ചിരപരിചിതമായ നാട്ടുവഴിയായിരുന്നു അത്. വീട്ടില്‍ നിന്ന് പ്രധാന നിരത്തിലേക്ക് ഇറങ്ങി പാടവരമ്പിലേക്ക് കയറി പത്തു മിനിട്ടോളം നടന്നാല്‍ ഒറ്റത്തടിപ്പാലമുള്ള തോടും കടന്ന് തറവാട്ടിലെത്താം . ഓര്‍മ്മ വെച്ച കാലം മുതല്‍ ആ നാട്ടുവഴി അത് പോലെ തന്നെയുണ്ട്. എന്നിട്ടും ഇടയ്ക്കിടെ ബാലുവിന്റെ കാലുകള്‍ നടവരമ്പില്‍ നിന്ന് തെന്നിമാറികൊണ്ടിരുന്നു. അച്ഛന്റെ വാക്കുകളിലെ അപൂര്‍വ്വമായ പതര്‍ച്ച പകര്‍ന്ന ആശങ്കയില്‍ മനസ്സ് വ്യക്തതയില്ലാത്ത ചിത്രങ്ങള്‍ വരയ്ക്കുകയായിരുന്നു.
നാട്ടില്‍ നിന്ന് പത്തു മുന്നൂറു കിലോമീറ്ററുകള്‍ അകലെയുള്ള കോളേജില്‍ ഒരു ഇന്റേണല്‍ എക്സാമിന് തയ്യാറെടുക്കുമ്പോഴാണ് പതിവില്ലാത്ത സമയത്ത് അച്ഛന്റെ വിളി വരുന്നത്. വേഗം നാട്ടില്‍ വരണം എന്ന് പറഞ്ഞ് അച്ഛന് സംഭാഷണം അവസാനിപ്പിച്ചപ്പോഴേ എന്തോ പന്തികേട് തോന്നിയിരുന്നു. ശബ്ദത്തിലെ പതര്‍ച്ച വ്യക്തമായിരുന്നു. അച്ഛന്റെ ശബ്ദം അല്പമൊന്നു പതറിയാല്‍ ബാലുവിന് മനസ്സിലാകും.
പ്രിന്‍സിപ്പാളുടെ അടക്കം നാല് പേരുടെ കാലും കയ്യും പിടിച്ചാണ് അവധി സംഘടിപ്പിച്ചത്. ഏഴു മണിക്കൂറോളം നീണ്ട യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നു. അച്ഛനെ വിളിച്ചപ്പോള്‍ അമ്മാവനാണ് ഫോണ്‍ എടുത്തത്. വേഗം തറവാട്ടിലേക്ക് വരാന്‍ മാത്രം പറഞ്ഞു.
വഴിയിലേക്ക് ചാഞ്ഞു കിടക്കുന്ന തെങ്ങോലകളെ വകഞ്ഞു മാറ്റി വേഗത്തില്‍ നടക്കുകയായിരുന്നു ബാലു. ചെറുപ്പത്തില്‍ ആ വഴി പോകുമ്പോള്‍ ഈ തെങ്ങോലകളെ വില്ല് പോലെ വളച്ചു വിട്ട് പുറകെ നടക്കുന്ന അമ്മയെ വേദനിപ്പിച്ചു പൊട്ടി ചിരിക്കുമായിരുന്നു അവന് . ഇന്നെന്തോ വഴിയിലെ കൌതുകങ്ങള്‍ എല്ലാം മനസ്സിലെ ആശങ്കകള്‍ക്ക് വഴിമാറുകയായിരുന്നു. അല്ലെങ്കില്‍, വരമ്പിലെ പുല്നാമ്പുകളില് ചിതറിക്കിടക്കുന്ന മഴമുത്തുകള്‍ തട്ടി തെറിപ്പിക്കാതെയും വാഴക്കൈകള്‍ കുലുക്കി മഴ പെയ്യിപ്പിക്കതെയും ആ വഴി കടന്ന് പോകാന്‍ ബാലുവിന് കഴിയില്ലായിരുന്നു.
മനസ്സിനെ ബാധിച്ച ആശങ്കകള്‍ക്ക് കാരണമുണ്ടായിരുന്നു. കഴിഞ്ഞ തവണ നാട്ടില്‍ വന്നു പോകുമ്പോള്‍ തീരെ അവശ നിലയില്‍ ആയിരുന്നു അച്ഛമ്മ. കാഴ്ചയും കേള്‍വിയും ഏറെക്കുറെ നഷ്ടപ്പെട്ടിരുന്നു.
അമ്മയുടെ മടിയില്‍ കാതു കൂര്‍പ്പിച്ചു കിടന്ന ബാല്യത്തിലാണ് അച്ഛമ്മ ബാലുവിന് അത്ഭുതമാകുന്നത്. അവന്റെ അമ്മയെ പോലെ , ലോകത്ത് ഒരു മരുമകളും സന്തം ഭര്‍ത്താവിന്റെ അമ്മയെക്കുറിച്ച് ഇത്രത്തോളം സ്നേഹവായ്പ്പോടെ വിവരിച്ചു കാണില്ല എന്നവനു പലപ്പോഴും തോന്നിയിട്ടുണ്ട് .
ബാല്യത്തിന്റെ നിഷ്കളങ്കതയോടെയാണ് ബാലു ഒരിക്കല്‍ അമ്മയോട് ചോദിച്ചത്, ” അമ്മേ, ഞാനെങ്ങനെയാ ഉണ്ടായേ ? ”
പൊതുവേ അമ്മമാര്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നേരത്തെ കരുതി വെച്ചിരിക്കും. ഉണ്ണിക്കണ്ണന് തന്നതാണെന്നോ മാലാഘമാര്‍ കൊണ്ടുവന്നതാണെന്നോ ഒക്കെ പറഞ്ഞ് കുഞ്ഞുങ്ങളെ വിശ്വസിപ്പിക്കും. പക്ഷെ ബാലുവിന്റെ അമ്മ പറഞ്ഞത് വ്യത്യസ്തമായ ഒരു കഥയായിരുന്നു . ഒരു കുഞ്ഞുജീവന് ഭൂമിയില്‍ കരുപ്പിടിപ്പിക്കാന്‍ ഒരു സ്ത്രീ നടത്തിയ അസാമാന്യ സന്നദ്ധതയുടെ കഥ.
പത്തുമാസം അമ്മമാരുടെ വയറ്റില്‍ കിടന്നാണ് ബാലുവിന്റെ കൂട്ടുകാരൊക്കെ ഭൂമിയിലേക്ക് വന്നത്. ബാലുവിന് മാത്രം അത് ഏഴര മാസമായി ചുരുക്കിയത് ഒരു പക്ഷെ വിധിയായിരിക്കാം. നേരത്തെ അമ്മയെ കാണാന്‍ പോന്നതാണെന്നാണ് ഇതിനെക്കുറിച്ചു ചോദിച്ചാല്‍ അവന് മറുപടി കൊടുക്കാറ്. എന്തായാലും ഇത്തരം ഒരു ഘട്ടം വന്നപ്പോള്‍ ഡോക്ടര്‍ പ്രവചിച്ചത് പൂര്‍ണ വളര്‍ച്ച എത്താത്ത കുഞ്ഞ് അധികനാള്‍ ജീവിക്കില്ല എന്നായിരുന്നു. തന്റെ മുഖത്ത് നോക്കിയാണ് ഡോക്ടര്‍ അത് പറഞ്ഞതെന്ന് അമ്മ ഓര്‍ത്തെടുത്തു. ഇത്തരം ദാരുണസംഭവങ്ങള്‍ കണ്ടു കണ്ടു മനസ്സ് പാകപ്പെട്ട ഡോക്ടര്‍ക്ക് അത് നിസാരമായി പറയാന്‍ കഴിഞ്ഞെങ്കിലും, അത്രയും കാലം ആ കുഞ്ഞിന്റെ സ്പന്ദനം വയറ്റില്‍ ചുമന്ന അമ്മയ്ക്കും, അവന്റെ വരവും കാത്തു തൊട്ടില് പണിയിച്ചു വെച്ച അച്ഛനും ആ വാര്‍ത്ത അസഹനീയമായിരുന്നു. എന്ത് ചെയ്യും? കുഞ്ഞിന്റെ ശരീരത്തിലെ ചൂട് നിലനിര്‍ത്തണം. ചുരുങ്ങിയത് നാലുമാസം എങ്കിലും!
വേന്റിലേറ്റര്‍ പോലെയുള്ള സാങ്കേതിക മാര്‍ഗങ്ങള്‍ നാട്ടിന്‍പുറത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ കേട്ടുകേള്‍വി മാത്രമുള്ള കാലം. സമ്പന്നര്‍ക്ക് മാത്രം അവകാശപ്പെട്ട നഗരത്തിലെ സൂപ്പര്‍ സ്പെഷാലിറ്റി സൗകര്യങ്ങള്‍. തകര്‍ന്നു നിന്ന അച്ഛനും അമ്മയ്ക്കും മുന്പില് ഡോക്ടര്‍ പരീക്ഷണാടിസ്ഥാനത്തില്‍ മറ്റൊരു മാര്‍ഗം മുന്നോട്ടു വെച്ചു. കുഞ്ഞിനു ചുറ്റും വലിയ ഹോര്‍ലിക്സ് കുപ്പികളില്‍ ചൂട് വെള്ളം നിറച്ചു വെക്കണം. താപനില ഒരിക്കലും താണു പോകാതിരിക്കാന്‍ ഓരോ അരമണിക്കൂറും ഇടവിട്ട് വെള്ളം മാറ്റി കൊണ്ടിരിക്കണം. നാല് മാസക്കാലം!
സിസേറിയന് കഴിഞ്ഞ് കിടക്കുന്ന അമ്മയ്ക്ക് അതിനു സാധിക്കില്ലായിരുന്നു. ആ കടമ അച്ഛമ്മ ആരോടും പറയാതെ ഏറ്റെടുത്തതാണത്രേ. തുലാവര്‍ഷം തിമിര്‍ത്തു പെയ്യുന്ന രാത്രികളില്‍ പോലും അച്ഛമ്മ ഉറങ്ങാതിരിക്കുമായിരുന്നു. അര മണിക്കൂര്‍ ഇടവിട്ട് കുപ്പിയിലെ വെള്ളം മാറ്റിക്കൊണ്ടിരിക്കുമായിരുന്നു. പ്രായത്തേയും ആരോഗ്യത്തെയും മറന്ന്, സ്നേഹനിധിയായ ആ അച്ഛമ്മ, ആ കുരുന്നു ജീവന്റെ താളം നിലക്കാതെ നോക്കുകയായിരുന്നു. ആ കുഞ്ഞിന്റെ കരച്ചില് തുടര്‍ച്ചയായ രാത്രികളില്‍ ഉറങ്ങാതിരിക്കുവാന്‍ അവര്‍ക്ക് ശക്തി പകരുകയായിരുന്നു . നാല് മാസക്കാലം ഉറങ്ങാതിരിക്കുവാന്‍ അവരെ സജ്ജയാക്കിയ സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ ശക്തി എത്രത്തോളമായിരിക്കും?
കുഞ്ഞായിരുന്നിട്ടു പോലും അമ്മയുടെ മടിയില്‍ കിടന്ന് ബാലുവിന്റെ കണ്ണുകള്‍ നിറഞ്ഞു. കഥ പറഞ്ഞു തീര്‍ന്ന അമ്മ അക്ഷരാര്‍ഥത്തില്‍ കരയുകയായിരുന്നു. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ അച്ഛമ്മയുടെ സ്നേഹത്തിന്റെ കഥകള്‍ അവന് പിന്നെയും ഏറെ കേട്ടിട്ടുണ്ട്. കാരണവന്മാരുടെ ധാരാളിത്തം കൊണ്ട് ക്ഷയിക്കാന്‍ തുടങ്ങിയ ഒരു നായര്‍ തറവാടിനെ സ്വന്തം ഇച്ഛാശക്തി കൊണ്ട് മാത്രം നിലനിര്‍ത്തിയ വീട്ടമ്മയുടെ കഥ. നാട്ടിലെ ഏതു വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കുമ്പോഴും തലേന്ന് തന്നെ ഓടി എത്തി വീട്ടുകാരെ പോലെ ഓടി നടന്ന് ഒരുക്കങ്ങള്‍ നടത്തിയിരുന്ന അയല്‍ക്കാരിയുടെ കഥ. അച്ഛമ്മയെ കുറിച്ചു പറയാന്‍ എല്ലാവര്ക്കും ഉണ്ടായിരുന്നു നന്മയും സ്നേഹവും തുളുമ്പുന്ന ഒട്ടനവധി കഥകള്‍ .
ബാലു നടത്തം ഇത്തിരി വേഗത്തിലാക്കി. നെല്‍വയലുകളും കവുങ്ങിന് തോപ്പും കടന്ന് തോടിനു മുകളിലൂടെയുള്ള ഒറ്റവരി പാലത്തിലേക്ക് കയറി. അത് കഴിഞ്ഞാല്‍ തറവാട്ടിലെക്കുള്ള വഴിയാണ്. അവിടവിടെ ഒറ്റയ്ക്കും കൂട്ടമായും നില്ക്കുന്ന പരിചിതമുഖങ്ങള്‍ ഒന്നും ശ്രദ്ധിക്കാന്‍ അവനു സമയമില്ലായിരുന്നു. ഇടയ്ക്കു ഉയര്‍ന്നു താഴുന്ന തേങ്ങലുകളുടെ ശബ്ദം കേട്ടിടത്തേക്ക് മാത്രം അവന്റെ കാലുകള്‍ യാന്ത്രികമായി ചലിച്ചു. അയല്‍ക്കാര്‍, അമ്മാവന് , വലിയച്ചന് …. പിന്നെ അച്ഛന്! തോളിലിട്ട തോര്‍ത്തു മുണ്ടിന്റെ തലപ്പും കടിച്ചു പിടിച്ചു ചുവന്ന കണ്ണുകളോടെ നില്‍ക്കുകയായിരുന്നു അച്ഛന്. അച്ഛന് കരയാറില്ല. ഏതു അസന്നിഗ്ധഘട്ടത്തിലും ഇതേ നിലയില്‍ മാത്രമേ അച്ഛനെ ബാലു കണ്ടിരുന്നുള്ളൂ. പക്ഷെ പതിവിലേറെ ഇന്ന് അച്ഛന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അവനെ ചേര്‍ത്ത് പിടിച്ച് അകത്തളത്തിലേക്ക് കൊണ്ട് പോകുമ്പോള്‍ അവന് അത് ശെരിക്കും അറിയുകയും ചെയ്തു.
ബാലുവിനെ കണ്ടതും അമ്മയും മേമയും ചെറിയമ്മമാരും കരച്ചിലടക്കാന്‍ പാട് പെട്ടു. ബാലു നിര്‍ന്നിമേഷനായിരുന്നു. എട്ടു വര്‍ഷം മുന്‍പ് ശരീരത്തിന്റെ ഒരു വശം തളര്‍ന്നു കിടന്നതിനു ശേഷം വടക്കേ മുറിയില്‍ നിന്ന് അന്ന് ആദ്യമായി അച്ഛമ്മയെ പുറത്തിറക്കിയിരിക്കുന്നതായി അവന് കണ്ടു. ഇത്രയും നന്മയുള്ള ഒരാള്‍ക്ക് എട്ടു വര്‍ഷത്തെ ഒറ്റമുറി ജീവിതം ദൈവം വിധിച്ചത് എന്തിനെന്ന് ബാലു ഒരുപാട് ആലോചിച്ചിട്ടുണ്ട്. ഇന്ന് ആ കിടപ്പിനു അവസാനം ഉണ്ടായിരിക്കുകയാണ്.
നടുത്തളത്തില്‍ അച്ഛമ്മയെ കിടത്തിയിരിക്കുന്നതിനു അടുത്ത് ചെറിയച്ഛന് തളര്‍ന്നു കിടക്കുന്നു. അച്ചനെപ്പോലെയല്ല ചെറിയച്ഛന്, ചെറിയ വിഷമം പോലും താങ്ങാന്‍ കഴിയാത്ത ആളാണ്. ബാലുവിനെ കണ്ടതും അവനെ ചേര്‍ത്തു പിടിച്ച് ചെറിയച്ഛന് പിന്നെയും കരഞ്ഞു തുടങ്ങി. ബാലു കരഞ്ഞില്ല. അനങ്ങിയില്ല. ആരൊക്കെയോ ചേര്‍ന്ന് അവനെ അച്ഛമ്മ കിടക്കുന്നതിനു ചുറ്റും പ്രദക്ഷിണം ചെയ്യിച്ചു. കാല്‍തൊട്ടു വന്ദിച്ചപ്പോള്‍ മാത്രം ബാലു കണ്ണടച്ച് അതെ ഇരിപ്പിരുന്നു. അച്ഛന് മുന്നോട്ടു വന്നു ബലമായി അവനെ പുറത്തേക്ക് കൊണ്ട് പോയി.
കുളിച്ച് ഈറനുടുത്ത് തറവാട്ടിലെ പുരുഷന്മാര് മുഴുവന്‍ നിരന്നു നിന്നു. ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ഏറ്റുവാങ്ങി. അച്ഛമ്മയെ ഇറക്കിക്കിടത്തിയിടത്ത് ഇരുട്ട് കൊണ്ട് മൂടുന്നതിനു മുന്‍പ് അവസാനത്തെ ഒരു പിടി മണ്ണു വാരിയിടുമ്പോള്‍ കണ്ണടച്ചു നിന്ന ബാലു അബോധത്തില്‍ ഒരു സ്വപ്നം കാണുകയായിരുന്നു.
സ്വപ്നത്തില്‍, ഇടിച്ചുകുത്തി പെയ്യുന്ന മഴക്കാല രാത്രികളിലൊന്നില്‍ ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ ഒരു വൃദ്ധ ഉണര്‍ന്നിരിക്കുകയാണ്. വലിയ കുപ്പികള്‍ക്കിടയില്‍ കിടത്തിയിരിക്കുന്ന ഒരു ചോരകുഞ്ഞിനെ കണ്ണിമ ചിമ്മാതെ അവര്‍ നോക്കുകയാണ്. തൊട്ടപ്പുറത്തെ അടുപ്പത്ത് തിളയ്ക്കുന്ന വെള്ളത്തേക്കാള്‍ ചൂടോടെ ആ കണ്ണുകളില്‍ സ്നേഹം കത്തുകയാണ്.
ഉള്ളില്‍ ഉറഞ്ഞു പോയ കണ്ണീരില്‍ നിന്നു ഒരു തുള്ളി, ഒരു തുള്ളി മാത്രം ബാലു ആ ഒരു പിടി മണ്ണില്‍ നിക്ഷേപിച്ചു.