അദ്ഭുതകരം! ടിവിയും ചുരുട്ടി, മടക്കിവയ്ക്കാം, വിസ്മയ ടിവി അവതരിപ്പിച്ചു
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
നിര്‍മാണത്തിലിരിക്കുന്ന അവരുടെ ചുരുട്ടിവയ്ക്കാവുന്ന ടിവി 2019ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ കൊറിയന്‍ കമ്പനിയായ എല്‍ജി പ്രദര്‍ശിപ്പിച്ചു. ഷോയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഭാവിയുടെ ടിവി എന്നു വാഴ്ത്തപ്പെട്ട ഈ ഉപകരണം. ചുരുട്ടിവയ്ക്കാവുന്ന മനോഹരമായ, നേര്‍ത്ത, ഓലെഡ് സ്ക്രീനാണ് ഇതിന്റെ പ്രത്യേകത. വിലയിട്ടിട്ടില്ല. സാധാരണക്കാരന്റെ പോക്കറ്റിൽ നിൽക്കില്ല എന്നത് നിസ്സംശയം. ഈ വർഷം അവസാനത്തോടെ വിപണിയിലെത്തും. 50,000 മുതൽ ഒരു ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്.
ഈ മോഡലിന്റെ സാധ്യതകള്‍ ഷോയില്‍ കണ്ടവര്‍ ‘ആശ്ചര്യജനകം’ എന്നാണ് വിശേഷിപ്പിച്ചത്. ഒരു ബട്ടണമര്‍ത്തുമ്പോള്‍ അധികം വലുപ്പമില്ലാത്ത ഒരു ദീര്‍ഘചതുരാകൃതിയിലുള്ള പെട്ടിയില്‍ നിന്ന്, ടിവിയുടെ 65-ഇഞ്ച് വലുപ്പമുള്ള സ്ക്രീന്‍ പൊങ്ങിവരും. ബട്ടണില്‍ വീണ്ടും ഞെക്കിയാല്‍ ആ പെട്ടിയിലേക്ക് ഒരു പോസ്റ്റര്‍ പോലെ സ്ക്രീന്‍ ചുരുണ്ടു കയറും!ഇതിലെന്താണ് ഇത്ര കേമമെന്നു ചോദിച്ചാല്‍, ഉപയോഗിക്കാതിരിക്കുന്ന സമയത്ത് ടിവി ഒരു സ്ഥലം മുടക്കിയാണ്.
ഇത് പണക്കാരുടെ മുറികളുടെ രംഗാലങ്കാരത്തിന്റെ ഭംഗി ചോര്‍ത്തും. സാധാരണക്കാരെ ഉദ്ദേശിച്ചല്ലാതെ നിര്‍മിച്ചിട്ടുള്ള ഈ ടിവി പണക്കാരുടെ മുറികളില്‍ പുതിയൊരു അധ്യായം തുറക്കും. കൂടാതെ കണുന്ന വിഡിയോയുടെ ആസ്പെക്ടിന് അനുസരിച്ച് വേണ്ട രൂപമെടുക്കാനും ടിവിയ്ക്കാകും. ചില പ്രോഗ്രാമുകളും സിനിമയും കാണുമ്പോള്‍ ടിവിയുടെ മുകളിലും താഴെയുമൊക്കെ കാണുന്ന ബാറുകള്‍ (ലെറ്റര്ബോക്സിങ്) ഇല്ലാതാക്കി, സ്ക്രീന്‍ നിറയെ ഉള്ളടക്കം നിറച്ച് പുതിയ ദൃശ്യാനുഭവം പകരാനും പുതിയ ടിവിക്കാകും.
ലെറ്റര്ബോക്സിങ് കാഴ്ചയ്ക്ക് അത്രവലിയ പ്രശ്നം സൃഷ്ടിക്കില്ലെന്നു വാദിക്കാമെങ്കിലും അത് ഒഴിവാക്കാനായാല്‍ നല്ല കാര്യമല്ലെന്നാണ് പലരും ചോദിക്കുന്നത്.ടിവിയിലൂടെ പാട്ടു മാത്രം കേള്‍ക്കണം എന്നുവച്ചാല്‍ സ്ക്രീന്‍ നന്നേ താഴ്ന്ന് ഏതാനും, ഇഞ്ച് മാത്രം പുറത്തു കണിച്ചു നില്ക്കും. ഇതില്‍ പാട്ടിനെക്കുറിച്ചുള്ള കാര്യങ്ങളും കാലാവസ്ഥയും കാണിക്കും.ചുരുട്ടാവുന്ന (rollable) ടിവി ഇന്ന് ഒരുതരം ഡിസ്പ്ലെ ഉപയോഗിച്ചു മാത്രമെ നിര്‍മിക്കാനാകൂ, ഓലെഡ് സ്ക്രീന്‍ ( OLED panels).
ഇന്നത്തെ ഏറ്റവുമധികം മോഹിപ്പിക്കുന്നതും വിലപിടിച്ചതുമായ സ്ക്രീനുകളും ഓലെഡ് ആണ്. പരമ്പരാഗത എല്‍സിഡി സ്ക്രീനുകള്‍ക്കു സാധിക്കാത്ത വിധത്തില്‍ മിഴിവാര്‍ന്ന വിഷ്വലുകള്‍ പ്രദര്ശിപ്പിക്കാനാകുമെന്നത് ഇതിന്റെ മാറ്റു വര്‍ധിപ്പിക്കുന്നു. ഇതിനൊപ്പം സ്ക്രീന്‍ ചുരുട്ടുകയും നിവര്ത്തകയും കൂടെ ചെയ്യാമെന്നത് ഈ ടിവിയെ നാളിതുവരെയുള്ള സ്ക്രീനുകളില്‍ നിന്ന് വേര്‍തിരിച്ചു നിറുത്തുന്നു.മിക്ക കാര്യങ്ങളിലും തങ്ങളെക്കാള്‍ മികച്ച പ്രകടനം നടത്തുന്ന, എല്‍ജിയുടെ കൊറിയന്‍ എതിരാളിയായ സാംസങ്ങിനു പോലും ഇത്തരമൊരു സ്ക്രീന്‍ പുറത്തു കൊണ്ടുവരാനായിട്ടില്ല എന്നത് കമ്പനിക്ക് ഒരു പൊന്‍തൂവല്‍ ചാര്‍ത്തിക്കൊടുക്കുന്നു.