കോവിഡ് ടെസ്റ്റിന്റെ എണ്ണം – കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പച്ചക്കള്ളം

38

Nripan Das

കോവിഡ് ടെസ്റ്റിന്റെ എണ്ണം – കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പച്ചക്കള്ളം

“കൊവിഡ് പരിശോധനയിൽ കേരളത്തിന് മെല്ലെപ്പോക്ക്” എന്നൊരു വാർത്ത ഇന്നത്തെ മലയാള മനോരമയിൽ ഉണ്ട്. അതിന്റെ ചുവടുപിടിച്ച് കേരളത്തിൽ കോവിഡ് പരിശോധന വളരെ കുറവാണ് എന്ന തരത്തിൽ നവമാധ്യമങ്ങളിൽ ചില പോസ്റ്റുകളും കാണുന്നു. ഇതിന്റെ സത്യം എന്താണ്?

കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം കേരളത്തിൽ പത്തു ലക്ഷം പേരിൽ 180 പേർക്ക് എന്ന നിരക്കിലാണ് പ്രതിദിന പരിശോധന എന്നാണ് വാർത്ത. ഗോവയും ത്രിപുരയും തമിഴ്നാടും കർണാടകവും അടക്കമുള്ള മറ്റു സംസ്ഥാനങ്ങൾ ഈ നിരക്കിൽ കേരളത്തേക്കാൾ മുന്നിലാണ് എന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു.ഇതിന്റെ വസ്തുത ഒന്ന് പരിശോധിക്കാം.

കേരളത്തിന്റെ ജനസംഖ്യ മൂന്നര കോടിയാണ്. ഇവിടെ ഇന്നലെ വരെ നടന്ന ടെസ്റ്റുകൾ 6.13 ലക്ഷം. അതായത് പത്തു ലക്ഷത്തിൽ 17486 പേർ എന്ന കണക്കിൽ പരിശോധനയ്ക്ക് വിധേയരാകുന്നു. മഹാരാഷ്ട്രയുടെ ജനസംഖ്യ 11 കോടിയിലധികമാണ്. നിലവിൽ 12 ലക്ഷം ടെസ്റ്റുകളാണ് അവിടെ നടന്നത്. അതായത് പത്തു ലക്ഷത്തിൽ 15138 ടെസ്റ്റുകൾ. ഏഴേകാൽ കോടി ജനസംഖ്യയുള്ള തമിഴ്‌നാട്ടിൽ 22 ലക്ഷം ടെസ്റ്റുകൾ നടന്നു. അതായത് പത്തു ലക്ഷത്തിൽ 30000 ടെസ്റ്റുകൾ. ഗുജറാത്തിൽ ഇത് പത്തു ലക്ഷത്തിൽ 9860 ഉം ഉത്തർപ്രദേശിൽ 8500 ഉം കർണാടകയിൽ 18000 വും ആണ്. ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിലൊന്നിൽ കേരളമുണ്ട്.

ഈ സംഖ്യകളെ കോവിഡ് വന്നതിനു ശേഷം ടെസ്റ്റ് നടന്ന ആകെ ദിവസങ്ങൾ കൊണ്ട് ഭാഗിച്ചാൽ പത്തു ലക്ഷത്തിൽ എത്ര പ്രതിദിന ടെസ്റ്റുകൾ എന്ന കണക്ക് കിട്ടും. ഇതിലും ആദ്യ സ്ഥാനങ്ങളിൽ കേരളം ഉണ്ടാകും എന്ന് സാമാന്യ ഗണിത ബോധം ഉള്ളവർക്ക് മനസിലാകും. ഒരേ സംഖ്യ കൊണ്ട് ഭാഗിക്കുന്നതു കൊണ്ട് സ്ഥാനങ്ങൾക്ക് മാറ്റം വരാൻ കഴിയില്ലല്ലോ?
മാത്രവുമല്ല കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിന ടെസ്റ്റുകളിൽ രാജ്യത്തു തന്നെ മൂന്നാമതും നാലാമതുമാണ് കേരളത്തിന്റെ സ്ഥാനം. പിന്നെ എന്ത് തരം കണക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത് എന്ന് മനസ്സിലാകുന്നില്ല. അങ്ങേയറ്റം പച്ചക്കള്ളം ആണത്. സാമാന്യ ബുദ്ധിയെ ഇത് പരീക്ഷിക്കുന്നു.

അത് കേട്ട പാതി കേൾക്കാത്ത പാതി റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളും അത് ഷെയർ ചെയ്യുന്ന ആളുകളും കാൽക്കുലേറ്റർ എടുത്ത് കണക്കുകൾ പരിശോധിച്ചു നല്ലതായിരിക്കും.ഇനി മറ്റൊരു കണക്ക് കൂടിയുണ്ട്.ഇന്നത്തെ വരെ വിവരങ്ങൾ പ്രകാരം 38 പേരെ ടെസ്റ്റ്‌ ചെയ്യുമ്പോഴാണ് കേരളത്തിൽ ഒരു പോസിറ്റീവ് കേസ് റിപ്പോർട്ട്‌ ചെയ്യുന്നത്. ഇത് തമിഴ്നാട്ടിൽ 11 ടെസ്റ്റിന് ഒരു പോസിറ്റീവ് കേസും കർണാടകയിൽ 14 ന് ഒന്നുമാണ്. മഹാരാഷ്ട്രയിൽ ടെസ്റ്റ് ചെയ്യുന്ന അഞ്ചു പേരിൽ ഒരാളാണ് പോസിറ്റീവ് ആകുന്നതെങ്കിൽ ഗുജറാത്തിൽ 11 പേരിൽ ഒരാളും തെലങ്കാനയിൽ 6 പേരിൽ ഒരാളുമാണ്. അതായത് ഇന്ത്യയിൽ രോഗികളെ കണ്ടെത്താൻ വേണ്ടി ഏറ്റവും കൂടുതൽ ആളുകളിലേക്ക് ജനസംഖ്യാനുപാതികമായി ടെസ്റ്റ്‌ എത്തിക്കുന്നത് കേരളമാണ്. കഷ്ടിച്ച് 15 ലക്ഷം ആളുകൾ മാത്രം താമസിക്കുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയിൽ പോലും 26 ടെസ്റ്റുകൾ നടത്തുമ്പോൾ ഒരാൾ പോസിറ്റീവ് ആകുന്നുണ്ട് എന്നത് കൂടി മനസിലാക്കണം .

ഏറ്റവും ജനസാന്ദ്രതയുള്ള കേരളത്തിൽ ഒരു രോഗിയെ കണ്ടു പിടിക്കാൻ 38 ടെസ്റ്റുകൾ വേണ്ടി വരുന്നു എന്നതാണ് ഇവിടെ നടക്കുന്ന ടെസ്റ്റുകളുടെ വൈപുല്യത്തിന്റെ സൂചകം. അതായത് ഏതു തരത്തിൽ നോക്കിയാലും ജനസംഖ്യാനുപാതികമായി ടെസ്റ്റുകളുടെ എണ്ണത്തിൽ മുന്നിലാണ് കേരളം. ആരോഗ്യ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് ആണെങ്കിലും വസ്തുതാവിരുദ്ധമായ വാർത്തകൾ പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷം കൊടുക്കാൻ മാധ്യമങ്ങൾ തയ്യാറാകണം. എത്ര ആളുകളാകും ഈ വാർത്തയാൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാവുക..? അതിന് ആര് സമാധാനം പറയും.
(ഇന്നലെ വരെയുള്ള ടെസ്റ്റുകളുടെ കണക്കുകൾ കമന്റ്‌ ബോക്സിൽ )