ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും

1004

നേരം വെളുക്കാറായപ്പോള്‍ പെയ്ത മഴയുടെ കുളിരില്‍, ബെഡ് ഷീറ്റ് വലിച്ചു തലവഴി മൂടി, കൈകള്‍ രണ്ടും ‘ഇട്ടാര്‍സി ജങ്ങ്ഷനില്‍’ തിരുകി, മാക്‌സിമം വോളിയത്തില്‍ കൂര്‍ക്കം വലിച്ചു കിടന്നുറങ്ങിയിരുന്ന ഞാന്‍ കോളിംഗ് ബെല്ലിന്റെ നിറുത്താതെയുള്ള അലര്‍ച്ച കേട്ടാണ് ഞെട്ടിയുണര്‍ന്നത്.

ഞായറാഴ്ചകളില്‍ രാവിലെ പത്തു മണിവരെയുള്ള എന്റെ കുംഭകര്‍ണ്ണസേവയെ തടസ്സപ്പെടുത്താനായി ഈ കൊച്ചുവെളുപ്പാന്‍കാലത്തു കേറി വന്നിരിക്കുന്നത് ആരായിരിക്കും എന്ന ചിന്തയില്‍ ഞാന്‍ തട്ടിപ്പിടഞ്ഞെഴുനേറ്റു. അരയില്‍നിന്നും പിണങ്ങിപ്പിരിഞ്ഞു പോയി കട്ടിലിന്റെ മൂലയില്‍ ചുരുണ്ടുകിടക്കുന്ന ഉടുമുണ്ടിനെ തപ്പിയെടുത്തു വീണ്ടും യഥാസ്ഥാനത്ത് ഉറപ്പിച്ചു. പിന്നെ തിടുക്കത്തില്‍ പോയി മുന്‍വാതില്‍തുറന്നു.

ഈശ്വരാ ആരാണിത്?

വെള്ള ഒറ്റമുണ്ടും കാവി ജൂബ്ബയും ധരിച്ച ഒരു രൂപം ഇടതു തോളില്‍ തുണിസഞ്ചിയും വലതു കക്ഷത്തില്‍ ഒരു ‘മുഴക്കോലു’മായി മുറ്റത്തു നില്‍ക്കുകയാണ്. ഒറ്റനോട്ടത്തില്‍ സിനിമാനടന്‍ കൃഷ്ണകുട്ടിനായരുടെ രൂപസൌകുമാര്യമുള്ള ആ മുരിങ്ങക്കോല്‍ ദേഹത്തിന്റെ കയ്യില്‍ ഒരു വലിയ കാലന്‍കുടയുമുണ്ട്. പള്ളിപ്പെരുന്നാളിനു ‘മുത്തുക്കുട’ പിടിക്കുന്ന രീതിയില്‍ ആ കുട തന്റെ കഷണ്ടിത്തലയുടെ പ്രൊട്ടെക്ഷന്‍ എന്നവണ്ണം വിടര്‍ത്തിപ്പിടിച്ചിരിക്കുകയാണ് . എങ്കിലും ചന്നം പിന്നം പെയ്യുന്ന മഴയുടെ തുള്ളികളില്‍ ചിലത് ജാംബവാന്റെ കാലഘട്ടത്തില്‍ നിര്‍മ്മിച്ച ആ ശീലക്കുടയുടെ സുഷിരങ്ങളിലൂടെ ഊര്‍ന്നിറങ്ങി മാന്യദേഹത്തിന്റെ കോഴിമുട്ടശിരസ്സില്‍ അവിടവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്.
കുടവയറുള്ള സ്ത്രീ സാരിയുടുത്തതുപോലെ ലുങ്കീധാരിയായി കണ്ണും തിരുമ്മി നില്‍ക്കുന്ന എന്നെ വോള്‍വോ ബസ്സിന്റെ മുന്‍പിലെ ഗ്ലാസ്സുപോലുള്ള കണ്ണടയിലൂടെ ആഗതന്‍ സൂക്ഷിച്ചു നോക്കി. പിന്നെ തന്റെ ചകിരിമോഡല്‍ മീശയുടെ അടിയിലുള്ള വെറ്റിലക്കറ പിടിച്ച പല്ലുകള്‍ പുറത്തുകാട്ടി പരിചിത ഭാവത്തില്‍ ഒന്നു ചിരിച്ചു.

എത്ര ആലോചിച്ചിട്ടും വന്നിരിക്കുന്നതാരാണെന്ന് എനിക്കു മനസ്സിലായില്ല. ഇനി വല്ല അമ്പലപ്പിരിവിനും വന്നതായിരിക്കുമോ എന്നു ഞാന്‍ ശങ്കിച്ചു. അങ്ങിനെയാണെങ്കില്‍ കയ്യില്‍ രസീതുകുറ്റിയും പേനയുമൊക്കെ കാണുമല്ലോ? പക്ഷെ ഇദ്ദേഹത്തെ കണ്ടിട്ട് അങ്ങിനെയൊരു ലക്ഷണം കാണുന്നില്ല.
‘ഞാന്‍ പപ്പനാവന്‍……..നാട്ടുകാര്‍ എന്നെ പപ്പുവാശാരി എന്നു വിളിക്കും.’

കാലന്‍കുട മടക്കി വരാന്തയുടെ അരികില്‍ വച്ചിട്ടു ആഗതന്‍ സിറ്റൌട്ടിലേയ്ക്ക് കയറി.

‘ഗോപാലന്‍ മേസ്തിരി പറഞ്ഞിട്ട് വന്നതാ…ഈ വീടിന്റെ ‘വാസ്തു’ ഒന്നു നോക്കണമെന്ന് പറഞ്ഞിരുന്നില്ലേ?’

എഫ്.എം റേഡിയോയുടെ ആന്റിനപോലെ തന്റെ കക്ഷത്തില്‍ സ്ഥാപിച്ചിരുന്ന മുഴക്കോലെടുത്ത് ഭിത്തിയില്‍ ചാരി വച്ചിട്ട് ആഗതന്‍ കൂടുതല്‍ പരിചയപ്പെടുത്തി.
‘ഓ..മനസ്സിലായി..മനസ്സിലായി…പപ്പുവാശാരിയല്ലേ….ഗോപാലന്‍ മേസ്ത്രി പറഞ്ഞിരുന്നു…പക്ഷെ ഞാനങ്ങു വിട്ടുപോയി കേട്ടോ’

ആളെ തിരിച്ചറിഞ്ഞ ഞാന്‍ ക്ഷമാപണം നടത്തിയിട്ട് ഉപചാരപൂര്‍വ്വം ആഗതനെ അകത്തേയ്ക്ക് ക്ഷണിച്ചു.

ഇനി ഒരല്പം ഫ്‌ലാഷ് ബാക്ക്….

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഭാര്യ ‘ഗൃഹ ഐശ്വര്യം’ എന്നു പേരുള്ള ഒരു പുസ്തകം വാങ്ങി പാരായണം ചെയ്യാന്‍ തുടങ്ങിയത്. അടുക്കളയിലെ പൊടിക്കൈകള്‍, പെട്ടെന്നുണ്ടാകുന്ന അസുഖങ്ങള്‍ക്കുള്ള ഒറ്റമൂലികള്‍ തുടങ്ങി വാസ്തുശാസ്ത്രം വരെയുള്ള കാര്യങ്ങള്‍ സവിസ്തരം പ്രതിപാദിച്ചിരിക്കുന്ന ആ പുസ്തകത്തിന്റെ വില നൂറ്റിയമ്പത് രൂപയാണ്. വീടുകള്‍ തോറും കയറിയിറങ്ങി വില്പനനടത്തുന്ന ഒരാളില്‍ നിന്നും വാങ്ങിയ ആ പുസ്തകം രണ്ടുമൂന്നാവര്‍ത്തി വായിച്ച അവള്‍ അതില്‍ വിവരിച്ചിരിക്കുന്ന വാസ്തുശാസ്ത്രവിധികളെ കൂലങ്കഷമായി പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ സംഗതി കണ്ടു പിടിച്ചത്.

പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഞങ്ങള്‍ താമസ്സിക്കുന്ന വീടിന്റെ വാസ്തുശാസ്ത്രം മൊത്തം കുഴപ്പത്തിലാണത്രെ !

ഉടനെതന്നെ ഒരു വാസ്തുശാസ്ത്രവിദഗ്ദനെ കാണണമെന്നും ദോഷങ്ങള്‍ മാറ്റണമെന്നും അവള്‍ വാശിപിടിച്ചു. പുസ്തകത്തില്‍ വായിക്കുന്നതു മുഴുവന്‍ ശരിയല്ലെന്നും പുസ്തകം കൂടുതല്‍ ചിലവാകാനായി അടിസ്ഥാനമില്ലാത്ത പലതും അവര്‍ എഴുതിപ്പിടിപ്പിക്കുന്നതാണെന്നും ഞാന്‍ പറഞ്ഞു നോക്കി…

ക്യാ ഫലം….? നോ രക്ഷ..!!
പക്ഷെ വാസ്തുശാസ്ത്രക്കാരെ ആരെയും എനിക്കു പരിചയമുണ്ടായിരുന്നില്ല. ഒടുവില്‍ പറ്റിയ ഒരാളെ എങ്ങിനെയും ഏര്‍പ്പെടുത്താമെന്ന് അടുത്തുള്ള ഗോപാലന്‍ മേസ്തിരി ഏറ്റിരുന്നതിന്റെ പരിസമാപ്തിയാണ് കുട്ടനാടന്‍ ‘കൊഞ്ച്” ജൂബ്ബ ധരിച്ചതുപോലെ മുഴക്കോല്‍ധാരിയായി മുന്‍പില്‍ വന്നു നില്‍ക്കുന്നത്.
ഫ്‌ലാഷ് ബായ്ക്ക് കഴിഞ്ഞു…. ഇനി ലൈവ്.

‘എന്നാപ്പിന്നെ സമയം കളയാതെ നമുക്കങ്ങു തുടങ്ങിയാലോ? ഇപ്പോഴാണെങ്കില്‍ അല്പം തെളിവുണ്ട്’
പപ്പുവാശാരി തന്റെ തോള്‍സഞ്ചി തുറന്ന് ഒരു വെള്ളപേപ്പര്‍, പെന്‍സില്‍, പൊടിഡപ്പി എന്നിവ പുറത്തെടുത്തു. ഡപ്പിയില്‍ നിന്നും കുറച്ചു പൊടിയെടുത്ത് കൈവെള്ളയിലിട്ടു തുരുമ്മി പതംവരുത്തി മൂക്കിന്റെ ഇരുദ്വാരങ്ങളിലും തിരുകി ശക്തിയോടെ ഒരു തുമ്മല്‍ പാസാക്കി. പെന്‍സില്‍ വലതു ചെവിക്കുടന്നയില്‍ വിലങ്ങനെ തിരുകി വച്ചു. ഒറ്റമുണ്ട് ജൂബ്ബയ്ക്കും സഞ്ചിയ്ക്കും മുകളിലൂടെ മടക്കിക്കുത്തി. എന്നിട്ടു ഭിത്തിയില്‍ ചാരിവച്ചിരുന്ന മുഴക്കോല്‍ കയ്യിലെടുത്തു പുറത്തേയ്ക്കിറങ്ങി.

അപ്പോഴാണ് ആ ഒറ്റമുണ്ടിന്റെ അടിയില്‍ മുട്ടുവരെ ഇറക്കമുള്ള ഒരു വരയന്‍ അണ്ടെര്‍വെയര്‍ കൂടി ഉണ്ടെന്നുള്ള വിവരം എന്റെ ശ്രദ്ധയില്‍ പെട്ടത്. ഗണപതിയുടെ നിക്കര്‍ സുബ്രഹ്മണ്യന്‍ ധരിച്ചതുപോലെ ആ കളസ്സം അദ്ദേഹത്തിന്റെ കാലുകളുമായി യാതൊരു ബന്ധവുമില്ല എന്ന രീതിയില്‍ നിലകൊണ്ടു.

പുറത്തിറങ്ങിയ പപ്പുവാശാരി വീടിനു ചുറ്റും ഒന്നു ചുറ്റിനടന്നു. കിഴക്കും പടിഞ്ഞാറും തെക്കും വടക്കും ദിശകള്‍ നോക്കി തിട്ടപ്പെടുത്തി. മുഴക്കോല്‍ കൊണ്ട് വീടിന്റെ അളവുകളെടുത്തു. എടുത്ത അളവുകളെല്ലാം പെന്‍സില്‍ കൊണ്ടു പേപ്പറില്‍ എഴുതിയിട്ട് പെന്‍സില്‍ വീണ്ടും ചെവിക്കുടന്നയില്‍ വച്ചു. എന്നിട്ട് വീടിന്റെ തെക്കുവശത്ത് നില്‍ക്കുന്ന വലിയ വാളന്‍പുളിയുടെ ചുവട്ടിലെത്തി നിന്നു..

വെളിച്ചപ്പാടിന്റെ പിറകെനടക്കുന്ന സഹായിയെപ്പോലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുകൊണ്ടു ഞാന്‍ കൂടെ നടന്നു.

പുളിയുടെ അരികിലെത്തിയ പപ്പുവാശാരി ഒരു നിമിഷം അതിന്റെ ഉച്ചിയിലേയ്ക്ക് നോക്കി. അമര്‍ത്തിയ ഒരു മൂളലോടെ അതിനെ ഒന്നു തലോടി. അദ്ദേഹത്തിന്റെ കണ്ണുകള്‍ ചെറുതാവുകയും പുരികങ്ങള്‍ വളഞ്ഞു നിവരുകയും ചെയ്തു. മനസ്സില്‍ ചില കണക്കു കൂട്ടലുകള്‍ നടക്കുന്നതായി ആ മുഖഭാവം കൊണ്ടു ഞാന്‍ ഊഹിച്ചു. രണ്ടു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം വെടിപൊട്ടിക്കുന്നതു പോലെ പപ്പുവാശാരി പറഞ്ഞു…
‘ആകെ കുഴപ്പമാണല്ലോ സാറേ…പുരയുടെ കണക്കു മൊത്തം പിശകാ… ഈ പുളിയുടെ നില്‍പ്പ് അസ്ഥാനത്താ…ഇവനെ ഉടനെ വെട്ടണം. ഇല്ലെങ്കില്‍ വാസ്തുപുരുഷന്‍ കോപിക്കും..പുള്ളി കോപിച്ചാല്‍ ഗൃഹവാസികള്‍ക്ക് അസുഖമോ മരണമോ ഉറപ്പാ’

‘അയ്യോ’

ഞാന്‍ ഞെട്ടിപ്പോയി. ഭാര്യ പറഞ്ഞത് എത്രശരിയാണ്.! അവള്‍ ആ പുസ്തകം വായിച്ചില്ലായിരുന്നെങ്കില്‍ ഇതൊക്കെ ഞാന്‍ അറിയുമായിരുന്നോ? എന്താകുമായിരുന്നു പിന്നത്തെ സ്ഥിതി?
ഞാന്‍ നന്ദിയോടെ ഭാര്യയെ നോക്കി.

‘വല്യ എഴുത്തുകാരനാണെന്നു പറഞ്ഞു നടന്നാല്‍ പോരാ..വല്ലപ്പോഴും പുസ്തകം വായിക്കണം’ എന്ന ഭാവത്തില്‍ അവള്‍ എന്നേയും നോക്കി.
ഇതിനിടയില്‍ പപ്പുവാശാരി വീടിന്റെ പടിഞ്ഞാറ്വശത്തുള്ള കുളിമുറിയുടേയും കക്കൂസ്സിന്റേയും അളവെടുക്കാന്‍ തുടങ്ങിയിരുന്നു. അളവെടുപ്പ് കഴിഞ്ഞ് അദ്ദേഹം പ്രഖ്യാപിച്ചു.

‘ഈ കുളിമുറിയും കക്കൂസും ഇരിക്കുന്നത് വാസ്തുപുരുഷന്റെ നെഞ്ചത്താ..ഇവിടെ കക്കൂസ്സ് വച്ചാല്‍ ഗൃഹവാസികള്‍ക്ക് രോഗപീഡയും മനപ്രയാസവുമാ ഫലം’

ഈശ്വരാ…ശരിയാണല്ലോ…ചുമ്മാതാണോ രാവിലെ കക്കൂസില്‍ കയറി ഒരു മണിക്കൂര്‍ ഇരുന്നാലും കാര്യങ്ങള്‍ക്കു ഒരു ‘നീക്കുപോക്ക്’ ഉണ്ടാകാത്തത്? എന്റെ ഗ്യാസ് ട്രബിളിന്റെ അസ്‌കിത അതുകൊണ്ടാവുമോ മാറാത്തത്? കക്കൂസില്‍ കയറി എത്രനേരമിരുന്നാലും മനപ്രയാസം മാത്രം മിച്ചം…ഞാന്‍ ആലോചിച്ചു.

‘കക്കൂസും പൊളിക്കേണ്ടി വരും’ പപ്പുവാശാരി അതു പറഞ്ഞിട്ട് നേരെ വീടിന്റെ മുന്‍പിലെത്തി…
‘ങേ…..കക്കൂസ് പൊളിച്ചാല്‍ പിന്നെ അടുത്തതു പണിയുന്നതുവരെ എവിടെപ്പോയി കാര്യങ്ങള്‍ സാധിക്കും?’

ഞാന്‍ ചിന്താക്കുഴപ്പത്തിലായി.
നീളമുള്ള ഒരു കയര്‍ കൊണ്ടുവരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഞാനുടന്‍ കയറുമായെത്തി. ആ കയറുകൊണ്ട് വീടിന്റെ തെക്ക്പടിഞ്ഞാറെ മൂലയില്‍ നിന്നും വടക്ക്കിഴക്കേ മൂലയിലേയ്ക്കും വടക്ക് പടിഞ്ഞാറേ മൂലയില്‍ നിന്നും തെക്ക് കിഴക്കേ മൂലയിലേയ്ക്കും അളന്നു…

‘കണ്ടോ…വീടിന്റെ ബ്രഹ്മസൂത്രവും യമസൂത്രവും അടഞ്ഞിരിക്കുകയാ…അങ്ങനെ വരാന്‍ പാടില്ല. വന്നാല്‍ ഭയങ്കര കുഴപ്പമാ..’

ആശാരി അളവ് നിര്‍ത്തി.

ബ്രഹ്മസൂത്രവും യമസൂത്രവും !!…അതെന്തു സൂത്രം?

വീടുകള്‍ക്ക് അങ്ങിനെയും ചില സൂത്രങ്ങളുണ്ടെന്ന വിവരം എനിക്കു പുതിയ അറിവായിരുന്നു.

അതായത് ഓരോ വസ്തുവിലും ഒരു വാസ്തുപുരുഷന്‍ കിടപ്പുണ്ട്. വടക്ക് കിഴക്കു ദിശയില്‍ തലയും തെക്കുപടിഞ്ഞാറു ദിശയില്‍ കാലുമായിട്ടാണ് വാസ്തുപുരുഷന്റെ കിടപ്പ്. ആ കിടപ്പില്‍ വരുന്നതാണ് ഈ സൂത്രങ്ങളൊക്കെ. വാസ്തുപുരുഷന്റെ കിടപ്പിനെ ശല്യപ്പെടുത്തുന്ന രീതിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൂടാ…അങ്ങനെ ചെയ്താല്‍ വാസ്തുപുരുഷന്‍ കോപിക്കും..അദ്ദേഹം കോപിച്ചാല്‍ പിന്നെ കുഴപ്പമാ.. പപ്പുവാശാരി കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിച്ചു.
‘അയ്യോ.. അപ്പോപ്പിന്നെ എന്തോ ചെയ്യും..?’ ഭാര്യയ്ക്ക് വെപ്രാളമായി…

‘വീടു പൊളിക്കണം’

‘ഈശ്വരാ …വീടു പൊളിക്കാനോ?’ എനിക്കു തല കറങ്ങി.

‘അതേ.. ഈ വീട് പൊളിച്ചുകളഞ്ഞിട്ടു വാസ്തുശാസ്ത്രമനുസരിച്ച് വാസ്തുപുരുഷനു ബുദ്ധിമുട്ടുണ്ടാകാത്തവിധം പുതിയ വീടുണ്ടാക്കിയാല്‍ കുഴപ്പങ്ങള്‍ തീരും’ പപ്പുവാശാരി പറഞ്ഞു നിര്‍ത്തി.

ദൈവമേ… ഈ വീടു തന്നെ ഉണ്ടാക്കാന്‍ പെട്ട പാട് എനിക്കേ അറിയൂ.. ..അപ്പോള്‍ ഉള്ളതു കൂടി പൊളിച്ചു കളഞ്ഞാല്‍…?

ഞാന്‍ ദയനീയമായി ഭാര്യയെ ഒന്നു നോക്കിയിട്ട് വീടിനു മുന്‍പില്‍ കുത്തിയിരുന്നു…പിന്നെ വടക്ക് കിഴക്കു ദിശയില്‍ തലയും തെക്കുപടിഞ്ഞാറു ദിശയില്‍ കാലുമായി കിടക്കുന്ന വാസ്തുപുരുഷനോട് ചോദിച്ചു…

ഇയ്യാള്‍ക്ക് വേറെ എവിടെയെങ്കിലും പോയി കിടക്കാന്‍ മേലാരുന്നോ? വസ്തുവില്‍ തന്നെ കിടക്കണമെന്ന് എന്താ ഇത്ര നിര്‍ബന്ധം? അല്ല… എനിക്ക് മനസ്സിലാകാത്തതു കൊണ്ടു ചോദിക്കുവാ…. ഈ വീട്ടിലെ പുരുഷന്‍ ഞാനാണോ അതോ നീയാണോ?