ഗോൾവാൾക്കറുടെ പ്രസംഗവും ഗാന്ധിവധവും ആർ.എസ്.എസുകാരുടെ മധുരപലഹാര വിതരണവും

0
420

ഒ എന്‍ വി പറഞ്ഞത്‌

‘മഹാത്മാ ഗാന്ധി വെടിയേറ്റ്‌ മരിക്കുന്നതിനു രണ്ടാഴ്ച മുൻപ്‌ തിരുവനന്തപുരം തൈക്കാട്‌ മൈതാനിയിൽ ആർ എസ്‌ എസ്സിന്റെ സുപ്രധാനമായ ഒരു യോഗം നടക്കുകയാണു.കാക്കി നിക്കർ ധരിച്ച വളണ്ടിയർമാരും മറ്റു പ്രവർത്തകരും നിരന്നു നിൽക്കുന്നു.

ഗുരുജി ഗോൾവാൾക്കർ ആണു പ്രസംഗകൻ.
ദേശീയ സമരത്തേയും, സ്വാതന്ത്ര്യത്തേയും കുറിച്ച്‌ അദ്ദേഹം എന്തുപറയുന്നു എന്നു കേൾക്കാൻ യൂണീവേഴ്സിറ്റി കോളേജിൽ നിന്നു ഞാൻ ഉൾപ്പെടെ ഒരു ചെറുസംഘം വിദ്യാർത്ഥികൾ തൈക്കാട്ടേക്കു പോയി. ഗോൾവാൾക്കർ അതിനിശിതമായി മഹാത്മാഗാന്ധിയെ വിമർശ്ശിച്ചു സംസാരിച്ചു.
എന്റെ ഓർമ്മ ശരിയാണെങ്കിൽ മലയാറ്റൂരും, കരുനാഗപ്പള്ളി ജി കാർത്തികേയനും ഗോൾവാൾക്കറോട്‌ ചില ചോദ്യങ്ങൾ പ്രസംഗാനന്തരം ചോദിച്ചു .

ശാന്തമായി മറുപടി പറയുന്നതിനു പകരം അയാൾ ഞങ്ങളെ തല്ലാൻ മൗനാനുവാദം നൽകി.
തിരുവനന്തപുരത്തെ തമിഴ്‌-ബ്രാഹ്മണ കുടുംബത്തിലെ കുട്ടികൾ ആയിരുന്നു വോളന്റിയർന്മാരിൽ അധികവും.
അവർ അബൗട്ടൻ ചെയ്ത്‌ ഞങ്ങളെ തല്ലാൻ തുടങ്ങി. ശ്രോതാക്കളായി എത്തിയ ഞങ്ങൾ അവരുടെ കൈയിലുണ്ടായിരുന്ന തടികൾ കൈക്കലാക്കി അവർക്കെതിരെ പ്രയോഗിച്ചു. രണ്ടാഴ്ച കഴിഞ്ഞു ഒരു വൈകുന്നേരം കോളേജിൽ നിന്ന് ഹോസ്റ്റലിൽ എത്തിയപ്പോഴാണു ഗാന്ധിജി വെടിയേറ്റു മരിച്ച വിവരം അറിയുന്നത്‌.

കനത്ത ദുഃഖത്തോടെ തൈക്കാട്‌ മൈതാനത്തിനു സമീപത്തുകൂടി ഞങ്ങൾ നടന്നുപോകുമ്പോൾ അതിനടുത്ത ഒരു ആർ എസ്‌ എസ്സുകാരന്റെ വീട്ടിൽ മധുരപലഹാരം വിതരണം ചെയ്യുന്നതുകണ്ടു. അക്രമത്തിനു തുനിഞ്ഞ ഞങ്ങളെ വരദരാജൻ നായർ സമാധാനിപ്പിച്ച്‌ കറുത്ത ബാഡ്ജ്‌ ധരിപ്പിച്ചു ഒരു മൗന ജാഥയാക്കി മാറ്റി.

വർഷങ്ങൾക്ക്‌ ശേഷം ഇന്നും ഗോൾവാൾക്കറുടെ പ്രസംഗവും, മധുര പലഹാര വിതരണവും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളായി അവശേഷിക്കുന്നു’

ഒ എൻ വി കുറുപ്പ്‌.
കലാകൗമുദി
1991 ഫെബ്രുവരി 10