പായിപ്പാട്ട് തൊഴിലാളികളെ തെരുവിൽ ഇറക്കിയതിന്റെ ആസൂത്രകരെ കൊറോണ ഐസൊലേഷൻ വാർഡുകൾ വൃത്തിയാക്കിച്ചു ശിക്ഷ കൊടുക്കണം

85
Noushad Pokkalath
ഗൂഡാലോചന ഉണ്ടെങ്കിലും ഇല്ലെങ്കിലും ദേശീയ തലത്തിൽ കേരളത്തെ അപമാനിക്കാനുള്ള അവസരം നിഷേധിച്ച് രക്തച്ചൊരിച്ചിലില്ലാതെ പായിപ്പാട്ടെ അതിഥി തൊഴിലാളി പ്രതിഷേധത്തിന് പ്രാഥമിക പരിഹാരം കണ്ട കേരള സർക്കാറിനും കളക്ടർക്കും പോലീസിനും നന്ദി.അടിച്ചൊതുക്കണം എന്നൊക്കെ പറയാൻ എളുപ്പമാണെങ്കിലും കേരളത്തിൽ ദശലക്ഷക്കണക്കിന് അതിഥി തൊഴിലാളികൾ ഉള്ളതിനാൽ അവർ അക്രമാസക്തരായാൽ നിയന്ത്രിക്കുക അസാദ്ധ്യമാകും. വിദ്യാഭ്യാസപരമായി വളരെ പിന്നിലുള്ള അവരെ പ്രകോപിതരാകുന്നത് തടയേണ്ടത് മലയാളികളുടെ കൂടി സുരക്ഷക്കനിവാര്യമാണ്.
ലോക് ഡൗൺ വിജയകരമാകാനുള്ള ഏറ്റവും അനുയോജ്യമായ മുൻകരുതലായ സമൂഹ അടുക്കളകൾ പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിക്കും മുന്നേ തുടങ്ങിയ മാതൃകയാണ് കേരളത്തിൽ നിന്നുള്ള അതിഥി തൊഴിലാളികളെ അല്പമെങ്കിലും അവരവരുടെ ക്യാമ്പുകളിൽ ഒതുങ്ങാൻ പ്രേരിപ്പിക്കുന്നത്. എത്രയൊക്കെ ശ്രമിച്ചാലും പോലെ ദരിദ്ര കോടികൾ ധാരാളമുള്ള ഇന്ത്യയെ സകല ജനങ്ങളേയും 21 ദിവസവും പരിപൂർണമായി അവരവരുടെ വാസസ്ഥലങ്ങളിൽ അടച്ചിടാനാകില്ലെങ്കിലും വിശപ്പിന് ശമനമുണ്ടായാൽ നല്ലൊരു പരിധി വരെ ജനങ്ങൾ പുറത്തിറങ്ങില്ല. ലോക് ടൗൺ പ്രഖ്യാപിക്കുന്നതിന് മുന്നേ ഡൽഹിയിലുള്ള അതിഥി തൊഴിലാളികളെ കുറിച്ചോർക്കാർ ആരും തയ്യാറാക്കാത്തതാണ് കഴിഞ്ഞ നാല് ദിവസങ്ങളായി ഡൽഹിയിലും, ഡൽഹി- യുപി പാതയോരങ്ങളിലും ദൃശ്യമായ നിസ്സഹായരായ ജനങ്ങളും അവർ നേരിട്ട പ്രശ്നങ്ങളും. കേന്ദ്ര, ഡൽഹി, യുപി സർക്കാറുകൾ കൈകോർത്ത് ആവശ്യമെങ്കിൽ പൊലീസിന് സഹായത്തിനായി സൈന്യത്തെ വിളിച്ച് തൊഴിലാളികളെ എത്രയും വേഗം ഒരിടത്ത് കുടിയിരുത്തി അവർക്കായി സമൂഹ അടുക്കളകൾ തുടങ്ങണം. ഇല്ലെങ്കിൽ കൊറോണ ബാധിക്കാതെ തന്നെ വൻ മാനുഷിക ദുരന്തന്തിന് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരും.
NB –പായിപ്പാട്ട് തൊഴിലാളികളെ തെരുവിൽ ഇറക്കിയതിന് പിന്നിൽ ഗൂഡാലോചനയുണ്ടെങ്കിൽ, അതിന്റെ ആസൂത്രകരെ കൊറോണ ഐസൊലേഷൻ വാർഡുകൾ വൃത്തിയാക്കാൻ വിട്ട് ശിക്ഷകൾ തുടങ്ങണം.
Advertisements