Travel
കാട്ടിലെ അനുഭവങ്ങളിലൂടെ
കാടുകളിലൂടെയുള്ള സഞ്ചാരം നല്ല രസകരമായ അനുഭവം ആണ്. വയനാടന്‍ കാടുകള്‍ നല്കിയ ആവേശം ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. വീണ്ടും രണ്ട് കാട്ടു സവാരികളിലൂടെ.
63 total views

സന്തോഷത്തിലേക്കുള്ള കിളിവാതിലുകലാണ് ഒരു യാത്രകളും. മണ്ണിനെ അറിഞ്ഞ്, മനുഷ്യനെ അറിഞ്ഞ് , പ്രകൃതിയോടു സല്ലപിച്ച്, ഗ്രാമങ്ങളിലൂടെ, പട്ടണങ്ങളിലൂടെ, കാട്ടിലൂടെ അങ്ങിനെ ഒഴുകി നടക്കാന്‍ എന്ത് ഹരമാണ്. കാടുകളിലൂടെയുള്ള സഞ്ചാരം നല്ല രസകരമായ അനുഭവം ആണ്. വയനാടന്‍ കാടുകള്‍ നല്കിയ ആവേശം ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. വീണ്ടും രണ്ട് കാട്ടു സവാരികളിലൂടെ.
ഓടക്കയം എന്നൊരു സ്ഥലമുണ്ട് മലപ്പുറം ജില്ലയില്‍. കാട് എന്ന് കേട്ടപ്പോള്‍ ഇറങ്ങി പുറപ്പെട്ടതാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍. ചെറിയൊരു അങ്ങാടിയില്‍ നിന്നും കുറെ മേലോട്ട് കയറി പോകണം കാട്ടില്‍ എത്തിപ്പെടാന്‍. ചെറുപ്പത്തിന്റെ ആവേശം ക്ഷീണം തോന്നിച്ചില്ല. പക്ഷെ കുറെ കയറിയപ്പോള്‍ മുന്നോട്ടുള്ള യാത്ര ദുസ്സഹമായി. വലിയ കുണ്ടും കുഴികളുമൊക്കെയായി തീര്‍ത്തും പ്രയാസം നിറഞ്ഞ വഴികള്‍. അവിടെ ഒരു മുത്താച്ചി അപ്പൂപ്പന് (ഒരു ഇത്തിരി ഗ്രേഡ് കൂടുതലുള്ള ആദിവാസി സമൂഹം ആണെന്ന് തോന്നുന്നു) സഹായത്തിനെത്തി. നല്ല പേര മരത്തിന്റെ കൊമ്പ് മുറിച്ചു ഒരുക്കിതന്നു കുത്തി പിടിക്കാന്‍ . പിന്നെ അതും പിടിച്ചായി അഭ്യാസം.
സാഹസികമായ ശ്രമങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ കാടിനുള്ളിലെത്തി. വല്ലപ്പോഴും കാണുന്ന ഈറ്റ വെട്ടുന്ന ആള്‍ക്കാരെ ഒഴിച്ചാല്‍ കാടിനുള്ളില്‍ ഞങ്ങള്‍ ഒറ്റക്കാണ്. പേടിയില്ല എന്ന് പറഞ്ഞാല്‍ അത് കളവാകും. പക്ഷെ ഈ ഭയത്തിനും ഉണ്ട് ഒരു ത്രില്‍. നിഗൂഡമായ ഒരു സംതൃപ്തി. കുറെ കാട്ടുചോലകള്‍. നല്ല തെളിഞ്ഞ വെള്ളം. അപകടം ഇല്ല എന്ന് ഉറപ്പു തോന്നിയതിനാല്‍ കുളിക്കാന്‍ തീരുമാനിച്ചു. ഒരു തോര്‍ത്ത് എടുക്കാത്തതില്‍ വിഷമം തോന്നിയെങ്കിലും പരിസരം അനുകൂലമായതിനാല്‍ അണ്ടര്‍ വെയറില്‍ ഞാന്‍ അഡ്ജസ്റ്റ് ചെയ്തു. കാട്ടുപൊയ്കയിലെ നീരാട്ടും കഴിഞ്ഞു തിരിച്ചു കയറാന്‍ നോക്കുമ്പോഴാണ് സംഗതി കുഴഞ്ഞത്. അടുക്കിയ ചിരി വരുന്നത് എവിടന്നാണാവോ..? മരത്തിനു മുകളില്‍ തേനെടുക്കാന്‍ കയറിയ മുത്താച്ചി പെണ്ണുങ്ങള് ആണ്. പടച്ചോനെ..ഇവരെ മരം കയറ്റം ആര് പഠിപ്പിച്ചു. മാനം കപ്പല്‍ കയറുമോ..? ചോദ്യം കുറെ വന്നെങ്കിലും ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ അവരുടെ കയ്യില്‍ ഉണ്ടാവില്ല എന്നുറപ്പുള്ളതിനാല്‍ ഞാന്‍ ചാടി പാന്റിനുള്ളില്‍ കയറി.
ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ ചെന്ന് ചാടിയത് കൂടുതല്‍ കുഴപ്പത്തിലെക്കാണ്. കാടിന്റെ കൂടുതല്‍ അകത്തേക്ക് പോയതാണ് പ്രശ്നമായത്. ഒരു വലിയ മരത്തടിയും വലിച്ചു കുറച്ചാളുകള്‍ വരുന്നു. ഞങ്ങളെ കണ്ടതും മരവും ഉപേക്ഷിച്ചു എല്ലാവരും കാട്ടില്‍ മറഞ്ഞു . അത് കട്ട് മുറിച്ചു കൊണ്ടുവരുന്നതാണെന്ന് മനസ്സിലായി. ഒപ്പം പേടിയും. ഇനി തെളിവ് നശിപ്പിക്കാന്‍ ഇവരെങ്ങാനും ഞങ്ങളെ പിടിച്ചു ചാമ്പിയാലോ .
നിമിഷങ്ങള്‍ക്കകം മൂന്നാല് പേര് ഞങ്ങളെ മുമ്പില്‍ ചാടിവീണു. ആരാ എന്ന ചോദ്യത്തിന് മുമ്പേ ഏറ്റവും മുമ്പില്‍ നിന്നിരുന്ന റാഫിയുടെ പാന്റും അവന് നിന്ന ചുറ്റുവട്ടവും സാമാന്യം നന്നായി നനഞ്ഞു . സത്യം. ഏറ്റവും പുറകില്‍ ആയ തിനാല്‍ എനിക്ക് ചെറിയൊരു ശങ്ക മാത്രമേ വന്നുള്ളൂ. മാനക്കേടായില്ല. വല്ല ഫോറസ്റ്റ് ടീം ആണ് എന്ന് കരുതി തടഞ്ഞതാ. കാട് കാണാന്‍ വന്ന പീക്കിരികളാണ് എന്ന് മനസ്സിലായി അവര്‍ വെറുതെ വിട്ടു . പക്ഷെ അവിടെ നിന്ന് തന്നെ യു uturn എടുക്കാന്‍ വാണിങ്ങും തന്നു . അവര്‍ മരത്തടികാത്തു . ഞങ്ങള്‍ ഞങ്ങളുടെ തടിയും കാത്ത് വേഗം മടങ്ങി . കഴിച്ച ഭക്ഷണവും കാട് കാണാനുള്ള പൂതിയും ഒന്നിച്ച് ആവിയായി പോയി. തിരിച്ചിറങ്ങുമ്പോള്‍ ഞാനോര്‍ത്തത് ഒറിജിനല്‍ ഫോറസ്റ്റ് ഓഫീസേഴ്സിന്റെ അവസ്ഥയെ കുറിച്ചായിരുന്നു.
അടുത്ത സവാരി നിലമ്പൂര്‍ കാട്ടിലേക്കാണ്. കാനന കാഴ്ചകളുടെ പൂരണമാണ് നിലമ്പൂര്‍ കാടുകള്‍. പക്ഷെ കൂടുതല്‍ അകത്തേക്ക് കയറാന്‍ ആരും ധൈര്യപ്പെടില്ല. ഫോറസ്റ്റുക്കാരുടെ വെടിയോ നായാട്ടുക്കാരുടെ വെടിയോ ഏതാണ് ആദ്യം കിട്ടുക എന്ന് ഉറപ്പ് പറയാന്‍ പറ്റില്ല. പോകരുതെന്ന് അവര്‍ വാണിങ്ങും തന്നിരുന്നത് കൊണ്ട് എന്റെ വെടിയില്‍ നിന്നും നിങ്ങള്‍ക്കും കിട്ടി രക്ഷ. പക്ഷെ കാടിന്റെ ഭാഗം തന്നെയെങ്കിലും ഞങ്ങള്‍ നില്ക്കുന്ന ഈ സ്ഥലത്തിന്റെ ഭംഗി അവര്‍ണ്ണനീയം. കൂടുതല്‍ താഴെയുള്ള ചിത്രങ്ങള്‍ പറയുമെന്ന് തോന്നുന്നു.
64 total views, 1 views today