ഹേമന്ത് ജി. നായർ സൂരജ് വെഞ്ഞാറമ്മൂടിനെയും ധ്യാൻ ശ്രീനിവാസനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയുന്ന ചിത്രമാണ് ‘ഹിഗ്വിറ്റ’ . എന്നാൽ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തയുടനെ തന്നെ എഴുത്തുകാരൻ എൻ എസ് മാധവൻ ആ ടൈറ്റിലിന് മേൽ അവകാശവാദം ഉന്നയിക്കുകയും ആ പേര് തനിക്കുമാത്രം അവകാശപ്പെട്ടതാണ് എന്ന് വാദിക്കുകയും ചെയ്തു. എൻ എസ് മാധവന്റെ കഥയുടെ പേരാണ് ‘ഹിഗ്വിറ്റ’ . തലക്കെട്ടിന്മേല്‍ തനിക്ക് അവകാശമില്ലാതെ പോകുന്നത് ദു:ഖകരമാണ് എന്നായിരുന്നു എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തത്. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ചു KV Mohan Kumar സോഷ്യൽ മീഡിയായിൽ ചെയ്ത കുറിപ്പാണു ശ്രദ്ധിക്കപ്പെടുന്നത്. കുറിപ്പ് വായിക്കാം

അനുവാദം നൽകാൻ എൻ .എസ്‌ .മാധവനാര് ? ഹിഗ്വിറ്റയുടെ തലതൊട്ടപ്പനോ ?

KV Mohan Kumar

ഒ വി വിജയൻറെ ‘ഖസാക്കിന്റെ ഇതിഹാസം ‘ എന്ന പ്രശസ്തമായ നോവലിന്റെ പേര് ആ രചനയുമായി ബന്ധമില്ലാത്ത സിനിമയ്ക്കിട്ടാൽ പ്രതിഷേധിക്കുന്നതിലും പേര് വിലക്കുന്നതിലും അർത്ഥമുണ്ട്.എന്നാൽ ലോകത്തെമ്പാടുമുള്ള ഫുട് ബോൾ പ്രേമികളുടെ നാവിൽ തത്തിക്കളിക്കുന്ന കൊളംബിയൻ ഗോളി ജോസ് റെനേ ഹിഗ്വിറ്റ യുടെ പേര് ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയ്ക്ക് നൽകിയതിന്റെ പേരിൽ ഇത്രയേറെ ഹാലിളകുന്നതെന്തിന്? സിനിമയുടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റർ ഇറങ്ങിയ വേളയിൽ എൻ എസ്‌ മാധവൻ അതിനെതിരെ പ്രതിഷേധിച്ചതും ‌ ഫിലിം ചേംബർ ആ പേരിനു വിലക്ക് ഏർപ്പെടുത്തിയതും തികഞ്ഞ അസംബന്ധമാണ് .ഫിലിം ചേംബർ ഈ വിഷയത്തിൽ ആരുടെ ഒപ്പമാണ് നിൽക്കേണ്ടത് ?ചെറിയ ബജറ്റിൽ ആ സിനിമ സാക്ഷാത്കരിച്ച നവാഗത സംവിധായകനും ടീമിനും ഒപ്പമോ അതോ യുക്തിക്ക് നിരക്കാത്ത അവകാശവാദം മുഴക്കുന്ന വ്യക്തിക്കൊപ്പമോ ?

ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്കിടാൻ എൻ എസ്‌ മാധവന്റെ അനുവാദം വേണമെന്ന് ഫിലിം ചേംബർ ഉത്തരവിറക്കാൻ എൻ എസ്‌ മാധവനാര് ,റെനേ ഹിഗ്വിറ്റയുടെ തല തൊട്ടപ്പനോ ? വലിയ മനസ്സുണ്ടെന്ന് പുറമെ ഭാവിക്കുന്ന പലരും ചെറിയ കാര്യങ്ങൾ പോലും ഉൾക്കൊള്ളാനാവാത്ത സങ്കുചിത മനസ്ക്കരാണ് എന്നതിന് തെളിവാണിത്.എൻ എസ്‌ മാധവന്റെ കഥ വായിക്കും മുൻപേ ശരാശരി ഫുട് ബോൾ പ്രേമിയായ ഞാൻ പോലും റെനെ ഹിഗ്വിറ്റയെ കേട്ടിട്ടുണ്ട് .അത്കൊണ്ടാണ് എൻ എസ്‌ മാധവന്റെ മനോഹരമായ ആ കഥ ആസ്വദിക്കാൻ കഴിഞ്ഞതും.ഒ വി വിജയൻ ‘ഖസാക്കിന്റെ ഇതിഹാസ’വും എം മുകുന്ദൻ ‘മയ്യഴിപ്പുഴയുടെ തീരങ്ങ’ളും coin ചെയ്ത്‌ എടുത്തതാണ് .എൻ എസ്‌ മാധവന്റെ ‘ഹിഗ്വിറ്റ ‘ അങ്ങനെയല്ല.അദ്ദേഹത്തിന്റെ ‘വൻ മരങ്ങൾ വീഴുമ്പോൾ ‘ അഥവാ ‘ലന്തൻ ബത്തേരിയിലെ ലുത്തീനിയകൾ ‘ ശീർഷകങ്ങൾ ആരെങ്കിലും അതുമായി ബന്ധമില്ലാത്ത സിനിമയുടെ പേരാക്കിയിരുന്നെങ്കിൽ ഞാൻ എൻ എസ്‌ മാധവനോടൊപ്പം നിന്നേനെ.എന്നാൽ ‘ഹിഗ്വിറ്റ ‘അങ്ങനെയല്ല .

ഇന്ന് ഹേമന്ദ് നായരുടെ സിനിമയ്ക്ക് ആ പേര് നൽകിയതിനെ ചോദ്യം ചെയ്യുന്ന എൻ എസ്‌ മാധവന് ‘ഹിഗ്വിറ്റ ‘എന്ന പേര് കഥയ്ക്കിടാൻ അന്ന് ആരാണ് അനുമതി നൽകിയത് ? ആ പേരിന്റെ ഉടമയായ റെനേ ഹിഗിറ്റയുടെ അനുമതി അദ്ദേഹം തേടിയിരുന്നോ ? അല്ലെങ്കിൽ ലോകം മുഴുവൻ ഉരുവിടുന്ന ആ പേരിന്റെ കുത്തക അദ്ദേഹത്തിന് അവകാശപ്പെടുന്നതെങ്ങനെ ?

ഒരു നവ സംവിധായകനായ ഹേമന്ദ് നായരും അദ്ദേഹത്തിന്റെ ടീം അംഗങ്ങളും ചേർന്ന് എത്ര ത്യാഗം അനുഭവിച്ചായിരിക്കും ആ ചിത്രം നിർമിച്ചത് ? അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി കഴിഞ്ഞ്‌ പേരിന്റെ പേരിൽ യുക്തിക്കും ന്യായത്തിനും നിരക്കാത്ത ഈ കോലാഹലം ഇളക്കി വിടുന്നത് എൻ എസ്‌ മാധവനെപ്പോലൊരു മുതിർന്ന എഴുത്തുകാരന് ചേർന്നതല്ല. വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി ‌ നടത്തുന്ന അഭ്യാസമാണിതെങ്കിൽ ‘ഹാ കഷ്ടം !’

Leave a Reply
You May Also Like

മോഹൻലാൽ നായകനാകുന്ന ബിഗ്ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’; ഷൂട്ടിങ്ങ് ഈ മാസം അവസാനത്തോടെ ആരംഭിക്കും

പി ആർ ഒ – ശബരി കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ…

പ്രതീക്ഷകൾ വാനോളം ഉയർത്തി രാജാവിന്റെ വരവറിയിച്ച് കിംഗ് ഓഫ് കൊത്തയുടെ പോസ്റ്റർ

പി ആർ ഓ പ്രതീഷ് ശേഖർ. പ്രതീക്ഷകൾ വാനോളം ഉയർത്തി രാജാവിന്റെ വരവറിയിച്ച് കിംഗ് ഓഫ്…

അദ്ഭുതങ്ങളുടെ വിസ്മയലോകം: കല്‍ക്കിയുടെ ട്രെയിലര്‍ എത്തി

അദ്ഭുതങ്ങളുടെ വിസ്മയലോകം തന്നെയാണ് സംവിധായകന്‍ നാഗ് അശ്വിന്‍ സൃഷ്ട്ടിച്ചിരിക്കുന്നത്. 3 മിനിറ്റ് നീളമുള്ള ട്രയിലറില്‍ പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, ശോഭന, ദിഷ പട്ടാണി, കമല്‍ഹാസന്‍ തുടങ്ങിയവര്‍ എത്തുന്നു

ഈവർഷം ഏറ്റവും കളക്ഷൻ നേടിയ സിനിമകൾ, മമ്മൂട്ടിയും സുരേഷ്‌ഗോപിയും പൃഥ്വിരാജും ടൊവീനോയും കസറി !

കോവിഡ് കാലത്തുനിന്നും തിയേറ്ററുകൾ കരകയറിക്കൊണ്ടിരിക്കുകയാണ്. അനവധി ചിത്രങ്ങളാണ് വമ്പൻ കളക്ഷൻ നേടിയിരിക്കുന്നത്. തിയേറ്ററുകളിൽ ആളുകൾ എത്തുന്നില്ല…