യു ജി സി ജന്മിമാർ ഭരിക്കുന്ന ക്ലാസ് മുറിയിൽ നിന്ന് ഒരുത്തനെ/ ഒരുത്തിയെ വിളിച്ചിറക്കാനുള്ള പെടാപ്പാടുകൾ

1684
Nowfal N എഴുതുന്നു

യു ജി സി ജന്മിമാർ ഭരിക്കുന്ന ക്ലാസ് മുറിയിൽ നിന്ന് ഒരുത്തനെ/ ഒരുത്തിയെ വിളിച്ചിറക്കാനുള്ള പെടാപ്പാടുകൾ

സ്‌കൂളിലും കോളേജിലും പല ക്ലാസിൽ നിന്നും ഗഡാഗഡിയന്മാരായ ( സ്പെല്ലിങ് മിസ്റ്റേക്ക് ക്ഷമിക്കുക) പിള്ളേരെ വിളിച്ചിറക്കിയിട്ടുണ്ട്. കലോത്സവങ്ങളുടെ കാര്യം പറയാൻ, മാഗസിൻ ആർട്ടിക്കിൾ മേടിക്കാൻ, ഒന്നിച്ചു ഏതേലും പരിപാടിക്ക് പോകാൻ, തുടങ്ങി കണ്ടമാനം കാരണങ്ങൾ കൊണ്ട് അറിയാവുന്നതും അറിയാൻ പാടില്ലാത്തവരുമായ അധ്യാപക സിംഹങ്ങളുടെയും സിംഹിണികളുടെയും ക്ലാസിൽ പോയി പിള്ളേരെ വിളിച്ചിട്ടുണ്ട്. ഇതിൽ എന്തിരിക്കുന്നു പുതുമ എന്നു തോന്നിക്കുക പോലും ചെയ്യാത്ത ഒരു സാധാ പണിയാണ് ക്ലാസിൽ നിന്നും പിള്ളേരെ വിളിച്ചിറക്കൽ എന്ന തോന്നൽ ഇല്ലാതായത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. ക്ലാസിൽ നിന്ന് ഒരുത്തനെയോ ഒരുത്തിയെയോ വിളിച്ചിറക്കൽ അത്ര എളുപ്പം ഒക്കുന്ന പണിയല്ല എന്ന് തിരിഞ്ഞു കിട്ടാൻ കഴിഞ്ഞ വെള്ളിയാഴ്ച വരെ കാത്തിരിക്കേണ്ടി വന്നു.

Nowfal N
Nowfal N

കൂട്ടുകാരിയും യൂണിവേഴ്‌സിറ്റി കോളേജിലെ മുൻ പഠിത്തക്കാരിയുമായ രതിക തിലകിന്റെ കവിതാ പുസ്തകം, സ്‌പെഷ്യൽ കോഫിയുടെ പ്രകാശനമായിരുന്നു മിനഞ്ഞാന്ന്. കൊല്ലത്തെ പ്രവദ ബുക്ക്സ് ആയിരുന്നു പ്രസാധകർ. ഇടുക്കിയിൽ ആണ് പ്രകാശനം. രതികയുടെ കൂട്ടുകാരനും പുസ്തകം അവതരിപ്പിക്കുന്നവനുമായ സജിത്ത് എം.എസ്. കാര്യവട്ടത്തു എം എ മലയാളത്തിൽ പഠിക്കുവാണ്. സജിത്ത് വെള്ളിയാഴ്ച ഇടുക്കിക്ക് പൊന്നുണ്ട് എന്ന വിവരം കിട്ടിയത് കൊണ്ടാണ് രണ്ടു കെട്ട് പുസ്തകം പ്രസാധകർ എന്നെ കൊണ്ട് വന്നേൽപ്പിച്ചത്. അതും ചുമന്നു ചുമന്ന് ഞാൻ മലയാളം ഡിപ്പാർട്മെന്റിൽ ചെന്ന്. വിളിച്ചപ്പ സജിത്ത് എടുക്കുന്നില്ല. ബുക്കും ചുമന്ന് ക്ലാസിൽ ചെന്നപ്പോ ടീച്ചർ പഠിപ്പിക്കുവാണ്.

‘മിസ്സേ’ ( ടീച്ചർക്ക് പകരം മിസ് എന്ന് വിളിച്ചാൽ പുള്ളിക്കാരിക്കും ഒരു സന്തോഷം തോന്നിയാലോ )

ടീച്ചർ പഠിപ്പീര് നിർത്തി.

എന്നെ നോക്കി. കണ്ണടയ്ക്കിടയികൂടെ കണ്ണ് കാണിച്ചു.

ഞാനും ടീച്ചറെ നോക്കി കണ്ണുകാണിച്ചു. ചിരിച്ചു.

ടീച്ചർ ചിരിച്ചില്ല.

ഇത്തവണ പുരികം കൂടി ടീച്ചർ ഉപയോഗിച്ചു.

ഞാൻ പിന്നെയും ചിരിച്ചു. വല്ല നൃത്ത – നൃത്ത്യ ക്ലാസിലും മാറി കേറിയതാണോ.

‘എന്താ’ ?

‘സജിത്തിനെ ഒന്ന് വിടാമോ മിസ്സേ’ ? എന്ന് ഞാൻ വിനയാന്വിതൻ ആയി. മലയാളത്തിൽ സിദ്ധിക് സാറിനെയും സീമ ടീച്ചറെയും മാത്രമേ വ്യെക്തിപരമായി അറിയൂ. ഈ ടീച്ചറെ ആദ്യമായി കാണുവാണ്.

ടീച്ചർ ഒന്നും മിണ്ടാതെ എന്നെ നോക്കി. ഞാനും ടീച്ചറെ നോക്കി. ഞങ്ങൾ രണ്ടാളും കണ്ണും കണ്ണും നോക്കി നിന്നപ്പോ ഒരു 10 – 15 സെക്കൻഡ് ഓടി ചാടി പോയി.

പിള്ളേർ എന്നെ നോക്കുന്നുണ്ടോ എന്ന കുണ്ഠിതം വന്നു.

‘ മിസ്സെ മലയാളം ഫസ്റ്റ് ഇയർ അല്ലെ ഇത്’ എന്ന് ഞാൻ.

ഇനി ക്ലാസ് മാറിയോ. മൊത്തം മൂക ഭാഷ. അടൂർ ഗോപലകൃഷ്ണന്റെ സിനിമയ്ക്ക് കേറിയ പോലെ.

‘മ് . ആരാണ്?’ എന്ന് ടീച്ചർ. ശബ്ദത്തിൽ ഇത്തിരി ഗൗരവം വന്നു.

‘ മിസേ സജിത്ത് എം എസ് . ഒന്നാം വർഷത്തെ. യുണിവേസിറ്റി കോളെജിന്ന് വന്ന’?

‘അതല്ല. താനാരാ ?’

ടീച്ചർ എന്റെ നേരെ വീണ്ടും പുരികം ഉയർത്തി.

പെട്ടെന്ന് ഉത്തരം ഒന്നും വന്നില്ല. എന്ത് പറയാനാണ്.

ശെരിക്കും ഞാനാരാണ്.- പേരല്ലാതെ. ആലോചിച്ചു നോക്കി. പറയാൻ കൊള്ളാവുന്ന ഒന്നും അല്ലെന്നു വെളിപാട് വന്നൊണ്ട് പേര് തന്നെ പറഞ്ഞു. (പിള്ളേര് കേൾക്കാതെ, വോളിയവും ബാസും കുറച്ച്)

‘നൗഫൽ’. പേര് പറഞ്ഞപ്പോ എനിക്ക് നല്ല നാണക്കേട് വന്നു. എന്ത് അലംബൻ പേരാണ്.

ടീച്ചർ നിഷേധാർത്ഥത്തിൽ തലയാട്ടി, ‘പേരല്ല താൻ ആരാന്ന്?’

കർത്താവെ സ്വത്വ പ്രതിസന്ധി.

‘ഒന്നുമല്ല ടീച്ചറെ. ഒന്നുമല്ല. ഈ ബ്രഹ്മാണ്ഡത്തിന്റെ ഏതോ കോണിൽ ജീവിച്ചു മരിക്കാനിരിക്കുന്ന ഒരു ചെറിയ ജന്തു’ എന്നൊക്കെ ടീച്ചർക്ക് മുന്നിൽ ത്വാതികൻ ആയാലോ എന്നാലോചിച്ചു. പ്രക്ഷുബ്ധ നിമിഷത്തിൽ ഇതങ്ങാനും ഓർമ്മ വരുമോ. വന്നാൽ തന്നെ ടീച്ചർക്ക് ഇഷ്ടപ്പെടണം എന്നുണ്ടോ?

‘പൊളിറ്റിക്‌സിൽ പി എച്ച് ഡി ചെയ്യുവാ.’ ഞാൻ പറഞ്ഞൊപ്പിച്ചു. പിള്ളേരൊക്കെ വായും പൊളിച്ചു ഒരു കൗതുക വസ്തുവിനെ എന്ന പോലെ എന്നെ നോക്കുന്നു. സജിത്തും കണ്ണ് മിഴിച്ചു നോക്കുണ്ടായിരുന്നു . പുല്ല് വരണ്ടായിരുന്നു എന്ന് തോന്നി.

ഇതൊക്കെ സജിത്തിനെ കാണാനുള്ള യോഗ്യതയാണോ പീളു ചെർക്ക എന്ന മട്ടിൽ പുള്ളിക്കാരി വീണ്ടും തലയാട്ടി.

‘അതൊന്നുമല്ല. സജിത്തിന്റെ ആരാ എന്ന് ‘

ടീച്ചറിന്റെ ശബ്ദം മാറുന്നുണ്ടോ. എനിക്കന്നേരം മണിച്ചിത്രത്താഴ് സിൽമ ഓർമ്മ വന്നു. ശോഭനയെ ഓർമ്മ വന്നു. നകുലനെ ഓർമ്മ വന്നു. കട്ടില് പിടിച്ചു പൊക്കാൻ ത്രസിച്ചു നിൽക്കുന്ന വിടമാട്ടെ ഡയലോഗ് ഓർമ്മ വന്നു.

എത്ര തർക്കുത്തരം പറയണം എന്നാശിച്ചാലും സാറന്മാരുടെ മുന്നിൽ കവാത്തു മറക്കുന്നൊണ്ട് ഞാൻ ഇച്ചിരെ കൂടെ പതുക്കെ പറഞ്ഞു.

‘ഒരു കൂട്ടുകാരനാ. ബുക്ക് കൊടുക്കാനാണ് ‘

പുള്ളിക്കാരി ധ്യാനിക്കും പോലെ കണ്ണടച്ച് പിടിച്ചു. (സജിത്തിനെ വിടണോ വേണ്ടയോ എന്ന് ഭാഷാ ദേവതയോട് ആലോചിച്ചു തീരുമാനിക്കാൻ എടുത്ത ടൈമ് ആവണം അത്.)

(ഞാനും പ്രാർഥിച്ചു, ടീച്ചറിന്റെ ഭാഷാ ദേവതേ എന്നെ കൈവെടിയല്ലേ)

ഒന്നൂടെ തല ആട്ടി മൂപ്പത്തിയാര് പറഞ്ഞു.

‘ങ്ങ. സജിത്ത് പൊക്കോ.’

ഭാഷാ ദേവത ഒടുക്കം യെസ് പറഞ്ഞു. ഞാൻ രക്ഷപെട്ടു. (ചങ്ക ചക ചകാ)

വന്ന ഒടനെ പുസ്തകം മേടിച്ചിട്ടു മരണവെപ്രാളത്തിൽ സജിത്ത് തിരിഞ്ഞു നടന്നു.

‘പോട്ടെ അണ്ണാ’

ആ നിമിഷം എനിക്ക് അവനോടും ആ ക്ലാസിലെ കണ്ടമാനം പിള്ളേരോടും മലയാളം ഡിപ്പാർട്മെന്റിലെ പല വിധ മനുഷ്യരോടും അപാരമായ സ്നേഹവും വാത്സല്യവും തോന്നിപോയി.

തിരിച്ചു നടക്കുമ്പോ എനിക്ക് ശ്രീമാൻ വിക്ടർ ഫ്യുഗോവിനോട് ശകലം പുച്ഛം തോന്നി. പുള്ളിയാനല്ലേ തള്ളി മറിച്ചേ, ഒരു സ്‌കൂൾ തുറക്കുമ്പോ ഒരു ജയിൽ അടയ്ക്കുവാണ് എന്നൊക്കെ. നമ്മുടെ കാലത്തു ഒരു സർവകലാശാല കാമ്പസിലെ പിജി ക്‌ളാസ്മുറി തുറക്കുമ്പോ ഒരു അനിയൻ ജയിൽ ജനിക്കുക കൂടിയാണ്. അല്ലെങ്കിൽ രണ്ടു സയാമീസ് ജയിലുകൾ.

N.B. കാര്യവട്ടം കാമ്പസ് മലയാളം മേധാവി വാഴ്ക