ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം;സത്യാവസ്ഥയെന്ത് ?

0
852

ഒരു കുടുംബത്തെ കുരിശിലേറ്റരുത്.

ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം:സത്യാവസ്ഥയെന്ത് ?
സ്ഥലവാസിയായ ഷാനവാസ് ഖാന്റെ (E.Shanavas khan )കുറിപ്പ്

ഓച്ചിറയിൽ പതിമൂന്ന് വയസുള്ള രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെ ഒരുകൂട്ടം ആൾക്കാർ മാതാപിതാക്കളെ മര്ദിച്ചവശരാക്കിയ ശേഷം തട്ടിക്കൊണ്ടു പോയി.. ഇതാണ് വാർത്ത.
എൻറെ വീട്ടിൽനിന്നും ഒന്നര കിലോമീറ്റർമാത്രം അകലെയാണ് ഈ പറയുന്ന രാജസ്ഥാൻ സ്വദേശികൾ കഴിഞ്ഞ ആറുവർഷമായി വാടകക്ക് താമസിക്കുന്നത്. രണ്ടുവർഷം മുൻപ് ഞാൻ ആ വീട്ടിൽ പോവുകയും ആ കുട്ടികൾ സ്കൂളിൽ പോകാത്തതിനെ കുറിച്ച് സംസാരിക്കുകയും അവരുടെ ഫോട്ടോസ് എടുത്തു എഫ്ബിയിൽ പോസ്റ്റുകയും ചെയ്തതാണ്. ഞാൻ അവിടെ ചെല്ലുമ്പോൾ മൂന്നു ഫാമിലി ആയിരുന്നു ആ ചെറിയവീട്ടിൽ താമസം. ഏതാണ്ട് ഏഴോളം കുട്ടികളും. നാഷണൽ ഹൈവേയുടെ ഒരത്തായ് സ്ഥിതിചെയ്യുന്ന ചെറുതെങ്കിലും അടച്ചുറപ്പുള്ള വീട്. തൊട്ടരികയിലായി മൂന്നോളം വീടുകൾ അവിടെ പ്രദേശവാസികൾ ആയ മലയാളികൾ താമസിക്കുന്നു. പ്ലാസ്‌ട്രോ പാരീസിൽ ശില്പങ്ങൾ നിർമിച്ചു ഹൈവേയുടെ സൈഡിൽ തന്നെ നിർത്തിവെച്ചു വൈകുന്നതാണ് അവരുടെ ഉപജീവനമാർഗം. കഴിഞ്ഞ ആറുവർഷമായി തികച്ചും സമാധാനത്തോടെ സ്വന്തം നാടുപോലെകരുതി അവർ അവിടെ കഴിഞ്ഞുപോകുന്നു. ഇതാണ് കേരളത്തിലെ അവരുടെ ചരിത്രം.

ഇനി വിഷയത്തിലേക്ക് വരാം.എറണാകുളത് നിന്നും ട്രിവാൻഡ്രം പോകുന്ന നാഷണൽ ഹൈവേയിൽ കായംകുളത്തിനും കരുനാഗപ്പള്ളിക്കും മധ്യത്തിൽ ആയി ഓച്ചിറക്ക് അടുത്തുള്ള വലിയകുളങ്ങരയിൽ ആണ് സംഭവം. എൻറെ വീട് ചങ്ങൻകുളങ്ങര. തട്ടിക്കൊണ്ടു പോയി എന്ന് പറയപ്പെടുന്ന പയ്യന്റെ തൊട്ടടുത്ത വീട്ടിൽ വാടകക്ക് താമസിക്കുന്ന രാജസ്ഥാൻ കുടുംബത്തിലെ പെൺകുട്ടിയും പയ്യനും കഴിഞ്ഞ രണ്ടുവർഷമായി പ്രണയത്തിൽ ആണ്. മാധ്യമങ്ങൾ ചിലത് 13വയസെന്നും, ചിലത് പതിനഞ്ചു വയസെന്നും പറയുന്ന പെൺകുട്ടിക്ക് ഉദ്ദേശം ഒരു പതിനേഴു വയസ് പ്രായം വരും. കാഴ്ച്ചയിൽ അതിലേറെ പക്വത്വയും. കഴിഞ്ഞ ആറുവർഷമായി തൊട്ടയൽക്കാരായി കഴിഞ്ഞുവരുന്ന പെൺകുട്ടിയും,പയ്യനും. മുൻപൊരിക്കൽ ഇവർ രണ്ടുപേരും കൂടി ഒരുമിച്ചു ജീവിക്കുവാൻ വേണ്ടി നാടുവിടുകയുണടായി സംസ്ഥാനം കടക്കുന്നതിനു മുൻപ് പോലീസ് രണ്ടുപേരെയും പിടികൂടുകയൂം പ്രായപൂർത്തി ആകാത്തതിനാൽ രക്ഷകർത്താക്കളെ വിളിച്ചുവരുത്തി ഉപദേശം നൽകി വിട്ടയക്കുകയും ചെയ്തു. വീണ്ടും ഇവരുടെ പ്രണയം പഴയതുപോലെ തുടർന്നു. കഴിഞ്ഞ ദിവസം സുഹൃത്തുക്കളുടെ സഹായത്തോടെ രണ്ടുപേരും കൂടി നാടുവിടാൻ തീരുമാനിക്കുകയും തൊട്ടടുത്ത പരബ്രഹമഹോസ്പിറ്റലിന്റെ മുൻപിൽ വെച്ച് അമ്മയുടെ കൂടെ വന്ന പെൺകുട്ടി കാറിൽ കയറി പോവുകയുമാണ് ഉണ്ടായത്. കാറിൽ കയറുന്നത് തടഞ്ഞ അമ്മയെ പെൺകുട്ടിത്തന്നെ പിടിച്ചു തള്ളുകയും അമ്മ മറിഞ്ഞുവീഴുകയും ചെയ്തു.

രാത്രി പത്തരമണിക്ക് വീട്ടിൽ ചെന്ന് നാലുപേർ മാതാപിതാക്കളെ ആക്രമിച്ചു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന് പ്രചരിപ്പിക്കുന്നവർ ഒന്നോർക്കണം. നാഷണൽ ഹൈവേയോട് ചേർന്ന് നിൽക്കുന്ന വീട്, തൊട്ടടുത്ത പയ്യന്റെ വീട്‌പ്പെടെ പലവീടുകൾ. ഹൈവേയിൽ കൂടി ആസമയങ്ങളിൽ നിരന്തരം വാഹനങ്ങൾ പോകുന്നു. പോരാഞ്ഞിട്ട് ഹൈവേ പോലീസ് പത്തുമിനിറ്റ് ഇടവിട്ട് പെട്രോളിംഗ് നടത്തുന്നു. എങ്ങനെ സംഭവിക്കും അങ്ങനെ ഒരു സാഹചര്യത്തിൽ നിന്നും ഒരു പെൺകുട്ടിയെ വീട്ടുകാരെ ആക്രമിച്ചു കടത്തികൊണ്ടുപോകൽ. അതുമാത്രമോ പെൺകുട്ടിയുമായി പോയകാർ റയിൽവേസ്റേഷനിൽ ഉപേക്ഷിച്ചു ട്രേയിൽ ആണ് പയ്യനും പെൺകുട്ടിയും നാടുവിട്ടത്. ട്രെയിനിൽ തട്ടിക്കൊണ്ടു പോകൽ എങ്ങനെ സാധിക്കും.? കൗമാരത്തിന്റെ അറിവില്ലായ്‍മയിൽ രണ്ടുകൗമാരക്കാർക്ക് പറ്റിയ അബദ്ധത്തിൽ മുതലെടുപ്പ് നടത്തി രാഷ്ട്രീയം കളിക്കുന്നവർ ഒന്നോർക്കണം.പയ്യന്റെ വീട്ടിൽ അയാൾ മാത്രമല്ല സമൂഹത്തിൽ പൊതുരംഗത് നിൽക്കുന്ന അച്ഛനും,നിരപരാധിയായ അമ്മയും ഒരു സഹോദരിയും അയാൾക്കുണ്ട്.

സോഷ്യൽമീഡിയയിൽ കൂടിയും പത്രമാധ്യമങ്ങൾകൂടിയും കള്ളപ്രചാരണങ്ങൾ നടത്തി ആ കുടുംബത്തെ വേട്ടയാടുന്നവർ നാളെ വലിയൊരാപകടത്തിലേക്ക് അവരുടെ മാനസികാവസ്ഥയെ കൊണ്ടുചെന്നെത്തിക്കരുത്. പയ്യൻ ചെയ്തത് തെറ്റുതന്നെയാണ്. പ്രണയത്തിന്റെ പേരിൽ നിഷ്കളങ്കയായ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എന്തിന്റെ പേരിൽ ആയാലും വശീകരിച്ചു കൊണ്ടുപോകുന്നത് തെറ്റുതന്നെയാണ്. നിയമം അനുശാസിക്കുന്ന ശിക്ഷ അവർക്ക് കിട്ടുകതന്നെ വേണം. നിലവിൽ കൂടെ സഹായിക്കാൻ പോയ രണ്ടുപേരെ പോസ്കോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തുകഴിഞ്ഞു. ബാംഗ്ലൂരിലേക്ക് കടന്നുവന്നുകരുതുന്ന പെൺകുട്ടിക്കും പയ്യനുമായി പോലീസ് അന്വഷണം ആരംഭിച്ചു. ഉടനെ തന്നെ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അനാവശ്യ വാർത്തകൾ പ്രചരിപ്പിച്ചു അവരെയും അപകടകരമായ മാനസികാവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കരുത്. ഞങ്ങളുടെ നാട്ടുകാർ മറ്റെല്ലാ വ്യത്യാസവും മാറ്റിവെച്ചു പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം ഉണ്ട്. എല്ലാസഹായവും അവർക്കുവേണ്ടി ചെയ്തുകൊടുക്കുന്നുമുണ്ട്. പുറത്തുനിന്നു രാഷ്ട്രീയലാക്കോടെ വരുന്നവർക്ക് ഈ അവസരത്തിൽ രാഷ്ട്രീയനേട്ടം മാത്രമാണ് ലക്ഷ്യം. അവരുടെ കള്ളപ്രചാരണങ്ങളിൽ വിശ്വസിച്ചുകൊണ്ട് ഒരു കുടുംബത്തെ നിങ്ങൾ കുരിശിലേറ്റരുതേ…