ഔദ്യോഗിക സാംസ്ക്കാരിക വിധ്വംസക ശീലം

23

ജോൺസ് മാത്യു

ഔദ്യോഗിക സാംസ്ക്കാരിക വിധ്വംസക ശീലം
Official Cultural Vandalism on Public Sculpture.

2011 ലാണ് കേരള ലളിതകലാ അക്കാദമിയും കോഴിക്കോട് ഡി ടി പി സി യും സഹകരിച്ചു ഒന്നാം ഘട്ട “ശിൽപ നഗരം ” എന്ന കരിങ്കൽ ശിൽപ കാംപ് കോഴിക്കോട് നടപ്പിലാക്കുന്നത്.ലോക സാംസ്ക്കാരിക ഭ്രൂപടത്തിൽ കോളനി അധിനിവേശ ചരിത്രത്തിൽ മുൻപേ തന്നെ അടയാളപ്പെടുത്തിയ മലബാറിലെ കോഴിക്കോടിന് ശിൽപ നഗരം എന്ന ഓമനപേർ നൽകിയ പദ്ധതിയാണ് ഇത്.
കേരളത്തിലെ പ്രമുഖ കരിങ്കൽ ശിൽപി വി കെ രാജൻ്റെ മേൽനോട്ടത്തിൽ നടന്ന ആ കാംപിലാണ് ഞാൻ ആദ്യമായി കരിങ്കൽ ശിൽപം സൃഷ്ടിക്കുന്നത്. ‘മഴവിളക്ക് ‘ എന്ന് നാമകരണം ചെയ്ത ശിൽപത്തിൽ പേരോ ശീർഷകമോ മറ്റ് സൂചനകളോ ഇതുവരെയും സ്ഥാപിച്ചിട്ടില്ല –

അതുപോലെ സഹ ശിൽപികൾ ഹോചിമിൻ, ജോസഫ് എം വർഗ്ഗീസ്, കെ പി സോമൻ എന്നിവരുടെ ശിൽപത്തിനും പ്രധാന ശിൽപി വി കെ രാജൻ്റേയും ശിൽപങ്ങൾക്കും സൂചികകൾ ഇതുവരെയായും സ്ഥാപിച്ചിട്ടില്ല -ബാക്കിയുള്ള എല്ലാ ശിൽപങ്ങൾക്കും കൃത്യമായ സൂചികകൾ ലോഹ ഫലകത്തിൽ പതിച്ചിട്ടുണ്ട് എന്ന വസ്തുത “ഒഴിവാക്കൽ” എന്ന വളരെ കൃത്യമായ സാംസ്കാരിക രാഷ്ട്രീയ വൈറസ് ബാധയെയാണ് സൂചി പ്പിക്കുന്നത്-ഉളി കൈ കൊണ്ടു തൊടാതെയും കരിങ്കൽ ശിൽപം നിർമ്മിച്ച് ശിൽപിയാകാം എന്ന കലാനിഗൂഢത ആ കാംപിൽ വച്ചാണ് ഞാൻ ആദ്യമായി നേരിട്ട് കണ്ടത് ! അതുപോലെ ചില ശിൽപികളുടെയും ചില ഉദ്യോഗസ്ഥരുടേയും ഗ്രൂപ്പിസവും ശിൽപികളുടെ രാഷ്ട്രീയാധികാര വാഞ്ചയും പ്രകടമാക്കിയ കാംപ് ദിനങ്ങൾ കലാ മേഖലയിലെ അധികാര മോഹ അടിയൊഴുക്കുകൾ പുറത്ത് വന്നതും ആ കാംപിൽ വച്ചായിരുന്നു.

ഇത്രയും വർഷങ്ങൾക്ക് ശേഷവും നാല് ശിൽപങ്ങൾക്ക് സൂചികകൾ ഇല്ല എന്നത് പദ്ധതി നടപ്പിലാക്കിയ വകുപ്പുകളുടെ സാംസ്കാരിക ഉത്തരവാദമില്ലായ്മയാണ്.എന്നാൽ കഴിഞ്ഞ ആഴ്ച അതിരാവിലെ കോഴിക്കോട് കടപ്പുറം സന്ദർശിച്ച ഞാനും സുഹൃത്തുക്കളും കണ്ടത് മറ്റൊരു സാംസക്കാരിക ജീർണ്ണതയാണ് !ഒദ്യോഗിക സാംസ്ക്കാരിക ജീർണ്ണത (ഔദ്യോഗിക വിധ്വംസക ശീലം) പ്രകടിപ്പിക്കുന്ന തരത്തിൽ എൻ്റെ ശിൽപത്തിന് മുകളിൽ പഴകിയ അടിവസ്ത്രം പോലെ പതിച്ച കോവിഡ് നിബന്ധനകൾ !
പൊതു ഇടങ്ങളിൽ പതിക്കുന്ന കോവിഡ് നിയന്ത്രണ ഔദ്യോഗിക സൂചികകൾ പതിക്കേണ്ടത് കലാ സൃഷ്ടിയുടെ മുകളിൽ അല്ല എന്നത് ആർക്കാണ് അറിയാത്തത് ?ഔദ്യോഗിക സാംസ്ക്കാരിക വിധ്വംസക ശീല വ്യാപനം കുറക്കുവാൻ പൊതു ഇടങ്ങളിലെ കലാസൃഷ്ടികളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുവാൻ ഔദ്യോഗിക പരിശീലനം നൽകി മാറ്റിയെടുക്കേണ്ടത് സാംസ്ക്കാരിക ഉന്നമനത്തിനും കലാസൃഷ്ടികളെയും ശിൽപിയെയും ബഹുമാനിക്കുന്നതിന് അത്യാവശ്യമാണ്.