എന്റെ ആടുജീവിതം ഒരനുഭവക്കുറിപ്പ് .????

✍️ ഒ.എം. സവാദ് തങ്ങൾ, മണ്ണാർക്കാട്

നീണ്ട 8 വർഷത്തെ ഷാർജയിലെ പ്രവാസം ജീവിതത്തിൽ കാര്യമായ ഒരു പുരോഗതിയും തരാത്ത അവസ്ഥയിൽ, ഇനിയെന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് കുവൈത്തിലേക്ക് വെറും അമ്പതിനായിരം രൂപ മുടക്കിയാൽ പച്ചക്കറി ഫാമിലേക്ക് ഒരു തൊഴിൽ വിസ കിട്ടാനുണ്ടെന്നറിയുന്നത് ….. കൂടുതലൊന്നും ആലോചിക്കാതെ പലരിൽ നിന്നായി പണം സംഘടിപ്പിച്ചും ,ഭാര്യയുടെ കാതിൽഉണ്ടായിരുന്ന കുറച്ച് സ്വർണം വിറ്റും, രണ്ടായിരത്തി എട്ടിലെ ഒരു മാർച്ച് മാസത്തിൽ ഈ യുള്ളവൻ കുവൈത്തിലേക്ക് പറന്നു .

✈️ രാത്രി വൈകിയാണ് കുവൈത്ത് എയർപോർട്ടിലെത്തിയത് ,പുറത്ത് എന്റെ പേരെഴുതിയ ബോർഡുമായി 2 പേർ കാത്തു നിന്നിരുന്നു ,അവർ മലയാളികളാണെന്നറിഞ്ഞപ്പോൾ സന്തോഷമായി ,അവർ തന്നെ എന്റെ ബാഗെടുത്ത് വണ്ടിയിൽ വെച്ചു ,വണ്ടിയുടെ കോലം കണ്ടപ്പോൾ എന്തോ ചില പന്തികേടുകൾ തുടക്കത്തിലേ എനിക്ക്മനസിൽ തെളിഞ്ഞു,പഴകി തുരുമ്പെടുത്ത, ടയോട്ടയുടെ ഒരു പിക്കപ്പ് വാൻ. ( ശകടം) എന്നു പറയുന്നതാവും ശരി .ആട്ടിൻ കാഷ്ഠത്തിന്റെയും ,മൂത്രത്തിന്റെയും രൂക്ഷ ഗന്ധം നിറയുന്ന ആ വണ്ടിയിൽ ഒരു വിധം ഞാനും അവരോടൊപ്പം ഇരിപ്പുറപ്പിച്ചു ….. എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി കുറച്ചു ദൂരം ഓടിയ വണ്ടി ഒരു മരുഭൂമിയിയുടെ നടുവിലുള്ള റോഡിൽ പ്രവേശിച്ച് വലിയ കറ…. കറ …ശബ്ദത്തോടെ വെകിളി പിടിച്ചു പാഞ്ഞു ,ഓട്ടത്തിൽ വണ്ടിയുടെ പല ഭാഗങ്ങളും മരുഭൂമിയിൽ ചിതറിത്തെറിക്കുമോ എന്നു ഞാൻ ഭയന്നു ,എങ്കിലും ക്ഷമയോടെ ഞാൻ ഇരിപ്പു തുടർന്നു ,എന്റെ ആതിഥേയർ മലയാളികളായിരുന്നെങ്കിലും ഞങ്ങൾക്കിടയിൽ ഒരു കുശലാന്വേഷണം പോലുമുണ്ടായില്ല , …..

എതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞ ശേഷം ഞാൻ ചോദിച്ചു “എത്താറായോ ? ഉം ഇതാ എത്താറായി എന്നു ഡ്രൈവർ മറുപടി നൽകി , …. അൽപം കൂടി ഓടിയ ശേഷം വാഹനം ഒരു മതിൽക്കെട്ടിനത്തേക്ക് പ്രവേശിച്ചു ,പിന്നെ ഒരു വീട് എന്നു തോന്നിക്കുന്ന പഴകി ദ്രവിച്ച ഒരു കെട്ടിടത്തിനു മുന്നിൽ പാർക്ക് ചെയ്തു.വാഹനം കണ്ടതും പല ഭാഗത്തു നിന്നുമായി പത്തു മുപ്പതോളം പേർ മെല്ലെ ,മെല്ലെ അടുത്തെത്തി ,മലയാളികൾ ,ബംഗാളികൾ ,യു പി ക്കാർ ,പഞ്ചാബികൾ ,.. പലരുടെ മുഖത്തും വലിയ ദൈന്യത പ്രകടമായിരുന്നു ,അന്ന് രാത്രി 2ബംഗാളികളുടെ റൂമിൽഞാൻ (ഉറങ്ങാതെ) കഴിച്ചുകൂട്ടി …. രാവിലെ 7 മണിക്ക് പണിക്കിറങ്ങണം എന്ന് കാലത്ത് തന്നെ മറ്റൊരു ബംഗാളി വന്നു പറഞ്ഞു ,അവനാണത്രെ അവിടുത്തെമുദീർ….. (കാര്യസ്ഥൻ )

ബംഗാളികൾ കനിഞ്ഞു നീട്ടിയ സുലൈമാനിയും ,ഒരു കുബൂസും ,ഒരു വിധം അകത്താക്കി 7 മണിയാവാൻ കാത്തിരിക്കുമ്പോൾ മുദീർ വന്നു വിളിച്ചു ,… വോ നയാ ആദ്മി ക്കോ ,ബകരീ കീ തരഫ് ഭേജോ …. ഇതു കേട്ടതും അൽപം ഹിന്ദി വശമുണ്ടായിരുന്ന എന്റെ ഉള്ളൊന്നു കാളി ….. ഞാൻ പേടിച്ചതു തന്നെ സംഭവിച്ചു ,മുറിക്കുള്ളിൽ നിന്നും എന്റെ ബേഗുമെടുത്ത് പുറത്തിറങ്ങിയ ഒരു ബംഗാളി പറഞ്ഞു ‘ഭായ്സാബ് ആവോ ,തും ബകരികാ ഉദർ കാംകരേഗാ ….. ഞാൻ സമ്മതിച്ചില്ല ,ശക്തമായി തന്നെ എതിർത്തു. പക്ഷേ കാര്യസ്ഥൻ പറഞ്ഞു,ക ഫീൽ വരുന്നതുവരെ ഈ പണി ചെയ്യൂ പിന്നീട് സംസാരിച്ച് ശരിയാക്കാം, കഫീൽ പറഞ്ഞതിനപ്പുറംഎനിക്ക് ഒന്നും ചെയ്യാനാകില്ല …..

നിസഹായനായ എനിക്ക് ആ ബംഗാളിയെ അനുസരിക്കേണ്ടി വന്നു , ഒരു നൂറു മീറ്റർ മാറിയുള്ള ആട് ഫാമിന്റെ അടുത്തേക്ക് അവൻ എന്നെ നയിച്ചു ,അവിടെ വെറ്റിലക്കറ വീണ് കറുത്ത് ,പൊട്ടിയ ,പല്ലുകളുമായി (കൃത്രിമമായി )ചിരിച്ചു കൊണ്ട് 2ബംഗാളികൾ എന്നെ എതിരേറ്റു, കട്ടൻ ചായയും സിഗരറ്റും തന്നു , രണ്ടും ഞാൻ കുടിച്ചും ,വലിച്ചും തീർത്തു. ഇതിനിടക്ക് ചില യാഥാർത്ഥ്യങ്ങൾ ഞാൻ ഉൾക്കൊണ്ടിരുന്നു … തീർത്തും വൃത്തിഹീനമായ അന്തരീക്ഷം ,ആയിരക്കണക്കിന് ആടുകൾ ,അവയ്ക്കുള്ള തീറ്റ സൂക്ഷിക്കുന്ന വലിയ ഗോഡൗൺ ,അതിന്റെ മൂലയിൽ പണിക്കാർക്കായി ഇടുങ്ങിയ ഒരു മുറി ,ബാത്ത് റൂം ,അടുക്കള ….എല്ലാം പേരിനു മാത്രം , ….. കത്തിയെരിയുന്ന സൂര്യനു താഴെ വിജനമായ മരുഭൂമിക്ക് നടുവിൽ ഒരു മഹാ നരകം ഇതായിരുന്നു അവിടം ,

അടുത്ത ദിവസം പുലർച്ചെ 4 മണിക്ക് എന്നെ വിളിച്ചുണർത്തി ഒരു ഗ്ലാസ് കട്ടൻ ചായ എനിക്കവർ തന്നു ശേഷം ഒരു പ്ലാസ്റ്റിക് ബക്കറ്റ് എന്നെയേൽപ്പിച്ചു …. ഞാൻ അതുമായി അവർക്കൊപ്പം നടന്നു (തീർത്തും യാന്ത്രികമായി).  മതിൽ കെട്ടിത്തിരിച്ച അനേകം ആട്ടിൻകൂടുകൾ ,ഓരോന്നിലും നൂറുകണക്കിനാടുകൾ ,കുട്ടികൾ ,അവയുടെ നീട്ടിയുള്ള കരച്ചിൽ ,….. പാലു കുടി മാറാത്ത കുട്ടികളെ മുഴുവൻ അറബിവിൽക്കും ,കറവ വറ്റാത്ത ആടുകളുടെ പാൽ കറന്നെടുത്ത് ഒഴുക്കിക്കളയണം ,അവയ്ക്ക് തീറ്റ കൊടുക്കണം ,പിന്നെ ദിവസവും ഓരോ ഭാഗത്തായി കൂട് വൃത്തിയാക്കണം ഇതാണ് പണി …… ഓരോ ആടും നൂറു കിലോയിൽ കൂടുതൽ തൂക്കം വരും ,( ഒരു കാളയേക്കാളേറെ ) അവയുടെ അകിടാണെങ്കിലോ ഒരു ഫുട്ബോളിന്റെ വലിപ്പവും ,അതിനേക്കാൾ ബലവും ,ഒന്നിനെയും കെട്ടിയിടാറില്ല .സർവ്വ ശക്തിയുമെടുത്ത് കറന്നാൽ ഒരിറ്റ് മാത്രം പാൽ ബക്കറ്റിൽ വീഴും …. അതിനിടക്ക് ആടുകളുടെ നീട്ടിയുള്ള തൊഴിയേറ്റ് ബക്കറ്റും ഞാനും പലവട്ടം തെറിച്ച് വീഴും .ഒരാഴ്ച ഇങ്ങനെ കടന്നു പോയി .

ഈ ജോലി ഇനിയും തുടർന്നാൽ ജീവനോടെ നാട്ടിലെത്തില്ലെന്നു മനസിലാക്കിയ ഞാൻ രണ്ടും കൽപ്പിച്ച് (സ്വയം) പണിമുടക്ക് പ്രഖ്യാപിച്ചു ,പിന്നെറൂമിലെ കട്ടിലിൽ കയറി ഒറ്റ ക്കിടപ്പായിരുന്നു. ബംഗാളികൾ പലതും പറഞ്ഞ് പേടിപ്പിക്കാൻ നോക്കിയെങ്കിലും ഞാൻ ഉറച്ചു നിന്നു ,എന്റെ സമരംഅഞ്ച് ദിവസം പിന്നിട്ടു ,അന്നൊരു വെള്ളിയാഴ്ചയായിരുന്നു ,അന്നാണ് കഫീൽ വരുന്ന ദിവസം ,എന്തുവന്നാലും നേരിടാനുറച്ച് ഞാനും ,രാവിലെ 9 മണിക്കുള്ളിൽ കഫീൽ വന്നു ,കവാടത്തിൽ വെച്ചു തന്നെ കാര്യസ്ഥൻ ബംഗാളി കാര്യങ്ങൾ ധരിപ്പിച്ചതിനാൽ ആൾ വലിയ കോപത്തിലായിരുന്നു ,അറബി ഭാഷയിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ട് അയാൾ എന്റെ റൂമിലേക്ക് കയറി വന്നു (അപ്പോഴാണ് ഞങ്ങൾ പരസ്പരം കാണുന്നത് ) പ്രായം 70 വയസ് തോന്നിക്കുന്ന കറുത്തിരുണ്ട ഒരു മനുഷ്യൻ, കണ്ടാൽ തന്നെ പേടിയാവും ….. എനിക്ക് അറബി അത്ര വശമില്ലെന്നു മനസിലാക്കിയ അയാൾ പിന്നെ സംസാരം ഇംഗ്ലീഷിലാക്കി ,എനിക്കറിയാവുന്ന വിധത്തിൽ ഞാൻ എന്റെ ഭാഗം പറയാൻ ശ്രമിച്ചു ,ഞാൻ ഒരിക്കലുംഈ ജോലി ചെയ്യില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു ….. ഒരു നല്ല മനസിനുടമയായ അയാൾക്ക്കാര്യം മനസിലായി, പക്ഷേ സ്വതസിദ്ധമായ ശൈലിയിൽ അയാളുടെ സംസാരം ഉറക്കെ തന്നെയായിരുന്നു ,അയാൾനാളെ ടിക്കറ്റുമായി വരാമെന്ന് പറഞ്ഞ് എന്റെ പാസ്പോർട്ടുമായി പോയി ,എങ്കിലും എനിക്ക് നല്ല പേടിയുണ്ടായിരുന്നു ‘ഇതിനിടയിൽ ഞാനെന്റെ കുടുംബത്തെക്കുറിച്ചോർത്തു ,പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ ,എന്റെ മാതാപിതാക്കൾ , ഭാര്യ, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ……

അന്നത്തെ രാവ് പുലർന്നതും ഞാൻ ഡ്രസ്സ് മാറി കാത്തിരുന്നു ,2ആഴ്ച കൊണ്ട് എന്റെ കോലം തന്നെ ആകെമാറിയിരുന്നു. ബംഗാളികൾ നൽകിയ ചായ കുടിച്ച് അവരുടെ ഫോണിൽ നിന്നും വീട്ടിലേക്ക് വിളിച്ചു, ഫോണെടുത്ത ഭാര്യയുടെ കരച്ചിൽ കേൾക്കാം ,പെട്ടെന്ന് എല്ലാം പറഞ്ഞ് ഫോൺ വെച്ചു ,അപ്പോഴേക്കും അകലെ നിന്നും പൊടിപറത്തിക്കൊണ്ട് കഫീലിന്റെ കാർ വന്നു ,പെട്ടെന്ന് തന്നെ എല്ലാവരോടും യാത്ര പറഞ്ഞ് ബാഗുമെടുത്ത് ഞാൻ കാറിൽ കയറി …. വഴിമദ്ധ്യേ ഞങ്ങൾ ഒന്നും സംസാരിച്ചില്ല …..എയർ പോർട്ടിനു മുമ്പിൽ എന്നെ ഇറക്കി ,പാസ്പോർട്ട് ,ടിക്കറ്റ് (കോഴിക്കോട്ടേക്ക്) കൂടെ കുറച്ച് കുവൈത്ത് ദിനാറും നൽകി സലാം പറഞ്ഞ് അയാൾ തിരിച്ചുപോയി ,ടിക്കറ്റ് നോക്കിയ എനിക്ക് വിമാനം പുറപ്പെടുന്ന സമയത്തെക്കുറിച്ച് പെട്ടെന്ന് മനസിലായില്ല ,…. അപ്പോഴതാ തൊട്ടു മുന്നിൽ സ്ഥിരം കണ്ടു പരിചയമുള്ള ഒരാൾ ,മറ്റാരുമല്ല സാക്ഷാൽ അറ്റ്ലസ് രാമചന്ദ്രൻ സാർ ,(ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം ) ….. ഞാൻ സ്വയം പരിചയപ്പെടുത്തി ,കാര്യങ്ങൾ പറഞ്ഞ് ടിക്കറ്റ് അദ്ദേഹത്തെ കാണിച്ചു ,കുവൈത്ത് —കൊളംബോ — കാലിക്കറ്റ് ഇതായിരുന്നു ഷെഡ്യൂൾ ….. അങ്ങനെ ഒരു നീണ്ട യാത്രക്കിടയിൽ ഞാൻ കോഴിക്കോട് വിമാനമിറങ്ങി ( ഇടക്ക് ബോംബെ എയർ പോർട്ടിൽ വെച്ച് വീട്ടിലേക്ക് വിളിച്ചിരുന്നു) കോഴിക്കോട് വിമാനമിറങ്ങി റോഡിലേക്ക് ഓട്ടോ വിളിച്ചു ‘ ബസ് കയറി മണ്ണാർക്കാട്ടേക്ക് ,അവിടെ നിന്നും ആനക്കട്ടി ബസിൽ സ്വന്തം നാടായ അട്ടപ്പാടിയിലേക്ക് …..പാക്കുളത്ത് ബസിറങ്ങി ഓട്ടോയിൽ വീട്ടിലേക്ക് ,ഞാൻ വരുന്നത റിഞ്ഞ് ,കരഞ്ഞു കലങ്ങിയ കണ്ണുമായി എന്റെ പെണ്ണ് ഓടി വന്നു …. സന്തോഷാശ്രുക്കൾ നയാഗ്ര തീർത്ത ആ മുഖത്തിന് അപ്പോൾ പതിനാലാം രാവിന്റെ ചന്തമായിരുന്നു ….

ഒ.എം .സവാദ് തങ്ങൾ,മണ്ണാർക്കാട്
75939 12230

Leave a Reply
You May Also Like

തെരുവിലേക്കിറങ്ങുമ്പോൾ ഞാൻ സ്വയം ചോദിച്ചു, മനുഷ്യന്റെ ചോരയുടെ യഥാർത്ഥ വില എന്താണ്?

തിരുവനന്തപുരത്ത് തമ്പാനൂരിൽ ശ്രീകുമാർ തിയേറ്ററിനടുത്ത് പണ്ടൊരു ബ്രാഹ്മണാൾ ഹോട്ടൽ ഉണ്ടായിരുന്നു.മുഴുപ്പട്ടിണിയുടെ മൂന്നാം നാൾ രണ്ടും കല്പിച്ച് ഞാനാ

കൊതുകുതിരിയും ഡൈയും തമ്മിൽ എന്താ ബന്ധമെന്ന് സംശയം തോന്നിയേക്കാം

എന്നെ സംബന്ധിച്ച് ഏറ്റവും വലിയ നൊസ്റ്റാൾജിയകളിൽ ഒന്നാണ് ആ കോംബിനേഷൻ! കൊതുകുതിരിയും ഡൈയും തമ്മിൽ എന്താ ബന്ധമെന്ന് സംശയം തോന്നിയേക്കാം. ഇവ രണ്ടിലും, ഒപ്പം വന്നിരുന്ന

ആക്സിഡന്റൽ പ്രെഗ്നൻസി ഉണ്ടായാൽ അത് unwanted child തന്നെയാണ്, ദൈവത്തിന്റെ ദാനം ഒന്നുമല്ല

ഒരു UNWANTED CHILD ആവുക എന്നതിന്റെ ഭീകരത എത്രത്തോളമുണ്ടെന്നറിയാമോ മനുഷ്യരെ നിങ്ങൾക്ക്. ദൈവം തന്നതല്ലേ എന്നു പറഞ്ഞു ആക്സിഡന്റൽ

ഒരു പച്ചയായ മനുഷ്യനിൽ അദിതിയുടെ ഓർമ്മകൾ (അനുഭവക്കുറിപ്പ്)

കുഞ്ഞുങ്ങളുടെ മരണം നമ്മെ അത്രമാത്രം നൊമ്പരപ്പെടുത്തുന്നത് എന്തുകൊണ്ടാണ് ? RAJESH അഞ്ചാറുവർഷങ്ങൾക്കു മുമ്പ് അദിതിയെന്ന ആറുവയസുകാരി,…