ഒരു നോവലൈറ്റുമായി വീണ്ടും രാജേഷ് ശിവ.

1903

പ്രിയപ്പെട്ട വായനക്കാരേ… അടുത്തിടെ ബൂലോകത്തിൽ പ്രസിദ്ധീകരിച്ച, രാജേഷ് ശിവയുടെ ‘ഒരു ലിവിംഗ് ടുഗദർ ദുരന്തകഥ’ എന്ന ആത്മകഥാസാഹിത്യം വലിയ വിജയമായിരുന്നു. ഒരു നോവലൈറ്റുമായി വീണ്ടും രാജേഷ് ശിവ രംഗപ്രേവേശംചെയ്യുകയാണ്. ‘ഒരു അനാർക്കിസ്റ്റിന്റെ പ്രണയയാത്രകൾ’. പേര് സൂചിപ്പിക്കുന്നപോലെ ഇതൊരു പ്രണയകഥയല്ല , അനവധി വിഷയങ്ങളിൽ ഒന്നായി മാത്രം പ്രണയം ഇവിടെ കടന്നുവരുന്നു. അല്ലെങ്കിൽ അനവധി വിഷയങ്ങൾക്ക് സംവദിക്കാൻ പ്രണയം ഒരു പശ്ചാത്തലമാകുന്നു. ഒരു ഘട്ടംവരെ ഇതിലെ കഥാപാത്രങ്ങളെ നിങ്ങൾ കണ്ടിരിക്കാം. പിന്നീട് വ്യത്യസ്തമായ വഴികളിലൂടെ, വേഷപ്പകർച്ചകൾ നടത്തി മുന്നേറുന്ന അവർ തീർച്ചയായും നിങ്ങളിൽ വിസ്മയമുണർത്തും. വഴിത്തിരിവുകളിൽ നമ്മൾ അവരെന്നുകരുതി ഒട്ടും പ്രതീക്ഷിക്കാതെ ചെന്നിടിക്കുന്നവർ അവരല്ലെങ്കിലും അവരുടെ കഥയാടുന്നവർ തന്നെയാകും. ഈ വ്യത്യസ്തമായ പ്രമേയം ഞങ്ങൾ നിങ്ങൾക്കായി അണിയിച്ചൊരുക്കുകയാണ്.

ഒരു കവിയെന്ന നിലയിൽ ഒരു ദശാബ്ദം മുന്നേതന്നെ കവിയരങ്ങുകളിൽ പ്രത്യക്ഷപ്പെട്ട രാജേഷ് ശിവ ജീവിതാനുഭവങ്ങൾ കൊണ്ട് വളരെ വലിയൊരു ലോകത്തിനുടമയാണ്.
കവിതകൾ, ആർട്ടിക്കിളുകൾ, ആക്ഷേപഹാസ്യങ്ങൾ എന്നിവയിലൂടെ തൂലിക ചലിപ്പിച്ചുകൊണ്ടിരുന്ന അദ്ദേഹം ആദ്യമായാണ് നോവൽ സാഹിത്യത്തിൽ കൈവയ്ക്കുന്നത്.
തികച്ചും ബൗദ്ധികമായ സമീപനമാണ് കവിതയെഴുത്തിൽ ശിവ അവലംബിക്കുന്നതെങ്കിൽ ആർട്ടിക്കിളുകളിൽ കടന്നുവരാത്ത സാമൂഹികവിഷയങ്ങൾ ഇല്ലെന്നുതന്നെ പറയാം. ആധികാരികമായെഴുതിയ അദ്ദേഹത്തിന്റെ ചില ആർട്ടിക്കിളുകൾ ബൂലോകത്തിൽ വളരെ വലിയ ഹിറ്റായിരുന്നു. സ്വതസിദ്ധമായ നർമ്മബോധം കാരണം അക്ഷേപഹാസ്യത്തിലും തന്റെ കഴിവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

ഗദ്യഭാഷയുടെ മനോഹരമായ പ്രയോഗം സാധ്യമായിട്ടും എന്തുകൊണ്ട് കഥ, നോവൽ വിഭാഗങ്ങളിൽ കൈവച്ചില്ല എന്ന സംശയം അദ്ദേഹത്തെ വായിക്കുന്ന പലർക്കും ഉണ്ടായിട്ടുണ്ട്. ഇതൊരിക്കൽ ഞാൻ ശിവയോടു ചോദിച്ചപ്പോൾ രസകരമായൊരു മറുപാടിയാണ് കിട്ടിയത്. താനൊരു ഹനുമാന്റെ അവതാരമാണെന്നും സ്വന്തം കഴിവുകൾ മറ്റുള്ളവർ പറഞ്ഞുതന്നാലേ മനസിലാകൂ എന്നും ഇത്രനാൾ കൂടെ നടന്നവർ എങ്ങനെ തന്നെ ചൂഷണം ചെയ്യാം അല്ലെങ്കിൽ അവരിലും താഴെയാക്കി നിർത്താം എന്നാണു ചിന്തിച്ചതെന്നും ആയിരുന്നു ആ മറുപടി. വാളെടുത്തവരെല്ലാം വെളിച്ചപ്പാടെന്ന പോലെയുള്ള കവിതാസാഹിത്യത്തിൽ നിന്നും ജനപ്രിയ സാഹിത്യരൂപങ്ങളിലേക്കു അദ്ദേഹത്തെ കൈപിടിച്ച് നടത്താനായതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്. 2009 മുതൽ രാജേഷ് ശിവ ബൂലോകത്തിന്റെ സഹയാത്രികൻ ആയിരുന്നെങ്കിലും ഇപ്പോഴാണ് പൂർണ്ണതോതിൽ ഞങ്ങൾക്കുവേണ്ടി എഴുതിത്തുടങ്ങിയത്.

Rajesh Shiva

ഇക്കാലത്തിനിടയിൽ കവിതയിൽ നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ‘പ്രക്ഷേപണം ചെയ്യപ്പെടാത്ത തേങ്ങലുകൾ, ടോസ്, സ്ത്രീലിംഗമുള്ള തെരുവ്, ടപ്പിയോക്ക ദേശീയത എന്നിവയാണ് പുസ്തകങ്ങൾ. ഈ പുസ്തകങ്ങളിലെല്ലാം ഒരു എഴുത്തുകാരന്റെ നിരീക്ഷണപാടവം കൃത്യമായി വെളിപ്പെടുത്തുന്ന രചനകൾ ആണ്. കാണുന്നവയിൽ നിന്നൊക്കെ ആശയം കണ്ടെടുക്കാനുള്ള കഴിവ്, വായനയിൽ കൃത്യമായി മസ്തിഷ്കത്തിൽ പതിയുന്ന ആശയമുദ്രകൾ, തത്വചിന്താപരമായും മനഃശാസ്ത്രപരമായുമുള്ള വ്യത്യസ്ത കാഴ്ചപ്പാടുകൾ..എല്ലാം ചേരുമ്പോൾ രചനകൾ മനോഹരമാക്കുന്നു. സാമൂഹികപ്രതിബന്ധതയാണ് രചനകളുടെ മറ്റൊരു മഹത്വം.സ്വയം മാർക്കറ്റ് ചെയ്യാനുള്ള കഴിവും വിവാദങ്ങളും ഒപ്പിച്ചെടുക്കുന്ന അംഗീകാരങ്ങളുമാണ് പലരെയും സാഹിത്യത്തിൽ പിടിച്ചുനിർത്തുന്നതെങ്കിൽ സ്വയം മാർക്കറ്റ് ചെയ്യാനുള്ള കഴിവിന്റെ അഭാവം ആകണം രാജേഷ് ശിവയെന്ന എഴുത്തുകാരൻ സ്വയം ഒതുങ്ങി തന്റെ ഇടങ്ങളിൽ ജീവിക്കേണ്ടിവന്നതിന്റെ കാരണം. ജന്മനായുള്ള പിൻവലിയൽ ഈ വ്യക്തിയ്ക്ക് തളർച്ചയാണ് പലപ്പോഴും സമ്മാനിച്ചത്.

ആദ്യത്തെ പുസ്തകമായ ‘പ്രക്ഷേപണം ചെയ്യപ്പെടാത്ത തേങ്ങലുകൾ’ പുറത്തിറക്കിയത് തിരുവനന്തപുരം മൈത്രിയാണ്. ഇരകൾക്കൊപ്പം നിന്നാൽമാത്രം പോരാ ഇരകളിൽ തന്നെ അവഗണിക്കപ്പെട്ടു കിടക്കുന്ന ഇരകൾ വേറെയുമുണ്ട്, അവർക്കൊപ്പമാണ് നിൽക്കേണ്ടതെന്ന  ചിന്ത ഇതുവരെ ആരും മുന്നോട്ടുവച്ചിട്ടില്ല.  ഈ സമാഹാരത്തിലെ, ‘പ്രക്ഷേപണം ചെയ്യപ്പെടാത്ത തേങ്ങലുകൾ’ എന്ന കവിതയിൽ ആ ആശയമാണ് എഴുത്തുകാരൻ ശക്തവും തീവ്രവുമായി മുന്നോട്ടുവയ്ക്കുന്നത്.

രണ്ടാമത്തെ പുസ്തകമായ ടോസ് എറണാകുളം ഹൊറൈസൺ പബ്ലിക്കേഷൻ ആണ് പുറത്തിറക്കിയത്. പേരിൽ തന്നെ ഒരു വ്യത്യസ്തത തോന്നുന്നെങ്കിൽ സ്വാഭാവികം. കളിക്കളത്തിൽ ടോസിടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഭൂമിയെ തന്നെ ദൈവം ടോസിട്ട ഏതോ അലിഖിതചരിത്രകാലം. ടോസ് വീണവർ സുഖലോലുപതയിൽ ജീവിക്കുമ്പോൾ ടോസ് വീഴാത്തവർ ഇരുട്ട് തിന്നു ജീവിക്കുന്നു. ഭൂമിയിലെ അസമത്വം ആണ് ഈ രചനയുടെ പ്രമേയം. ടോസ് വീഴാത്തവർക്കു ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു എഴുത്തുകാരൻ.

മൂന്നാമത്തെ പുസ്തകമായ ‘സ്ത്രീലിംഗമുള്ള തെരുവ്’ പുറത്തിറക്കിയത് സീയെല്ലെസ്, തളിപ്പറമ്പ് ആണ്. മാംസവ്യാപാരം എവിടെയുമുണ്ട്. ഒരു തെരുവിൽ തന്നെ ജനിച്ചു വളർന്നു വർദ്ധക്യത്തിലെത്തി അവിടെത്തന്നെ മരിക്കുന്ന ലൈംഗികത്തൊഴിലാളികളോടുള്ള ഐക്യദാർഢ്യം ആണ് ഈ ടൈറ്റിൽ. ഏതോ പദ്ധതികൾക്ക് വേണ്ടി തെരുവ് കിളച്ചുമറിച്ചിട്ടിരിക്കുകയാണ് . അതുകൊണ്ടു അവിടെ വെള്ളം എത്തുന്നില്ല. പക്ഷെ അവിടത്തെ പെണ്ണുങ്ങൾക്ക് കുളി തെറ്റുന്നത് അതുകൊണ്ടല്ലെന്നു പറഞ്ഞവസാനിപ്പിക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയുണ്ടാകുന്നു.


നാലാമത്തെ പുസ്തകമായ ‘ടപ്പിയോക്ക ദേശീയത’  എറണാകുളം ഹൊറൈസൺ പബ്ലിക്കേഷൻ പുറത്തിറക്കി. കപടമായ ദേശീയബോധം വരുത്തുന്ന വിനകൾ എഴുത്തുകാരൻ മരച്ചീനിയിലൂടെ നമുക്ക് കാണിച്ചുതരുന്നു. മരച്ചീനിക്ക് പ്രാദേശികമായി  കപ്പ, കൊള്ളി,പൂള,കിഴങ്ങ്,മരക്കിഴങ്ങു…ഇങ്ങനെഅനവധി പേരുകളുണ്ട്. സായിപ്പന്മാർ വന്നപ്പോൾ ടപ്പിയോക്ക എന്ന ഒരൊറ്റ പേരായി. അനവധി നാട്ടുരാജ്യങ്ങളായി കിടന്ന ഒരു ഭൂപ്രദേശം ഒരൊറ്റ ഇന്ത്യയായതാണ് മരച്ചീനിയിലൂടെ പറഞ്ഞുവച്ചതു. പിന്നെയും കവിത നീളുന്നു. വർത്തമാനകാലത്തു ഏറ്റവും അനിവാര്യമായ വിഷയം.

ഇങ്ങനെ ശക്തമായ വിഷയങ്ങൾ കൊണ്ട് എഴുതിയ ഈ കവിയിൽ നിന്നും പുതിയ പുതിയ രചനകൾ പ്രതീക്ഷിക്കുന്നു. ഗദ്യസാഹിത്യത്തിലേക്കുള്ള ചുവടുവയ്പ്പിനു ബൂലോകത്തിന്റെ എല്ലാവിധ ആശംസകളും. ‘ലിവിംഗ് ടുഗദറി’നേക്കാൾ വലിയ വിജയമാക്കി മാറ്റാൻ എല്ലാ വായനക്കാരോടും അഭ്യർത്ഥിക്കുന്നു

Previous articleജീവിതത്തിന്റെ വൃക്ഷസിദ്ധാന്തങ്ങൾ   
Next articleപോസ്റ്റ്‌മോര്‍ട്ടം – കഥ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.