Bineesh K Achuthan
ജൂബിലി ജോയി – ജോഷി – ഡെന്നീസ് ജോസഫ് – മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന 1986 – ലെ ഓണ ചിത്രം. ആവനാഴിയുടെ അശ്വമേധത്തിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയി എങ്കിലും ഒട്ടേറെ വ്യത്യസ്ത ഉള്ള ചിത്രമായിരുന്നു ന്യായവിധി. ചാലിൽ ജേക്കബിന്റെ കഥക്ക് ഡെന്നീസ് ജോസഫ് തിരക്കഥയൊരുക്കിയ ന്യായവിധി, സുകുമാരന്റെ വ്യത്യസ്ത ഗെറ്റപ്പിന്റെ പ്രത്യേകതയാൽ പ്രീ റിലീസ് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ്. തമിഴ് നടൻ ത്യാഗരാജൻ ചെയ്യാനിരുന്ന വേഷമാണ് സുകുമാരൻ ചെയ്തത്. ആ കാരക്ടർ സുകുമാരനിലേക്കെത്തിയപ്പോൾ തമിഴ് വംശജനു പകരം പാതി സായിപ്പായി മാറി.
ന്യായവിധിക്ക് വേണ്ടി തല മുണ്ഡനം ചെയ്യേണ്ടി വന്നപ്പോൾ ” ജോഷിയുടെ പടത്തിന് തലമുടിയല്ല തല തന്നെ മുറിക്കാനും തയ്യാറാണാശാനേ….” എന്നായിരുന്നു സുകുമാരന്റെ പ്രതികരണം എന്നെവിടെയോ വായിച്ചിട്ടുണ്ട്. മൂലകഥയിൽ ലാലു അലക്സ് അവതരിപ്പിക്കുന്ന കാവിൽ ജോണിയെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത് . ബാബു നമ്പൂതിരി അഭിനയിക്കുന്ന മഹർഷി മാത്യൂസ് എന്ന കഥാപാത്രം സിനിമയാക്കിയപ്പോൾ പ്രാധാന്യം കുറഞ്ഞ് പോയി എന്ന് ചിലർ അഭിപ്രായപ്പെടുകയുണ്ടായി. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ കാരക്ടറൈസേഷൻ പാളിപ്പോയതാണ് പടത്തിന്റെ പോരായ്മയെന്നാണ് വ്യക്തിപരമായി എന്റെ വിലയിരുത്തൽ. ലാലു അലക്സിന്റെ കാവിൽ ജോണി എന്ന കഥാപാത്രം ശ്രദ്ധേയമായ ഒരു വേഷമാണ്. രതീഷിന്റെ തിരക്ക് മൂലമാണ് ആ കഥാപാത്രം ലാലു അലക്സിലേക്കെത്തുന്നത്.
കഥയുടെ വളർച്ചയിൽ ക്രമാനുഗതം വികാസം പ്രാപിക്കുന്ന ഒരു കഥാപാത്രമായിരുന്നു കാവിൽ ജോണിയുടേത്. അക്കാലത്തെ ലാലു അലക്സിന്റെ സ്ഥിരം വില്ലൻ വേഷങ്ങൾക്കിടയിൽ എന്തു കൊണ്ടോ കാവിൽ ജോണി എന്ന കഥാപാത്രം അർഹിക്കുന്ന ശ്രദ്ധ പിടിച്ചു പറ്റിയില്ല. ന്യായവിധി പരാജയമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് ; എന്നാൽ ചിത്രത്തിന്റെ നിർമ്മാതാവായ ജൂബിലി ജോയ് ഈ ചിത്രം തനിക്ക് നഷ്ടം വരുത്തിയിട്ടില്ല എന്ന് ഈയിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. കുടുംബ നായകനായി തിളങ്ങി നിൽക്കേ ; അക്കാലത്തെ പ്രേക്ഷകർക്ക് ഒരു തരത്തിലും ഉൾക്കൊള്ളാനാവാത്ത പരമു എന്ന നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടി കാണിച്ച ധൈര്യം പ്രശംസനീയമാണ്.