ഭൂമിയിൽ ഗുരുത്വാകർഷണം തലതിരിഞ്ഞു പോയ പ്രദേശങ്ങൾ ഉണ്ടോ ?
അറിവ് തേടുന്ന പാവം പ്രവാസി
👉ന്യുട്ടന്റെ തലയിൽ ആപ്പിൾ വീണപ്പോളാണ് ആദ്യമായി ഗുരുത്വാകർഷണം എന്നതിനെ കുറിച്ചുള്ള ചിന്ത പിറക്കുന്നത്. അതായത് എന്തുകൊണ്ട് ഈ ആപ്പിൾ മുകളിലേക്ക് പോയില്ല എന്ന ചിന്ത. ഭൂമിയുടെ ഗുരുത്വാകർഷണമാണ് ഇവിടെ നായകൻ. എന്നാൽ ഭൂമിയിൽ ഗുരുത്വാകർഷണം തലതിരിഞ്ഞു പോയ പ്രദേശങ്ങൾ ഉണ്ടോ? അതായത് ഒരു കാർ കുന്നിൻ ചെരുവിൽ നിർത്തിയിട്ടാൽ അത് തനിയെ കുന്നു കയറുന്ന സ്ഥലങ്ങൾ അല്ലെങ്കിൽ ഒരു പന്ത് താഴേക്ക് ഉരുളുന്നതിനു പകരം മുകളിലേക്ക് ഉരുണ്ടു കയറുന്ന സ്ഥലങ്ങൾ?
കേട്ടിട്ടു ഏതോ പ്രേതബാധയുള്ള സ്ഥലം പോലെ തോന്നിയാലും കുറ്റം പറയാൻ പറ്റില്ല.ലോകമെമ്പാടും ഇത്തരം ഗുരുത്വാകർഷണനിയമങ്ങളെ ‘ലംഘിക്കുന്ന’ സ്ഥലങ്ങളുണ്ട്. എന്നാലിവിടുങ്ങളിൽ പാവം പ്രേതങ്ങളോ, ഭൂതങ്ങളോ അല്ല വില്ലന്മാർ,ഗുരുത്വാകർഷണത്തിനും വേറെ തകരാറുകൾ ഇല്ല. അപ്പോൾ പിന്നെ എന്താവും ഇത്തരം കാന്തിക മലകളുടെ പിന്നിലെ രഹസ്യം?സംഗതി പ്രകൃതിയുടെയും, നമ്മുടെ തലച്ചോറിന്റെയും ചെറിയ ഒരു വികൃതിയാണ്. ഒപ്റ്റിക്കൽ ഇല്ലുഷൻ (Optical illusion) എന്നു പറയും. ഇവിടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് നമുക്കുണ്ടാകുന്ന തോന്നലാണ് കുന്നുരുണ്ടു കയറുന്ന പന്തും, തനിയെ ഓടുന്ന കാറുമൊക്കെ.
ചക്രവാളത്തെ മറച്ചുകൊണ്ടുള്ള ഭൂപ്രകൃതി നമുക്ക് പ്രദേശത്തിന്റെ ചരിവിനെ ആപേക്ഷികമായി മനസിലാക്കാനുള്ള സാഹചര്യം ഇല്ലാതാക്കുന്നു. സാധാരണ നമ്മൾ ഏതൊരു വസ്തുവിന്റെയും ഉയരവും, വീതിയും, നീളവുമൊക്കെ മനസിലാക്കുന്നത് മറ്റു വസ്തുക്കളുമായി താരതമ്യപ്പെടുത്തിയാണ്. ഇവിടെ അത് സാധ്യമാകാതെ വരുമ്പോൾ നമ്മുടെ കണ്ണുകൾ ഉള്ള വിവരങ്ങൾ വച്ച് അനുമാനങ്ങൾ നടത്തിക്കളയും. അങ്ങനെയാണ് കാന്തിക മലകൾ ഉണ്ടാകുന്നത്.
ഇവിടെയുള്ള കൗതുകകരമായ കാര്യം ശരിക്കും നമ്മൾ ഇറക്കത്തെ കയറ്റമായി തെറ്റിദ്ധരിക്കുന്നു എന്നുള്ളതാണ്. അതായത് മുകളിലേക്കു ഉരുണ്ട പന്ത് ശരിക്കും താഴേക്കാണ് ഉരുളുന്നത്. നമ്മുടെ കാഴ്‌ച നമ്മളെ കബളിപ്പിച്ചു എന്നു മാത്രം. കാരണം Optical Illusion. ഗുരുത്വാകർഷണ
ബലത്തിൽ നിന്ന് വിമുക്തമായ സ്ഥലത്തെ ആന്റി ഗ്രാവിറ്റി പ്രദേശം എന്നാണ് വിളിക്കുന്നത്. ലോകമെമ്പാടും ഇത്തരം ഗുരുത്വാകർഷണ വിരുദ്ധ കുന്നുകൾ ധാരാളം ഉണ്ട്. സ്കോട്ട്ലൻഡിലെ ഇലക്ട്രിക് ബ്രേ , ചൈനയിലെ ഗാൻസു, ഒമാനിലെ സലാല,സൗദിയിലെ മദീന,ഇന്ത്യയിലെ ഗുജറാത്തിൽ ഒക്കെ ഇത്തരം സ്ഥലങ്ങൾ ധാരാളം കാണാം.