സൗദിയിലെ പ്രവാസികളെ നിങ്ങൾക്ക് മിഥുനാവണോ ?

585

പ്രമുഖ ബ്ലോഗ്ഗറും സൗദിയില്‍ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നയാളുമായ ശ്രീ. ഫൈസല്‍ ബാബു ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ അതിന്റെ അടിയന്തിര സാഹചര്യം പരിഗണിച്ച് ഇവിടെ പബ്ലിഷ് ചെയ്യുന്നു.

ഒരു വിസ എന്നു കേൾക്കുമ്പോൾ ഗൾഫിലേക്ക് എടുത്ത് ചാടി പുറപ്പെടുന്നവർക്ക് ഖുൻഫുദ ജയിലിൽ 3 വർഷമായി, ഇനിയും ഒരു പക്ഷേ അനന്തമായി നീണ്ട് പോയേക്കാവുന്ന തടവുമായി ജീവിതത്തെ അനുഭവിച്ച് തീർക്കാൻ വിധിക്കപ്പെട്ട മിഥുനിന്റെ അനുഭവം ഒരു ഓർമ്മപ്പെടുത്തലാണ്.

ഇനി മിഥുനെക്കുറിച്ച്:

എന്നെയും നിങ്ങളെയും പോലെ പ്രവാസമെന്ന മോഹവലയത്തിലേക്ക് ലേബർ വിസയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് 4 വർഷം മുമ്പ് വിമാനം കയറിയ ബീഹാറുകാരൻ. ഒന്നര ലക്ഷം രൂപ ഏജന്റിന് കൊടുത്ത് ഒരു തണുത്തുറഞ്ഞ ഡിസംബറിൽ റിയാദിൽ വന്നിറങ്ങുന്നു. അവിടെ നിന്നും 1500 കിലോമീറ്റർ അകലെയുള്ള ഖുൻഫുദയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ പണിത് കൊണ്ടിരിക്കുന്ന ഡാമിലെ വർക്ക് സൈറ്റിലേക്ക് കമ്പനി ട്രാൻസ്ഫർ ചെയ്തതോടെയാണ് മിഥുന്റെ പ്രവാസം ദുരിതത്തിലേക്ക് നീങ്ങുന്നത്.

ഡാം പണിക്ക് വന്ന മിഥുന് പക്ഷേ വളയം പിടിക്കാനാണ് നിയോഗം. ലൈസൻസ് എടുത്തിട്ടില്ല എന്നു പറഞ്ഞിട്ടും കമ്പനി സമ്മതിച്ചില്ല. ജോലി വേണോ ഡ്രൈവിംഗ് ചെയ്യണം. വീട്ടിലെ പ്രാരാബ്ധം ആലോചിച്ചിട്ടോ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ സിമന്റ് കടത്തുന്നതിനേക്കാൾ നല്ലതാണന്ന് തോന്നിയത് കൊണ്ടോ മിഥുൻ ഡ്രൈവിംഗ് ജോലി ഏറ്റെടുത്തു.

അധികമൊന്നും വാഹനങ്ങൾ കടന്നു വരാത്ത ആ ഉൾഗ്രാമത്തിൽ, അന്ന് മിഥുനെ തേടിയെത്തിയത് ഒരു അപകട മരണ മായിരുന്നു. അവനോടിച്ചിരുന്ന വാഹനത്തിൽ സ്വദേശി കുടംബം സഞ്ചരിച്ചിരുന്ന വാഹനമിടിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തു.

സൗദിയിൽ ഗുരുതരമായ കുറ്റങ്ങളിലൊന്നാണ് ലൈസൻസില്ലാതെ വാഹനമോടിക്കുന്നത്. അതിനൊപ്പം ഒരു മരണം കൂടി സംഭവിച്ചാൽ പിന്നെ പറയണോ ? കോടതിയും വ്യവഹാരവുമായി, 40 ലക്ഷം ഇന്ത്യൻ രൂപ ബ്ലഡ് മണിയായി നൽകണം. അന്തിയുറങ്ങാൻ സ്വന്തമായി ഒരു കൂര പോലുമില്ലാത്തവന് 40 ലക്ഷം എന്നത് കിട്ടാക്കനിയാണന്ന് പറയേണ്ടതില്ലല്ലോ. (അനന്തമായി ആയുഷ്ക്കാലം ജീവിതം ഇവിടെ തീരാതിരിക്കട്ടെ എന്ന് സഹതപ്പിക്കുകയല്ലാതെ എന്ത് ചെയ്യാൻ പറ്റും.

ഇത് വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ, നിങ്ങളുടെ അറിവിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെത്തെ നിയമങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക. ഒരു കാരണവശാലും ലൈസൻസില്ലാതെ വാഹനം ഓടിക്കരുത്. പുതിയ ട്രാഫിക്ക് നിയമമനുസരിച്ച് ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 100OO മുതൽ 25000 വരെ റിയാൽ പിഴ ചുമത്താൻ വകുപ്പുണ്ട്, ഓർമ്മിക്കുക

ഇന്നലെ രാത്രി വാതിലിൽ മുട്ടിയ അടുത്ത ജില്ലക്കാരനും പറയാനുണ്ടായിരുന്നത് സമാന കഥ തന്നെയായിരുന്നു. മൂന്ന് വർഷമായി ഹൗസ് ഡ്രൈവറായി ജോലി തുടങ്ങിയിട്ട്, ഇത് വരെ ലൈസൻസ് എടുത്തിട്ടില്ല. ഇപ്പോൾ വാഹനം അപകടത്തിൽ പെട്ടു, അത് നന്നാക്കാനുള്ള പണം നൽകിയാൽ ജയിലിൽ പോവാതെ കഴിയാം. ഇൻഷൂർ ഇല്ലാത്തതിനാൽ 15000 റിയാൽ റിപ്പയറിംഗ് ചിലവ്. റൂമും ചിലവും കഴിഞ്ഞാൽ ബാക്കിയാവുന്നത് 150OO രൂപ മാത്രം. വിവരമറിഞ്ഞപ്പോൾ സ്പോൺസർ കയ്യൊഴിഞ്ഞു. നിസ്സഹായമായ ആ കണ്ണുകളിലേക്ക് നോക്കി നമുക്ക് എങ്ങിനെയാണ് അയാളെ ആശ്വസിപ്പിക്കാൻ കഴിയുക. :( :(

അഭ്യർത്ഥനയാണ്, എന്ത് പ്രലോഭനങ്ങൾ ഉണ്ടായാലും ഇത്തരം നിയമവിരുദ്ധമായ രീതിയിൽ ജോലി ചെയ്യരുത്. നമുക്ക് നാം മാത്രമേ കാണൂ :(

മിഥുനിലേക്ക്..

നിയമപരമായ സഹായങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. എമ്പസിയുടെ ഭാഗത്ത് നിന്ന് ഇടപെടലുകൾ വന്നു തുടങ്ങി. മോചനത്തിനായി വഴി തെളിയുമെന്നത് വിദൂര പ്രതീക്ഷയാണ്. പിന്നെ അതിനേക്കാൾ ശ്രമത്തിലും പ്രാർത്ഥനയിലും.