കുമ്പിടിയാ കുമ്പിടി !

0
539

Augustus Morris

കുമ്പിടിയാ കുമ്പിടി

( 1 ) ഒരേസമയം പലയിടത്ത് പ്രത്യക്ഷപ്പെടാൻ കഴിവുള്ളയാളാണ് കുമ്പിടി . സിദ്ധനാ , മഹാസിദ്ധൻ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ആൾ . പ്രഭാതഭക്ഷണം കഴിക്കാനിരിക്കുന്ന മലയാളികൾ അതിലേക്ക് സൂക്ഷിച്ചൊന്നു നോക്കൂ . പലതിലും കുമ്പിടിയെ കാണാം . എങ്ങനെ ? അതിലേക്ക് പോകുന്നതിനുമുമ്പ് ചായക്കട & സർക്കാർ ആശുപത്രി സന്ദർശനം കൂടിയാവാം .

( 2 ) കുമാരേട്ടന്റെ ചായക്കട – പത്ത് ചായ അടിച്ചാൽ ആറും വിതൗട്ട് . സർക്കാർ ആശുപത്രിയിൽ ചുമയ്‌ക്കുള്ള സിറപ് എഴുതുന്ന ഡോക്ടർക്ക് S / F എന്നെടുത്തെഴുതേണ്ടി വരുന്നു [ SUGAR FREE ] .

പഞ്ചാര രോഗികളുടെ തലസ്ഥാനമായി മാറിയ ” മല്ലു ” പ്രദേശ് .

( 3 ) വെള്ളത്തിൽ അലിഞ്ഞ കരി = പഞ്ചസാര….. കുറച്ച് പഞ്ചസാരത്തരികൾ എടുത്ത് ചൂടായ ദോശക്കല്ലിൽ ഇടുക .അത് കരിയായി മാറുന്നത് കാണാം . സംഗതി ലളിതം . അതിലെ ജല തന്മാത്രകൾ ആവിയായി പോകുമ്പോൾ കരി അവശേഷിക്കും . രാസ നാമം എഴുതിയാൽ [ C H20 ] 6 , എന്ന് വച്ചാൽ കരി ( കാർബൺ ) & ജലം എന്നിവയുടെ ആറുവീതം ആൾക്കാർ ഒന്നിച്ച് ചേർന്നാൽ തലച്ചോർ ,മാംസപേശികൾ എന്നിവയുടെ ഇന്ധനമായ ഗ്ലൂക്കോസ് ആയി . അവ പല തരത്തിലുണ്ട് . അവയ്ക്ക് നല്ല മധുരമുണ്ടാകും . എന്നാൽ ഇവർ കൂടിച്ചേർന്ന് നിന്നാൽ മധുരം അത്രയ്ക്ക് ഉണ്ടാകില്ല , പശിമ അഥവാ ഒട്ടിപ്പിടിയ്ക്കൽ ഇവയുടെ മുഖമുദ്ര ആകും . ധാന്യങ്ങളിലും കിഴങ്ങു വർഗ്ഗങ്ങളിലും കാണുന്ന സ്റ്റാർച്ച് / അന്നജം ഗ്ലൂക്കോസ് തന്മാത്രകൾ കൂടിച്ചേർന്നുണ്ടായവയാണ്. ഒറ്റയ്ക്ക് നിന്നാൽ മധുരം പ്രദാനം ചെയ്യുന്ന ഇക്കൂട്ടർ പഴങ്ങളിൽ കാണപ്പെടുന്നു . ഒരേസമയം ഗ്ലൂക്കോസായിട്ടും അന്നജമായിട്ടും കുമ്പിടിയെ അകത്താക്കുന്ന ആൾക്കാരാണ് മല്ലൂസ് . കുമ്പിടി = [ C H20 ] 6

( 4 ) മല്ലൂസ് പ്രഭാത ഭക്ഷണങ്ങളിൽ പ്രമുഖരായ പുട്ട് – പഴം , അപ്പം – കിഴങ്ങുകറി , ദോശ – സാമ്പാർ , ഇഡ്ഡലി – ചട്നി , പൂരി – മസാല etc എടുത്ത് നോക്കിയാൽ കുമ്പിടിയെ കാണാം . സർവ്വം അന്നജ /ഗ്ലൂക്കോസ് മയം . കടലക്കറി /പയർ /മുട്ടക്കറി /പരിപ്പുകറി എന്നിവയുണ്ടെങ്കിൽ കുമ്പിടി ഇല്ല . അവിടെ അന്നജം + മാംസ്യം ( പ്രോട്ടീൻ ) മുന്നണി ആമാശയത്തിലേക്ക് പോകുന്നു . ഉച്ചയൂണിൽ ഗ്ലൂക്കോസിന്റെ ചെറു കുന്നുകൾ പരിപ്പ് , സാമ്പാർ , രസം & മോര് എന്നിവയൊഴിച്ച് അകത്താക്കുന്ന മല്ലു , പ്രഥമനിൽ പഴം ഞെരടി സംഭവം കെങ്കേമമാക്കുന്നു . കല്യാണസദ്യയിൽ ബോളി ഉണ്ടാകും , ആകെ ജോളിയാകും. വൈകിട്ട് പാലും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന ചായ ഒപ്പം പഴം പൊരിയും . ഏത്തയ്ക്കാപ്പം / പൊരിച്ച ഏത്തയ്ക്ക എന്നൊക്കെ പറയാവുന്ന പഴംപൊരിയുടെ പുറംഭാഗം മാവ് (അന്നജം )

അകംഭാഗം ഗ്ലൂക്കോസ് . പരിപ്പുവട ,ഉഴുന്നുവട ,സുഖിയൻ , മുട്ടബജ്ജി തുടങ്ങിയ കടികളെ വിസ്മരിക്കുന്നില്ല . രാത്രി വീണ്ടും ചോറോ ,ചപ്പാത്തിയോ ,പൊറോട്ടയോ ,ഗോതമ്പുകഞ്ഞിയോ ഒക്കെ കഴിക്കും .

( 5 ) ധാന്യങ്ങളിലെ അന്നജം , പഴങ്ങളിലെ ഗ്ലൂക്കോസ് എന്നിവ കിണ്വനം അഥവാ ഫെർമെന്റേഷൻ എന്ന പ്രക്രിയയ്ക്ക് വിധേയമാക്കി വാറ്റിയെടുക്കുന്ന വിസ്കി ,ബ്രാണ്ടി ,റം, ചാരായം തുടങ്ങിയ മദ്യങ്ങൾ അകത്താക്കുന്ന മലയാളിയെ ആർക്കും തോൽപ്പിക്കാനാവില്ല . അകത്തു പോകുന്ന മദ്യം ,കൊഴുപ്പിനെ ഉരുക്കിക്കളയുമെന്നു ദൃഢമായി വിശ്വസിക്കുന്ന മലയാളിയോട് , മദ്യം ഫാറ്റി ആസിഡ് കണങ്ങളായി മാറുമെന്ന് പറഞ്ഞാൽ ഒരുപക്ഷെ ഉറപ്പായും അടി കിട്ടും .

( 6 ) എന്തായാലും അകത്തുപോകുന്ന അന്നജം / ഗ്ലൂക്കോസ് -നെ സംഭരിക്കുന്നത് നീളമുള്ള ശൃംഖലാ തന്മാത്രകളായി മാറ്റിയിട്ടാണ് .അതിനെ ജന്തു അന്നജം അഥവാ ഗ്ലൈക്കോജൻ എന്ന് വിളിക്കും . ഈ പരിവർത്തനം നടത്താൻ ആവശ്യമായി വേണ്ട ആളുടെ പേരാണ് ഇൻസുലിൻ . ശരീരത്തിലെ മറ്റെല്ലാ ഹോർമോണുകളും രക്തത്തിലെ ഗ്ലൂക്കോസ് അളവ് ഉയർത്താൻ ശ്രമിക്കുമ്പോൾ , കുറയ്ക്കാനായി പാടുപെടുന്ന ഒരേയൊരു അഭിമന്യു ഇൻസുലിൻ മാത്രമാണ് . അതുൽപ്പാദിപ്പിക്കുന്ന ആഗ്നേയഗ്രന്ഥി [ പാൻക്രിയാസ് ] ഏതാണ്ട് 15 – 20 cm നീളമുള്ള ഒന്നാണെങ്കിലും അതിലെ രണ്ടു ശതമാനം വരുന്ന ബീറ്റാ കോശങ്ങളാണ് ഇൻസുലിൻ പുറപ്പെടുവിക്കുന്നത് . അമ്പലം വലുതാണെങ്കിലും പ്രതിഷ്ഠ നന്നേ ചെറുത് എന്നർത്ഥം .

( 7 ) ഒരു മനുഷ്യന്റെ ശരീരത്തിൽ ആകെ 500 – 700 ഗ്രാം വരെ ഗ്ലൈക്കോജൻ ഉണ്ടാകും . പക്ഷെ നാലുനേരം അന്നജപൂരിത ഭക്ഷണം കഴിക്കുന്ന മലയാളിയുടെ ശരീരത്തിൽ സംഭരിക്കാവുന്നതിലേറെ ഗ്ലൂക്കോസ് അകത്തുപോകുന്നു . പിന്നെ ശരീരത്തിന് ചെയ്യാവുന്നത് അവയെ കൊഴുപ്പാക്കി മാറ്റുക എന്നതാണ് . വയറ്റിനുചുറ്റും അടിയുന്ന കൊഴുപ്പ് കേരളത്തിന്റെ ഭൂപടത്തിനു സമാനമായ ആകൃതി മല്ലുവിന് നൽകുന്നു .ഇത് , ശരീരം ഉത്പാദിപ്പിക്കുന്ന ഇൻസുലിന്റെ പ്രവർത്തനം തടയുന്നു , ഇൻസുലിൻ നിസ്സംഗത [ insulin resistance ] ഉടലെടുക്കുന്നു ,പ്രമേഹം ഉണ്ടാകുന്നു[ ടൈപ്പ് – 2 ] . ചിലർക്ക് വളരെ വേഗം നര വരുന്നത് പോലെ ചിലർക്ക് ജനിതകപരമായി ബീറ്റാ കോശങ്ങൾ വേഗം നശിച്ചുപോകുന്ന പ്രകൃതം ഉള്ളവരായിരിക്കും .അവർ കഠിനാദ്ധ്വാനികൾ ആണെങ്കിൽ കൂടി പ്രമേഹം ഉള്ളവരായി മാറും . മറ്റുചിലരുടെ ശരീരം നിർമ്മിക്കുന്ന പ്രതിദ്രവ്യങ്ങൾ [ ആന്റിബോഡി ]ശത്രുവാണെന്നു തെറ്റിദ്ധരിച്ച് സ്വന്തം പാൻക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളെ ഇല്ലായ്മ ചെയ്യുന്നു . ജനിക്കുമ്പോഴോ നന്നേ ചെറുപ്പത്തിലോ പ്രമേഹം പിടിപെടുന്നു [ ടൈപ്പ് – 1 ]

( 8 ) അന്നജപൂരിത ഭക്ഷണം , മദ്യം , കായിക സംസ്കാരമില്ലായ്മ , ജനിതക ഘടകങ്ങൾ etc ഒന്നുചേർന്ന് മല്ലുവിനെ പ്രമേഹ രോഗിയാക്കുന്നു . ഓരോ ദിവസവും എത്ര കലോറി ഊർജ്ജം ആവശ്യമുണ്ടെന്ന് കണക്കാക്കി അതിനനുസരിച്ച് അന്നജം / മാംസ്യം / അപൂരിത കൊഴുപ്പ് / ജീവകങ്ങൾ / പച്ചക്കറികൾ എന്നിവ ഉൾപ്പെട്ട ഭക്ഷണ ക്രമം , കായിക സംസ്കാരം , കുംഭ അഭിമാനമല്ല അപമാനമാണ് എന്ന തിരിച്ചറിവ് etc മലയാളിക്ക് കൂടിയേ തീരൂ .

( 9 ) ചികിത്സ ഇല്ലാതിരുന്ന കാലഘട്ടങ്ങളിൽ , പ്രമേഹം വന്നാൽ 3- 5 വർഷത്തിനുള്ളിൽ മരിച്ചുപോകുമായിരുന്നു . ചികിത്സ സാർവത്രികമായി , സൗജന്യമായി [ NCD ക്ലിനിക് ] എന്നിട്ടും ജീവിത നിലവാരത്തിന് അത്ര ഗുണനിലവാരം ഇല്ല . വെറുതെ ഗുളിക കഴിക്കുന്നവർ , ചിലർ സ്വമേധയാ അളവ് കുറയ്ക്കുന്നവർ , മറ്റു ഉഡായിപ്പുകൾ തേടുന്നവർ ഒക്കെച്ചേർന്ന് FBG , PPBG കൃത്യമായ അളവിൽ നിലനിറുത്താൻ ശ്രമിക്കാതെ ,ആന്തരികാവയവങ്ങൾക്ക് പ്രശ്നമുണ്ടാക്കുന്ന അളവിൽ രക്തത്തിലെ ഗ്ലൂക്കോസ് അളവുമായി ജീവിതം തള്ളിനീക്കുന്നു. ഷുഗർ എത്രയുണ്ടെന്ന് ചോദിക്കുമ്പോൾ 200 , 250 എന്നൊക്കെ പറയുന്നവർ ഇഞ്ചിഞ്ചായി ആന്തരികാവയവങ്ങളെ തകർക്കുകയാണെന്നു മാത്രമേ പറയുന്നുള്ളൂ .

(10) പ്രമേഹത്തിന്റെ ചികിത്സ ഒരു ത്രികോണമാണ് . മരുന്ന് ,വ്യായാമം ,ഭക്ഷണ ക്രമീകരണം എന്നിവ ഒത്തുചേർന്ന ഒരു ത്രികോണം . ഗുളിക /ഇൻസുലിൻ എന്നിവ മാത്രം കൊണ്ട് അത് ചികിൽസിക്കാമെന്ന വ്യാമോഹം അരുത്.

NOVEMBER 14 , INTERNATIONAL DIABETES DAY