ശരാശരി മലയാളികളിൽ നല്ല പങ്കും മരയൂളകൾ ആണ്

165

Nowfal N 

രജിത്ത് ആർമിയോടും അദ്ദേഹത്തെ ബിഗ് ബോസിൽ നിന്ന് പുറത്താക്കിയതിനോട് ആർമിക്കാർ കാണിക്കുന്ന ഹൈപ്പർ റിയാക്ഷനുകളോടും ( നിലവിളിച്ചോണ്ടുള്ള ലൈവുകൾ, ‘മോഹൻ ലാൽ മുടിഞ്ഞു പോകും’ എമ്മട്ടിലുള്ള പ്രാക്കുകൾ, Broken inside സ്റ്റാറ്റസുകൾ, ‘വേശ്യാനെറ്റ് ‘ ബഹിഷ്ക്കരിക്കും – ‘കുഞ്ഞാലി മരയ്ക്കാർ കാണില്ല’ എന്ന നിലയിലുള്ള ആക്രോശങ്ങൾ, ‘ഇതാണോ നീതി?’ തുടങ്ങിയ രോഷപ്രകടനങ്ങൾ – (ആർമിക്കാരിൽ പലരും നീതി എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്) etc..) എനിക് ഒരു തരത്തിലും കെറുവോ പുച്ഛമോ തോന്നുന്നില്ല. ഇതിലൊന്നും ഒരു അത്ഭുതവും തോന്നേണ്ടതില്ല എന്നാണ് എന്റെ വിചാരം. ശരാശരി മലയാളിയുടെ ഉയിരും ഉയിരിൻ നാഥനുമായ രജിത് സർ ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെട്ടതിന്റെ പേരിൽ പല വീടുകളിലും അടുക്കള പുകയാതെ ഇരിക്കുകയും പല മനുഷ്യരും ദുഖ കടലിൽ വീണു തുലയുകയും സമൂഹ മാധ്യമങ്ങൾ കലാപശാല ആവുകയും ചെയ്യുന്നത് കാണുമ്പോൾ എന്റെ തോന്നലുകൾ താഴെ പറയുന്നവയാണ്.

*
1. ശരാശരി മലയാളികളിൽ നല്ല പങ്കും (ലിംഗ, ജാതി, മത വ്യത്യാസം ഇല്ലാതെ) മരയൂളകൾ ആണ്. ഒരാളെ സ്നേഹിക്കാനും ആരാധിക്കാനും അയാൾക്ക്‌ വേണ്ടി കണ്ണീർ ഒഴുക്കാനും നമ്മുക്ക് സവിശേഷ കാരണങ്ങൾ ഒന്നും വേണ്ട. പൊടിക്കും അഹങ്കാരം ഇല്ലാത്ത, ജാഡ കാണിക്കാത്ത, പാവത്താൻ ആയ, വിനയ കുലീനൻ ആയ ഒരു മാതൃകാ പുരുഷൻ നമ്മുടെ ഉള്ളിൽ ഉണ്ട്. അയാൾക്ക് വേണ്ടി കരയാനും കയ്യടിക്കാനും നമ്മുക്ക് ആത്മഹർഷത്തോടെ കഴിയും. അയാൾ മേൽപറഞ്ഞ യോഗ്യതകൾ എല്ലാം അഭിനയിക്കുകയാണ് എന്നു വന്നാലും നമ്മുക്ക് പ്രശ്‌നമില്ല. നമ്മുക്ക് അങ്ങനെ ഒരാളെ എപ്പോഴും കൊണ്ടാടാൻ വേണം. അയാളുടെ രാഷ്ട്രീയ ശരി (political correctness), ശരികേടുകൾ, അയാളുടെ ഭൂത കാലം, നിലപാടുകൾ ഒന്നും തന്നെ അയാളെ സ്നേഹിക്കുന്നതിൽ നിന്ന് നമ്മളെ തടയില്ല. രജിത്ത് കുമാർ ആഘോഷിക്കപ്പെടുന്നത് ഈ മനോബോധം നമ്മുടെ ഉള്ളിൽ പ്രവർത്തിക്കുന്നു എന്നത് കൊണ്ടാണ്. ബിഗ് ബോസിൽ പ്രേക്ഷകർ കാണുന്ന അയാൾ സൗമ്യനാണ്. വിനയമുള്ള ആളാണ്. ശത്രുകളോട് പോലും ക്ഷമിക്കുന്ന മഹാനാണ്. അങ്ങനെയല്ലാത്ത ഒരാളോട് മലയാളി ആരാധന കാണിച്ചതിന്റെ തെളിവുകൾ ചരിത്രത്തിൽ ഇല്ല. ഇംഗ്ലീഷ് പറയുന്ന, നിലപാട് ഉള്ള, സ്വന്തം പ്രതിഭയിൽ അപാരമായ ആത്മവിശ്വാസം ഉള്ള പൃഥ്വിരാജ് എത്ര കാലമാണ് മലയാളിക്ക് ട്രോളാനും പരിഹസിക്കാനും ഉള്ള ഉപകരണം ആയി നില നിന്നത് എന്ന് ഓർത്തു നോക്കിക്കേ. അയാളുടെ ആത്മവിശ്വാസത്തെയാണ്‌ നാം എത്രയോ കാലം അഹങ്കാരമായി വായിച്ചത്. ശ്രീശാന്ത് എത്ര വലിയ പ്രതിഭയായിട്ടും മലയാളിക്ക് പ്രിയപ്പെട്ടവനവാതെ പോയത് നമ്മുക്ക് അയാൾ ‘അഹങ്കാരി’ ആയത് കൊണ്ടാണ്. ഹനാൻ എന്ന മിടുക്കി പെൺകുട്ടി ഒരു പ്രഭാതത്തിൽ ആഘോഷിക്കപ്പെടുകയും വേറൊരു പകലിൽ ആക്രമിക്കപ്പെടുകയും ചെയ്തത് അവൾ മലയാളിയുടെ പൊതുബോധത്തിന് മുന്നിൽ അണുവിട വിനയം ഇല്ലാത്തവൾ ആയതു കൊണ്ടാണ് എന്നു ആർക്കാണ് അറിയാത്തത്. അവൾ പാർവതി തിരുവോത്തിനെ പോലെ കാലിൻ മേൽ കാല് കയറ്റി വച്ച് അഭിമുഖം കൊടുക്കുകയോ നിലപാടുകൾ പറയുകയോ ചെയ്തില്ല. എന്നിട്ടും അവൾ വെറുക്കപ്പെട്ടവൾ ആയത്, അവൾ വിലകൂടിയ ഉടുപ്പ് ധരിച്ചും, നല്ല വണ്ടിയിൽ സഞ്ചരിച്ചും, കൊള്ളാവുന്ന ഹോട്ടലിൽ താമസിച്ചും ചുരുട്ട് വലിച്ചും മലയാളി അവളിൽ നിന്ന് പ്രതീക്ഷിച്ച ‘പാവം കുട്ടി’ ജീവിത സങ്കൽപ്പത്തെ പൊളിച്ചു പാളീസാക്കി എന്നത് കൊണ്ടാണ്. ഈ മലയാളി സൈക്കിനെ സമർഥമായി ഉപയോഗിച്ച ഒരു തന്ത്രശാലിയായ ഗെയിം പ്ലെയർ ആണ് രജിത്ത് കുമാർ. കളിയിൽ അയാൾ നല്ല കുഞ്ഞാട് (പാവം, സൗമ്യൻ) ആയി തുടർന്നു. നമുക്ക് അയാൾ പ്രിയപ്പെട്ടവനായി.

*

 1. ഇരയാക്കപ്പെടുന്ന മനുഷ്യനോട് മലയാളിക്ക് കടുത്ത സഹാനുഭൂതി ഉണ്ട്. ഇരയാക്കപ്പെട്ടാൽ മാത്രം പോര, ഒരു പുരുഷൻ ആയിരിക്കണം ഇരയാക്കപ്പെടുന്നത് എന്ന അധിക യോഗ്യത കൂടി വേണം മേൽപറഞ്ഞ സഹാനുഭൂതിയുടെ ഗുണഫലം പറ്റാൻ. രജിത്ത് കുമാറിനെ എന്തു കൊണ്ട് സ്നേഹിക്കുന്നു എന്നു അയാളെ സ്നേഹിക്കുന്ന മനുഷ്യരോട് ചോദിക്കുക- 90% പേരും പറയാൻ സാധ്യത ഉള്ള മറുപടി, ‘എല്ലാവരും ചേർന്ന് പാവത്തെ ഒറ്റപ്പെടുത്തുന്നു, എല്ലാവരും അയാളെ കൂട്ടം ചേർന്നു ആക്രമിക്കുന്നു’ എന്നൊക്കെയാവും. കേരത്തിന്റെ പൊതു ജീവിതത്തിൽ കൂട്ടം ചേർന്ന് ആക്രമിക്കപ്പെടുന്ന പുരുഷൻ ആയിരിക്കുക എന്നത് ഒരു സുവർണാവസരമാണ്. ഇരയായിരിക്കുക എന്നതിനേക്കാൾ പ്രധാനം സ്വയം ഇരയായി അവതരിപ്പിക്കുക എന്നതാണ്. രജിത്ത് കുമാർ ഈ പണി വൃത്തിക്ക് നിർവഹിച്ചു. ആരും മിണ്ടാൻ ഇല്ലാത്തതിനാൽ ഒറ്റയ്ക്ക് വർത്താനം പറയുന്ന രജിത്ത്കുമാർ ക്യാമറയിൽ പ്രത്യക്ഷപ്പെടുമ്പോൾ
  ‘ ശ്… പാവം.’ എന്നു ശരാശരി മലയാളി ശബ്ദം ഉണ്ടാക്കി. ഈ പറയുന്ന ഇര സ്നേഹം സ്ത്രീകളോട് നമുക്കില്ല. രജിത്ത് കുമാറിന്റെ സ്‌ഥാനത്ത്‌ ഒറ്റയ്ക്ക് ആക്കപ്പെടുന്ന, സഹ മത്സരാർത്ഥികളാൽ അക്രമിക്കപ്പെടുന്ന ഒരു പെണ്ണിനെ സങ്കൽപ്പിക്കുക , അവൾക്ക് വേണ്ടി ശരാശരി മലയാളി കണ്ണീരൊഴുക്കും എന്നു വെറുതെ ഭാവന ചെയ്യൽ പോലും അസാധ്യം. ഗെയിം പോട്ടെ, റിയൽ ജീവിതത്തിൽ ഇരയാക്കപ്പെടുന്ന പെണ്ണിനൊപ്പം ആരുണ്ട്. അവർക്ക് വേണ്ടി ഒരു ആർമിയും ഉണ്ടാവില്ല. പ്രതി സ്‌ഥാനത്ത്‌ താര നായകൻ വന്നാലും അയാളുടെ പേജിൽ കേറി
  ‘ നിങ്ങളോടുള്ള സ്നേഹം തീർന്നു.’ എന്നോ, ‘നിങ്ങൾ അഭിനയിക്കുന്ന സിനിമ ഇനി കാണില്ല ‘എന്നോ ഒരുത്തരും പറയില്ല. ഇരയായ ഏത് പെണ്ണിനൊപ്പം ആണ് മലയാളി നിലയുറപ്പിച്ചിട്ടുള്ളത്. സൂര്യ നെല്ലി പെൺകുട്ടിയുടെ കാര്യമെടുക്കാം, അവൾ ഇരയാണ് എന്നതിനേക്കാൾ അവളുടെ ചാരിത്ര്യ ബോധം ആയിരുന്നു നമ്മുടെ വിഷയം. ബിഷപ്പ് ഫ്രാങ്കോ പ്രതി സ്ഥാനത്ത് ഉള്ള കേസിലും ദിലീപ് ആരോപണ വിധേയൻ ആയ കേസിലുമൊക്കെ ശരാശരി മലയാളി ആർക്കൊപ്പം ആയിരുന്നു?. ഇവിടെ ഒക്കെ ഇരയാക്കപ്പെട്ട സ്ത്രീകൾ ഒറ്റപ്പെടുത്തപ്പെട്ടവർ ആയിരുന്നു, കൂട്ടം ചേർന്നു മനുഷ്യരാൽ വേട്ടയാടപ്പെട്ടവരായിരുന്നു. അവരോട് മലയാളിക്ക് എന്തു കൊണ്ട് രജിത്ത് കുമാറിനോട് തോന്നിയ സ്നേഹവും അനുതാപവും തോന്നിയില്ല? കാരണം ലളിതം, അവരാരും പുരുഷരായിരുന്നില്ല. മലയാളിയുടെ ‘പാവങ്ങൾ ‘ ഒക്കെ ആണുങ്ങൾ മാത്രം ആണ്.

*

 1. ഒരാൾ തന്റെ ജീവിതമാകെ കൊണ്ട് നടന്ന- ഇനിയും നടക്കും എന്നുറപ്പുള്ള സ്ത്രീ വിരുദ്ധതയും ശാസ്ത്ര വിരുദ്ധയും ജനാധിപത്യ വിരുദ്ധതയും ക്ഷമിക്കാൻ നമ്മുക്ക് ഒരു പ്രയാസവുമില്ല. രജിത്ത് കുമാറിനെ ഞാൻ അറിയുന്നത് ബിഗ് ബോസ് ഫെയിം അയിട്ടല്ല. പച്ചയ്ക്ക് സ്ത്രീ വിരുദ്ധത പറഞ്ഞതിന്റെ പേരിൽ ഒരു മിടുക്കി പെണ്ണ്- ആര്യയുടെ കൂവൽ കിട്ടിയ ആളായിട്ടാണ്. പിന്നീടും ചാനൽ ചർച്ചകളിൽ ഇതേ മനുഷ്യത്വ വിരുദ്ധ- ട്രാൻസ് വിരുദ്ധ നിലാപടുകൾ ആവർത്തിക്കുന്ന ഈ മനുഷ്യനെ മാത്രമേ ഞാൻ ഓർക്കുന്നുള്ളൂ. മലയാളിക്ക് അത്യാവശ്യം സ്ത്രീ വിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും ഒക്കെ ഇഷ്ടമാണ്, അതൊക്കെ മറക്കാനും പൊറുക്കാനും വലിയ കാരണങ്ങൾ ഒന്നും ആവശ്യമില്ല എന്ന് ‘രജിത്ത് അണ്ണൻ ഉയിർ’ മനുഷ്യർ കാണിച്ചു തരുന്നു. സ്ത്രീ വിരുദ്ധത ആഘോഷിക്കുന്ന ശരാശരി മലയാളി പുരുഷന്റെ പ്രതീകം ആണ് രജിത്ത് സർ. (നമ്മുടെ കണ്ണിലെ സുന്ദരിയായ പെണ്ണ്, സാരിയുടുത്ത പെണ്ണാണ്. അവൾ സാരിയുടുക്കുമ്പോൾ സുന്ദരി ആവുന്നത്, സാരി ഉടുക്കുമ്പോൾ അവൾ കാൽ അകറ്റി വച്ച് നടക്കില്ല എന്ന ആശ്വാസം നമ്മുടെ ഉപബോധ മനസിൽ ഉള്ളത് കൊണ്ടാണ് എന്നു പണ്ടെവിടെയോ വായിച്ചത് ഓർമ്മ വരുന്നു.)

*

 1. ആണുങ്ങളെ പോലെയോ ആണുങ്ങളെക്കാൾ ഏറെയോ സ്ത്രീ വിരുദ്ധത സഹിക്കാനും പൊറുക്കാനും കേരളത്തിലെ സ്ത്രീകൾക്ക് എളുപ്പം കഴിയും. ‘പെണ്ണുങ്ങൾ ജീൻസ് ഇടേണ്ട, ഗർഭം അലസും’ എന്നു പറഞ്ഞാലും, അതിനപ്പുറം പറഞ്ഞാലും അതൊന്നും നമ്മുടെ സ്ത്രീകളിൽ നല്ല പങ്കിനും വിഷയമല്ല. അല്ലെങ്കിൽ തന്നെ സ്ത്രീവിരുദ്ധ സ്ത്രീകളിൽ തന്നെ പ്രവർത്തിക്കുന്നു എന്നത് കൊണ്ട് കൂടിയാണ്‌ ആർത്തവ വിരുദ്ധ പ്ലക്കാർഡും തൂക്കി പെണ്ണുങ്ങൾ ഉള്ള വണ്ടി ശബരി മലയ്ക്ക് പോകുന്നുണ്ടോ എന്നു പരിശോധിക്കാൻ കേരളത്തിലെ വീട്ടമ്മമാർ തെരുവിൽ ഇറങ്ങിയത്. ഈ ആനുകൂല്യം രജിത്ത് കുമാറിന് ആവശ്യത്തിന് കിട്ടി, അയാളെ തന്നെ അമ്പരപ്പിക്കും വിധം.

*

 1. ഈ ആർമികൾ ഒന്നും പുതിയത് അല്ല. എല്ലാ മത സംഘടനകളും അവരവരുടെ ദൈവങ്ങൾക്ക് വേണ്ടിയുള്ള അദൃശ്യ ആര്മികൾ ആണ്. കേരളത്തിലെ ജാതി സംഘടനകൾ വഹിക്കുന്ന ധൗത്യവും അത് തന്നെയാണ്. (ഗുരു ഉപേക്ഷിച്ച എസ് എൻ ഡി പി ഈഴവത്വത്തിന്റെ ആർമി ആയും, നിലവിൽ വെള്ളാപ്പള്ളിയുടെ സ്വകാര്യ ആർമി ആയും പ്രവർത്തിക്കുന്നത് ഓർക്കുക), അമ്മയടക്കമുള്ള ആൾ ദൈവങ്ങളുടെ ഭക്തരും സൂക്ഷമത്തിൽ ആർമികൾ തന്നെയാണ്. ഏട്ടൻ ഫാൻസും ഇക്കാ ഫാൻസും ആർമികൾ തന്നെ ആയിരുന്നു. രജിത്ത് ആർമി ഒരു പുത്തൻ പ്രതിഭാസം അല്ല എന്നർത്ഥം.
 2. ജയ് ശ്രീറാം വിളിപ്പിക്കുന്ന ആൾക്കൂട്ടവും, നബിയെ കളിയാക്കിയതിന്റെ പേരിൽ ജോസഫ് മാഷിന്റെ കൈവെട്ടിയ കൂട്ടവും 2014 ൽ ‘മോദി അങ്ങുന്നു വന്നാൽ എല്ലാം സൂപ്പർ ആകും ‘ എന്ന വിചാരത്തിൽ 56 ഇഞ്ചിന്റെ രാഷ്ട്രീയം കളിച്ച (കളിപ്പിച്ച) ആള്കൂട്ടവും രജിത്ത് ആർമി യുടെ ഹിംസാത്മകമായ വിപുലീകരണം (extension) ആണ്. പശു ആർമികൾ ആണ് രാജ്യത്തു നിസ്വ മനുഷ്യരെ, ജുനൈദും അഖ്‌ലാക്കും അടക്കമുള്ള മനുഷ്യരെ ആർപ്പുവിളികളോടെ കൊല്ലുന്നത്. സവർണ്ണ ആർമികൾ ആണ് ദളിതന്റെ മീശ വടിക്കുന്നത്. ദളിതരായ കുരുന്നുകൾ വെളിപറമ്പിൽ മലമൂത്ര വിസർജനം നടത്തുന്നതിന്റെ പേരിൽ കൊന്നു കളയുന്നത്. ആരംഭത്തിൽ എല്ലാ ആർമികളും രജിത്ത് ആർമി പോലെ നിഷ്കളങ്കമായ കൂട്ടങ്ങൾ ആവും. പിന്നീട് ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ കാണും പോലെ വെറുപ്പും വിധ്വെഷവും വിപണനം ചെയ്യുന്ന നിലീനമായ ഹിംസയുടെ (mild violence) ഉറവകളാവും. പക്ഷെ ക്ളൈമാക്ക്സ് അത്ര ലളിതം ആവില്ല. കാലം കഴിയുമ്പോൾ അവ ജുനെദിനെ കൊന്ന പശു ആർമികളെ പോലെ വെറുക്കുന്നവരുടെ ചോര വീഴ്ത്തി തങ്ങൾ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടുള്ള കൂറ് പ്രഖ്യാപിക്കും.
  വേറൊന്നുമില്ല. ഡോ രജിത്ത് കുമാറിന് വേണ്ടി കരയുന്നവരും ആക്രോശിക്കുന്നവരും സുപ്രീം കോടതിയിൽ നീതി പുനഃസ്ഥാപിക്കാൻ കേസ് കൊടുക്കാം എന്നു പോസ്റ്റ് ഇടുന്നവരും അവർ കൂട്ട് പോകുന്ന പ്രത്യയശാസ്ത്രം എത്ര ജനാധിപത്യ വിരുദ്ധമാണ് എന്നറിയുന്നില്ല. രജിത്ത് ആർമി ആൾകൂട്ടമാണ്. ആൾകൂട്ടങ്ങൾ ഹിംസയുടെ വിളവുശാലകൾ ആണെന്നതിന് രാജ്യത്ത് നിരവധി സാക്ഷ്യങ്ങൾ ഉണ്ടാവുന്ന കാലത്ത് ആൾക്കൂട്ടത്തിൽ ചേരുക എന്നത് ഒരു മാനസിക രോഗം കൂടിയാണ്. എങ്കിലും ആർമിക്കാരോട് എനിക് വെറുപ്പില്ല. പാവങ്ങൾ. അവർ ചെയ്യുന്നത് എന്ത് എന്നവർ അറിയുന്നില്ലല്ലോ.

നബി : നാട്ടിൽ വന്നു തന്നോടുള്ള മലയാളികളുടെ സ്നേഹവും ആദരവും കാണുന്ന ആദ്യ പകൽ കഴിഞ്ഞു ഡോ. രജിത്ത് കുമാർ ഡയറി എഴുതിയാൽ അതിൽ ഉറപ്പായും ഉൾക്കൊള്ളുന്ന ഒരു വരി, ‘ ഇത്ര മണ്ടന്മാരായിരുന്നോ ഇവന്മാർ’ എന്നതാവും എന്നേ എനിക്ക് ഭാവന ചെയ്യാൻ ഒക്കുന്നുള്ളൂ.