ഹർത്താലുകളെപ്പറ്റി ഒരഭ്യർത്ഥന (ലേഖനം) – സുനില്‍ എം എസ്

0
432

എഴുതിയത്: സുനില്‍ എം എസ്, മൂത്തകുന്നം

കേരളത്തില്‍ 2005നും 2012നുമിടയില്‍ ആകെ 363 ഹര്‍ത്താലുകള്‍ ആചരിയ്ക്കപ്പെട്ടെന്നും, 2006ല്‍ മാത്രം 223 ഹര്‍ത്താലുകളുണ്ടായെന്നും വിക്കിപ്പീഡിയയുടെ ‘പൊളിറ്റിക്കല്‍ ആക്റ്റിവിസം ഇന്‍ കേരള’ എന്ന താളില്‍ കാണുന്നു. 2012നു ശേഷവും കേരളത്തില്‍ ഹര്‍ത്താലുകള്‍ നടന്നിട്ടുണ്ട്. ഇന്നലെയവസാനിച്ച 2016ലുമുണ്ടായിരുന്നു ഹര്‍ത്താലുകള്‍. ഒക്‌റ്റോബര്‍ 13നു സംസ്ഥാനവ്യാപകമായി ബി ജെ പിയും, നവംബര്‍ 26നു തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സും, നവംബര്‍ 28നു സംസ്ഥാനവ്യാപകമായി ഇടതുപക്ഷ ജനാധിപത്യമുന്നണിയും ഹര്‍ത്താലുകള്‍ നടത്തിയിരുന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ പൊന്തിവന്നൊരു പേജിന്റെ സ്‌ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നു:

ഹര്‍ത്താലുകളോടുള്ള ഇവിടത്തെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമീപനം വൈരുദ്ധ്യാത്മകമാണ്. ഒരു പാര്‍ട്ടി നടത്തുന്ന ഹര്‍ത്താലിനെ എതിര്‍പാര്‍ട്ടികള്‍ നിശിതമായി വിമര്‍ശിയ്ക്കുന്നു: ഹര്‍ത്താല്‍ ജനജീവിതം ദുസ്സഹമാക്കും എന്നായിരിയ്ക്കും വിമര്‍ശനം. ആ വാദത്തില്‍ തീര്‍ച്ചയായും കഴമ്പുണ്ട്. എന്നാല്‍, അധികം താമസിയാതെ, എതിര്‍പാര്‍ട്ടികള്‍ സ്വന്തം വാദത്തെത്തന്നെ വിസ്മരിച്ച്, സ്വന്തം ഹര്‍ത്താലുമായി വരുന്നു. ഹര്‍ത്താലാചരിച്ചതിനു മുമ്പു വിമര്‍ശിയ്ക്കപ്പെട്ടവരായിരിയ്ക്കും ഇത്തവണ ഹര്‍ത്താലിനെ വിമര്‍ശിയ്ക്കുന്നത്. ഈ റോള്‍മാറ്റം തുടരുന്നു.

സര്‍ക്കാര്‍ ഏതു മുന്നണിയുടേതായാലും, ഹര്‍ത്താല്‍ ഏതു മുന്നണി നടത്തുന്നതായാലും, ഹര്‍ത്താല്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ പൊതുവില്‍ നിഷ്‌ക്രിയമാകുന്നെന്നു മാത്രമല്ല, ഹര്‍ത്താലുകളോടു പരോക്ഷമായി സഹകരിയ്ക്കുക കൂടി ചെയ്യുന്നു എന്നതാണു വാസ്തവം. അതുമൂലം ഹര്‍ത്താല്‍ദിനത്തില്‍ ഭരണരഥത്തിന്റെ കടിഞ്ഞാണ്‍ അനൗപചാരികമായി ഹര്‍ത്താല്‍ നടത്തുന്നവരിലേയ്‌ക്കെത്തുന്നു. ഹര്‍ത്താല്‍ദിനത്തില്‍ സംസ്ഥാനത്തെന്തു നടക്കണം, എന്തു നടക്കരുത് എന്നു തീരുമാനിയ്ക്കാനുള്ള അധികാരം ഹര്‍ത്താല്‍ നടത്തുന്നവര്‍ക്കു കിട്ടുന്നു. പരോക്ഷമായ ഈ അധികാരക്കൈമാറ്റം മൂലമാണു ഹര്‍ത്താലുകള്‍ ജനജീവിതത്തെ ദുസ്സഹമാക്കുന്നവയായിത്തീരുന്നത്.

ജനാധിപത്യഭരണവ്യവസ്ഥ നിലവിലിരിയ്ക്കുന്നൊരു രാജ്യത്തു പണിമുടക്കാനും പ്രതിഷേധിയ്ക്കാനുമുള്ള സ്വാതന്ത്ര്യം ജനതയ്ക്കുണ്ടാകണം. എന്നാല്‍, ആ സ്വാതന്ത്ര്യമുപയോഗിച്ചു പണിമുടക്കുകയും പ്രതിഷേധിയ്ക്കുകയും ചെയ്യുന്നതിനിടയില്‍, പണിമുടക്കാത്തവരുടേയും പ്രതിഷേധിയ്ക്കാത്തവരുടേയും മൗലികാവകാശങ്ങളെ നിഷേധിയ്ക്കുക കൂടി ചെയ്യുമ്പോള്‍ ജനാധിപത്യം ഓക്‌ളോക്രസി അഥവാ മോബോക്രസി ആയി പരിണമിയ്ക്കുന്നു. ഈ വഴിമാറിപ്പോക്കു തടയേണ്ടതു ജനതയുടെ സ്വാതന്ത്ര്യസംരക്ഷണത്തിന് അത്യാവശ്യമാണ്. ഇതിലേയ്ക്കായി ഒരഭ്യര്‍ത്ഥന ഈ ലേഖകന്‍ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയ്ക്കു സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ പതിനെട്ടിന് ഈമെയിലായി അയച്ച അഭ്യര്‍ത്ഥന താഴെ ഉദ്ധരിയ്ക്കുന്നു:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കയച്ച അഭ്യര്‍ത്ഥന

കേരളത്തില്‍ പതിവായിത്തീര്‍ന്നിരിയ്ക്കുന്ന ഹര്‍ത്താലുകള്‍ ഭരണഘടനയില്‍ ആലേഖനം ചെയ്യപ്പെട്ടിരിയ്ക്കുന്ന മൗലികാവകാശങ്ങളില്‍ രണ്ടെണ്ണത്തെ ലംഘിയ്ക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവായിരുന്നു, ഒക്ടോബര്‍ 13, വ്യാഴാഴ്ച, സംസ്ഥാനവ്യാപകമായി നടന്ന ഹര്‍ത്താല്‍. താഴെപ്പറയുന്നവയാണു ഹര്‍ത്താല്‍ ദിനങ്ങളില്‍ ലംഘിയ്ക്കപ്പെടാറുള്ള മൗലികാവകാശങ്ങള്‍:

19 (1) (d) All citizens shall have the right to move freely throughout the territory of India. (സഞ്ചാരസ്വാതന്ത്ര്യം)

19 (1) (g) All citizens shall have the right to practise any profession, or to carry on any occupation, േൃമde or business (ഉപജീവനസ്വാതന്ത്ര്യം)

ഹര്‍ത്താല്‍ ദിനങ്ങളില്‍ നടക്കുന്ന ഈ മൗലികാവകാശലംഘനങ്ങളെപ്പറ്റി വിശദമായി താഴെ വിവരിയ്ക്കുന്നു.

സഞ്ചാരസ്വാതന്ത്ര്യലംഘനം

പത്രത്തില്‍ വരാറുള്ള ഹര്‍ത്താല്‍ പ്രഖ്യാപനത്തെപ്പറ്റിയുള്ള വാര്‍ത്ത വായിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇക്കഴിഞ്ഞ ഹര്‍ത്താല്‍ പ്രഖ്യാപനത്തെപ്പറ്റി പത്രത്തില്‍ വന്ന വാര്‍ത്തയില്‍ നിന്നുള്ള ഭാഗം താഴെ ഉദ്ധരിയ്ക്കുന്നു:

‘ആസ്പത്രി, മെഡിക്കല്‍ സ്റ്റോര്‍, പാല്‍, പത്രം എന്നിവയെ ഒഴിവാക്കി. ശവസംസ്‌കാരത്തിനു പോകുന്നവര്‍, വിമാനത്താവളത്തിലേക്കു പോകുന്നവര്‍, വിവാഹം, ഹജ്ജ്, ശബരിമല തീര്‍ത്ഥാടകര്‍ എന്നിവരേയും ഒഴിവാക്കിയിട്ടുണ്ട്.’

ഹര്‍ത്താല്‍ദിനത്തിലെ സംസ്ഥാനഭരണാധികാരം മുഴുവന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പിടിച്ചെടുത്തെന്ന മട്ടിലുള്ള പ്രഖ്യാപനമാണിത്. പ്രഖ്യാപിക്കുക മാത്രമല്ല, ഹര്‍ത്താലനുകൂലികള്‍ പ്രഖ്യാപനം കര്‍ക്കശമായി നടപ്പില്‍ വരുത്തുകയും ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഹര്‍ത്താല്‍ദിനത്തില്‍ ഫലവത്തായ നടപടികളെടുക്കാതിരിയ്ക്കുമ്പോള്‍ അതു സൂചിപ്പിയ്ക്കുന്നതു സംസ്ഥാനത്തിന്റെ ഭരണാധികാരം സര്‍ക്കാര്‍ ഹര്‍ത്താലനുകൂലികള്‍ക്കു കൈമാറിയിരിയ്ക്കുന്നെന്നാണ്. ജനതയാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനേക്കാള്‍ കൂടുതലധികാരം ഹര്‍ത്താലനുകൂലികള്‍ക്കു കൈവരുന്ന പതിവിനു മാറ്റം വരണം.

ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയവയൊഴികെയുള്ള വാഹനങ്ങളെ ഹര്‍ത്താല്‍ അനുകൂലികള്‍ ഹര്‍ത്താല്‍ ദിവസം തടയുന്നു. ചിലയിടങ്ങളില്‍ ഒഴിവാക്കിയവയെപ്പോലും തടയുന്നു. ഹര്‍ത്താല്‍ ദിവസം സര്‍ക്കാരുടമസ്ഥതയിലുള്ള കെ എസ് ആര്‍ ടി സി ബസ്സുകളും സ്വകാര്യവാഹനങ്ങളും തങ്ങളുടെ ഭൂരിഭാഗം ട്രിപ്പുകളും മുടക്കുന്നു. ജനതയുടെ സഞ്ചാരം അതോടെ അസാദ്ധ്യമാകുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളെ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുക മാത്രമല്ല, കല്ലെറിഞ്ഞും ടയറുകളുടെ കാറ്റഴിച്ചു വിട്ടും അവയ്ക്കു നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യാറുണ്ട്. കല്ലേറിലും മറ്റും ബസ്സ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും പരിക്കു പറ്റുന്നതും പതിവാണ്. തുടര്‍ന്ന്, ബസ്സുകളും അവയിലെ സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പെടെയുള്ള യാത്രക്കാരും നടുറോഡില്‍ കുടുങ്ങിപ്പോകുകയും ചെയ്യുന്നു.

കെ എസ് ആര്‍ ടി സി ബസ്സുകള്‍ പോലും റോഡിലിറങ്ങാത്ത സ്ഥിതിയില്‍ ടാക്‌സികളും ഓട്ടോറിക്ഷകളും ഓടുകയില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇരുചക്രവാഹനങ്ങളല്ലാത്ത സ്വകാര്യവാഹനങ്ങള്‍ റോഡിലിറക്കാന്‍ മിക്കവരും ധൈര്യപ്പെടാറില്ല. ചിലയിടങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ ഇരുചക്രവാഹനങ്ങളെപ്പോലും തടയാറുണ്ട്. ആസ്പത്രിസംബന്ധമായോടുന്ന വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരിയ്ക്കുന്നെന്നായിരിയ്ക്കും പ്രഖ്യാപനമെങ്കിലും, പലപ്പോഴും ആംബുലന്‍സുകളേയും ഹര്‍ത്താലനുകൂലികള്‍ വെറുതേ വിടാറില്ല.

ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ദിനം കല്ലേറു കൊണ്ട ഒരാംബുലന്‍സിന്റെ ചിത്രം ദേശാഭിമാനിയില്‍ വന്നിരുന്നതു നോക്കൂ.

 

ബസ്സുകളും മറ്റു വാഹനങ്ങളും തടഞ്ഞതിന്റെ ചില വാര്‍ത്തകള്‍ താഴെ കൊടുക്കുന്നു:

ചുരുക്കിപ്പറഞ്ഞാല്‍, ഹര്‍ത്താല്‍ ദിനത്തില്‍ ജനതയുടെ സഞ്ചാരസ്വാതന്ത്ര്യമെന്ന മൗലികാവകാശം പാടേ നിഷേധിയ്ക്കപ്പെടുന്നു.

ഉപജീവനസ്വാതന്ത്ര്യലംഘനം

വ്യാപാരവാണിജ്യവ്യവസായസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിയ്ക്കാന്‍ ഹര്‍ത്താലനുകൂലികള്‍ അനുവദിയ്ക്കാറില്ല. ഏതെങ്കിലും കടകള്‍ തുറന്നിരിയ്ക്കുന്നതു കണ്ടാല്‍ അവരവ ഉടന്‍ അടപ്പിയ്ക്കുന്നു. ഫാക്ടറികള്‍, ധനകാര്യസ്ഥാപനങ്ങള്‍, മറ്റു വ്യവസായസ്ഥാപനങ്ങള്‍ അവയൊക്കെ ഹര്‍ത്താലനുകൂലികള്‍ അടപ്പിയ്ക്കുന്നു. അടയ്ക്കാന്‍ വിസമ്മതിയ്ക്കുന്നവ ഹര്‍ത്താലനുകൂലികള്‍ തല്ലിപ്പൊളിച്ചതു തന്നെ. ഇക്കഴിഞ്ഞ ബന്ദിനെപ്പറ്റി വന്ന ചില വാര്‍ത്തകള്‍ താഴെ കൊടുക്കുന്നു:

അന്നന്നു ജോലി ചെയ്തു വേതനം പറ്റുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ഹര്‍ത്താല്‍ ദിനം ജോലിനഷ്ടവും വേതനനഷ്ടവുമുണ്ടാക്കുന്നു. ചെറുതും വലുതുമായ വ്യവസായസംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം നഷ്ടമുണ്ടാകുന്നു.

സര്‍ക്കാര്‍സേവനത്തിനുള്ള പൊതുജനാവകാശം

പ്രവൃത്തിദിനങ്ങളിലുള്ള സര്‍ക്കാരാപ്പീസുകളുടെ സേവനം പൊതുജനത്തിന്റെ അവകാശമാണ്. ഹര്‍ത്താല്‍ ദിനങ്ങളില്‍ കേരളത്തിലെ ഭൂരിഭാഗം സര്‍ക്കാരാപ്പീസുകളും സാമാന്യസേവനം നല്‍കുന്നുണ്ടാവില്ല. ഇക്കഴിഞ്ഞ ഹര്‍ത്താലിനെപ്പറ്റി മുകളില്‍ കൊടുത്തിരിയ്ക്കുന്ന വാര്‍ത്താശകലങ്ങളിലൊന്ന് കാക്കനാട് സിവില്‍ സ്റ്റേഷനെപ്പറ്റിയുള്ളതാണ്. അവിടത്തെ സര്‍ക്കാരാപ്പീസുകളില്‍ പകുതിയില്‍ താഴെ മാത്രമായിരുന്നു ഹാജര്‍നിലയെന്നു വാര്‍ത്തയില്‍ കാണുന്നു. ആപ്പീസില്‍ ഹാജരുള്ള ജീവനക്കാരുടെ എണ്ണം പകുതിയില്‍ താഴെ മാത്രമാകുമ്പോള്‍, അവിടങ്ങളില്‍ അന്നേദിവസം പൊതുജനസേവനം നടന്നുകാണാനിടയില്ല. മുപ്പതു ശതമാനത്തോളം ആപ്പീസുകള്‍ തുറക്കുക പോലും ചെയ്തില്ലെന്നും വാര്‍ത്തയില്‍ കാണുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ പൊതുജനത്തിന്റെ സര്‍ക്കാര്‍ സേവനത്തിനുള്ള അവകാശവും ലംഘിയ്ക്കപ്പെടുന്നു എന്നു ചുരുക്കം.

സാമ്പത്തികനഷ്ടം

ഹര്‍ത്താല്‍ മൂലം മിക്ക പ്രദേശങ്ങളിലും വലുതായ വരുമാനനഷ്ടമുണ്ടാകുന്നു. ഓരോ ഹര്‍ത്താല്‍ ദിനവും സംസ്ഥാനത്ത് ആയിരം കോടി രൂപയുടെ നഷ്ടമുണ്ടാകുന്നെന്ന് ഒരു വര്‍ഷം മുമ്പു പത്രത്തില്‍ കണ്ടിരുന്നു. ഈ നഷ്ടത്തിന്റെ വലിയൊരു ഭാഗം സഹിയ്‌ക്കേണ്ടി വരുന്നതു പൊതുജനമാണ്.

ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ബീജേപ്പിയാണു നടത്തിയത്. യൂഡിഎഫും എല്‍ഡിഎഫും ഇവിടെ ധാരാളം ഹര്‍ത്താലുകള്‍ നടത്തിയിട്ടുണ്ട്. യൂഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും ഹര്‍ത്താല്‍ ദിനങ്ങളിലും മുകളില്‍ വിവരിച്ച പൊതുജനാവകാശലംഘനങ്ങളും സാമ്പത്തികനഷ്ടവും ഉണ്ടായിട്ടുണ്ട്. യൂഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും ബീജേപ്പിയുടേയും മാത്രമല്ല, പ്രാദേശികസംഘടനകളുടെ ഹര്‍ത്താലുകളും ഇവിടെ ഇടയ്ക്കിടെ നടന്നിട്ടുണ്ട്.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഹര്‍ത്താലുകള്‍ ആചരിച്ചിരുന്ന നിലയ്ക്ക് ഹര്‍ത്താലുകള്‍ നിരോധിയ്ക്കുന്നതു ശരിയായ സമീപനമാവുകയില്ലെന്നാണ് ഒരു വാദം. അക്കാലത്തിവിടെ വിദേശികളാണു ഭരണം നടത്തിയിരുന്നത്. ഇന്നിപ്പോള്‍ ജനങ്ങള്‍ തന്നെ ഭരിയ്ക്കുന്നു. അന്നത്തെ ഹര്‍ത്താലുകള്‍ വിദേശസര്‍ക്കാരിനെതിരെയുള്ളതായിരുന്നെങ്കില്‍, ഇന്നിവിടെ നടക്കുന്ന ഹര്‍ത്താലുകളെല്ലാം ഇവിടത്തെ ജനതയ്‌ക്കെതിരായുള്ളവയാണ്. കേരളത്തില്‍ സമീപകാലങ്ങളില്‍ നടന്നുകണ്ടിട്ടുള്ള ഹര്‍ത്താലുകളൊന്നടങ്കം ജനതയ്‌ക്കെതിരായിരുന്നു താനും. ഹര്‍ത്താലുകളുടെ ദൂഷ്യഫലങ്ങള്‍ ഏറ്റവുമധികം സഹിയ്‌ക്കേണ്ടി വന്നതു ജനതയ്ക്കായിരുന്നു. ഹര്‍ത്താല്‍ ദിനങ്ങളില്‍ മുകളില്‍ സൂചിപ്പിച്ച മൗലികാവകാശലംഘനങ്ങളുണ്ടാകുന്നത് അനുവദിയ്ക്കാന്‍ പാടില്ലെന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഇതിലേയ്ക്കുള്ള ഏതാനും നിര്‍ദ്ദേശങ്ങള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുമ്പാകെ സമര്‍പ്പിയ്ക്കുന്നു:

നിര്‍ദ്ദേശം (1) സര്‍ക്കാര്‍ പരിപാടികള്‍ മാറ്റിവയ്ക്കരുത്

ഒരു ദിവസം ഹര്‍ത്താലായി ആചരിയ്ക്കുമെന്ന് ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാര്‍ട്ടിയോ മുന്നണിയോ മറ്റേതെങ്കിലും സംഘടനകളോ പ്രഖ്യാപിച്ചാലുടന്‍ ആ ദിവസം നടത്താന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സര്‍ക്കാര്‍ പരിപാടികളെല്ലാം മാറ്റിവയ്ക്കുകയോ വേണ്ടെന്നു വയ്ക്കുകയോ ആണ് എല്‍ഡിഎഫ് സര്‍ക്കാരുകളും യുഡിഎഫ് സര്‍ക്കാരുകളും ചെയ്തു പോന്നിരിയ്ക്കുന്നത്. നിലവിലിരിയ്ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും ഇക്കഴിഞ്ഞ ഹര്‍ത്താല്‍ പ്രഖ്യാപനത്തെ ‘ആദരിച്ച്’ മുന്‍ പതിവു തന്നെ തുടര്‍ന്നു. ഹര്‍ത്താല്‍ മൂലം സര്‍ക്കാര്‍ മാറ്റിവച്ച പരിപാടികളെപ്പറ്റി പത്രത്തില്‍ വന്ന ചില വാര്‍ത്തകള്‍ താഴെ കൊടുക്കുന്നു:

ഹര്‍ത്താലിനോടു സര്‍ക്കാര്‍ സഹകരിയ്ക്കുന്നതായും, ഹര്‍ത്താലിനെ സര്‍ക്കാര്‍ അംഗീകരിയ്ക്കുന്നതായുമൊക്കെയാണ് ഇത്തരം മാറ്റിവെപ്പുകള്‍ പരോക്ഷമായെങ്കിലും സൂചിപ്പിയ്ക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ഹര്‍ത്താലനുകൂലികള്‍ സര്‍ക്കാരിനേക്കാള്‍ വലിയ അധികാരികളായിത്തീരുന്നതിന് ഇതിടയാക്കുന്നു. സര്‍ക്കാര്‍പരിപാടികള്‍ യഥാസമയം നടത്താനുള്ള ദൃഢനിശ്ചയവും സ്ഥൈര്യവും കഴിവും സര്‍ക്കാരിനുണ്ടാകണം. സംസ്ഥാനത്തെ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കാന്‍ സര്‍ക്കാര്‍ മടിഞ്ഞാല്‍, ജനതയുടെ കാര്യം കഷ്ടത്തിലാകും; തങ്ങളുടെ നിയമപരമായ അവകാശസംരക്ഷണത്തിന്നായി ജനതയ്ക്കു സമീപിയ്ക്കാന്‍ അധികാരികളില്ലാതാകും.

ഈ വിഷയത്തില്‍ ഞാന്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങളിലൊന്ന് ഇതാണ്: സര്‍ക്കാര്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പരിപാടികളിലൊരെണ്ണം പോലും ഹര്‍ത്താല്‍ മൂലം മാറ്റിവയ്ക്കരുത്. സര്‍ക്കാര്‍ നിശ്ചയിച്ച പരീക്ഷകളായാലും ഇന്റര്‍വ്യൂകളായാലും യോഗങ്ങളായാലും, അവയെല്ലാം ഹര്‍ത്താല്‍ ദിവസം നടത്തുക തന്നെ വേണം. അവയൊന്നും മാറ്റിവയ്ക്കരുതെന്നു മാത്രമല്ല, അവ രണ്ടാമതൊരു തവണ കൂടി നടത്തുകയുമരുത്. ചുരുക്കിപ്പറഞ്ഞാല്‍, ഹര്‍ത്താല്‍ ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും അതേ ദിവസം തന്നെ നടത്തണം.

ഹര്‍ത്താല്‍ ദിനങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ മാറ്റിവയ്ക്കുകയെന്ന, മുന്‍ പതിവില്‍ നിന്നു വ്യത്യസ്തമായി, ഭാവിയിലുണ്ടായേയ്ക്കാവുന്ന ഹര്‍ത്താല്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ പരിപാടികള്‍ മാറ്റി വയ്ക്കുകയില്ലെന്നും, അവ മുന്‍കൂട്ടി നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്നും ഇപ്പോള്‍ത്തന്നെ സര്‍ക്കാര്‍ പ്രഖ്യാപിയ്ക്കണമെന്നും ഞാനഭ്യര്‍ത്ഥിയ്ക്കുന്നു. ഇതുവരെയുള്ളതില്‍ നിന്നു വ്യത്യസ്തമായ ഈ സമീപനത്തെപ്പറ്റി ജനതയെ മുന്‍കൂറായി തെര്യപ്പെടുത്താന്‍ അടുത്ത ഹര്‍ത്താല്‍ വരെ കാത്തിരിയ്ക്കരുതെന്നും അഭ്യര്‍ത്ഥിയ്ക്കുന്നു.

നിര്‍ദ്ദേശം (2) ട്രിപ്പു മുടക്കുന്ന ബസ്സുകളില്‍ നിന്നു പിഴ ഈടാക്കണം

ജീവികള്‍ക്കു രക്തചംക്രമണമെന്ന പോലെ അനുപേക്ഷണീയമാണ് ഒരു രാജ്യത്തിനു ഗതാഗതം. ഗതാഗതം ഒരിയ്ക്കലും നിലയ്ക്കാന്‍ പാടില്ല. പൊതുജനത്തിന്റെ സഞ്ചാരത്തിന് യാതൊരു പ്രതിബന്ധവുമുണ്ടാകാന്‍ പാടില്ല. ബസ്സുകള്‍ അവശ്യസേവനമാണ്. സ്വകാര്യബസ് സര്‍വീസുകളായാലും കെ എസ് ആര്‍ ടി സി യുടെ സര്‍വീസുകളായാലും അവ മുടങ്ങാന്‍ പാടില്ല. ഹര്‍ത്താല്‍ ദിവസം ഭൂരിഭാഗം സ്വകാര്യബസ്സുകളും റോഡിലിറങ്ങുന്നില്ല. കെ എസ് ആര്‍ ടീ സി ബസ്സുകള്‍ നാമമാത്രമായി സര്‍വീസുകള്‍ നടത്തുന്നു. അവരും തങ്ങളുടെ ഭൂരിഭാഗം ബസ്സുകളും ഡിപ്പോകളില്‍ നിന്നു പുറത്തിറക്കാറില്ല.

ഇക്കാര്യത്തിലും എനിയ്‌ക്കൊരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കാനുണ്ട്. ട്രിപ്പുകള്‍ മുടക്കിയ ബസ്സുകളില്‍ നിന്ന് അവ മുടക്കിയ ഓരോ ട്രിപ്പിനും പിഴ ഈടാക്കണം. ഒരു ബസ്സിന്റെ ഒരു ദിവസത്തെ ശരാശരി വരുമാനത്തെ ഒരു ദിവസത്തെ ആകെ ട്രിപ്പുകളുടെ എണ്ണം കൊണ്ടു ഭാഗിച്ചു കിട്ടുന്ന തുക ഹര്‍ത്താല്‍ ദിനത്തില്‍ മുടക്കിയ ഓരോ ട്രിപ്പിനുമുള്ള പിഴയായി ഈടാക്കണം. ഒരു ബസ്സ് ഹര്‍ത്താല്‍ ദിനത്തില്‍ എല്ലാ ട്രിപ്പുകളും മുടക്കുന്നെങ്കില്‍, ആ ബസ്സിന്റെ ശരാശരി പ്രതിദിനവരുമാനം പിഴയായി ഈടാക്കണം. ഈ പിഴ സ്വകാര്യബസ് സര്‍വീസുകള്‍ക്കു മാത്രമല്ല, ട്രിപ്പു മുടക്കുന്ന കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്കും ഒരേ പോലെ ബാധകമാക്കണം. ട്രിപ്പു മുടക്കിയാല്‍ കനത്ത പിഴയെന്ന ഈ വ്യവസ്ഥ കര്‍ശനമായി നടപ്പാക്കണമെന്നാണ് എന്റെ വിനീതമായ അപേക്ഷ.

നിര്‍ദ്ദേശം (3) എഴുപത്തഞ്ചു ശതമാനത്തില്‍ കുറഞ്ഞ ഹാജര്‍നില

പൊതുജനത്തെയാണു സര്‍ക്കാര്‍ ആപ്പീസുകള്‍ സേവിയ്ക്കുന്നത്. സര്‍ക്കാര്‍ ആപ്പീസു പ്രവര്‍ത്തിയ്ക്കുന്നില്ലെങ്കില്‍ കഷ്ടപ്പെടുന്നതു പൊതുജനമാണ്. ഒരു ദിവസം ഒരു സര്‍ക്കാര്‍ ആപ്പീസിലെ ഹാജര്‍ നില എഴുപത്തഞ്ചു ശതമാനത്തില്‍ കുറവാണെങ്കില്‍ ആ ദിവസം ആ ആപ്പീസില്‍ നിന്നു പൊതുജനത്തിനു കിട്ടേണ്ടതായ സേവനം വേണ്ടുംവണ്ണം കിട്ടിയിട്ടുണ്ടാവില്ല. പൊതുജനസേവനം മുടങ്ങാന്‍ പാടില്ല. ഹര്‍ത്താല്‍ ദിവസം ഒരാപ്പീസില്‍ ഇരുപത്തഞ്ചു ശതമാനത്തിലേറെപ്പേര്‍ ജോലിയ്ക്കു ഹാജരാകാതിരുന്നാല്‍, അന്നു ഹാജരാകാതിരുന്ന ജീവനക്കാര്‍ക്ക് ആ ദിവസത്തേയ്ക്കുള്ള വേതനം നല്‍കരുതെന്നാണ് എന്റെ മറ്റൊരു നിര്‍ദ്ദേശം. ഹര്‍ത്താല്‍ ദിവസം പൊതുജനത്തിനു ലഭിയ്‌ക്കേണ്ട സേവനം നിര്‍ബാധം ലഭിയ്ക്കുന്നതിനു തടസ്സമുണ്ടാകാതിരിയ്ക്കാന്‍ ഈ നടപടി ആവശ്യമാണ്. ചികിത്സയ്ക്കായി ഹര്‍ത്താല്‍ ദിവസത്തിനു മുമ്പു തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടിരുന്നതു മൂലം (അഡ്മിറ്റു ചെയ്യപ്പെട്ടിരുന്നതിനാല്‍) ഹര്‍ത്താല്‍ ദിവസം ജോലിയ്ക്കു ഹാജരാകാന്‍ കഴിയാതെ പോയവര്‍ക്കു വേതനം നിഷേധിയ്ക്കുകയില്ല എന്നൊരിളവ് ഇവിടെ അനുവദിയ്ക്കണം.

നിര്‍ദ്ദേശം (4) സെക്ഷന്‍ 144 പ്രഖ്യാപിയ്ക്കണം

ഒരു ഹര്‍ത്താല്‍ ദിവസം ഏറെ സമയം കാത്തുനിന്നിട്ടും കെ എസ് ആര്‍ ടി സി ബസ്സുകള്‍ കാണാതിരുന്നപ്പോള്‍ ബന്ധപ്പെട്ട ഡിപ്പോയില്‍ വിളിച്ചു ചോദിച്ചു. ബസ്സുകളോടിയ്ക്കാനുള്ള ക്ലിയറന്‍സ് പോലീസ് അധികാരികള്‍ നല്‍കിയിട്ടില്ല എന്ന ഉത്തരമാണു കിട്ടിയത്. പോലീസില്‍ വിളിച്ചു ചോദിച്ചപ്പോള്‍, ബസ്സുകള്‍ ഓടിയ്‌ക്കേണ്ട എന്ന നിര്‍ദ്ദേശം കൊടുത്തിട്ടില്ല എന്നും അറിഞ്ഞു. തിരികെ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ വിളിച്ചപ്പോള്‍, ‘ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമൊക്കെ മനുഷ്യരല്ലേ, അവര്‍ക്കും ജീവനില്‍ കൊതിയുണ്ടാകും, കല്ലേറും തല്ലും ഇടിയും കൊള്ളാനുമൊക്കെ ആരാണു തയ്യാറാകുക’ എന്ന മറുചോദ്യമായിരുന്നു മറുപടി.

ബസ്സുകളോടിയ്ക്കാന്‍ ജീവനക്കാര്‍ ഭയക്കുന്ന വിധം ആപത്കരമാണ് ഒരു പ്രദേശമെങ്കില്‍, ആ പ്രദേശത്താകെ സെക്ഷന്‍ 144 പ്രഖ്യാപിയ്ക്കണം എന്നാണു ഞാന്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശം. അത്തരം പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ ദിവസം നാലിലേറെപ്പേര്‍ ഒരുമിച്ചു നടക്കുന്നതു നിരോധിയ്ക്കണം. ഹര്‍ത്താല്‍ ദിവസം ഹര്‍ത്താലനുകൂലികള്‍ കൂട്ടം കൂട്ടമായാണു വഴി തടയാനും വാഹനങ്ങള്‍ക്കു കല്ലെറിയാനും മറ്റക്രമങ്ങള്‍ക്കുമൊക്കെയായി തെരുവിലിറങ്ങുന്നത്. നാലിലേറെപ്പേര്‍ ഒരുമിച്ചു നടക്കുന്നതു നിരോധിച്ചാല്‍, ഹര്‍ത്താല്‍ ദിനത്തിലെ അക്രമപ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകും.

ഹര്‍ത്താലിനു തൊട്ടു മുന്‍പത്തെ ദിവസം, ഹര്‍ത്താല്‍ ദിനം, ഹര്‍ത്താലിന്റെ അടുത്ത ദിനം എന്നിങ്ങനെ മൂന്നു ദിവസത്തേയ്ക്കായിരിയ്ക്കണം സെക്ഷന്‍ 144 പ്രഖ്യാപിയ്ക്കുന്നത്. സെക്ഷന്‍ 144 അനുസരിച്ചുള്ള പ്രഖ്യാപനം ലംഘിച്ചുകൊണ്ടു ഹര്‍ത്താലനുകൂലികള്‍ തെരുവിലിറങ്ങിയാല്‍ അവരെ നിയമമനുസരിച്ചു തന്നെ കൈകാര്യം ചെയ്യണം: ചൂരല്‍പ്രയോഗം, ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതകപ്രയോഗം, ജലപീരങ്കി – ഇവയുപയോഗിച്ച് നിയമലംഘനം ഏതുവിധേനയും തടയുകയും സുഗമമായ വാഹനഗതാഗതം സാദ്ധ്യമാക്കുകയും വേണം. സര്‍ക്കാരിനോട് എതിര്‍പ്പുണ്ടെങ്കില്‍ അതു പ്രകടിപ്പിയ്ക്കാന്‍ ഇവിടെ നിയമം അനുവദിയ്ക്കുന്ന മാര്‍ഗങ്ങള്‍ പലതുമുണ്ട്; അവ സ്വീകരിയ്ക്കുന്നതിനു പകരം തെരുവിലിറങ്ങി പൊതുജനത്തെ ദ്രോഹിയ്ക്കുന്ന പതിവിന് ഒരവസാനമുണ്ടാകണം.

ഹര്‍ത്താല്‍ ദിനത്തില്‍ മുടക്കം കൂടാതെ എല്ലാ ട്രിപ്പുകളും ഓടിയ്ക്കാന്‍ തയ്യാറാണോ അല്ലയോ എന്നു കെ എസ് ആര്‍ ടി സിയോടും സ്വകാര്യബസ്സുകാരോടും ഹര്‍ത്താല്‍ ദിനത്തിന് ഏതാനും ദിവസം മുമ്പു തന്നെ ആരായണം. ആപല്‍ശങ്കയുണ്ട്, ബസ്സോടിയ്ക്കില്ല എന്നാണ് ഒരു പ്രദേശത്തു നിന്നുള്ള ഉത്തരമെങ്കില്‍ ആ പ്രദേശത്തു നിശ്ചയമായും സെക്ഷന്‍ 144 പ്രഖ്യാപിയ്ക്കണം. ഒരു ജില്ലയൊന്നാകെ ഭീതിയിലാണെങ്കില്‍ ജില്ലയൊന്നാകെ സെക്ഷന്‍ 144 പ്രഖ്യാപിയ്ക്കണം. ട്രിപ്പുകള്‍ മുടക്കരുതെന്ന കര്‍ശനനിര്‍ദ്ദേശം സ്വകാര്യബസ്സുകള്‍ക്കും കെ എസ് ആര്‍ ടി സിയ്ക്കും നല്‍കണം.

അക്രമം നടത്തുന്നവര്‍

ഹര്‍ത്താല്‍ ദിനത്തില്‍ സാമൂഹ്യവിരുദ്ധരാണു ഹര്‍ത്താലനുകൂലികളെന്ന വ്യാജേന അക്രമം നടത്തുന്നത്. ബസ്സുകളും ആപ്പീസുകളും മറ്റും തല്ലിത്തകര്‍ക്കുന്നവര്‍ സാമൂഹ്യവിരുദ്ധര്‍ തന്നെ, യാതൊരു സംശയവുമില്ല. രാഷ്ട്രീയപ്പാര്‍ട്ടിയില്‍ പെട്ടവരാണ് അക്രമം നടത്തുന്നതെങ്കില്‍ അവര്‍ സാമൂഹ്യവിരുദ്ധരാണ്. ജനാധിപത്യവ്യവസ്ഥിതിയില്‍ സാമൂഹ്യവിരുദ്ധതയെന്നാല്‍ ജനശത്രുത. അത്തരം ജനശത്രുക്കളെ തിരിച്ചറിഞ്ഞ്, അവരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പുറത്താക്കണം. ഹര്‍ത്താല്‍ ദിനത്തില്‍ ജനതയുടെ മൗലികാവകാശസംരക്ഷണത്തിന്നായി കര്‍ക്കശനടപടികളെടുക്കാതെ സര്‍ക്കാര്‍ പിന്തിരിയുമ്പോള്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണു നടക്കുക. സാമൂഹ്യവിരുദ്ധര്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ക്കശനടപടികളെടുക്കാതിരിയ്ക്കുമ്പോള്‍ നിസ്സഹായരായ ജനത സാമൂഹ്യവിരുദ്ധര്‍ക്കു കീഴ്‌പ്പെടേണ്ടി വരുന്നു. അതുകൊണ്ട്, ഹര്‍ത്താലുകളെ നേരിടാന്‍ മുകളില്‍ സമര്‍പ്പിച്ചിരിയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ വിനയപുരസ്സരം അഭ്യര്‍ത്ഥിയ്ക്കുന്നു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കയച്ച അഭ്യര്‍ത്ഥന ഇവിടെ അവസാനിയ്ക്കുന്നു.

മുകളില്‍ കൊടുത്തിരിയ്ക്കുന്ന നിര്‍ദ്ദേശങ്ങളെ പല വിഭാഗങ്ങളും എതിര്‍ക്കാനിടയുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ ട്രിപ്പു മുടക്കിയാല്‍ പിഴയൊടുക്കേണ്ടി വരുന്ന കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള ബസ്സുടമകളും, ഹര്‍ത്താല്‍ ദിനങ്ങള്‍ ശമ്പളസഹിത അവധിദിനങ്ങളല്ലാതായിത്തീരുന്നതു കൊണ്ടു സര്‍ക്കാര്‍ ജീവനക്കാരും എതിര്‍ക്കാതിരിയ്ക്കില്ല. ഹര്‍ത്താല്‍ ദിനത്തില്‍ നൂറ്റിനാല്പത്തിനാലാം വകുപ്പു പ്രഖ്യാപിച്ചാല്‍, കൂട്ടത്തോടെ തെരുവിലിറങ്ങി വാഹനങ്ങളെ കല്ലെറിയാനും, ആപ്പീസുകളും വ്യാപാരവാണിജ്യവ്യവസായസ്ഥാപനങ്ങളും ബലം പ്രയോഗിച്ച് അടപ്പിയ്ക്കാനും സാധിയ്ക്കാതെ വരുന്നതു കൊണ്ടു ഹര്‍ത്താലനുകൂലികളും നിര്‍ദ്ദേശങ്ങളെ എതിര്‍ക്കും; നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനെ ഇക്കൂട്ടര്‍ എതിര്‍ക്കുക മാത്രമല്ല, അതിനോടു പ്രതിഷേധിയ്ക്കാന്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്യും, തീര്‍ച്ച.

കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ [email protected] എന്ന ഐഡിയിലേയ്ക്ക് ഈമെയിലായി അയച്ച അഭ്യര്‍ത്ഥനയിന്മേല്‍ നടപടികളെന്തെങ്കിലും സര്‍ക്കാര്‍ സ്വീകരിച്ചതായി അറിയിപ്പു കിട്ടിയിട്ടില്ല. ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിലുള്ള ഹര്‍ത്താലുകളെ അനുകൂലിയ്ക്കാത്തവര്‍ വായനക്കാരുടെ ഇടയിലുണ്ടെങ്കില്‍ അവരോടൊരു അഭ്യര്‍ത്ഥനയുള്ളത്, അവരും മുകളില്‍ ഉദ്ധരിച്ചിരിയ്ക്കുന്നതു പോലുള്ള അഭ്യര്‍ത്ഥനകള്‍ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയ്ക്ക് അയയ്ക്കണം എന്നതാണ്. അഞ്ചോ പത്തോ അഭ്യര്‍ത്ഥനകള്‍ അനുകൂലനിലപാടെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചെന്നു വരില്ല. എന്നാല്‍, അഭ്യര്‍ത്ഥനകള്‍ ആയിരമോ പതിനായിരമോ ആയാല്‍, അനുകൂലഫലമുണ്ടാകാം.

ഹര്‍ത്താലുകളുടെ നിരോധനമല്ല നമ്മുടെ ആവശ്യം. ഹര്‍ത്താലുകള്‍ നടത്താന്‍ ജനതയ്ക്കുള്ള സ്വാതന്ത്ര്യം പരിരക്ഷിയ്ക്കപ്പെടുന്നതോടൊപ്പം, ഹര്‍ത്താലുകളില്‍ പങ്കെടുക്കാതിരിയ്ക്കാനുള്ള സ്വാതന്ത്ര്യവും ജനതയ്ക്കുണ്ടാവണം, ഹര്‍ത്താലുകളില്‍ പങ്കു ചേരാത്തവരുടെ മൗലികാവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിയ്ക്കപ്പെടുകയും വേണം: അതാണു നമ്മുടെ ആവശ്യം.

പ്രതികരണങ്ങള്‍ക്കു സ്വാഗതം; അവ [email protected] എന്ന ഐഡിയിലേയ്ക്ക് ഈമെയിലായി അയയ്ക്കാനഭ്യര്‍ത്ഥിയ്ക്കുന്നു.