പ്രവാസി വീട്ടമ്മമാര്‍ – അബ്ബാസ് ഓ എം..

0
1814

Untitled-2

പ്രവാസി,പ്രവാസം.പ്രവാസം,പ്രവാസി ….. പലരും പലപ്പോഴായി പറഞ്ഞിട്ടുള്ള വിഷയം,എന്നാല്‍ അധികമാരാലും പറയപ്പെടാതെ പോയ ഒരു വിഭാഗം കൂടിയുണ്ട് പ്രവാസവുമായി ബന്ധപെട്ട്.. പ്രവാസി ഭാര്യമാര്‍!!

പ്രവാസം ഒരു കടലാണെങ്കില്‍ ആ കടലിലെ ഉപ്പ് മുഴുവന്‍ പ്രവാസികളുടെ ഭാര്യമാരുടെ കണ്ണുനീരാണ് .. തിരമാലകള്‍ അവരുടെ ദീര്‍ഘനിശ്വാസങ്ങളും..

ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് എങ്ങിനെയാണ് ഈ പ്രവാസികളെ കല്ല്യാണം കഴിക്കാന്‍ പെണ്‍കുട്ടികള്‍ സമ്മതം മൂളുന്നതെന്ന്!!!വിവാഹ ശേഷം പ്രവാസികള്‍ ആയവരുണ്ട്.പെണ്ണിന്റെ സ്വര്‍ണം പണയം വെച്ചു പോരുന്നവരുമുണ്ട്,അതൊന്നുമല്ലാതെ ലീവിന് പോയി കല്ല്യാണം കഴിക്കുന്നവരുടെ കാര്യത്തിലാണ് ഞാന്‍ മുകളില്‍ പറഞ്ഞ സംശയം..

പല കാരണങ്ങള്‍ ഉണ്ടാവാം..പെണ്ണുകാണാന്‍ വരുന്ന ചെക്കന്റെ ആര്‍ഭാടം,സാമ്പത്തിക സുരക്ഷിതത്വം,അവനവന്റെ വീട്ടിലും ഇടക്കൊക്കെ വന്നു നില്‍ക്കാമല്ലോ എന്ന ആശ്വാസം,പിന്നെ ഗള്‍ഫിലേക്ക് കൊണ്ട് പോകാമെന്ന് ചിലപ്പോള്‍ ചെക്കന്‍ നുണ പറയുന്നത്,ജോലി സുരക്ഷിതത്ത്വം,അങ്ങിനെ പല കാരണങ്ങള്‍..

പിന്നീട് ദാമ്പത്യജീവിതം തുടങ്ങി ദിവസങ്ങള്‍ക്കു ശേഷം വിരഹ വേദന അനുഭവിക്കാന്‍ തുടങ്ങുമ്പോഴാണ് പല പെണ്‍കുട്ടികളും എത്ര വലിയ മണ്ടത്തരമാണ് താന്‍ ചെയ്തതെന്ന് ഓര്‍ക്കുന്നത്..

അവള്‍ തന്നെ ഒരിക്കലെന്നോട് പറഞ്ഞിട്ടുണ്ട് വര്‍ഷത്തില്‍ ഒരു മാസത്തെ ശല്യമല്ലേ ഉണ്ടാകൂ എന്ന് കരുതി സന്തോഷിച്ചിരുന്നു ഒരു പ്രവാസിയാണ് കെട്ടാന്‍ പോവുന്നത് എന്നറിഞ്ഞപ്പോള്‍.. പണ്ടാരം ഇതിപ്പോള്‍ ഇങ്ങനെയൊക്കെ ആയി തീരുമെന്ന് ആര് കരുതി..വിരഹ വേദന അത് അനുഭവിച്ചു തന്നെ അറിയണം!!!

കുടുംബത്തിലും നാട്ടിലും പ്രവാസി ഭാര്യമാര്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്.എല്ലാം കൂടെ പറയാന്‍ നിന്നാല്‍ പോസ്റ്റ് നീണ്ടു പോകും.. വീട്ടില്‍ വാക്കിലും പ്രവര്‍ത്തിയിലും ഏറ്റവും മിതത്വം പുലര്‍ത്തേണ്ടത് ആ വീട്ടിലെ പുറത്തു ജോലി ചെയ്യുന്ന മകന്റെ ഭാര്യ തന്നെയാണ്,മിണ്ടിപോയാല്‍ അത് അഹങ്കാരമാവാം,അടക്കോം ഒതുക്കോം ഇല്ലാഞ്ഞിട്ടാവാം,തന്റെ കെട്ട്യോനാണ് ഈ കുടുംബം നോക്കുന്നത് എന്ന അഹങ്കാരത്തില്‍ നിന്നാവാം, ആരോപണങ്ങള്‍ പല വഴി വരും..

ഗള്‍ഫിലുള്ള മകന്‍ തന്റെ രക്ഷിതാക്കളെ കുറച്ചു ദിവസം ഫോണ്‍ വിളിക്കാതിരുന്നാലും കുറ്റം മരുമോള്‍ക്ക് തന്നെ .അവനിപ്പോള്‍ അവളോട് മിണ്ടാനല്ലേ നേരമുള്ളൂ എന്ന പരാതി ഇടക്കിടക്ക് കേള്‍ക്കാം..

ഭര്‍ത്താവിന്റെ അമ്മയ്ക്കും,പെങ്ങള്‍ക്കുമെല്ലാം ഡ്രസ്സ് എടുക്കാന്‍ കാശ് ഉണ്ടെങ്കില്‍ മാത്രമേ തനിക്കോ തന്റെ കുഞ്ഞിനോ ഒരു പുതിയ ഡ്രസ്സ് എടുക്കാന്‍ അവള്‍ക്കു പറ്റുകയുള്ളൂ.വീട്ടില്‍ വിരുന്ന വരുന്ന ആരെയെങ്കിലും ഒന്ന് മൈന്‍ഡ് ചെയ്യാന്‍ വിട്ടു പോയാല്‍ അത് മതി പിന്നെ,വിഷയം ഗള്‍ഫില്‍ വരെയെത്തും..

ഒരു ന്യൂനപക്ഷം നേരെ തിരിച്ചുമുണ്ട് എന്ന കാര്യം മറക്കുന്നില്ല.നമ്മളിവിടെ സംസാരിക്കുന്നത് ഭൂരിപക്ഷത്തെ കുറിച്ചാണല്ലോ..

പ്രവാസിയുടെ മക്കള്‍ക്ക് അച്ഛന്‍ ആണ്ടിലൊരിക്കലോ അല്ലെങ്കില്‍ രണ്ടു വര്‍ഷത്തിലൊരിക്കലൊ കുറെ സമ്മാനങ്ങളുമായി വരുന്ന മഹാബലി മാത്രമാണ്,ബാക്കി അവരുടെ എല്ലാ കാര്യങ്ങള്‍ നോക്കേണ്ടതും,അവരുടെ സ്വഭാവ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിക്കേണ്ടതുമെല്ലാം അമ്മയുടെ ഒറ്റക്കുള്ള ചുമതലയാണ്..ഒരു കുട്ടിയെ പ്രസവിച്ചു അവനെ ഒരു മനുഷ്യനാക്കി മാറ്റുക എന്നത് അത്ര നിസ്സാരമായ കാര്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ!!!!

ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം ..മനുഷ്യന് ഏറ്റവും അത്യാവശ്യമായി വേണ്ട മൂന്നു ഘടകങ്ങള്‍… പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന് വേണ്ട നാലാമത്തെ ഘടകമായ സെക്‌സിനെ കുറിച്ചു നമ്മള്‍ മിണ്ടാത്തത് നമ്മുടെയെല്ലാം കപടസദാചാര ബോധം കൊണ്ടായിരിക്കാം !!വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ അവര്‍ കുഴിച്ചുമൂടുകയാണ് അവരുടെ മനസ്സിലെ വികാര വിചാരങ്ങളെല്ലാം..

ഒരു ശരാശരി പ്രവാസി ഭാര്യയുടെ ഏറ്റവും പ്രധാനാപെട്ട നേട്ടങ്ങളില്‍ പെട്ടതാണ് മുകളില്‍ ആദ്യം പറഞ്ഞ മൂന്നു അടിസ്ഥാന ഘടകങ്ങളും,താരതമ്യേനെ നല്ല വീട്,നല്ല വസ്ത്രം,നല്ല ഭക്ഷണം.(എന്തെങ്കിലും പ്രാത്യേകാവസരത്തില്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുമ്പോള്‍ ഭര്‍ത്താവിനെ ഓര്‍ക്കുന്ന ഭാര്യയ്ക്ക് അത് ചങ്കില്‍ നിന്നും ഇറങ്ങാറില്ലത്രേ) പക്ഷെ നാലാമത്തെ കാര്യത്തില്‍ അവര്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നു, കൊഴിഞ്ഞു പോകുന്ന അവരുടെ യൌവ്വനം അവരെ നോക്കി കൊഞ്ഞനം കുത്തുമ്പോള്‍ അറിയാതെയെങ്കിലും അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ ശപിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ?

പണ്ടത്തെ കാലത്ത് രാത്രി ഡ്യുട്ടി ചെയ്തിരുന്ന സ്ത്രീകള്‍ നെഴ്‌സുമാര്‍ മാത്രമായിരുന്നു,അതുകൊണ്ടായിരുന്നിരിക്കാം നമ്മുടെ അശ്ലീല കഥകളിലെയെല്ലാം നായികമാര്‍ നേഴ്‌സ്മാര്‍ ആയിരുന്നു. ന്യുനപക്ഷങ്ങള്‍ എല്ലാ വിഭാഗത്തിലും ഉണ്ട് .എന്ന് കരുതി ഒരു തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെ മൊത്തം അടച്ചു അക്ഷേപികുന്നത് ശരിയല്ലല്ലോ.എന്തായാലും അന്നാ പറഞ്ഞു നടന്നവന്മാരുടെയെല്ലാം ഭാര്യമാരും,സഹോദരിമാരും,മക്കളുമെല്ലാം ഇപ്പോള്‍ അതെ മേഖലയില്‍ ജോലി ചെയ്യുകയോ അല്ലെങ്കില്‍ ഒരു നേഴ്‌സിംഗ് സീറ്റിനായി നടക്കുകയോ ആണ്.

അതുകൊണ്ട് തന്നെ ഒരുപണിയുമില്ലാത്ത മുകളില്‍ പറഞ്ഞ വിഭാഗത്തിന്റെ ഇപ്പോഴത്തെ അശ്ലീല കഥകളിലെ നായികമാരെല്ലാം പ്രവാസികളുടെ ഭാര്യമാരാണ്.എന്തോ വേലി ചാടാന്‍ വേണ്ടി മുട്ടിനിക്കുന്നവരാണ് അവരെന്നാണ് ചിലരുടെയൊക്കെ ചിന്ത,അറപ്പുളവാക്കുന്ന തുറിച്ചു നോട്ടം,അശ്ലീല കമ്മെന്റുകള്‍,അപവാദ പ്രചരണം,എല്ലാം ഇപ്പോള്‍ പ്രവാസി ഭാര്യമാരുടെ നേരെയാണ് പലരും ചിലവഴിക്കുന്നത്..

അവര്‍ ഒരു അന്യ പുരുഷനോടോന്നു മിണ്ടിയാല്‍,ആരോടെങ്കിലും ഇച്ചിരി സ്വാതന്ത്ര്യമെടുത്താല്‍,ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ വാഹനം എങ്ങോട്ടെങ്കിലും യാത്ര പോവാനായി ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഒന്ന് വിളിച്ചു പോയാലെല്ലാം നാട്ടില്‍ കഥകള്‍ ഇറങ്ങുകയായി….

എന്തിനു മൊബൈല്‍ കടയില്‍ ഫ്‌ലെക്‌സി ചെയ്യാന്‍ പറഞ്ഞു കൊടുത്ത നമ്പറിന്റെ ഉടമ ഒരു പ്രവാസി ഭാര്യയാണ് എന്ന് തോന്നിയാല്‍ ആ നമ്പര്‍ പ്രത്യേകം നോട്ടു ചെയ്തു വെക്കുന്നവരുണ്ട് നമ്മുടെ നാട്ടില്‍..

സ്വന്തം ഭര്‍ത്താവിനോട് പ്രണയമുള്ള ( ഓര്‍ക്കുക സ്‌നേഹമല്ല)ഒരു പെണ്ണും മറ്റൊരുത്തന്റെ മധുര ഭാഷണങ്ങളില്‍ വീണു പോവില്ല.ഭര്‍ത്താവിനെ പ്രണയിക്കുക!!ഒരു കാമുകനെ പോലെ പ്രണയിക്കുക!!എങ്കില്‍ നിങ്ങളെ ആര്‍ക്കും പറ്റിക്കാനാവില്ല.. പ്രവാസികളും അതുപോലെ തന്നെ ഫോണ്‍ വഴിയെങ്കിലും ദിവസവും അവരുടെ വിശേഷങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുക,നമ്മളയക്കുന്ന കാഷ്‌കൊണ്ട് തൃപ്തിപെടുത്താന്‍ പറ്റാത്ത പലതും പെണ്‍ മനസ്സിലുണ്ടെന്ന് മനസ്സിലാക്കുക..

നാടിന്റെ പച്ചപ്പ് കാണാതെ കുടുംബത്തിന്റെ പുരോഗതി മാത്രം ലക്ഷ്യം വെച്ച് വിദേശത്ത് ചോര നീരാക്കി കഷ്ടപ്പെടുമ്പോള്‍ ഇടക്കെങ്കിലും ഭാര്യമാരോട് നല്ല വാക്ക് പറയാന്‍ ശ്രമിക്കുക. സ്‌നേഹം പറഞ്ഞെങ്കിലും അറിയിക്കുക. ഭാര്യമാര്‍ നിങ്ങളുടെ മനസ്സിലുളളതു പോലെ മാത്രമെ ജീവിക്കൂ എന്ന് വിശ്വസിക്കാനെങ്കിലും ഇതുപകരിക്കും.

ഞാന്‍ പറഞ്ഞല്ലോ , ന്യൂനപക്ഷം എല്ലാ വിഭാഗത്തിലും ഉണ്ട്,മോശം സ്ത്രീകളും ഉണ്ടായിരിക്കാം,എങ്കിലും പ്രവാസി ഭാര്യമാരെല്ലാം എന്തിനോ വേണ്ടി മുട്ടി നടക്കുകയാണ് എന്ന ചിന്താഗതി നമ്മുടെ നാട്ടുകാര്‍ ഉപേക്ഷികണം,അവരെയും മനുഷ്യരായി കാണാന്‍ ശ്രമിക്കണം..ഭര്‍ത്താവിന്റെ നേട്ടങ്ങള്‍ക്കായി സ്വ ജീവിതം ഹോമിക്കാന്‍ വിധിക്കപ്പെട്ട വരാണ് പ്രവാസിയുടെ ഭാര്യമാര്‍ !!!

അവര്‍….. കണ്ട സ്വപ്നങ്ങള്‍ പൂവണിയാന്‍ കാല്‍നൂറ്റാണ്ട് കാത്തിരിക്കുന്നവര്‍ !!!!!