വെള്ളാശേരി ജോസഫ്

കേരളത്തിലെ പല പഴയ ശിക്ഷാ രീതികൾ കേരളം സന്ദർശിച്ച സഞ്ചാരികളും, മിഷനറിമാരും രേഖപ്പെടുത്തിയിട്ടുണ്ട്. ചിലതിന്റെ ഒക്കെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പോലുമുണ്ട്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ശിക്ഷാ രീതികളാണ് പലതും. സ്വാതി തിരുനാൾ മഹാരാജാവിൻറ്റെ ഭരണ പരിഷ്കാരങ്ങൾ മാത്രം പഠിച്ചാൽ മതി കേരളത്തിൽ നില നിന്നിരുന്ന ശിക്ഷാ രീതികൾ മനസിലാക്കാൻ. തൂക്കിക്കൊല്ലപ്പെടുന്നവന്റെ കുതികാൽ വെട്ടി രക്തം ഊറ്റുന്ന പ്രാകൃതമായ ശിക്ഷാരീതി ഇംഗ്ലീഷ് വർഷം1863-ന് ശേഷമാണ് നിർത്തലാക്കിയത്. മുക്കാലിയിൽ കെട്ടി അടിക്കുക, കുന്തത്തിൽ കുത്തി നിറുത്തൽ, ആനയെ കൊണ്ട് ചവിട്ടിച്ചു കൊല്ലിക്കൽ, കുറ്റക്കാരുടെ തലവെട്ടുക, തൂക്കിലിടുക, അംഗഭംഗം വരുത്തുക, വിഷം നൽകി കൊല്ലുക, ദുഷ്ടമൃഗങ്ങളുടെ കൂട്ടിലിട്ടുകൊടുക്കുക, ഇരുമ്പിൽ തീർത്ത ചട്ടക്കൂട്ടിൽ അടച്ച് കാട്ടിനുള്ളിൽ തള്ളുക – തുടങ്ങിയ പല ശിക്ഷാരീതികളും കേരളത്തിൽ നിലനിന്നിരുന്നു. കുറ്റക്കാരെ കണ്ടുപിടിക്കാൻ ശുചീന്ദ്രം ക്ഷേത്രത്തിലെ തിളച്ച എണ്ണയിൽ കൈമുക്കുന്ന രീതി സ്വാതിതിരുനാൾ മഹാരാജാവ് ആണ് നിർത്തലാക്കിയത്. അതുപോലെ കുറ്റക്കാരെ തലമുണ്ഡനം ചെയ്ത് കല്ലെറിഞ്ഞ് ഓടിക്കുക പതിവായിരുന്നു. ലെനിൻ രാജേന്ദ്രൻറ്റെ ‘സ്വാതി തിരുനാൾ’ സിനിമ വേശ്യാവൃത്തി ആരോപിക്കപ്പെടുന്ന സ്ത്രീകളെ ചാണക വെള്ളമൊഴിച്ച് മുടി മുറിച്ച് ഓടിപ്പിക്കുന്ന രീതി കാണിച്ചു തരുന്നുണ്ട്.

ഇരുമ്പുകൂട്ടിലടച്ച് മരത്തിൽ കെട്ടിത്തൂക്കിയിട്ട് പക്ഷികളെക്കൊണ്ട് കൊത്തിച്ചു കൊല്ലുന്ന രീതി – ‘ചിത്രവധം’ എന്നായിരുന്നു പേര്. (ചിത്രം എന്നാൽ പക്ഷി) നമ്മുടെ ചരിത്ര മ്യുസിയങ്ങളിൽ ‘ചിത്രവധ’ത്തിത്തിന് ഉപയോഗിച്ചിരുന്ന കൂടുകൾ ഇപ്പോഴും പ്രദർശിപ്പിച്ചിട്ടുണ്ട്. സംശയമുള്ളവർക്ക് അത് പോയി നേരിട്ട് കാണാം. ‘നമ്പൂതിരി സ്ത്രീകൾക്ക് ചാരിത്ര്യഭംഗം വന്നാൽ കണ്ടുപിടിച്ച് ശിക്ഷിക്കുന്ന സ്മാർത്ത വിചാരം വളരെക്കാലം നിലനിന്നു. ഷൊർണ്ണൂരിനടുത്ത് കവളപ്പാറയിൽ 36 വർഷം നീണ്ടുനിന്ന സ്മാർത്ത വിചാരത്തിനുശേഷം കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ചരിത്രമുണ്ട്. അത്രയും കാലം അഞ്ചാം പുരയിലെ ഇരുട്ടുമുറിയിൽ സാധനമായി നരകിച്ചതു മിച്ചം! കേരളത്തിൽ ഇതൊക്കെ നടന്നിട്ട് ഒരു നൂറ്റാണ്ടു പോലും കഴിഞ്ഞിട്ടില്ല. ചരിത്രം ചരിത്രമാണ്. അതൊക്കെ വികാര വിക്ഷോഭങ്ങൾക്ക് വിധേയമാകാതെ മനസിലാക്കുകയാണ് വേണ്ടത്. ഇനി വികാര വിക്ഷോഭങ്ങൾക്ക് വിധേയമായാൽ എന്ത് പ്രയോജനം? ഒരു പ്രയോജനവുമില്ല. ചരിത്രത്തിൽ എന്തെല്ലാം ക്രൂരതകളും, അക്രമങ്ങളും ഒക്കെ നടന്നിട്ടുണ്ട്??? ഇന്നാർക്കെങ്കിലും അതൊക്കെ തിരുത്തുവാൻ സാധിക്കുമോ??? നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ചരിത്രം ഇന്ന് നമ്മളെ ഒരു രീതിയിലും ബാധിക്കുന്ന കാര്യമല്ല. തമാശയും ഗൗരവവും ഒക്കെ കലർത്തിയാണ് ചരിത്രം പഠിക്കേണ്ടത്. ചരിത്രം പറഞ്ഞു വികാരാവേശം കൊള്ളേണ്ട ഒരു കാര്യവുമില്ല. ഇന്ത്യയിൽ മാത്രമാണ് ഇന്നും ചരിത്രം പറഞ്ഞു മിഥ്യാഭിമാനം ഊട്ടി ഉറപ്പിക്കപ്പെടുന്നത്; ചരിത്രത്തിന്റെ പേരിൽ ചിലർ വികാരാവേശം കൊള്ളുന്നത്; പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പാശ്ചാത്യരെ പോലെ തുറന്ന സമീപനവും, ലിബറൽ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു കാഴ്ചപ്പാടും ചരിത്ര വസ്തുതകളോട് നമുക്കില്ല.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.