ലോക്ഡൌൺ തുടങ്ങി ആറുമാസമാകുമ്പോഴേക്കും ഏകദേശം എഴുപതോളം ആത്മഹത്യകൾ നടന്നുകഴിഞ്ഞു. ഇതിൽ ചെറുതല്ലാത്തൊരു പങ്ക് പബ്ജി ഗെയിമിനുണ്ടെന്നു പറയാതെ വയ്യ. എറണാകുളത്ത് ഏഴാം ക്ലാസിൽ ഒരു പഠിക്കുന്ന കുട്ടി പബ്ജി കളിക്ക് അടിമയായി മാറുകയും അതിനെ എതിർത്തത്തിന്റെ പേരിൽ വീട്ടുകാർക്ക് നേരിടേണ്ടിവന്ന അനുഭവങ്ങളും വിവരിക്കുകയാണ് റംലത്ത് ആമി ഈ കുറിപ്പിലൂടെ.
റംലത്ത് ആമിയുടെ പോസ്റ്റ്
എഴുതണമെന്നു പലപ്പോഴും കരുതിയ ഒരു വിഷയം. എന്നാല്‍ ഇന്നലെ ഞെട്ടിക്കുന്ന ഒരു സംഭവം എനിക്കു വളരെ വേണ്ടപ്പെട്ട ഒരു കുടുംബത്തിൽ സംഭവിച്ചു.ഇനിയും എഴുതാതിരിക്കുന്നത് ശരിയല്ലെന്നു തോന്നി.എറണാകുളത്ത് ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടി, പഠനം മൊബൈലിലേക്കൊതുങ്ങിയതോടെ അവന് പഠനാവശ്യത്തിനു നൽകിയ മൊബൈലിൽ പബ്ജി ഡൌൺലോഡ് ചെയ്തു കളി തുടങ്ങി.അതോടെ പഠനത്തില്‍ ശ്രദ്ധയും കുറഞ്ഞു.കോവിഡ് കാരണം പുറംലോകവുമായി ബന്ധമില്ലാതെ പബ്ജി കളിക്ക് അടിമയായി മാറിയ എവിടെ ഒക്കെയോ ഉള്ള കുറെ കൂട്ടുകാരും ആയി മുഴുവന്‍ സമയം പബ്ജി കളി!ഭക്ഷണവും കുളിയും നനയും പഠിത്തവും ഉറക്കവും ഒന്നുമില്ലാതായി! ഇതെല്ലാം കണ്ട് എന്തെങ്കിലും പറയുകയോ ദേഷ്യപ്പെടുകയോ ചെയ്താല്‍ വലിയ ദേഷ്യവും കാണുന്നതൊക്കെ തട്ടിയെറിയലും തുടങ്ങി. ഒടുവില്‍ പബ്ജി കളി ഓവറായതോടെ മൊബൈൽ തിരികെ വാങ്ങി കമ്പ്യൂട്ടറിൽ പഠിക്കാനുളള സൌകര്യമൊരുക്കി.അതോടെ അതിൽ യൂട്യൂബിൽ പബ്ജി വീഡിയോസ് കാണലായി!
കഴിഞ്ഞ ദിവസം ഇതു കണ്ട് സഹി കെട്ട് കുട്ടിയുടെ അമ്മ കമ്പ്യൂട്ട൪ ഓഫ് ചെയ്തു. അതോടെ അക്രമാസക്തനായ കുട്ടിയെ, അവന്റെ പിതാവ് കുറെയേറെ തല്ലുകയും ചെയ്തു.പിതാവ് പുറത്തു പോയ ഉടനെ അവ൯ ഒരു ബ്ലേഡുമായി അമ്മയുടെ അടുത്തുവന്ന്, കാലിന്റെ തുട മുതല്‍ താഴെ വരെ മൂന്നു വരയൽ! എന്താണു സംഭവിക്കുന്നതെന്നു അമ്മക്കു മനസിലാവും മു൯പ് ചോരച്ചാൽ തെളിഞ്ഞു വെറും പതിമൂന്നുകാരനാണെന്നോർക്കണം!വികാരത്തിനടിമപ്പെടാതെയുളള ആ അമ്മയുടെ വിവേകപരമായ ഇടപെടല്‍ ഒന്നു കൊണ്ടു മാത്രം കൂടുതല്‍ അനിഷ്ടം സംഭവിച്ചില്ല. മകനെ ചേ൪ത്തു പിടിച്ചു സമാധാനിപ്പിച്ചു.അല്ലാതെ അവിടെ വേറെ ഒന്നും ഒരു പരിഹാരമല്ല!! വേറൊരമ്മയിൽ നിന്നും നേരിട്ട് അറിയാന്‍ കഴിഞ്ഞ ഒരു കാര്യം കൂടി ഇതിനോടു ചേ൪ത്തു വയ്ക്കട്ടെ,
ആ അമ്മയുടെ പതിനഞ്ചുകാരനായ മകനും ഇതു പോലെ ഗെയിം ഭ്രാന്തിൽ മുഴുകി ജീവിക്കുന്നവനാണ്.മൊബൈല്‍ അച്ഛന്‍ മാററി വച്ചു എന്ന കാരണത്താല്‍ ഓട്ടോ ഡ്രൈവറായ അഛനെ പോകുന്ന വഴി വണ്ടിയിടിച്ച് മരിച്ച് പോട്ടെ എന്നു പ്രാകിയത്രെ ആ മക൯!എത്രയെത്ര മൊബൈലുകൾ എറിഞ്ഞുടക്കപ്പെട്ടിരിക്കുന്നുവെന്ന് ആ അമ്മ!ഇന്നലെയും ടിവിയില്‍ ഒരു പതിമൂന്നുകാരന്റെ ആത്മഹത്യാ വാ൪ത്ത കണ്ടു.ലോക്ഡൌൺ തുടങ്ങി ആറുമാസമാകുമ്പോഴേക്കും ഏകദേശം എഴുപതോളം ആത്മഹത്യകൾ! ഇതിൽ ചെറുതല്ലാത്തൊരു പങ്ക് പബ്ജി ഗെയിമിനുണ്ടെന്നു പറയാതെ വയ്യ!!