പച്ചപാക്ക് അച്ചന്‍റെ വീസീയാര്‍

256

old-vcr-funny-story-malayalam

വളരെ കാലം മുന്‍പാണ്. ഡി.വി.ഡിയും, സിഡിയും കൂടി വീഡിയോ കാസറ്റിന്റെ അന്തകന്‍ ആകും മുന്‍പത്തെ കാലം. വീസിയാര്‍ ഒരു അപൂര്‍വ വസ്തു ആയി വാഴുന്ന കാലം.

പള്ളികൂടം പറമ്പില്‍ പതിവ് പോലയുള്ള നാടന്‍ പന്തുകളി ഒക്കെ കഴിഞ്ഞു ഇരിക്കുകയായിരുന്നു ഞങ്ങള്‍.നേരം ഇരുട്ടാവുന്നു. കളി കഴിയുമ്പോഴത്തെക്കും കാലൊക്കെ വേദന എടുക്കും ഇത്ര വേദന ഒക്കെ സഹിച്ചു എന്തിനാ ഈ പണിക്കു പോകുന്നെ എന്ന് വീട്ടുകാര്‍ ചോദിച്ചാലും പിറ്റേ ദിവസം നാലുമണിക്ക് എല്ലാവനും ഹാജരുണ്ട്.പ്രത്യേകിച്ചു പണിയൊന്നും ഇല്ലാത്ത യുവജനങ്ങളുടെ വിഷമം ആരറിയാന്‍.

അപ്പോഴാണ് മഹേഷ്‌ സൈകിളില്‍ പാഞ്ഞു വരുന്നത്. ബ്രേക്ക് കുറവായതുകൊണ്ട് കാലു കൊണ്ട് തുഴഞ്ഞാണ് നിര്‍ത്തുന്നത്. “എടാ മക്കളെ, ഒരു വീസിയാര്‍ കൊടുക്കാനുണ്ട്, കുറച്ചു ചില്ലറ തടയുന്ന എടപാടാ,ആര്‍ക്കെങ്കിലും വേണെങ്കില്‍ പറ”. .മഹേഷ്‌ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു. മഹേഷിനു ചില്ലറ കമ്മീഷന്‍ പരിപാടി ഒക്കെ ഉണ്ട് .പൈസ എന്തെങ്കിലും കിട്ടിയാല്‍ ഞങ്ങള്‍ക്കൊക്കെ കുഞ്ഞുമോന്‍ ചേട്ടന്റെ കടയില്‍ നിന്നും നല്ല പൊറോട്ടയും ബീഫും വാങ്ങി തരും. അതുകൊണ്ട് തന്നെ അതിനു വേണ്ടി ഉള്ള ” ലീഡ്സ് ” കൊടുക്കുക മുതലായ ചെറിയ പരോപകാരങ്ങള്‍ ഞങ്ങള്‍ ചെയ്തു കൊടുക്കാറുണ്ട്. ആരെയേലും പതച്ചു കടപ്പലഹാരം തിന്നുക എന്നതൊക്കെ അന്ന് ഒരു ഹരം ആയിരുന്നല്ലോ !

പള്ളിപറമ്പിനു അടുത്ത് താമസിക്കുന്ന ജോണിക്കുട്ടിയുടെ കയ്യില്‍ ഒരു ഹിടാച്ചി വീസിയാര്‍ ഉണ്ടത്രേ.പത്തെഴായിരം രൂപ വിലയുള്ള സാധനമാണ്.അവനു നാലായിരം രൂപ വേണം.ആരെയെകിലും തപ്പിപിടിച്ചാല്‍ പത്തു മൂവായിരം രൂപ തടയുന്ന കേസാ എന്ന് മഹേഷ്‌ പറഞ്ഞപ്പോ ഞങ്ങളും ചാര്‍ജ് ആയി. അന്നൊക്കെ മൂവായിരം രൂപ എന്ന് പറഞ്ഞാല്‍ ഇന്നത്തെ മുപ്പതിനായിരത്തിന്റെ വിലയാ.മുന്നൂറോ നാനൂറോ ഒക്കെയാണ് സാധാരണ മഹേഷിനു കമ്മീഷന്‍ കിട്ടുന്നത്. ഇതിപ്പോ ഇത്രേം വലിയ തുക.

നമ്മുടെ കൂട്ടത്തില്‍ ഉള്ള ജോസുകുട്ടിയാണ് പറഞ്ഞത്,തെങ്ങണയില്‍ പലചരക്ക് കട നടത്തുന്ന മാത്തുക്കുട്ടിച്ചായന്‍ ഒരു വീസിയാര്‍ നോക്കുന്നുണ്ട് എന്ന്.പിറ്റേദിവസം കാലത്തേ തന്നെ ഞങ്ങള്‍ അഞ്ചു പേര്‍ വാടകയ്ക്ക് സൈക്കിള്‍ ഒക്കെ എടുത്തു തെങ്ങണാക്ക് പോയി.തെങ്ങണാ കവലയില്‍ കടയും വീടും കൂടി ഒന്നിച്ചാണ്. മാത്തുക്കുട്ടിച്ചായന്‍ ഒരു പാവമാണ്.എങ്ങനെയും കുപ്പിയിലാക്കാം, എന്നാല്‍ അങ്ങേരുടെ ഭാര്യ വണ്ടി മേരി എന്ന വട്ടപ്പെരില്‍ അറിയപ്പെടുന്ന മേരി ചേട്ടത്തി ഒരു സംഭവം തന്നെ ആണ്. രണ്ടു പേരും കൂടിയാണ് കട നടത്തുന്നത്.

ചേട്ടത്തിയെ പറ്റി ഒരു പഴയ കഥ ഉണ്ട്.കറുകച്ചാലില്‍ ബാര്‍ വരുന്നതിനു മുന്‍പ് കടയില്‍ ചെറിയ തോതില്‍ ബ്രാണ്ടി കച്ചവടം ഉണ്ടായിരുന്നത്രേ. ഒരിക്കല്‍ ആരാണ്ട് കടം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ കലിപ്പ് കാരണം, വിവരം കറുകച്ചാല്‍ പോലീസ് സ്റ്റേഷനില്‍ ഉള്ള ഒരു പരിചയക്കാരനോട്‌ പറഞ്ഞു. കേട്ടപാതി പോലീസുകാര് ഒരു ജീപ്പില്‍ എത്തി.കടയില്‍ ബ്രാണ്ടി കച്ചവടം നടക്കുന്നു എന്ന് പരാതി കിട്ടിയിട്ടുണ്ട്. വീടും കടയും പരിശോധിക്കണം എന്ന് എസ്. ഐ പറഞ്ഞപോഴേക്കും മേരിചെടുത്തി പറഞ്ഞു. ഞാനും എന്റെ കെട്ടിയോനും ഇടക്ക് രണ്ടെണ്ണം വീശും. പൊട്ടിച്ച കുപ്പിയെലോരെണ്ണം വീട്ടില്‍ ഇരുപ്പുണ്ട്‌. അതിനിപ്പോ ആര്‍ക്കാ ഇത്ര വിഷമം (ഉപയോഗിച്ച വാക്ക് അതല്ല ) എന്നൊക്കെ പറഞ്ഞു ഉറഞ്ഞു തുള്ളി.വണ്ടി മേരി പറഞ്ഞ മുട്ടന്‍തെറി പോലീസുകാരു പോലും കേട്ടിട്ടില്ലതതായിരുന്നത്രേ. അതുകേട്ടു പോലീസുകാര് നാണിച്ചു തലയില്‍ മുണ്ടിട്ടൊണ്ട്പോയെന്നും,നാല്‍പ്പതു കിലോമീറ്റര്‍ വേഗത്തില്‍ വണ്ടിയോടിച്ചു വന്ന എസ്.ഐ.യും കൂട്ടരും എന്പതില്‍ തിരിച്ചു പോയി എന്നുമായിരുന്നു കഥ.

ഒരുവിധത്തില്‍ വീസിയാര്‍ മാത്തുക്കുട്ടിച്ചായന്റെ തലയില്‍ എണ്ണായിരം രൂപയ്ക്കു കെട്ടിവെച്ചു.മഹേഷിന്റെ അല്ലറ ചില്ലറ കടങ്ങള്‍ ഒക്കെ തീര്‍ത്തു പിന്നെ അഞ്ചു പേരും കൂടി കോട്ടയതുപോയി,ഭേഷായി ശാപ്പാട് അടിച്ചു,പുതിയ ഒരു പടവും കണ്ടു,രാത്രി ഓട്ടോ ഒക്കെ പിടിച്ചു രാജകീയമായി തിരിച്ചെത്തി.

തിരിച്ചു കവലയില്‍ വന്നപ്പോള്‍ ഒരു ചെറിയ ആള്‍ക്കൂട്ടം.പച്ചപ്പാക്കച്ചന്‍ എന്ന് ഞങ്ങള്‍ കളിയാക്കി വിളിക്കുന്ന ഫാദര്‍ ജെയിംസ് പാക്കിലിന്റെ വീസിയാര്‍ കളവു പോയെന്നു.അച്ചന്‍ ഏതാണ്ട് പടം കണ്ടോടിരുന്നപോള്‍ വീസിയാര്‍ മോഷണം പോയി എന്നും പടത്തിന്റെ രസത്തില്‍ അച്ചന്‍ ശ്രദ്ധിച്ചില്ലെന്നും വള്ളിക്കാട്ടെ മോനച്ചന്‍ ഒരു കണ്ണടച്ച് കാണിച്ചു പറഞ്ഞു.കാലത്തെ പോലീസില്‍ പറയാന്‍ പോകുന്നു എന്നും,ജോണി കുട്ടിയെ സംശയം ഉണ്ടെന്നും കൂടി കേട്ടപ്പോള്‍ മഹേഷ്‌ തലയില്‍ കൈവച്ചുപോയി.എന്തിനും ഏതിനും പച്ചപ്പാക്കച്ചന്റെ സഹായി ആയിരുന്നു ജോണിക്കുട്ടി.കാശിനു അത്യാവശ്യം വന്നപ്പോള്‍ അച്ചന് ആരോ ഗിഫ്റ്റ് കൊടുത്ത വീസിയാര്‍ എങ്ങനെയോ അടിച്ചു മാറ്റിയതാണ്. കോട്ടയത്ത്‌ പോയി കുടിച്ചു തീര്‍ത്ത ബിയറിന്റെ കെട്ട് അപ്പോഴേ വിട്ടു.

അന്നൊരു കാള രാത്രി ആയിരുന്നു എല്ലാവര്‍ക്കും.കാലത്തേ അഞ്ചു പേരും കൂടി തെങ്ങണാ. അവിടെ ചെന്നപോ വണ്ടി മേരി അടുക്കുന്നില്ല.സാധനം തിരിച്ചു വേണേല്‍ പതിനായിരം രൂപ വേണെന്നു.ജോണിക്കുട്ടിയുടെ നാലായിരം,ചിലവാക്കിയതിന്റെ ബാകി രണ്ടായിരവും മാത്രം മഹേഷിന്റെ കൈയില്‍.പിന്നെ ജോസുകുട്ടിയുടെ മാലയില്‍ നിന്ന് ഒരു കഷണം എടുത്തു വിറ്റു പൈസ പതിനായിരം തികച്ചു. ഒരു വിധത്തില്‍ വണ്ടിമേരിയുടെ അടുത്തുനിന്നു രക്ഷപെട്ടു.

പിറ്റേന്ന് കാലത്തേ പള്ളിയുടെ ഔട്ട്‌ ഹൌസില്‍ ഒരു അത്ഭുതം നടന്നു.

കാണാതെപോയ വീസീയാറിന്റെ കേബിള്‍ തട്ടുംപുറത്തുന്നു ഞാന്നു കിടക്കുന്ന കണ്ടു കപ്യാരു കേറി നോക്കിയപ്പോള്‍ ദേ ഇരിക്കുന്നു വീസിയാര്‍.തന്നെ കള്ളന്‍ ആക്കിയതില്‍ പ്രതിഷേധിച്ചു ജോണികുട്ടി അച്ചനുമായുള്ള കൂട്ടുകെട്ട് നിര്‍ത്തിയതായി പ്രഖ്യാപിച്ചു . ഈ അവസരം ഉപയോഗിച്ച് ഭാവിയില്‍ അച്ചന്‍ പട്ടത്തിനു പഠിക്കാനുള്ള തീരുമാനവും മാറ്റി.വീട്ടുകാരുടെ നേര്‍ച്ച അങ്ങ് പള്ളിയില്‍ പറഞ്ഞാ മതി എന്നു പറയുകയും ചെയ്തു.

ജോസുകുട്ടിയുടെ മാലയുടെ നീളം കുറഞ്ഞത്‌ ജോസുകുട്ടിയുടെ പെങ്ങള്‍ കണ്ടു പിടിച്ചു. വീട്ടില്‍ പിടിപ്പിക്കാതിരിക്കാന്‍ ഊട്ടി കൊടൈക്കനാല്‍ ടൂറിനു സ്കൂളില്‍ നിന്നും കൊണ്ടുപോകുമ്പോള്‍ പൈസ കൊടുക്കാം എന്നുള്ള ഒത്തു തീര്‍പ്പില്‍ തല്‍ക്കാലം ജോസുകുട്ടി രക്ഷപെട്ടു.

മഹേഷിനെ കുറെ ദിവസമായി കാണാന്‍ കിട്ടുന്നില്ല. രാത്രിയില്‍ മണല്‍ കട്ടു വാരലാണ് പ്രധാന പരിപാടി. ചെറുതൊന്നും അല്ലല്ലോ കടം.

കുഞ്ഞുമോന്‍ ചേട്ടന്റെ കടയിലെ പൊറോട്ട മേക്കര്‍ ബെറ്റര്‍ ഓപര്‍ച്യുനിടി തേടി കോട്ടയത്തേക്ക് പോയി.പൊറോട്ട മേക്കര്‍ ഇല്ലാത്തതിനാല്‍ കുഞ്ഞുമോന്‍ ചേട്ടന്‍ അറിയാവുന്ന പോലെ ഒക്കെ പൊറോട്ട ഉണ്ടാക്കിയെങ്കിലും പണി പാളി.പൊറോട്ട പ്രിയന്മാര്‍ വീണ്ടും കറുകച്ചാലിനു സൈക്കള്‍ ചവിട്ടാന്‍ തുടങ്ങി .

നമ്മുടെ ഗ്യാങ്ങും പൊളിഞ്ഞു.വരാന്‍ പോകുന്ന പി.എസ്.സി പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ കയറാനായി ഞങ്ങളുടെ കൂട്ടത്തിലെ രണ്ടു പേര്‍ തലകുത്തി നിന്ന് പഠനം തുടങ്ങി.സൈനിക സ്വപ്നങ്ങളുമായി ഞാനും, ദുബായിലുള്ള അപ്പാപ്പന്റെ കരുണ കാത്തു ജോസുകുട്ടിയും.