ചാർമിനാർ സിഗരറ്റിന്റെ രസകരമായ ചരിത്രം

413

N S Arun Kumar എഴുതുന്നു 
N S Arun Kumar
N S Arun Kumar

മിർ ഒസ്മാൻ അലി ഖാൻ സിദ്ദിഖ്വി, അസഫ് ഝാ ഏഴാമൻ, അതായത് ഹൈദരാബാദിന്റെ അവസാനത്തെ നിസാം, ഇന്ത്യൻ യൂണിയനിൽ ചേരാൻ കൂട്ടാക്കിയില്ല. അവസാനം, സർദാർ പട്ടേൽ, കുറേ പട്ടാളത്തെ ഹൈദരാബാദിലേക്കയച്ചു. അതുമാത്രമല്ല, തെലങ്കാന സമരക്കാർ അന്നുമുണ്ടായിരുന്നു. നക്സലെറ്റുകാരും. ആർമിയാണ് വരുന്നത്. പോലീസല്ല! ടെൻഷനായപ്പോൾ നക്സലുകൾ സിഗരറ്റ് കത്തിച്ചു. തെലങ്കാനക്കാരും സിഗരറ്റ് കത്തിച്ചു. എന്തിന് ഹൈദരാബാദ് നിസാം പോലും തന്റെ ഫേവറിറ്റ് ആയ സിഗററ്റിന് തീകൊടുത്തു. ‘ഓപ്പറേഷൻ പോളോ’ ആണ് തുടർന്ന് നടന്നത്. നിസാം വീണ്ടും ഒരു സിഗരറ്റ് കൂടി വലിച്ചു, പക്ഷേ ഇത്തവണ നിസ്സാമായല്ല, മൂന്നു സംസ്ഥാനങ്ങളായി ചിതറിപ്പോയ ഒരു രാജ്യത്തിലെ പഴയ രാജാവായി. ഇവിടെയാണ് ഒരു ചോദ്യം വരുന്നത്. തികച്ചും ബാലിശമായ ചോദ്യം: ഹൈദരാബാദ് നിസാമിന്റെ പ്രിയങ്കരമായ ആ സിഗരറ്റ് ഏതായിരുന്നു?

ഉത്തരം ഫ്ളാഷ്ബാക്കിലാണ് തുടങ്ങുന്നത്.

1920-കളുടെ അവസാനത്തിൽ ബംഗളൂരുവിലെ ഒരു പുകയിലക്കച്ചവടക്കാരൻ നഗരത്തിൽ ഒരു സിഗരറ്റ് കട തുടങ്ങാനാഗ്രഹിച്ചു. അദ്ദേഹത്തിന്റെ പേര് ജനാബ് മൊഹമ്മദ് അബ്ദുസ് സത്താർ. പക്ഷേ, അദ്ദേഹത്തിനു അതിനു കഴിഞ്ഞില്ല. അപ്പോഴാണ് ഹൈദരാബാദിൽ നിന്നും ഒരാൾ തിരക്കിവരുന്നത്- വാസിർ സുൽത്താൻ. പേരിലേ ഉള്ളൂ സുൽത്താൻ. സാധാരണക്കാരനാണ്. അദ്ദേഹം സത്താറിന്റെ കൈപിടിച്ചു, “അറിയാം! വരണം, ഹൈദരാബാദിലേക്ക്..”

Image result for charminar cigaretteപിടിച്ചപിടിയാലെ കൊണ്ടുപോയി. 1927-ൽ രണ്ടു പേരും ചേർന്ന് ഹൈദരാബാദിലെ നാരായൺഗുഡയിൽ ഒരു സിഗരറ്റ് ഫാക്ടറി തുടങ്ങി. ആദ്യ ഉൽപ്പന്നം പുറത്തിറക്കി: പേര്, ചാർമിനാർ!

ഒരു വർഷം കൊണ്ട് ഹൈദരാബാദിന്റെ സായാഹ്നക്കൂട്ടങ്ങളിലും വിരുന്നുസൽക്കാരവേദികളിലും ചാർമിനാറിന്റെ പുക മോഹവലയങ്ങൾ തീർത്തുകൊണ്ട്പടർന്നു. ഉയർന്നുപൊങ്ങി.
അപ്പോഴതാ മറ്റൊരാൾ വരുന്നു, കൈകൊടുക്കാൻ: “അയാം ഫ്രം ബ്രിട്ടീഷ്-അമേരിക്കൻ ടൊബാക്കൊ കമ്പനി, യൂകെ. വാൺ ടു കൊളാബൊറേറ്റ് വിത് യൂ..”

BAT- എന്ന ചരുക്കപ്പേരിലറിയപ്പെടുന്ന പ്രശസ്തമായ ബ്രിട്ടീഷ് കമ്പനി. ‘റോസ്റ്റഡ് ടുബാക്കോ’ കൊണ്ടുമാത്രം സിഗററ്റുണ്ടാക്കുന്നവർ. യൂറോപ്പിൽ അതേ വിൽക്കൂ. പുകയിലയെ വറുത്ത് വറുത്ത് അതിലെ ടാർ കളഞ്ഞ്, നിക്കോട്ടിൻ കുറച്ചെടുത്ത സിഗററ്റ്. ആ ടെക്നോളജി തരാമെന്നു പറഞ്ഞു. കച്ചവടത്തിൽ ഷെയർ വേണം. അങ്ങനെ ഇന്ത്യയിലാദ്യമായി ‘Roasted Tobacco’-മാത്രം വിൽക്കുന്ന എന്നാൽ അക്കാര്യം പൊങ്ങച്ചമായി പറയാത്ത ഒരു ബ്രാൻഡ് പിറന്നു: ചാർമിനാർ!

പക്ഷേ, സത്താർ പിന്നെയവിടെ നിന്നില്ല. അദ്ദേഹം ഏകാന്ത പഥികനായി ഇറങ്ങി നടന്നു. മുഷീറാബാദിൽ മറ്റൊരു സിഗരറ്റ് ഫാക്ടറി സ്ഥാപിച്ചു: ‘ഹൈദരാബാദ് ഡെക്കാൻ സിഗററ്റ് ഫാക്ടറി’. പുതിയൊരു സിഗററ്റും പുറത്തിറക്കി: ‘ഗോൾക്കൊണ്ട’.

1935-ൽ സത്താർ മരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ഏകമകളായ ബീഗം അബീദാ ഖാറ്റൂൺ ബിസിനസ് ഏറ്റെടുത്തു. ഒരു സ്ത്രീ സാരഥ്യം വഹിക്കുന്ന കമ്പനി നിർമ്മിക്കുന്ന സിഗററ്റ് എന്ന ഖ്യാതി കൂടി അങ്ങനെ ‘ഗോൾക്കൊണ്ട’ പാക്കിലൊതുങ്ങി, ആരും അറിഞ്ഞില്ലെങ്കിലും! ബീഗം അബീദാ ഖാറ്റൂൺ പിന്നെ ഒരു നവാബിനെ വിവാഹം കഴിച്ചു. ഹൈദരാബാദിൽ ‘ജാഗിർദാർ’ എന്നറിയപ്പെടുന്ന ധനാഢ്യരിലൊരാളെ. ‘ഗോൾക്കോണ്ട’ ഐടിസി എന്ന ഇന്ത്യൻ ടുബാക്കോ കമ്പനിയുടെ ഉൽപ്പന്നമായി, അവരുമായുള്ള കരാർ പ്രകാരം. അവർ മെഷിനറി കൊടുത്തു. അബിദാ ബീഗം സിഗററ്റ് നിർമ്മിച്ചു നൽകി.

Image result for charminar cigarette‘ഗോൾക്കൊണ്ട’യുടെ പ്രചാരവും വിപണിയും ചാർമിനാറിന് ക്ഷീണമായി. ‘സ്വർണ്ണഖനി’യുടെ പേരിൽത്തന്നെ പിടിക്കാൻ അവരും തീരുമാനിച്ചു: അങ്ങനെയാണ് ‘ഗോൾഡ് എന്ന ബ്രാൻഡ് പിറന്നത്. മലബാറിൽ ഇന്നും ഐടിസി സിഗററ്റുകളെക്കാൾ ‘ഗോൾഡി’നാണ് ആരാധകരേറെ!

പല ബ്രാൻഡുകളും പല കാലങ്ങളിലായി വാസിർ സുൽത്താൻ ടുബാക്കോ കമ്പനിയുടെ രെജിസ്ട്രേഡ് രൂപമായ വാസിർ സുൽത്താൻ ടുബാക്കോ ഇൻഡസ്ട്രീസ് ലിമിറ്റഡ് (1983) പുറത്തിറക്കുകയുണ്ടായി. എല്ലാം റോസ്റ്റഡ് ടുബാക്കോ സിഗററ്റുകൾ: ചാംസ്, മൊമെന്റ്സ്, സാഫ്രോൺ..

ചാർമിനാർ സ്പെഷ്യൽ ഫിൽറ്റർ, ചാർമ്സ് മിനി കിംഗ്സ്, ചാർമ്സ് വിർജീനിയ ഫിൽറ്റർ എന്നിവയാണ് മറ്റ് മുന്തിയ ബ്രാൻഡുകൾ.

1990-ൽ യുണൈറ്റഡ് അറബ് എമിരേറ്റ്സിലേക്ക് പുതിയൊരു സിഗററ്റിനെ എത്തിച്ചു: കിംഗ്സ്റ്റൺ മിനി കിംഗ്സ്. ഇത് ‘fire-cured, light soil’ ബ്രാൻഡ് ആയിരുന്നു. 1991-ൽ കിംഗ്സ്റ്റൺ ഡുവൽ ഫിൽട്ടർ വന്നു. തുടർന്ന്, ചാർമിനാർ കമ്പനിക്ക് ‘Export House’-സ്റ്റാറ്റസ് ലഭിച്ചു.

ഫ്രാൻസിൽ നിന്നും High Speed Precision Log Max മെഷീൻ ഇറക്കുമതി ചെയ്തതിനു ശേഷമാണ് ‘ഗോൾഡ് (പ്രീമിയം) ഫിൽറ്റർ’ വരുന്നത്.

എങ്കിലും കനത്ത ടാക്സ് സിഗരറ്റിന്റെ വില കൂടുന്നതിനിടയാക്കി. കള്ളക്കടത്തിലൂടെ വരുന്ന വിദേശസിഗററ്റുകൾ വിപണി കീഴടക്കി. സിഗററ്റ് പായ്ക്കറ്റിനുമേൽ അർബുദ ചിത്രങ്ങൾ പതിക്കണമെന്നത് നിയമമായി. ജനങ്ങൾ സിഗററ്റിൽ നിന്നകന്നു- ‘ഗുഡ്ക’-തുടങ്ങിയ കൂടുതൽ മാരകമായ, എന്നാൽ വിലകുറഞ്ഞ ഉൽപ്പന്നങ്ങൾ തേടിപ്പോയി.

ഐടിസിയെപ്പോലെ ചാർമിനാർ കമ്പനിയും ഉൽപ്പന്നവൈവിദ്ധ്യവൽക്കരണത്തിലേക്ക് നീങ്ങി. ഐടിസി സ്റ്റേഷനറിയിലേക്കു പോയപ്പോൾ ചാർമിനാർ കമ്പനി ഹോർട്ടികൾച്ചർ മേഖലയിലേക്കാണ് കടന്നത്. മേന്മയാർന്ന പഴം-പച്ചക്കറിയുൽപ്പന്നങ്ങൾ സംസ്കരിക്കാനുള്ള യന്ത്രസാങ്കേതികതയ്ക്കായി ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുമായി കരാറിലേർപ്പെട്ടിരിക്കയാണ് ചാർമിനാർ കമ്പനിയിപ്പോൾ. ‘വിജയ് ഡീലക്സും ചാർമിനാർ സ്റ്റാൻഡേർഡു’മാണ് അവസാനം പുറത്തിറങ്ങിയ ബ്രാൻഡുകൾ. എന്തായാലും മിഡിൽഈസ്റ്റിലേക്ക് അതായത് ഗൾഫ് മേഖലയിലേക്ക് ഇന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന സിഗററ്റുകൾ ചാർമിനാർ കമ്പനിയുടേത് തന്നെയാണ്.

Image may contain: 1 person, text

(ചിത്രം: പഴയൊരു ചാർമിനാർ പരസ്യം: ജാക്കിഷ്റോഫാണ് മോഡൽ!)