മെയില്‍ കണ്ടില്ലല്ലോ, അയ്യോ മെയില്‍ അയച്ചിരുന്നുവോ ഞാന്‍ മെയില്‍ തുറന്നിട്ട് തന്നെ നാലഞ്ചു ദിവസമായി എന്നൊക്കെ പറഞ്ഞു മുങ്ങിക്കളയുന്ന ആളുകള്‍ക്ക് എട്ടിന്റെ പണിയുമായി ജിമെയില്‍ സ്ട്രീക്ക് എന്ന ജിമെയില്‍ പ്ലഗിന് രംഗത്ത്. ഇനി മുതല്‍ അത് ഇന്‍സ്റ്റോള്‍ ചെയ്യുന്നതോടെ മെയില്‍ അയക്കുന്നവര്‍ക്ക് അത് വായിക്കുന്നവര്‍ എപ്പോള്‍ വായിച്ചുവെന്നും എവിടെ വെച്ച് വായിച്ചുവെന്നും മനസ്സിലാവും.
എപ്പോഴാണ് ആ മെയില്‍ തുറന്നതെന്നതിന് പുറമേ ഏതു കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ മൊബൈല്‍ ഉപയോഗിച്ചാണ് മെയില്‍ തുറന്നതെന്നും മനസ്സിലാവും. മെയില്‍ വായിച്ച ആളുടെ പേരും ലഭിക്കും. ഇപ്പോള്‍ ഗൂഗിള്‍ ക്രോമിലും സഫാരിയിലും ആണ് ഇത് ഉപയോഗിക്കാവുന്നതെങ്കിലും മോസില്ലയില്‍ ഉടനെ വരുമെന്നാണ് റിപ്പോര്‍ട്ട്.
ഒരുതവണ പ്ലഗ്ഗിന് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഓരോ മെയില്‍ അയക്കുമ്പോഴും സ്വയമേവ അത് ട്രാക്കിങ് ആരംഭിക്കുകയും ചെയ്യും. ഏതു ഘട്ടത്തില്വേണമെങ്കിലും അത് ഡിസേബിള്‍ ചെയ്യാനും സാധിക്കും. മെയില്‍ വായിക്കുന്നയാള് ആ മെയില്‍ തുറക്കുമ്പോള്‍ അപ്പോള്‍ തന്നെ മെയില്‍ അയച്ച സ്ട്രീക്ക് പ്ലഗിന് ഇന്‍സ്റ്റോള്‍ ചെയ്ത ആളുടെ ഇന്ബോക്സിന്റെ ഒരു മൂലയില്‍ ഒരു പോപ്പപ്പ് ബോക്സില്‍ മെയില്‍ വായിച്ചതിന്റെ വിശദാംശങ്ങള്‍ ലഭിക്കും. ഓരോ തവണ വീണ്ടും വീണ്ടും അതേ മെയില്‍ തുറക്കുകയാണെങ്കില്‍ ഇമെയിലിന്റെ വലതുവശത്തുള്ള പച്ച നിറത്തിലുള്ള കണ്ണിന്റെ ആകൃതിയിലുള്ള ലൈറ്റ് മിന്നിക്കൊണ്ടിരിക്കും.
അതെ സമയം പ്ലഗിന് എതിരെ ജിമെയില്‍ ഉപഭോക്താക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. ജിമെയിലില്‍ നിന്നും ആളുകള്‍ കൊഴിഞ്ഞു പോകുവാന്‍ പ്ലഗിന് ഇടയാക്കും എന്ന ഭീഷണിയും എതിരാളികള്‍ പ്ലഗിനെതിരെ ഉയര്‍ത്തുന്നുണ്ട്. ഗൂഗിള്‍ പുതിയ പ്ലഗിനെതിരെ നടപടിയെടുക്കണം എന്നാണ് വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്. പ്ലഗ്ഗിന്റെ പ്രവര്‍ത്തനം എങ്ങിനെയാണെന്ന് സ്ട്രീക്ക് പുറത്തു പറഞ്ഞിട്ടില്ല.
സ്ട്രീക്ക് പ്ലഗിന് ഈ വഴി പോയി ഇന്‍സ്റ്റോള്‍ ചെയ്യാം