‘ഒളിമ്പ്യൻ ചക്രപാണി’ – റിവ്യൂ

ഏറെ ചർച്ച ചെയ്യപ്പെട്ട, വിവാദങ്ങളിൽ വലിച്ചിഴയ്ക്കപ്പെട്ട നാടകം ‘ഒളിമ്പ്യൻ ചക്രപാണി’ ഇന്നലെ കണ്ടു. ബിജു മുഹമ്മദിന്റെ വിമർശനാത്മക റിവ്യൂ വായിച്ചശേഷം നാടകം കണ്ടതിന്റെ ഒരു കുഴപ്പം എന്താന്നുവച്ചാൽ, കഥയുടെ കണ്ണികൾ വെളിപ്പെടുത്തുന്ന വിധം അദ്ദേഹമെഴുതിയ തകരാറുകൾ കണ്ടുപിടിക്കാനുള്ള വ്യഗ്രതയോടെയാവും നമ്മൾ ചക്രപാണിയെ സമീപിക്കുക എന്നതാണ്‌. ഒരുതരത്തിൽ ആസ്വദിക്കലല്ല, മറിച്ച്‌ ബിജു എണ്ണിയെണ്ണിപ്പറയുന്ന കുഴപ്പങ്ങൾ ചികയലാകും അവിടെ സംഭവിക്കുക.

എന്നാൽ കടുത്ത വിമർശനങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു റിവ്യൂ വായിച്ചശേഷം നാ‍ടകം കാണുന്ന പ്രേക്ഷകനെ ഒരു ഘട്ടത്തിലും ആശയക്കുഴപ്പത്തിലാക്കാൻ കഴിയില്ലായെന്ന് ചക്രപാണി തെളിയിക്കുന്നു. ആസ്വാദനത്തിന്‌ റിവ്യൂ ഒരു തടസ്സമല്ല എന്ന് വ്യക്തം.

പോസിറ്റീവ്സ്‌:

ആവോളം ചിരിക്കാൻ, ഏറെ ചിന്തിക്കാൻ പര്യാപ്തമാണ്‌ ഒളിപ്യൻ ചക്രപാണി. സംവിധായകനായും, കേന്ദ്രകഥാപാത്രമായ ചക്രപാണിയായും കണ്ണൂർ വാസൂട്ടി അരങ്ങിൽ പ്രായമേറാത്ത കിംഗ്‌ തന്നെയാണെന്ന് എപ്പോഴത്തേയും പോലെ അടിവരയിടുന്നു. അഭിനയപ്രതിഭകളുടെ കടുത്ത മൽസരം അരങ്ങിനെ ശരിക്കും എനെർജിറ്റിക്കാക്കുന്നുണ്ട്‌ പലപ്പോഴും. വിനയകുമാർ എന്ന ചെറിയ വേഷത്തിന്‌ മിഴിവുള്ള രൂപവും ഭാവവുമേകിയ റാണ സി മദൻ ശരിക്കും ഞെട്ടിച്ചു. സൂക്ഷ്മമായ നിരീക്ഷണബോധമുള്ള നടനാണ് റാണ. അസാധ്യമായി റാണ അരങ്ങിൽ അത്‌ സാധ്യമാക്കി.

കറുത്ത ഹാസ്യത്തിന്റെ പൊതിക്കെട്ടഴിച്ച ദാസ്‌ കാട്ടൂർ ചെയ്ത ഇരട്ടവേഷങ്ങളിലൊന്നായ മണിയപ്പൻ ഗംഭീരമെന്നേ പറയേണ്ടൂ. വെറും ശബ്ദസാന്നിദ്ധ്യം കൊണ്ടുമാത്രം വിശ്വസനീയമായ ഒരു കഥാപാത്രമായി അരങ്ങിൽ നിറഞ്ഞുനിന്നു കുളപ്പുള്ളി ലീല. മതിലുകൾ എന്ന സിനിമയിൽ കെ.പി.ഏ.സി ലളിതയെപ്പോലെ ശബ്ദത്തെ കൃത്യമായി പ്രയോജനപ്പെടുത്തിയ നല്ലൊരു പരീക്ഷണമായിരുന്നു ഇത്‌. ഭിന്നലിംഗക്കാരനായ ബേബിയെന്ന കഥാപാത്രത്തെ ബിജിരാജ്‌ നാച്വറലായി മെരുക്കിയപ്പോൾ ചിത്രകാരൻ കയ്യടക്കം കൊണ്ടും, ശബ്ദവ്യതിയാനം കൊണ്ടും ശ്രദ്ധേയമായി.

ജീവയുടെ തെന്നലും ജയന്തിയും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും കെ.പി.ഏ.സി പുഷ്പലത ദേവയാനിയേയും, ഉമ്മയേയും ആഴമറിഞ്ഞ്‌ അവതരിപ്പിച്ചിട്ടുണ്ട്‌. അവരുടെ ഡയലോഗ്‌ ഡെലിവെറി വളരെ കൃത്യതയുള്ളതാണ്‌. മനുരാജായി വേഷമിട്ട വിപിൻ വിജയനും, ഓട്ടിസം ബാധിച്ച അബുവായി രംഗത്തെത്തിയ നടനും തന്റെ വേഷം ഭദ്രമാക്കിയിട്ടുണ്ട്‌. ചുരുക്കത്തിൽ അഭിനേതാക്കൾ തമ്മിലൊരു അദൃശ്യ മൽസരം അരങ്ങിൽ വ്യക്തമാണ്‌. ആര്‌ ആരെക്കാൾ മുന്നേറി എന്ന് എടുത്തുപറയാനാവാത്തവിധമുള്ള പെർഫോമൻസ്‌. കഥാഗതിക്കൊപ്പം സഞ്ചരിക്കുന്ന മികച്ച പശ്ചാത്തല സംഗീതം, രംഗപടം ഇവയൊക്കെ ചക്രപാണിയുടെ നിലവാരമുയർത്തുന്നുണ്ട്‌. സാമ്പ്രദായിക നാടകശൈലികളിൽനിന്നും, കൃത്രിമമായ സംഭാഷണശീലങ്ങളിൽനിന്നുമൊക്കെ പുറത്തുചാടി നാടകം കുറെക്കൂടി ലൈവായി മാറിയിട്ടുണ്ട്‌ എന്നത്‌ പുതിയകാലത്തിലെ നാടകങ്ങളിൽ കാണുന്ന മികവാണ്‌.

നെഗറ്റീവ്സ്‌:

ഓട്ടിസം, ഭിന്നലിംഗവ്യക്തിത്വം ഇവയെക്കുറിച്ചൊക്കെ വ്യക്തമായ ധാരണ ഇന്ന് സമൂഹത്തിനുണ്ട്‌. 10 വർഷം മുൻപായിരുന്നെങ്കിൽ സ്ഥിതി അങ്ങനെയല്ല. ഭിന്നലിംഗക്കാരും മനുഷ്യരാണെന്നും അവർക്കും ഈ സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നുമൊക്കെ സാധാരണക്കാർവരെ ഇന്ന് മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. ഒരു വ്യക്തി ജീവിക്കുന്ന 10 കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഓട്ടിസം ബാധിച്ച ഒരാളെയെങ്കിലും അയാൾക്ക്‌ പരിചയമുണ്ടാകും. അത്രകണ്ട്‌ അപരിചിതമായ ഒന്നല്ല ഓട്ടിസം. അതുകൊണ്ടുതന്നെ ഇവയ്ക്കൊക്കെ വിശദീകരണം കൊടുത്തുകൊണ്ടുള്ള പ്രൊമോകളൊന്നും ഈ നാടകത്തിന്‌ ആവശ്യമേയില്ല.

സാങ്കേതികമായ ഫിനിഷിംഗ്‌ കുറവുകൾ പ്രകടമാണ്‌ ചക്രപാണിയിൽ. കാലിക പ്രസക്തമായ വിഷയം പറയുന്ന ഈ നാടകം കെട്ടുറപ്പുള്ള രചനകൊണ്ട് ശക്തമായിരിക്കെ, അനാവശ്യമായ സ്റ്റേജ്‌ ഗിമ്മിക്കുകളെ ഒഴിവാക്കാമായിരുന്നു എന്ന് തോന്നിപ്പോയി. ഇത്തരം ദുർബലമായ മേമ്പൊടികൾ പുതുമയായി തോന്നാമെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്താൻ പര്യാപ്തമായിരുന്നു മുരളികൃഷ്ണയുടെ നാടക രചന.

നാടകത്തിനുമുൻപുള്ള ഫ്ലാഷ്‌ മോബ്‌, ലൈവ്‌ ആമ്പിയൻസ്‌ സൃഷ്ടിക്കാനുള്ള മറ്റു ശ്രമങ്ങൾ ഇവയൊന്നും ഈ ഒന്നാന്തരം നാടകത്തിന്‌ ആവശ്യമേ ഉണ്ടായിരുന്നില്ല. രചന കൊണ്ടും, ആലാപനം കൊണ്ടും തീർത്തും നിരാശാജനകമാണ്‌ ഇതിലെ പ്രധാന ഗാനം. പോസിറ്റീവായി നാടകം അവസാനിപ്പിക്കുമ്പോഴും പരിസമാപ്തി ഇത്രയേറെ നീട്ടാതെ പ്രേക്ഷകർക്ക് വിട്ടുകൊടുത്തുകൊണ്ട് അവസാനിപ്പിക്കാമായിരുന്നു എന്നൊക്കെ തോന്നിയതൊഴിച്ചുനിർത്തിയാൽ ‘ഒളിമ്പ്യൻ ചക്രപാണി’ ഇത്തവണത്തെ മികച്ച നാടകങ്ങളിലൊന്നാണെന്ന് നിസ്സംശയം പറയാം.

എനിവേ, കൺഗ്രാറ്റ്സ്‌ ടീം സംസ്കൃതി..!