‘ഒരിക്കൽ വാങ്ങിയാൽ, ഒരു പേന മഷി നിറയ്ക്കാതെ 15 വർഷം എഴുതാം’

524

N S Arun Kumar എഴുതുന്നു 

1945 ഒക്ടോബർ 29-ന് ന്യൂയോർക്കിലെ സ്ട്രീറ്റ് 32-ലെ ‘ഗിംബെൽസ് ഡിപ്പാർട്ട്മെന്റ് സ്റ്റോറിനു മുന്നിൽ ഒരു വലിയ ബഹളം ഉണ്ടായി. അമ്പതോളം പോലീസുകാർ ശ്രമിച്ചിട്ടും ജനക്കൂട്ടം പിരിഞ്ഞുപോയില്ല. ഒരു പുതിയ പേന വാങ്ങാൻ വന്നവരായിരുന്നു അവർ. പേന 30,000 അന്ന് വിറ്റുപോയി. കിട്ടാത്തവർ അടിനടത്തി. അതായിരുന്നു പ്രശ്നം.

N S Arun Kumar
N S Arun Kumar

ഒരിക്കൽ വാങ്ങിയാൽ, ഒരു പേന മഷി നിറയ്ക്കാതെ 15 വർഷം എഴുതാം. അതായിരുന്നു പരസ്യം. അതിനുമുമ്പ് ആരും അത്തരമൊരു പേന കണ്ടിട്ടില്ല, എഴുതി നോക്കിയിട്ടില്ല, അതുകൊണ്ട് തിരക്കുണ്ടാക്കിയവരെ പോലീസിനുപോലും ഒന്നും പറയാൻ പറ്റിയില്ല.

ഫ്ളാഷ് ബാക്ക്:

1920-കളുടെ അവസാനത്തിലെ ഒരു രാത്രിയിൽ, ഹംഗറിയിലെ ഒരു പത്രമോഫീസിൽ ജേർണലിസ്റ്റ് ആയിരുന്ന ലാസ്ലോ ജോസഫ് ബിറൊ(Lazlo Jozsef Biro) ദേഷ്യം വന്ന് നിലത്തു ചവിട്ടി. പേനയിൽ മഷി തീർന്നിരിക്കുന്നു. മഷിക്കുപ്പിയും കാലി. അതേസമയം പ്രസിൽ മഷിയുണ്ട്. പാട്ട കണക്കിനുണ്ട്. വിലയും കുറവാണ്. നേരേ പോയി അതിൽ നിന്നും കുറച്ചെടുത്ത് പേനയിൽ നിറച്ചു. എഴുതിനോക്കി. പേന പോയിക്കിട്ടി!

പക്ഷേ വിട്ടില്ല. അനുജനോട് പറഞ്ഞു. അവൻ കെമിസ്റ്റാണ്. പേര് ജോർജി (Gyorgy). അവൻ പറഞ്ഞു, അച്ചടിയന്ത്രം പ്രവർത്തിക്കുന്നല്ലോ, എങ്കിൽ ഈ മഷികൊണ്ട് പേനയും പ്രവർത്തിക്കും. 50-വർഷംമുമ്പ് ജോൺ ജെ. ലൗഡ് (John J. Loud) അങ്ങനെയേതാണ്ട് ഉണ്ടാക്കിയിട്ടുണ്ട്. ഞാനൊന്നു നോക്കട്ടെ: ഒരു ബോൾ. ബെയറിങുപോലെ അതൊരു സോക്കറ്റിൽ കറങ്ങും. അതിന്റെ മുകളിലൂടെ മഷി പറ്റിപ്പിടിച്ചു കൊടുക്കണം. താഴെ പേപ്പർ വെച്ചുകൊടുക്കണം. ബോൾ ഉരുണ്ടാൽ പേപ്പറിൽ മഷി പറ്റും! 1931-ൽ ബുഡാപെസ്റ്റിലെ ഇന്റർനാഷണൽ ഫെയറിൽ ആ പേന പ്രദർശിപ്പിച്ചു.

അതിനിടെ രണ്ടാം ലോകമഹായുദ്ധം വന്നു. ബിറോയും അനുജനും നാസികളെ പേടിച്ച് അർജന്റീനയിലേക്ക് പാലായനം ചെയ്തു. അവിടെ പേന വിറ്റു: ‘ബിറോ പെൻ’ (Biro Pen). ലോകത്തിലെ ആദ്യത്തെ ബോൾപോയിന്റ് പെൻ.

No photo description available.1945-ജൂണിൽ ചിക്കാഗോയിൽ നിന്നുള്ള ഒരു ബിസിനസ്സുകാരൻ അർജന്റീനയിലെ ബ്രൂണസ്അരീസിലെത്തി. ‘ബിറോ പേന’ കണ്ടു. ഒരെണ്ണം വാങ്ങി. തിരികെ നാട്ടിലെത്തിയശേഷം അത് ‘റിവേഴ്സ് എന്ജിനീയറിംഗി’നു വിധേയമാക്കി ഒരു പേന നിർമ്മിച്ചു. ഒരു പരിചയക്കാരന്റെ കടയിൽ കൊടുത്തു. അയാൾ വലിയ പരസ്യം കൊടുത്ത് അത് വിറ്റു: 1945 ഒക്ടോബർ 29-ന്. അന്നുണ്ടായ ബഹളമാണ് നാം നേരത്തേ കണ്ടത്. വെറുമൊരു തുടക്കക്കാരൻ- എന്റർപ്രണർ ആയിരുന്ന ചെറുപ്പക്കാരൻ പെട്ടെന്ന് വലിയ ധനികനായി. അയാളുടെ പേര് ആർക്കും അറിയില്ലായിരുന്നു, അപ്പോഴും, അവർ വാങ്ങിയ പേനയിൽ അത് എഴുതിയിട്ടുണ്ടായിരുന്നുവെങ്കിലും- റെയ്നോൾഡ്സ് , മിൽട്ടൺ റെയ്നോൾഡ്സ് (Milton Reynolds).

റെയ്നോൾഡ്സ് ഉടനേ തന്നെ തന്റെ പേന പേറ്റന്റ് ചെയ്തു. ബിറോയുടെ പേനയ്ക്ക് പേറ്റന്റ് ഉണ്ടായിരുന്നു. എന്നാൽ, റെയ്നോൾഡ്സ് അത് മറികടന്നു: തന്റെ പേനയിലെ ബോളിലേക്ക് മഷി പടരുന്നത് ഗുരുത്വാകർഷണം (Garvity) മൂലമാണെന്ന് പറഞ്ഞു. ബിറോപേനയിൽ ‘കേശികത്വം’ (Capillary Action) ആണെന്നും വാദിച്ചു. പേറ്റന്റ് കിട്ടി.

1948-ൽ, യൂറോപ്യൻ റെയ്നോൾഡ്സ് പുറത്തിറക്കി. ഫ്രാൻസിൽ അതിനായി ഒരു ഫാക്ടറി തുടങ്ങി. ചിക്കാഗോയിൽ മെയിൻ ഫാക്ടറിയും.

പരസ്യത്തിനായി കുറച്ച് കോടി കത്തിച്ചു. ഒരു വിമാനം വാടകയ്ക്കെടുത്ത് ‘Reynolds Bombshell’ എന്ന് പേരിട്ടു. ലോകം മുഴുവനും ചുറ്റി. 79 മണിക്കൂറിന്റെ യാത്ര. ആയിരക്കണക്കിന് പേനകൾ ഓരോയിടത്തും വിതരണം ചെയ്തു. അങ്ങനെ അമേരിക്കയിൽ നിന്നുള്ള ‘റോക്കറ്റ് പെൻ’ ലോകപ്രശസ്തമായി.

1980-ൽ ഇന്ത്യയിലെത്തി. ഇവിടെ ജിഎം പെൻ ഇന്റർനാഷണൽ എന്ന കമ്പനി റെയ്നോൾഡ്സിന്റെ ലൈസൻസി ആയി. ഇന്ത്യൻ റെയ്നോൾഡ്സ് പുറത്തിറങ്ങി. മഷിപ്പേനയും ഹീറോയും പാർക്കറുമെല്ലാം വഴിമാറി. കാരണം വില തുച്ഛം! പഴയ ചില മലയാളം വാദ്ധ്യാർമാർ മാത്രം “കൈയ്യക്ഷരം.. കൈയ്യക്ഷരം..” എന്ന് വിലപിച്ചുകൊണ്ടിരുന്നത് ആരും കേട്ടില്ല.

റെയ്നോൾഡ്സ് പക്ഷേ യൂറോപ്പിലും അമേരിക്കയിലും പൊളിഞ്ഞു. ഫ്രാൻസിലെ കമ്പനി പൂട്ടിയത് വലിയ തൊഴിൽപ്രശ്നത്തിനിടയാക്കി. മിൽട്ടൺ റെയ്നോൾഡ്സ് പക്ഷേ നേരത്തെ മരിച്ചിരുന്നു, ധനികനായിത്തന്നെ, 1978-ൽ, മെക്സിക്കോയിൽ.

2016 മേയിൽ റെയ്നോൾഡ്സ് പേന നിർമ്മിച്ചിരുന്ന ഇന്ത്യൻ കമ്പനി അതിന്റെ ഉൽപാദനം നിറുത്തി. പകരം, അതേ മാതൃകയിൽ പുതിയൊരു പേന പുറത്തിറക്കി: Rorito.

റെയ്നോൾഡ്സ് പേന പക്ഷേ രാജ്യാന്തരവിപണിയിൽ ഇപ്പോഴുമുണ്ട്: പാർക്കർ പേനയെയും മറ്റുള്ളവയേയും വിഴുങ്ങിയ ഭീമൻ: Newel ആണ് അത് നിർമ്മിക്കുന്നതെന്നു മാത്രം!