എന്താണ് ഹൈവേ ഓഫ് ഡെത്ത് (highway of death)? ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം എന്ന പ്രശസ്തമായ യുദ്ധം എന്താണ്? ⭐
അറിവ് തേടുന്ന പാവം പ്രവാസി
👉ലോകമഹായുദ്ധാനന്തര ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ യുദ്ധമായ ഒന്നാം ഗൾഫ് വാറിന്റെ ഭാഗമാണ് ഹൈവേ ഓഫ് ഡെത്ത്. പിൽക്കാലത്ത് ലോകയുദ്ധ ചരിത്രത്തിൽ വലിയ അക്ഷരങ്ങളിൽ എഴുതിയ ഏടായി അതുമാറി. 1988 ൽ പശ്ചിമേഷ്യയിൽ ചില സംഭവ വികാസങ്ങളുണ്ടായി. എട്ടുവർഷമായി തുടർന്നിരുന്ന ഇറാൻ-ഇറാഖ് യുദ്ധം അമേരിക്കയുടെ ഇടപെടൽ മൂലം വെടി നിർത്തലിലെത്തി. 1990 പകുതിയോടെ ഇരു രാജ്യങ്ങളും തമ്മിൽ സമാധാനത്തിനു വേണ്ടിയുള്ള കൂടുതൽ ശ്രമങ്ങളും ഉടലെടുത്തു. ഇതോടെ നീണ്ട നാളുകളായി കലുഷിതമായിരുന്ന മധ്യ-പൂർവദേശ രാഷ്ട്രീയരംഗത്തിൽ ശാന്തി കൈ വരുമെന്ന് എല്ലാ നിരീക്ഷകർക്കും പ്രതീക്ഷ കൈവന്നു.
എന്നാൽ ഇതെല്ലാം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തങ്ങളുടെ അയൽ രാജ്യമായ കുവൈത്തിനെതിരെ രൂക്ഷവിമർശനവുമായി സദ്ദാം ഹുസൈൻ രംഗത്തെത്തിയത്. കുവൈത്ത്-ഇറാഖ് അതിർത്തിയിലെ അൽ-റുമൈല എണ്ണപ്പാടങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ കുവൈത്ത് അനാവശ്യമായും , നിയമവിരുദ്ധമായും എടുക്കുന്നുണ്ടെന്നായിരുന്നു ആരോപണം. പാശ്ചാത്യ രാജ്യങ്ങൾക്ക് കുറഞ്ഞ വിലയിൽ എണ്ണ വിറ്റ് ഇറാഖിനെ പ്രതിസന്ധിയിലാക്കാൻ കുവൈത്തും , സൗദിയും ശ്രമിക്കുന്നെന്നും സദ്ദാം പറഞ്ഞു.പറച്ചിലിനൊപ്പം തന്നെ സൈനികമായ മുന്നൊരുക്കങ്ങളും സദ്ദാം ആസൂത്രണം ചെയ്തു. ഇറാഖ്-കുവൈത്ത് അതിർത്തിയിൽ വൻ രീതിയിൽ ഇറാഖ് സൈന്യം തമ്പടിക്കാൻ തുടങ്ങി. എപ്പോൾ വേണമെങ്കിലും ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന സ്ഥിതി.
1990 ഓഗസ്റ്റ് രണ്ടിന് കുവൈത്തിൽ അധിനിവേശം നടത്താൻ സദ്ദാം തന്റെ സൈനികർക്ക് നിർദേശം നൽകി. അറബ് രാജ്യങ്ങളുടെ നായകത്വ പദവിയിലേക്ക് ഉയരാൻ ആഗ്രഹിച്ച സദ്ദാമിന് മറ്റ് അറബു രാജ്യങ്ങൾ തന്നെ പിന്തുണയ്ക്കുമെന്ന് ശക്തമായ വിശ്വാസമുണ്ടായിരുന്നെങ്കിലും അതു തെറ്റായിരുന്നു. അറബ് ലീഗിലെ 21 രാജ്യങ്ങളിൽ മൂന്നിൽ രണ്ടു രാജ്യങ്ങളും സദ്ദാമിനെ പിന്തുണച്ചില്ല. ഇക്കൂട്ടത്തിൽ പെട്ട പല രാജ്യങ്ങളും യുഎസ്, നാറ്റോ തുടങ്ങിയ ബാഹ്യശക്തികളുടെ ഇടപെടൽ വിഷയത്തിൽ വേണമെന്ന ആവശ്യക്കാരായിരുന്നു.സീനിയർ ബുഷ് എന്നറിയപ്പെടുന്ന ജോർജ് എച്ച്.ഡബ്ല്യു. ബുഷായിരുന്നു അന്നത്തെ യുഎസ് പ്രസിഡന്റ്. ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെ തുടക്കം മുതൽ തന്നെ ബുഷ് എതിർത്തു.
ബ്രിട്ടനും, യുഎസിന്റെ എതിർചേരിക്കാരായ സോവിയറ്റ് യൂണിയനുമൊക്കെ ഇറാഖിനെതിരായിരുന്നു. ഓഗസ്റ്റ് മൂന്നിനു കുവൈത്തിൽ നിന്നു പിൻമാറാൻ യുഎൻ രക്ഷാസമിതി ഇറാഖിന് ശക്തമായ നിർദേശം നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല.അഞ്ച് ദിവസങ്ങൾ കഴിഞ്ഞ് കുവൈത്തിനെ തങ്ങളുടെ പുതിയ പ്രവിശ്യയായി ഉൾപ്പെടുത്തി ഇറാഖ് വീണ്ടും പ്രകോപനം സൃഷ്ടിച്ചു.ഇതോടെ മധ്യേ പൂർവ ദേശവും , അറബ് മേഖലയും തിളച്ചുമറിഞ്ഞു. യുഎസ് ഫൈറ്റർ വിമാനങ്ങൾ സൗദിയിലേക്ക് എത്തിത്തുടങ്ങി. നാറ്റോ സൈനികരും അവിടേക്കെത്തി. ഇതിനിടെ കുവൈത്തിലുള്ള തങ്ങളുടെ സൈനികബലം ഇറാഖും ഉയർത്തി. മൂന്നു ലക്ഷത്തോളം സൈനികർ അവിടെയുണ്ടായിരുന്നു.
1990 നവംബർ അവസാനത്തോടെ ശക്തി ഉപയോഗിച്ചും ഇറാഖിനെ കുവൈത്തിൽ നിന്നു തുരത്താനുള്ള സമ്മതം യുഎൻ നൽകി. 1991 ജനുവരിയോടെ യുഎസ് നേതൃത്വത്തിൽ ഏഴര ലക്ഷം അംഗസംഖ്യയുള്ള സഖ്യസേന ഇതിനായി തയാറെടുപ്പ് തുടങ്ങി.ജനുവരി 15, 1991 എന്ന തീയതിയായിരുന്നു ഇറാഖിനു യുഎൻ, കുവൈത്തിൽ നിന്നു പിന്മാറാനുള്ള അവസാനതീയതിയായി നൽകിയത്. ഇത് അനുസരിക്കാൻ സദ്ദാം കൂട്ടാക്കിയില്ല. തുടർന്ന് ജനുവരി 17നു കുവൈത്തിലെ ഇറാഖ് ക്യാംപുകളിൽ യുഎസിന്റെ നേതൃത്വത്തിൽ സഖ്യസേന ആക്രമണം തുടങ്ങി. ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം എന്നു പിൽക്കാലത്ത് പ്രശസ്തമായി ഈ യുദ്ധം.ഇറാഖി വ്യോമസേനയും , താവളങ്ങളുമായിരുന്നു ആദ്യ ലക്ഷ്യം. പതിയെ ഇറാഖിലേക്കു കടന്നു ചെന്ന യുദ്ധത്തിൽ അവരുടെ ആയുധ നിർമാണ പ്ലാന്റുകളും , എണ്ണ ഖനികളും , ആശയവിനിമയ ശൃംഖലകളുമൊക്കെ സഖ്യസേന തകർത്തു. അത്യാധുനിക ക്രൂസ് മിസൈലുകളും , ലേസർ നിയന്ത്രിത സ്മാർട് ബോംബുകളുമൊക്കെ ഉപയോഗിച്ചുള്ള പോരാട്ടത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഇറാഖി സേന നന്നായി കഷ്ടപ്പെട്ടു.
വ്യോമസേനയുടെ തകർച്ച പൂർണമാക്കിയ ശേഷം സഖ്യസേനയുടെ ശ്രദ്ധ ഇറാഖിന്റെ കരസേനയുടെ നേർക്കു തിരിഞ്ഞു. കുവൈത്തിലെയും , തെക്കൻ ഇറാഖിലെയും അവരുടെ കേന്ദ്രങ്ങളിൽ സഖ്യസേന ആക്രമണം ശക്തമാക്കി.ഫെബ്രുവരി 24നു സൗദിയിൽ നിന്നു സഖ്യസേനാംഗങ്ങൾ കുവൈത്തിലേക്കും , പിന്നീട് തെക്കൻ ഇറാഖിലേക്കും ഇരച്ചു കയറി. കളം തങ്ങൾക്കു പൂർണമായും എതിരായെന്നു ഇറാഖിനു താമസിയാതെ മനസ്സിലായി. പിന്തിരിയാൻ അവർ കുവൈത്തിൽ തമ്പടിച്ചിരുന്ന തങ്ങളുടെ സേനാംഗങ്ങൾക്കു നിർദേശം നൽകി. അപ്പോഴും യുഎൻ രക്ഷാ സമിതിയുടെ നിർദേശങ്ങൾ അനുസരിക്കാൻ സദ്ദാം തയാറായിരുന്നില്ല.ഇറാഖിലെ ബസ്രയിൽ നിന്നു അതിർത്തിനഗരമായ സഫ്വാൻ വഴി കുവൈത്തിലേക്കു പോകുന്ന രാജ്യാന്തര ദേശീയപാതയായിരുന്നു ഹൈവേ 80. ഇതുവഴിയാണ് ഇറാഖി കരസേനയും , അവരുടെ വാഹനങ്ങളും അധിനി വേശത്തിനായി കുവൈത്തിലേക്കു കടന്നത്. ഇതുവഴി തന്നെയായിരുന്നു അവരുടെ പിൻമാറ്റവും. രഹസ്യമായി അവർ കുവൈറ്റിൽ നിന്ന് വലിയൊരു വാഹനസംഘമായി ഇറാഖിലേക്കു പുറപ്പെട്ടു. നാലുകിലോമീറ്ററിലധികം നീളമുള്ള ആ വാഹന സംഘത്തിൽ മൂവായിരത്തിനടുത്ത് സൈനിക വാഹനങ്ങളും , മറ്റു വാഹനങ്ങളുമുണ്ടായിരുന്നു.
കുവൈത്തിൽ നിന്നു കരസ്ഥമാക്കിയ അമൂല്യവസ്തുക്കളും , സ്വർണവും, മാരകമായ ആയുധങ്ങളുമൊക്കെ ഇതിലുണ്ടായിരുന്നെന്നും പറയപ്പെടുന്നുണ്ട്.
ശക്തമായ മൂടൽമഞ്ഞു കാരണം തങ്ങളുടെ നീക്കം സഖ്യസേന മനസ്സിലാക്കില്ലെന്ന് ഇറാഖ് സേനാംഗങ്ങൾ കണക്കുകൂട്ടി. എന്നാൽ ഇതു തെറ്റായിരുന്നു. യുഎസിന്റെ കൈയിലുളള അക്കാലത്തെ ഏറ്റവും നൂതന നിരീക്ഷണ സംവിധാനമായ സ്റ്റാർസ് എന്ന റഡാർ സിസ്റ്റം കൃത്യമായി ഈ യാത്ര ശ്രദ്ധയിൽപ്പെടുത്തി.തുടർന്ന് യു എസ് പോർവിമാനങ്ങൾ പ്രദേശത്തേക്കു പറന്നു. റോക്ക് ഐ ക്ലസ്റ്റർ ബോംബുകളുമായി യുഎസ്എംസി ഇൻട്രൂഡർ ജെറ്റുകളാണ് ആദ്യമെത്തിയത്. വാഹനക്കൂട്ടത്തിന്റെ മുന്നിലും , പിന്നിലുമുള്ള വാഹനങ്ങളെ ഇവ ബോംബിട്ടു തകർത്തു. വാഹനങ്ങളെ ഹൈവേയിൽ തന്നെ കുടുക്കിയിടാനായിരുന്നു ഈ തന്ത്രം. തുടർന്ന് നടന്നത് 10 മണിക്കൂറോളം നീണ്ടുനിന്ന പോരാട്ടമായിരുന്നു. തീർത്തും ഏകപക്ഷീയമായ പോരാട്ടം. സഖ്യസേനയുടെ പോർവിമാനങ്ങൾ ഹൈവേയിലേക്കു ബോംബുകളും , വെടിയുണ്ടകളും ഇടതടവില്ലാതെ വർഷിച്ചു. ഒന്നും ചെയ്യാൻ ഇറാഖി സേനയ്ക്ക് ആകുമായിരുന്നില്ല. ചില വണ്ടികൾ ഹൈവേയിൽ നിന്നു തിരിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിഫലമായി. അത്തരം വാഹനങ്ങളെ പ്രത്യേകം മാർക്ക് ചെയ്തു തകർത്തിരുന്നു.
വാഹനക്കൂട്ടത്തിലുണ്ടായിരുന്ന ഏകദേശം മുഴുവൻ വാഹനങ്ങളും വെടിവയ്പിൽ തകർന്നു. നൂറുകണക്കിന് ഇറാഖി പട്ടാളക്കാരും മരിച്ചു. ഒരുപാടുപേർ വാഹനങ്ങളിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. ഹൈവേ 80 ഇറാഖി വാഹനങ്ങളുടെ ശവപ്പറമ്പായി. ഒരു ഹൈവേയുടെ നെടുനീളത്തിൽ വെടിവയ്പിൽ തകരുകയും , കരിയുകയും ചെയ്ത വാഹനങ്ങൾ ചിതറിക്കിടക്കുന്നത് ടെലിവിഷൻ ചാനലുകളിലും , പത്രമാധ്യമങ്ങളിലും അച്ചടിച്ചു വന്നു. താമസിയാതെ ഹൈവേ 80, മരണത്തിന്റെ ഹൈവേ എന്നർഥം വരുന്ന ഹൈവേ ഓഫ് ഡെത്ത് എന്ന പേരിൽ അറിയപ്പെട്ടു.
ഹൈവേ എയ്റ്റി എന്ന് അതുവരെ അറിയപ്പെട്ടിരുന്ന ആ ആറ് വരി പാത പിന്നീട് അറിയപ്പെട്ടത് മരണത്തിന്റെ പാതയെന്നാണ്.ഏറെ വിമർശനങ്ങളും സഖ്യസേനയ്ക്കു നേർക്കുയർന്നു. യുദ്ധത്തിൽ നിന്നു പിന്തിരിഞ്ഞു പലായനം ചെയ്യുന്നവരെ ആക്രമിക്കുന്നതിൽ എന്തു ധാർമികതയാണുള്ളത് എന്നതായിരുന്നു പ്രധാന ചോദ്യം. എന്നാൽ വാഹനക്കൂട്ടങ്ങളിലുണ്ടായിരുന്ന ആയുധശേഖരം നശിപ്പിക്കുക വഴി ഭാവിയിൽ യുദ്ധത്തിൽ ഏർപ്പെടുന്നതിൽ നിന്നു ഇറാഖിനെ തങ്ങൾ തടയുകയായിരുന്നു എന്നായിരുന്നു സഖ്യസേനയുടെ ന്യായം. ഏതായാലും ദിവസങ്ങൾക്കുള്ളിൽ തന്നെ സീനിയർ ബുഷ് വെടിനിർത്തൽ പ്രഖ്യാപിച്ച് യുദ്ധം അവസാനിച്ചതായി അറിയിച്ചു. ഇറാഖിനു കനത്ത നാശമുണ്ടാക്കിയ ഗൾഫ് യുദ്ധത്തിന്റെ സ്മാരകങ്ങളിലൊന്നായി മരണത്തിന്റെ ഹൈവേ മാറിയെന്നത് പിൽക്കാല ചരിത്രം.