അതിരാവിലെ എഴുനേറ്റ് അഞ്ചു കിലോമീറ്റര്‍ ഓട്ടം. ഓടിവന്നാലുടന്‍ പുഷ് അപ്പ്‌, ചിന്‍ അപ്പ്‌, തവള ചാട്ടം, തലകുത്തി മറിയല്‍ മുതലായ എമണ്ടന്‍ എക്സര്‍സൈസുകള്‍…!!

പട്ടാളത്തില്‍ ആയിരുന്നപ്പോള്‍ എന്റെ ആരോഗ്യത്തിന്റെ രഹസ്യം ഈ എക്സര്‍സൈസുകളായിരുന്നു.

പട്ടാളത്തില്‍ നിന്നു പിരിഞ്ഞു വന്നതിനു ശേഷവും ഓട്ടവും എക്സര്‍സൈസുകളും ഞാന്‍ നിറുത്തിയില്ല. അയല്‍ക്കാരനും സുഹൃത്തും പ്രമുഖ വക്കീലുമായ പണിക്കര്‍ സാര്‍ ആയിരുന്നു എന്റെ സഹ ഓട്ടക്കാരന്‍.

പക്ഷെ രണ്ടു മൂന്നു ദിവസത്തിനകം പണിക്കര്‍ സാര്‍ എന്റെ കൂടെയുള്ള ഓട്ടം നിറുത്തി. എന്നിട്ട് എന്നോടൊരു ചോദ്യം.

“രഘുവിന്റെ പിറകിലെന്താ മിസ്സൈല്‍ ഫിറ്റു ചെയ്തിട്ടുണ്ടോ?”

ചോദ്യം കേട്ടു ഞാന്‍ ഞെട്ടി.

“ങേ.. അതെന്താ സാര്‍ അങ്ങിനെ ചോദിച്ചത്?”

തന്റെ ഉണ്ണിക്കുടവയറില്‍ തടവിക്കൊണ്ട് വക്കീല്‍ സാര്‍ പറഞ്ഞു.

“അല്ല ഇങ്ങനെ അന്തം വിട്ടുള്ള ഓട്ടം കണ്ടിട്ട് ചോദിച്ചതാ”.

അതോടെ ഓട്ടം ഞാന്‍ ഒറ്റയ്ക്കാക്കി.

വീടിനടുത്തുള്ള ഇടവഴികളിലൂടെ ഒന്നു രണ്ടു കിലോമീറ്റര്‍ ഓടിയിട്ടു തിരിച്ചു വരുന്ന ഞാന്‍ വീടിന്റെ പിറകില്‍ പോയി എക്സര്‍സൈസുകള്‍ ചെയ്യും.

അയല്‍ക്കാരായ ചിലര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ തവളച്ചാട്ടം തലകുത്തി മറിയല്‍ മുതലായ മിലിട്ടറി എക്സര്‍സൈസുകള്‍ നിറുത്തി വയ്ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. പകരം പുഷ് അപ്പിന്റെയും ചിന്‍ അപ്പിന്റെയും എണ്ണം കൂട്ടി.

ചിന്‍ അപ് ചെയ്യാനായി ഞാന്‍ തിരഞ്ഞെടുത്തത് വീടിന്റെ പിറകില്‍ നില്‍ക്കുന്ന മാവില്‍ ഒന്നെരയാള്‍ പൊക്കത്തില്‍ ചാഞ്ഞു കിടക്കുന്ന കൊമ്പായിരുന്നു.

ഒരിക്കല്‍ ഓട്ടം കഴിഞ്ഞു തിരിച്ചു വന്ന ഞാന്‍ ചിന്‍ അപ് ചെയ്യാനായി മാവിന്റെ ചുവട്ടിലെത്തി. കൊമ്പില്‍ ചാടിപ്പിടിച്ചു തൂങ്ങി ബദ്ധപ്പെട്ട് ഉയരുമ്പോഴാണ് ആ അലര്‍ച്ച കേട്ടത്.

“ഭാ വൃത്തി കെട്ടവനെ ഇറങ്ങെടാ താഴെ”

അലര്‍ച്ച കേട്ടു പേടിച്ചു പോയ ഞാന്‍ കൈവിട്ടു താഴെ വീണു.

നോക്കുമ്പോള്‍ അപ്പുറത്തെ വീടിന്റെ മതിലിനു മുകളില്‍ ഭവാനിയമ്മയുടെ തല.

“പെണ്‍ പിള്ളേര് മുറ്റമടിക്കുന്നത് എത്തി നോക്കുന്നോടാ കുരുത്തം കെട്ടവനെ”

അതോടെ ഞാന്‍ ചിന്‍ അപ്പും നിറുത്തി.

ബാക്കിയുണ്ടായിരുന്ന പുഷ് അപ്പും ഓട്ടവും എറണാകുളത്ത് ജോലി കിട്ടിയതോടെ നിന്നു.

ഓടാന്‍ അവിടെ സ്ഥലമില്ലാഞ്ഞിട്ടല്ല. ഓടിയാല്‍ ഒന്നുകില്‍ ഞാന്‍ ഏതെങ്കിലും വണ്ടിയില്‍ പോയി ഇടിക്കും. അല്ലെങ്കില്‍ ഓടി വരുന്ന വണ്ടി എന്നെ ഇടിക്കും.

അങ്ങനെ ശരീര സൌന്ദര്യം നില നിര്‍ത്താന്‍ മാര്‍ഗ്ഗമില്ലാതെ കഴിഞ്ഞിരുന്ന ഞാന്‍ ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കി.

“സിക്സ്ത് പാക്” ആയിരുന്ന എന്റെ വയര്‍ സിമന്റു പാക്കറ്റ് പോലെ വീര്‍ത്തു വീര്‍ത്തു വരുന്നു എന്ന നഗ്നസത്യം !!

അതോടെ എന്റെ ഉറക്കം നഷ്ടപ്പെട്ടു. വിശപ്പ്‌ നഷ്ടപ്പെട്ടു. ചിന്താധീനനായി വയറും തിരുമ്മി ഇരുന്ന എന്നെ കൂട്ടുകാര്‍ സമാധാനിപ്പിച്ചു.

“വിഷമിക്കാതിരിയെടാ പരിഹാരമുണ്ട്”.

“എന്തു പരിഹാരം? വയറു കണ്ടോ വീര്‍ത്തു വീര്‍ത്തു വരുന്നത്? ഇങ്ങനെ പോയാല്‍ മൂന്നു മാസം കഴിയുമ്പോള്‍ ഞാന്‍ ആലപ്പുഴയിലാണെങ്കില്‍  വയര്‍ തിരുവന്തപുരത്തായിരിക്കും.”

“ഓടിയാല്‍ മതി” …അഭിപ്രായം സുമേഷിന്റെ വക.

“എവിടെപ്പോയി ഓടാന്‍? എറണാകുളത്ത് ഞാന്‍ ഓടില്ല”

“എങ്കില്‍ നീ ജിമ്മില്‍ പോ.” പിള്ള സാര്‍ നിര്‍ദ്ദേശിച്ചു.

“എന്നിട്ടു വേണം ശരീരത്തില്‍ ബാക്കിയുള്ള സാധങ്ങള്‍ കൂടി വീര്‍ത്തു വരാന്‍” ആ നിര്‍ദ്ദേശം എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല.

“എങ്കില്‍ വയറു കുറക്കാനുള്ള എണ്ണയില്ലേ ? ഏതോ ഒരു തൈലം? അതു വാങ്ങി ഉപയോഗിക്ക്…ഒരു മാസം കൊണ്ട് ചുരുങ്ങും.”

“ഉം… ചുരുങ്ങും… ചുരുങ്ങും..അതെങ്ങാനും ഒലിച്ചു താഴോട്ട് ഇറങ്ങിയാല്‍   ബാക്കിയുള്ള  “സാമഗ്രി”കള്‍ കൂടി ചുരുങ്ങിക്കിട്ടും.”

“എന്നാല്‍ പിന്നെ നീയിങ്ങനെ വയറും വീര്‍പ്പിച്ചു നടക്ക്…ഞങ്ങള്‍ക്ക് വേറെ പണിയുണ്ട്.” കൂട്ടുകാര്‍ എഴുനേറ്റു പോയി.

ഒടുവില്‍ മുടങ്ങിപ്പോയ ഓട്ടവും പുഷ് അപ്പും വീണ്ടും തുടങ്ങാന്‍ ഞാന്‍ പ്ലാന്‍ ചെയ്തു. ഞായറാഴ്ച വീട്ടിലെത്തുമ്പോള്‍ മാത്രമേ ഓട്ടമുള്ളൂ. ബാക്കിയുള്ള ദിവസങ്ങളില്‍ സൂര്യ നമസ്കാരം മാത്രം. അതും വയറു കുറയാന്‍ സഹായിക്കുമത്രേ.

മാവിന്റെ കൊമ്പിലെ ചിന്‍ അപ് വേണ്ട. പഴയ ചിന്‍ അപ്പിന്റെ കാര്യം ഇതുവരെ ഭാര്യ അറിയാതിരുന്നത്‌ ഭാഗ്യം.

അങ്ങിനെ ഞായറാഴ്ച രാവിലെ നേരം പര പരാ വെളുത്തപ്പോള്‍ ബര്‍മുഡയും ബനിയനും ധരിച്ചു ഞാന്‍ ഓട്ടത്തിനു റെഡിയായി.

വീടിനു മുന്‍പിലുള്ള പഞ്ചായത്ത് വഴിയിലൂടെ ഓടി ദേവീ ക്ഷേത്രത്തിനു വലം വച്ച് മറ്റൊരു വഴിയിലൂടെ തിരിച്ചെത്തുക. അതാണ്‌ പ്ലാന്‍.

ഇടക്കൊരു തോടും തടിപ്പാലവുമുണ്ട്.

ഓടിക്കൊണ്ടിരുന്ന ഞാന്‍ ദേവീ ക്ഷേത്രം കഴിഞ്ഞു തടിപ്പാലത്തിനടുത്തെത്തിയപ്പോഴാണ് അതു ശ്രദ്ധിച്ചത്. എന്റെ പിറകെ വേറെ ആരൊക്കെയോ ഓടുന്നതുപോലെ  !!.

ഞാന്‍ തിരിഞ്ഞു നോക്കി.

അയ്യോ….നാലു പട്ടികള്‍…!

നാലു കാലും പറിച്ച്    എന്റെ പിറകെ ഓടുകയാണവര്‍ !!

ദൈവമേ.. ഇവരും വയറും കുറയ്ക്കാനുള്ള യജ്ഞത്തിലാണോ?

ഓട്ടത്തിനു സ്പീഡ് കൂടിയിട്ടു ഞാന്‍ പാലത്തിലേയ്ക്ക് കയറി…

പെട്ടെന്നാണ് അതു സംഭവിച്ചത്.

എന്റെ ഒപ്പം പാലത്തില്‍ കയറിയ ഒരു പട്ടി പടയണിക്കോലക്കാരന്റെ പാവാട പോലെ തൂങ്ങിക്കിടക്കുന്ന എന്റെ ബര്‍മുഡയില്‍ പിടുത്തമിട്ടു.

ബര്‍മുഡയെ രക്ഷിക്കാനുള്ള തത്രപ്പാടില്‍ പാലത്തില്‍ നിന്നും കാല്‍ വഴുതിയ ഞാന്‍ തോട്ടിലേയ്ക്കു വീണു.

എന്റെ കൂടെ ബര്‍മുഡയില്‍ പല്ലുടക്കിയ പട്ടിയും വീണതോടെ മറ്റു പട്ടികളില്‍ രണ്ടെണ്ണം പാലത്തിലും ഒരെണ്ണം തോടിന്റെ അപ്പുറത്തെ കരയിലും നിന്നു കുരയ്ക്കാന്‍ തുടങ്ങി.

കൊച്ചു വെളുപ്പാന്‍ കാലത്ത് തോട്ടില്‍ എന്തോ വീഴുന്ന ശബ്ദവും ഒപ്പം പട്ടികളുടെ കുരയും കൂടിയായപ്പോള്‍ പരിസരവാസികള്‍ ഉണര്‍ന്നു. അവര്‍ ടോര്‍ച്ചും മറ്റുമായി വന്നു.

ടോര്‍ച്ചിന്റെ പ്രകാശത്തില്‍ ഒരുവിധത്തില്‍ ഞാന്‍ കരയില്‍ കയറി.

എന്നിട്ടു പരിചയക്കാരായ നാട്ടുകാരെ നോക്കി വെറുതെ ചിരിച്ചു. പിന്നെ വിറച്ചുകൊണ്ട് കൂനിക്കൂടി നിന്നു. .

അപ്പോള്‍ ആരോ പറയുന്നത് കേട്ടു.

“പാവം കൊച്ചന്‍…. ശരിക്ക് വെള്ളം കുടിച്ചിട്ടുണ്ട്… കണ്ടോ വയറു കുട്ടമാക്രിയെപ്പോലെ വീര്‍ത്തിരിക്കുന്നത്.”

വെളുപ്പാന്‍ കാലത്ത് വെള്ളത്തില്‍ വീണു മാക്രിയായ ഞാന്‍ എന്റെ കുട്ടമാക്രി വയറും തള്ളി വീട്ടിലേയ്ക്ക് നടന്നു..

You May Also Like

ലേലം – മലയാളം കഥ

അന്ന് ലേലം എന്താണെന്ന് പോലും അറിയില്ലായിരുന്ന എനിക്ക് ഈ “പരിപാടി” വളരെ ഇഷ്ടപ്പെട്ടു.

വധുവിനെ ആവശ്യമുണ്ട് ഒത്തവണ്ണം, നിറം, ചുറ്റളവ്, വിസ്തീര്‍ണ്ണം

വൈവാഹിക പംക്തിയിലേക്ക് സകല കൂഷ്മാണ്ടങ്ങള്‍ക്കും സ്വാഗതം.. പെണ്‍കുട്ടികളോ ,ലത്കളുടെ പേരന്റ്‌സോ, ബ്ലഡി ബ്രദ്‌ഴ്‌സ് ആന്റ് സിസ്റ്റേഴ്‌സോ വായിക്കാനാണ് ദീ പോസ്റ്റ്.. കെട്ടിക്കുടുങ്ങിയ ദമ്പതുകള്‍ക്ക് വായിക്കാനുള്ള പംക്തിയല്ല ദിതെന്ന് ആദ്യമേ ലാസ്റ്റ് വാണിംഗ് തരികയാണ്..

ഓണ വാള്‍: രസകരമായ സംഭവ കഥ

ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പതിവാണ്. ഓണ ദിവസം ചേട്ടന്മാര്‍ രണ്ടെണ്ണം വീശിയിട്ട് വാള് വയ്ക്കും. ചേച്ചിമാര്‍ ബസ്സില്‍ കയറിയാല്‍ പിന്നെ വാളോടു വാള്‍ ആയിരിക്കും.

പെണ്ണുങ്ങള്‍ക്കെന്താ നിന്നു മൂത്രമൊഴിച്ചാല്‍ ?

നിങ്ങളിപ്പോള്‍ വാ പൊളിച്ച പോലെ പണ്ട് ആദമും ഹവ്വക്കു മുന്‍പില്‍ വാ പൊളിച്ചതാണ് സ്ത്രീ ശക്തീകരണത്തിന്റെ ആദ്യ വിജയം…..?