ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന സംഗീത സംവിധായകൻ 😃
Rajaneesh R Chandran
(ഒടുവിൽ ഉണ്ണിക്കൃഷ്ണൻ സംഗീതം ചെയ്ത , പുറത്തിറങ്ങാതെ പോയ ” ഭരതേട്ടൻ വരുന്നു ” എന്ന ചിത്രത്തിനെ കുറിച്ച് ഇന്നലെ സുഹൃത്ത് കെപി.മുഹമ്മദ് ഷെരീഫ് കാപ്പ് പങ്കുവച്ചിരുന്ന ലൊക്കേഷൻ ചിത്രമാണ് ഈ പോസ്റ്റിനാധാരം)
എഴുപതുകളുടെ അവസാനത്തിൽ ഗുരുവായൂർ കേശവൻ പോലെയുള്ള ചിത്രങ്ങളിലൂടെയാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്. എൺപതുകളുടെ പകുതിയിൽ അപ്പുണ്ണി പോലുള്ള ചിത്രങ്ങളിലൂടെയും സത്യൻ അന്തിക്കാട് പോലുള്ള സംവിധായകരിലൂടെയും അദ്ദേഹം പിന്നീട് അഭിനയ രംഗത്ത് സജീവ സാന്നിദ്ധ്യമായി.
കുട്ടിക്കാലത്ത് കർണാടക സംഗീതവും, മൃദംഗവും തബലയും അഭ്യസിച്ചിരുന്ന അദ്ദേഹം ഒരു കാലത്ത് കെ.പി എ.സി നാടക ട്രൂപ്പിലെ തബലിസ്റ്റായിരുന്നു.അഭിനയ മേഖലയിൽ പൂർണമായും സജീവമാകുന്നതിന് മുൻപ് അക്കാലത്തെ പ്രമുഖ സംഗീത കമ്പനികളായ എ.വി.എം, ഇ.എം.ഐ , ഓഡിയോൺ ,എച്ച്.എം.വി എന്നിവർക്ക് വേണ്ടി സംഗീത ആൽബങ്ങൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു
ചിറ്റൂർ ഗോപി രചിച്ച് പി.ജയചന്ദ്രൻ ആലപിച്ച് ഇ.എം.ഐ 1984 ൽ പുറത്തിറക്കിയ അയ്യപ്പ ഭക്തി ഗാനങ്ങൾ
പൂങ്കാവനം
ഭരണിക്കാവ് ശിവകുമാർ രചിച്ച് പി.ജയചന്ദ്രൻ , ധന്യ എന്നിവർ ആലപിച്ച് ഓഡിയോൺ 1984 ൽ പുറത്തിറക്കിയ ഹിന്ദു ഭക്തി ഗാനങ്ങൾ ശ്രീപാദം
പൂവച്ചൽ ഖാദർ രചിച്ച് പി.ജയചന്ദ്രനും സുനന്ദ രാജയും ആലപിച്ച് എച്ച് എം വി 1985 ൽ പുറത്തിറക്കിയ അയ്യപ്പ ഭക്തി ഗാനങ്ങൾ
പമ്പാ തീർത്ഥം
ബിച്ചു തിരുമല രചിച്ച് പി ജയചന്ദ്രൻ ആലപിച്ച് സംഗീത കാസറ്റ്സ് 1985 ൽ പുറത്തിറക്കിയ ഹിന്ദു ഭക്തി ഗാന ആൽബം
ദശപുഷ്പം
ബിച്ചു തിരുമല രചിച്ച് പി ജയചന്ദ്രൻ ആലപിച്ച് എ.വി എം പുറത്തിറക്കിയ അയ്യപ്പ ഭക്തി ഗാന ആൽബം
കർപ്പൂര ധാര (ആദ്യ എഡീഷൻ കണ്ടിട്ടില്ല. പിന്നീട് സോണി റൈറ്റ്സ് വാങ്ങി 1999 ൽ ഇറക്കിയ എഡീഷൻ ആണ് ചിത്രത്തിൽ )ഭക്തി ഗാനങ്ങൾ അല്ലാതെ ബിച്ചു തിരുമല രചിച്ച പരശുറാം എക്സ്പ്രസ് എന്ന യാത്രാ ഗാനങ്ങളുടെ സമാഹരത്തിനും
ബാബുരാജ് കലമ്പൂർ രചിച്ച് സംഗീത കാസറ്റ്സ് പുറത്തിറക്കിയ സംഗീത മാല്യം എന്ന ലളിത ഗാനങ്ങളുടെ സമാഹാരത്തിനും കൂടി അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.ഭരതേട്ടൻ വരുന്നു വിന് പുറമേ സർവം സഹ എന്ന പേരിൽ ഒരു ചിത്രത്തിനും സംഗീതം നിർവഹിച്ചു എങ്കിലും അതും പുറത്തിറങ്ങിയില്ല. ഓരോ ആൽബത്തിന്റെയും വിശദമായ വിവരങ്ങൾ കമന്റ് ബോക്സിലുണ്ട്. ഒടുവിൽ ഉണ്ണികൃഷ്ണന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.