തൂത്തുക്കുടിയിൽ സംഭവിച്ചത് വിസാരണൈ സിനിമയിലേതിൽ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല

0
156

NP Muraleekrishnan

#JusticeforJayarajAndFenix

വെട്രിമാരൻ്റെ വിസാരണൈയിലെ ലോക്കപ്പ് മുറി പീഡന ദൃശ്യങ്ങൾ ഒരു സിനിമയായിട്ടു പോലും കണ്ടിരിക്കാൻ പ്രയാസമാണ്. സിനിമ കണ്ടുകഴിയുമ്പോൾ ഒന്നും പറയാന്‍ പോലുമാകാത്ത അവസ്ഥയിലാകും. ഇങ്ങനെയൊന്നും യഥാർഥ ജീവിതത്തിൽ ആവർത്തിക്കല്ലേ എന്ന് ആത്മാർഥമായി ആഗ്രഹിച്ചു പോകും.പക്ഷേ തൂത്തുക്കുടിയിൽ സംഭവിച്ചത് വിസാരണൈ സിനിമയിലേതിൽ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല. കടയടയ്ക്കാൻ പത്തു മിനിറ്റ് താമസിച്ചെന്ന കാരണത്താൽ രണ്ടു നിരപരാധികളെയാണ് ലോക്കപ്പിൽ കൊണ്ടുപോയി അതിക്രൂരവും പ്രാകൃതവുമായ പീഡനമുറകളാൽ കൊലപ്പെടുത്തിയത്. രക്തം മരവിച്ചുപോകുന്ന ക്രൂരതയാണ് സംഭവിച്ചത്. ഇല്ലാതായത് ഒരു കുടുംബത്തിൻ്റെ ആശ്രയമായിരുന്ന മനുഷ്യരാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇത് ആദ്യത്തെ സംഭവമല്ല. നടപ്പു വ്യവസ്ഥിതിയുടെ രീതിയനുസരിച്ച് അവസാനത്തേതാകുമെന്ന് പ്രതീക്ഷിക്കാനും വയ്യ.കോയമ്പത്തൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറായ എം.ചന്ദ്രകുമാർ എന്ന ഓട്ടോ ചന്ദ്രൻ്റെ ലോക്കപ്പ് എന്ന നോവലായിരുന്നു വിസാരണൈയ്ക്ക് അവലംബമായത്. താന്‍ യഥാർഥത്തില്‍ അനുഭവിച്ച ജയില്‍ ജീവിതമാണ് ചന്ദ്രൻ നോവലിൽ പകര്‍ത്തിയത് എന്നതായിരുന്നു ആ സിനിമയുണ്ടാക്കിയ ഞെട്ടലിൻ്റെ ആഴം കൂട്ടിയത്.പണവും ഭരണകൂടവും അധികാരികളും എപ്പൊഴും ഇരകളാക്കുന്നത് നിരപരാധികളെയാണ്. തൂത്തുക്കുടിയിലെ ജയരാജ്, ഫെനിക്സ് എന്നീ മനുഷ്യർ വലിയ നോവായി ഉള്ളിലുണ്ടാകും.