ജയിലിലിരുന്ന് തന്റെ ജീവിതം ചലച്ചിത്രമായി‌ നെറ്റ്ഫ്ലിക്സിൽ‌ കാണുന്ന ചാൾസ് ശോഭരാജ്

Nowfal Mubaraque

ചാൾസ് ശോഭരാജിനെ കുടുക്കിയ ഹെർമൻ നിപ്പൻബെർഗ്

കാഠ്മണ്ഡുവിലെ‌ നേപ്പാൾ സെൻട്രൽ ജയിലിലിരുന്ന് വലിയ താല്പര്യത്തോടെ ഒരു നെറ്റ്ഫ്ലിക്സ് സീരീസ് കാണുന്ന വെളുത്ത് മെലിഞ്ഞ് നല്ല ഉയരമൊക്കെയുള്ള 77 വയസ്സുള്ള ഒരപ്പൂപ്പനെ ഒന്ന് സങ്കല്പിച്ച് നോക്കാമോ? അയാളിപ്പൊ കണ്ടുകൊണ്ടിരിക്കുന്നത് സ്വന്തം ജീവിതകഥ തന്നെയാണ് എന്നുകൂടി അങ്ങ് സങ്കൽപ്പിക്കുക. “ദ സർപന്റ്” എന്നപേരിൽ ഈവർഷമാദ്യം നെറ്റ്ഫ്ലിക്സിൽ റിലീസായ എട്ട് എപ്പിസോഡുകളുള്ള ഒരു സീരീസാണ് അങ്ങേര് കണ്ടോണ്ടിരിക്കുന്നത്. ഇത്രേം പറഞ്ഞാൽ പിന്നെ ഒരുമാതിരി എല്ലാവർക്കും ആളെ മനസ്സിലാവാതിരിക്കാൻ വഴിയില്ല. അതെ, അത് വേറെ ആരുമല്ല. അത് തന്നെയാണ് ചാൾസ് ശോഭരാജ് .ബിക്കിനി കില്ലർ, സ്പ്ലിറ്റിങ്ങ് കില്ലർ, ദ സെർപന്റ്. ഈ പേരുകളിലൊക്കെയാണ് 1970കളിൽ ലോകത്തെ വിറപ്പിച്ച കുപ്രസിദ്ധനായ ആ കൊലയാളി പലകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്.

Charles Sobhraj hated India, but the country got to him in the endവർഷം 1976.ബാങ്കോക്കിലെ ഡച്ച് എംബസിയിൽ ജൂനിയർ ഡിപ്ലോമാറ്റിക് ഓഫീസറായിരുന്നു അന്ന് 32കാരനായിരുന്ന ഹെർമൻ നിപ്പൻബർഗ്. ഒരുദിവസം നിപ്പൻബർഗിന് തന്റെ രാജ്യമായ നെതർലാൻഡ്സിൽ നിന്ന് ഒരു മെസേജ് വരികയാണ്. അവിടുന്ന് തായ്ലൻഡിലേക്ക് വിനോദയാത്രയ്ക്ക് വന്ന രണ്ട് ചെറുപ്പക്കാരെ കാണാതായിരിക്കുന്നു. 29കാരനായ ഹെന്ക് ബിൻടാഞ്ചയും അയാളുടെ കാമുകി 25 കാരിയായ കൊർണേലിയാ ഹെംകറും വീടുവിട്ട് പോന്നിട്ട് കുറച്ച് ദിവസങ്ങളായി. ഓരോ സ്ഥലത്തും എത്തുമ്പൊ അവിടുത്തെ വിവരമൊക്കെവെച്ച് ഇവര് വീട്ടിലേക്ക് ഓരോ കത്ത് ഒക്കെ എഴുതി പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ കഴിഞ്ഞ ആറാഴ്ചയായി ഇവരെപ്പറ്റി ഒരു വിവരവുമില്ല. ഇവരെവിടെയാണെന്നറിയാതെ ആകെ വിഷമിച്ചിരിക്കുകയാണ് അച്ഛനമ്മമാരും‌ ബന്ധുക്കളുമൊക്കെ. അന്യദേശത്തിവെച്ച് എന്തെങ്കിലും അസുഖം പിടിപെട്ടോ അതോ ഇനി വല്ല അപകടത്തിലും പെട്ടോ എന്നൊന്നും അറിയാൻ ഒരു വഴിയും കാണാതെ വന്നപ്പൊ അവർ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നിപ്പൻബർഗിന് ഇവരെപ്പറ്റി അന്വേഷിക്കാൻ സന്ദേശം കിട്ടിയിരിക്കുന്നത്.‌
ചെറുപ്പക്കാരല്ലേ, പോരാത്തതിനു ബായ്ക് പാക്കേഴ്സും. അവരെവിടെയെങ്കിലുമൊക്കെ കറങ്ങി നടപ്പൊണ്ടാവും, കാഴ്ചയൊക്കെ കണ്ട് മടുക്കുമ്പൊ അങ്ങ് ചെന്നോളും എന്നൊക്കെ കൂടെയുള്ളവരു പറഞ്ഞെങ്കിലും തൊട്ടുമുമ്പ് കഴിഞ്ഞ ക്രിസ്മസിനും അതുപോലെ കൊർണേലിയേടെ ഇളയമ്മയുടെ പിറന്നാളിനും അവൾ ഒരു കാർഡ് പോലും അവരയച്ചിട്ടില്ലെന്നും എവിടെപ്പോയാലും ഇതൊന്നും കൊർണേലിയ മറന്ന് പോകാറില്ലെന്നും അറിഞ്ഞപ്പൊ ഇതിൽ എന്തോ പന്തികേടുണ്ടെന്ന് ഹെർമനു തോന്നി. താമസിയാതെ ഇവരെപ്പറ്റി വിശദമായിട്ടൊന്ന് അന്വേഷിക്കാൻ തന്നെ ഹെർമൻ തീരുമാനിച്ചു.

അവരയച്ച അവസാനത്തെ കത്തിൽ ഹോങ്കോങ്ങിലെ ഫ്രഞ്ചുകാരനായ ഒരു വ്യാപാരിയിൽനിന്ന് കുറഞ്ഞവെലയ്ക്ക് ഒരു രത്നക്കല്ല് വാങ്ങിയതായി പറഞ്ഞിരുന്നത് ഹെർമന്റെ ശ്രദ്ധയിപ്പെട്ടു. മാത്രവുമല്ല, ഈ ഫ്രഞ്ച് വ്യാപാരി തായ്ലൻഡിലെത്തുമ്പൊ തന്നെ വന്ന്‌ കാണാൻ അവരെ ക്ഷണിച്ചിട്ടുമുണ്ട്‌.ഹെയ്ക്കും കൊർണേലിയയും തായ്ലൻഡിലെത്തുമ്പൊ താമസിക്കാനായിട്ട് ഒരു ഹോട്ടലിൽ മുറിയൊക്കെ ബുക്ക് ചെയ്തിരുന്നു. എന്നാൽ അവരവിടെ ചെന്നിട്ടില്ലെന്ന് കൂടുതലന്വേഷിച്ചപ്പൊ ഹെർമനു മനസ്സിലായി. അന്വേഷണം ഇങ്ങനെ വഴിമുട്ടി നിക്കുമ്പൊളാണ്, ഏതാനും മാസം മുമ്പ് പത്രത്തിൽ വന്ന ഒരു വാർത്ത ഹെർമന് ഓർമ്മവരുന്നത്.
ബാങ്കോക്ക് പട്ടണത്തിൽ കത്തിയെരിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെയും പുരുഷന്റെയും ശരീരങ്ങൾ കണ്ടെത്തിയതായിരുന്നു ആ വാർത്ത. ഓസ്ട്രേലിയക്കാരായ രണ്ട് ടൂറിസ്റ്റുകളാണ് ഇവരെന്ന ഒരു അനുമാനത്തിലെത്തിയതല്ലാതെ, ഇവരെപ്പറ്റി ശരിയായ വിവരമൊന്നും കിട്ടാതെ കേസുമായി ഇനി മുന്നോട്ട് പോകാനാവാത്ത അവസ്ഥയിലായിരുന്നു പോലീസ് ഡിപ്പാർട്ട്മെന്റ്. ഇവരെപ്പറ്റി പോലീസിൽനിന്ന് കിട്ടിയ ചിലവിവരങ്ങളിലൊന്ന് ഹെർമനെ ഈ കേസിലേക്ക് ആകർഷിച്ചു.

കൊല്ലപ്പെട്ട പുരുഷൻ ധരിച്ചിരുന്ന ടീഷർട്ട് ഹോളണ്ടിൽ നിർമ്മിച്ചതാണെന്ന് അതിൽ കത്തി നശിക്കാതെ ബാക്കിനിന്നിരുന്ന ഒരു ലേബലിൽ നിന്ന് പോലീസുകാർക്ക് മനസ്സിലായിരുന്നു. ഈ വിവരം അറിഞ്ഞയുടനെ ഹെർമൻ ആസ്ത്രേലിയൻ എംബസിയുമായിട്ട് ബന്ധപ്പെട്ടു. കൊല്ലപ്പെട്ടതായി പോലീസ് സംശയിച്ചിരുന്ന ആസ്ട്രേലിയൻ ടൂറിസ്റ്റുകൾ ജീവനോടെയുണ്ടെന്ന് മനസ്സിലായപ്പൊ ഹെർമന് ഏതാണ്ട് ഒറപ്പായി, ഇത് ഹെയ്ക്കും കൊർണേലിയയും തന്നെ. പിന്നെ താമസിച്ചില്ല, ഹോളണ്ടുമായി ബന്ധപ്പെട്ട് ആ ചെറുപ്പക്കാരുടെ പല്ലിന്റെ റിക്കാർഡുകൾ വരുത്തിച്ചു. ബാങ്കോക്കിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ശരീരങ്ങളിലെ പല്ലുകളുമായി ഇത് ഒത്തുപോകുന്നു എന്ന് കണ്ടെത്തിയതോടെ കൊല്ലപ്പെട്ടത് അവരു രണ്ടുപേരും തന്നെയാണെന്ന് ഉറപ്പായി.

ഈ വിവരങ്ങൾ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തതോടെ ഹെർമൻ നിപ്പൻബർഗിന്റെ ചുമതല അവസാനിച്ചു. കുറ്റവാളിയെ കണ്ടുപിടിക്കലും അറസ്റ്റ് ചെയ്യലും ഒക്കെ ചെയ്യേണ്ടത് ഇനി പോലീസുകാരുടെ ചുമതലയാണ്. തായ് പോലീസ് കേസ് ഏറ്റെടുത്തെങ്കിലും ഇക്കാര്യത്തിൽ അവരുടെ ആത്മാർത്ഥത എത്രത്തോളമുണ്ടാവുമെന്ന് ഹെർമൻ നിപ്പൻബർഗിനു സംശയമുണ്ടായിരുന്നു. അതുകൊണ്ട് ഈ അന്വേഷണത്തെ വിടാതെ ഫോളോ ചെയ്യാൻ അയാൾ തീരുമാനമെടുത്തു.പോലീസ് പോലീസിന്റെ വഴിക്കും ഹെർമൻ ഹെർമന്റെ വഴിക്കും ആയിട്ട് അന്വേഷണം പുരോഗമിച്ചുകൊണ്ടിരുന്നു. അന്വേഷണം അങ്ങനെ നടക്കുന്നതിനെടയിൽ, അവിടെ, കുറഞ്ഞ ചെലവിൽ നാടുകാണാനെത്തുന്ന വേറെയും ചില ടൂറിസ്റ്റുകൾ അടുത്തകാലത്ത് കൊല്ലപ്പെട്ടിട്ടുള്ളതായി ഹെർമനു മനസ്സിലായി.
തെരേസാ നോൾട്ടൺ എന്ന ഒരു യുവതിയുടെ ശരീരം ബീച്ചിൽ ബിക്കിനി ധരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്‌.

കൊലചെയ്യപ്പെടുന്നതിനുമുമ്പ് ഇവരെ ലഹരിമരുന്ന് കൊടുത്ത് മയക്കിയശേഷം അവരുടെ പണവും ട്രാവലേഴ്സ് ചെക്കുമെല്ലാം ആരോ മോഷ്ടിച്ചിരുന്നു. വിറ്റലി ഹക്കിം എന്ന വേറൊരാളുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ വഴിയരികിലാണ് കാണപ്പെട്ടത്.
ഇതേസമയം, കൊല്ലപ്പെട്ട ഡച്ചുകാരായ ഹെയ്ക്കിന്റെയും കൊർണേലിയയുടെയും പാസ്പോർട്ടുപയോഗിച്ച് രണ്ടുപേർ നേപ്പാളിലേക്ക് പറന്നതായും അഞ്ച് ദിവസങ്ങൾക്ക് ശേഷം അമേരിക്കക്കാരി കൊണീ ബ്രോൺസിച്ചിന്റെയും സുഹൃത്ത് ക്യാനഡക്കാരൻ ലോറൻ ക്യാരിയറിന്റെയും പാസ്പോർട്ടുപയോഗിച്ച് തിരികെ വന്നതായും ഹെർമൻ മനസ്സിലാക്കി. ഈപ്പറഞ്ഞ രണ്ടുപേരും തായ്ലൻഡ് കാണാനെത്തിയ ടൂറിസ്റ്റുകളായിരുന്നു. അവരും കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യത പരിഗണിച്ച് ഹെർമൻ തന്റെ അന്വേഷണം ഒന്നുകൂടി ഊർജ്ജിതമാക്കാൻ തീരുമാനിച്ചു.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഹെർമൻ ആകെ അസ്വസ്ഥനായിരുന്നു. ഓഫീസിൽ അയാൾ ചെയ്യേണ്ടുന്ന ജോലികൾ വേണ്ടപോലെ ചെയ്യാതെ കൊലപാതകക്കേസുകളുടെ പുറകെ പോകുന്നത് മേലുദ്യോഗസ്ഥർക്ക് അത്ര രസിക്കുന്നില്ലായിരുന്നു. എന്നാൽ ഹെർമന്റെ ഭാര്യ ഏഞ്ചല കട്ട സപ്പോർട്ടുമായി കൂടെത്തന്നെ നിന്നു. പിന്നീടിക്കാര്യങ്ങൾ ബെൽജിയൻ എംബസിയിലെ ഒരു സുഹൃത്തുമായി പങ്കുവച്ചതിൽ നിന്ന് ഹെർമന് കുറേ കാര്യങ്ങൾകൂടി പിടികിട്ടി.അലൻ ഗാൾതിയെ എന്ന പേരിൽ സംശയകരമായ ചുറ്റുപാടുകളുള്ള ഒരാളെപ്പറ്റി ഈ സുഹൃത്തിൽ നിന്ന് കിട്ടിയ ചില വിവരങ്ങളുടെ പുറകെയായി പിന്നീടുള്ള അന്വേഷണം. ഈ പേരിലുള്ള ഫ്രഞ്ചുകാരനായ എന്തൊക്കെയോ നിഗൂഢതകളുള്ള ഒരാളുടെ അപാർട്ട്മെന്റിൽ സഞ്ചാരികൾക്കുവേണ്ടി മിക്കപ്പോളും പാർട്ടികൾ നടത്താറുണ്ടായിരുന്നു. ഇവിടുന്ന് പലപ്പളും ഒച്ചപ്പാടും അലർച്ചകളുമൊക്കെ കേൾക്കാറുണ്ടാായിരുന്നു എന്ന് പരിസരവാസികൾ പറഞ്ഞിരുന്നു. അവിടെയായിരിക്കണം നമ്മുടെ ഡച്ച് സുഹൃത്തുക്കൾ പോയിട്ടുണ്ടാവുക എന്ന് ഹെർമൻ കരുതി.

പക്ഷെ തെരക്കിപ്പിടിച്ച് ചെന്നപ്പൊ, അവിടെ പാർട്ടികൾ സംഘടിപ്പിച്ചിരുന്ന അലൻ ഗാൾത്തിയെ ഇവരുദ്ദേശിച്ച ആളല്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. അപ്പാർട്ട്മെന്റിലിപ്പൊ ആരുമില്ലെന്നും അറിയാൻ കഴിഞ്ഞു. പക്ഷെ ഇതിൽ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് ഹെർമന് ഉറപ്പായിരുന്നു. പോലീസ് ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെട്ട് കാലിയായ ഈ അപ്പാർട്ടുമെന്റിൽ ഒരു പരിശോധന നടത്താനുള്ള അനുവാദം ഒരുവിധത്തിൽ സംഘടിപ്പിക്കാൻ ഹെർമനു സാധിച്ചു. അധികം താമസിയാതെ, ഹെർമനും അങ്ങേരുടെ ബെൽജിയൻ സുഹൃത്തും അമേരിക്കൻ എംബസീലെ ഒരു പരിചയക്കാരനും അയലുവക്കത്ത് താമസിക്കുന്ന വേറൊരാളുംകൂടി അപാർട്ട്മെന്റ് അരിച്ചുപെറുക്കി പരിശോധിച്ചു.

അവിടുന്ന് കിട്ടിയ സാധനങ്ങൾ എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിലെ പന്ത്രണ്ട് പാസ്പോർട്ടുകൾ. ആളെ മയക്കാനുള്ള മരുന്നുകളും അത് കുത്തിവെക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകളും നിറച്ച‌ വലിയ പ്ലാസ്റ്റിക് ഡബ്ബകൾ.. ഇതൊക്കെ ഹെർമൻ ഉടനെ പോലീസിനു കൈമാറി. എന്നിട്ട് അലൻ ഗാൾതിയെ അറസ്റ്റ് ചെയ്യാൻ തായ് പോലീസിൽ നിർബ്ബന്ധം ചെലുത്തി.
എന്നാൽ അലൻ ഗാൾതിയെയ്ക്ക് പകരം ഡേവിഡ് അലൻ ഗോർ എന്ന പേരിലുള്ള അമേരിക്കൻ പാസ്പോർട്ടിലുള്ള ആളായാണ് സംശയിക്കപ്പെട്ട വ്യക്തി പോലീസിനുമുമ്പിൽ വെളിപ്പെട്ടത്. ഈ ചതിപ്രയോഗത്തിലൂടെ അയാൾ വൈകാതെ തായ്ലൻഡിനു പുറത്തേക്ക് കടന്നു കളയുകയും ചെയ്തു.വാസ്തവത്തിൽ അയാൾ അലൻ ഗാൾതിയെയോ ഡേവിഡ് അലൻ ഗോറോ ആരും ആയിരുന്നില്ല. അയാളായിരുന്നു സാക്ഷാൽ ചാൾസ് ശോഭരാജ്.

തായ്ലൻഡിൽ ഇനി നിക്കക്കള്ളിയില്ല എന്ന്‌ മനസ്സിലാക്കിയ ശോഭരാജ് പിന്നെ പൊങ്ങിയത് ഇന്ത്യയിലാണ്. കാണാതായ ഒരു ഇസ്രയേലി പൗരന്റെ പാസ്പോർട്ടിലായിരുന്നു യാത്ര. ഷോൺ ലുക് സോളമൻ എന്ന ഫ്രഞ്ച് കാരനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഒരു സംഭവം കൂടി ഇതിനിടെ ഉണ്ടായി. ഇതോടെ ഇന്ത്യയിലെ പോലീസും ശോഭരാജിനു വേണ്ടി അന്വേഷണമാരംഭിച്ചു.പിന്നീട് 1976 ജൂലൈയിൽ ഫ്രാൻസിൽ നിന്ന് ഇന്ത്യ സന്ദർശിക്കാനെത്തിയ22 പേരടങ്ങുന്ന ഫ്രഞ്ച് വിദ്യാർത്ഥി സംഘത്തിന്റെ ലോക്കൽ ഗൈഡിന്റെ വേഷത്തിൽ രണ്ട് കൂട്ടാളികളോടൊപ്പം ന്യൂഡൽഹിയിൽ ശോഭരാജ് വീണ്ടും പ്രത്യക്ഷപ്പെട്ടു. അവിടെവെച്ച് യാത്രാസംഘത്തിലെ‌ ചിലർക്ക് വയറിളക്കം പിടിപെട്ടപ്പൊ ചെറിയൊരു സൂത്രപ്പണി ചെയ്തത് ശോഭരാജിനു വിനയായി. വയറിളക്കത്തിനു കൊടുക്കുന്ന മരുന്ന് അയാളിവർക്ക് മനപ്പൂർവ്വം കൂടിയ ഡോസിൽ കൊടുക്കുകയായിരുന്നു.

ഇതിനെത്തിടർന്ന് കുറെപ്പേർക്ക് അസ്വസ്ഥതകളുണ്ടാവാൻ തുടങ്ങിയപ്പൊ കൂടെയുണ്ടായിരുന്ന മൂന്നുപേർ ചേർന്ന് ശോഭരാജിനെ പിടിച്ച് ഹോട്ടലിൽ പൂട്ടിയിട്ടിട്ട് പോലീസിനെ വിളിച്ചു വരുത്തി. പോലീസ് വന്ന് ശോഭരാജിനെ കൊണ്ടുപോയി. ഷോൺ ലക് സോളമനെ കൊലപ്പെടുത്തിയകേസിൽ കോടതി ഇയാൾക്ക് 12 വർഷം ശിക്ഷവിധിച്ച് തീഹാർ ജയിലിൽ അടയ്ക്കുകയും ചെയ്തു. ഈ കേസിന്റെ വിചാരണ നടക്കുന്ന സമയത്താണ് ശോഭരാജിനെപ്പറ്റിയുള്ള ശരിയായ വിവരങ്ങൾ ലോകം അറിയാൻ തുടങ്ങിയത്.
1944 ഏപ്രിൽ മാസം ആറാം തിയതി വിയറ്റ്നാമിലെ സൈഗോണിലാണ് ചാൾസ് ശോഭരാജ് ജനിക്കുന്നത്. ഇദ്ദേഹത്തിന്റെ അച്ഛൻ ഇന്ത്യക്കാരനും അമ്മ വിയറ്റ്നാംകാരിയും ആയിരുന്നു. അച്ഛനും അമ്മയും തമ്മിൽ വേർപിരിഞ്ഞതിനുശേഷം അമ്മയുടെയും രണ്ടാം ഭർത്താവായ ഫ്രഞ്ചുകാരന്റെയും കൂടെയായിരുന്നു ചാൾസിന്റെ ജീവിതം. അവർക്ക് വേറെയും കുട്ടികളുണ്ടായതോടെ ചാൾസിന്റെ ജീവിതം മാറിമറിഞ്ഞു. ഫ്രാൻസിലും ഫ്രഞ്ച് ഇൻഡോചൈനയിലുമായി അവൻ വളർന്നു. ചെറുകിട മോഷണങ്ങളുമൊക്കെയായി കാലം കടന്നുപോയി. ഇടയ്ക്ക് ജയിലിലും കിടക്കേണ്ടിവന്നു. തുടർന്ന് പുതിയ അവസരങ്ങൾ ചാൾസിനെ തേടിയെത്തി.

പാരീസിലെ അധോലോകവുമായി ചേർന്ന് കാർ മോഷണവും മറ്റ് കൊള്ളകളുമായി കാര്യങ്ങൾ വലിയ നിലയിലേക്ക് എത്തിയപ്പോൾ പലയിടത്തും കറങ്ങി കാമുകിയെയും കൂട്ടി 1970ൽ ബോംബെയിലെത്തി. അവിടെയും പഠിച്ച തൊഴിൽ തന്നെ തുടർന്നു. പണം കുമിഞ്ഞുകൂടാൻ തുടങ്ങിയപ്പോൾ ചൂതുകളിയിലുള്ള കമ്പവും കൂടിക്കൂടി വന്നു.ഇതിനിടെ അവർക്ക് ഒരു കുഞ്ഞും പിറന്നിരുന്നു.
1973ൽ അശോക ഹോട്ടലിൽ നടത്തിയ ഒരു കവർച്ചാ ശ്രമത്തിനിടെ ശോഭരാജ് പോലീസിന്റെ പിടിയിലായി. പക്ഷെ അസുഖമഭിനയിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പൊ ഭാര്യയുടെ സഹായത്തോടെ അവിടുന്ന് കടന്ന് കളഞ്ഞു. ഗോവയിൽ വെച്ച് വീണ്ടും പിടിയിലായി.
ആ കേസിൽ ജാമ്യമെടുത്ത് കുടുംബത്തോടെ കാബൂളിലേക്ക് മുങ്ങിയ ശോഭരാജ് പഴയ പണിയുടെ കൂടെ ഒറ്റതിരിഞ്ഞെത്തുന്ന സഞ്ചാരികളെ കൊള്ളയടിക്കുന്ന പുതിയ പരിപാടികൂടി തുടങ്ങി. അവിടെയും പോലീസ് അറസ്റ്റ് ചെയ്തപ്പൊ ഭാര്യയെ അവിടെ വിട്ടിട്ട് ഇന്ത്യയിൽ നിന്ന് രക്ഷപെട്ട അതേരീതിയിൽ ശോഭരാജ് ഇറാനിലേക്ക് കടന്നു. ഇതോടെ, കുറ്റകൃത്യങ്ങളിൽ കൂടെനിൽക്കുന്നതിൽ മടുപ്പ് തോന്നിത്തുടങ്ങിയ ഭാര്യ ഫ്രാൻസിലേക്കും പോയി.

അടുത്ത ഒരു രണ്ട് വർഷക്കാലം നിലത്ത് നിൽക്കാതെയുള്ള ഓട്ടത്തിലായിരുന്നു ചാൾസ് ശോഭരാജ്. പലരിൽ നിന്നായി മോഷ്ടിച്ച പത്തോളം പാസ്പോർട്ടുകളുപയോഗിച്ച് കിഴക്കൻ യൂറോപ്പിലും മിഡിലീസ്റ്റിലും ടർക്കിയിലും ഗ്രീസിലുമൊക്കെയായി അയാൾ പറന്നുനടന്നു. ഇതിനിടെ ഇസ്താംബൂളിൽ നിന്ന് അർദ്ധസഹോദരൻ ആന്ദ്രേയും കൂടെച്ചേർന്നു. രണ്ടുപേരും ചേർന്ന് നടത്തിയ ഒരുപാട് കൊള്ളകൾക്ക് ശേഷം ഏതൻസിൽ വെച്ച് അറസ്റ്റിലായെങ്കിലും ആൾമാറാട്ടത്തിലൂടെ ശോഭരാജ് രക്ഷപ്പെട്ടു. 18 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട് ആന്ദ്രേ അകത്തുമായി.

ബാങ്കോക്കിലെത്തിയ ശോഭരാജിന് സമൂഹത്തിലും അധോലോകത്തും ഒരു വീരപരിവേഷമായിരുന്നു ഉണ്ടായിരുന്നത്. അഞ്ച് ഭാഷകൾ അനായാസം കൈകാര്യം ചെയ്തും വിലയേറിയ പലതരം വസ്ത്രങ്ങൾ മാറിമാറി ധരിച്ചും താരപ്രഭയിൽ അയാളവിടെ ജീവിച്ചു. പണം മുടക്കിയാൽ കിടക്കാനിടം മുതൽ രത്നക്കല്ലുകളും മയക്കുമരുന്നും വരെ എന്തും സാധിച്ചു കൊടുക്കാൻ കെൽപ്പുള്ള മാന്ത്രികനായി അയാൾ മാറി. തന്റെ താല്പര്യങ്ങൾക്ക് എതിരു നിൽക്കുന്ന ആരെയും നിഷ്കരുണം വകവരുത്തി അയാൾ വളർന്നു പന്തലിച്ചു.
മുമ്പേ പറഞ്ഞതുപോലെ 12 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ അടയ്ക്കപ്പെട്ടെങ്കിലും ആരെയും വരുതിയിൽ വരുത്താനുള്ള സ്വതസിദ്ധമായ കഴിവുകൊണ്ട് അവിടെയും കാര്യങ്ങൾ സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് മാറ്റിയെടുക്കാൻ ശോഭരാജിന് ഒരുപാട് സമയമൊന്നും വേണ്ടിവന്നില്ല. ഇഷ്ടഭക്ഷണവും ടെലിവിഷൻ സെറ്റുമെല്ലാം അയാളുടെ തടവുമുറിയിലെത്തി.
പത്തുകൊല്ലം ജയിലിൽ കിടന്നെങ്കിലും ഒടുവിൽ ശോഭരാജ് വീണ്ടും തടവുചാടി. പക്ഷെ ഗോവയിൽ വെച്ച് വീണ്ടും പിടിക്കപ്പെട്ടു. ആ വകുപ്പിൽ പത്തുവർഷത്തെ അധിക തടവിനുകൂടി വിധിക്കപ്പെട്ട് വീണ്ടും ജയിലിലായി.

അതുപക്ഷെ ശോഭരാജിന്റെ മറ്റൊരു തന്ത്രം മാത്രമായിരുന്നു. ആദ്യശിക്ഷ അവസാനിച്ച് പുറത്തിറങ്ങിയാൽ ഡച്ച് ദമ്പതികളെ‌കൊലപ്പെടുത്തിയ കേസിൽ തായ്ലൻഡിൽ അയാളെ കാത്തിരിക്കുന്നത് വധശിക്ഷയായിരുന്നു. എന്നാൽ ഇരുപത് വർഷം തടവിൽ കഴിഞ്ഞാൽ ഈ ശിക്ഷ ഇളവ്‌ചെയ്ത്‌ കിട്ടുമെന്ന കാര്യം അറിഞ്ഞിട്ട് തന്നെയാണ് ശോഭരാജ് കഷ്ടപ്പെട്ട് തിഹാർ ജയിൽ ചാടിയതും പിന്നീട് പിടികൊടുത്തതും.നീണ്ട ഇരുപത് വർഷത്തെ ജയിൽ വാസത്തിനൊടുവിൽ 1997ൽ മോചിതനായ ചാൾസ് ഫ്രാൻസിലേക്ക് മടങ്ങി. പാരീസിന്റെ‌ പ്രാന്തപ്രദേശങ്ങളിൽ ജീവിതമാരംഭിച്ച അയാൾ തന്റെ കുപ്രസിദ്ധി വിറ്റ് കാശാക്കാനാരംഭിച്ചു. പത്രമാധ്യമങ്ങൾക്ക് നൽകുന്ന അഭിമുഖങ്ങൾക്ക് കനത്ത പ്രതിഫലമായിരുന്നു വാങ്ങിയിരുന്നത്.

ഇനി നമുക്ക് ഹെർമൻ നിപ്പൻ ബർഗിലേക്ക്‌ തിരികെ വരാം. 1999ൽ ന്യൂസിലാൻഡിലേക്ക് താമസം മാറ്റിയിരുന്നെങ്കിലും ശോഭരാജിന്റെ കാര്യങ്ങളെല്ലാം വിടാതെ പിന്തുടരുന്നുണ്ടായിരുന്നു ഹെർമൻ. ഡച്ച് സഞ്ചാരികൾ കൊല ചെയ്യപ്പെട്ടിട്ട് മുപ്പത് വർഷം ആയിരിക്കുന്നു. ഇതിനിടെ തന്റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിച്ച് പലരാജ്യങ്ങളും സന്ദർശിച്ചിരുന്ന ഹെർമൻ വിലപ്പെട്ട പല കാര്യങ്ങളും ചെയ്തുവച്ചിരുന്നു. സാക്ഷിമൊഴികൾ, എംബാർക്കേഷൻ കാർഡുകൾ, ഹോട്ടൽ ബില്ലുകൾ, വിമാനയാത്രാ വിവരങ്ങൾ, അങ്ങനെ അഞ്ച് വലിയ‌ കാർഡ് ബോർഡ് പെട്ടിനിറയെ ശോഭരാജിനെതിരെയുള്ള തെളിവുകൾ ശേഖരിച്ച് പറ്റിയ അവസരം വരാൻ കാത്തിരിക്കുകയായിരുന്നു ഹെർമൻ. ഇതിന്റെയെല്ലാം കോപ്പികൾ അതാതിടത്തെ പോലീസിനും അദ്ദേഹം എത്തിച്ചുകൊടുത്തിരുന്നു.

വർഷം 2003.
ഫ്രാൻസിലെ ആറുവർഷത്തെ താമസത്തിനൊടുവിൽ‌ ശോഭരാജിന്റെ കണക്കുകൂട്ടലുകളിൽ സാരമായ ഒരു പിഴവ് സംഭവിച്ചു. അയാൾ നേപ്പാളിലേക്ക് മടങ്ങിപ്പോവാൻ തീരുമാനിച്ചു! നേപ്പാളിലെത്തി എയർപോർട്ടിനു പുറത്തുകടന്ന് ഏതാനും മണിക്കൂറുകളേ ആയുള്ളൂ. തെരുവിലെ ഒരു ചൂതാട്ടകേന്ദ്രത്തിലേക്ക് കയറിപ്പോകുന്ന ശോഭരാജിനെ ഹിമാലയൻ ടൈംസ് പത്രത്തിലെ ഒരു ലേഖകൻ തിരിച്ചറിഞ്ഞു. ഒളിവിൽ നിന്നുള്ള രണ്ടാഴ്ച നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ അവരെടുത്ത ചിത്രങ്ങൾ സഹിതം വിശദമായൊരു റിപ്പോർട്ട് 2003 സെപ്റ്റംബർ 16ന് ഹിമാലയൻ ടൈംസിൽ പ്രസിദ്ധീകരിച്ചു. ഒട്ടും താമസിയാതെ, 1975ൽ കോണി ബ്രോൺസിച്ചിനെ കൊലപ്പെടുത്തിയ കേസിൽ നേപ്പാൾ പോലീസ് ശോഭരാജിനെ അറസ്റ്റ് ചെയ്തു.

ഇതേസമയം വിവരമറിഞ്ഞ ഹെർമൻ നിപ്പൻബർഗ് തന്റെകൈവശമുണ്ടായിരുന്ന തെളിവുകൾ ന്യൂസിലാൻഡ് പൊലീസിന് കൈമാറുകയും ചെയ്തു. അവരത് പരിശോധിച്ച് ഉടൻ തന്നെ കാഠ്മണ്ഡുവിലുള്ള നേപ്പാൾ പോലീസ് ആസ്ഥാനത്തേക്കും അതുപോലെ ഇന്റർപോളിനും എത്തിച്ചു കൊടുത്തു. ഈ തെളിവുകളാണ് കേസിൽ ശോഭരാജിനു ശിക്ഷകിട്ടാൻ പ്രധാന പങ്കുവഹിച്ചത്. ബ്രോൺസിച്ചിനെ വധിച്ച കേസിൽ 2004ൽ നേപ്പാൾ കോടതി 14 വർഷത്തെ ഏകാന്ത തടവാണ് ശോഭരാജിനു വിധിച്ചത്. 2004ൽ ജയിൽ ചാടാൻ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ശോഭരാജിന്റെ അപ്പീൽ തള്ളുകയും ചെയ്തു. അതും പോരാതെ 2008 ൽ നേപ്പാളി വനിത നിഹിത ബിശ്വാസുമായി ശോഭരാജ് വിവാഹനിശ്ചയം നടത്തിയതായി പ്രഖ്യാപിച്ചു. 2014ൽ ബ്രോൺസിച്ചിന്റെ സുഹൃത്തായിരുന്ന ലോറന്റ് കാരിയർ എന്ന കനേഡിയനെ കൊന്ന കുറ്റവും ശോഭരാജിന്റെ തലയിൽ വന്നു. ഇതിന്റെ വിചാരണ ഇപ്പോഴും നടക്കുകയാണ്. ജയിലിലിരുന്ന് തന്റെ ജീവിതം ചലച്ചിത്രമായി‌ നെറ്റ്ഫ്ലിക്സിൽ‌ കാണുന്ന ചാൾസ് ശോഭരാജിനെ ഒരിക്കൽക്കൂടി ഓർത്തുകൊണ്ട് ഈ കഥ അവസാനിപ്പിക്കുകയാണ്.

(ന്യൂസിലാൻഡിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന നോർത്ത് ആൻഡ് സൗത്ത് മാഗസിനിൽ വന്ന‌ ലേഖനമാണ് ഈ കുറിപ്പിന് ആധാരം. ബാക്കി വിവരങ്ങൾക്ക് മലയാളം – ഇംഗ്ലീഷ് വിക്കി‌പീഡിയകൾക്ക് കടപ്പാട്‌.)
ഈ കഥ കാണാനും കേൾക്കാനും

*