സ്ത്രീകൾക്കു മാത്രം എഴുതാനും, വായിക്കാനും അറിയുന്ന ഭാഷ ഏതാണ് ?

അറിവ് തേടുന്ന പാവം പ്രവാസി

വനിതകൾ മാത്രം എഴുതുകയും, വായിക്കുകയും ചെയ്യുന്ന ഒരു ഭാഷ ഉണ്ട്. ചൈനയുടെ തെക്കു കിഴക്കൻ പ്രദേശത്തുള്ള ഹുനാൻ പ്രവിശ്യയിൽ ജിയാങ് യോങ് ഗ്രാമത്തിൽ ;പേര് നുഷു (Nushu ). മൂവായിരം വർഷം മുൻപു ഷാങ് രാജവംശത്തിന്റെ കാലത്താണ് നുഷു ഭാഷ രൂപംകൊണ്ടത്. അന്നും, ഇന്നും ലോകത്ത് സ്ത്രീകൾക്കു മാത്രമായി ഒരു ഭാഷയുണ്ടെങ്കിൽ അതു നുഷു മാത്രം.മലയോര പ്രദേശത്തു താമസിക്കുന്നവരേറെ യും ഗോത്രവാസികൾ. അവിടെയുള്ള സ്ത്രീകളാണ് നുഷു ഭാഷ ഉപയോഗിച്ചിരുന്നത്. മുളങ്കമ്പു ചതച്ചു മഷിയിൽ മുക്കിയാണ് എഴുത്ത്. തൂവാല, വിശറി, തുണിക്കഷണം എന്നിവയിലാണ് എഴുതിയിരുന്നത്.നുഷുവിൽ അക്ഷരങ്ങൾക്കു പകരം ചിഹ്നങ്ങളാണ്. മുകളിൽ നിന്നു താഴേയ്ക്കു വരയ്ക്കുന്ന ചിത്രങ്ങൾ പോലെയുള്ള അടയാളങ്ങൾ. പെൺകുട്ടികൾ മറ്റാരോടും പറയാനാവാത്ത സങ്കടങ്ങൾ ഈ അക്ഷരങ്ങളിലൂടെയാണ് അമ്മമാരെ അറിയിച്ചിരുന്നത്. പണ്ടു ചൈനീസ് ഭാഷ പഠിക്കാൻ സ്ത്രീകൾക്ക് അവകാശമു ണ്ടായിരുന്നില്ല.

അതിനു പ്രതിവിധിയായി ആ നാട്ടിലെ ‘അക്ഷര ദാഹികളായ’ പെൺകുട്ടികളിൽ ഒരാൾ രഹസ്യമായി ചിട്ടപ്പെടുത്തിയതാണു നുഷു ഭാഷ. ആരാണ് നുഷു ചിട്ടപ്പെടുത്തിയതെന്ന് ആർക്കും അറിയില്ല. ‘പൂർവികരായ സഹോദരിമാർ’ എന്നാണ് ഇതിനെക്കുറിച്ച് ഗവേഷണം നടത്തുന്നവരുടെ മറുപടി. പുരാതന കാലത്ത് സ്ത്രീകൾ ഒത്തു ചേർന്ന സദസ്സുകളിൽ ഗോത്രത്തിലെ ഗായികമാർ നുഷു ഭാഷയിൽ പാട്ടു പാടിയിരുന്നു. പുരുഷ കേസരികളിൽ പലരും ചെവിയോർത്തെങ്കിലും എന്താണു പെണ്ണുങ്ങൾ പറയുന്നതെന്ന് അവർക്കു മനസ്സിലായില്ല. സ്ത്രീകളുടെ ശിഷ്യരായി നുഷു ഭാഷ പഠിക്കുന്നത് അവർ ‘അഭിമാനത്തിനു കുറച്ചിലായി’ കരുതി. അതിനാൽ ഗോത്രത്തിലെ ആണുങ്ങൾക്കു നുഷു ഭാഷ ‘തീണ്ടാപ്പാട്’ അകലെയായിരുന്നു. ‘കൊതുകു ഭാഷ’ എന്നു പരിഹസിച്ചാണ് അവർ ചൊരുക്കു തീർത്തിരുന്നത്. ദേഷ്യവും, സങ്കടവും ഉള്ളിലൊക്കിയ സ്ത്രീകൾ നുഷു പാട്ടിലൂടെ പരിഹാസത്തിനു മറുപടി നൽകി. ഏതോ ഈണം എന്നതിനപ്പുറം എന്താണ് പെണ്ണുങ്ങൾ പറയുന്നതെന്നു മനസ്സിലാക്കാൻ പുരുഷന്മാർക്കു സാധിച്ചില്ല.ഈ പ്രദേശത്തു പതിനെട്ടു ഗ്രാമങ്ങളാണുള്ളത്. ഒരു ഗ്രാമത്തിൽ താമസക്കാർ ഇരുനൂറു പേർ. അവിടെയാണ് നുഷു ഭാഷാ മ്യൂസിയവും, പഠനകേന്ദ്രവും പ്രവർത്തിക്കുന്നത്.

ഗോത്ര ഭരണകാലത്ത് സ്ത്രീകൾക്കു പരസ്പരം കാണാനും , സംസാരിക്കാനും അവസരം ഉണ്ടായിരുന്നില്ല. അക്കാലത്തു സ്ത്രീകളെ പരസ്പരം ബന്ധിപ്പിച്ചിരുന്ന കണ്ണിയാണ് നുഷു. സങ്കടങ്ങളും, സന്തോഷവും പങ്കുവയ്ക്കാൻ നുഷു മാത്രമായിരുന്നു ആശ്രയം. തുണിക്കഷ ണങ്ങളിൽ അക്ഷരങ്ങൾ വരച്ച് അവർ ആശയവിനിമയം നടത്തി. വിവാഹം കഴിഞ്ഞതിനു ശേഷം ഭർതൃവീടുകളിൽ ഒറ്റപ്പെട്ടു പോയ സ്ത്രീകൾ അമ്മയെ വിവരങ്ങൾ അറിയിച്ചിരുന്നത് ഈ ഭാഷയിലൂടെയാണ്. പൂർവകാലത്തെ സ്ത്രീകളുടെ ദുരിതം യുവ തലമുറയെ പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.

ഗോത്ര ഭരണത്തിന്റെ കാലത്ത് സ്ത്രീകൾ ഒത്തുകൂടുന്നതു വീടുകളിലെ വിശേഷ ദിവസങ്ങളിൽ മാത്രമാണ്. പിറന്നാൾ, ആണ്ടറുതി, വിവാഹം തുടങ്ങിയ ചടങ്ങുകൾക്ക് പെണ്ണുങ്ങൾക്കു പരസ്പരം കാണാം. വിവാഹ സമ്മാനമായും , പിറന്നാൾ ആശംസകളായും സ്ത്രീകൾ നൽകിയിരുന്നതു കൈത്തറിയിൽ നെയ്ത തൂവാലകളായിരുന്നു. നുഷു ഭാഷയിൽ അക്ഷരങ്ങൾ രേഖപ്പെടുത്തിയ തൂവാലകൾ ആധുനിക എംബ്രോയ്ഡറിയെക്കാൾ മനോഹരം. ഈ ഗ്രാമത്തിലെ പഴയ തറവാടുക ളിൽ പാരമ്പര്യത്തിന്റെ അടയാളമായി ഇത്തരം തൂവാലകൾ കാത്തു സൂക്ഷിച്ചിരുന്നു.

സോവു ഷോയ് എന്ന ഗവേഷകനാണ് നുഷു ഭാഷ സംരക്ഷിച്ചത്. സോവുവിന്റെ അമ്മായിയെ ഈ ഗ്രാമത്തിലേക്കാണ് വിവാഹം കഴിച്ചയച്ചത്. 1950ൽ ബന്ധുവീട്ടിലെത്തിയ സോവു ആദ്യമായി നുഷു ഭാഷയെ കുറിച്ച് അറിഞ്ഞു. ചരിത്ര ഗവേഷണത്തിൽ തൽപരനായ സോവു നാട്ടുഭാഷയെ കുറിച്ച് പഠനം തുടങ്ങി. അക്ഷരങ്ങൾ ചേർത്തെഴുതി അക്ഷരമാല ചിട്ടപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ, മാവോ സെ ദുങ്ങിന്റെ നേതൃത്വത്തിൽ ഗ്രാമങ്ങളിലേക്ക് ഇരച്ചെത്തിയ വിപ്ലവകാരികൾ സോവുവിന്റെ പ്രവർത്തനങ്ങൾ തടഞ്ഞു. ഭൂപ്രഭുക്കന്മാരുടെ അന്തപ്പുരങ്ങളിലെ ഈണമാണ് നുഷു ഭാഷയെന്നു മാവോ അനുയായികൾ കുറ്റപ്പെടുത്തി. നുഷു ഭാഷ സംരക്ഷിക്കാനിറ ങ്ങിയ സോവു ‘വലതുപക്ഷക്കാരൻ’ ആണെന്നു മുദ്രകുത്തി. പലയിടങ്ങളിൽ നിന്നായി സോവു ശേഖരിച്ച ഭാഷാ ശേഷിപ്പുകൾക്കു തീയിട്ടു. 1979ൽ സോവുവിനെ അറസ്റ്റു ചെയ്തു. ശത്രുക്കളെന്നു മാവോ അനുയായികൾ കരുതിയിരുന്ന ആളുകളെ പൂട്ടിയിട്ടിരുന്ന ലേബർ ക്യാംപിൽ സോവുവിനെ തടവിലാക്കി. നാട്ടുഭാഷ സംരക്ഷിച്ച ‘കുറ്റത്തിന്’ 21 വർഷം അദ്ദേഹത്തിനു തടങ്കലിൽ കഴിയേണ്ടി വന്നു.

2000ൽ ജയിൽ മോചിതനായ സാവോ തന്റെ അക്ഷരങ്ങൾ പൊടി തട്ടിയെടുത്തു. നുഷു വാക്കുകൾ ചൈനീസ് ഭാഷയിലേക്ക് മൊഴി മാറ്റം ചെയ്ത് നിഖണ്ടു തയാറാക്കി. നുഷു ഭാഷ എഴുതാനും , സംസാരിക്കാനും അറിയുന്ന ഒരാൾ ഡിക്‌ഷനറി പ്രകാശനം ചെയ്യണമെന്ന് സോവുവിന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയൊരാളെ തിരഞ്ഞ് അദ്ദേഹം ജിയോങ് യോങ് ഗ്രാമം മുഴുവനും അലഞ്ഞു. പുരാതന ഭാഷയുടെ അനന്തരാവകാശിയായി ഒരേയൊരു സ്ത്രീ മാത്രമേ അവശേഷിച്ചിരു ന്നുള്ളൂ. പേര് യാങ് ഹുവാൻയി. സോവു മരിക്കുന്നതിന് ഒരു വർഷം മുൻപ് 2003ൽ നുഷു ഡിക്‌ഷനറി പ്രകാശനം ചെയ്തു. അന്നു ചൈനീസ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തയുടെ ഹൈലൈറ്റ് യാങ് ഹുവാൻയി എന്ന വനിത ആയിരുന്നില്ല. ‘നുഷു ഭാഷ എഴുതാനും വായിക്കാനും പഠിച്ച ഒരേയൊരു പുരുഷൻ – സോവു’ ചൈനക്കാർ ആ ഭാഷാപണ്ഡിതനെ അദ്ഭുതത്തോടെ വായിച്ചറിഞ്ഞു.

നുഷു ഭാഷ എഴുതാനും , വായിക്കാനും അറിയുന്ന അവസാനത്തെ ഗോത്ര വനിത പതിനാറു വർഷം മുൻപ് അന്തരിച്ചു. അതിനു ശേഷം ഭാഷ ഗവേഷകർ ചൈനയുടെ പൈതൃക ഭാഷ സംരക്ഷിക്കണമെന്ന് ആവശ്യവുമായി രംഗത്ത് എത്തി. പിന്നീട്, ചൈനീസ് സ്റ്റെറ്റ് കൗൺസിൽ ‘ഇൻടാൻജിബിൾ കൾചറൽ ഹെറിറ്റേജ്’ വിഭാഗത്തിൽ നുഷു ഭാഷയെ ഉൾപ്പെടുത്തി. 2006ൽ സംരക്ഷിത ഭാഷയായി പ്രഖ്യാപിച്ചെങ്കിലും ഇന്നും നുഷു എഴുതാനും പഠിക്കാനും എത്തുന്നത് വളരെ കുറച്ചു പേർ മാത്രം.

You May Also Like

സ്ത്രീകളും പുരുഷന്മാരും മൂത്രമൊഴിക്കേണ്ടത് നിന്നുകൊണ്ടോ, അതോ ഇരുന്നുകൊണ്ടോ ? നമ്മൾ മൂത്രമൊഴിക്കുമ്പോൾ ശരീരത്തിനുള്ളിൽ നടക്കുന്ന പ്രക്രിയ എന്തെല്ലാമാണ് ?

സ്ത്രീകളും പുരുഷന്മാരും മൂത്രമൊഴിക്കേണ്ടത് നിന്നുകൊണ്ടോ, അതോ ഇരുന്നുകൊണ്ടോ ? നമ്മൾ മൂത്രമൊഴിക്കുമ്പോൾ ശരീരത്തിനുള്ളിൽ നടക്കുന്ന പ്രക്രിയ…

കണ്ടാൽ സുന്ദരൻ രോമമില്ലെങ്കിൽ ഭീകരൻ

ധ്രുവക്കരടിയുടെ യഥാര്‍ത്ഥ നിറം എന്താണ്? അറിവ് തേടുന്ന പാവം പ്രവാസി കരടി വർഗ്ഗത്തിലെ ഏറ്റവും വലിയ…

കോക്കനട്ട് , ബിരിയാണി ഇവയ്ക്ക് പിന്നിലുള്ള കഥ എന്ത് ?

ധൈര്യശാലിയായ ആ നാവികനെ പേടിപ്പിച്ച ഫലം ഏതാണെന്നോ ? നമ്മുടെ സാക്ഷാൽ തേങ്ങ. നീളൻ മരത്തിന്റെ ഫലം ഇഷ്ടമായെ ങ്കിലും പോർച്ചുഗീസുകാർ അതിനെ Coco എന്നുതന്നെ വിളിച്ചു. പിന്നീട് ഇംഗ്ലീഷുകാർ കോക്കനട്ട് എന്നുപേരിട്ട് ഡിക്ഷണറിയിലും ചേർത്തു.

എന്താണ് ഗൂഗിൾ സ്റ്റേഡിയ ?

എല്ലാ ഗൂഗിൾ ഉപയോക്താക്കൾക്കും ഒരേ സമയം ഗെയിം കളിക്കാവുന്ന വെർച്വൽ ഗെയിം കൺസോളാണ് ഗൂഗിൾ സ്റ്റേഡിയ