മുഖപുസ്തകം – ഞാന്‍ ഫേസ്ബുക്ക് വരിക്കാരനായ കഥ

0
497

ഒരുപാടുനാളത്തെ ആലോചനക്ക് ശേഷമാണ് മുഖപുസ്തകത്തിലെ വരിക്കാരനാകാനുള്ള ശക്തമായ തീരുമാനമെടുത്തത്. കമ്പ്യൂട്ടർ ‘യന്തിര’വനെ കുറിച്ചു അടിസ്ഥാനധാരണ കുറവായതിനാൽ മകളെയാണ് അതിനു ചുമതലപ്പെടുത്തിയത്.  അവളുടെ കുറച്ചുനേരത്തെ അദ്ധ്വാനഫലമായി ഞാനും എത്തിച്ചേർന്നു, ആ ലോകത്തേക്കു- ‘മുഖപുസ്തക’ത്തിലേക്കു !

ഞാൻ ആവർത്തിച്ചാവർത്തിച്ചു മുഖപുസ്‌തകം എന്നു പറയുന്നത് കൊണ്ട് മറുത്തൊന്നും വിചാരിക്കല്ലേ. എനിക്ക് ഇംഗ്ലീഷ് പരിജ്ഞാനം അൽപ്പം ‘കമ്മിയാണ്’. സ്വാഭാവികമായും ഞാൻ ഇംഗ്ലീഷ് വിരോധിയാകുന്നതിൽ തെറ്റായൊന്നുമില്ലല്ലോ. എന്നാലും ഞാൻ അത്യാവശ്യം ഇംഗ്ലീഷ് പദങ്ങളൊക്കെ ഉപയോഗിച്ചാൽ മറുചോദ്യം ഒന്നും ചോദിച്ചു എന്നെ വലക്കല്ലെ എന്ന ഒരഭ്യര്ഥനയും ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.

അങ്ങനെ എൻറ്റെ പതിവ് പത്രവായനക്ക് ഇടയ്ക്കു  മകൾ യന്തിരവനെ പരിശോധിച്ചിട്ടു പറഞ്ഞു “ദാ ബാപ്പ..  ഇക്കാക്ക  ഇതിൽ ബാപ്പാനെ  ഫ്രണ്ടാകാനുള്ള റിക്വസ്റ്റ് അയച്ചിട്ടുണ്ട്.. അത് ആക്സെപ്ട് ചെയ്തോട്ടെ ? ”
“നിനക്കെന്ത്യേ ഇതെല്ലാം മലയാളത്തിൽ പറഞ്ഞാൽ ?”
“സോറി ബാപ്പ,  തെറ്റിപ്പോയി …ഇക്കാക്ക  ബാപ്പൻറ്റെ സുഹൃത്ത്  ആകാനുള്ള അപേക്ഷ അയച്ചിട്ടുണ്ട്. അത് സ്വീകരിക്കണോ അതോ നിഷേധിക്കണോ ? അതാണ് ചോദിച്ചത്..”
“എന്താടീ നീ പറഞ്ഞത്.. അവനെൻറ്റെ സുഹൃത്ത് ആകണമെന്നോ ?!! അല്ലെങ്കിൽ തന്നെ അവനെന്നോട് ഒരു ബഹുമാനക്കുറവുണ്ട്. ഇനി ഞാൻ അവനു സുഹൃത്തായി നിന്നുകൊടുക്കണമെന്നോ.. !! ”

എന്റ്റെ ക്ഷോഭത്തിലേക്ക് തീ കയറാൻ തുടങ്ങി.

‘എടീ…….. ഭാര്യേ………!!’   ഞാൻ നീട്ടിവിളിച്ചു.

ഇങ്ങനെയുള്ള വിളികളിൽ എപ്പോഴും എന്തെങ്കിലും പന്തികേട് ഉള്ളത് അറിയാവുന്നതിനാൽ ഒരു വളിച്ച മുഖവുമായി അവൾ ഉമ്മറത്തേക്ക് വന്നു. അവളെ കണ്ടതും എന്റ്റെ ദേഷ്യം മുറ്റത്തുള്ള കൊന്നതെങ്ങിൻറ്റെ മണ്ടയിലേക്കു ഓടി കയറി.

“എടീ നിന്റ്റെ പുന്നാരമോൻ ഒപ്പിച്ച പണി കണ്ടില്ലേ..ആ ഹമുക്ക് !!…. അവനിപ്പം ഞാൻ ബാപ്പയായാൽ പോരെന്നു..!! ഞാൻ സുഹൃത്ത്  ആയാൽ മതിയെന്ന്..  !

എന്തായാലും ഇനി രണ്ടിലൊന്നറിഞ്ഞിട്ടു മതി അവനിവിടുന്നു ഭക്ഷണം കൊടുക്കാൻ. അവനു ഒരുപാട് സുഹൃത്തുക്കളുള്ളതല്ലേ. അവിടെപ്പോയി അവൻ ഭക്ഷണം കഴിച്ചോട്ടെ.. ” !!

ഭാര്യയുടെയും മകളുടെയും മുഖത്തെ ഇളിഭ്യച്ചിരി കണ്ടപ്പോൾ, ഇനി ഞാൻ അവിടെ നിന്നാൽ ശരിയാവില്ലന്നു അറിയാവുന്നത് കൊണ്ട് ആരുടേയും മുഖത്തേക്ക് ഒന്നുകൂടി  നോക്കാതെ ഉച്ചത്തിലുള്ള കാൽവെപ്പോടെ ഞാൻ പറമ്പിലേക്ക് ഇറങ്ങി.