ജൈവ കൃഷി: അടിസ്ഥാന തത്വങ്ങൾ

43

Jacob Jose

ജൈവ കൃഷി: അടിസ്ഥാന തത്വങ്ങൾ

ജൈവ വസ്തുക്കൾ ഉപയോഗിച്ച് ചെയ്യുന്ന ഒരു കൃഷി രീതി എന്നതിൽ ഉപരി ജൈവകൃഷി എന്ന ആശയത്തിന്റെ മാനങ്ങൾ വളരെ വലുതും സർവതല സ്പർശിയും ആണ്. രാസവസ്തുക്കളുടെയും ആധുനിക ശാസ്ത്രത്തിന്റെയും പൂർണമായ നിരാസം ശാസ്ത്രീയ ജൈവ കൃഷിയുടെ ഒരു നിബന്ധനയേ അല്ല, ആധുനിക സാങ്കേതിത വിദ്യകൾ ഉപയോഗിച്ച് കൃഷി രീതികളും ഉത്പാദനവും മെച്ചപ്പെടുത്തണം എന്ന് അനുശാസിക്കുകയും ചെയ്യുന്നു. അതിൽ മണ്ണ് പരിശോധന, അത് അനുസരിച്ചുള്ള സൂക്ഷ്മ മൂലകങ്ങളുടെ ഉപയോഗം, അത്യുൽപ്പാദന ശേഷി ഉള്ള വിത്ത് ഇനങ്ങളുടെ ഉപയോഗം, ആധുനിക കൃഷി യന്ത്രങ്ങളുടെ ഉപയോഗം എന്നിവയെല്ലാം ജൈവ കൃഷി ആവശ്യപ്പെടുന്നു. മണ്ണിന്റെയും, ചെടിയുടെയും, മനുഷ്യന്റെയും, പ്രകൃതിയുടെയും സുസ്ഥിരത ഉറപ്പു വരുത്തി ചില രാസ വസ്തുക്കൾ ഉപയോഗിക്കാൻ ജൈവ കൃഷിയിൽ അനുവാദം നൽകുന്നുമുണ്ട്. ഇത് ജൈവ കൃഷിക്ക് എതിരായ ഒരു വിമർശനം ആയി രാസവള ലോബി ചൂണ്ടി കാണിക്കുന്നത് വസ്തുതകൾ മനസിലാക്കാതെ ആണ്.

The Plastic Problem in Organic Farming · Giving Compassഇന്റർനാഷണൽ ഫെഡറേഷന് ഓഫ് ഓർഗാനിക് അഗ്രികൾച്ചർ മൂവ്മെന്റ് (IFOAM) എന്ന സംഘടന ജൈവ കൃഷിയെ നിർവ്വചിക്കുന്നത് ഇപ്രകാരം ആണ്.

“മണ്ണിന്റെയും മനുഷ്യന്റെയും ആവാസവ്യവസ്ഥയുടേയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉല്പാദന രീതിയാണ്‌ ജൈവ കൃഷിരീതി. ദോഷഫലങ്ങളുണ്ടാക്കുന്ന ചേരുവകൾ ഉപയോഗിക്കുന്നതിന്‌ പകരം പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകൾ,ജൈവ വൈവിദ്ധ്യം, ചംക്രമണം തുടങ്ങിയ പ്രാദേശിക അവസ്ഥകൾക്ക് അനുരൂപമായതിനെ മാത്രമേ ഈ കൃഷി രീതി ആശ്രയിക്കുന്നുള്ളൂ. പരമ്പരാഗത രീതികളും പുത്തൻ കണ്ടത്തെലുകളും ശാസ്ത്രീയ രീതികളും സം‌യോജിപ്പിച്ചുകൊണ്ട് പരിസ്ഥിതിയിലെ എല്ലാവിഭാഗത്തിനും ഉപകാരപ്പെടും വിധത്തിൽ പാരിസ്ഥിതിക ബന്ധവും ഉന്നത നിലവാരത്തിലുള്ള ജീവിതവും ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നു..”

Indias Organic Farming Mission: Maharashtra, Rajasthan and Others Follow  Suit after Sikkim - NDTV Foodജൈവ കൃഷിയുടെ അടിസ്ഥാന തത്വങ്ങൾ ഇവയാണ്
ആരോഗ്യ തത്വം
പരിസ്ഥിതി തത്വം
നീതി തത്വം
കരുതൽ തത്വം
ജൈവ കൃഷിയുടെ എല്ലാ നിയമാവലികളും പ്രവർത്തന മാനദണ്ഡങ്ങളും ഈ നാല് അടിസ്ഥാന തത്വങ്ങളിൽ ഉറച്ചു നിന്നുള്ളതാണ്.
ആരോഗ്യ തത്വം
ആരോഗ്യം എന്നാല് ജൈവ വ്യവസ്ഥയുടെ സമഗ്രതയും സമ്പൂർണതയും ആണ്. ആരോഗ്യം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്, രോഗം ഇല്ലാത്ത അവസ്ഥ എന്ന് മാത്രമല്ല, മറിച്ച് ശാരീരിക, മാനസിക, സാമൂഹ്യ, പാരിസ്ഥിതിക സുസ്ഥിതി കൂടിയാണ്. പ്രതിരോധ ശക്തി, പ്രതികൂലമായ സാഹചര്യങ്ങളിൽ പിടിച്ചു നിൽക്കാൻ ഉള്ള കഴിവ്, പുനുരുജ്ജിവനം, എന്നിവയാണ് ആരോഗ്യം ഉള്ള അവസ്ഥയുടെ പ്രധാന ലക്ഷണങ്ങൾ.

Organic Farming and its Benefits. Organic farming produces food while… | by  SeeTree.AI | Mediumകൃഷിയിലും, സംസ്കരണത്തിലും, വിപണനത്തിലും, ഉപഭോഗത്തിലും, മണ്ണിലെ സൂക്ഷ്മാണുക്കൾ മുതൽ മനുഷ്യൻ വരെയുള്ള ജീവികളുടെയും ജൈവവ്യവസ്ഥയുടെയും ആരോഗ്യം നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് ജൈവ കൃഷിയുടെ ലക്ഷ്യം. ജൈവ കൃഷിയിൽ എന്തൊക്കെ വളങ്ങളും മൂലകങ്ങളും ഉപയോഗിക്കണം എന്ന മാനദണ്‌ഡം രൂപീകരിച്ചിരിക്കുന്നത് ഈ തത്വത്തെ അടിസ്ഥാനമാക്കിയാണ്.അതായത് ജൈവകൃഷി വിഭാവനം ചെയ്യുന്നത് പ്രതിരോധ ശക്തിയും സുസ്ഥിതിയും ഉറപ്പ് വരുത്തുന്ന ഗുണമേന്മയും പോഷക ഗുണവും ഉള്ള ഭക്ഷണം ഉൽപ്പാദിപ്പിക്കുക എന്നതാണ്.
അതിനാൽ ഇവിടെ ആരോഗ്യത്തിന് ഹാനികരം ആകുന്ന വളങ്ങളും, കീടനാശിനികളും, മൃഗങ്ങൾക്ക് കൊടുക്കുന്ന മരുന്നുകളും, ഭക്ഷണത്തിൽ ചേർക്കുന്ന മറ്റു പദാർഥങ്ങളും ഒഴിവാക്കുന്നു.

Sustainable Organic Farming: Pros and Cons | Greentumbleപരിസ്ഥിതി തത്വം

നിശ്ചിതമായ സാഹചര്യങ്ങളിൽ ഉള്ള ജൈവ ആവാസവ്യവസ്ഥയാണ് ഓരോ ജീവികളുടെയും പരിപോഷണത്തിനും സുസ്ഥിതിയ്ക്കും കാരണമാകുന്നത്.ഉദാഹരത്തിനു് വിളകൾക്ക് അത് മണ്ണാണ്, മൃഗങ്ങൾക്ക് അത് കൃഷിയിടം ആണ്, മീനുകൾക്ക് ജലത്തിലെ ആവാസ വ്യവസ്ഥ ആണ്.ജൈവ കൃഷിയും മൃഗ സംരക്ഷണവും പ്രകൃതിയിലേ ജൈവ ശൃംഖലകളും സന്തുലനാവസ്ഥയും ആയി ഉൾച്ചേർന്നത് ആവണം.

ഈ ശൃംഖലകൾക്ക് ഒരു പൊതു സ്വഭാവം ഉണ്ടെങ്കിലും അവയുടെ പ്രവർത്തനങ്ങൾ പ്രാദേശികമായ പ്രത്യേകതകൾക്ക് അനുസരിച്ച് ആയിരിക്കും. അതിനാൽ ജൈവ കൃഷി രീതികൾ പ്രാദേശികമായ സാഹചര്യങ്ങൾക്കും, ജൈവ വ്യവസ്ഥയ്ക്കും സംസ്കാരത്തിനും, ഭൂപ്രകൃതിയും ഇണങ്ങിയതായിരിക്കണം. പാരിസ്ഥിതിക ഗുണനിലവാരം നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമായി പുനരുപയോഗം, പുനഃചംക്രമണം, വസ്തുക്കളുടെയും ഊർജ്ജത്തിന്റെയും കാര്യക്ഷമമായ ഉപഭോഗം എന്നിവയിലൂടെ കൃത്രിമമായ വളപ്രയോഗം പരമാവധി കുറയ്ക്കണം.

Organic Farming Benefitting The Ecosystem-Rishabh Chokhani - BW  Businessworldകാർഷിക സമ്പ്രദായങ്ങളുടെ തിരഞ്ഞെടുപ്പ്, ആവാസ വ്യവസ്ഥകൾ സൃഷ്ടിയ്ക്കൽ, ജനിതക, കാർഷിക വൈവിധ്യങ്ങളുടെ പരിപാലനം എന്നിവയിലൂടെ ജൈവകൃഷി പരിസ്ഥിതി സന്തുലിതാവസ്ഥ കൈവരിക്കണം. ജൈവഉൽപ്പന്നങ്ങൾ കൃഷി ചെയ്യുന്നവരും, വിപണനം ചെയ്യുന്നവരും, ഉപഭോകതാക്കളും ‌ കാലാവസ്ഥ, ആവാസ വ്യവസ്ഥകൾ‌, ജൈവവൈവിധ്യങ്ങൾ‌, വായു, ജലം എന്നിവയുൾ‌പ്പെടെയുള്ള പൊതു പരിസ്ഥിതിയെ സംരക്ഷിക്കുകയും പ്രയോജനപ്പെടുത്തുകയും വേണം.

നീതി തത്വം
മനുഷ്യർ തമ്മിലും മറ്റ് ജീവജാലങ്ങളുമായുള്ള ബന്ധത്തിലും പുലർത്തുന്ന തുല്യത, ബഹുമാനം, നീതി, കാര്യവർത്തിത്വം എന്നിവയാണ് നീതിയുടെ സവിശേഷതകൾ.ജൈവകൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവർ എല്ലാ തലങ്ങളിലും എല്ലാ കക്ഷികളോടും – കൃഷിക്കാർ, തൊഴിലാളികൾ, പ്രോസസ്സറുകൾ, വിതരണക്കാർ, വ്യാപാരികൾ, ഉപഭോക്താക്കൾ- നീതിയോടെ വർത്തിക്കണമെന്ന് ഈ തത്വം ഊന്നിപ്പറയുന്നു. ജൈവകൃഷി, അതിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും നല്ല ജീവിത നിലവാരം പ്രദാനം ചെയ്യുകയും ഭക്ഷ്യ പരമാധികാരത്തിനും ദാരിദ്ര്യം കുറയ്ക്കുന്നതിനും സംഭാവന നൽകുകയും വേണം. നല്ല നിലവാരമുള്ള ഭക്ഷണവും മറ്റ് ഉൽ‌പ്പന്നങ്ങളും ആവശ്യത്തിന് ലഭ്യമാക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്.

The impact of the new CAP on organic farming – EURACTIV.comമൃഗങ്ങൾക്ക് അവരുടെ ശാരീരികഅവസ്ഥ , സ്വാഭാവിക പെരുമാറ്റം, സുസ്ഥിതി എന്നിവയോട് യോജിക്കുന്ന ജീവിത സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കണമെന്ന് തത്വം നിർദേശിക്കുന്നു.

ഉൽപാദനത്തിനും ഉപഭോഗത്തിനുമായി ഉപയോഗിക്കുന്ന പ്രാകൃതിക – പാരിസ്ഥിതിക വിഭവങ്ങൾ സാമൂഹികമായും പാരിസ്ഥിതികമായും നീതിപൂർവകമായ രീതിയിലും ഭാവി തലമുറയോടുള്ള കരുതലോടെയും കൈകാര്യം ചെയ്യപ്പെടണം. സാമൂഹ്യ, പാരിസ്ഥിതിക ചിലവുകൾ കണക്കിലെടുത്തുള്ളതും തുല്യവും ഏവർക്കും പ്രാപ്യമായതുമായ ഉൽപാദന വിതരണ വ്യാപാര സംവിധാനങ്ങൾ ഉണ്ടായിരിക്കണം എന്നതും ഈ തത്വം അനുശാസിക്കുന്നു .

കരുതൽ തത്വം
ആന്തരികവും ബാഹ്യവുമായ ആവശ്യങ്ങളോടും അവസ്ഥകളോടും പ്രതികരിക്കുന്ന ജീവനുള്ളതും ചലനാത്മകവുമായ ഒരു സംവിധാനമാണ് ജൈവ കൃഷി.ജൈവ കർഷകർക്ക് ആരോഗ്യത്തെയും സുസ്ഥിതിയെയും അപകടപ്പെടുത്താതെ തന്നെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും കഴിയും. അതിനായി തൽഫലമായി, പുതിയ സാങ്കേതികവിദ്യകൾ കൃത്യമായി വിലയിരുത്തുകയും നിലവിലുള്ള രീതികൾ വീണ്ടും അവലോകനം ചെയ്യുകയും വേണം. നമ്മുടെ ആവാസവ്യവസ്ഥയെക്കുറിച്ചും കൃഷിയെക്കുറിച്ചു തന്നെയും ഉള്ള ധാരണകൾ അപൂർണ്ണമായതിനാൽ , എല്ലാ തലങ്ങളിലും കരുതൽ അത്യാവശ്യം ആണ് എന്ന് ഈ തത്വം പറയുന്നു.

ജൈവകൃഷിയിലെ പരിപാലനം , വിപുലീകരണം, സാങ്കേതിക തിരഞ്ഞെടുപ്പുകൾ എന്നിവയിലെ പ്രധാന ആശങ്കകളാണ് മുൻകരുതലും ഉത്തരവാദിത്തവും എന്ന് ഈ തത്ത്വം പറയുന്നു. പ്രകൃതിയോടും, സഹ ജീവികളോടും, വരും തലമുറകളോടും ഉള്ള കരുതൽ ആയിരിക്കണം കൃഷി രീതികളും സാങ്കേതിക വിദ്യകളും തിരഞ്ഞെടുക്കുന്നതിലെ പ്രധാന മാനദണ്‌ഡം.
ജൈവകൃഷി ആരോഗ്യകരവും സുരക്ഷിതവും പാരിസ്ഥിതികവും മികച്ചതുമാണെന്ന് ഉറപ്പാക്കാൻ ശാസ്ത്രം ആവശ്യമാണ്. എന്നിരുന്നാലും, ശാസ്ത്രീയ അറിവ് മാത്രം പര്യാപ്തമല്ല. പ്രായോഗിക അനുഭവജ്ഞാനം, പരമ്പരാഗതവും തദ്ദേശീയവുമായ അറിവ് എന്നിവ കാലം തെളിയിച്ച പ്രായോഗിക പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ജൈവകർഷകർ ഉചിതമായ സാങ്കേതികവിദ്യകൾ സ്വീകരിച്ച്കൊണ്ടും ജനിതക എഞ്ചിനീയറിംഗ് പോലുള്ള പ്രതിലോമകരമായ സാങ്കേതിക വിദ്യകൾ നിരസിച്ചു കൊണ്ടും ഗൗരവകരമായ അപകട സാധ്യതകളെ തടയണം. തീരുമാനങ്ങൾ, സുതാര്യവും പങ്കാളിത്തവുമായ പ്രക്രിയകളിലൂടെ, അത് ബാധിക്കാവുന്ന എല്ലാവരുടെയും മൂല്യങ്ങളും ആവശ്യങ്ങളും പ്രതിഫലിപ്പിക്കുന്നതായിരിക്കണം എന്ന് കരുതൽ തത്വം അനുശാസിക്കുന്നു.

Previous articleഡോക്ടർക്ക് കോൺഗ്രസാകാമോ?
Next articleതെറിക്കുത്തരം മുറിപ്പത്തൽ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.