അധ്യാപകരുടെ കാറുകൾക്കിടയിലൂടെ ഓട്ടോയിൽ ആ കുഞ്ഞിനെയും കൊണ്ട് പോകുന്ന അച്ഛൻ എത്ര ഭീകരമായ ചിത്രമാണ്

0
2021

Nowfal N എഴുതുന്നു.

ഷെഹല ഷെറിൻ എന്ന അഞ്ചാം ക്ലാസുകാരി പാമ്പ് കടിയേറ്റ് വീണത് അവളുടെ (നമ്മുടെ) അധ്യാപകർക്കു മുന്നിൽ അല്ല എന്ന് വയ്ക്കുക. അതേ സ്‌കൂളിലെ ശുചികരണ തൊഴിലാളികൾക്ക് മുന്നിൽ, സ്‌കൂളിന് മുന്നിലെ വഴിയിൽ മുട്ടായി വിൽക്കുന്ന അമ്മുമ്മയ്ക്ക് മുന്നിൽ, കവലയിലെ ഓട്ടോ ചേട്ടന്മാർക്ക് മുന്നിൽ, പറമ്പിൽ പണിയെടുക്കുന്ന തൊഴിലുറപ്പ് പണിക്കാർക്ക് മുന്നിൽ, അങ്ങാടിയിലെ ചുമട്ടു തൊഴിലാളികൾക്ക് മുന്നിൽ, ഉയർന്നു വരുന്ന വമ്പൻ കെട്ടിട്ടം പണിയുന്ന ബംഗാളി തൊഴിലാളികൾക്ക് മുന്നിൽ- എവിടെയെങ്കിലും ആയിരുന്നു ആ കുരുന്ന് പാമ്പ് കടിയേറ്റ് വീണത് എങ്കിൽ ഈ നിമിഷം അവൾ ജീവനോടെ ഉണ്ടാകുമായിരുന്നു എന്നു തന്നെ വിശ്വസിക്കുന്നു. കാരണം, കേരളത്തിലെ ഏറ്റവും മോശം മനുഷ്യർ അധ്യാപക വേഷം കെട്ടി തമ്പടിച്ചിരിക്കുന്ന ഇടങ്ങളാണ് നമ്മുടെ വിജ്ഞാന വിതരണത്തിന്റെ ഇടങ്ങൾ. അതിപ്പോൾ എൽ പി സ്‌കൂൾ ആയാലും കലാശാല ആയാലും സ്ഥിതി ഭിന്നമല്ല.

മരിച്ച കുഞ്ഞിന്റെ കൂട്ടുകാർ ചിതറിയ ഒച്ചയിൽ പറഞ്ഞ രണ്ടു കാര്യങ്ങൾ കേരളത്തിന്റെ സാംസ്കാരിക മുഖത്തേക്ക് ഉന്നം തെറ്റാതെ വന്നു വീഴുന്ന തുപ്പലാണ്.

‘ ഇവിടുള്ള എല്ലാ മാഷുമാർക്കും കാറുണ്ട്. എന്നിട്ടും ഓര് കൊണ്ടോയില്ല’ എന്നതാണ് അതിലൊന്ന്. തണല് പറ്റി കിടക്കുന്ന കാറുകൾക്കിടയിലൂടെ ഓട്ടോയിൽ ആ കുഞ്ഞിനെയും കൊണ്ട് ഓടി പിടച്ചു പോകുന്ന അച്ഛൻ എത്ര ഭീകരമായ ചിത്രമാണ് !

അതിനേക്കാൾ ക്രൂരമായത്
‘പാമ്പാണ്‌ കടിച്ചത് എന്ന് ഓളും ഞങ്ങളും കരഞ്ഞു പറഞ്ഞിട്ടും ഓളുടെ പെറം നീലിച്ചിട്ടും കല്ല് കൊണ്ടതാണ് എന്ന് മാഷ് വാശിപിടിച്ചു’ എന്ന് മരിച്ച ഷഹലയുടെ കൂട്ടുകാരി അധ്യാപകരെ പറ്റി പറഞ്ഞതാണ്. മുറിവേറ്റ ഒരു കുഞ്ഞിനെ, കണ്ണു നിറഞ്ഞ്, ഉടലാകെ വിഷം നീലിച്ചു വിറയ്ക്കുന്ന ഒരു കുഞ്ഞിനെ വിശ്വാസത്തിൽ എടുക്കാത്ത അധ്യാപകർ ഏതു ലോകത്തെ ആണ് മാറ്റി മറിക്കാൻ പോകുന്നത് ? ഏത് മനുഷ്യരെ ആണ് അവരുടെ ക്ലാസുകൾ കൂടുതൽ ഉണ്മയുള്ളവരാക്കി വളർത്തുന്നത് ? ആ കുഞ്ഞിനെ ഒരു പരിചയവും ഇല്ലാത്ത മനുഷ്യർ- ഓട്ടോ തൊഴിലാളിയോ ശുചീകരണ തൊഴിലാളിയോ അന്നാട്ടിലെ തെരുവ് ഗുണ്ടയോ ആ കുഞ്ഞിനെ, അവളുടെ കണ്ണീരിനെ, അവളുടെ കൂട്ടുകാരെ വിശ്വാസത്തിൽ എടുത്താലും അധ്യാപക സമൂഹം അവളെ വിശ്വസിക്കില്ല. അവരുടെ കാറുകൾ ഒന്നും അവൾക്ക് വേണ്ടി ഓടില്ല. അധ്യാപനം മാസം കൃത്യമായി ശമ്പളം കിട്ടുന്ന തൊഴിലും സമൂഹിക അന്തസ്സ് കൂട്ടാനുള്ള ഏറ്റവും നല്ല മാർഗവും ആവുമ്പോൾ, ‘ഉയർന്ന വിദ്യാഭ്യാസം , ഉടുപ്പിൽ തുന്നി ചേർക്കും ഉയർന്ന വിദ്യാഭ്യാസം, എത്ര താഴ്ത്തീലാ നമ്മെ’ എന്ന വള്ളത്തോൾ കവിത ഈണത്തിൽ പശ്ചാത്തലത്തിൽ മുഴങ്ങുന്നുണ്ടാവണം.

വെറുതെ ഏതെങ്കിലും നമ്മുടെ അധ്യാപകരോട് സംസാരിച്ചു നോക്കൂ.. അവർ പറയാൻ ഇടയുള്ള വിഷയങ്ങൾ- കിട്ടാനുള്ള പി എഫ് തുക, കാലം കഴിഞ്ഞിട്ടും വര്ധിപ്പിക്കാത്ത ശമ്പളം, പെൻഷൻ പ്രായം കൂട്ടേണ്ടതിന്റെ അനിവാര്യത, വിദ്യാർഥികളുടെ ഗുരുത്വമില്ലായ്മ, പരീക്ഷ പേപ്പർ നോക്കുന്നതിന് കാശു തരാത്ത സർക്കാർ നയം, ജോലി ഭാരം ഒക്കെ ഒക്കെ ആവും. അവർ തങ്ങളുടെ വിദ്യാർഥികളെ പറ്റി ഒന്നും പറയില്ല. അധ്യാപകരുടെ ഓർമ്മയുടെയും ആലോചനയുടെയും ചുറ്റു മതിലിനു പുറത്തു നില്കുന്നവരാകും എല്ലായിപ്പോഴും വിദ്യാർഥികൾ.

കൊല്ലത്തെ ട്രിനിറ്റി ലെസിയം സ്കൂളിലെ അധ്യാപക സമൂഹം സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി അത്മഹത്യ ചെയ്ത ഗൗരി നേഹയുടെ മാതാപിതാക്കളെ കൂവിയത് പോലെ ഷഹല ഷെറിന്റെ മാതാപിതാക്കളെ അവളുടെ അധ്യാപകർ നാളെ കൂവാതിരുന്നാൽ അത് തന്നെ വലിയ കാര്യം.

നേഹയുടെ ആത്മഹത്യയിൽ കുറ്റാരോപിതരായ അധ്യാപകർ സസ്‌പെൻഷൻ കഴിഞ്ഞു സ്‌കൂളിലേക്ക് മടങ്ങി വരുമ്പോൾ സഹ അധ്യാപകർ കേക്ക് മുറിച്ചു ആഘോഷിച്ചത് പോലെ ഷഹലയുടെ മരണത്തിന് ഉത്തരവാദിയായ അധ്യാപകൻ സസ്‌പെൻഷൻ കഴിഞ്ഞു മടങ്ങി വരുമ്പോൾ കാറുള്ള സഹ അധ്യാപകർ കേക്ക് മുറിച്ചു ആ കുഞ്ഞിന്റെ ജീവനെ| മരണത്തെ അപമാനിക്കാതിരുന്നാൽ അത് തന്നെ മഹത്തരമായ കാര്യം!!

അധ്യാപകരും സ്‌കൂളും സിലബസും വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ് എന്നും അല്ലാതെ വിദ്യാർഥികൾ അധ്യാപകർക്ക് വേണ്ടിയുള്ളതല്ലെന്നും എന്നാണ് നമ്മുടെ അധ്യാപക സമൂഹം തിരിച്ചറിയുക?

മലാല പറഞ്ഞ ‘ ലോകം മാറ്റി മറിക്കാൻ പ്രാപ്തമായ ഒരു പേന, ഒരു ടീച്ചർ, ഒരു വിദ്യാർഥി’ എന്ന മഹാ സ്വപ്നത്തിലെ ഒരൊറ്റ ടീച്ചർ സുൽത്താൻ ബത്തേരിയിലെ സ്‌കൂളിൽ ‘ ജീവിച്ചിരിപ്പുണ്ടായിരുന്നു’ എങ്കിൽ ഇപ്പോഴും ഷഹലയിൽ ജീവന്റെ ചൂട് ബാക്കിയുണ്ടാവുമായിരുന്നു എന്ന് മറ്റാര് ഓർത്തിലെങ്കിലും കേരളത്തിലെ അധ്യാപകർ ഈ ഒരൊറ്റ രാത്രിയെങ്കിലും ഓർക്കേണ്ടതുണ്ട്.

NB. മുന്നിലെ വിദ്യാർത്ഥിയെ സ്വന്തം മക്കളേക്കാൾ കരുതിയ, ‘ സ്കൂൾ കാലം ഓർക്കുമ്പോൾ എനിക് ടീച്ചറെ ഓർമ്മ വരുന്നു ‘ എന്ന് എത്രയോ മനുഷ്യരെ കൊണ്ട് തോന്നിപ്പിച്ച നല്ല അധ്യാപകരെ ആദരവോടെ ഓർക്കുന്നു. എണ്ണത്തിൽ എത്രയോ കുറവായിരുന്നിട്ടും നിങ്ങൾ ജീവിച്ചിരുന്നത് കൊണ്ടാണ് അധ്യാപനം ഇന്നും ആദരിക്കപ്പെടേണ്ട ജീവിതമായി മനുഷ്യർ കരുതുന്നത്. നിങ്ങളുടെ മുന്നിൽ| ഉള്ളിൽ ഇരുന്നത് കൊണ്ടാണ് ഈ ഭൂമി മുഴുക്കെ നിങ്ങളായിരുന്നെങ്കിൽ എന്നു കൊതി തോന്നിപോകുന്നത്.. ഷഹലയുടെ അധ്യാപകരെ ഓർത്തു തല കുനിയുന്നതും..

Advertisements