം നാടുകളിൽ എത്തിയാൽ നാട്ടിലുള്ളവർ അപകടത്തിലാകാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാകില്ലായെന്ന്.പാകിസ്ഥാനിൽ സംഭവിച്ചത് ഇന്ത്യയിൽ സംഭവിക്കില്ല എന്നാശിക്കാമെങ്കിലും കരുതലുകളിൽ വിട്ട് വീഴ്ച സംഭവിക്കരുത്.

1) പ്രവാസികൾ നാട്ടിലെത്താൻ തുടങ്ങുന്ന വ്യാഴാഴ്ച മുതൽ ഇപ്പോഴുള്ളതിന്റെ പത്തിരട്ടി കരുതൽ വേണ്ടി വരും.
2) ഗർഭിണികൾ,മാരക രോഗങ്ങൾ നേരിടുന്നവർ ഉൾപ്പെടെയുള്ള ആദ്യമെത്താൻ പോകുന്ന പ്രവാസികൾ എല്ലാവരേയും സർക്കാർ നിയന്ത്രണത്തിൽ കോറന്റൈൻ ചെയ്യണം.
3)അടിയന്തിര ചികിത്സ ആവശ്യമുള്ളവരെ ആശുപത്രികളിൽ കോറന്റൈൻ ചെയ്യണം
4) കുറഞ്ഞത് 14 ദിവസം കഴിയാതെ ഒരാളെ പോലും വീടുകളിലേക്ക് പോകാൻ അനുവദിക്കരുത്.
5).കേന്ദ്ര-സംസ്ഥാന സർക്കാറുകൾ എടുക്കുന്ന വൻ റിസ്ക് തിരിച്ചറിഞ്ഞ്,അറിയാതെ പോലും പ്രോട്ടോക്കോൾ ലംഘനം നടത്തില്ലായെന്ന് നാട്ടിലെത്തുന്ന ഓരോ പ്രവാസിയും സ്വയം ഉറപ്പ് വരുത്തണം
6) പ്രവാസി കൊറോണ എന്ന വിശേഷണം പ്രചരിപ്പിക്കാൻ മുതലെടുപ്പ്കാർക്ക് അവസരമൊരുക്കരുത്.
7) വ്യാഴാഴ്ച ആരംഭിക്കുന്ന പ്രവാസികളുടെ മടക്കയാത്ര പൂർത്തിയാകാൻ നീണ്ട ദിനങ്ങൾ ആവശ്യമാണ് എങ്കിലും,അതിനിടയിൽ കോവിഡ് വ്യാപനം ശമിക്കുമെന്ന പ്രതീക്ഷ ഒരു പ്രവാസിയായ എനിക്കുണ്ട്. അതിനാൽ ഇപ്പോൾ മടങ്ങേണ്ട ഗതികേടിലുള്ളവരിൽ നല്ലൊരു ശതമാനം പ്രവാസികൾക്ക് ആശ്വാസം ലഭിക്കുമെന്നുള്ള പ്രതീക്ഷയുണ്ട്.