ശിവ

‘ഉത്തരാഖണ്ഡിലെ പ്രളയം’ എന്നൊരു കവിത ഒരിക്കൽ ഞാൻ എഫ്ബിയിൽ പോസ്റ്റ് ചെയ്തപ്പോൾ അതുമായി ബന്ധപ്പെട്ടുള്ള ഒരു ആശയക്കുഴപ്പം ആണ് ചാരുലതയെ(യഥാർത്ഥ പേരല്ല) എന്റെ മെസഞ്ചറിൽ ആദ്യമായി എത്തിച്ചത്. രണ്ടരവർഷം നീണ്ടുനിന്ന മറ്റൊരു പ്രണയം അതിന്റെ കലാശക്കൊട്ടോടെ അവസാനിച്ചതിന്റെ ഹാങ്ങോവർ തുടർന്ന കാലമായിരുന്നു. ഞാൻ പാറു എന്നു  വിളിച്ചിരുന്ന ആ കഥയിലെ നായികയോടൊത്ത് കർണ്ണാടകയിലെ നഗരസന്ധ്യകളിൽ അലിഞ്ഞുനടന്ന നാളുകൾക്കുശേഷം വിരസതയുടെ അനിശ്ചിതമായ ഒരു ഇന്റർവെൽ. നഷ്ടപ്രണയത്തിന്റെ ക്ളീഷേവേഷങ്ങൾ ഒരു ദേവദാസിനെ പോലെ അരങ്ങിൽ അഭിനയിക്കുമ്പോളാണ് പുതിയൊരു പ്രണയത്തിന്റെ കൊടിയുംവീശി ചാരു കടന്നുവന്നത്. അവൾ തന്റെ ശിവപ്രണയം വെളിപ്പെടുത്താൻ തുടങ്ങുന്ന ആ രാത്രിയുടെ ആദ്യയാമങ്ങളിൽത്തന്നെ എന്റെ ഉറക്കം കൈലാസം കടന്നുപോയിരുന്നു.(ചാറ്റിന്റെ തുടർച്ച )

‘ശിവൻ എനിയ്ക്കൊരു വികാരമാണ് രാശീ . എനിക്ക് മുരുഡേശ്വറിൽ പോയി നീലകണ്ഠനെ കാണണം ”

“എന്റെ പാർവതിയുമായി എനിക്കും അവിടെ പോകണം ചാരൂ”

“ആഹാ ആരാണാ ഹിമവൽപുത്രി”

“ഇപ്പോഴില്ല, അങ്ങനെയൊരാൾ ഉണ്ടാകുമ്പോൾ”

“സ്റ്റിൽ വേക്കന്റ് ? “വേഗം ഒരാളെ കണ്ടുപിടിക്കൂ, എന്നിട്ടുവേണം എനിക്കൊന്നു ഗംഗയാകാൻ, നീയെന്നെ ഒളിപ്പിച്ചു വച്ചോടാ ”

“എനിക്ക് ഗംഗയെ ആണിഷ്ടം ചാരൂ, ജടയിലല്ല ഈ നെഞ്ചിൽ വയ്ക്കാൻ ”

“ശിവാ നീയെന്നെ കളിയാക്കുകയാണോ ? ”

“ഇല്ല, എന്തെ എങ്ങനെ തോന്നിയോ ? ”

“ഇല്ല, അങ്ങനെയെങ്കിൽ തിരുവനന്തപുരത്തു വന്നു ഇടിതരും ”

“എന്റെ നെഞ്ചു വല്ലാണ്ട് മിടിക്കുന്നു ചാരൂ ”

“കേൾക്കുന്നുണ്ട്, ശിവാ…ശിവാ…”

“ചാരൂ..നിന്നെക്കുറിച്ചു ഒന്നും പറഞ്ഞില്ലല്ലോ”

“എനിക്ക് ഞാൻ മാത്രമേയുള്ളൂ ശിവാ, ഏകാന്തതയെ ആഘോഷമാക്കുന്നവൾ”

“ആ ഏകാന്തയിലേക്കു ഞാനൊന്നു കടന്നുവന്നോട്ടേ?”

“വന്നോളൂ,പക്ഷെ എന്നെവീണ്ടും ഏകാന്തതയിലേക്കു പറഞ്ഞുവിടരുത്. വീണ്ടുമൊരു സങ്കടക്കടൽ താങ്ങാൻ എനിക്ക് വയ്യ ശിവാ ..”

“ഞാനാരെയും ഉപേക്ഷിച്ചിട്ടില്ല ചാരൂ,എന്നെയാണ് പലരും ഉപേക്ഷിച്ചിട്ട് പോയത്”

“ഉം”

“എനിക്ക് നിന്നോട് വല്ലാത്ത ഒരിഷ്ടം തോന്നുന്നു ചാരു”

“എത്രത്തോളം..അനാദിയായ പ്രപഞ്ചത്തോളം ?”

“അതെ..ചാരൂ”

“നീയിപ്പോൾ എന്റെ ആരോആയി തോന്നുന്നുണ്ട് ശിവാ.നിന്റെ സ്നേഹത്തിന്റെ താണ്ഡവം എനിക്ക് കാണണം ”

“ചാരൂ..നമ്മളിപ്പോൾ ശിവഗംഗ”

“ശിവഗംഗ എന്നുപേരുള്ള സ്ഥലം തമിഴ്‌നാട്ടിൽ ഉണ്ട് ശിവാ,എന്തായിരിക്കും അങ്ങനെയൊരു പേരുണ്ടാൻ കാരണം?”

“നമ്മെപ്പോലെ രണ്ടുപേർ ഏതോ ചരിത്രകാലത്തിൽ അവിടെ വന്നു ജനിച്ചിരിക്കണം ചാരൂ”

“നിന്നോടെനിക്കിപ്പോൾ ഇഷ്ടംകൂടിവരുന്നു ശിവാ… നീയെന്നും എന്റേതായിരുന്നാൽ കൂടെയുണ്ടാകാം ശിവാ”

“അങ്ങനെയൊരു വാക്ക് … അതിന്റെ ബലത്തോളം ഒന്നും വേണ്ട ചാരൂ..ഒരാളുടെ സ്നേഹത്തിൽ ഒതുങ്ങി ജീവിക്കുന്ന ഒരാളാണ് ഈ ശിവ. എന്നെ അറിയുന്ന ഒരാൾ. അവളെയാണ് ഞാൻ തേടിക്കൊണ്ടിരുന്നത് .അവളാണ് എന്റെ ഉമയും ഗംഗയും ”

“എന്റെ പുരുഷൻ എന്റേതു മാത്രമായിരിക്കണം ശിവാ അത് എന്റെ ഏറ്റവും വലിയ സ്വാർത്ഥതയാവാം”

“പ്രണയവും സ്നേഹവും ഉള്ള ഒരു പെണ്ണിന്റെ മടിയിൽ തല ചായ്ച്ചു  ഉറങ്ങുന്നതിനെക്കാൾ വലിയ സ്വപ്നമെന്നും ഞാൻ കണ്ടിട്ടില്ല ചാരൂ..”

“ശിവാ എന്താണിപ്പോൾ നിന്റെ മനസ്സിൽ ? ”

“ഒരുപാടു വൈകാരികതകളുടെ വേലിയേറ്റം..ചാരൂ ..അതെന്നെ അടിത്തട്ടിലേക്ക് വലിച്ചാഴ്ത്തുന്നു. ഉലഞ്ഞുലഞ്ഞു ഞാൻ നിന്നിലേക്ക്‌ വീണടിയുന്നു”

“നിന്നെ ചേർത്തു പിടിക്കണമെന്ന് എനിക്കും മോഹമുണ്ട്”

“ഒറ്റപ്പെട്ടുപോയ രണ്ടുപേർക്കു ഒരുമിക്കാൻ കാലമൊരു  ഋജുരേഖ വരച്ചു ബന്ധിപ്പിച്ചു എങ്കിൽ നമുക്ക് ഒരുമിച്ചു നടക്കാം ചാരൂ”

“ശിവാ നീയും തിരുവാതിരക്കാരൻ ആണല്ലോ ശിവനേക്കാൾ റൊമാന്റിക് ആയ ഒരു സങ്കൽപം വേറെ എന്താണുള്ളത് അല്ലേ..”

“അതെ…ചാരൂ..ശിവനിൽ എല്ലാമുണ്ട്… സൗന്ദര്യവും വൈരൂപ്യവും സരസതയും വിരസതയും.. മഞ്ഞും അഗ്നിയും..പ്രണയവും കാമവും”

“അതെ ശിവാ…രതിയും ലാസ്യവും ക്രോധവും  സംഹാരവും”

“എന്റെ പക്ഷിക്കായി ആയിരം ചില്ലകളും ആയിരം പൂവുകളും ആയിരം തളിരുകളും മാത്രമല്ല ഈ മരം നീട്ടുന്നത്… ആയിരം വേരുകൾ ആഴ്ത്തി അചഞ്ചലമായ വിശ്വാസവും  കൂടിയാണ് ചാരൂ ”

“ഏതു കാറ്റിലും എനിക്കാ കൂട്ടിൽ അഭയമുണ്ടാകും,അല്ലെ ശിവാ”

======

പ്രണയം കത്തിപ്പടരുന്നതിനും മുന്നേ എന്റെ പലപോസ്റ്റുകളിലും അല്പം ഓവറായി അവൾ പ്രതികരിക്കുന്നത് ഞാൻ ശ്രദ്ധിക്കാതിരുന്നില്ല. എങ്കിലും എന്നേക്കാൾ പ്രായമുള്ള അവളുടെ, എഫ്ബി പ്രൊഫൈലിൽ ‘മാരീഡ്’ എന്നു രേഖപ്പെടുത്തിയിരുന്നത് എന്നിൽ അധികം സംശയത്തിനിടനൽകിയിരുന്നില്ല. അങ്ങനെയിരിക്കെയാണ് മുകളിൽ പറഞ്ഞ ആ കവിത പോസ്റ്റ് ചെയ്തതും അവളെന്റെ മെസഞ്ചറിൽ ചാറ്റിനു വന്നതും. ഏറെനേരം ചാറ്റ് ചെയ്ത ആദ്യദിവസം തന്നെ ഊഷ്മളമായ ഒരു സൗഹൃദം ആരംഭിച്ചു. അന്ന് അവളൊരു ടൂറിനു പോകുന്ന ദിവസവുമായിരുന്നു. രാത്രി ബസിലിരുന്ന് എന്നെയാദ്യമായി വിളിച്ചു. അത് മറ്റൊരു ആവശ്യത്തിനുവേണ്ടിയുമായിരുന്നു. ചാരു ഒറ്റയ്ക്കേയുള്ളൂ എന്ന തിരിച്ചറിവിൽ സീറ്റിൽ അടുത്തിരുന്ന ഒരു മധ്യവയസ്‌കൻ ശൃംഗാരമാരംഭിച്ചു. അയ്യാൾ കേൾക്കുന്ന രീതിയിൽ എന്നോട് ആ വിഷയം സംസാരിച്ചു പരിഹസിക്കാനും ആയിരുന്നു. ഏതായാലും ഫോൺ സംഭാഷണം അവസാനിച്ചപ്പോഴേയ്ക്കും അയാൾ ഉറക്കം അഭിനയിച്ചു കൂർക്കംവലിയും തുടങ്ങിയിരുന്നു. എന്തായാലും, എന്റെയും ചാരുവിന്റെയും ശബ്ദംകൊണ്ടുള്ള ആദ്യസമാഗമത്തിന് ആ ഞരമ്പുരോഗി വഹിച്ച പങ്കു ചെറുതല്ലായിരുന്നു.

ചരുവുമായുള്ള ബന്ധം വളരെപ്പെട്ടന്ന് പ്രണയത്തിലേക്ക് കൈവിട്ടുപോയതിനൊരു കാരണവും ഉണ്ടായിരുന്നു. കർണ്ണാടകയിലെ നഗരസന്ധ്യകൾ രാത്രിയുടെ ഇരുട്ടിലേക്ക് അസ്തമിച്ച ശേഷമുള്ള തിരുവനന്തപുരത്തെ സന്ധ്യകൾ എന്റെ ഏകാന്തത പതിന്മടങ്ങു വർദ്ധിപ്പിച്ചിരുന്നു. എന്റേതെന്നു പറയാൻ ജീവിതത്തിൽ ഒരാളുടെ അനിവാര്യതയെക്കുറിച്ചു ആദ്യമായി ചിന്തിച്ചു. അങ്ങനെയാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചത്. അതിനായി തിരുവനന്തപുരം നഗരത്തിൽ തന്നെയുള്ള മാരിചോയിസ് എന്ന മാട്രിമോണിയൽ സ്ഥാപനവുമായി ബന്ധപ്പെട്ടു.  ഞാനെന്ന ‘അരവട്ടനെ’ ഏറെക്കുറെ മനസിലാക്കിയ അവർ എനിക്കു പറ്റിയ ഒരു അരവട്ടത്തിയെ കണ്ടെത്തിത്തരാം എന്ന് വാക്കുംതന്നു.

എന്നെയും ആശയങ്ങളെയും ചിന്തകളെയും മനസിലാക്കാൻ എന്റെയൊരു ചാനൽ ഇന്റർവ്യൂ ഓഫീസിലെ ഒരു പ്രമുഖനെ കാണിക്കുകയുണ്ടായി. അയാളത് ആ സ്ഥാപനത്തിലെ എല്ലാരേയും കാണിച്ചുകൊടുത്തതിന്റെ ഫലമായി, രണ്ടുദിവസം കഴിഞ്ഞു ആദ്യമായി ആ ഓഫീസിൽ ചെന്ന എനിക്ക് ഊഷ്മളമായൊരു വരവേൽപ്പ് ലഭിച്ചു. കാബിനുള്ളിൽ ഇരുന്നവരൊക്കെ  എഴുന്നേറ്റുനിന്നു ഒരു വിചിത്രജീവിയെ കാണുന്നപോലെയാണ് നോക്കിയത്. എന്തായാലും ഞാനതു ആസ്വദിക്കുകയും ചെയ്തു. പിന്നെ അവിടത്തെ ഫോർമാലിറ്റികളിലേക്കു പോകുകയും ‘ഇപ്പൊ ശരിയാക്കിത്തരാം’ എന്ന് സമാധാനിപ്പിച്ചു വിടുകയും ചെയ്തു. ഗൾഫ് ഒഴികെയുള്ള വിദേശരാജ്യങ്ങളിൽ ജോലിയുള്ള ഏതെങ്കിലും സ്ത്രീയെക്കൊണ്ട് കെട്ടിച്ചു ഈ ചരക്കിനെയും കൂടി കടലുകടത്താൻ പറ്റുമോ എന്നാണു ഞാനവരോടു ഉളുപ്പില്ലാതെ കെഞ്ചിയത്. വാട്സാപ്പിലൂടെ അവർ അനവധി പെൺകുട്ടികളുടെ ഫോട്ടോസ് എനിക്ക് അയച്ചുതരികയുമുണ്ടായി. പെണ്ണുകാണൽ എന്ന ദുരാചാരത്തോടു എനിക്കു താത്പര്യമില്ലാത്തതിനാൽ, മറ്റെവിടെയെങ്കിലും വച്ച് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാം എന്ന് അവർ വാക്കുതന്നു. ഈ സംഭവങ്ങൾ നടക്കുമ്പോളാണ് ചാരുലത ഇടിച്ചുകയറി എന്നിലേക്ക്‌ വരുന്നത്. അപ്പോൾ ഞാൻ കൗമുദി ചാനലിലെ യുട്യൂബ് എഡിറ്ററായിരുന്നു.

അങ്ങനെ ഞാനും ചാരുവും കൂടുതൽകൂടുതൽ അടുക്കുകയായിരുന്നു. ജീവിതത്തിന്റെ ഏതോ സന്ധി മുതൽ പ്രതിസന്ധിയായി രൂപപ്പെട്ട അവളുടെ ജീവിതം എന്നെ വളരെയധികം സങ്കടപ്പെടുത്തി. തനിക്കാരുമില്ലെന്നും ഡിവോഴ്സ് ആയിട്ട് കാലങ്ങളേറെ ആയെന്നും പെറ്റമ്മവരെ ഒറ്റപ്പെടുത്തിയെന്നും ആദ്യവിവാഹത്തിൽ ഒരു മകളുണ്ടെന്നും അവൾ അച്ഛനൊപ്പം ആണെന്നും പറഞ്ഞപ്പോൾ എന്നിലെ വികാരജീവി വിങ്ങിപ്പൊട്ടി. കുടുംബത്തിൽ നിന്നകന്ന് ഒറ്റയ്ക്കൊരു വീട്ടിലാണ് താമസിക്കുന്നതെന്നുകൂടി പറഞ്ഞപ്പോൾ ഞാൻ കിടപ്പിലുമായി. എത്രവലിയ പൂന്തോട്ടത്തിലെ എത്ര മനോഹരമായ പൂക്കളെക്കാളും ഒറ്റപ്പെട്ടു നിൽക്കുന്ന കാട്ടുചെടിയിലെ പൂവിനെ സ്നേഹിക്കാൻ ജീവിതം കൊണ്ടു പഠിച്ച ഒരുവന് ആ സങ്കടങ്ങൾ മതിയായിരുന്നു അവളെ മാറോടണയ്ക്കാൻ. ചാരു സുന്ദരിയുമായിരുന്നു. യോഗയും ആരോഗ്യപരമായ ദിനചര്യകളും അവളുടെ യൗവ്വനം ത്രസിപ്പിച്ചു നിർത്തിയിരുന്നു. ഞാനവളുടെ പ്രൊഫൈലിൽ കയറി ഫോട്ടോസ് മുഴുവൻ നോക്കി. അതെ, എനിക്കിഷ്ടമുള്ള രൂപഭാവങ്ങൾ. എന്റെ പെണ്ണ് ഇവൾ തന്നെയെന്ന് ഉറപ്പിക്കുകയും ചെയ്തു.

(ചാറ്റ് )

“എന്റെ പെണ്ണേ..നീയുമായി ഇങ്ങനെ സംവദിക്കുമ്പോൾ എന്തെന്നില്ലാത്തൊരു അനുഭൂതി…. അതെന്നെ പ്രണയത്തിന്റെ ഏറ്റവും ഉയർന്ന അഗ്രത്തിൽ നിർത്തുന്നു. എന്റെ ചാരൂ …”

“പ്രണയത്തിൽ വല്ലാതെ മുഴുകുന്ന സ്വഭാവമാണ് ശിവാ എനിക്ക്. ആ പ്രണയം  വിവാഹജീവിതത്തിൽ പലപ്പോഴും അനാവശ്യമായി ഒരു സാധാരണ പുരുഷന് തോന്നിയേക്കാം.പക്ഷേ നിനക്കതു മനസ്സിലാകും”

“എന്റെ ഭാഗ്യം…എന്നും പ്രണയിക്കാൻ കഴിയുന്ന ഒരു പെണ്ണിനെ കിട്ടിയതിൽ.. അതിലും ഭാഗ്യം വേറെ എന്തുണ്ട് ചാരൂ…എപ്പോഴും പ്രണയിൽ മുഴുകുന്ന എനിക്ക് ”

“പ്രണയമില്ലാതെ ഒന്നിനും ആവില്ലെനിക്ക്. പ്രണയത്തോടെ എന്നെ നോക്കുന്ന പുരുഷന്റെ കൂടെമാത്രമേ എനിക്ക് മോഹമുണ്ടാകൂ…അവനൊപ്പമേ എനിക്ക് രതി ആസ്വദിക്കാൻ കഴിയൂ ”

“രതിയെ കെട്ടഴിച്ചു വിടാൻ എനിക്കും ആകില്ല…അതിനായി എനിക്കും പ്രണയം ഉണ്ടാകണം…മോഹം ഉണ്ടാകണം…നമ്മളാദ്യം കണ്ട ദിവസം, എന്റെ ഹൃദയം അറിഞ്ഞു അത്..”
====

ചാരുവിനെ ആദ്യംകണ്ട ദിവസത്തെ കുറിച്ച് പറയാം

അന്ന് സ്വാതന്ത്ര്യദിനം ആയിരുന്നു. ഹൃദയസ്പന്ദനങ്ങൾ തീവ്രമാക്കിക്കൊണ്ടു തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന എനിക്ക് മുന്നിലേക്ക് അതിസുന്ദരിയായി അവൾ വന്നിറങ്ങി. ഞാൻ അല്പംനേരം മായികമായൊരു അനുഭൂതിയുടെ വലയത്തിൽപ്പെട്ടു. ഭാവനയിൽ മെനഞ്ഞെടുത്തതിലും എത്രയോ മനോഹാരിയായി അവളരെ കാണപ്പെട്ടു. അപ്പോൾ ലോകത്തു ഞാൻ ആരാധിച്ചിരുന്ന സുന്ദരിമാരെല്ലാം എന്നിൽ നിന്നും ഓടിയകന്നു. ഞാൻ മുന്നോട്ടുനടന്നു. അവളുടെ അരികിലെത്തി . ആ കൈകൾ ഗ്രഹിച്ചു. അവളിൽ നിന്നും പരന്നൊഴുകിയ സുഗന്ധം ആ റെയിൽവേസ്റ്റേഷനിൽ പരന്നൊഴുകി. അഭിമാനത്തോടെ അവളെയും വിളിച്ചുകൊണ്ടു പുറത്തേയ്ക്കിറങ്ങി ഒരു ഓട്ടോയിൽ കയറി. വൻവൃക്ഷത്തിൽ പടരാൻ കൊതിച്ച മുല്ലവള്ളിപോലെ അവളെന്റെ തോളിൽ ചാഞ്ഞുകിടന്നു. പെട്ടെന്നെന്റെ ചുറ്റും പ്രപഞ്ചം  സനാഥമായി നിറഞ്ഞു. ഏറ്റവും തീവ്രമായ പ്രണയാനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ജീവിതാന്ത്യം വരെ കൈപിടിക്കാൻ ആദ്യമായി ഒരാളെത്തി. എന്റെ പ്രിയപ്പട്ട കൂട്ടുകാരി. ഈ വിധ വൈകാരികചിന്തകളെ ഖണ്ഡിച്ചുകൊണ്ടു ഓട്ടോ സ്റ്റാച്യുവിൽ ഉള്ള അരുൾജ്യോതിയ്ക്ക് മുന്നിലെത്തി..ചാരുവിനു ഏറെയിഷ്ടമുള്ള പൂരിമസാല നമ്മൾ കഴിച്ചു. കഴിക്കുകയാണെങ്കിലും അവളെന്റെ തോളിൽ ചാഞ്ഞുകിടക്കുകയായിരുന്നു.

ഭക്ഷണം കഴിച്ചശേഷം മ്യൂസിയത്തുപോയി മണിക്കൂറുകൾ സംസാരിച്ചുകൊണ്ടിരുന്നു. നമ്മൾ ഭൂതകാലത്തെ ഷെയർചെയ്തു. അതുവരെ പറയാത്ത ഒരു സത്യംകൂടി അവിടെ വച്ച് അവൾ പറഞ്ഞു. ആദ്യ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയ ശേഷം അവൾ മറ്റൊരു ബന്ധത്തിലും ചെന്നുചാടിയത്രേ. അവളുടെ ജോലിയിലെ വരുമാനമാണ് ആ കഥയിലെ നായകന് നോട്ടംഎന്നു മനസിലാക്കിയപ്പോൾ അവൾ പിന്മാറിയത്രെ. എങ്കിലും ഒമ്പതുദിവസങ്ങൾ ഒന്നിച്ചു കഴിഞ്ഞത്രേ. ആ അറിവ് എന്നെ അസ്വസ്ഥമാക്കിയെങ്കിലും ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനത്തിൽ മനസുകൾ കൊണ്ട് ഒപ്പുവച്ചിരുന്നതിനാൽ എന്നിൽ ഭാവഭേദങ്ങളൊന്നും ഉണ്ടായില്ല. ഒമ്പതുദിവസത്തെ ആ ജീവിതകഥയിൽ അസ്വാഭാവികത നിഴലിച്ചുനിന്നെന്നു തോന്നിയെങ്കിലും, ഗതിമാറിയൊഴുകി ശീലിച്ച എന്റെ ജീവിതത്തിനു ശുദ്ധിയശുദ്ധികളുടെ കണക്കെടുക്കാൻ എന്ത് യോഗ്യത എന്ന തിരിച്ചറിവിൽ അവളുടെ മൂർദ്ധാവിൽ പലവട്ടം ചുംബിച്ചു.

അൽപനേരംകഴിഞ്ഞപ്പോൾ അവളെയും കൊണ്ട് എന്റെ വീട്ടിലേക്കു പോയി. അമ്മയെ പരിചയപ്പെടുത്തേണ്ടതുണ്ട്. വീട്ടിലെത്തി, മുറിതുറന്ന് നമ്മളോരുമിച്ചു എന്റെ കിടക്കയിലിരുന്നു. അടുത്ത ബന്ധുവിന്റെ വീട്ടിലെ ഫങ്ഷന് പോയിട്ട് ‘അമ്മ പിന്നീടാണ് എത്തിയത്. അവളെ കണ്ടപാടെ അമ്മ വിതുമ്പാനാരംഭിച്ചു. എന്റെ ദുരവസ്ഥകൾ അക്കമിട്ടെണ്ണി. മോളവനെ സ്നേഹിക്കണമെന്നും അനുസരിച്ചില്ലെങ്കിൽ ചൂരലെടുത്തു തല്ലണമെന്നും സങ്കടവും ഹാസ്യവും കലർത്തി പറഞ്ഞു.

മോനിഷ്ടപ്പെടുന്ന ഏരു പെണ്ണും സ്നേഹനിധിയായ എന്റെ അമ്മയ്ക്ക് സ്വീകാര്യമായിരുന്നു..അവളും അമ്മയും പിന്നെയും എന്തൊക്കെയോ കുറെ സംസാരിച്ചു. വറുത്തമീനും സാമ്പാറും ചില വെജിറ്റബിൾ കറികളും കൊണ്ട് നല്ലൊരു ഊണ് തരപ്പെടുത്തിയിട്ടു ‘അമ്മ അവളോട് യാത്രപറഞ്ഞു ഫങ്ഷൻ സ്ഥലത്തേയ്ക്കുതന്നെ പോയി. വീട്ടിൽ പിന്നെയും ഞങ്ങൾ മാത്രമായി. ഞങ്ങളെ ഒരുമിച്ചിരുത്തിയിട്ട് പോകുന്നതിന്റെ ഉത്കണ്ഠ ഒന്നും സദാചാരപോലീസല്ലാത്ത അമ്മയ്ക്കില്ലായിരുന്നു. ”അമ്മ വെറുമൊരു ‘അമ്മ അല്ലമ്മേ..ഒരു പുരോഗമനവാദിയുടെ അമ്മയാണമ്മേ” എന്ന് അമ്മയെ പലപ്പോഴും ഞാൻ ഓർമിപ്പിക്കാറുമുണ്ടായിരുന്നു.

ആ മുറി മഞ്ഞുപൊഴിയുന്ന ഞങ്ങളുടെ സ്വപ്നകൈലാസമായല്ല, ഒരു അഗ്നിപർവ്വതമായി മാറുകയായിരുന്നു .അതിന്റെ ചൂട്  ഞങ്ങളിലരിച്ചുകയറി. രക്തത്തിനുപകരം ലാവയൊഴുക്കു തുടങ്ങി. ഗാഢമായി ചുംബിച്ചുകൊണ്ട് ഞങ്ങൾ അധരങ്ങളെ കൈമാറി. പരിരംഭണത്തിൽ മുഴുകികൊണ്ടു ചുംബനങ്ങളെ പരസ്പരം ധൂർത്തടിച്ചു. എന്റെ കൈകൾ അവളിൽ കാമത്തിന്റെ തീർത്ഥാടനം തുടങ്ങി. ഞങ്ങൾ കിടക്കയിലേക്ക് ചരിഞ്ഞു. കുതിപ്പും കിതപ്പും കൊണ്ട് ഞങ്ങൾ സൂര്യഗോളത്തിലെ പര്യവേഷകരായി. ജ്വരമൂർച്ഛയിൽ ഉരുകിയൊലിച്ചു. തൃപ്തിയുടെ മാനദണ്ഡങ്ങൾ അപ്രസക്തമായി. ആഴങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടു അഗ്നിശൈലം പൊട്ടിത്തെറിച്ചു. നമ്മുടെ ലാവാപ്രവാഹങ്ങൾ ഒന്നായൊഴുകി. കെട്ടുപിണഞ്ഞ രൂപങ്ങളായി നമ്മൾ കിതപ്പുകളുടെ ഹുങ്കാരം അടങ്ങുന്നതുവരെ അങ്ങനെ കിടന്നു.

തലേദിവസത്തെ കാര്യങ്ങളോർത്തു അടുത്ത ദിവസം അവളുടെ ചാറ്റിൽ ഒരു നിമിഷകവിത കുറിയ്ക്കുകയുണ്ടായി.

എന്റെ ഗളത്തിലെയുഗ്രനാഗം
മസ്തിഷ്കത്തിലേക്കിഴഞ്ഞുകയറുമ്പോൾ
നിന്നിലെ ഭൂമിയുടെ ഉൾത്തുടിപ്പുകളറിഞ്ഞുകൊണ്ട്
നിന്നിലേക്കിഴയാൻ തുടങ്ങുന്നു ഞാൻ
കാമവിഷദംശനത്തിൽ
നീലിച്ച നീ ആലസ്യത്തിലാറാടുമ്പോൾ
ചുടലഭസ്മമത്തെ കുടഞ്ഞെറിഞ്ഞു ഞാൻ
ഉള്ളിലെ തീയെ ജ്വലിപ്പിച്ചുകൊണ്ട് ഏരിയുന്നു
എന്റെ ഹൃദയത്തിൽ മുറുകുന്നു
ഡമരുവിന്റെ ഉടുക്കുകൊട്ട്
ഹിമാലയത്തിൽ മഞ്ഞുരുകിയെന്നപോലെ
ലാവാപ്രവാഹത്തിൽ വിയർത്തിറങ്ങുന്നു ഞാൻ
ചുംബനത്തീമഴയിൽ
നിന്റെയംഗത്തിലെ വികാരഫലഭൂയിഷ്ടിയിൽ
തളിരിട്ടുയർന്നതിൽ
പൂവായും കനിയായും നിന്നെ നുണയുന്നു
കാമതാണ്ഡവച്ചടുലതകൊണ്ടെന്റെ മുറി
ഒരഗ്നിശൈലമാക്കുന്നു……

മതിവരാതെ പിന്നെയും എഴുതിക്കൊണ്ടിരുന്നു

“കടപ്പുറത്തു കമിഴ്ന്നുകിടന്നു
രണ്ടുകൈകൊണ്ടും മണ്ണിനെ മാറോടണയ്ക്കുന്നപോൽ..
ചാരൂ ..നിന്റെ സകല വികാരവിചാരങ്ങളെയും
നിന്നിൽ തുടിക്കുന്ന ഓരോ കോശങ്ങളെയും ഞാൻ
സ്നേഹത്താലും പ്രണയത്താലും
എന്നിലേക്ക്‌ ആർത്തിയോടെ ചേർക്കുന്നു… ”

ചാരുവും ഞാനും സംഗമിച്ച ആ ദിവസം വൈകുന്നേരം അവളെ യാത്രയാക്കാൻ റെയിൽവേ വീണ്ടും.സ്റ്റേഷനിലെത്തി. സ്ഥിരമായ കൂടുകൂട്ടലിനു വേണ്ടിയൊരു താത്കാലിക വേർപിരിയൽ.
ട്രെയിനെടുക്കുന്നതുവരെ അവൾക്കൊപ്പം ഞാനും അതിനുള്ളിൽ ഇരുന്നു. അവളെന്റെ തോളിൽ ചാഞ്ഞു കിടന്നു ചോദിച്ചു

“ശിവാ ജോലിക്കു പോകുമ്പോൾ എല്ലാ ആഴ്ചയിലും എന്നെയിങ്ങനെ യാത്രയാക്കാൻ നീ വരണം. വന്നിറങ്ങുമ്പോൾ വിളിക്കാനും. ഓരോ തവണ നമ്മൾ പിരിയുമ്പോഴും അടുത്ത സമാഗമത്തിനുവേണ്ടി ദിവസങ്ങൾ എണ്ണിത്തുടങ്ങണം. ആ തീവ്രമായ പ്രണയം അങ്ങനെതന്നെ നിലനിൽക്കണം…”

ഞാൻ ദീർഘനിശ്വാസത്തോടെ തലയാട്ടി. ട്രെയിൻ നീങ്ങി..സ്നേഹത്തോടെ യാത്രപറഞ്ഞുകൊണ്ടു ഇറങ്ങിനടന്നു. ഞാൻ അപ്പോൾ മാരിചോയിസിലെ ആളെ വിളിച്ചു എനിക്കുവേണ്ടി ഇനി വിവാഹബന്ധങ്ങൾ ആലോചിക്കേണ്ട എന്ന് പറഞ്ഞു.  കുറച്ചുനേരം കഴിഞ്ഞപ്പോൾ ചാരു വാട്സാപ്പിൽ ഇങ്ങനെ ചോദിച്ചു .

“ശിവാ എന്നിലെ പെണ്ണിനെ നിനക്കിഷ്ടമായോ ?”

“ഒരുപാടിഷ്ടമായി ചാരൂ…എന്നിലെ പുരുഷനെയോ ..?”

“ഉം..നിന്നെ എനിക്കിഷ്ടമായി ശിവാ..”

“പഴയ തിക്താനുഭവങ്ങൾ എല്ലാം മറന്ന് ഒരുപാട് പ്രതീക്ഷയോടെയാണ് ശിവാ ഞാൻ നിന്റെയൊപ്പം ജീവിതം തുടങ്ങുന്നത്. ഇനിയൊരു കണ്ണീർക്കടൽ താണ്ടാൻ ഉള്ള കരുത്ത് എന്റെ കൈകൾക്കില്ല.”

“ഉം… എന്നിലെ സ്നേഹത്തിനു കലർപ്പില്ല ചാരൂ… എന്നും ശിവൻ നിന്റെ മാത്രം ”

“നമുക്കിടയിൽ മൂന്നാമതൊരാൾ കടന്നു വരരുത്.അതിൽ സ്വാർത്ഥയാണ് ഞാൻ.ആദ്യമേ ഞാൻ പറഞ്ഞല്ലോ, എന്റെ പുരുഷൻ എന്റേത് മാത്രമാകണം.അതെനിക്ക് നിർബന്ധമാ ”

ചാറ്റിലൂടെ നമ്മൾ സമ്മതപത്രങ്ങൾ കൈമാറിക്കൊണ്ടേയിരുന്നു

ദിവസങ്ങൾ കഴിഞ്ഞു. ഒരുദിവസം ഞാനും അമ്മയും അവളുടെ വീട്ടിൽ പോയി. ചാരുവും ഒരു കൂട്ടുകാരിയും ഞങ്ങളെ വിളിക്കാൻ റെയിൽവേസ്റ്റേഷനിൽ കാറുമായി വന്നു. അന്ന് പെരുംമഴയായിരുന്നു. വീട്ടിലെത്തി പ്രാതൽ കഴിഞ്ഞു ഞങ്ങൾ നാലുപേരും ഭാവി ജീവിതത്തെക്കുറിച്ചു ചർച്ചചെയ്യാനാരംഭിച്ചു. ആർക്കും ഒന്നിനും എതിരഭിപ്രായം ഇല്ലായിരുന്നു.
ഒരു ജീവിതത്തിന്റെ വേദി അവിടെ അനായാസം ഒരുങ്ങുകയായിരുന്നു. അതിനെ തകിടംമറിക്കാൻ പിന്നാലെ വരുന്ന ഒരു കൊടുങ്കാറ്റിനെ ആരും പ്രവചിച്ചില്ല. ഉച്ച ഭക്ഷണത്തിനു ശേഷം ഞങ്ങൾ മടങ്ങിപ്പോന്നു. ചാരു തന്നെയാണ് റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടതും.

ഇതിനിടയിൽ മറ്റൊരു പ്രതിസന്ധി ചാരുവിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആദ്യവിവാഹത്തിലുണ്ടായ മകൾ ഇപ്പോൾ യൗവ്വനാവസ്ഥയിലെത്തി വിദ്യാഭ്യാസത്തിന്റെ ഉന്നതമേഖലകൾ താണ്ടുകയാണ്. അവൾ അച്ഛനൊപ്പമാണ് നിൽക്കുന്നതെന്നു പറഞ്ഞല്ലോ. എങ്കിലും ചരുവുമായി അവൾ ഫോണിലൂടെയും മറ്റും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടായിരുന്നു. ചാരുവിനു അവളോട് വല്ലാത്തൊരു വൈകാരികതയും ഉണ്ടായിരുന്നു. നമ്മുടെ ബന്ധത്തിന്റെ കാര്യം മകളോട് പറയുക, അവളിൽ നിന്നും സമ്മതം മേടിക്കുക ഇവയെല്ലാം ചാരുവിന്റെ ഉത്തരവാദിത്തം ആയിരുന്നു. ഈ വിഷയങ്ങളെല്ലാം സൂചിപ്പിച്ചുകൊണ്ട് അവൾ മകൾക്കൊരു വാട്സാപ്പ് മെസ്സേജ് ഇടുകയുണ്ടായി. അത് വായിച്ചിട്ടു ആദ്യമൊരു തമാശയായി കരുതിയ മകൾ പിറ്റേന്ന് ഈ ബന്ധത്തിന് എതിർപ്പ് പ്രകടിപ്പിച്ചു എങ്കിലും ചാരുവിന്റെ തീരുമാനം ഉറച്ചതെന്നു മനസിലാക്കിയപ്പോൾ മകൾ ഈ ബന്ധത്തിന് സമ്മതിക്കുകയായിരുന്നു. മകൾ എന്റെ എഫ്ബി പ്രൊഫൈലിൽ കയറി നോക്കുകയും അമ്മയ്ക്ക് എല്ലാവിധ ആശംസകൾ അറിയിക്കുകയുമാണ് ഉണ്ടായതു. എന്തുകൊണ്ടാണ് അമ്മയുടെ കാര്യത്തിൽ കാർക്കശ്യത്തോടെ ഇടപെടാൻ ആ മകൾക്കു സാധിക്കാത്തതെന്തെന്നറിയാമോ ?
======

വല്ല്യ ചിലവുള്ള മെഡിക്കൽ പഠനവും മറ്റും നടക്കാൻ ചാരുവിന്റെ മകൾ തന്റെ അച്ഛനിൽ അഭയംതേടി. ചാരുവിന്റെ അമ്മ യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത സ്ത്രീ. മറ്റൊരു ബന്ധുവിന്റെകൂടെയാണ് .ഇങ്ങനെ ഒറ്റപ്പെട്ട കാലങ്ങളിൽ അവൾ ശരിക്കുമൊരു അനാഥയായി കഴിഞ്ഞിരുന്നു. ആയിടയ്ക്കാണ് കിഡ്‌നി സ്റ്റോൺ സർജറിക്ക്‌ അവൾ ആശുപത്രിയിൽ അഡ്മിറ്റായത്. ആ ഓപ്പറേഷനിൽ അവളുടെ യൂട്രസും റിമൂവ് ചെയ്തു. പരിചരിക്കാനും രക്തംനൽകാനും കൂട്ടിരിക്കാനും സുഹൃത്തുക്കളല്ലാതെ ആരുമില്ലാത്ത അവസ്ഥ. ഇത്തരം ഒറ്റപ്പെട്ട അവസ്ഥകളിലാണ് മനുഷ്യൻ ജീവിതം പഠിക്കുന്നത്. ഇവയെ അതിജീവിച്ചാൽ നമ്മുക്കാരുമില്ലെങ്കിലും പുല്ലാണെന്ന് സ്വയം പറഞ്ഞു പഠിക്കും. അതുതന്നെയാണ് അവൾക്കു തന്റെ തീരുമാനങ്ങളിൽ ആരുടെയും അനുവാദമില്ലാതെ ഉറച്ചുനിൽക്കാനുള്ള ധൈര്യം നൽകിയതും.

ഇത്തരത്തിൽ ചാരു തന്റെ കഥകൾ എല്ലാം പറഞ്ഞിരുന്നു. തന്റെ കുഴപ്പംകൊണ്ടാണ് ഇങ്ങനെ ഒറ്റപ്പെട്ടുപോയതെന്നു അവർത്തിച്ചുപറയുമ്പോൾ ഞാൻ ആശ്വസിപ്പിക്കുമായിരുന്നു. എല്ലാരും ഒരുമിച്ചുനിന്നു ഒരാളെ ഒറ്റപ്പെടുത്താൻ നെഗറ്റിവായോ പോസിറ്റിവായോ എന്തെങ്കിലും കാരണമുണ്ടാകാം. എന്റെ ചിലകൂട്ടുകാരികൾക്കും കുടുംബത്തിൽ നിന്നും ഒറ്റപ്പെടുത്തലുകൾ നേരിട്ടിട്ടുണ്ട്, അവർക്കും ഇതുപോലെ താമസിക്കേണ്ടിവന്നിട്ടുണ്ട്. കുടുംബത്തിന്റെ യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ ചോദ്യംചെയ്തതുകൊണ്ടും പുരോഗമനപരമായ ജീവിതരീതികൾ പിന്തുടർന്നതുമായിരുന്നു അതിന്റെ കാരണങ്ങൾ. ചാരുവിൽ നെഗറ്റിവ് ആയൊന്നും ഞാൻ കണ്ടിരുന്നില്ല. തികഞ്ഞവിശ്വാസിയായ ഒരുവൾ അത്ര പുരോഗമനപരമായി ചിന്തിക്കില്ല എന്നും തോന്നിയിരുന്നു. ചില ദുരൂഹതകൾ അവളുടെ കഥകളിൽ മുഴുവൻ ഉണ്ടായിരുന്നതായി തോന്നിയെങ്കിലും നമ്മുടെ ജീവിതത്തെയോ പിന്നീടുണ്ടായ പ്രശ്നങ്ങളെയോ ആ ദുരൂഹതകൾ ഒന്നും ബാധിച്ചിരുന്നില്ല എന്നും പറയാൻ സാധിക്കും. താമസിക്കുന്ന സ്ഥലത്തിനു സമീപത്തുള്ള ഒരു ശിവക്ഷേത്രത്തിൽ അവൾക്കു വലിയ വിശ്വാസവുമായിരുന്നു. അതുകൊണ്ടുതന്നെ അത്രപുരോഗമന ആശയങ്ങൾ അവളിൽ ഉണ്ടായിരുന്നിട്ടുമില്ല. രാഷ്ട്രീയംകൊണ്ട് സിപിഎമ്മിന്റെ അനുഭാവിയായിരുന്നു. എന്നാൽ കമ്മ്യൂണിസത്തിന്റെ സ്വപ്നങ്ങളും സങ്കല്പങ്ങളും അവളിൽ കണ്ടിരുന്നില്ല.

താൻ വർക്ക് ചെയുന്ന ഡിപ്പാർട്ട്മെന്റിൽ ചാരു വളരെ ഉത്തരവാദിത്തമുള്ള ഒരു ജോലിയാണ് ചെയ്തുകൊണ്ടിരുന്നത്. സർക്കാരിന്റെ കോടിക്കണക്കിനു രൂപകൈകാര്യം ചെയുന്നത് താനെന്നും തന്റെ ഉത്തരവാദിത്തത്തിലാണ് ആ പണം ചിലവാക്കപ്പെടുന്നതെന്നും അവൾ പറയുമായിരുന്നു. ജോലിയിലെ സത്യസന്ധത കാരണം സഹപ്രവർത്തകരിൽ ഭൂരിഭാഗംപേർക്കും അവളോട് വൈരാഗ്യവും ശത്രുതയും ഉണ്ടായിരുന്നു. ഒറ്റയ്ക്കുജീവിക്കുന്ന ഒരു സ്ത്രീ ‘സ്വാഭാവികമായി’ അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങളും അവൾ നേരിടേണ്ടിവന്നിട്ടുണ്ട്.

ഒരിക്കൽ ഡിപ്പാർട്ട്മെന്റിലെ ഒരു യൂണിയൻ പ്രമുഖന് അവളിൽ ലൈംഗികതാത്പര്യം തോന്നിയതുമായി ബന്ധപ്പെട്ട വിഷയം ചാരു ഒരു തമാശപോലെ പറയുകയുണ്ടായി. എല്ലാരുടെയും മുന്നിൽവച്ചു തെളിവുസഹിതം അയാളെ പൊളിച്ചുകാട്ടുകയും നാണംകെടുത്തുകയുംചെയ്തു. മറുപടിയില്ലാതായപ്പോൾ മാപ്പുപറഞ്ഞു ആ വിദ്വാൻ തടിയൂരിയത്രേ. ഓഫീസിൽ മറ്റുള്ളവരുടെ തോന്ന്യാസങ്ങൾ ഒന്നും അനുവദിക്കാത്തതുകൊണ്ടു ചാരു എല്ലാർക്കും കല്ലുകടിയായിത്തീർന്നിരുന്നു. ആരെങ്കിലുമൊക്കെ തനിക്കിട്ടു നല്ല പാരപണിയാൻ കാത്തിരിക്കുകയാണെന്ന് അവൾ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ ഓരോപ്രവർത്തനങ്ങളും അത്ര സൂക്ഷ്മതയോടെ അവർ നിർവ്വഹിച്ചിരുന്നു.പ്രത്യേകിച്ച് സാമ്പത്തികമായ ഇടപാടുകൾ.

ചാരുവിന്റെ വാടകവീടിന് പരിസരത്തും ഞരമ്പുരോഗികൾ സുലഭമായിരുന്നു. ഗേറ്റിൽ പ്രണയാഭ്യർത്ഥനകൾ കൊണ്ടുവയ്ക്കുക പോലുള്ള പരിപാടികൾ നടന്നിരുന്നു. ഞാൻ മുകളിൽ സൂചിപ്പിച്ചപോലെ, ഒറ്റയ്ക്ക് താമസിക്കുന്ന ഒരു പെണ്ണ് ഈ സമൂഹത്തിന്റെ അസ്വസ്ഥതയാകുന്നു. അത്ര ലൈംഗികദാരിദ്ര്യം പിടിച്ചവരുടെ നാടാണ് നമ്മുടേത്. ഈ ശത്രുവലയത്തിനുള്ളിൽ ഒന്നിനെയും കൂസാതെ ജീവിക്കാനുള്ള അവളുടെ ആർജ്ജവം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. വീടിനടുത്തുള്ള ഒരു ഞരമ്പുരോഗിയുടെ വെറിപിടിച്ച നോട്ടങ്ങളെ തടഞ്ഞുനിർത്തിയത് ആ ഭാഗം ടാർപോളിൻ കൊണ്ട് മറച്ചിട്ടായിരുന്നു. എന്തായാലും എന്റെകൂടെയുള്ള ജീവിതം എല്ലാത്തിനുമൊരു പരിഹാരമാകുമെന്ന് ഞാനാശ്വസിച്ചു.

ഇടയ്ക്കു ചാരുവിന് ഒരു പനിവന്നു. ഒറ്റയ്ക്ക് കഴിയുന്ന അവളുടെ ആരോഗ്യത്തിൽ ഞാൻ ആശങ്കാകുലനായി. മാരകമായ പനിയാണോ എന്നോർത്ത്  എന്റെ ഉറക്കംപോലും നഷ്ടപ്പെട്ടു. അവളാണെങ്കിൽ ഇംഗ്ലീഷ് മരുന്നുകൾ കഴിക്കുകയുമില്ല.  ഒടുവിൽ എന്നെ തൃപ്തിപ്പെടുത്താൻ എവിടെയോ കാണിച്ചെന്നുറപ്പുവരുത്തി, ഇപ്പോൾ കുറവുണ്ടെന്നും പറഞ്ഞു. ഇക്കാലത്തും കഷായം പോലുമ്മ മരുന്നുകളെ ആശ്രയിക്കുന്ന ഒരാളായിരുന്നു അവൾ.

അതിനുശേഷമൊരു ദിവസം ചാരു തിരുവനന്തപുരത്തുവന്നു, കൂട്ടുകാരിയും ഒപ്പമുണ്ടായിരുന്നു. ഓണമായതിനാൽ ജയലക്ഷ്മിയിൽ നിന്നും അവൾ അമ്മയ്ക്ക് ഓണക്കോടിയെത്തു. അവിടെനിന്നുതന്നെ ഞാൻ ചാരുവിനും വസ്ത്രങ്ങൾ വാങ്ങി. എനിക്കെന്റെ ഇഷ്ട ബ്രാന്റായ വുഡ്‌ലാന്റിൽ നിന്നും അവൾ മൂവായിരം രൂപയോളം വിലവരുന്ന ടീഷർട്ട് മേടിച്ചു . ഈ സന്തോഷങ്ങൾക്കിടയിലും അവളുടെ ക്ഷീണം ഞാൻ ശ്രദ്ധിച്ചു. പനി ഭേദമായിരുന്നില്ല. തിരുവനന്തപുരത്തുള്ള ഡോക്ടറെ കാണിക്കാമെന്നു നിർബന്ധിച്ചിട്ടും അവൾ വഴങ്ങിയില്ല. പിന്നെ അരുൾജ്യോതിയിലെ ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങൾ മൂവരുംകൂടി പാളയം സാഫല്യം കോംപ്ലക്‌സിനു മുന്നിലെ സിമന്റ് ബഞ്ചിൽ ഇരുന്നു ഭാവികാര്യങ്ങൾ ഒന്നുകൂടി പോളിഷ് ചെയ്തു.
അപ്പോഴാണ് ചാരു കൂട്ടുകാരിയോട് തമാശ ഭാവത്തിൽ പറയുന്നത്. (ജീവിതത്തോടുള്ള അവളുടെ ഈ സീരിയസില്ലായ്മ എന്നെ തുടക്കം മുതൽ എന്നിൽ സംശയമുണ്ടാക്കിയിരുന്നു)

“എടീ ശിവ വിവാഹമാണ് ഉദ്ദേശിക്കുന്നത്”

“ആഹാ, അതെയോ ശിവാ… നന്നായി. അമ്മയ്ക്ക് സന്തോഷമാകും”
ചിരിച്ചുകൊണ്ട് കൂട്ടുകാരി എന്നെനോക്കി പറഞ്ഞു.

‘അമ്മ പഴയൊരാളാണ്. ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നു പറഞ്ഞപ്പോൾ വലിയ സന്തോഷമായ ആളാണ് ‘അമ്മ. മാട്രിമോണിയൽ ഓഫീസിൽ അടയ്ക്കാൻ പൈസ ചോദിക്കാതെ തന്ന ആളാണ്. ‘ഏതൊരമ്മയും ആഗ്രഹിക്കുന്നത്  മക്കൾ വിവാഹം കഴിച്ചു ജീവിക്കുന്നതാണ്.. ”
ഞാൻ വളരെ സീരിയസായി തന്നെ പറഞ്ഞു

എന്റെ അമ്മയുടെ തൃപ്തിയ്ക്കായി വിവാഹം കഴിച്ചു ജീവിക്കാമെന്നും
ഒരമ്മയുടെ അക്കാര്യത്തിലുള്ള ഉത്കണ്ഠകൾ മനസിലാക്കുന്നെന്നും ഓണത്തിരക്കുകൾ കഴിഞ്ഞൊരു ദിവസം വിവാഹം രജിസ്റ്റർ ചെയ്യാമെന്നും ഭാര്യാഭർത്തൃ നാമങ്ങളും അതിന്റെ യാഥാസ്ഥിതികവും വൃത്തികെട്ടതുമായ നൂലാമാലകളും അടിമത്തങ്ങളും ഒഴിവാക്കി തികഞ്ഞ സ്വതന്ത്രജീവിതമാണ് വേണ്ടതെന്നും നമ്മുടെ ആദ്യത്തെ കൂടിക്കാഴ്ചയിൽ ഒരുമിച്ചു തീരുമാനിച്ചകാര്യം ഞാനോർത്തു. പക്ഷെ അവളുടെ മനസ്സിൽ ഇപ്പോളതൊരു തമാശ പോലെ.എന്റെ മനസ്സിൽ പലവിധ ചിന്തകൾ രൂപപ്പെട്ടു.

വിവാഹത്തോട് അവൾക്കു ആദ്യമേയുള്ള ചില വിയോജിപ്പുകൾ ഞാൻ ശ്രദ്ധിച്ചിരുന്നു. അത് പ്രത്യക്ഷത്തിൽ പുറത്തുകഴിച്ചിരുന്നില്ല. വിവാഹം ഒന്നിന്റെയും അവസാനവാക്കല്ല, വിഹാഹം കഴിച്ചാലും ഇഷ്ടമില്ലാത്തിടത്തു ഞാൻ നിൽക്കില്ല, ഒരു ചരടിന്റെ ബലം മാത്രമല്ല പരസ്പരവിശ്വാസവും ജീവിതവും..ഇങ്ങനെയൊക്കെ പറഞ്ഞായിരുന്നു വിവാഹത്തോടുള്ള അവളുടെ വെറുപ്പ് പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ഇക്കാര്യങ്ങളിൽ എനിക്കും വിയോജിപ്പുകൾ ഇല്ലായിരുന്നു. പക്ഷെ നിലവിലെ എന്റെ താത്പര്യം വിവാഹജീവിതമായിരുന്നു. (അതിന്റെ കാരണം ഞാൻ മുകളിൽ പറഞ്ഞിട്ടുമുണ്ടായിരുന്നു). അതുകൊണ്ടുതന്നെ എന്റെകൂടെ വരാനുള്ള താത്പര്യത്തിൽ എല്ലാത്തിനും അവൾ മനഃപൂർവ്വം സമ്മതം മൂളിയതായിരുന്നെന്നു അറിയാൻ  ഒരുപാട് വൈകിപ്പോയിരുന്നെന്നു ഇന്ന് ചിന്തിച്ചുപോകുന്നു.

കുറച്ചുനേരംകൂടി ഓരോന്ന് സംസാരിച്ചിരുന്നശേഷം കൂട്ടുകാരി യാത്രപറഞ്ഞുപോയി. ഞാനും ചാരുവും മ്യൂസിയത്തിൽ പോയി ഏറെനേരം ഇരുന്നു. അപ്പോഴേയ്ക്കും നല്ല മഴപെയ്തിരുന്നു. വൈകുന്നേരത്തോടെ അവൾ തിരികെ പോയി. തമ്പാനൂർ ബസ്റ്റാന്റിൽ ചെന്ന് ഞാനവളെ യാത്രയാക്കി. ഇനി കാണുന്നത് നമ്മൾ ഒരുമിച്ചു ജീവിക്കുന്ന ദിവസം.

എല്ലാം തീരുമാനിക്കപ്പെട്ട ഉടനെ ഞാൻ എഫ്ബിയിൽ ഒരു ഒറ്റവരി പോസ്റ്റിട്ടു.

“ശിവൻ അവന്റെ പാർവ്വതിയെ കണ്ടെത്തിയിരിക്കുന്നു”

ശിവൻ പാർവതിയെ മാറോടണയ്ക്കുന്ന ചിത്രം പ്രൊഫൈൽ ചിത്രമാക്കി. നൊടിയിടകൊണ്ടു ഇരുന്നൂറിലേറെ ലൈക്കുകളും ആശംസകളും കുമിഞ്ഞുകൂടി.
റിലേഷൻ ഷിപ്പ് സിംഗിൾ ആയിരുന്നത് ‘ഇൻ എ റിലേഷൻ ഷിപ്’ എന്നാക്കി. ആ അപ്‌ഡേറ്റിനും കിട്ടി ലൈക്കുകളുടെ കൂമ്പാരം. അതെ മുങ്ങാൻപോകുന്ന ഒരു ടൈറ്റാനിക്ക് ഷിപ്പ്. അതിനടിയിലൊക്കെ വന്ന കമന്റുകൾ വായിച്ചാൽ മനസിലാകും, എന്നെപിടിച്ചു കെട്ടിക്കാൻ എഫ്ബിയിലെ സുഹൃത്തുക്കളുടെ അമിതതാത്പര്യം.

ഓരോദിവസങ്ങളും ഞാൻ തള്ളിവിട്ടു. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഞങ്ങളുടെ ഫോൺ സംഭാഷണങ്ങളും ജീവിതത്തിന്റെ പ്ലാനിംഗുകളും തകൃതിയായി മുന്നോട്ടുപോയി. ഞാനൊരു പുകഞ്ഞകൊള്ളി ആയതിനാലും നിഷേധിയായതിനാലും അമ്മയുടെ സഹോദരങ്ങൾ നേരിട്ടൊന്നും പറഞ്ഞില്ലെങ്കിലും വിയോജിപ്പുകൾ മനസിൽകൊണ്ടു നടക്കുകയായിരുന്നു. അവരെല്ലാം ജാതകത്തിന്റെയും ജ്യോതിഷത്തിന്റെയും വക്താക്കൾകൂടിയായിരുന്നു. എന്നെ പൂർണ്ണമായും വിശ്വസിച്ചു അമ്മ മാത്രം കൂടെ നിന്നു.

നമ്മുടെ കൂടിച്ചേരലിന്റെ തലേദിവസമായി. അന്ന് ഉത്രാടമായിരുന്നു. ഉത്രാടപ്പാച്ചിലുകളിൽ നിന്ന് ഒഴിഞ്ഞുമാറി ശിവൻ ചാരുവിന്റെ ചാറ്റിൽ ഇങ്ങനെ എഴുതിയിട്ടു….

====

‘ദേവിയുടെ വരവിനായി മാനസകൈലാസം ഒരുങ്ങിക്കഴിഞ്ഞു. ത്രിപുരാന്തകന്റെ ഇടനെഞ്ചിൽ ഡമരുവിന്റെ ഉടുക്കുകൊട്ട് മുറുകുന്നു. അവൻ സൂര്യചന്ദ്രയാനങ്ങളെ വീക്ഷിക്കുകയാണ്… നിലാവണിഞ്ഞ കൊടുമുടിയിൽ പ്രണയതപസ്സിന്റെ പൂർണ്ണതയായി. പ്രഭാതരശ്മിയുടെ കൈപിടിച്ച് ദേവി വരുന്നതുംകാത്തു അവൻ ഇരിക്കുന്നു. ഇനി ഒരുമിച്ചുള്ള യാത്രകൾ… ചുംബനാഭിഷേകം നടത്തി അവളെ വരവേൽക്കുമ്പോൾ അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതീകമായി അടിയുറച്ചു നിൽക്കുന്ന പർവതങ്ങൾ കാലത്തിന്റെ പ്രണയഭാഷ്യത്തിന്റെ പ്രതിധ്വനികൾ നമ്മിലേക്ക്‌ തൊടുത്തുവിടും… വേർതിരിക്കാനാകാത്ത രൂപങ്ങളായി…അർദ്ധനാരീശ്വരരായി നമ്മൾ മാറും. ഇത് വിധിയുടെ സ്നേഹകല്പനയാണ്… നമ്മൾ അനുസരിക്കുന്നു… നാളെ നമ്മൾ ഒന്നാകുന്നു… തികച്ചും നമ്മുടേതുമാത്രമായ ശുഭമുഹൂർത്തത്തിൽ … ആളും ആരവവും ആഡംബരങ്ങളും അർത്ഥവും ആഘോഷവും ആചാരങ്ങളും ഉപചാരങ്ങളും ഒന്നും ഇല്ലാതെ…. നാളെ ശിവൻ ആദ്യമായി പൂർണ്ണനാകുന്നു. പല അഭിരുചികൾക്കിടയിൽ മറന്നുപോയ ജീവിതം, ജീവിതത്തിൽ ആദ്യമായി ഒരു അഭിരുചിയാകുന്നു”

“അഷ്ടദിക്കുകളിൽ നിന്നും പഞ്ചാക്ഷരിമന്ത്രം കേൾക്കുമ്പോഴും
അതിനിടയിലെ നിന്റെ ശബ്ദത്തിനായി കർണ്ണങ്ങളും
ഭക്തപ്രളയത്തിൽ നീയെന്ന ഹിമകണത്തെ കാണാൻ കണ്ണുകളും
നൈവേദ്യ മലകൾ രൂപപ്പെടുമ്പോൾ
നിന്റെ സ്നേഹം രുചിക്കാൻ നാവും
പൂജാദ്രവ്യങ്ങളുടെ ഗന്ധങ്ങൾക്കിടയിൽ
നിന്റെ സുഗന്ധമറിയാൻ നാസികയും
അഭിഷേകങ്ങൾക്കിടയിൽ
നിന്റെ നേർത്ത പ്രവാഹമറിയാൻ ചർമ്മവും
സദാ ഉണർന്നിരിക്കുന്നു ദേവീ.
കോടാനുകോടികൾക്കായി നൽകിയ മനസ്
നിന്നിലേക്ക്‌ ഏകാഗ്രമാകുമ്പോൾ
പ്രണയിക്കുന്നവരുടെ മാത്രമൊരു ഭൂമിയെ കാണുന്നു.
അവിടെ സംഹാരകർമ്മം മറന്നിട്ട്  ശിവന് നിന്റെകൂടെ ജീവിക്കണം”

“കൈകളിലൂടെ കോടികൾ ഒഴുക്കുന്ന ഒരു കാഷ്യർക്ക് ആവശ്യങ്ങളുടെ വെള്ളപ്പാച്ചിലിലുമാ പണം നിസ്സഹായതയുടെ ബിംബമാണ്.
മാസാരംഭം കിട്ടുന്ന ശമ്പളമാണ് അയ്യാളുടെ ഏകാശ്രയമെന്നോർക്കുമ്പോൾ ഞാനറിയുന്നത് ചാരൂ …നിന്നെയാണ്…. ❤
ആയിരക്കണക്കിനു ലിറ്റർ രക്തം പമ്പുചെയ്യുന്ന ഹൃദയത്തിനു ദാഹം വരുമ്പോഴുമാ രക്തമെടുക്കാൻ നിർവാഹമില്ല, കൊറോണറീ ധമനികളിലൂടെ ശരീരമെത്തിയ്ക്കുന്ന രക്തമാണേക ആശ്രയമെന്നോർക്കുമ്പോഴും ഞാനറിയുന്നത് ചാരൂ…നിന്നെയാണ്…. ❤
വിശാലതയുടെ മൂർത്തിയായെല്ലാം ഹൃദയത്തിലുൾക്കൊള്ളിയ്ക്കുമ്പോഴും നഷ്ടങ്ങളിൽ അതൊന്നും സ്വന്തമല്ലെന്നെനിക്ക് മനസിലാകുന്നു,
ഒരു കുളിർ ചുംബനമാണേക ആശ്രയമെന്നോർക്കുമ്പോൾ ഞാനറിയുന്നതും ചാരൂ… നിന്നെ മാത്രമാണ്…”

“നിന്നിലേക്കുള്ള ഒഴുക്കായിരുന്നു ചാരൂ ഇതുവരെ എന്റെ ജീവിതം. ജെടക്കെട്ടിൽ ഒളിച്ചുവയ്ക്കാനല്ല … ഹൃദയപ്രപഞ്ചത്തിൽ നിറയ്ക്കാനാണ് നീയെനിക്ക്. നീയില്ലെങ്കിൽ ശിവൻ പൂർണ്ണനല്ല.  പ്രണയതാണ്ഡവമാടുന്ന ശിവന്റെ ദേഹം ഉഷ്ണിച്ചു വരികയാണ്.. നിന്റെ ചുംബനം മാത്രമാണ് പ്രതിവിധിയെന്നു ദേവഗണങ്ങൾ മനസ്സിലാക്കുന്നുണ്ട്. ദേവീ… നീയെന്റെ ആത്മാവിൽ തൊടുന്നു. നീ മാത്രം..”
====

എന്തിനോ തിളയ്ക്കുന്ന സാമ്പാറെന്നു സിനിമയിൽ സലിംകുമാർ പറഞ്ഞപോലെ, വാക്കുകളുടെ പച്ചക്കറിക്കഷണങ്ങൾ മനസിന്റെ വാർപ്പിലിട്ടു ഇങ്ങനെ ഞാൻ എന്തിനോ പാചകം ചെയുകയായിരുന്നു. ഇതിനിടയിലെ ദിവസങ്ങൾ ഞങ്ങൾക്ക് താമസിക്കാൻ വാടകവീടിനായി ഞാൻ നെട്ടോട്ടം ഓടി. തിരുവനന്തപുരം നഗരത്തിൽ വാടകവീടെന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരേർപ്പാടെന്ന് പറയേണ്ട ആവശ്യമില്ലല്ലോ. വലിയ വാടക തന്നെയാണ് പ്രശ്നം. ഒരുപാട് വീടുകൾ നോക്കുകയുണ്ടായി. വാടകകുറവെങ്കിൽ സൗകര്യങ്ങളില്ല, വൃത്തിയുമില്ല. ഓടിട്ട വീടുകൾ പോലും ഏഴായിരം രൂപയൊക്കെയാണ് വാടകയെങ്കിൽ നല്ല വീടുകളുടെ കാര്യം പറയുകയുംവേണ്ട.  ജോലി സ്ഥലത്തിനടുത്തു വെറും ആറായിരം രൂപ വാടകയ്ക്കു വലിയൊരു വീട്ടിലായിരുന്നു അവളുടെ താമസം. അവിടെ ആ വാടകയ്ക്ക് വീടുകൾ സുലഭമായി കിട്ടും. പ്രത്യേകിച്ച് റോഡിൽ നിന്നും കുറെ ഉള്ളിലേക്ക്. കുറച്ചെങ്കിലും സൗകര്യങ്ങൾ നമ്മുടെവീടിനും വേണമെന്ന് എനിക്കും നിർബന്ധമായിരുന്നു. അങ്ങനെ അനവധി HOUSE ബ്രോക്കർമാരുമായുള്ള ബന്ധത്തിന്റെ ഫലമായി പേട്ട -ചാക്ക റോഡിൽ ഒരു വീടിന്റെ മുകൾഭാഗം കിട്ടി. മൂന്നു മുറിയുള്ള നല്ല സൗകര്യമുള്ള വീട്. 50000 രൂപ അഡ്വാൻസും 9000 രൂപ വാടകയും. അതിലും കുറഞ്ഞൊരു വാടകയ്ക്ക് വീട് കിട്ടാൻ പ്രയാസമായിരുന്നു.

ഓഫീസിലെ ലീവായിരുന്നു മറ്റൊരു പ്രശ്നം. പെട്ടന്നുണ്ടായ ഒരു ജീവിതമാറ്റം കാരണം നേരത്തെ പറയാനും കഴിഞ്ഞില്ല. സ്വകാര്യപത്രസ്ഥാപനം ആയതിനാൽ ഓണാവധി ഒരുദിവസം മാത്രമായിരുന്നു. ചാരുവിനാകട്ടെ പത്തോളംദിവസം. എന്തായാലും വിവാഹത്തിനു ലീവനുവദിക്കണം എന്ന അവരുടെ ‘ഗതികേടിൽ’ എനിക്ക് എട്ടുദിവസത്തെ ലീവ്‌കിട്ടി. വിവാഹമൊന്നും അല്ലെന്നും ഒന്നിച്ചൊരു താമസം തുടങ്ങുകയെണെന്നും ഞാൻ ഓഫീസിൽ പറഞ്ഞിരുന്നില്ല. ഫ്‌ളാഷിലെ കാർട്ടുണിസ്റ്റ് ഷിലിനോടുമാത്രം എല്ലാം പറഞ്ഞിരുന്നു. അവനാകട്ടെ എന്റെയൊരു അഭ്യുദയകാംക്ഷിയും  ദീർഘകാലമായുള്ള ചങ്ങാതിയുമായിരുന്നു.

ഉത്രാടദിനം രാത്രി ജോലിതീർത്തിട്ടു ഓഫിസിൽ നിന്നും ഇറങ്ങി. പലരും എനിക്ക് ആശംസകൾ നേർന്നു. എല്ലാം സ്വീകരിച്ചുകൊണ്ട് ഞാനിറങ്ങിനടന്നു. അപ്പോൾ ചാരു എന്നെ വിളിച്ചു. അവൾക്കു വല്ലാത്തൊരു ടെൻഷനെന്നു പറഞ്ഞു. നമ്മുടെ തീരുമാനം പൂർണ്ണമായും ശരി തന്നെയല്ലേ ശിവാ എന്നവൾ ചോദിച്ചു. അതേ ചാരൂ എന്നു മറുപടി പറഞ്ഞു അവൾക്കു ധൈര്യം നൽകി. നാളെ ഈ സമയത്തു ഞാൻ നിന്റെ അടുത്തുണ്ടാകും. നിന്റെ നെഞ്ചിൽ തലവച്ചു കിടക്കുകയാകും എന്നവൾ വല്ലാത്തൊരു പതിഞ്ഞശബ്ദത്തിൽ പറഞ്ഞു.(അങ്ങനെ തലവച്ചതു റെയിൽവേ പാളത്തിൽ ആയിരുന്നല്ലോ എന്നാകും ചിലപ്പോളവൾ  ഇന്ന് കരുതുന്നുണ്ടാകുക). ‘നാളെ നിന്റെ അടുത്തേയ്ക്കുവരാൻ രാവിലെ ഉണരേണ്ടതുണ്ട്. ഗുഡ് നൈറ്റ് ശിവാ…’ എന്നുപറഞ്ഞു അവൾ ഉറങ്ങാൻപോയി. അപ്പോഴേയ്ക്കും ഞാൻ വീട്ടിലെത്തിയിരുന്നു.

തിരുവോണദിനം വന്നെത്തി. നമ്മുടെ ജീവിതമാരംഭിക്കുന്ന ദിവസം. ഞാനും അമ്മയും ആകെ ത്രില്ലിലായിരുന്നു. ‘അമ്മ രാവിലെ കുടുംബക്ഷേത്രത്തിലൊക്കെ പോയി പ്രാർത്ഥിച്ചു. എന്റെയും അവളുടെയും പേരിൽ അർച്ചന കഴിപ്പിച്ചു. ഞാൻ എട്ടരയോടെ കുളിച്ചൊരുങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് പോയി. ട്രെയിൽ വരുന്നതുംകാത്തു ട്രാക്കിന്റെ അകലങ്ങളിലേക്ക് ഇടയ്ക്കിടെ എത്തിനോക്കി പ്ലാറ്റ്‌ഫോമിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

ഏകദേശം ഒമ്പതരയോടെ ട്രെയിൻ വന്നു. ട്രെയിൻ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ അവളെന്നെ ഫോണിൽ വിളിച്ചു. ‘ശിവാ നിന്നിലേക്ക്‌ ഞാൻ അടുത്തുകൊണ്ടിരിക്കുന്നു. പ്ലാറ്റ്ഫോം കാണാൻ കഴിയുന്നുണ്ട് ‘. അപ്പോഴേയ്ക്കും സ്റ്റേഷനിൽ ട്രെയിനിന്റെ അറിയിപ്പ് മുഴങ്ങുന്നുണ്ടായിരുന്നു.
‘ചാരുവിനെയും കൊണ്ട് ജീവിതത്തിന്റെ ട്രെയിൻ ഒന്നാമത്തെ പ്ലാറ്റ് ഫോമിൽ ശിവനരികിൽ വന്നുകൊണ്ടിരിക്കുന്നു’

ആദ്യത്തെ കൂടിക്കാഴ്ച്ചയിൽ സംഭവിച്ചപോലെ, അവളുടെ കൈകൾ ഗ്രഹിച്ചു സ്നേഹപൂർവ്വം ഞാനെന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. നമ്മൾ ഓട്ടോയിൽ കയറി വീട്ടിലേക്കുപോയി. അവൾ മജന്ത നിറത്തിലെ മനോഹരമായൊരു ചുരിദാർ ആണ് ധരിച്ചിരുന്നത്. ആ അവസ്‌ത്രത്തിൽ അവളെ കൂടുതൽ മനോഹാരിയായി കാണപ്പെട്ടു. വീടിനുമുന്നിൽ ഓട്ടോയിലെത്തിയപ്പോൾ പരിസരത്തെ പല യുവാക്കളും റോഡിൽ നിൽക്കുന്നുണ്ടായിരുന്നു. അവരുടെ മുന്നിലൂടെ, ഒരു കൈയിൽ ചാരുവിന്റെ ബാഗുമെടുത്തു മറുകൈകൊണ്ട് അവളെയും പിടിച്ചു ഞാൻ കുടുംബവീട്ടിലേക്കു ഒരു ജേതാവിനെപോലെ കയറി. ‘വാ മോളേ..’ എന്ന് വിളിച്ചുകൊണ്ടു ‘അമ്മ സന്തോഷത്തോടെ സ്വീകരിച്ചാനയിച്ചു. കുശലാന്വേഷങ്ങൾക്കു ശേഷം ഞങ്ങൾ പ്രാതൽ കഴിച്ചു. പിന്നെ ഏറെനേരം എന്റെ മുറിയിൽ നമ്മൾ വിശ്രമിച്ചു. അയല്പക്കത്തുള്ള ചിലരും ഇതറിഞ്ഞു ആകാംഷയോടെ കാണാൻവന്നിരുന്നു.

പതിനൊന്നുമണിയോടെ ഞങ്ങൾ താമസിക്കാനെടുത്തിട്ട വീടുകാണാൻ പോയി. തുറന്നകത്തുകയറി. അവൾക്കു വീട് നന്നായി ഇഷ്ടപ്പെട്ടു. കുറേനേരം എല്ലാംചുറ്റിക്കണ്ടു. ഏകാന്തതയിൽ ഒരുമിച്ചിരുന്നാൽ സാഹചര്യങ്ങൾ വഴിതെറ്റിക്കും എന്ന പ്രമാണം നമ്മുടെ ആദ്യകൂടികാഴ്ചയിൽ സംഭവിച്ചിരുന്നല്ലോ.അത് ഇവിടെയും ആവർത്തിച്ചു. ഗാഢമായ ചുംബനങ്ങളും ആലിംഗനങ്ങളും കൊണ്ട് പരസ്പരം ആനന്ദിച്ചു. റ്റൈൽസ് ഒട്ടിച്ച നിലത്തു നമ്മൾ പുണർന്നുകിടന്നു. അവളുടെ മാറിടങ്ങൾ എനിക്ക് ദൗർബല്യമായിരുന്നു. അതിനെ ഞാൻ ഒരു കാമുകനെപ്പോലെയും മകനെപ്പോലെയും ആസ്വദിച്ചു. ആദ്യരാത്രിയ്ക്കായി നമ്മൾ ആട്ടക്കലാശത്തെ മാറ്റിവച്ചു.

ഉച്ചയൂണിനു സമയമായപ്പോൾ നമ്മൾ തിരികെ കുടുംബവീട്ടിലേക്കുപോയി. വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചു കുറച്ചു വിശ്രമിച്ചശേഷം വീട്ടുസാധനങ്ങൾ വാങ്ങാൻ നഗരത്തിലേക്ക് പോയി. ഒരു ജീവിതം തുടങ്ങുകയാണ്. എല്ലാം പുതുതായി സ്വരൂപിക്കേണ്ടതുണ്ട്. തിരുവോണദിവസം ഏതു കട തുറക്കാനാണ്. വായിക്കുന്ന നിങ്ങൾക്കു തോന്നും, ഇതൊക്കെ നേരത്തെ ചെയ്തുകൂടായിരുന്നോ എന്ന്. അതിനും കാരണമുണ്ട്..പറയാം.

ചാരുവിന്റെ അനാഥമായ ഏകാന്തജീവിതം അവൾക്കു ഒരുപാട് ഉത്തരങ്ങൾ അന്യമാക്കിയിരുന്നു. അതിലൊന്നാണ്, ഓണാവധിക്കു നാട്ടിൽ പോകുന്നില്ലേ എന്ന ചോദ്യത്തിന്റെ ഉത്തരം. നാടില്ലാത്തവൾക്കു എവിടെ പോകാൻ സാധിക്കും. ഈ ഒരവസ്ഥയെ അതിജീവിക്കാൻ ആ സമയമത്രയും അവൾ ദീർഘമായ യാത്രകൾ ചെയ്യുമായിരുന്നു. ഇന്ത്യൻ റെയിൽവേയിൽ ഒരു ഭാരതപര്യടനം മറ്റൊരു കൂട്ടുകാരിയുമായി ചേർന്ന് ഇത്തവണ അവൾ ബുക്ക് ചെയ്തിരുന്നു. പിന്നെയാണല്ലോ നമ്മൾ അടുക്കുന്നതും പലതും തീരുമാനിക്കുന്നതും.ആ യാത്ര കാൻസൽ ചെയ്യാൻ ഞാൻ നിർബന്ധിച്ചെങ്കിലും അവൾ വഴങ്ങിയിരുന്നില്ല. പതിനഞ്ചു ദിവസം നീളുന്ന ആ യാത്രയ്ക്കുശേഷം നമ്മൾ ഒരുമിക്കാനായിരുന്നു പ്ലാൻ ചെയ്തിരുന്നത്.  അപ്പോഴാണ് ഞാൻ മുകളിൽ പറഞ്ഞപോലെ അവൾക്കു പനിവന്നത്. അതോടെ, പന്ത്രണ്ടായിരം രൂപ നഷ്ടമാകുമെങ്കിലും യാത്ര കാൻസൽ ചെയ്യാൻ അവൾ തീരുമാനിച്ചു. കാരണം പനിയുടെ ഹാങ്ങോവറും കൊണ്ട് നോർത്തിന്ത്യയിലൊക്കെ പോയാൽ ആരോഗ്യം കൂടുതൽ സങ്കീർണ്ണമായേക്കും. അങ്ങനെ യാത്ര പെട്ടന്ന് റദ്ദാക്കിയതായിരുന്നു എനിക്ക് പലതിനും വേണ്ടത്ര സമയം കിട്ടാതിരുന്നത്. മാത്രമല്ല ആ ദിവസമായിരുന്നു മുൻവാടകക്കാർ ഒഴിവായി വീടിന്റെ താക്കോൽ കയ്യിൽ കിട്ടിയതും.

ഇനി വീണ്ടും കാര്യത്തിലേക്കുവരാം. അങ്ങനെ നമ്മൾ പരിചയമുള്ള ഓട്ടോപിടിച്ചു വീട്ടുസാധനങ്ങൾ വാങ്ങാൻ നഗരത്തിലിറങ്ങി. തുറന്നിരുന്ന കടകളിൽനിന്നും മെത്തയും ബ്രഷുകളും ചൂലും അത്യാവശ്യ വീട്ടുപകരണങ്ങളും മേടിച്ചു . അതെല്ലാം വാടകവീട്ടിൽ കൊണ്ടുവച്ചിട്ടു വീണ്ടും കുടുംബവീട്ടിലെത്തി. അന്ന് സായാഹ്നത്തോടെ വീട്ടിലുണ്ടായിരുന്ന മാമനോടും മാമിയോടും അവരുടെ മകനോടും യാത്രപറഞ്ഞിട്ടു ഞങ്ങളുടെ കുറച്ചു സാധനങ്ങളുമെടുത്തു ഞാനും അവളും അമ്മയും പുതിയ ജീവിതത്തിനായി അവിടെ നിന്നറങ്ങി. അതെ…ശിവന്റെ ഗാർഹസ്ഥ്യത്തിന്റെ പരീക്ഷണക്ളാസുകൾ ആരംഭിക്കുകയായി.

വാടകവീട്ടിലെത്തി. നിലത്തു മെത്തവിരിച്ചു ഞങ്ങൾ കിടന്നു. വിവാഹം രജിസ്റ്റർ ചെയ്യാത്തതിൽ അമ്മയ്ക്ക് ഉള്ളിൽ പരിഭവം ഉണ്ടായിരുന്നെങ്കിലും പുറത്തുകാണിച്ചില്ല. ഈ രാജ്യത്തിലെ ഒരമ്മയും തന്റെ മകനു വേണ്ടി തന്റെ യാഥാസ്ഥിതികബോധങ്ങൾ മാറ്റിവച്ചു ഇങ്ങനെ അഡ്ജസ്റ്റ് ചെയ്തിട്ടുണ്ടാകില്ല. അത്ര പാവമായിരുന്നു ‘അമ്മ. എന്നോടുള്ള തീവ്രമായ സ്നേഹം കൊണ്ടാണ് എന്റെ പല തീരുമാനങ്ങളും അംഗീകരിച്ചിരുന്നത്. മകന് ഇനിയെങ്കിലും ഒരു നല്ല ജീവിതം അതുമാത്രമായിരുന്നു അമ്മയുടെ ചിന്ത. അർത്ഥമില്ലാതെ പോകുന്ന ശിവയുടെ ജീവിതത്തിൽ മനമുരുകി നടന്നിരുന്നു അവർ. തന്റെ കാലശേഷം മകന് ആരുമില്ല എന്ന ചിന്ത അമ്മയെ വല്ലാതെ അലട്ടിയിരുന്നു. (ഇപ്പോൾ അതിന്റെ മൂർദ്ധന്യത്തിൽ ആണ് ‘അമ്മ ജീവിക്കുന്നത്.) അതിനൊക്കെ ഒരു പരിഹാരം ആയിട്ടായിരുന്നു ഈ പുതിയ പരീക്ഷണത്തെ ‘അമ്മ കണ്ടിരുന്നത്.

ജീവിതം തുടങ്ങി. എന്റെയും ചാരുവിന്റെയും ‘ആദ്യരാത്രി’ വലിയ അത്ഭുതങ്ങളില്ലാതെ, കടന്നുപോയി. ആദ്യമായി കണ്ടദിവസം നമ്മുടെ അപ്രതീക്ഷിതമായ ആക്രാന്തവും പരവേശവും ഞാൻ സൂചിപ്പിച്ചിരുന്നല്ലോ. അതുപോലെ സജീവമായ കാമാഗ്നി ഇവിടെ ആളിക്കത്തിയില്ല. കർണ്ണാടകയിലെ പ്രണയസന്ധ്യകൾ എന്റെ ലൈംഗികജീവിതത്തിന്റെ വലിയൊരു പരീക്ഷണശാലകൂടിയായിരുന്നു. അതിലെ കഥാനായികയായ എന്റെ കാമുകി എന്റെ ഭാവനകൾക്കു അപ്പുറത്തു നിൽക്കുന്ന ലൈംഗികരസങ്ങൾ അറിയുന്ന ഒരുവളായിരുന്നു. അക്കാര്യത്തിൽ ഞാനൊരു ഭാഗ്യവാനും ആയിരുന്നു. അതിന്റെ ഹാങ്ങോവർ പൂർണ്ണമായുംവിട്ടുമാറാത്ത എനിക്ക്, ഇവിടെ കരുതിക്കൂട്ടിയുള്ള ഒരു സെക്സ് പൂർണ്ണതയിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ രണ്ടോമൂന്നോ ദിവസം കഴിഞ്ഞപ്പോഴുള്ള ഒരു അർദ്ധരാത്രി പെട്ടന്ന് ഞാനവളോട് പൂർണ്ണമായും പൊരുത്തപ്പെട്ടു. ഞങ്ങൾ പകലുകളിൽ വീട്ടിൽ ഇഷ്ടഭക്ഷണങ്ങൾ പാകം ചെയ്തു കഴിച്ചും രാത്രികളിൽ ഫാന്റസിയുടെ കൈപിടിച്ച് ഉമാമഹേശ്വരന്മാരായി സെക്സിലേർപ്പെട്ടും കഴിഞ്ഞു. ജീവിതത്തിന്റെ ഈ തുടക്ക കാലങ്ങളിൽ ഞങ്ങളെ സന്ദർശിക്കാൻ വന്ന ഒരേയൊരാൾ തിരുവനന്തപുരം ജില്ലയിൽ തന്നെയുള്ള എന്റെ ചിരകാല സുഹൃത്ത് അനിൽകുര്യാത്തി എന്നെ കവിയായിരുന്നു. മറ്റുള്ളവരെ വിവാഹം അറിയിച്ചില്ല എന്ന് പരിഭവം വ്യാപകമായി കേട്ടിരുന്നു. എന്നാൽ വിവാഹം ഒരുതരത്തിലും ചടങ്ങായോ പാർട്ടിയായോ നടത്താത്ത കാര്യം ആരും അറിഞ്ഞിരുന്നില്ല. പെട്ടന്നൊരുദിവസമുള്ള ഒന്നിക്കൽ മാത്രമായിരുന്നല്ലോ ഞങ്ങളുടേത്.

ദിവസങ്ങൾ ഇങ്ങനെയൊക്കെ തന്നെ നീങ്ങി. ചാരു മീൻകറി വയ്ക്കുന്നത് തിരുവനന്തപുരം സ്റ്റൈലിലല്ലായിരുന്നു. അതുകൊണ്ടുതന്നെ എനിക്കും അമ്മയ്ക്കും അവളുടെ പാചകം വളരെ രുചികരമായി തോന്നി. അവളുടെ മത്തിക്കറിയും കപ്പയും അപാര ടേസ്റ്റ്‌ ആയിരുന്നു. ബീഫ് വയ്ക്കാനും നല്ല സാമർഥ്യം ആയിരുന്നു. നമ്മൾ വൈകുന്നേരങ്ങളിൽ ശംഖുമുഖം ബീച്ചിലും കോവളത്തും സിനിമാ കാണാനും വീട്ടുസാധനങ്ങൾ മേടിക്കാനുമൊക്കെ പോയി അടിച്ചുപൊളിച്ചുകൊണ്ടിരുന്നു. ഓണാഘോഷം എല്ലാ അർത്ഥത്തിലും ആസ്വദിച്ചു . നഗരത്തിരക്കുകളിൽ അലഞ്ഞുനടന്നും നിശാഗന്ധിയിൽ കലാപരിപാടികൾ ആസ്വദിച്ചും ഓണാഘോഷ ഘോഷയാത്രകൾ കണ്ടും ആ ഓണത്തെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓണമാക്കി  ഇങ്ങനെ ജീവിതം അതിന്റെ സന്തോഷം മുഴുവനായി തന്നുകൊണ്ടു മുന്നോട്ടു പോകവേ ആയിരുന്നു ആ ശപിക്കപ്പെട്ട ദിവസം വന്നെത്തിയത്.   (തുടരും)


ഒരുപാടുയരെ പിടിച്ചുകയറ്റിയിട്ടു പെട്ടന്നു തള്ളിയിട്ട ആ ദിവസം. ഞാനിന്നും ഓർക്കാൻ ഇഷ്ടപ്പെടാത്ത ദിവസം. വൃത്തികെട്ട ആ രാത്രി. എന്റെയൊരു കുസൃതിത്തരത്തിനു ചാരു വലിയ വിലയിട്ട രാത്രി. ഒരു പെണ്ണ് ഇങ്ങനെയും പെരുമാറുമോ എന്ന് അതിശയിപ്പിച്ച രാത്രി. ആ ജീവിതത്തിന്റെ തകർച്ചയ്ക്കു ഹേതുവായ ഭൂകമ്പങ്ങളുടെ പ്രഭവരാത്രി.

കൂട്ടുകാരികളുടെ കൂടെ മീശപ്പുലിമലയ്‌ക്കോ മറ്റോ ടൂറുപോകാൻ ചാരുവിനൊരു ടൂർ ബാഗ് വേണമായിരുന്നു. സിറ്റിയിലെ ഒരു കടയിൽനിന്നും സാമാന്യംവിലയുള്ള ഒരു ബാഗും മേടിച്ചു നമ്മൾ പോത്തീസിൽ കയറി ചെറിയ പർച്ചേസും നടത്തി. അതിനുശേഷം ശ്രീകുമാർ തിയേറ്ററിൽ പോയി ‘വെളിപാടിന്റെ പുസ്തകം’ കണ്ടു. പൈസപോയതിനാൽ അവന്റമ്മേടെ ജിമ്മിക്കി കമ്മലെന്നും പുലമ്പി തിയേറ്ററിന്റെ പടിയിറങ്ങി. തൊട്ടടുത്ത ആര്യാസിൽ കയറി ഫുഡും മേടിച്ചു വീട്ടിലേക്കു പോയി. മിക്കദിവസങ്ങളിലെയും കറക്കം അമ്മയ്‌ക്കൊപ്പം ആയിരുന്നെങ്കിലും അന്ന് ‘അമ്മ വന്നില്ല. ‘അമ്മ കുടുംബവീട്ടിൽ പോയി ഇരുന്നു. നമ്മൾ ഓട്ടോയിൽ അവിടെത്തി അമ്മയെയും കൂട്ടി താമസസ്ഥലത്തേക്ക് വന്നു. ഭക്ഷണം കഴിച്ചു വിശേഷങ്ങളും പറഞ്ഞു എന്നത്തേയും പോലെ കിടപ്പുമുറിയിൽ കയറി വാതിലടച്ചു.

രാത്രിയിൽ ഓരോകാര്യങ്ങൾ പറഞ്ഞങ്ങനെ കിടക്കുകയായിരുന്നു. ഒരു പുരുഷന്റെ സ്വാഭാവികമായ തൃഷ്ണകൾ..ചില കുരുത്തക്കേടുകൾ എന്നിൽ അലയടിച്ചെത്തി. ഞാനവളെ എന്നിലേക്ക്‌ വലിച്ചുചേർത്തു. അതേ ഫോഴ്സിൽ കുതറിമാറിയ ചാരു താത്പര്യക്കുറവ് പ്രകടിപ്പിച്ചിട്ട് ഉറങ്ങാനുള്ള വഴിതേടി. എന്നിലെ ഉദ്ധരിച്ച പൗരുഷം നിരാശനായി. ഞാനവളോടു പരിഭവം നടിച്ചു കുസൃതിയോടെ തിരിഞ്ഞുകിടന്നു. അന്നത്തെ ദിവസം ചെറിയൊരു  നടുവേദന എന്നെ വേട്ടയാടിയിരുന്നു. സോഫ്റ്റായ മെത്തയിലെ കിടപ്പ് കുറച്ചുനേരം കഴിഞ്ഞപ്പോൾ കൂടുതൽ അസ്വസ്ഥതയുണ്ടാക്കി. ആ അവസ്ഥയും ചാരുവിനോടുള്ള പരിഭവവും ഒന്നിച്ചപ്പോൾ അവളോട് പറയാതെ ഞാൻ ഹാളിൽ പോയി നിലത്തു കിടന്നു. തലയണയുമായി എഴുന്നേറ്റു നടക്കുന്നതിനിടയിൽ അവളെന്നെ വിളിക്കുന്നുണ്ടായിരുന്നു. നടുവേദന കാരണം ഇതിൽ കിടക്കാൻ പറ്റുന്നില്ലെന്ന് താത്പര്യക്കുറവോടെ പറഞ്ഞുകൊണ്ടായിരുന്നു വാതിൽതുറന്നു പുറത്തേയ്ക്കു പോയത്.

ആ പ്രവർത്തി ചാരുവിൽ വളരെ വലിയൊരു ആഘാതം ഉണ്ടാക്കിയെന്ന് ഒരുമണിക്കൂർ കഴിഞ്ഞപ്പോളാണ് മനസിലായത്. എന്നാൽ എനിക്കാ പ്രവർത്തി ഒരു കുട്ടിക്കളി മാത്രമായിരുന്നു. മുൻ കാമുകിയുമൊന്നിച്ചു ദേശാടനങ്ങൾ നടത്തുമ്പോഴും പലരെയും പ്രണയിക്കുമ്പോഴും ഇത്തരം കുട്ടിക്കളികൾ എനിക്ക് സ്ഥിരമായിരുന്നു. പിണങ്ങുക, പരിഭവം നടിച്ചു കട്ടിലിൽ നിന്നും താഴെയിറങ്ങി കിടക്കുക..ഇങ്ങനെ കുട്ടിക്കളിയുടെ ഉസ്താദായിരുന്നു പണ്ടേ ഞാൻ. നാല്പതു വർഷത്തെ സിംഗിൾ ജീവിതത്തിന്റെ പ്രധാന ഉത്പന്നമായ ഉത്തരവാദിത്തമില്ലായ്മകളുടെ ചില ഉപോത്പന്നങ്ങൾ. ഇവ എന്റെ ജീവിതത്തിൽ പലപ്പോഴും കോലാഹലങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

ഞാനങ്ങനെ ഹാളിൽ ഉറക്കമില്ലാതെ വേദനയോടെ കിടക്കവേ ചാരുവിന്റെ മുറിയിൽ ലൈറ്റ് വീണു. എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു. പെട്ടന്ന് എഴുന്നേറ്റു ഞാനങ്ങോട്ട് ചെന്നു. ആ കാഴ്ചകണ്ടു പകച്ചുപോയി. അർദ്ധരാത്രിയിൽ എല്ലാം ബാഗിൽ വാരിനിറച്ചു അവൾ പോകാനൊരുങ്ങുകയാണ്. ജീവിതത്തിന്റെ ഉറപ്പ് ഇത്രമാത്രമേയുള്ളൂ എന്ന തിരിച്ചറിവിൽ എനിക്ക് തലകറങ്ങുന്നതുപോലെ തോന്നി. ചാരുവിന് ജീവിതം എന്നാൽ വെറുമൊരു വാശിപ്പുറത്തു ഉപേക്ഷിക്കാൻ പറ്റിയ ഒന്നുമാത്രമാണെന്നും ഞാൻ ചിലവാക്കിയ സമയങ്ങളും ധനവും ശിഷ്ട ജീവിതത്തിനായി കണ്ടുകൂട്ടിയ സ്വപ്നങ്ങളും വെറും വ്യർത്ഥമെന്നും മനസിലാക്കി. ഒരു പേയിങ് ഗസ്റ്റിന്റെ ലാഘവത്തോടെ ഇറങ്ങിപ്പോകാൻ നിൽക്കുന്ന അവൾക്കു എന്നോടും അമ്മയോടും വീടിനോടും നമുക്കായൊരുക്കിയ ജീവിതത്തിന്റെ പ്ലാറ്റ്ഫോമിനോടും യാതൊരു ഉത്തരവാദിത്തവുമില്ലെന്നു മനസിലാക്കി. ഇതിനൊക്കെ കാരണം അവൾക്കുണ്ടായിരുന്നു.

മുൻ ദാമ്പത്യം അത്രമാത്രം അവളെ വേട്ടയാടിയിരുന്നു എന്നാണു പറഞ്ഞിരുന്നത്. അതൊരു പ്രണയവിവാഹമായിരുന്നു. ഭർത്താവൊരു ധൂർത്തനും സ്ത്രീലമ്പടനും ആയിരുന്നത്രേ. ചാരുവിനെ ഉപദ്രവിക്കുകയും ചില സമയങ്ങളിൽ ഡൈല്യൂട്ട് ചെയ്യാത്ത മദ്യം വായതുറന്നുപിടിച്ചു ഒഴിച്ചുകൊടുത്തു ആനന്ദിക്കുന്ന ഒരുവനുമായിരുന്നത്രെ. അയാൾ ചാരുവിനൊപ്പം നടക്കുമ്പോൾ പരിചയമുള്ള മറ്റു സ്ത്രീകളെ നോക്കി ലൈംഗികവിക്ഷേപങ്ങൾ നടത്തി അവളെ അപമാനിക്കാൻ ശ്രമിക്കുന്ന ആളും ആയിരുന്നത്രേ.. ചാരുവിന്റെ സർക്കാർ ജോലിയിൽ നിന്നുള്ള ശമ്പളം മൊത്തമായി പിടിച്ചുവാങ്ങി കൂട്ടുകാർക്കൊപ്പം മദ്യപിച്ചു തീർക്കുകയും ദിവസവും ജോലിക്കു പോകാൻ അവൾക്കു ഔദാര്യമായി അമ്പത് രൂപ ചിലവിനായി നൽകുകയും ചെയുമായിരുന്നത്രെ. ഏറെക്കാലത്തെ അപമാനകരമായ ഈ ദുരന്തജീവിതത്തിനിടെ ഒരു ദിവസം അവളെ ഉപേക്ഷിച്ചത്രേ. അങ്ങനെ അപ്രതീക്ഷിതമായ ഒറ്റപ്പെടൽ നീന്തിക്കയറിയാണ് ഇന്നത്തെ ആർജ്ജവമുള്ള ചാരു ആയതത്രേ. ഇനിതന്നെ തോൽപ്പിക്കാൻ ആർക്കും ആകില്ലെന്ന ഉറച്ചവിശ്വാസം എന്നോ നേടിക്കഴിഞ്ഞിരുന്നത്രെ. അതുകൊണ്ടുതന്നെ ഒരുത്തന്റെയും വരുതിയിൽ ഇനി നിൽക്കില്ലത്രേ.

ഇതെല്ലാം വളരെ നല്ലതുതന്നെ. ഒരു പെണ്ണിന്റെ ഇത്തരം ഉയർച്ചകളിൽ ഏറെ സന്തോഷിക്കുന്നവനാണ് ഈ ശിവൻ. പാട്രിയാർക്കിയുടെ ഒരു അസ്കിതയും ഇല്ലാത്തവൻ. സ്വാതന്ത്ര്യം ആർക്കും ആരും നൽകേണ്ടതല്ല, അതൊരാളിന്റെ സ്വാഭാവിക അവകാശമാണെന്നത് ജീവിതത്തിലും പ്രവർത്തികമാക്കുന്നവൻ. അമ്മയ്ക്ക് ഭർത്താവിൽ നിന്ന് നേരിട്ട തിക്താനുഭവങ്ങളും തിരസ്കാരവും കേട്ടുവളർന്നൊരു മകന് ഒരിക്കലും അച്ഛനെ പോലെ ആകാൻ പറ്റില്ലല്ലോ. എന്നാൽ, ഏതോ ഒരുവനിൽ നിന്നുണ്ടായ തിക്താനുഭവങ്ങൾ വച്ചുകൊണ്ടു ആ പകയും ദേഷ്യവും എന്നെപ്പോലെ പുരോഗമനവാദിയും സ്നേഹസമ്പന്നനും ആയ ഒരാളിനോട് ചാരു കാണിക്കുന്നതെന്തിനാണെന്ന ചോദ്യമായിരുന്നു എന്നിൽ. ഭൂതകാലത്തിലും ആരോടും തെറ്റുചെയ്യാത്ത, ഒരു സ്ത്രീയെയും ദ്രോഹിക്കാത്ത മനുഷ്യനായ ഞാൻ ഏതോ ഒരുവനോടുള്ള അവളുടെ ‘നാഗവല്ലീപ്രതികാരം’ അനുഭവിക്കേണ്ടതിന്റെ ആവശ്യവും ഇല്ല. എല്ലാ പുരുഷന്മാരും  പഴയ ഭർത്താവിന്റെ സഹസ്രാവതാരങ്ങളാണെന്ന മുൻവിധി അവളെ കീഴടക്കിയിരുന്നു. ഒരിക്കൽ ചൂടുവെള്ളത്തിൽ വീണ പൂച്ച പിന്നെ തണുത്തവെള്ളം കണ്ടാലും ഭയക്കും എന്നൊക്കെ നമ്മൾ പറയുന്നതരത്തിലുള്ള ഒരു മാനസികാവസ്ഥ.

ഇവിടെ ഞാനെന്നെ ന്യായീകരിക്കുന്നില്ല. ഇക്കാര്യത്തിലുള്ള അവളുടെ വാദം ഇങ്ങനെയായിരുന്നു.

“….അമ്മയും ശിവയുമുള്ള വീട്ടിൽ താൻ പുറത്തുനിന്നു വന്ന ഒരാളാണ്, നീ എന്റെ അനുവാദമില്ലാതെ എന്നോട് പിണങ്ങി ബെഡ്‌റൂംവിട്ടുപോകുമ്പോൾ എന്നെ ഒറ്റപ്പെടുത്തുന്നതിനു തുല്യമാണ്. എന്നോട് പറഞ്ഞിട്ട് പോകാമായിരുന്നല്ലോ, അല്ലെങ്കിൽ നമുക്കൊന്നിച്ചു അവിടെപ്പോയി കിടക്കമായിരുന്നല്ലോ അതുമല്ലെങ്കിൽ കട്ടിലിനു താഴെ കിടക്കാമായിരുന്നല്ലോ. അപ്പോൾ, ശിവ മനഃപൂർവമാവാം ചെയ്തത്. അതെനിക്ക് സഹിക്കാൻ കഴിയുന്നതല്ല.കുറച്ചുകാലം ഞാനൊന്നു കിടന്നുപോയാൽ നീ എന്നെയും വിട്ടുപോകുമല്ലോ. എന്നിൽനിന്നും ഇങ്ങനെ ഒരുപാട് ഇറങ്ങിപ്പോക്കുകൾ കണ്ടിട്ടുണ്ട് ശിവാ. അതൊക്കെ സഹിച്ച കാലം ഉണ്ടായിരുന്നു. ഇനിവയ്യ…..”

നോക്കൂ, ഒരു സംഭവം നിസ്സാരമാണോ അല്ലയോ എന്നത് ഓരോരുത്തരുടെ മനോഭാവങ്ങൾ കൊണ്ട് വ്യത്യാസപ്പെടുന്നത്. ഇക്കാര്യത്തിൽ അവളുടെയുമെന്റെയും ചിന്തകളെ കൂട്ടിക്കിഴിച്ചു പരിശോധിച്ചിട്ടു എന്റെ അനവധി സുഹൃത്തുക്കൾ, ചിലർ എനിക്കനുകൂലമായും ചിലർ അവൾക്കനുകൂലമായും പിന്നീട് വിധി പറഞ്ഞിരുന്നു. ഞാനന്നു ചെയ്ത ആ കുസൃതി എത്രയോ സിനിമകളിൽ നായികാനായകന്മാർ ചെയ്തിരിക്കുന്നു. സിനിമയല്ല ജീവിതമെന്നറിയാം.പക്ഷെ ഇതൊക്കെ ഒരു തമാശയായി ആണ് തങ്ങൾ കാണുന്നതെന്ന് എന്റെ ചില സ്ത്രീ സുഹൃത്തുക്കളും പറയുകയുണ്ടായി. ചിലപ്പോൾ ഭർത്താവിനോട് പിണങ്ങി തലയണയും എടുത്തുകൊണ്ടു അടുക്കളയിൽ വരെ പോയി കിടന്നിട്ടുള്ള അനുഭവങ്ങൾ അവരും അയവിറക്കുകയുണ്ടായി.

എന്തായാലും എന്റെ അനുനയസംഭാഷണങ്ങൾ കാരണം അവൾ തെല്ലൊന്ന് അയഞ്ഞു. അടുത്ത മുറിയിൽ സന്തോഷത്തോടെ ഉറങ്ങുന്ന അമ്മ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. ഒരുപാടു പ്രതീക്ഷയോടെ മകൻ തുടങ്ങിയ ജീവിതം തൊട്ടടുത്തമുറിയിൽ ഒരു ഭൂകമ്പത്തിൽ തകർന്നടിയുന്നതറിയാതെ ‘അമ്മ ഏതോ ശുഭസ്വപ്നത്തിന്റെ ലഹരിയിലെന്നവണ്ണം ഉറങ്ങുകയാണ്. ചുവരുകൾ അതിരു തീർക്കുന്ന, ദുരന്തരാജ്യമായി കഴിഞ്ഞിരുന്ന ആ മുറിയിൽ അപരിചിതരെപ്പോലെ ഞാനും ചാരുവും ഒരുകിടക്കയിൽ ആ രാത്രിയുടെ ബാക്കി ഉറങ്ങിത്തീർത്തു.

രാവിലെ ഉണർന്നപ്പോഴും അവളിൽ ആ സംഭവത്തിന്റെ ഹാങ്ങോവർ നിലനിന്നിരുന്നു. മുഖത്തെ ചിരി അപ്രത്യക്ഷമായിരുന്നു. എന്നോടുണ്ടായ അകൽച്ചകരണം അന്നുതന്നെ ജോലി സ്ഥലത്തേയ്ക്ക് പോകണം എന്നവൾ ശഠിച്ചു. എന്റെ ദയനീയമായ അഭ്യർത്ഥനകളെ തള്ളിക്കളഞ്ഞുകൊണ്ട്, ഇനിയൊരു ജീവിതപരീക്ഷണം വയ്യ ശിവാ എന്നുപറഞ്ഞവൾ നെടുവീർപ്പിട്ടു. എങ്കിലും അമ്മയോട് അവൾ പഴയതുപോലെ പെരുമാറി. അമ്മയുടെ മുന്നിൽവച്ചു മാത്രം എന്നോടും.

തുമ്മിയാൽ തെറിക്കുന്ന മൂക്കാണോ ദാമ്പത്യം..അതോ എന്റെ തെരഞ്ഞെടുപ്പ് തെറ്റിയതോ…ഇങ്ങനെ തന്നെയാകുമോ എല്ലാ വീട്ടിലും… അഡ്ജസ്റ്റ്മെന്റുകൾ വേണമെന്ന് എല്ലാരും പറയുന്നത് ഇവിടെയൊക്കെയാണോ… ഈവിധ സംശയങ്ങളോടൊപ്പം എന്നെ വേട്ടയാടിയത് എന്നേക്കാൾ പ്രായമുള്ള അവൾ ജീവിതത്തെ ഇത്ര ലാഘവത്തോടെയാണോ സമീപിക്കുന്നതെന്ന ചിന്തയായിരുന്നു. അവൾക്കു നഷ്ടപ്പെടാനൊന്നുമില്ല. ഒരു ഇറങ്ങിപ്പോക്കിലൂടെ താൻ താമസിക്കുന്ന വാടകവീട്ടിലെത്തി ഒരു കപ്പു കാപ്പികുടിച്ചു കഴിയുമ്പോൾ തീരാവുന്ന പ്രശ്നംമാത്രം. ആ ലാഘവത്വം, അതിനൊരു പ്രത്യേക കാരണവും ഉണ്ട്. എല്ലാരേയും അറിയിച്ചുകൊണ്ടൊരു ജീവിതം തുടങ്ങിയത് ഞാൻ മാത്രമായിരുന്നു. അവൾ സേഫ് ആയിരുന്നു. അങ്ങനെ സേഫ് ആകാൻ അവൾ ചില നിബന്ധനകൾ സ്നേഹത്തിൽ ചാലിച്ച് എന്നെക്കൊണ്ട് സമ്മതിപ്പിച്ചിരുന്നു. അത് ഇവയൊക്കെ ആയിരുന്നു.

നമ്മളോരുമിച്ചുള്ള ഫോട്ടോ തത്കാലം സോഷ്യൽ മീഡിയയിൽ ഇടാൻ പാടില്ല.
നമ്മുടെ ബന്ധം അവൾ താമസിക്കുന്ന സ്ഥലത്തും അവളുടെ ഫ്രണ്ട്സ് സർക്കിളിലും സഹപ്രവർത്തകരിലും എത്താൻ പാടില്ല. അവളുടെ താമസസ്ഥലത്തു ഞാൻ ചെല്ലാൻ പാടില്ല. ഇവയൊക്കെ ആയിരുന്നു പ്രാഥമിക നിബന്ധനകൾ. ബാക്കിയുള്ളവ പിന്നാലെ വരുന്നുണ്ട്. ചുരുക്കം പറഞ്ഞാൽ എന്റെ സുഹൃത്തുക്കളുടെ അന്വേഷണങ്ങൾക്കു വ്യക്തമായൊരു മറുപടി കൊടുക്കാനാകാതെ ഞാൻ അപമാനിക്കപ്പെട്ടുകൊണ്ടിരുന്നു. എന്റെ വിവാഹജീവിതം നന്മയോടെയും സ്നേഹത്തോടെയും ആഗ്രഹിച്ചിരുന്നവരാണ് എന്റെ കൂട്ടുകാർ, പ്രത്യേകിച്ച് സോഷ്യൽമീഡിയയിലുള്ളവർ.  എന്റെകൂടെ വരുന്നതിനു ഏറെക്കാലം മുന്നേ, തന്റെ നാട് തിരുവനന്തപുരമെന്നായിരുന്നു ചാരു സഹപ്രവർത്തകരോട് നുണപറഞ്ഞിരുന്നത്. കൂട്ടുകാരി ജോലിചെയ്യുന്ന സ്ഥലമെന്ന നിലയ്ക്ക് അവധി ദിവസങ്ങളിൽ തിരുവനന്തപുരത്തു ചിലവഴിച്ചിരുന്ന അവൾ ഇവിടെയൊരു താമസം കൊതിച്ചിരുന്നു. അങ്ങനെയാണ് തിരുവനന്തപുരത്തുകാരനായ എന്നോട് തന്ത്രപൂർവ്വമോ അവിചാരിതമോ ആയി അവൾ അടുത്തത്. അവിചാരിതമായിട്ടാണെങ്കിൽ എന്റെ സ്ഥലം മനസിലാക്കിയപ്പോൾ കൂടുതൽ സന്തോഷവുമായിക്കാണും.

എന്തായാലും അന്നത്തെ ദിവസം ‘അമ്മ കാൺകെ അവൾ പിണക്കം നടിച്ചില്ലെങ്കിലും ഉള്ളുകൊണ്ടു എന്നോട് വലിയ അകൽച്ച പ്രകടിപ്പിച്ചിരുന്നു. അന്ന് ശ്രീകൃഷ്ണജയന്തിയായിരുന്നു. വൈകുന്നേരം പുറത്തേക്കിറങ്ങിയാൽ ഘോഷയാത്ര കാണാമെന്നു ഞാൻ വിളിച്ചപ്പോൾ ഒരു മൂഡില്ല എന്നുപറഞ്ഞവൾ ഒഴിഞ്ഞുമാറി. ഒരു സംഭവമുണ്ടായാൽ പെട്ടന്ന് മനസ്സിൽനിന്നും മായ്ക്കാൻ സാധിക്കാത്തവളാണ് താനെന്നും ഇന്നലത്തെ കാര്യം മറക്കാൻ സമയം വേണമെന്നും അവൾ പറഞ്ഞു. ഈ ബന്ധത്തിന് ആയുസില്ലെന്നും അവൾ പ്രവചിച്ചു. അതെല്ലാംകേട്ടപ്പോൾ ഞാൻ തകർന്നുപോയി. അൽപനേരം കഴിഞ്ഞപ്പോൾ അവൾക്കൊരു ഫോൺ വന്നു. അതവളുടെ ഓഫീസറായിരുന്നെന്നാണ് പറഞ്ഞത്. നാളെ പത്തനംതിട്ട വച്ചൊരു ഒഫീഷ്യൽ പരിപാടിയുണ്ടെന്നും ഓണാവധിയായതിനാൽ ആരൊക്കെ ഉണ്ടാകുമെന്നറിയില്ലെന്നും ഫയലുകൾ രാവിലെ അവിടെ എത്തിക്കണമെന്ന് അയാൾ ആവശ്യപ്പെട്ടെന്നുമാണ് ചാരു പറഞ്ഞത്. ആ ഫോൺകാൾ ഒരു തന്ത്രമായിരുന്നെന്നാണു ഞാൻ വിശ്വസിക്കുന്നത്. വീട്ടിൽ നിൽക്കുന്നതിലൂടെ കൂടുതൽ സംസാരങ്ങളുണ്ടാകാതെ എന്നിൽനിന്നും മുങ്ങാനുള്ള തന്ത്രമായി തോന്നി. അതിനുവേണ്ടി കൂട്ടുകാരിയെക്കൊണ്ട് വിളിപ്പിച്ചതുമാകാം.

എന്തായാലും അവൾ പോകാനിറങ്ങി. അമ്മയോട് വളരെ സ്നേഹത്തോടെ  യാത്രപറഞ്ഞിറങ്ങി.  ഞാനവളുമായി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ അവൾക്കൊപ്പം ചെങ്ങന്നൂർക്കു പോകാൻ ആ കൂട്ടുകാരിയും അവിടെ ഉണ്ടായിരുന്നു. ചാരുവിന്റെ കൂട്ടുകാരിയുടെ സാമീപ്യമാണ് മേല്പറഞ്ഞ ആ സംശയത്തിന് കാരണമാക്കിയതും. എങ്ങനെയുണ്ട് ഹാപ്പിയല്ലേ ജീവിതമെന്നു കൂട്ടുകാരി എന്നോട് ചോദിച്ചു. സന്തോഷത്തിനൊന്നും കുറവില്ലെന്നു ചെറിയ മറുപടിയിലൊതുക്കി ഞാൻ ചരുവിനെത്തന്നെ നോക്കിനിന്നു. ഒരു ഭാവഭേദവുമില്ലാതെ, യാത്രപറയാതെ ചാരു ട്രെയിനിൽ കയറിപോയി. എന്നിൽ നിന്നവൾ ഹൃദയം പറിച്ചെടുത്തുകൊണ്ടു പോകുന്നതായി അനുഭവപ്പെട്ടു. വീട്ടിലേക്കുള്ള വഴിനീളെ മനഃസംഘർഷങ്ങളുടെ വേലിയേറ്റമായിരുന്നു എന്നിൽ. തുടർന്നുള്ള ഞങ്ങളുടെ ജീവിതത്തിലെ
ഒരുപാട് സംഘർഷങ്ങളുടെ റിഹേഴ്‌സൽ വേദിപോലെ മനസ് പുകഞ്ഞുകൊണ്ടിരുന്നു.

ഞാനവൾക്കപ്പോൾ ഒരു വാട്സാപ്പ് മെസ്സേജയച്ചു
“ഐ മിസ് യൂ ചാരൂ…”

അവൾ മെസ്സേജ് റിസീവ് ചെയ്‌തെങ്കിലും റിപ്ലെ ഇട്ടില്ല. അത്തരം മെസ്സേജുകളിൽ കാര്യമില്ലെന്നു അവൾ പുച്ഛത്തോടെ കരുതിക്കാണണം.

അത്രമാത്രം സങ്കടഭാരവുമായി ഞാൻ വീട്ടിലേക്കു വന്നു. എന്തൊക്കെയോ ദുസൂചനകൾ മനസിനെ വലയം ചെയ്തിരുന്നു. എവിടെയോ പാകപ്പിഴ സംഭവിച്ചു എന്ന് ആരോ പറയുന്നപോലെ. വീട്ടിലെത്തി അമ്മയോട് കാര്യങ്ങൾ പറഞ്ഞു.  (തുടരും)


അങ്ങനെയൊരു ചെറിയ സംഭവത്തിന്റെ പേരിൽ അവൾ എല്ലാം വാരിക്കെട്ടി പോകാനൊരുങ്ങിയത് അമ്മയെ ഞെട്ടിച്ചു. അമ്മയുടെ മനസ് അസ്വസ്ഥമായി. ഇവിടെയാണ് വിവാഹത്തിന്റെ ആവശ്യകതയെന്ന് അമ്മയുടെ നിഷ്കളങ്ക മനസ് എന്നെ ഉപദേശിച്ചുകൊണ്ടിരുന്നു. വിവാഹം കേവലമൊരു ഉടമ്പടി മാത്രമാണെന്നും അങ്ങനെ ചെയ്താലും ഇതൊക്കെ സംഭവിക്കുമെന്നുമുള്ള സത്യം ഉള്ളിൽവച്ചുകൊണ്ടു അമ്മയുടെ ആശങ്കയ്ക്കുമുന്നിൽ മൗനമായി ഞാൻ നിന്നു. ഇനി പന്ത്രണ്ടുദിവസങ്ങൾ കഴിഞ്ഞേ ചാരു വരൂ. അടുത്ത ഞായറാഴ്ച അവൾ കൂട്ടുകാരികൾക്കൊപ്പം ടൂർ പോകുമെന്നതിനാൽ ആ അവധിദിനം ഇങ്ങോട്ടു വരാൻ കഴിയില്ലല്ലോ. വരാനിരിക്കുന്ന വിരസദിനങ്ങളെയോർത്തു ഞാൻ ഭയപ്പെട്ടു.

(ഈ പരമ്പരയുടെ ആദ്യഭാഗത്തിൽ പറഞ്ഞത് ഓർക്കുന്നില്ലേ,  എഫ്ബിയിൽ ഞാൻ പോസ്റ്റ് ചെയ്ത ‘ഉത്തരാഖണ്ഡിലെ പ്രളയം’ എന്ന കവിതയുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം കാരണം ചാരു  എന്റെ മെസഞ്ചറിൽ വന്നതും നിരന്തമായ ചാറ്റിങ്ങിനിടെ  ‘എന്നെ നിന്റെ ഗംഗയാക്കുമോ’ എന്നവൾ ചോദിച്ചതും, ‘അതിനു മറുപടിയായി  ‘ഉമ തന്നെ ആയാലെന്താ’ എന്നുഞാൻ മറുചോദ്യം ചോദിച്ചതും എല്ലാം….

ദേശീയദുരന്തമായി പ്രഖ്യാപിച്ച ഉത്തരാഖണ്ഡിലെ പ്രളയത്തിന് ഒരു പ്രത്യേകതയുണ്ട്  പുരാണകാലമെന്നത് സാങ്കല്പികമായാലും മനസിന്റെ ഭാവനകൊണ്ട് രസകരവും അത്ഭുതകരവുമായ ഒരു കാര്യത്തെ അതിൽ കണ്ടെത്താനാകും. പുരാണകഥയിലെ ഒരു സംഭവത്തിന് കാലംനൽകിയ തിരിച്ചടി. ഭഗീരഥൻ തന്റെ ഉറ്റവരെ പുനർജ്ജീവിപ്പിക്കാൻ ഗംഗയെ തപസുചെയ്തു ഭൂമിയിലൊഴുക്കി. ഗംഗ പതിക്കുമ്പോഴുള്ള ജലവിസ്ഫോടനം കാരണം ഭൂമി നശിച്ചുപോകാതിരിക്കാൻ ശിവൻ ഗംഗയെ ജടയിൽ സ്വീകരിക്കുന്നു. ആ ഗംഗയാകാനാണ് ചാരു ആഗ്രഹിച്ചതും. എന്നാൽ ഉത്തരാഖണ്ഡിൽ സഹസ്രാബ്ദങ്ങൾക്കുശേഷം മഹാപ്രളയം ഉണ്ടായപ്പോൾ അതേ ഗംഗ തന്നെ ശിവനെ ചുറ്റിവരിയുകയും മടിത്തട്ടിൽ ഒളിപ്പിക്കുകയും ചെയ്തു. പ്രളയത്തിൽ മുങ്ങിപ്പോയ കൂറ്റൻ ശിവപ്രതിമയെക്കണ്ട് അങ്ങനെ ചിന്തിച്ചെഴുതിയ കവിതയായിരുന്നു ‘ഉത്തരാഖണ്ഡിലെ പ്രളയം’. ഗംഗയുടെ പ്രതികാരം.

ഞാൻ ഉമയായി ഹൃദയത്തിൽ സ്വീകരിച്ച ചാരു അവിടെനിന്നിറങ്ങിപ്പോയി ഒരു ഗംഗയായിമാറി ദു:ഖത്താലും മനഃസംഘർഷത്താലും എന്നെ മൂടിയപ്പോൾ അവൾ വർത്തമാനകാലത്തിലെ ആ ഗംഗ തന്നെ ആകുകയായിരുന്നു. )

പിറ്റേന്ന് ഞാനും ലീവ് കഴിഞ്ഞു ജോലിക്കുപോയിത്തുടങ്ങി. ഓഫീസിലെല്ലാരും വിവാഹാശംസകൾ നേർന്നും കാര്യങ്ങൾ തിരക്കിയും ചുറ്റുംകൂടി. എല്ലാരോടും വെറുതെ ചിരിച്ചുകാണിച്ചു ഞാൻ ഉള്ളിലെ നൊമ്പരങ്ങളെ ഒതുക്കിവച്ചു. സ്വയമെടുത്ത തീരുമാനമായതിനാൽ ആരോടുംഒന്നും  തുറന്നുപറയാനാകാതെ ഞാൻ വിയർത്തു.
വീട്ടിൽ നടന്നകാര്യങ്ങൾ കൗമുദി ഫ്‌ളാഷിലെ എന്റെ മിത്രം ഷിലിനോടു മാത്രം ചർച്ചചെയ്തു. അവനെന്റെ ഉത്തരവാദിത്തമില്ലായ്മയെ ശകാരിച്ചു. ഇത്തരത്തിൽ ചെറിയ കാര്യങ്ങൾക്കു ആരും പ്രശ്നമുണ്ടാക്കില്ലെന്നു അവനും എന്നോട് പറഞ്ഞു. നീയൊരു വിവാഹം കഴിച്ചു സാധാരണ കുടുംബജീവിതം നയിക്കുന്നത് കാണാനായിരുന്നു ആഗ്രഹം. മുൻ അനുഭവങ്ങൾ അനവധിയുള്ളപ്പോൾ  നീ വീണ്ടും അബദ്ധത്തിൽച്ചെന്നു ചാടിയെന്ന് അവൻ ദേഷ്യംകലർത്തിയ ചിരിയോടെ പറഞ്ഞു.

നാലുമുതൽ പന്ത്രണ്ടുവരെ ആയിരുന്നു ജോലിസമയം. മനസുഖമില്ലാത്തതിനാൽ ആ ജോലിയും സ്ഥാപനവും നരകതുല്യമായി അനുഭവപ്പെട്ടു.  രാത്രി പതിനൊന്നുമണിയോടെ ജോലി കഴിഞ്ഞു ഞാൻ ഏകദേശം ഒരു കിലോമീറ്റർ മാത്രമുള്ള വാടക വീട്ടിലേക്കു നടന്നെത്തി. ‘അമ്മ ഏകാന്തതയും സങ്കടവുംകൊണ്ട് ഒരു പരുവമായിരുന്നു. കുടുംബവീട്ടിൽ എല്ലാരോടും സംസാരിച്ചും ചിരിച്ചും സമയം ചിലവഴിച്ചിരുന്ന അവർ ഇവിടെ തികച്ചും ഒറ്റപ്പെട്ടിരുന്നു.

വീട്ടിലെത്തിയപ്പോൾ അമ്മയുടെ വാക്കുകൾ എന്നെ വളരെ വേദനിപ്പിച്ചു. “എനിക്ക് നിങ്ങളുടെ ബെഡ് റൂമിൽ നോക്കാൻ പോലും പറ്റുന്നില്ല മോനേ. ഇന്നലെവരെ സജീവമായിരുന്ന മുറി ഇന്ന് ഇരുളടഞ്ഞു മൂകമായി കിടക്കുന്നു. പോരെങ്കിൽ ഓരോ പ്രശ്നങ്ങളും”. അമ്മയുടെ സങ്കടങ്ങൾ എന്നെയും സങ്കടത്തിലാഴ്ത്തി. അമ്മയുടെ ഏകാന്തത എനിക്കും പ്രശ്നമായിത്തുടങ്ങിയിരുന്നു. കുടുംബവീടിനടുത്തു ഹെൻട്രി എന്നൊരു നല്ല മനുഷ്യൻ നടത്തുന്ന കൂൾ ഡ്രിങ്ക്സ് യൂണിറ്റിൽ അമ്മയും നാത്തൂനും ജോലിക്കു പോയിരുന്നു.വലിയ ദേഹാധ്വാനം വേണ്ടാത്ത ജോലിയായതിനാലും വീട്ടിൽ തനിച്ചിരിക്കണ്ട എന്നു തോന്നിയതിനാലും അഞ്ചാറുവർഷം മുന്നേ പോയിത്തുടങ്ങിയതാണ് ആ ജോലിക്ക്. അമ്മയുടെ അനിയത്തി അതായത് എന്റെ ഇളയമ്മ  2014 -ൽ മരണപ്പെട്ടതിനുശേഷം ‘അമ്മ വീട്ടിൽ വലിയ ഏകാന്തതയിൽ കഴിച്ചുകൂട്ടിയിരുന്നു. ഇളയമ്മ ഉണ്ടായിരുന്നപ്പോൾ അവർ രണ്ടുപേരും ഓരോന്ന് മിണ്ടിയുംപറഞ്ഞും ഇരിക്കുമായിരുന്നു. അമ്മയുടെ ഒറ്റപ്പെടലിനുള്ള പരിഹാരമായിട്ടു കൂടിയായിരുന്നു ആ ജോലി. എന്റെ ജീവിതമാറ്റവുമായി ബന്ധപ്പെട്ടു കുറച്ചുദിവസം ‘അമ്മ ആ ജോലി നിർത്തിവച്ചിരുന്നു. ഈ ഏകാന്തതയിൽ നിന്നും രക്ഷനേടാൻ വീണ്ടും അവിടെ പോകണമെന്ന തീരുമാനത്തിലെത്തി ‘അമ്മ.  ഞാൻ എതിരു പറഞ്ഞതുമില്ല. ഭാർഗ്ഗവീനിലയം പോലൊരു വീട്ടിൽ എത്രയെന്നുവച്ചാ ഒറ്റയ്ക്കിങ്ങനെ.

വീട്ടുടമസ്ഥ ഒരു മൂശാട്ട സ്ത്രീയായിരുന്നു. മുൻവാടകക്കാർ എന്നോട് അവരുടെ ശുണ്ഠികളെക്കുറിച്ചും അനാവശ്യ നിർബന്ധത്തെ കുറിച്ചും പറഞ്ഞിരുന്നു. ആ വീടിന്റെ ഏറ്റവും വലിയ ദോഷം എന്തെന്നാൽ പൈപ്പുവെള്ളം കിട്ടില്ല. നാലുവരിപ്പാതയുടെ അപ്പുറത്തെവശത്താണ് പൈപ്പ് എന്നതിനാൽ കണക്ഷൻ കിട്ടിയില്ല എന്നാണു പറഞ്ഞത്. അതുകൊണ്ടുതന്നെ ആ വീട്ടിൽ കുഴൽക്കിണറിൽ നിന്നുകിട്ടുന്ന ഭൂഗർഭജലം ആയിരുന്നു. അതാകട്ടെ വെളുത്ത ഓര് പോലുള്ള എന്തോ പൊങ്ങിക്കിടക്കുന്ന മലിനജലവും. ഒരു കവിൾ കുടിച്ചാൽ വയറ്റിലുള്ളതുമുഴുവൻ വെളിയിൽ പോകും. അതാണ് ആ വെള്ളത്തിന്റെ പ്രത്യേകത. അമ്മ ഈ വിഷയം അവരോടു സംസാരിച്ചത് അവർക്കിഷ്ടമായില്ല. അതുകൊണ്ടുതന്നെ ‘അമ്മ അങ്ങോട്ട് പോകാറുമില്ലായിരുന്നു.

എന്റെയും ചാരുവിന്റെയും ജീവിതം ഒരു വിവാഹജീവിതം എന്നായിരുന്നല്ലോ എല്ലാരും കരുതിയിരുന്നത്. ആദ്യമേ തീരുമാനിക്കപ്പെട്ടതും അങ്ങനെയായിരുന്നല്ലോ. പലരും വിവാഹചിത്രങ്ങൾ അന്വേഷിച്ചുതുടങ്ങി. എന്റെ മൗനം അവരെക്കൊണ്ടു പലതും ചിന്തിപ്പിച്ചെന്നു  പിൽക്കാലത്തു അവരിൽനിന്നുതന്നെ അറിയാൻ കഴിഞ്ഞു . ഒരുപാടിടങ്ങളിൽ പഠിക്കുകയും പതിമ്മൂന്നുവർഷത്തോളമായി  സോഷ്യൽ മീഡിയയിൽ സ്ഥിരസാന്നിധ്യമായി നിൽക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ സുഹൃത്തുക്കളുടെ വലിയഒരു സംഖ്യതന്നെ എനിക്കുണ്ട്. അപ്പോൾ ഇത്തരം വിഷയങ്ങളിൽ അന്വേഷണങ്ങൾ കൂടിക്കൂടിവരുന്നത് സ്വാഭാവികവുമായിരുന്നു. അതെനിക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി.

ഞാനെന്താ അവളുടെ ജാരനാണോ എന്നെ ഇങ്ങനെ ഒളിച്ചുവയ്ക്കാൻ. എന്റെ നാട്ടിലും നഗരത്തിലും പരസ്യമായി എന്റെ കയ്യുംപിടിച്ചു നടക്കുന്ന അവൾ സ്വന്തംനാട്ടിൽ ഒന്നുമറിയിക്കാതെ മുഖംമൂടിയണിഞ്ഞു ഒരു ബാച്ചിലർ വനിതയായി നടക്കുന്നു. എനിക്കതത്ര ദഹിക്കുന്നതായിരുന്നില്ല. മാട്രിമോണിയൽ ഓഫീസ് എനിക്കായി കണ്ടുപിടിച്ച അനവധി ബന്ധങ്ങളെ തട്ടിയെറിഞ്ഞിട്ടു ഇവളെ ഞാൻ സ്വീകരിച്ചത് ഇതിനുവേണ്ടിയായിരുന്നോ. ഇങ്ങനെ അപമാനിക്കപ്പെടാൻ വേണ്ടിയായിരുന്നോ.

ആയിടെ ഒരുദിവസം വാട്സാപ്പിൽ ചാറ്റ് ചെയ്തപ്പോൾ ഞാൻ ചാരുവിനോട് ഈ വിഷയങ്ങൾ സംസാരിച്ചു. അതവളെ പ്രകോപിതയാക്കി. അല്ലെങ്കിലും അവൾക്കായിരുന്നു എപ്പോഴും പ്രകോപനം.

(ചാറ്റ്‌)

“ഒരു പ്രശ്നം നീയുണ്ടാക്കി. അതിൽ നിന്നും ഞാനൊന്നു മോചിതയായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേയ്ക്കും അടുത്ത പ്രശ്നവുമായി വന്നല്ലോ നന്ദിയുണ്ട്.”

” ഞാനുമൊരു മനുഷ്യനാണ് ചാരൂ. എനിക്കും സാമൂഹികബന്ധങ്ങൾ ഉണ്ട്, ചില ആഗ്രഹങ്ങളുണ്ട്”

“വയ്യെങ്കിൽ പറയൂ ശിവാ..ചുമ്മാ വളച്ചുകെട്ടി പറയുന്നതിനാണ് ”

“ഞാനങ്ങനെ പറഞ്ഞില്ല. എനിക്ക് മറ്റുള്ളവരുടെ മുന്നിൽ മറുപടി ഇല്ലാതാകുന്നു.അത്രേയുള്ളൂ”

“മറ്റുള്ളവർ ആണോ നമുക്ക് ചിലവിനു തരുന്നത് … പരദൂഷണത്തിൽ മിടുക്കന്മാരും മിടുക്കികളും ആണ് എന്റെ ഓഫീസിൽ. അവരിതൊക്കെ അറിഞ്ഞാൽ, ഓ അവൾ അടുത്തവനെയും വലവീശിപ്പിടിച്ചു എന്നാകും പറയുന്നുണ്ടാകുക ”

“ഓഫീസിൽ ഉള്ളവരാണോ നമുക്ക് ചിലവിന് തരുന്നത് ചാരൂ”

“നിനക്കിപ്പോൾ എന്താ വേണ്ടത് .. ? .എന്റെ ഇന്നത്തെ ദിവസത്തെ ഇങ്ങനെ നശിപ്പിച്ചപ്പോൾ മതിയായല്ലോ”

“എനിക്ക് വേണ്ടത് ഞാൻ പറഞ്ഞല്ലോ.”

“ഫോട്ടോ പരസ്യപ്പെടുത്താൻ പറ്റില്ല. ഇത്രേ എനിക്ക് പറയാനുള്ളൂ. നീ ഇനി എന്ത് തീരുമാനിച്ചാലും എനിക്ക് പ്രശ്നമില്ല ”

====
ചാരുവിന്റെ ഈ വെല്ലുവിളി എന്നെ വീണ്ടും ഞെട്ടിച്ചു. അവൾക്കു ജീവിതം എന്നാൽ ഇത്രേ ഉള്ളൂ എന്ന തിരിച്ചറിവ് എന്നിൽ വെളിപാടായി പതിച്ചു. അമ്മയുടെ ബന്ധുക്കളെയും സ്നേഹിതരുടെ ഉപദേശങ്ങളെയും ധിക്കരിച്ചു എടുത്തുചാടിയതിന് ശൂന്യതയിൽ നിന്നും ചാട്ടവാറുകൾ പാഞ്ഞുവന്നെന്നെ പ്രഹരിച്ചുകൊണ്ടിരുന്നു. എന്റെ പാവപ്പെട്ട അമ്മയുടെ കയ്യിലിരുന്ന കുറെ പൈസയും ഞാൻ നശിപ്പിച്ചു. അതോർത്തപ്പോൾ കുറ്റബോധം പിടിമുറുക്കി. അന്ന് വൈകുന്നേരം ചാരുവിന്റെ കൂടെ ഫോണിൽ ഏറെനേരം സംസാരിച്ചു. അവൾ ഒരു സന്ധിക്കും തയ്യാറല്ല. അവളുടെ താത്പര്യങ്ങൾക്കനുസരിച്ചെങ്കിൽ മാത്രം ഈ ബന്ധം മുന്നോട്ടുപോകുമെന്നവൾ പറയാതെ പറഞ്ഞുകൊണ്ടിരുന്നു. താത്പര്യങ്ങൾ നഷ്ടപ്പെട്ടു ഞാനൊരു ജീവനില്ലാത്തവനായി മാറിയിരുന്നു.

വിവാഹം കഴിക്കാൻ ഇനി പറ്റില്ലെന്നുകൂടി അവൾ പറഞ്ഞപ്പോൾ ഞാൻ തകർന്നുപോയി. ഒരാഴ്ച മുൻപുവരെ വിവാഹംകഴിക്കാം എന്ന് സമ്മതിച്ച അവളൊരു ഓന്തായി മാറുകയായിരുന്നു. അല്ലെങ്കിലും അഭിപ്രായങ്ങളിലെ ചാഞ്ചാട്ടം അവളുടെ പതിവുസ്വഭാവമായിരുന്നു. ഒരുമിച്ചു താമസിക്കാൻ തുടങ്ങുന്നതിനു മുമ്പ്,  “ശിവാ നിന്റെ എഴുത്തിനും ചിന്തകൾക്കും എന്റെ തണലും പിന്തുണയും എന്നും ഉണ്ടായിരിക്കും” എന്ന് ഇങ്ങോട്ടു വാക്കു തന്നവൾ, ജീവിക്കാൻ വന്നതിന്റെ ഒരാഴ്ചയ്ക്ക് ശേഷം, “ഇങ്ങനെ എഴുതിക്കൂട്ടിയാൽ പുഴുങ്ങിത്തിന്നാൻ പറ്റുമോ” എന്ന് ചോദിച്ചു എന്നെ നേരത്തേതന്നെ ഞെട്ടിച്ചിരുന്നു.

തുടക്കത്തിൽ തന്നെ കുറേ അഭിപ്രായവ്യത്യസങ്ങൾ രൂപപ്പെട്ടതുകാരണം വിവാഹം വളരെ ആലോചിച്ചു മതിയെന്ന് താൻ തീരുമാനമെടുത്തതായി അവൾ ഉറപ്പിച്ചുപറഞ്ഞു. (ശിവയൊരു സ്വപ്നജീവിയും ചാരു പ്രായോഗികജീവിയും ആയതിനാൽ വിവാഹം ആലോചിച്ചൊക്കെ മതിയെന്നു അവളുടെ കൂട്ടുകാരി നേരത്തെതന്നെ പറഞ്ഞുപഠിപ്പിച്ചിരുന്നു)

അന്നു നമ്മൾ നല്ല വഴക്കുകൂടി.
എന്നെ നിര്ബന്ധിപ്പിച്ചു സമ്മതിപ്പിക്കാൻ പറ്റില്ല ശിവാ… എന്നവൾ പറഞ്ഞു.
നീതന്ന വാക്കാണ് പാലിക്കാൻ ആവശ്യപ്പെടുന്നതെന്ന് ഞാൻ.
ആദ്യം പറഞ്ഞപോലെയല്ല കാര്യങ്ങൾ മുന്നോട്ടു പോയത്. ‘എനിക്കിപ്പോൾ നിന്നെയത്ര വിശ്വാസമില്ല’ എന്നവൾ തീർത്തുപറഞ്ഞു.

ഞാനിതെല്ലാം സംസാരിക്കുന്നത് പേട്ട റെയിൽവെസ്റ്റേഷനിൽ വച്ചായിരുന്നു. ഓഫീസിനു തൊട്ടടുത്താകയാലും ആരുടെയും ശല്യമില്ലാതെ വിജനമായ പ്ലാറ്റ്ഫോമിലൂടെ നടന്നുകൊണ്ട് ഫോണിൽ സംസാരിക്കാമെന്നതിനാലും അവിടെയാണ് ഫോൺസംഭാഷണങ്ങൾക്കു തിരഞ്ഞെടുക്കുന്നത്.

(ഇതുവായിക്കുന്നവർ അതിലൂടെ തീവണ്ടിയിൽ ഇനി സഞ്ചരിക്കുമ്പോൾ എന്നെയൊന്നോർക്കുക. മുകളിൽ പറഞ്ഞതും പിന്നീട് സംഭവിച്ചതുമായ അനവധി സംഘർഷങ്ങൾ പേറി ശിവൻ കണ്ണീരോടെ നടന്ന കോൺക്രീറ്റ് പാതയെ വെറുതെയൊന്നു നോക്കിയേക്കുക )

ബാംബൂ ദിനം പ്രമാണിച്ചു ആദിവാസി ഊരുകളിൽ നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ അന്ന് രാത്രി ചാരുവിന് വയനാട്ടിലേക്കൊരു യാത്ര പോകേണ്ടതുണ്ടായിരുന്നു. എന്റെകൂടെ ഫോണിൽ വഴക്കുകൂടിയ ശേഷം അവൾ പുറപ്പെട്ടു. കോഴിക്കോട് വരെ ട്രെയിനിലും കൽപ്പറ്റ വരെ ബസിലുമായിരുന്നു യാത്ര. രാത്രിയിൽ ഞാൻ ഫോൺ വിളിച്ചപ്പോൾ അവൾ മനഃപൂർവ്വം എടുത്തിരുന്നില്ല. എന്തായാലും അവിടെത്തിയപ്പോൾ വയനാട്ടിലെ മാരകമായ തണുപ്പിൽ അവൾക്കു പനി പിടിച്ചു. എന്തിനാണോ പോയത് അതിലൊന്നും പങ്കെടുക്കാനാകാതെ അവൾ രണ്ടുദിവസം റൂമിൽത്തന്നെ കിടന്നു. ഇതറിഞ്ഞപ്പോൾ ഞാൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. അപ്പോൾ, വളരെ ക്ഷുഭിതയായി എന്നെ ശകാരിക്കുകയായിരുന്നു ഉണ്ടായത്. പിന്നെ ഞാൻ വിളിച്ചില്ല.

എന്തൊരു സ്ത്രീയാ ഇവൾ. മാനുഷികമായ വികാരങ്ങൾ ഇവൾക്കില്ലേ..ഞാനെന്താ അവളുടെ ശത്രുവാണോ, അതോ അവളെ പണ്ട് ഉപദ്രവിച്ച ഭർത്താവോ. ഒരുപാട് സ്നേഹമുള്ള സ്ത്രീകളുടെ വീട്ടിൽ ജനിച്ചുവളർന്ന എനിക്ക് സ്ത്രീയെന്നാൽ കരുണയും സ്നേഹവും അഭയവുമായിരുന്നു. കൂടെയുള്ളവരെ അരക്ഷിതാവസ്ഥയിലേക്ക് വലിച്ചെറിയുന്ന ചാരുവിൽ, ഞാൻ മേല്പറഞ്ഞതുപോലെ സ്ത്രീയുടെ വിശാലമായ ഗുണങ്ങൾ ഒന്നും കണ്ടിരുന്നില്ല. ഒരുപക്ഷെ ഏവരാലും ഉപേക്ഷിക്കപ്പട്ട അവസ്ഥയെ അതിജീവിച്ചതുകൊണ്ടാകാം. എന്നാൽ ഒരുപാട് ഒറ്റപ്പെടലുകളിലൂടെ കടന്നുവന്ന എന്റെ ജീവിതത്തിൽ ചാരു എന്ന ചോയിസ് തീർത്തും തെറ്റിപ്പോയെന്ന് മനസ് മൗനമായി പറഞ്ഞുകൊണ്ടിരുന്നു.

(എല്ലാം കഴിഞ്ഞു മാസങ്ങൾക്കു ശേഷം എന്നിൽനിന്നവൾ വിടവാങ്ങുമ്പോൾ അവൾ എന്നോട് ചാറ്റിൽ പറഞ്ഞ വാചകം അവളുടെ കുറ്റസമ്മതം ആയിരുന്നു. ഈ പരമ്പരയുടെ ഒടുവിൽ ഞാനതു വെളിപ്പെടുത്താം)

അടിസ്ഥാനപരമായി ഒരു ഫെമിനിസ്റ്റ് ആയ എനിക്ക് സ്ത്രീയെന്നാൽ ഭർത്താവിനെ പരിചരിക്കുന്ന ഒരാളാകണം എന്നബോധം അറിവുവച്ച കാലംമുതൽ ഇല്ലായിരുന്നു. എന്നാൽ, കുഞ്ഞുണ്ണി മാഷിന്റെ കവിതപോലെ, ‘

എനിക്കുണ്ടൊരു ലോകം,
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം’

എന്നപോലെ ജീവിതത്തെ രണ്ടുവഴിയിലാക്കി വല്ലപ്പോഴും മാത്രം സംഗമിക്കുന്ന ഒന്നാകാൻ താത്പര്യവും ഇല്ലായിരുന്നു. അവരവരുടെ സ്വാതന്ത്ര്യം അതിന്റെ എല്ലാ അർത്ഥത്തിലും വിനിയോഗിച്ചാലും ഒന്നായി ഒരേമനസായി, പരസ്പരം സ്നേഹവും അഭയവും ആയി ജീവിക്കാൻ മാത്രമേ ഞാനാഗ്രഹിച്ചിരുന്നുള്ളൂ. വല്യമ്മയുടെ മകൾ പ്രീഡിഗ്രി പഠനകാലത്തു അല്പം ഫാഷനബിൾ ആയി നടന്നപ്പോൾ കുടുംബത്തിലെ യാഥാസ്ഥിതികർ അവളെ ശകാരിക്കുകയുണ്ടായി അന്ന് അവൾക്കൊപ്പം നിന്ന് വാദിച്ചിട്ടുള്ള ഒരുവനാണ് ഞാൻ,അതും എന്റെ പതിനേഴാംവയസിൽ. പുരോഗമനബോധം എന്നും എന്റെ സിരകളിലുണ്ടായിരുന്നു.

പിറ്റേന്ന് വൈകുന്നേരം ഈവിഷയങ്ങൾ എന്റെയൊരു നല്ല സുഹൃത്തും ഹൊറൈസൺ പബ്ലിക്കേഷൻ എന്ന പ്രസാധകസ്ഥാപനം നടത്തുന്നവനുമായ സുലോജിന്റെ കൂടെ ഏറെനേരം സംസാരിച്ചു. മനഃശാസ്ത്രപരമായി കാര്യങ്ങളെ സമീപിക്കാനും കൗൺസിലിംഗ് നടത്താനും അവനറിയാമായിരുന്നു. അവനെന്റെ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ സമാധാനിപ്പിക്കുകയും അഡ്ജസ്റ്റ് ചെയ്താലേ ജീവിതം മുന്നോട്ടുപോകുകയുള്ളൂ എന്നോർമിപ്പിക്കുകയുംചെയ്തു. എന്നാൽ എന്നെ സമാധാനിപ്പിക്കാൻ അന്നങ്ങനെ പറഞ്ഞതാണെന്നും സംഭവിക്കാൻ പോകുന്നത് എന്താണെന്നു അറിയാമായിരുന്നെന്നും അവൻ പിന്നീട് പറയുകയുണ്ടായി.

എന്റെ ഉൾബോധങ്ങളിൽ കഠിനമായ സംഘർഷം നടക്കുന്നുണ്ടായിരുന്നു. അമ്മയ്ക്കും ഏറെക്കുറെ കാര്യങ്ങൾ മനസ്സിലായിരുന്നു. അമ്മയുടെയും സ്വസ്ഥത നശിച്ചു തുടങ്ങിയിരുന്നു. പിറ്റേന്ന് പരിചയമുള്ള ഒരു സൈക്കോളജിസ്റ്റിനെ ഞാൻ സമീപിച്ചു. കാൽ മണിക്കൂറോളം എന്നെ പറയാനനുവദിക്കുകയും എല്ലാം സസൂക്ഷ്മം കേൾക്കുകയും ചെയ്ത അദ്ദേഹം ചില നിർദ്ദേശങ്ങൾ നൽകി. പക്ഷെ ആ നിർദ്ദേശങ്ങളെല്ലാം എന്റെ മനസിന്റെ പരിധിയുടെ ഒരുപാട് താഴെയായിരുന്നു. എനിക്കറിയാവുന്ന നിർദ്ദേശങ്ങൾ തന്നെയായിരുന്നു എന്നതിനാൽ നിരാശയായിരുന്നു ഫലം. കാരണം പാലിക്കാനാണല്ലോ പലതും ബുദ്ധിമുട്ട്. പ്രത്യേകിച്ച് വികാരജീവി കൂടിയായ ഒരുവന്.

വയനാട് നിന്ന് പുറപ്പെടുന്നതിന്റെ തലേന്ന് രാവിലെ ചാരു എന്നെ വിളിച്ചു . ഇവിടത്തെ തണുപ്പിൽ നിന്നെ കെട്ടിപ്പിടിച്ചു കിടക്കാൻ കൊതിയാകുന്നെന്നു പറഞ്ഞു. ഈ ചാരുതന്നെയാണോ തലേന്നെന്നോട് ഒരുകാരണവുമില്ലാതെ ഗർജ്ജിച്ചതെന്നു ഞാൻ അത്ഭുതപ്പെട്ടു. ഇവൾക്കെന്താ ‘അന്യൻ’ബാധകേറിയോ എന്നോർത്ത് ചിരിച്ചുപോകുകയും ചെയ്തു  അങ്ങനെ കടുത്തപനിയോടെ ടൂർ കഴിഞ്ഞു അവൾ ജോലിസ്ഥലത്തെ വീട്ടിലെത്തി. സ്നേഹത്തോടെ എന്നെ വീണ്ടും വിളിച്ചു. തന്റെ സ്വാർത്ഥതയുടെ കെട്ടഴിക്കാൻ അവൾ തുടങ്ങുകയായിരുന്നു. പ്രത്യക്ഷത്തിലെനിക്കു സന്തോഷം നൽകിയെങ്കിലും യഥാർത്ഥ അഗ്നിപരീക്ഷണങ്ങളുടെ നാളുകളായിരുന്നു ആ ഫോൺ കാളിൽ കുറിയ്ക്കപ്പെട്ടതെന്നു ഞാനറിഞ്ഞിരുന്നില്ല.


അവശയായ അവസ്ഥയിൽ തന്നെ പരിചരിക്കാനോ ഒരുതുള്ളി വെള്ളം എടുത്തുകൊടുക്കാനോ ആരുമില്ലെന്ന തിരിച്ചറിവിൽ എന്നെ ഫോൺ ചെയ്യുകയും തിരുവനന്തപുരത്തേയ്ക്ക് വരുന്നെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ വരുന്നതിനുള്ള കാരണങ്ങൾ ഇതാണെന്ന് എന്നോട് പറഞ്ഞില്ല. ഒരു പനിവന്നപ്പോൾ എന്നെയും അമ്മയെയും കാണണമെന്നു തോന്നിയെന്നും അവളുടേതുകൂടിയായ വീട്ടിൽവന്നു വിശ്രമിക്കണമെന്നു ആഗ്രഹിച്ചതായും ഞാൻ തെറ്റിദ്ധരിച്ചു. വന്നതിന്റെ പിറ്റേന്ന് കൂട്ടുകാരിയോട് ഫോണിൽ സംസാരിച്ചപ്പോളാണ് വരാനുള്ള കാരണം എന്തായിരുന്നെന്ന് ഞാൻ കേട്ടത്. ഇത്തരം സ്വാർത്ഥതകളിൽ അവൾ തുടരുമ്പോഴും ഞാനതൊന്നും പുറത്തുകാണിച്ചിരുന്നില്ല. പത്തുദിവസംകൂടി കഴിഞ്ഞേ ചാരു വരൂ എന്നുകരുതിയിരുന്ന നമ്മുടെ വീട്ടിലേക്കു ഏതാനും മണിക്കൂറുകൾക്കകം അവൾ വരുന്നെന്നറിഞ്ഞപ്പോൾ ഞാൻ അത്യധികം സന്തോഷിക്കുകയും അനവധി ദിവസങ്ങളിലെ സങ്കടങ്ങൾക്കു പരിഹാരമായെന്നു ചിന്തിക്കുകയും ചെയ്തു.

തമ്പാനൂർ ബസ്റ്റാന്റിൽ വന്നിറങ്ങിയ അവളെ, ജോലിസ്ഥലത്തുനിന്നും അല്പനേരം മുങ്ങിയ ഞാൻ വീട്ടിലേക്കു വിളിച്ചുകൊണ്ടു പോയി. അവൾ തീരെ അവശയായിരുന്നു. ഓട്ടോയിൽ വീട്ടിലെത്തുന്നതുവരെ എന്റെ തോളിൽ ചാഞ്ഞുകിടക്കുകയായിരുന്നു  വീട്ടിലെത്തി, ‘അമ്മ വാതിൽ തുറന്നു. പനിപിടിച്ചോ മോളേ … എന്ന് സ്നേഹത്തോടെ ചോദിച്ചു. അവൾ പുഞ്ചിരിച്ചുകൊണ്ട് അമ്മയുടെ കൈപിടിച്ചു വീടിനുള്ളിലേക്ക് പോയി. ചുക്കുകാപ്പിയും അതുപോലുള്ള ചിലതും അമ്മ തയ്യാറാക്കിവച്ചിരുന്നു. ഞാൻ ഓഫിസിലേക്കു മടങ്ങി.

അവിടിരിരിക്കുമ്പോഴും അമ്മയോട് ഫോണിലൂടെ അവളുടെ അസുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. രാത്രി വീട്ടിലെത്തിയപ്പോൾ അവൾ മൂടിപ്പുതച്ചു കിടക്കുകയായിരുന്നു. അവൾക്ക് എന്തൊക്കെ കഴിക്കാൻ കൊടുത്തെന്നും ആരോഗ്യാവസ്ഥയും ‘അമ്മ എന്നോടുപറഞ്ഞു. ഞാൻ മുൻഭാഗത്തിൽ പറഞ്ഞപോലെ, ആശുപത്രിയിൽ പോകാനോ ഇംഗ്ലീഷ് മരുന്ന് കഴിക്കണോ അവൾക്കിഷ്ടമില്ലായിരുന്നു. എവിടന്നോ കിട്ടിയ ഒരുകുപ്പി കഷായവും കൊണ്ടാണ് വന്നതും. അവളെ നിർബന്ധിച്ചു ഒന്നും ചെയ്യിക്കാനും സാധ്യമല്ലായിരുന്നു.

ഞാൻ മുറിയിൽ കയറി ലൈറ്റിട്ടപ്പോൾ അവളെന്നെനോക്കി ചിരിച്ചുകൊണ്ട് കിടക്കുകയായിരിക്കുന്നു. സ്നേഹപൂർവ്വം ഞാനവളുടെ നെറ്റിയിൽ കൈവച്ചു. നല്ലചൂടുണ്ടായിരുന്നു. ഫ്രഷ് ആയി വന്നിട്ട് അവളോട് ചോദിച്ചു ‘ഞാൻ നിലത്തുകിടക്കണോ കട്ടിലിൽ കിടക്കണോ?’ . അവൾക്കു നന്നായിക്കിടക്കാനുള്ള സൗകര്യത്തിനുവേണ്ടിയാണ് അങ്ങനെ ചോദിച്ചത്‌.  നീ എന്റെ അടുത്തുതന്നെ കിടക്കണമെന്നു അവൾ വല്ലാത്തൊരു സ്നേഹംകലർന്ന അവകാശത്തോടെ പറഞ്ഞു. ഏറെദിവസമായി നിറഞ്ഞുനിന്നിരുന്ന കാർമേഘങ്ങൾ എന്റെ മനസ്സിൽ പെയ്തിറങ്ങി.

പിന്നീടുള്ള ദിവസങ്ങളിൽ ഞാനും അമ്മയും അവളെ നന്നായി പരിചരിച്ചു. അവൾക്കിഷ്ടമുള്ള ഇളനീര് ദിവസവും ഞാൻ വഞ്ചിയൂരിൽ  പോയി മേടിച്ചുകൊടുക്കുമായിരുന്നു.  നാലഞ്ചുദിവസത്തെ വിശ്രമത്തോടെ പനി അല്പംവിട്ടുമാറി. ഉന്മേഷം അല്പമൊക്കെ വീണ്ടെടുത്തു. ആ പനിദിവസങ്ങളിലൊന്നിൽ അമ്മ കുടുംബവീട്ടിലേക്കു പോയസമയം, ഏറെദിവസമായി അടക്കിവച്ചിരുന്ന വികാരം എന്നിൽ ഉണർന്നു. അവളുടെ അടുത്തുകിടക്കവേ ഞാൻ ചില ഞരക്കങ്ങൾ പുറപ്പെടുവിച്ചു. എന്തോ, അവളും അതിനു തയ്യാറെന്നതുപോലെ പ്രതികരിച്ചു. നമ്മൾ ഗാഢമായി പുണർന്നുകിടന്നു. ഞാനവളെ തെരുതെരെ ചുംബിച്ചു. എന്നിലും ജ്വരം പടർന്നുകയറി. ”അയ്യോ ഈ നീചൻ എന്നെ പീഡിപ്പിക്കുന്നേ…’ എന്നവൾ തമാശയ്ക്കു പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴേയ്ക്കും അവളുടെ മേൽവസ്ത്രങ്ങൾ അപ്രത്യക്ഷമായിരുന്നു. അങ്ങനെ ഓരോന്ന് മുന്നേറവേ കോളിംഗ് ബെൽ ഉച്ചത്തിൽ ശബ്ദിച്ചു. അമ്മയാണെങ്കിലോ എന്നുകരുതി ഞാൻ തുണിയെടുത്തുടുത്തിട്ടു പോയി വാതിൽതുറന്നപ്പോൾ നമ്മുടെ കുടുംബവീടിനടുത്തുള്ള ഒരു സ്ത്രീയായിരുന്നു. അമ്മയെകാണാൻ വന്നതതാണെന്നു പറഞ്ഞു. സ്വർഗ്ഗത്തിലെ കട്ടുറുമ്പെന്നു കേട്ടിട്ടേയുള്ളൂ ,ഇപ്പോളിതാ കണ്ടു. ‘അമ്മ അങ്ങോട്ടുതന്നെ വന്നല്ലോ എന്നുപറഞ്ഞു അവരെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അവർ ഓരോ കിണ്ണാരങ്ങൾ ചോദിച്ചുകൊണ്ട് നിന്നു. അപ്പോഴേയ്ക്കും ‘അമ്മയും എത്തിച്ചേർന്നു. ഞാൻ ഏറെക്കുറെ പ്ലിംഗ് എന്ന അവസ്ഥയിലെത്തി. എന്റെയാ  ഭാവം ചരുവിനെ ഏറെ ചിരിപ്പിക്കുകയും ചെയ്തു.

പനിദിവസങ്ങൾക്കുശേഷം അന്നവൾ ഓഫീസ് കാര്യങ്ങൾ ഫോണിൽ സംസാരിക്കുകയും അവിടെയുള്ളവർക്കു നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു . നാളെ ജോലിക്കുപോകുന്നെന്ന് എന്നോട് പറഞ്ഞു. അന്നുരാത്രി ഞാനവളെ, പകലിൽ മുറിഞ്ഞുപോയ ഒരു ഉഷ്ണകവിതയുടെ വരികൾ പൂർത്തിയാക്കാൻ വീണ്ടും സമീപിച്ചു. ‘എന്താ ശിവാ നീയിങ്ങനെ…’എന്നൊരു അപരിചിതയെ പോലെ പറഞ്ഞുകൊണ്ട് അവൾ കൂർക്കം വലിച്ചുറങ്ങി.
ആ ഒരു ചെറിയ കാര്യംപോലും അവളിൽ അകാരണമായ വെറുപ്പായിരുന്നു ജനിപ്പിച്ചത്.

തിരികെ ജോലി സ്ഥലത്തേയ്ക്ക് പോകാൻ അതിരാവിലെ എഴുന്നേറ്റു. പേട്ടയിൽ നിന്നും അഞ്ചുമണിക്കുള്ള വേണാടിൽ പുറപ്പെടാൻ. സ്റ്റേഷനിലെത്തി ടിക്കറ്റുമെടുത്തു മറുവശത്തെ പ്ലാറ്റ്ഫോമിലേക്കു നടക്കുന്നതിനിടയിൽ, പേട്ട സ്‌കൂളിൽ പഠിച്ച കാലത്തു ഈ സ്റ്റേഷനിൽ വന്നിരുന്നാണ് നമ്മൾ കൂട്ടുകാർ കമ്പി ബുക്കുകൾ വായിച്ചിരുന്നതെന്നും അന്ന് ഒറ്റവരി ട്രാക്കേ ഉണ്ടായിരുന്നുള്ളൂ എന്നും ഈ സ്റ്റേഷന് ഞാനുമായി വലിയ ആത്മബന്ധമുണ്ടെന്നും അവളോട് കുട്ടിത്തത്തോടെ ഞാൻ പറഞ്ഞു. അവൾ ദേഷ്യത്തിൽ ചോദിച്ചു,

”അതൊക്കെ പറയാൻ പറ്റിയ സമയമാണോ ശിവാ ഇത് ?.”

ആ മറുപടികേട്ട എന്നിലെ കൗമാരക്കാരൻ അക്ഷരാർത്ഥത്തിൽ ചൂളിപ്പോയി. എന്നിലെ നിഷ്കളങ്കതയുടെ പുറത്തു അവൾ കാർക്കിച്ചു തുപ്പിയതുപോലെ തോന്നി.

ഞാൻ മനസുകൊണ്ട് എന്നോടു ചോദിച്ചു ,
‘ഇതൊക്കെ പറയാൻ പ്രത്യേകസമയം വല്ലതുമുണ്ടോ…പറയാൻ സാധിക്കാതിരിക്കാൻ ഇപ്പോൾ എന്ത് പ്രതിസന്ധിയാണ് നമ്മെ ചൂഴ്ന്നു നിൽക്കുന്നത്…’

ട്രെയിൻ വരുന്നതുവരെ അവളെപ്പോലെ ഞാനും, ആധുനികതയുടെ വൃത്തികെട്ട സ്റ്റാറ്റസ് അണിഞ്ഞ മനുഷ്യരെപ്പോലെ മനസിലെ മസിൽ പിടിച്ചു മിണ്ടാതെ നിന്നു. കൃത്യസമയത്തുതന്നെ ട്രെയിനെത്തി. പാളത്തിലൂടെ നടന്നാൽ സെൻട്രൽ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന തമ്പാനൂർക്കു ഏറിയാൽ രണ്ടുകിലോമീറ്റർ മാത്രമേ ഉണ്ടാകൂ. പണ്ടേ നമ്മൾ കൂട്ടുകാർ തമാശയ്ക്കു പറയുമായിരുന്നു. പേട്ടയിൽ ട്രെയിനെത്തിയാൽ അതിന്റെ വാല് തമ്പാനൂർ വിട്ടുകാണില്ലെന്ന്.

യാത്രപോലും പറയാതെ മുഖംതിരിച്ചുവച്ചു വെറുപ്പ് പ്രകടിപ്പിച്ചാണ് അവൾ ട്രെയിനിൽ കയറിയിരുന്നത്.അങ്ങനെയായിരുന്നു അവൾ ചെറിയ’ പരിഭവങ്ങൾ പോലും തീർത്തിരുന്നത്. ആ അവസ്ഥയിൽ അവളിരിക്കവേ ട്രെയിൻ അവളെയുംകൊണ്ട് ചലിക്കുകയും ചെയ്തു. അതിനറിയില്ലല്ലോ അവളുടെ ഒരു പുഞ്ചിരിക്കായി ശിവനവിടെ നിൽക്കുന്നുണ്ടെന്ന് . ഒരുപക്ഷെ ഇന്നത്തെ മനുഷ്യരെ അപേക്ഷിച്ചു യന്ത്രങ്ങൾക്കുപോലും മനസാക്ഷി ഉണ്ടായേക്കാം. തനിക്കൊരു തകരാർ ഉണ്ടെന്നുപറഞ്ഞു അവിടെ നിർത്തിയിട്ടേക്കാം. അടുത്ത ഒരാഴ്ചത്തേക്ക് എന്നെ വീണ്ടും സങ്കടപ്പെടുത്താനുള്ള തിരസ്കരണത്തിലൂന്നിയ അവളുടെ ആ സാഡിസത്തിനു സാക്ഷിയായതിനാൽ ഞാനാ പ്ലാറ്റ്ഫോം വിടുന്നതുവരെ അവളുടെ മനംമാറ്റം പ്രതീക്ഷിച്ചു ട്രെയിൻ എനിക്കുവേണ്ടി വിഫലമായി മുടന്തിമുടന്തി നീങ്ങി.

പിന്നീട് ഞങ്ങൾ തമ്മിലുള്ള അന്തരം കൂടിവരുന്നതായി തോന്നിയെങ്കിലും പ്രതീക്ഷയുടെ ചില നാമ്പുകളും ഉയരുന്നുണ്ടായിരുന്നു. അതിലൊന്നാണ്, അവളുടെ വാടകവീട്ടിൽ കിടക്കുന്ന സാധനങ്ങൾ തിരുവനന്തപുരത്തു നമ്മുടെ വീട്ടിൽ കൊണ്ടിടാനുള്ള തീരുമാനം. അതിനുശേഷം അവൾ ഹോസ്റ്റലിലേക്ക് താമസം മാറുമെന്നും. അക്കാര്യം ഞങ്ങൾ
ഒരുമിച്ചുതാമസിക്കുന്നതിനുമുന്നേ തീരുമാനിക്കപ്പെട്ടതായിരുന്നു. പിന്നെ ചില കോലാഹലങ്ങൾക്കിടയിൽ മനഃപൂർവ്വം മറന്നിരുന്നതാണ്. സാധനങ്ങൾ കൊണ്ടുവരാനായി കോളേജിൽ എന്റെ ക്ലാസ്മേറ്റ് ആയിരുന്ന ‘ചുക്കറക്കണ്ണൻ ഷൈജു’വിന്റെ ലോറി പിടിച്ചു.

അവനൊപ്പമുള്ള ആ ലോറിയാത്ര വളരെ അവിസ്മരണീയമായിരുന്നു. തിരുവനന്തപുരത്തു നിന്നും ചാരുവിന്റെ താമസസ്ഥലത്തേയ്ക്കും തിരിച്ചുമുള്ള ഇരുന്നൂറ്റി അമ്പതിലേറെ കിലോമീറ്റർ ഞങ്ങൾ കലാലയ ഗതകാലങ്ങൾ അയവിറക്കി. ഇന്നലെകളിലെ ദുഃഖങ്ങളും ഇന്ന് സന്തോഷമാണ് സമ്മാനിക്കുന്നതെന്നു ഞങ്ങൾ സ്ഥാപിച്ചുകൊണ്ടിരുന്നു. കലാലയസമരങ്ങളും ലാത്തിച്ചാർജ്ജുകളും കടന്നുപോയി. കാമ്പസ് പ്രണയത്തിന്റെ നാൾവഴികളും ഞങ്ങൾ രണ്ടുപേരുടെയും പൂർവ്വകാല കാമുകിമാരും കടന്നുപോയി. നെടുവീർപ്പുകളുടെ പൂർണ്ണവിരാമങ്ങൾ അടുത്ത ഓർമകളിലേക്കു കടക്കാനുള്ള  തയ്യാറെടുപ്പുമായിരുന്നു. ആകാശംനോക്കികിടന്നു കുറേനേരം ഞാനൊരു ദാർശനികനെ പോലെ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ഷൈജു എല്ലാംകേട്ടുകൊണ്ടു സങ്കടത്തോടെ പറഞ്ഞു .’ അളിയാ അക്കാലം..എന്ത് രസമായിരുന്നു. ഒരിക്കലും തിരിച്ചുകിട്ടാത്ത ആ കാലം. വീണ്ടും ഞങ്ങളുടെ നെടുവീർപ്പുകൾ ഓർമകളെയും കൊണ്ട് സ്വതന്ത്രമായി. വഴിനീളെ പുട്ടടിച്ചും മറ്റും ഒരു ടൂർ പോലെ ഞങ്ങൾ മുന്നേറി. രാത്രി ഒമ്പതുമണിയോടെ അവളുടെ വീട്ടിലെത്തി. ഷൈജുവിനെ പോലെ ഞാനും അവളുടെ നാട്ടിൽ ഒരു ലോറിക്കാരനായി അഭിനയം തുടങ്ങി. ഗതികേടിന്റെ അടുത്തവേഷം .

പനിയുടെ ഹാങ്ങോവർ മാറാത്തതിനാൽ സാധനങ്ങൾ കെട്ടിപ്പെറുക്കി വയ്ക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ല. എല്ലാം ഞാനും അവനും കൂടി ചെയ്തു. രണ്ടുമണിക്കൂർ കൊണ്ട് ആ വീട് ശൂന്യമാക്കി. തന്നാലാവുംവിധം അവളും സഹായിച്ചു. അവൻ കാണാതെ ചാരുവിനൊരു ചുംബനം നൽകാനുള്ള എന്റെ ശ്രമങ്ങൾ അവൾ കുസൃതിയോടെ പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. അവളെ ഞാൻ ഷൈജുവിന്‌ പരിചയപ്പെടുത്തി. ലോറി നിറയെ സാധനങ്ങളുമായി തിരിച്ചു. ജംക്ഷൻ വരെ ശിവ എന്റെ കൂടെ കാറിൽ വന്നാൽ മതിയെന്ന് അവൾ പറഞ്ഞു. അവിടെ തട്ടുകടയിൽ നിന്നും തനിക്കു ചൂട് ദോശ വാങ്ങിത്തരണമെന്നു അവൾ പറഞ്ഞു. വീടൊഴിഞ്ഞതിനാൽ ആ രാത്രി കൂട്ടുകാരിയുടെ വീട്ടിലേക്കു പോകാനായിരുന്നു ചാരുവിന്റെ പ്ലാൻ. നിർഭാഗ്യവശാൽ തട്ടുകടകൾ എല്ലാം അടച്ചിരുന്നു. വലിയ നിരാശയായി. ഒടുവിലൊരു ബേക്കറിയിൽ നിന്നും ചാരുവിനാവശ്യമുള്ള പലഹാരങ്ങൾ വാങ്ങിക്കൊടുത്തിട്ടു അവളെ യാത്രയാക്കി ഞാൻ ലോറിയിൽ കയറി തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു.

ആ സാധനങ്ങൾ രണ്ടരയോടെ വീട്ടിലെത്തിച്ചു. ലോഡിങ്ങ് തൊഴിലാളികൾ ഇല്ലാത്ത സമയത്തു ഇറക്കാനുള്ള തീരുമാനം ആയിരുന്നു ആ സമയത്തു സാധനങ്ങൾ അവിടെ എത്തിക്കാൻ കാരണം. വളരെ കഷ്ടപ്പെട്ട് ഞങ്ങൾ ആ സാധനങ്ങൾ ഇറക്കുകയും മുകളിലത്തെ നിലയിൽ കൊണ്ടുവയ്ക്കുകയും ചെയ്തു . നാലുപേർ ചെയ്യേണ്ട പണിയായിരുന്നു അത്. എല്ലാം അടുക്കിപ്പെറുക്കി വയ്ക്കാൻ ചാരു വരണമായിരുന്നു. രണ്ടുദിവസം കഴിഞ്ഞാൽ പൂജാ അവധിയായിരുന്നു. ഞായറും ഗാന്ധിജയന്തിയും കൂടി ചേരുമ്പോൾ നാലുദിവസത്തെ അവധി. ഞാനവളെ കാത്തിരുന്നു. മറ്റൊരു പ്രശ്നത്തിന്റെ നാന്ദികുറിയ്ക്കാനായി


അവധി തുടങ്ങുന്നതിന്റെ തലേദിവസം രാത്രി അവൾ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഞാൻ ചെന്നുവിളിച്ചു. വീട്ടിൽകൊണ്ടിട്ട സാധനങ്ങൾ അന്നുരാത്രിമുതൽ അവളുടെ ഇഷ്ടാനുസരണം ഓരോ സ്ഥലങ്ങളിൽ അടുക്കിപ്പെറുക്കി വച്ചുതുടങ്ങി. ടീവിയും ഫ്രിഡ്ജും വാഷിംഗ് മെഷീനും കട്ടിലും അടുക്കളസാധനങ്ങളും ഒരു ചെറിയ ലൈബ്രറിക്കാവശ്യമായ അവളുടെ ഗ്രന്ഥശേഖരവും തുണികളും എല്ലാം നമ്മൾ രണ്ടുദിവസം കൊണ്ട് യഥാസ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചു. പൊള്ളയായിരുന്ന നമ്മുടെ വീട് ഒരു യഥാർത്ഥ വീടാകുകയായിരുന്നു. ജീവിതം വീണ്ടും പ്രതീക്ഷയോടെ മുന്നോട്ടുപോയി.

ഞായറാഴ്ചകളിൽ അവൾക്കു ജോലിസ്ഥലത്തിനടുത്തു ഒരു യോഗക്ലാസ് ഉണ്ടായിരുന്നു. അത് പാസായാൽ യോഗ ഇൻസ്ട്രക്ടർ ആകാമത്രെ. രണ്ടാംലോക മഹായുദ്ധത്തിന് അനവധി കാരണങ്ങളുണ്ടായിരുന്നെങ്കിലും ജർമ്മനിയുടെ പോളണ്ടാക്രമണം ആയിരുന്നു പ്രത്യക്ഷകാരണം എന്നു പറയുന്നതുപോലെ, ഞാനും ചാരുവും തമ്മിലുള്ള വേർപിരിയലിന് ഒരുപാടു കാരണങ്ങളുണ്ടായിരുന്നെങ്കിലും ആ യോഗാ ക്ലാസായിരുന്നു പ്രത്യക്ഷകാരണം. പിന്നീട് നമ്മുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തികൊണ്ടു രണ്ടുപേർക്കും വീറോടെയും വാശിയോടെയും പൊരുതാൻ കാരണമാക്കിയതും.

പൂജാ ഹോളീഡേസിനിടെയിലുള്ള ഒരു ഞായറാഴ്ച അവൾ ക്ലാസ് അറ്റൻഡ് ചെയ്യാൻ അവിടേയ്ക്കു പോയി. ഗാന്ധിജയന്തി പ്രമാണിച്ചു തിങ്കളും അവധിയായതിനാൽ ക്ലാസ് കഴിഞ്ഞിട്ട് തിരിച്ചുവരാമെന്നു പറഞ്ഞാണ് പോയത്. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും അവൾ അവിടെനിന്നും തിരിക്കുന്നത് വേണാട് എക്സ്പ്രസിലാണ്.  പേട്ടയിലെത്തുമ്പോൾ രാത്രി പത്തരമണി ആകും. നല്ല ക്ഷീണമുണ്ടെന്നു പറഞ്ഞു അവൾ തന്റെ അഭിപ്രായം മാറ്റി. ഇന്നിനി വരുന്നില്ലെന്നും അടുത്ത ശനിയാഴ്ച വരാമെന്നും ഫോൺചെയ്തു പറഞ്ഞു. ഞാൻ പരിഭവിച്ചു. അവൾ കുറേനേരം കഴിഞ്ഞു പിന്നെയും വിളിച്ചു. റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയാണെന്നു പറഞ്ഞു. ആ സംസാരത്തിൽ ഒരു കുസൃതിത്തരം കലർന്നിരുന്നു. പറ്റിക്കാനായിരുന്നു ആദ്യം അങ്ങനെ പറഞ്ഞതെന്ന് ഞാൻ കരുതി. എന്നാൽ സത്യം അതല്ലായിരുന്നു. എന്റെ നിർബന്ധം കൊണ്ട് മനസില്ലാമനസോടെ തന്നെയായിരുന്നു യാത്ര. അത് ഇവിടെ എത്തിയപ്പോൾ മനസിലായി. കടന്നൽ കുത്തിയപോലുള്ള മുഖവുമായാണ് അവൾ പേട്ടയിൽ വന്നിറങ്ങിയത്. വീട്ടിലെത്തി ഒന്നും കഴിക്കാതെ ദേഷ്യത്തോടെ കിടന്നുറങ്ങി.

പിറ്റേ ദിവസം പ്രാതലും കഴിച്ചു രാവിലെതന്നെ അവൾ പട്ടത്തുള്ള കൂട്ടുകാരിയുടെ താമസസ്ഥലത്തേക്ക് പോയി. വീട്ടിൽ നിന്നാൽ ബോറടിക്കുമത്രേ. ഞാനും അമ്മയുമുള്ള വീട് അവൾക്കു വളരെവേഗം തന്നെ ബോറടിച്ചു തുടങ്ങിയെന്നു മനസിലായി. ഒരുപാട് വർഷങ്ങളായി കാണുകയും ഇടപഴകുകയും ചെയ്യുന്ന കൂട്ടുകാരിയുടെ സാമീപ്യത്തിനായി ഓടിച്ചെന്ന അവൾക്കു വല്ലപ്പോഴും കാണുന്ന നമ്മുടെ താത്പര്യങ്ങൾ ഒരു പ്രശ്നമേ അല്ലായിരുന്നു. അന്ന് ഞാനും അമ്മയും അവിടെ മുഖാമുഖം നോക്കിയിരുന്നു. അവൾ വീട്ടിലുള്ളതു കാരണം അന്നത്തെ ദിവസം ഞാനും ലീവാക്കിയത് വെറുതെയായി. വൈകുന്നേരം പുറത്തുപോയി അടിച്ചുപൊളിച്ചു സിനിമയൊക്കെ കണ്ടു ആഹാരവും കഴിച്ചു വരാമെന്നുകരുതിയ ഞാൻ നിരാശനായി. അല്ലെങ്കിലും ഇത്തരം ചെറിയ ആഗ്രഹങ്ങൾ മാത്രമേ എനിക്കു പണ്ടും ഉണ്ടായിരുന്നുള്ളൂ. അവൾ അന്നത്തെ ദിവസം കൂട്ടുകാരിക്കൊപ്പം അടിച്ചുപൊളിച്ചു. അതിന്റെ ഫോട്ടോയെടുത്തു എഫ്ബിയിൽ തലങ്ങുംവിലങ്ങും പോസ്റ്റുംചെയ്തു.

കൂട്ടുകാരിയോടുള്ള അമിതമായ സ്നേഹവും കെയറും അവളൊരു ലെസ്ബിയനാണോ എന്ന സംശയം എന്നിൽ ജനിപ്പിച്ചു. സ്ത്രീപുരുഷഭേദമന്യേ എന്റെ അനവധി സുഹൃത്തുക്കളും എന്നോട് ആ സംശയം ഉന്നയിച്ചിരുന്നു. ഒരുപാടു വർഷങ്ങൾ ഭർത്താക്കന്മാരില്ലാതെ ഒരുമിച്ചു കഴിയുന്ന രണ്ടു സ്ത്രീകൾ അങ്ങനെയൊക്കെ അയേയ്ക്കാം. പുരുഷന്മാരിലും അത് വ്യാപകമായുണ്ടല്ലോ.    സ്വവർഗ്ഗതാത്പര്യം, അതൊരു തെറ്റൊന്നുമല്ല. പക്ഷെ സ്ട്രെയിറ്റ് സെക്സിൽ മാത്രം താത്പര്യമുള്ളവരുടെ ജീവിതത്തിൽ ചെന്നു ബുദ്ധിമുട്ടിക്കാൻ പാടില്ല. ഒരു ആരംഭശൂരത്വം പോലെ അവൾ എന്നോടുള്ള സെക്സിൽ ആദ്യമൊക്കെ താത്പര്യം പ്രകടിപ്പിച്ചത് എന്നെ സന്തോഷിക്കാനുള്ള അഭിനയമായിരുന്നെന്ന് പലവട്ടം എനിക്ക് മനസ്സിലായിരുന്നു. ആത്മാവും മനസുമില്ലാത്ത ഒരു ശരീരംപോലെ അവൾ എന്നോട് ചേർന്നുകിടക്കുമ്പോൾ തന്റെയുള്ളിലെ അഭിനയക്കളരിയിൽ രതിയുടെ സീൽക്കാരങ്ങൾ കൃത്രിമമായി വാർത്തെടുക്കുന്ന ക്ളാസിലായിരുന്നു.

മുൻപ് രണ്ടു പ്രണയിനിയുടെ കൂടെ കഴിഞ്ഞിട്ടുള്ള എനിക്ക് ഒരു സ്ത്രീയുടെ ശരീരത്തിൽ സെക്സുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാറ്റങ്ങൾ കുറെയൊക്കെ അറിയാമായിരുന്നു. ചാരു ‘വരണ്ട’ മരുഭൂമിപോലെ എന്നിലെ ‘മഴകളെ’ മാത്രം മനസില്ലാമനസോടെ സ്വീകരിച്ചുകൊണ്ടിരുന്നു. അവൾ പ്രതീക്ഷിച്ചതിലുമധികം ഉത്സാഹമാണ് സെക്സിൽ എനിക്കെന്നു മനസിലാക്കിയതു കൊണ്ടാകണം, കഴിയുന്നതും എന്നിൽനിന്നും അകന്നുനിൽക്കാനുള്ള ശ്രമങ്ങൾ ഉണ്ടായത്. നമ്മുടെ ജീവിതം പ്രണയവും രതിയും പുഷ്പിക്കുന്നതാകുമെന്ന് ആദ്യ ദിവസങ്ങളിൽ പറയാറുള്ള അവൾ, രതിക്ക് ഇപ്പോൾ തന്റെ ജീവിതത്തിൽ വലിയ പ്രാധാന്യം കൊടുക്കുന്നില്ല എന്നു മാറ്റിപ്പറഞ്ഞു. ശരിയാണ്, എല്ലാത്തിനും ഒരു പ്രായമുണ്ടല്ലോ. അതവൾ പറഞ്ഞില്ലെങ്കിലും ആദ്യമേ ഞാൻ മനസിലാക്കണമായിരുന്നു. മാട്രിമോണിയൽ ഓഫീസ് എനിക്കായി കണ്ടുപിടിച്ച പെൺകുട്ടികളുടെ ഫോട്ടോകൾ വാട്സാപ്പിൽ എന്നെ നോക്കി പരിഹസിച്ചുകൊണ്ടിരുന്നു.

അവൾ കൂടുതൽ സമയവും ജോലിസ്ഥലത്തെ ആയിരുന്നു പ്രണയിച്ചത്. മാസത്തിലൊരിക്കൽ മാത്രം വീട്ടിൽ പോകുന്ന അവളുടെ ഹോസ്റ്റൽ മേറ്റ്സിനെ കുറിച്ച് പലപ്പോഴും വാചാലയായി സംസാരിക്കും. അതുപോലെ തനിക്കും ആകണമെന്നു പറയാതെപറയും. ഫോൺ ചെയ്യാൻ മടി, തിരുവനന്തപുരത്തേയ്ക്ക് വരാൻ മടി. എന്നാലോ എന്നോടൊപ്പമുള്ള ജീവിതം വേണം.
അതെ, ചാരു നമ്മുടെ ജീവിതത്തിൽവച്ചിട്ടുള്ള മറ്റൊരു നിബന്ധനയാണ്,
അങ്ങോട്ട് ഫോൺ ചെയ്യാൻ പാടില്ല! .ഫോൺ അവൾക്കു അലർജിയത്രേ. ഓരോ ഫോൺ കോളും ഓരോ തലവേദനയുമായാണ് വരുന്നതെന്ന ബോധം അവളിൽ എന്നോ ഉണ്ടായിക്കഴിഞ്ഞു. അവളുടെ ടെൻഷൻ പിടിച്ച ജോലിയും ഒറ്റയ്ക്കുള്ള ജീവിതവും നൽകിയ അരക്ഷിതാവസ്ഥകൾ ആകണം അങ്ങനെയൊക്കെ ചിന്തിപ്പിച്ചത്. പക്ഷെ സ്നേഹിക്കാൻ അറിയാവുന്ന എന്നെയും അമ്മയെയും കിട്ടിയിട്ടും അവളിൽ ആ ബോധം മാറിയില്ലെങ്കിൽ അതെന്റെ കുറവുതന്നെ ആകാമെന്ന് ഞാൻ ചിന്തിച്ചു. എനിക്ക് സ്നേഹിക്കാൻ അറിയില്ലേ എന്ന സംശയം എന്നിൽ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു

ഡിവോഴ്സിനു ശേഷമുള്ള അവളുടെ ജീവിതം അവളിൽനിന്നുമാത്രമല്ലേ നമ്മൾ അറിഞ്ഞിരുന്നുള്ളൂ. അല്ലെങ്കിലും പറയാൻ പാടില്ലാത്തതു പറയാതിരിക്കാൻ അവൾക്കു നല്ല വൈദഗ്ദ്യം ആയിരുന്നു. പതിനഞ്ചു വർഷത്തോളം ഒരാളിന്റെ കൂടെ ജീവിച്ചു പിരിഞ്ഞ അവൾക്കു ജീവിതാവസാനകാലങ്ങളിൽ തിരുവനന്തപുരത്തുള്ള ഒരു കുടുംബത്തിൽ ചെന്ന് ചേക്കേറണം എന്ന ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ജീവിതം അനുഭവിക്കാത്ത ഒരുവനായ എനിക്ക് എല്ലാത്തിലും ഒരു യൗവ്വനത്തിന്റെ തീക്ഷ്ണത തന്നെയായിരുന്നു. അതവൾ പലപ്പോഴും പറയുകയും ചെയ്തിരുന്നു.

”ശിവ ഒരു കോളേജ് കുമാരന്റെ റൊമാന്റിക് ഭാവനകൾ കൊണ്ടുനടക്കുന്ന ഒരാളാണ്.  ഞാൻ അങ്ങനെയല്ല. അതൊന്നുമല്ല ജീവിതം” .

ചാരുവിന്റെ ആ  വാക്കുകൾ എത്ര ബാലിശമാണെന്നു ചിന്തിച്ചിരുന്നു. അവളെപ്പോലെയാണ് എല്ലാരുമെന്ന ധാരണ. .പിന്നെന്താണ് ജീവിതമെന്നു എനിക്കും മനസിലായില്ല. യൂട്രസ് റിമൂവ് ചെയ്തതിനാൽ അവൾക്കിനി കുഞ്ഞുങ്ങൾ ഉണ്ടാകുകയുമില്ല . ചുമ്മാ ജോലിചെയ്തു രണ്ടുപേർക്കും സ്നേഹിച്ചും പ്രണയിച്ചും ജീവിക്കാമെന്നല്ലാതെ ഭാവിയെന്നത് നമ്മെ തുറിച്ചുനോന്നുന്നുമില്ല. ജീവിതം പിന്നെ എന്ത് മലമറിക്കാൻ ആണ്അവൾ ശ്രമിക്കുന്നതെന്നും മനസ്സിലായിരുന്നില്ല. കുഞ്ഞുണ്ടാകാത്ത ചാരു എന്തിനാണ് എന്നെ ജീവിതത്തിന്റെ പ്രയോഗികതകളും ധനസമ്പാദനത്തിന്റെ ആവശ്യകതയും നിര്ബന്ധബുദ്ധിയോടെ പഠിപ്പിക്കാൻ ശ്രമിച്ചതെന്ന് മനസിലാകുന്നില്ല. ഞാനും അവളും ജീവിച്ചു മരിക്കേണ്ടവൾ. വംശവൃക്ഷത്തെ നട്ടുവളർത്താത്തതിനാൽ ആർക്കുവേണ്ടിയും ഒന്നും സ്വരൂപിച്ചു വയ്‌ക്കേണ്ട ആവശ്യമില്ലാത്തവർ.

അന്ന് കൂട്ടുകാരിയുമായി അടിച്ചുപൊളിച്ചിട്ടു രാത്രി ഏഴുമണിയോടെ വീട്ടിലെത്തി. ഞാൻ പുറത്തുപോയിരുന്നു. അമ്മയുമായി ആഹാരം കഴിക്കാനിരുന്നപ്പോൾ എന്നെ ഫോൺ ചെയ്തു.
താൻ വീട്ടിലെത്തിയെന്നും വറുത്തമീനിന്റെ കൂടെ ചോറുകഴിക്കാൻ പോകുന്നെന്നും നിനക്ക് ഒരെണ്ണംപോലും തരില്ലെന്നും പറയാനായിരുന്നു ആ കോൾ.

ഞാൻ വീട്ടിലെത്തി ആഹാരവും കഴിച്ചു അവളുടെ സമീപത്തു വെറുതെപോയി കിടന്നു. അവൾ സംസാരിക്കാനാരംഭിച്ചു.

“ശിവാ… ഹോസ്റ്റ്ലിലെ താമസം തുടങ്ങിയതുമുതൽ ബോറടിച്ചു. ഒരു  സ്വാതന്ത്ര്യവുമില്ല. പഴയ വീടായിരുന്നെങ്കിൽ എപ്പോൾ വേണേലും എത്തിയാൽ മതി..ഇതിപ്പോൾ അവർ തരുന്ന അരുചിയുള്ള ഭക്ഷണവും കഴിച്ചു എല്ലാ നിബന്ധനകളും അനുസരിച്ചു ജീവിക്കണം. നമ്മൾ പൈസകൊടുത്തിട്ടു ഇങ്ങനെയൊക്കെ അനുഭവിക്കേണ്ട കാര്യമുണ്ടോ… ഞാനിന്നൊരു പരിഹാരം കണ്ടുപിടിച്ചു.”

”അതെന്താണ് ?’ ഞാൻ തിരക്കി

“എനിക്കറിയാവുന്ന ഒരു ചേച്ചിയുണ്ട്. അവർ ഫ്‌ളാറ്റിൽ ഒറ്റയ്ക്കാണ്. അവരുടെ കൂടെ കൂടാമെന്നു കരുതി. ഹോസ്റ്റലിൽ കൊടുക്കുന്ന വാടകപോലും വേണ്ട. ”

“നിനക്കു താത്പര്യമെങ്കിൽ അങ്ങനെ ചെയ്യൂ…നീ സാധനങ്ങൾ മുഴുവൻ ഇവിടെ കൊണ്ടിട്ടു വീടുമൊഴിഞ്ഞു ഹോസ്റ്റലിൽ കിടന്നു കഷ്ടപ്പെടുന്നതിൽ എനിക്കും താത്പര്യമില്ല.”

അതുപറഞ്ഞശേഷം ഞാനവളെ ഗാഢമായി പുണർന്നു ചുംബിച്ചു. ദേഷ്യഭാവത്തിൽ അവൾ കുതറിമാറി.

“ഞാനൊരു കാര്യം സീരിയസായി പറഞ്ഞപ്പോൾ അതിനെ കുറിച്ചൊന്നും ചോദിയ്ക്കാൻ വയ്യ. വന്നോളും കപടസ്നേഹം കാണിക്കാൻ ” എന്നവൾ ദേഷ്യത്തോടെ പറഞ്ഞു.

“നോക്കൂ, അവിടത്തെ കാര്യങ്ങൾ എനിക്കറിയില്ല… എനിക്കവിടെ വരാനുള്ള സ്വാതന്ത്ര്യവും നീ തന്നിട്ടില്ല. പിന്നെ ഞാനെന്തുചെയ്യാൻ. അതുകൊണ്ടാണ് പറഞ്ഞത് നീ തന്നെ ഉചിതമായ തീരുമാനമെടുക്കാൻ”
ഞാൻ ശാന്തതയോടെ പറഞ്ഞു.

ഉടനെ അവൾ പ്രക്ഷുബ്ധയായി

“എനിക്കറിയാം എനിക്കാരും ഇല്ല.. എന്നും ഞാൻ ഒറ്റയ്ക്കാണ്. ഇപ്പോഴും അങ്ങനെ തന്നെ. ”
എന്നവൾ പുലമ്പി

ഏതാനും നിമിഷങ്ങൾ മൗനംപരന്നു . അതിനെ ഭഞ്ജിച്ചുകൊണ്ടു ഞാൻ ശബ്ദംതാഴ്ത്തി പറഞ്ഞു .
“ചാരൂ നീ കല്പിക്കുന്നതുപോലെ മാത്രം ജീവിക്കാൻ എന്നെക്കിട്ടില്ല. അങ്ങനെയെങ്കിൽ ആ നീതി എന്നോടും പുലർത്തുക. എനിക്കും അനവധി പ്രശ്നങ്ങളുണ്ട്. അതിനെക്കുറിച്ചൊന്നും നീയും ചോദിക്കുന്നത് ഇതുവരെ കേട്ടിട്ടില്ല. ഞാൻ ചെയ്യുന്നതെല്ലാം കുറ്റം എങ്കിൽ സമ്മതിച്ചു. എനിക്ക് ഇങ്ങനെയൊക്കെ പറ്റൂ.”

പിന്നെ അവൾക്കു കരച്ചിലായി, ജലദോഷമായി, മൂക്കടപ്പായി, മൈഗ്രേയിനായി. ലൈറ്റണച്ചു  കിടന്നിട്ടും അവൾ കരച്ചിൽ തുടർന്നു. മാനസികസന്തുലനം തെറ്റിയ ഒരാളെപ്പോലെ തലമുടി കൈകൊണ്ടു ചീകുന്നു, തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു മൂക്കുചീറ്റുന്നു. തലവേദന കടുത്തതാകാമെന്നു കരുതി ഞാൻ അവളെ വിളിച്ചു. അവൾ പൊട്ടിക്കരയാൻ തുടങ്ങി. എനിക്കാരുമില്ല എനിക്കാരുമില്ല എന്ന് പിറുപിറുത്തുകൊണ്ടിരുന്നു. ഈ ദിവസങ്ങൾക്കിടെ എത്രയോ തവണ ചാരുവിന്റെ അവഗണകാരണം ഞാൻ ഉള്ളുകൊണ്ടു കരഞ്ഞു അതെ വാക്കുകൾ  പറഞ്ഞിരുന്നു. ‘എനിക്കാരുമില്ല…എനിക്കാരുമില്ല….’.

വീർത്തുവിങ്ങിയ മുഖവുമായി അതിരാവിലെ അവൾ എന്നോടൊപ്പം റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. രണ്ടുനേരത്തേയ്ക്കുള്ള ആഹാരം ‘അമ്മ പൊതിഞ്ഞു നൽകിയിരുന്നു. ആറുമണിയായതിനാൽ തമ്പാനൂർ ചെന്നാണ് ട്രെയിനിൽ കയറിയത്. അപ്പോഴവൾ പിണക്കമൊന്നും കാണിച്ചിരുന്നില്ല. തലവേദന കുറഞ്ഞില്ല ഒരു ചായ മേടിച്ചുതാ എന്നവൾ പറഞ്ഞു. രണ്ടു ചായമിടിച്ചു ഞാനും അവൾക്കരികിൽ ചെന്നിരുന്നു കുടിച്ചു. ട്രെയിൻ നീങ്ങിയപ്പോൾ വൈമനസ്യത്തോടെയെങ്കിലും അവൾ യാത്രപറഞ്ഞു.

ഞാൻ പ്ലാറ്റ്ഫോമിലൂടെ തിരിഞ്ഞു നടക്കുമ്പോൾ  എന്നെത്തന്നെ ഒരായിരം തവണ ശപിച്ചു. ഞായറാഴ്ച വരുന്നില്ലെന്ന് പറഞ്ഞ അവളെ നിർബന്ധിച്ചു വരുത്തിയ എന്റെ നിർബന്ധത്തെ ഞാൻ ഒരായിരം തവണ പഴിച്ചു. ‘എന്റെ പിഴ എന്റെ വലിയ പിഴ’.

അമ്മയുടെയും പ്രതീക്ഷകൾ തെറ്റിത്തുടങ്ങിയിരുന്നു.
“ഇത് നന്നായി പോകുന്ന ലക്ഷണമില്ല മോനേ…ചെറിയചെറിയ കാര്യങ്ങൾക്കു ഇങ്ങനെ പെരുമാറുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല….”  എന്നവർ ഉള്ളുരുകി പറഞ്ഞുകൊണ്ടിരുന്നു.

സാധാരണഗതിയിൽ തിരുവല്ല ജോലിചെയ്യുന്ന ഒരാൾ ശനിയാഴ്ച രാത്രി എത്തിക്കഴിഞ്ഞാൽ ഞായർ വീട്ടിൽ നിന്നിട്ടു തിങ്കൾ അതിരാവിലെയാണ് പോകുന്നത്. വെറും നൂറുകിലോമീറ്റർ ആണല്ലോ ദൂരം. എന്നാൽ അവൾ ഒരു യോഗാക്ലാസിന്റെ കാരണം പറഞ്ഞു ആ സാധ്യതയും ഇല്ലാതാക്കി. ശനിയാഴ്ച രാത്രി വീട്ടിലെത്തുകയും ഞായർ രാവിലെ പത്തുമണിയോടെ സ്ഥലം വിടുകയും ചെയ്യും. പിന്നെയും ഒരാഴ്ച കാത്തിരിക്കണം വെറും അഞ്ചോ ആറോ മണിക്കൂർ ജീവിക്കാൻ. അവൾ എന്നിൽ മനഃപൂർവ്വം വെറുപ്പുനിറയ്ക്കുകയായിരുന്നു.

പിന്നെയും പല ആഴ്ചകളിലും അങ്ങനെയൊക്കെതന്നെ തുടർന്നു. ആദ്യരാത്രിയിൽ അവൾ തന്നെ മുന്നോട്ടുവച്ച രണ്ടുകാര്യങ്ങളായിരുന്നു, ഒന്ന് . എത്ര പിണങ്ങിയാലും സെക്സ് പരസ്പരം വിലക്കരുത്. രണ്ട്. മറ്റുള്ളവരുടെ മുന്നിൽ വച്ച് പരസ്പരം വഴക്കടിക്കുകയോ ഇൻസൾട്ട് ചെയ്യുകയോ ചെയ്യരുത്. എന്നാൽ ഇതൊക്കെ അവൾ തന്നെ വിദഗ്ദമായി ലംഘിച്ചുകൊണ്ടിരുന്നു. നമ്മൾ ഒരുമിക്കുന്നതിനു മുമ്പുള്ളതിനേക്കാൾ ഏകാന്തത എന്നെ വേട്ടയാടാൻ തുടങ്ങി. അതിന്റെകൂടെ വീടിന്റെ ഭരിച്ച ചിലവും നിരാശയും എന്നെയൊരു ഭ്രാന്തനാക്കാൻ കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരുന്നു.  അക്കാലങ്ങളിൽ അക്ഷരങ്ങളും കലാബോധവും എന്നിൽനിന്നും അകന്നുപോയിരുന്നു. അതിജീവനത്തിന്റെ ആ പ്രതീക്ഷകളും വറ്റി ഞാനൊരു ജീവച്ഛവമായിരുന്നു.

അവൾക്കുവേണ്ടി നിർത്തിവച്ച മദ്യപാനം ഞാൻ പുനരാരംഭിക്കുകയായിരുന്നു. പൂർണ്ണമായും സ്വസ്ഥത നഷ്ടപ്പെട്ടു ഞാൻ അവശനായിക്കഴിഞ്ഞു. കവി അനിൽകുര്യാത്തിയുടെ വീടായിരുന്നു എന്റെ മദ്യപാനത്തിന്റെ വേദി. അദ്ദേഹം വീടിനുമുകളിൽ തനിക്കു വായിക്കാനും വിശ്രമിക്കാനും കൂട്ടുകാർക്കൊപ്പം കൂടാനുമായി മനോഹരമായ ഒരു കൂട് ലക്ഷങ്ങൾ മുടക്കി പണിയിച്ചു വച്ചിരുന്നു. മുഴുക്കുടിയനായി ഞാൻ ജീവിതത്തെ വെല്ലുവിളിച്ചുകൊണ്ടിരുന്നു. കുര്യാത്തിയുടെ വീടിനടുത്ത ചിലരും ഞങ്ങളുടെ മദ്യപാന സദസിൽ പങ്കുചേരുമായിരുന്നു. പൂർണ്ണമായും ഫിറ്റായി ഞാൻ അവ്യക്തമായി പറയുന്നകാര്യങ്ങൾ പൂരിപ്പിച്ചെടുത്തു അവർ എന്നെ ആശ്വസിപ്പിക്കുമായിരുന്നു. അക്കാലത്തു കുര്യാത്തിയുടെ വീട് വലിയൊരാശ്വാസമായിരുന്നു. അയാളും എന്നെ ആശ്വസിപ്പിക്കുന്നതിൽ മുന്നിട്ടുനിന്നു. പുള്ളിയുടെ ഭാര്യ ലക്ഷ്മി എന്റെ സഹോദരീ തുല്യയായിരുന്നെന്നു .ലക്ഷ്മിയും അവളുടെ അമ്മയും എനിക്കൊരുപാട് ആശ്വാസം പകർന്നു. ആ കുടുംബവുമായി പതിനൊന്നുവർഷത്തോളമായ സൗഹൃദം ആയിരുന്നു

അക്കാലത്തു ഞാനീ വിഷയങ്ങൾ മറ്റു ചിലരോടും സംസാരിച്ചിരുന്നു. അവരൊക്കെ എനിക്ക് വളരെ വലിയ ആശ്വാസം തന്നിരുന്നു. കേരളകൗമുദിയിൽ വച്ചേ അറിയാവുന്ന, പിന്നീട് എന്റെ നല്ലൊരു സുഹൃത്തായി തീർന്ന ജേർണലിസ്റ്റ് ഡിനിസത്യൻ, എന്റെ മുൻകാമുകിമാരായ രണ്ടുപേർ, ജീവിതത്തിലുടനീളം എന്നെ കൈപിടിച്ചുയർത്താൻ ആത്മാർത്ഥമായി ശ്രമിച്ച ഷിലിൻ, കേരളകൗമുദി ഓൺലൈനിലെ ശബരി, ഹൊറൈസൺ സുലോജ്, കേരളകൗമുദിയിലെ ഒരു ആർട്ടിസ്റ്റായ മഹേഷ്….ഇങ്ങനെ പോകുന്നു അവരുടെ നിര. ഇതിൽ ചിലരെക്കുറിച്ചു മുൻഭാഗങ്ങളിൽ ഞാൻ സൂചിപ്പിച്ചിരുന്നു.

ജോലിസ്ഥലത്തെ ബോറടിയും ജീവിതത്തിലെ ബോറടിയും എന്റെ ദിവസങ്ങളെ വർണ്ണരഹിതമാക്കി. ആഴ്ചയിൽ 95 ശതമാനം സമയവും ഒറ്റയ്ക്ക് ജീവിക്കാൻ വിധിക്കപ്പെട്ടു ഞാൻ ജീവിതത്തെ വെറുത്തുപോയി.  കൂടെ അമ്മ മാത്രമുള്ള കാലങ്ങളിൽ ഒറ്റപ്പെടൽ ഇങ്ങനെ തീവ്രമായി അനുഭവിക്കേണ്ട കാര്യമില്ലായിരുന്നു. ജോലിയില്ലാത്ത ദിവസം ‘അമ്മ ആ വലിയവീട്ടിൽ സമയമെണ്ണി എന്നെയും കാത്തിരിക്കും. വല്ലാത്തൊരു നെഗറ്റിവ് എനർജി ആ വീട്ടിൽനിന്നും പ്രസരിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ മുകളിൽ സൂചിപ്പിച്ച എന്റെ സുഹൃത്ത് സുലോജ് എന്നോടാ സത്യം തുറന്നുപറയുന്നത്. എടാ ഈ ലൈഫ് മുന്നോട്ടുപോകില്ല. നിങ്ങൾ പരസ്പരം ചേരേണ്ടവരല്ല. നിങ്ങളുടെ ജീവിതസമവാക്യങ്ങൾ പരസ്പരം യോജിക്കില്ല. നീ സങ്കടപ്പെടരുത്. അന്ന് ഞാനിതുപറഞ്ഞാൽ നീ വിശ്വസിക്കില്ലായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഇനിയെന്തായാലും വരുന്നപോലെ വരട്ടെ.

ജീവിതത്തോടുള്ള സമീപനത്തിൽ കൊടുംവൈരുദ്ധ്യം വച്ചുപുലർത്തുന്നവരാണ് നമ്മളെന്നു തെളിഞ്ഞല്ലോ.. ഒരാളെ മറ്റെയാളെ പോലെ ആക്കുക എന്നത് അസാധ്യമാണ്. എന്നാൽ ഉള്ളിൽ സ്നേഹം എന്ന ഗുണം ഉണ്ടെങ്കിൽ അവിടംകൊണ്ട് പൊരുത്തപ്പെടാവുന്നതേയുള്ളൂ. ചാരുവിനു അഡ്ജസ്റ്റുമെന്റുകൾ സാധ്യമല്ലായിരുന്നു,എനിക്കും. അവൾ ജീവിതങ്ങൾ കാണുകയും തകരുകയും ചെയ്തു അനുഭവമുള്ളവൾ ഞാൻ അങ്ങനെയല്ല. പ്രണയബന്ധങ്ങളിലെ തകർച്ചകൾ അല്ലാതെ ഞാൻ മറ്റൊന്നും കണ്ടിട്ടില്ല. അപ്പോൾ ഒരു കുഞ്ഞിനോടെന്നപോലെ അല്പം ദയ എന്നോട് അവൾക്കാകാമായിരുന്നു.  ചുരുക്കത്തിൽ നിബന്ധനകളുടെ ഒരു ലക്ഷ്മണരേഖ വരച്ചിട്ടു അതിനുള്ളിൽ എന്നെ തളച്ചിട്ടപോലെ ആയി. എനിക്കുമാത്രം അവളോടൊരു നിബന്ധനയും ഇല്ലായിരുന്നു. അവളുടെ എല്ലാ നിബന്ധനകളും നീ അനുസരിച്ചിട്ടും ആഴ്ചയിൽ ഒരു ദിവസം വീട്ടിൽ നിൽക്കുക എന്ന നിന്റെ ഏക നിർബന്ധത്തെ അവൾ അനുസരിച്ചില്ല എന്നതിൽ നിന്നും നിന്റെ ഭാഗത്തു തെറ്റില്ലെന്ന് ഫെമിസ്റ്റുകൾ ആയ എന്റെ സുഹൃത്തുക്കൾ പോലും പിന്നീട് പറയുകയുണ്ടായി.

എന്തായാലും മദ്യപാനം എന്റെ ജോലിയെ പോലും ബാധിച്ചു. തികഞ്ഞ ഒരു ബോറനായിരുന്നു ബോസ്. മനുഷികമായ മൂല്യങ്ങളെക്കാൾ ബിസിനസ് മൈൻഡ് ഉള്ളവൻ. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം നമ്മുടെ സമൂഹത്തിൽ സകലതിനോടും പുച്ഛമുള്ള അത്തരം ആളുകളെത്തന്നെയാണ് സൃഷ്ടിച്ചുവയ്ക്കുന്നത്. എന്നോട് ചില അനുഭാവങ്ങൾ കാട്ടിയിരുന്നെങ്കിലും അദ്ദേഹത്തെ സഹിക്കാൻ അല്പം ബുദ്ധിമുട്ടായിരുന്നു. ഈ തൊന്തരവുകൾക്കിടയിൽ കൂടുതൽക്കൂടുതൽ ജോലികൾ അടിച്ചേൽപ്പിച്ചു ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. എന്റെ ജീവിതമെന്തെന്ന് സ്ഥാപനത്തിന് അറിയേണ്ട കാര്യവുമില്ലല്ലോ. കാലോ കയ്യോ ഒടിഞ്ഞാലും ജോലിചെയ്യാം മാനസിക സന്തുലനം തെറ്റിയാൽ ഒരാളെക്കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്ന് നമ്മുടെ സ്ഥാപനങ്ങൾ മനസിലാക്കേണ്ടകാലം അതിക്രമിച്ചു. ശാരീരിക അസുഖങ്ങളെക്കാൾ മാനസികമായ അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴാണ് ഒരാൾക്ക് ലീവ് കൊടുക്കേണ്ടതും.

ചാരുവും ഞാനും തമ്മിൽ അനവധി അഭിപ്രായവ്യത്യാസങ്ങൾ പുതുതായി ഉണ്ടായിക്കൊണ്ടിരുന്നു.  വഴക്കും പതിവായി. അവളുടെ കാഴ്ചപ്പാടിൽ സ്വസ്ഥത നശിപ്പിക്കുന്ന ഒരു രാക്ഷസനായിരുന്നു ഞാൻ. തന്റെമാത്രം താത്പര്യങ്ങൾ വിജയിപ്പിക്കാൻ നിർബന്ധബുദ്ധിയോടെ ശ്രമിക്കുമ്പോൾ മറ്റൊരാളിന്റെ ആഗ്രഹങ്ങൾ അവിടെ അടിച്ചമർത്തപ്പെടുന്നു. അതുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതകൾ കാരണമാണ് ഞാൻ വിളിച്ചു സംസാരിക്കുകയും എങ്ങനെയൊക്കെയോ വഴക്കിൽ കലാശിക്കുകയും ചെയ്യുന്നതെന്ന് അവൾ മനസിലാക്കിയിട്ടുമില്ല.

നോക്കൂ, ഒരാളിന്റെ വാദങ്ങൾ പ്രവർത്തികൾ തമ്മിലുള്ള വൈരുദ്ധ്യം. പുരുഷന്മാരാണ് ജോലിചെയ്തു സ്ത്രീകളെ നോക്കേണ്ടതെന്ന വാദം അവൾക്കെന്നും ഉണ്ടായിരുന്നു. അവിടെമാത്രം  ‘സ്വന്തംകാലിൽ നിൽക്കുക’ എന്ന ഫെമിനിസം അവൾ കുഴിച്ചുമൂടി. എന്നാലോ തന്റെ സ്വാതന്ത്ര്യമോഹത്തിൽ ഫെമിനിസം തീവ്രമായി കലർത്തി വാദിക്കുകയും ചെയ്യും. പണം മുടക്കേണ്ടിടത്തു ജീവിതം പുരുഷന്റെ ചുമലിൽ, അല്ലാതെ അവസരങ്ങളിൽ പുരുഷന് ഒരാവകാശവും ഇല്ല.  ചുരുക്കംപറഞ്ഞാൽ ഒരനാവശ്യ വീട്ടിൽ വാടകയും കൊടുത്തു ഞാനും അമ്മയും ഏകാന്തതയുടെ വിരസത അനുഭവിച്ചുകൊണ്ടിരുന്നു. അവൾക്കു ആഴ്ചയിൽ അഞ്ചുമണിക്കൂർ താമസിക്കാൻ ഒരു വീട് . ഞങ്ങൾക്കോ അത് സ്വപ്നങ്ങളുടെ സെമിത്തേരി.

അമ്മയുടെ ബന്ധുക്കൾ ഇതറിഞ്ഞു അമ്മയെ വഴക്കുപറഞ്ഞുകൊണ്ടേയിരുന്നു. അവരുടെ മുഖത്തുനിന്ന് ചിരി അപ്രത്യക്ഷമായി. രക്താതിസമ്മർദ്ദം അമ്മയെയും എന്നെയും നല്ലരീതിയിൽ  വേട്ടയാടിത്തുടങ്ങി. നമ്മുടെ ശാരീരികപ്രശ്നങ്ങൾ ഒന്നും അവൾക്കൊരു വിഷയമല്ലായിരുന്നു. മുൻജീവിതാനുഭവങ്ങൾ കൊണ്ടാകണം സ്നേഹിക്കാനുള്ള കഴിവ് അവൾക്കു നഷ്ടമായിരുന്നു. സ്നേഹംകൊണ്ട് ഞാൻ അടുപ്പിക്കാൻ ശ്രമിക്കുമ്പോഴൊക്കെ അവൾ കുതറിമാറിയായിരുന്നു പ്രതികരിച്ചിരുന്നത്. നമ്മുടെ ജീവിതം മുക്കാലും മുങ്ങിയിരുന്നു.

അങ്ങനെയിരിക്കെ ഒരുദിവസം രണ്ടുംകല്പിച്ചു അവളുടെ കൂട്ടുകാരിയെ ഇതിൽ ഇടപെടുത്തിക്കാൻ ഞാൻ ശ്രമിച്ചു. (തുടരും)


മുൻപും ശ്രമിച്ചെങ്കിലും കൂട്ടുകാരി അവളോട് ഈ വിഷയത്തെക്കുറിച്ചു സംസാരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ഇത്തവണ ഞാൻ പറയുന്നത് കേൾക്കാനവൾ തയ്യാറായി. അവൾക്കു ഒന്നും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. അല്ലെങ്കിൽ അങ്ങനെ അഭിനയിച്ചതുമാകാം. എന്തെങ്കിലും പ്രശ്നമുള്ളതായി ചാരു തന്റെകൂടെ പറഞ്ഞിരുന്നില്ലെന്ന് അവൾ പറഞ്ഞു. ഞാനും ചാരുവും ഒരുമിക്കുന്നതിനു ഏതാനും ദിവസംമുൻപ് ഈ കൂട്ടുകാരി എന്നോട് മണിക്കൂറുകൾ സംസാരിച്ചിരുന്നു. ചാരുവിനെ സ്നേഹിക്കണമെന്നും അവൾക്കാരുമില്ലെന്നും എന്നെ കർശനമായി ഉപദേശിച്ചിരുന്നു. ശിവ എന്നെങ്കിലും ചാരുവിനെ ത്യജിച്ചാൽ ശിവയോടുള്ള എന്റെ പ്രതികരണം രൂക്ഷമായിരിക്കുമെന്നും തമാശയും സീരിയസും കലർന്ന ഭാവത്തിൽ അവൾ പറഞ്ഞിരുന്നു.

കൂട്ടുകാരിയെക്കൊണ്ട് ഇടപെടുത്തിക്കാൻ കാരണങ്ങൾ ഉണ്ടായിരുന്നു. ആഴ്ചയിൽ വെറും അഞ്ചോ ആറോ മണിക്കൂറുകൾ മാത്രമുള്ള ജീവിതം എന്നെ അത്രമാത്രം ബുദ്ധിമുട്ടിച്ചിരുന്നു. ഏകാന്തതയുടെ ആക്രമണം കൂടിക്കൂടിവന്നു. ഞാനും അമ്മയും വിഷാദരോഗികളായി മാറിക്കൊണ്ടിരുന്നു. പോരെങ്കിൽ തലവേദനയുടെ ചില വ്യത്യസ്ത ഭാവങ്ങൾ എന്നെ പിടികൂടിയിരുന്നു. ടീവി കാണുമ്പോഴും മറ്റും കണ്ണുകളിൽ വെളിച്ചം പരന്നൊഴുകുന്നതായും ചിലപ്പോൾ കമ്പിത്തരി കത്തിക്കുന്നതായുമൊക്കെ അനുഭവപ്പെടും. മൈഗ്രയിന്റെയോ സൈനസിന്റെയോ പ്രശ്നമാണെന്ന് തോന്നി. കാരണം ആ അനുഭവത്തിനുശേഷം ജലദോഷം വരാറുണ്ടായിരുന്നു. (ഇപ്പോൾ ഏറെക്കാലമായി പ്രശ്നമില്ല) ഈ അസുഖവിവരങ്ങൾ ഞാൻ പറയുമ്പോൾ അവൾ കേട്ടഭാവം കാണിച്ചിരുന്നില്ല. ഒക്ടോബർ പതിനഞ്ചിനു എന്റെ ജന്മദിനദിവസം ഈ ലോകത്തുള്ള എന്റെ കൂട്ടുകാർ മുഴുവൻ ആശംസകൾ എഫ്ബിയിലൂടെയും വാട്സാപ്പിലൂടെയും ഫോണിലൂടെയും ഒക്കെ നേർന്നിട്ടും അവൾ അറിഞ്ഞഭാവം നടിച്ചില്ല.

കേരളകൗമുദിയിലെ ജോലി വൈകിട്ട് നാലുമുതൽ ആയിരുന്നല്ലോ. രാവിലെ മുതൽ നാലുമണിവരെ ഞാൻ ഫ്രീയായതിനാൽ ആ സമയത്തു മറ്റൊരു ജോലി കൂടി കണ്ടെത്താൻ അവൾ നിർബന്ധിച്ചുകൊണ്ടിരുന്നു. അത്രത്തോളം പണത്തോടു പിശുക്കുള്ള ഒരു സ്ത്രീയെ ഞാനതിനു മുമ്പ് കണ്ടിരുന്നില്ല. നോക്കൂ നിത്യവും അതിരാവിലെ ഏഴുമണിക്ക് ജോലിക്കുപോയിട്ടു അർദ്ധരാത്രി പന്ത്രണ്ടുമണിക്കു വീട്ടിൽ വന്നുകയറുന്ന എന്റെ അവസ്ഥ. അതും അമ്മയെ ഒറ്റയ്ക്കാക്കി. അത്തരം സാഹചര്യത്തിൽ ജീവിച്ചാൽ എല്ലാംകൂടി ഒരു പെരുമ്പാമ്പിനെ പോലെ എന്നെ വരിഞ്ഞുമുറുക്കും എന്നുറപ്പായിരുന്നു.

അവളുടെ കൈകൊണ്ടു ഒരു ആഹാരസാധനം പോലും എനിക്കോ എന്റെ അമ്മയ്ക്കോ വാങ്ങിത്തന്നിട്ടില്ല. രസകരമായൊരു സംഭവം ഓർക്കുന്നു. ഒരിക്കൽ പോത്തീസിൽ നിൽക്കുമ്പോൾ ഡ്രൈ ഫ്രൂട്സ് കണ്ടു. അതിൽ പപ്പായ കണ്ടപ്പോൾ എനിക്ക് കൊതിതോന്നി. പക്ഷെ കിലോയ്ക്ക് രണ്ടായിരം രൂപ. കാൽക്കിലോ മേടിക്കാൻ ഞാനവളോട് പറഞ്ഞു. എന്തിനാ അതൊക്കെയെന്നു പറഞ്ഞു പുറത്തേക്കിറങ്ങിപ്പോകുകയാണുണ്ടായത്. അതൊന്നും കഴിച്ചൂടത്രേ. എന്റെ അറിവിൽ ഉണക്കപ്പഴങ്ങൾ പോഷകസമ്പുഷ്ടം ആണ്. ലഭ്യമായതിൽവച്ചു ഏറ്റവുംനല്ല ആഹാരങ്ങളിൽ ഒന്നാണ് ഉണക്കപ്പഴങ്ങൾ എന്നാണ് വായിച്ചിട്ടുള്ളതും. അവളുടെ വയനാട് യാത്രയെക്കുറിച്ചു പറഞ്ഞല്ലോ അവിടെനിന്നും പനിയും പിടിച്ചു വന്നപ്പോൾ അമ്മയ്ക്കെന്തോ സാധനം കൊണ്ടുകൊടുത്തെന്നു എന്നോട് പറഞ്ഞു. ഞാൻ കരുതി വല്ല തേയിലയോ സുഗന്ധദ്രവ്യങ്ങളോ മുളയിലുണ്ടാക്കിയ കരകൗശലവസ്തുക്കളോ ആയിരിക്കുമെന്ന്. പിന്നെയാണറിഞ്ഞത് അത് ഒരു പപ്പടം കുത്തിയായിരുന്നെന്ന്. നമ്മൾ ഈർക്കിൽ കൊണ്ടൊക്കെ നിസ്സാരമായി ചെയുന്നത്. ചുരുക്കം പറഞ്ഞാൽ അഞ്ചുപൈസ എനിക്കൊപ്പമുള്ള ജീവിതത്തിനുവേണ്ടി മുടക്കാൻ അവൾ തയ്യാറല്ലായിരുന്നു.

അതിനുകാരണമായി പറഞ്ഞത്, ധൂർത്തനായ മുൻഭർത്താവ് അമ്പതുലക്ഷം രൂപ അവളുടെ ജോലിരേഖകൾ സമർപ്പിച്ചു എവിടെനിന്നോ കൈപറ്റിയെന്നും അതിന്റെ ഉത്തരവാദിത്തം മുഴുവൻ അവളിലായെന്നും കടംവീട്ടി തുടങ്ങിയില്ലെങ്കിൽ ജോലിക്കുതന്നെ കുഴപ്പമുണ്ടാകുമെന്നും. പത്തുവർഷംകൊണ്ട് ആ കടം വീടിയെന്നും പലപ്പോഴും എന്നോടും അമ്മയോടും  വെറുതെ പറയുമായിരുന്നു. മാസം 40000 രൂപ സാലറി മേടിക്കുന്ന ഒരാൾക്ക്, അതും സ്ഥലമോ മറ്റു സ്വത്തുക്കളോ ഇല്ലായിരുന്ന ഒരാൾക്ക് പത്തുവർഷം കൊണ്ട് അമ്പതുലക്ഷം രൂപയുടെ കടം വീടാൻ നിഷ്പ്രയാസം കഴിഞ്ഞത്രേ. അവളുടെ പലകാര്യങ്ങളും മഹാത്ഭുതമായി തോന്നുന്നെങ്കിൽ അത്ഭുതമില്ല. ദുരൂഹതകളുടെ ആൾരൂപം. ഡിവോഴ്സ് മേടിച്ചുകൊടുത്ത വക്കീലിന്റെ ഇടപാടിൽ ചുളുവിലയ്ക്ക് തിരുവനന്തപുരത്തു കുറച്ചു സ്ഥലം വില്പനയ്ക്ക് വന്നപ്പോൾ മേടിക്കുകയും ചെയ്തു. തിരുവനന്തപുരം നഗരപ്രാന്തത്തിൽ ഉള്ള ആ സ്ഥലത്തു വീടുവയ്ക്കണം എന്നും പറയുമായിരുന്നു.

തന്ന വാക്കുപ്രകാരം എന്നെ വിവാഹം കഴിക്കണം എന്ന് അവളോട് ഞാനും അമ്മയും നിരന്തം പറഞ്ഞത് അവളുടെ ജോലിയും ഈ സ്ഥലവും കണ്ടുകൊണ്ടാണെന്നൊരു ന്യായം കണ്ടെത്താനും അവൾ  മറന്നില്ല. അങ്ങനെ വേണമെങ്കിൽ ‘സ്ത്രീധനം’ മേടിച്ചു എനിക്ക് നേരത്തെ മറ്റൊരു വിവാഹം കഴിക്കാൻ പാടില്ലായിരുന്നോ? അങ്ങനെയുള്ളപ്പോൾ അവളുടെ ചെറിയ സ്വത്തിൽ കണ്ണുവയ്ക്കുന്നതെന്തിനാണ്. ഏറിയാൽ പത്തുലക്ഷം രൂപ കിട്ടുന്ന സ്ഥലമായിരുന്നു അവളുടേത്‌. നഗരത്തിൽ എന്റെ അമ്മയുടെ ഷെയർ വിറ്റാൽ പോലും മുപ്പതുലക്ഷം അനായാസം ലഭിക്കും.  വാക്കിൽ മാത്രമല്ല പ്രവർത്തിയിലും മൂല്യം കാത്തുസൂക്ഷിക്കാൻ എന്നെയാരും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് ചാരു മനസിലാക്കിയില്ല.

ചാരുവുമായുള്ള പ്രശ്നങ്ങൾ കൂട്ടുകാരിയോട് ഫോൺചെയ്തു പറഞ്ഞ എനിക്ക് പെട്ടന്നാണ് അതിലെ അപകടം മണത്തത്. കാരണം, കൂട്ടുകാരി അവളോട് ഈ വിഷയം സംസാരിച്ചാൽ ഞാൻ എല്ലാം ഫോൺ ചെയ്തു കൂട്ടുകാരിയെ അറിയിച്ചു എന്ന് അവൾക്കു മനസിലാകും. അത് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണ്ണമാകും. എന്നാലോ കൂട്ടുകാരി അത് സംസാരിച്ചില്ലെങ്കിൽ പിന്നെ എന്റെ പ്രയത്നത്തിന് ഫലവുമില്ല. അതിനൊരു പോംവഴി കണ്ടെത്തി.

കൂട്ടുകാരിയുടെകൂടെ ഈ വിഷയം സംസാരിച്ചു എന്ന് ചാരുവിനോടും ഞാൻ പറഞ്ഞു. അപ്പോൾ കൂട്ടുകാരിക്ക് അത് സംസാരിക്കാൻ സാധിക്കുമല്ലോ. മാത്രമല്ല, അവളോടുള്ള അഗാധമായ സ്നേഹം കാരണം അവളിൽ നിന്നും ഒന്നും മറച്ചുവയ്ക്കാനും എന്നെക്കൊണ്ട് ആകുമായിരുന്നില്ല. അവളറിയാതെ ഒരു ഇടപാടും ആരുമായും വയ്യ. എന്നാൽ രണ്ടിലൊന്ന് അറിയുകയുംവേണം. ഇനിയും എനിക്കിങ്ങനെ വയ്യ.

അന്നുവൈകുന്നേരം ആറുമണിയോടെ ചാരുവും ഞാനും ഫോണിൽ ഈ വിഷയങ്ങൾ ചർച്ചചെയ്യാൻ തുടങ്ങി. അതിനിടയിൽ അവളും കൂട്ടുകാരിയുമായി അതൊക്കെ സംസാരിച്ചിരുന്നു. എന്നാൽ ഞാനും ചരുവുമായുള്ള ചർച്ച പിന്നീട് വലിയൊരു വഴക്കിലേക്കു പോകുകയാണുണ്ടായത്. എനിക്കിനിയും ആ വീട് വലിയ വാടകകൊടുത്തു കൊണ്ടുപോകാൻ കഴിയില്ലെന്നു ഞാൻ തീർത്തുപറഞ്ഞു. ഫ്രീയായി താമസിക്കാൻ കുടുംബവീടുള്ളപ്പോൾ മാസം ഒമ്പതിനായിരം വാടകകൊടുത്തു എന്തിനാണ് ഇങ്ങനെയൊരു വീടെന്നു ഞാൻ ചോദിച്ചു. നിനക്ക് ആഴ്ചയിൽ അഞ്ചുമണിക്കൂർ താമസിക്കാൻ ഞാനാ വീട് ചുമക്കണോ എന്നുചോദിച്ചു. ജീവിതദുഃഖങ്ങളും ടെൻഷനും കാരണം എന്റെ മദ്യപാനം കൂടിക്കൊണ്ടിരുന്നു. എന്നാൽ വീട്ടുചിലവുകൾ കാരണം അതിനു പൈസയും തികയാതെ വന്നു. മദ്യംകഴിക്കാതെ എനിക്ക് ഭ്രാന്തുപിടിക്കുന്ന അവസ്ഥയായിരുന്നു. ഒന്നുകിൽ സന്തോഷമുള്ള ജീവിതം അല്ലെങ്കിൽ ഒന്നുംവേണ്ട എന്ന തീരുമാനം ഞാൻ തുറന്നുപറഞ്ഞു.

“അതിനർത്ഥം ഞാനവിടെ നിന്ന് ഇറങ്ങിത്തരണം എന്നല്ലേ…” അവൾ ചോദിച്ചു.

“ഒരിക്കലുമല്ല, എന്നാൽ നീയെന്റെ കൂടെ കാണുമെന്ന പ്രതീക്ഷ നശിച്ചു. നിനക്ക് ഇങ്ങോട്ടു വരാൻ വയ്യ, ഞായറാഴ്ച വീട്ടിൽ നില്ക്കാൻ വയ്യ, എനിക്ക് അങ്ങോട്ട് വരാൻ വിലക്ക്, ഫോൺ ചെയ്താൽ ശകാരവും വലിയ തെറ്റെന്ന നിലപാടും. പിന്നെ എന്തുതരം ജീവിതത്തിനാണ് നീ ഓടിവന്നത്.. ?”
(ഞാൻ കഠിനമായ സങ്കടവും ദേഷ്യവും കലർന്ന ഭാവത്തിൽ ചോദിച്ചു )

“എനിക്ക് മറ്റൊന്നും പറയാനില്ല, നിലവിലെ രീതികളിൽ ജീവിക്കുകയേ മാർഗ്ഗമുള്ളൂ. എന്റെ സ്വാതന്ത്ര്യങ്ങളിൽ കൈകടത്തരുതെന്നു പറഞ്ഞിട്ടില്ലേ, അങ്ങനെയൊക്കെ നീ സമ്മതിച്ചിരുന്നല്ലോ…”

“ഇതായിരുന്നോ ഞാൻ സമ്മതിച്ചത് ചാരൂ… അതിത്ര ഭീകരമെന്ന് ഞാൻ സത്യമായും കരുതിയില്ല. നീ പറഞ്ഞിരുന്നതെന്താ… നമുക്കൊരുമിച്ചു യാത്രകൾപോകാം, ചില ദിവസം ഉച്ചയ്ക്ക് ശേഷം ലീവെടുത്തു ഞാൻ നിന്നെക്കാണാൻ തിരുവനന്തപുരത്തേയ്ക്ക് ഓടിവരും..ഹൊ എന്തെല്ലാം വാഗ്ദാനങ്ങൾ ”

“ശിവയുടെ പ്രശ്നം എന്തെന്ന് എനിക്കറിയാം. ചിലതു സമയാസമയം കിട്ടണം അതുമാത്രമാണ് ശിവയുടെ പ്രശ്നം.. ”

“ശരിയാണ്, അത് ജീവിതത്തിലെ അത്യാവശ്യമായ ഘടകം തന്നെ. നിനക്കതൊക്കെ മടുത്തതിന് ഞാനെന്തുവേണം …”

“ശിവാ…നീ എന്നെവിട്ടേക്കൂ. ആ മാട്രിമോണിയൽ ഓഫീസിൽ പോയി പഴയ ആലോചനകൾ ഏതെങ്കിലും ആലോചിക്കൂ. നിന്റെ കൂടെ നിൽക്കുന്ന പെണ്ണെങ്കിൽ നിന്റെ പ്രശ്നം മാറിക്കിട്ടും..ഞാൻ ആള് വേറെയാണ് ”

“എത്ര നിസാരമായി നീ പറയുന്നു. ഉപേക്ഷിച്ചിട്ടു പൊക്കോളാൻ. നിന്റെ പേര് ചീത്തയായല്ലല്ലോ അല്ലേ ? എന്റെ കാര്യമല്ലേ വീടും നാടും നഗരവും അറിഞ്ഞിട്ടുള്ളൂ…”

“ഞാൻ ശിവയോടു പറഞ്ഞോ..നമ്മുടെ കാര്യം ലോകംമുഴുവൻ അറിയിക്കാൻ ..?

(സത്യമായും അവൾ എന്നോട് അത് പറഞ്ഞിരുന്നു. ‘നീ എല്ലാരേയും ധൈര്യമായി അറിയിക്കൂ. നിന്റെകൂടെ ഞാനുണ്ടാകും’ – എന്നാണ് അവൾ വാക്കുതന്നത്)

ഇവിടെയാണ് അവളുടെ വഞ്ചന ശരിക്കും മനസിലാക്കിയത്. വിവാഹം കഴിക്കാൻ ആഗ്രഹിച്ച ഒരുവനെ വലവീശി പിടിച്ചു എല്ലാ വാഗ്ദാനവും തന്നിട്ട് ഓരോരോന്നായി ലംഘിക്കുന്നു. അതിനവൾക്കു അവളുടേതായ കാരണങ്ങൾ ഉണ്ടായിരുന്നു. അവളുടെ കഥയിൽ ഞാൻ കൊടുംവില്ലൻ ആയിരിക്കുമല്ലോ. ഞാൻ ചെയ്ത തെറ്റ്, ആരുമില്ലാത്ത അവൾക്കു ജീവിക്കാൻ ഒരു കുടുംബം ഉണ്ടാക്കി എന്നതാണ്. മറ്റു പല പുരുഷന്മാരും കാര്യസാധ്യത്തിനായി മാത്രം സമീപിക്കുമ്പോൾ ഞാൻ അവളെ കുടുംബിനി ആയിത്തന്നെയായിരുന്നു ക്ഷണിച്ചത്. അതിന്റെ നന്ദി അവൾക്കു ഒരുകാലത്തും ഉണ്ടായിരുന്നില്ല. എന്റെ ഹൃദയത്തിൽ തീക്കനലുകൾ വിതറി അവൾ തന്റെ സന്തോഷംമാത്രം ആഘോഷിച്ചിരുന്നു. എന്നിട്ടോ, എന്റെകൂടെ വന്ന ദിവസം മുതൽ അവളുടെ സന്തോഷം നഷ്ടമായെന്നൊരു പതിവുപല്ലവിയും. അവളുടെ ഈഗോ മാത്രമാണ് അവളുടെ ശത്രു. പിന്നെ ഭൂതകാലവും. അതിനൊന്നും ഞാൻ ഉത്തരവാദിയേ ആയിരുന്നില്ല. സ്നേഹിക്കാൻ ശ്രമിച്ചാൽ വരാലുപോലെ വഴുതുന്ന ഒരാളെ എങ്ങനെ ചേർത്തുപിടിക്കും. അവളെ സ്നേഹിക്കേണ്ടതെങ്ങനെയെന്ന് സത്യമായും എനിക്കറിയില്ലായിരുന്നു. ഏതെങ്കിലും തരത്തിൽ സ്നേഹിക്കാൻ ശ്രമിച്ചാൽ അവളെങ്ങനെ പ്രതികരിക്കും എന്നോർത്തു ഭയവും തുടങ്ങിയിരുന്നു. അമ്മയിൽ നിന്നും ഇളയമ്മയിൽ നിന്നും ഞാൻ പഠിച്ച സ്നേഹം, എല്ലാരേയും സ്നേഹിക്കുക എന്നത് തന്നെയായിരുന്നു. അത് മരണം വരെ എന്നിലുണ്ടാകുകയും ചെയ്യും.

ഞാൻ വച്ച ഒത്തുതീർപ്പു നിർദ്ദേശങ്ങൾ ഒന്നും അവൾക്കു സ്വീകാര്യമല്ലായിരുന്നു. ഞാൻ പറഞ്ഞു

“ശരി ചാരൂ ഞാനാവീട് ഒഴിയാൻ തീരുമാനിച്ചു….നീ എന്താണെന്നുവച്ചാ ചെയ്തുകൊള്ളൂ ”

“അപ്പൊ അങ്ങനെയാണല്ലേ. ഞാൻ മാറിതരണമല്ലേ …ശിവയുടെ അമ്മയെ വിളിക്കട്ടെ, നീ പറഞ്ഞതൊക്കെ പറയാം..അമ്മയുടെ അഭിപ്രായവും അറിയട്ടെ.”

അമ്മയെ വിളിക്കാൻ അവൾ കോൾ കട്ടുചെയ്തു. എന്റെ ശരീരമാകെ ഉഷ്ണിച്ചുവന്നു. പുകയുന്നത് മതിയാക്കി അഗ്നിപർവ്വതം അതിന്റെ എക്കാലത്തെയും വലിയ സ്‌ഫോടനത്തിനു തയ്യാറെടുക്കുന്നതുപോലെ….

അമ്മയെ അവൾ വിളിച്ചു സംസാരിക്കുകയാണെന്നു  മനസിലായി. ‘അമ്മ തകർന്നു പോകുമെന്ന് എനിക്കറിയാമായിരുന്നു. ഇരുപതു മിനിറ്റോളം കഴിഞ്ഞപ്പോൾ എന്റെ ഫോണിൽ അമ്മയുടെ പേരു തെളിഞ്ഞു റിംഗ് ചെയ്തു  .. (തുടരും)


ഞാൻ ഫോൺ ചെവിയിൽവച്ചു. ‘അമ്മ ദേഷ്യത്തോടെ പറഞ്ഞുതുടങ്ങി.

“അവളോടങ്ങനെയൊക്കെ പറഞ്ഞതെന്തിനാണ് ? അതൊക്കെ അല്പം സാവധാനത്തിൽ ശരിയാക്കാമായിരുന്നല്ലോ, നിന്റെ എടുത്തുചാട്ടം ആണ് പ്രശ്നം. എന്തെങ്കിലും പറയണമെന്ന് വിചാരിച്ചാൽ അപ്പൊത്തന്നെ അത് പറഞ്ഞേപറ്റൂ . ആ ശീലം നിനക്ക് ചെറുപ്പം മുതലേ ഉണ്ടല്ലോ. വീട്ടിൽനിന്നും മാറിക്കൊടുക്കാൻ നീ പറഞ്ഞതായി അവളെന്നോട് പറഞ്ഞു. ഞാൻ പറഞ്ഞു മോളെ അവനു നിന്നോട് വലിയ സ്നേഹമാണ് അതുകൊണ്ടാണ് ഇത്തരത്തിൽ സംസാരിക്കുന്നത്. നീയങ്ങു ക്ഷമിക്കൂ.അവൻ വീട്ടിൽ ഒറ്റയ്ക്കായി പോകുന്നതാണ് പ്രശ്നം…..”

അവൾ മറുപടിയായി അമ്മയോട് പറഞ്ഞത്രേ ,
“ശിവന് ആരോടും സ്നേഹമില്ലമ്മേ. അമ്മയോട് പോലും, നിലവിലെനിക്കു ഞായറാഴ്ച വീട്ടിൽ നില്ക്കാൻ പറ്റില്ല.അതാണ് സാഹചര്യം. പിന്നെയുംപിന്നെയും അതുപറഞ്ഞു വഴക്കിട്ടാൽ ഞാനെന്തുചെയ്യാൻ. ശിവയോടു മറ്റൊരു ജോലികൂടി നോക്കാൻ ഞാൻ പറഞ്ഞതല്ലേ.  ശിവയുടെകൂടെ വന്ന ദിവസം  മുതൽ എന്റെ സ്വസ്ഥത നശിച്ചു. തിരുവനന്തപുരത്തു ആരെയും പരിചയമില്ലാത്ത ഞാൻ ആ സാധനങ്ങൾ പെറുക്കി എവിടെ കൊണ്ടിടാൻ. എന്റെ കിടപ്പാടം (വാടകവീടിനെയാണ് ഉദ്ദേശിക്കുന്നത് ) നശിപ്പിച്ചപ്പോൾ തൃപ്തിയായില്ലേ. ഗൾഫിൽ ജോലിചെയ്യുന്ന ഓരോ ഭാര്യമാർ വീട്ടിൽ വന്നാണോ നിൽക്കുന്നത്..ഇവിടെ ഹോസ്റ്റലിൽ ഓരോരുത്തർ മാസത്തിലൊരിക്കലൊക്കെ ആണ് വീട്ടിൽ പോകുന്നത്.. ”

ഞാൻ അമ്മയോട് പറഞ്ഞു.
“പോകുന്നെങ്കിൽ അവൾ പൊക്കോട്ടെ… അവളുടെ നിബന്ധനകൾ അനുസരിച്ചു മാത്രം ജീവിക്കാൻ എങ്കിൽ അവൾ വാടകകൊടുത്തു വീടുടുത്തു താമസിക്കട്ടെ. നിലവിലത്തെ ജീവിതത്തിൽ എനിക്കൊരു രസവും ഇല്ല..എന്റെ ആഗ്രഹങ്ങൾ അടിച്ചമർത്തപ്പെടുന്നു. അവൾ ആഗ്രഹിക്കുന്നതുമാത്രം സാധിക്കുന്നു. ഇല്ലാത്ത പൈസയുണ്ടാക്കി ആ വീട് ചുമക്കാൻ വയ്യ. വിഹാഹം കഴിക്കാത്ത പെൺകുട്ടികൾ മാസത്തിലൊരിക്കൽ വീട്ടിൽ പോകുന്നത് അവളെന്തിനാണ് ഏറ്റുപറയുന്നത്… നാളുകൾ ഭർത്താവിനൊപ്പം താമസിച്ചിട്ടു സാമ്പത്തിക ഭദ്രതയ്ക്ക് ഗൾഫിൽ പോകുന്ന ഭാര്യമാരുടെ കാര്യം അവളെന്തിനാണ് താരതമ്യം ചെയ്യുന്നത്. അതുപോലെയാണോ എന്റെ കൂടെ വന്നതുമുതലുള്ള അവളുടെ ഈ ‘ഒളിച്ചോട്ട’ സമീപനം ?

ബാക്കി ജോലിസമയം നരകാവസ്ഥ പോലെ അന്നു ചിലവഴിച്ചു. അവളെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. ഇതുപറയുമ്പോൾ വിട്ടുപോയ ചിലതുപറയാൻ തോന്നുന്നു.

(ആഴ്ചകൾക്കു മുമ്പും അവളും ഞാനും നല്ലരീതിയിൽ വഴക്കുകൂടിയിരുന്നു. ഒരു അവധിദിനത്തിന്റെ രണ്ടുദിവസം മുമ്പായിരുന്നു സംഭവം. നാളെ തിരുവനന്തപുരത്തേയ്ക്ക് വരുമെന്നും അവധിദിനം കൂട്ടുകാരിയെ കാണാൻ പോകുമെന്നും പറഞ്ഞപ്പോൾ എനിക്ക് ദേഷ്യംവന്നു . വീട്ടിൽ നിന്നാൽ ബോറടിക്കുമെന്നു പറഞ്ഞാണ് കൂട്ടുകാരിയെ കാണാൻ പോകുന്നത്. മുൻപും അവൾ ഇതുപോലെ ചെയ്തിട്ടുണ്ട്. പിന്നെന്തിനാ ഇങ്ങോട്ടു പോരുന്നതെന്നു ഞാൻ ചോദിച്ചു. വരുന്ന ഒരുദിവസം പോലും ഇവിടെ നില്ക്കാൻ വയ്യെങ്കിൽ വരാതിരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. ഉടനെ അവൾ ക്രോധത്തോടെ പറഞ്ഞു, “ശരി വരുന്നില്ല പോരേ…” .  ഈ സംസാരമെല്ലാം പേട്ട റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ വച്ചായിരുന്നു. ദയവുചെയ്ത് വിളിച്ചു ശല്യപ്പെടുത്തരുതെന്നും ഇവിടെയുള്ളവർ കേൾക്കുമെന്നും താക്കീതുതന്നിട്ടു അവൾ ഫോൺ കട്ടുചെയ്തു . അതിനുശേഷം അമ്മയെ വിളിച്ചുപറഞ്ഞു, നാളെ വരില്ല, ഞാൻ എന്തൊക്കെയോ പറഞ്ഞു വേദനിപ്പിച്ചെന്ന്. പിറ്റേന്ന് ഞാൻ നല്ല രീതിയിൽ മദ്യപിച്ചു. (ഇതുവായിക്കുന്നവർക്കു തോന്നും എനിക്ക് വട്ടെന്ന്. ശരിയാണ് ഒരുപാട് വട്ടുകൾ ഉണ്ട്.) അങ്ങനെ ബാറിൽ പോയിരുന്നു ബിയറും റമ്മും അടിച്ചുകയറ്റിയ എന്നെ, ഒരു ഓട്ടോക്കാരൻ ഒരുവിധം വീട്ടിലെത്തിച്ചു.  അമ്മവരുന്നതുവരെ ജോലിക്കുപോകാതെ ഞാൻ ബോധംകെട്ടുറങ്ങി.

അന്ന് രാത്രി തിരുവനന്തപുരത്തെത്തിയ അവളെ വിളിക്കാൻ ഞാൻ തമ്പാനൂരിൽ ചെന്നു. ഒന്നുംമിണ്ടാതെ വീട്ടിലേക്കു വന്ന അവൾ ഫ്രഷായി കയറിക്കിടന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഞാൻ സ്നേഹത്തോടെ അവളെ വിളിച്ചു, “ചാരൂ…”
അവളെന്നോട് മിണ്ടാൻ കാത്തുകിടന്നപോലെ തോന്നി. ചാരു സംസാരിക്കാനാരംഭിച്ചു.

“നീയെനിക്കു സ്വസ്ഥത തരില്ലല്ലേ… ജോലിയിലെ ടെൻഷനും നീ തരുന്ന ടെൻഷനും കൂടി എനിക്ക് മടുത്തു ശിവാ… നിന്റെ കൂടെ വന്ന ദിവസം മുതൽ എന്റെ സന്തോഷം നശിച്ചു. നീ ചിന്തിക്കൂ.. എന്തുകൊണ്ടാണ് നിന്റെ കൂടെ ഒരു പെണ്ണും നിൽക്കാത്തതെന്ന്. നിന്റെ ഈ സ്വഭാവം കാരണമാണ്. ”

അവളാ പറഞ്ഞതുകേട്ട് എനിക്ക് ഉള്ളിൽ ചിരിവന്നു. സ്വന്തം മകളും പെറ്റമ്മയും വരെ കൂടെ നിൽക്കാതെ ഉപേക്ഷിച്ചുപോയിട്ടും അവൾ എന്റെകൂടെ നിൽക്കാത്ത അന്യസ്ത്രീകളെ കുറിച്ച് പറഞ്ഞു കളിയാക്കുന്നു. എന്റെ കൂടെ അമ്മയുണ്ട്. എനിക്കതുമതി ,ഞാൻ  ഉള്ളിൽ പറഞ്ഞു. അവളോട് അപ്പോൾ ഞാൻ പരിഭവം കാണിച്ചില്ല. ഇതേ ആരോപണം മറ്റൊരിക്കൽ അവൾ ഉന്നയിച്ചപ്പോൾ ഞാൻ നല്ല മറുപടി കൊടുത്തതായിരുന്നു അവൾക്കു സഹിക്കാനാകാതെ പോയത്. എന്തായാലും അടുത്ത ദിവസം അവളാഗ്രഹിച്ച പ്രകാരം കൂട്ടുകാരിയുടെ അടുത്തേയ്ക്കു പോകുകയും അടിച്ചുപൊളിക്കുകയും ചെയ്തു. ‘പൂച്ച എങ്ങനെ വീണാലും നാലുകാലിൽ തന്നെ’ എന്നുപറയുന്നപോലെ, അവളുടെ ആഗ്രഹം മാത്രം ഏതുസാഹചര്യത്തിലും നടപ്പാക്കിക്കൊണ്ടിരുന്നു. അതിനിടയിൽ അന്ന് പകൽ ഞാൻ മദ്യപിച്ചതും അവൾ മനസിലാക്കി. ആ രാത്രിയിലും അതിന്റെ സ്മെൽ മാറിയിരുന്നില്ല. അതിനും അവളെന്നോട് പരിഭവിച്ചു.

മദ്യത്തെ കുറിച്ച് പറയുമ്പോൾ ഒരു രസകരമായ കാര്യമുണ്ട് . ഞാൻ മദ്യപിച്ചു സമീപത്തു കിടക്കുന്നതു അവൾക്കിഷ്ടമില്ല. കാരണം അപ്പോൾ അവളുടെ മുൻഭർത്താവെന്നു തോന്നുമത്രെ. ഭൂതകാലതിക്താനുഭവങ്ങൾ കൊണ്ട് ആ മാനസികപ്രശ്നം നമുക്ക് മനസിലാക്കാം. എന്നാൽ, ചാരു മദ്യപിക്കാറുണ്ടായിരുന്നു എന്നാണ് മുൻപൊരിക്കൽ എന്നോടവൾ പറഞ്ഞിരുന്നത്.. അതിനൊട്ടു പ്രശ്നവും ഇല്ല. മറ്റൊരാൾ കുടിച്ചുകൊണ്ട് അടുത്തുകിടക്കുമ്പോഴേ അവൾ നാഗവല്ലിയാകൂ. എന്തൊക്കെ ശീലങ്ങൾ…)

ഇനി വീണ്ടും വർത്തമാനകാലത്തിലേക്കു വരാം. ഞാൻ ജോലികഴിഞ്ഞു രാത്രി വീട്ടിലെത്തി. ‘അമ്മ എന്നോട് വഴക്കുകൂടി.’ഒരുദിവസം ഓരോ പ്രശ്നങ്ങൾ ..എനിക്ക് വയ്യേ ദൈവമേ…’  എന്നുപറഞ്ഞു വിലാപം തുടങ്ങി.

ഞാൻ അമ്മയെ ആശ്വസിപ്പിച്ചു. “മര്യാദയ്ക്ക് ഒരു പെണ്ണുകെട്ടി  ജീവിക്കേണ്ടതിനു പകരം ഓരോ പരിഷ്‌കാരങ്ങൾ. അവൾക്കു നിന്നെ കുറ്റപ്പെടുത്താൻ മാത്രമാണ് സമയം. നീ ജീവിതത്തിലൊന്നും ഉണ്ടാക്കിയില്ലത്രേ, അവൾ അമ്പതുലക്ഷത്തിന്റെ കടവുംവീട്ടി സ്ഥലവുംവാങ്ങി, വീട്ടുസാധനങ്ങളും വാങ്ങിയത്രേ….”  അമ്മ പറഞ്ഞുകൊണ്ടേയിരുന്നു.

രണ്ടുദിവസം കഴിഞ്ഞപ്പോൾ ശനിയാഴ്ചയായി. അവളെ ഞാൻ ഫോൺ ചെയ്തു. തന്നെ വിളിക്കാൻ വരണ്ട താൻ വന്നോളാമെന്നു ദേഷ്യത്തോടെ പറഞ്ഞു. അന്ന് രാത്രി ജോലികഴിഞ്ഞു ഞാൻ വീട്ടിലെത്തിയപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു. കട്ടിലിൽ ചുമ്മാ കിടക്കുന്നു. അവളെന്നെ കാത്തിരുന്നതുപോലെ തോന്നി. ‘അമ്മ ആഹാരം കഴിക്കാൻ വിളിച്ചപ്പോൾ ശിവ വരട്ടേയെന്നു പറഞ്ഞത്രേ. എന്നെയവൾ കാത്തിരുന്നത് വഴക്കുകൂടാനെന്നു മനസ് എന്നെ ഓർമിപ്പിച്ചു. അതുപോലെ സംഭവിച്ചു. ഞാനിവിടെ നിന്നും ഇറങ്ങിത്തരണോ എന്നവൾ ചോദിച്ചു. ഞാനൊന്നും മിണ്ടിയില്ല. അവളെ അനുനയിപ്പിക്കാൻ ‘അമ്മ മാക്സിമം ശ്രമിച്ചു. ‘ശരി ഇറങ്ങിത്തരൂ …’ എന്ന് പറയാൻ ചുണ്ടുകൾ വെമ്പിയെങ്കിലും ഞാൻ മൗനംപാലിച്ചു. ഒന്നും കഴിക്കാതെ അവൾ ഉറക്കമായി. പിന്നീടു രാവിലെ ഉണർന്നിട്ടു ബ്രെക്ക്ഫാസ്റ്റും കഴിച്ചു ബാഗുംകെട്ടിപ്പെറുക്കി അവൾ ജോലിസ്ഥലത്തേക്ക് പോകാനൊരുങ്ങി .ബാഗിൽ അവൾക്കു ഉടുക്കാനുള്ള തുണികൾ വാരിനിറച്ചിരുന്നു. സ്റ്റെയർകേസ് ഇറങ്ങുന്നതിനിടയിൽ അവളെന്നോട് പറഞ്ഞു .

“ശിവാ നീ വീടൊഴിയാൻ പോകുന്നു എന്നോട് പറഞ്ഞപ്പോൾ ഈ ലോകത്തെ സകല നിസ്സഹായതകളും വന്നെന്നെ മൂടി…അപ്പോഴുള്ള ആ അവസ്ഥ നീ അറിഞ്ഞിട്ടുണ്ടോ ?”

“എന്റെ അവസ്ഥകളും നീ മനസിലാക്കണം ചാരൂ. നീ എന്നെ ഏകാന്തതയിലേക്കു തള്ളിവിട്ടു. ഇവിടെ വന്നു നിൽക്കാൻവയ്യ, ഫോൺചെയ്യാൻവയ്യ… ഞാൻ ശരിക്കും ഒറ്റപ്പെട്ടു. എന്റെ കൂട്ടുകാർ ജീവിക്കുന്നതുകാണുമ്പോൾ ആ മോഹം എനിക്കും ഉണ്ടാകും ..അതും നീ ഓർക്കണമായിരുന്നു… ”

” എനിക്കൊന്നും പറയാൻവയ്യ ശിവാ… ചെന്നിട്ടുവിളിക്കാം..”

എപ്പോഴും അവളെ ഞാൻ സ്റ്റേഷനിൽ കൊണ്ടാക്കാറുണ്ടായിരുന്നു. അന്നവൾ തനിയെ പോയി. രണ്ടു ബാഗുകളിൽ നിറയെ തുണിയും വാരിനിറച്ചു  അവൾ ഇറങ്ങിപ്പോയി. എന്റെ ചങ്കിടിഞ്ഞുതാണു. അവൾ ഗേറ്റു തുറന്നു റോഡിലേക്കിറങ്ങി നടന്നു. ഞാൻ ബാൽക്കണിയിൽ നിന്നും  നോക്കി. ആ ബാഗുകളുടെ ഭാരം കാരണം അവൾക്കു നടക്കാൻവയ്യെന്നു തോന്നി. വളരെ കഷ്ടപ്പെട്ടു ഫുട്പാത്തിലൂടെ വാശിയോടെ നീങ്ങുന്ന അവളെക്കണ്ടു എനിക്ക് കരച്ചിൽവന്നു. എന്തായാലും അവിടെ ചെന്നിട്ടു അവളെന്നെ വിളിച്ചു. എത്തി എന്നുമാത്രം പറഞ്ഞു ഫോൺ കട്ടുചെയ്തു.

എന്റെയും അമ്മയുടെയും അവളുടെയും മാനസികസന്തുലനം തെറ്റിക്കൊണ്ടിരുന്നു. വിട്ടുവീഴ്ചകൾ എനിക്കുമാത്രമായിരുന്നു എന്ന തിരിച്ചറിവിൽ അതെല്ലാം ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. ഒരിക്കലും ചേരാൻ പാടില്ലാത്ത രണ്ടുപേർ എന്ന തലത്തിലേക്ക് നമ്മളെത്തിയിരുന്നു. ഒരുപാട് അനുഭവങ്ങളിലൂടെ ജീവിതം കൈവിട്ടുപോയ അവൾക്കു ശിഷ്ടജീവിതം സന്തോഷത്തോടെ ജീവിക്കാനുള്ള ഒരു ചുറ്റുപാടായിരുന്നു ഞാനൊരുക്കിയത്. അതെല്ലാം സന്തോഷത്തോടെ സ്വാതന്ത്ര്യത്തോടെ അനുഭവിക്കുന്നതിനുപകരം എന്നെ എപ്പോഴും കുറ്റംപറയാനും എന്റെ മുൻകാലജീവിതത്തിലെ പരാജയങ്ങൾ അക്കമിട്ടു നിരത്താനുമായിരുന്നു അവൾക്കു താത്പര്യം.

ആയിടെ ഞാനവളെ ഒരു ദീർഘയാത്രപോകാൻ ക്ഷണിച്ചു. അവൾ എന്റെ ക്ഷണം നിരസിച്ചു. കൂട്ടുകാരികളുടെ കൂടെമാത്രമേ യാത്രപോകൂ അല്ലെ…എന്നുഞാൻ അവളോട് പണ്ടെപ്പോഴോ ചോദിച്ചിരുന്നത്രെ. ശിവയുടെ കൂടെ യാത്രചെയ്യാനും തയ്യാറാണോ എന്ന് പരീക്ഷിക്കാനാണ്  ഈ അവസരത്തിൽ ഞാൻ വിളിച്ചതെന്ന് ആ മിടുക്കി കണ്ടെത്തിക്കളഞ്ഞു. എന്തൊക്കെ കണ്ടെത്തലുകൾ…നിഗമനങ്ങൾ !

അവൾ തൊട്ടടുത്ത ശനിയാഴ്ച വീട്ടിൽ വന്നതും ദേഷ്യത്തോടെയായിരുന്നു. പിറ്റേന്നും രണ്ടുബാഗ് നിറയെ സാധനങ്ങൾ വരിനിറച്ചു ഇറങ്ങി. നീ മനഃപൂർവ്വം സാധനങ്ങൾ കുറേശ്ശ കടത്തുകയാണല്ലേ എന്ന് ഞാൻ അവളോട് ചോദിച്ചു . അവൾ പറഞ്ഞു

“അതെ ശിവാ… നാളെ നീ ഈ വീട്ടിൽ കയറരുതെന്ന് എന്നോട് പറഞ്ഞാൽ തുണിപോലും ഇല്ലാത്ത അവസ്ഥ വരാൻ പാടില്ലല്ലോ…”

അന്നുമവൾ ഒറ്റയ്ക്കിറങ്ങിപ്പോയി. നമ്മൾതമ്മിലുള്ള ബന്ധത്തിന്റെ മരണമണി മുഴങ്ങിക്കൊണ്ടിരുന്നു. ഫോൺ സംഭാഷണങ്ങൾ കുറഞ്ഞു. സംസാരിച്ചാൽത്തന്നെ അഭിപ്രായവ്യത്യാസങ്ങളും വഴക്കും പതിവായി. പിന്നുള്ള പല ശനിയാഴ്ചകളും എന്നെ അറിയിക്കാതെ വീട്ടിലെത്തി ഞാൻ രാത്രി ജോലികഴിഞ്ഞുവരുമ്പോഴേയ്ക്കും ഉറക്കവുമായിക്കഴിഞ്ഞിരിക്കും. ഒന്നും മിണ്ടാതെ ‘അമ്മ എല്ലാത്തിനും സാക്ഷിയായി
നീറിനീറി കഴിഞ്ഞു.

ആയിടെ ഒരുദിവസം, ഇനിയും വരാത്ത ട്രെയിനിനെ നോക്കി ഉരുക്കുപാതയുടെ വിദൂരതയിൽ കണ്ണെറിഞ്ഞുകൊണ്ട് പേട്ട റെയിൽവേ സ്റ്റേഷൻ കാന്റീനിലെ കാപ്പിയും കുടിച്ചു നിൽക്കുമ്പോഴാണ് ഒരു സന്യാസിയെ കണ്ടത്. ദൈവികമല്ലാത്ത ഒരു ആത്മീയതയുടെ വഴികളെ കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാനായി മുന്നിലേക്ക്‌ ചെന്നു. ചോദ്യങ്ങൾ ശ്രവിച്ചശേഷം എന്നെ രൂക്ഷമായി അടിമുടി നോക്കിക്കൊണ്ടു അദ്ദേഹം ഇങ്ങനെ പറഞ്ഞു. നീ ഇനിയും ഏറെ ചീഞ്ഞുനാറാനുണ്ട്. ചീഞ്ഞുചീഞ്ഞു നീ നടന്നെത്തുന്ന വഴി എന്നോട് ചോദിക്കേണ്ട ആവശ്യമില്ല. ജിമ്മിൽ വർക്ഔട്ട് ചെയ്യാൻ എടുക്കുന്ന ഭാരങ്ങൾക്കു പകരം മൺവെട്ടിയോ പിക്കാക്സോ കോടാലിയോ എടുത്ത് ഉപയോഗിച്ചാൽ തീരാവുന്ന പ്രശ്നമേ നിനക്കുള്ളൂ. വഴിമാറാടാ മുണ്ടയ്ക്കൽ രാശീ…. എന്ന് പറഞ്ഞു സംസാരം അവസാനിപ്പിച്ചശേഷം അയാൾ സായംസന്ധ്യയുടെ കുങ്കുമത്തിൽ തന്റെ കാവിവസ്ത്രത്തെ ലയിപ്പിച്ചു നടന്നുമറഞ്ഞു. പ്ലാറ്റ്‌ഫോമിൽ രാത്രിയുടെ നിഴൽ വീണുതുടങ്ങുന്നു. എവിടെ നിന്നൊക്കെയോ ഇഴഞ്ഞുവന്ന പാമ്പുകൾ അവിടവിടെ ചുരുണ്ടുകൂടുന്നു. ഞാൻ രണ്ടാമത്തെ കാപ്പിയും വാങ്ങി കുടിച്ചുകൊണ്ട് ഇച്ഛാഭംഗങ്ങളുടെ തൊണ്ണൂറ് കിലോയെ മെല്ലെ ചലിപ്പിച്ചു ഓഫീസിലേക്ക് കൊണ്ടിരുത്തി. സത്യമായും ഒരു ആത്മീയതയുടെ വശങ്ങൾ ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നു. നോക്കൂ…ഒരാൾ തന്റെ ജീവിതകാലംകൊണ്ടു നേടുന്ന ആശ്രമങ്ങൾ 
അതിൽ ഗാർഹസ്ഥ്യം പൊളിഞ്ഞു . വാനപ്രസ്ഥവും സന്യാസ്യാവും വെറും നാലുമാസങ്ങൾ കൊണ്ട് എടുത്തണിയേണ്ട ഭീകരമായ ഒരവസ്ഥ. 

പിന്നീടുള്ള ദിവസങ്ങൾ എന്റെ ജീവിതം ശ്മാശാനമൂകമായിരുന്നു. അമ്മയെ പലവിധ ശാരീരിക അസ്വസ്ഥതകൾ വേട്ടയാടാൻ തുടങ്ങി. ബീപികൂടി തളർന്നു വീണു. പിന്നെപ്പിന്നെ അമ്മയെ ഇൻസൾട്ട് ചെയ്തു സംസാരിക്കുന്നതു അവൾ ശീലമാക്കി. ‘തള്ള’ എന്നൊക്കെയായിരുന്നു സംബോധന. നോക്കൂ അവളുടെ അനാരോഗ്യങ്ങളിൽ പരിചരിച്ച എന്റെ അമ്മയെ തള്ള എന്നൊക്കെ അവഹേളിക്കുക…. അവൾക്കാരോടും നന്ദിയോ കടപ്പാടോ ഇല്ലായിരുന്നു(തള്ള എന്ന പ്രയോഗം തിരുവനന്തപുരത്തൊക്കെ ഒരു അവഹേളനപ്രയോഗം തന്നെയാണ്).

ചില ആളുകൾ ഇങ്ങനെയാണ്. അത് എച്ചുമ്മുകുട്ടിയുടെ ജീവിതകഥയിൽ നിന്നും നമ്മൾ വായിച്ചതാണ്. സമൂഹത്തിൽ മാനവികതയും സ്നേഹവും ഉയർത്തിപ്പിടിക്കുന്ന പലരുടെയും തനിക്കൊണം. അവർ വീടുകളിൽ മോശം മനുഷ്യരാകുന്നു. അതാണ് ചാരുവിനും സംഭവിച്ചത്. അവൾ പുറത്തു കൂട്ടുകാരുമായി അടിച്ചുപൊളിക്കുന്ന നല്ല കൂട്ടുകാരി, ജോലിസ്ഥലത്തു സത്യസന്ധയായ സർക്കാരുദ്യോഗസ്ഥ, വൃദ്ധസദനങ്ങൾ സന്ദർശിക്കുമ്പോൾ ഒരു തികഞ്ഞ മനുഷ്യസ്നേഹി. പക്ഷെ വീടിനുള്ളിൽ വന്നാൽ ഒരു നല്ല മകളോ നല്ല ഭാര്യയോ നല്ല അമ്മയോ ആയിരുന്നില്ല. ഒരുകാലത്തും ആയിരുന്നില്ല. ബന്ധുക്കളോട് മാത്രം അടങ്ങാത്ത പക. അതൊരു മാനസിക പ്രശ്നമാണ്. എനിക്കും ഉണ്ട് കുറെയൊക്കെ, അമ്മയുടെ ബന്ധുക്കളോട്. പക്ഷെ അമ്മയെ മാത്രമെങ്കിലും സ്നേഹിക്കുന്നുണ്ടല്ലോ… അങ്ങനെയൊരാശ്വാസമുണ്ട്.

അമ്മയെ അവൾ ‘തള്ള’യെന്നു വിളിച്ച വഴക്കിനുശേഷം അവൾ പിരിയാനുള്ള തീരുമാനമെടുത്തു. ഇനി അങ്ങോട്ടുള്ള ജീവിതത്തിൽ എന്ത്ചെയ്യണമെന്ന് ആലോചിക്കുന്നെന്ന് എന്നോടവൾ പറഞ്ഞു. വീട്ടിൽ കിടക്കുന്ന സാധനങ്ങൾ മാറ്റിത്തരാം എന്ന് പറഞ്ഞശേഷം എന്നെയവൾ ഒരുപാടു ശപിച്ചു. നിന്റെ ജീവിതത്തിൽ ഇനിയാരും വരില്ല ശിവാ… ഒരു പെണ്ണും നിന്നെ സ്നേഹിക്കില്ല …” എന്നൊക്കെ . പക്ഷെ അവളുടെ വാക്കുകൾ ഫലിച്ചില്ല. പിന്നെയും അഞ്ചാറുപേർ കടന്നുവന്നു. ഞാനാരെയും സ്വീകരിച്ചില്ല. ഇനി സ്വീകരിക്കുകയുമില്ല. ഒറ്റയ്ക്കുള്ള ജീവിതത്തേക്കാൾ മഹത്തരമായി ഒന്നുമില്ലെന്ന്‌ അറിയുന്നു. മനഃസമാധാനത്തിന്റെ ലോകം അതാണ്. കാരണം എനിക്കും ഒരുപാടു കുറവുകളുണ്ട്. കുറവുകൾ കൂട്ടാനുള്ളവരെയല്ല, അവയെ മായ്ക്കാനുള്ളവരെയാണ് എനിക്കും ആവശ്യം. അങ്ങനെയൊരു ദിവസം രാത്രിയിൽ അവൾ  കൂട്ടുകാരിയുമൊന്നിച്ചു വീട്ടിൽ വന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ഭീകരമായ രാത്രി.

10 
ആ ദിവസം വൈകുന്നേരം ചില ശാരീരികാസ്വസ്ഥതകളെ തുടന്ന് വീടിനടുത്തുള്ള ഒരു ഡോക്ടറെ കാണാൻ ഞാനും അമ്മയും പോയിരുന്നു. ചില ടെസ്റ്റ് റിസൾട്ടുകളും കാണിക്കേണ്ടതുണ്ടായിരുന്നു. രക്താതിസമ്മർദ്ദം നന്നേ കൂടിയതിനാൽ കുറച്ചുദിവസമായി അമ്മയ്ക്ക് തലപെരുപ്പ് ഉണ്ടായിരുന്നു. അതിന്റെ തലേദിവസം ഞാനില്ലാത്ത സമയത്തു സുഹൃത്ത് ഷിലിനും മഹേഷും വീട്ടിലെത്തി അമ്മയെ ആശ്വസിപ്പിച്ചിരുന്നു. കുറെ നിർദ്ദേശങ്ങളും നൽകി അവർ മടങ്ങി. എന്റെ വിവാഹജീവിതം ഏറെ ആഗ്രഹിച്ച ഒരു സുഹൃത്തായിരുന്നല്ലോ ഷിലിൻ. ഞാൻ ഇത്തരം അബദ്ധങ്ങളിൽ ചെന്നുചാടുമ്പോൾ പലപ്പോഴും അവൻ ശകാരിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നല്ലോ. മഹേഷ് പലപ്പോഴും തമാശയുടെ ഭാവത്തിൽ ഷിലിനോട് പറയുമായിരുന്നു, “ഈ ശിവയ്ക്കു എഴുതാൻ മാത്രമേ ബുദ്ധിയുള്ളൂ അല്ലെ ? അതൊന്നും ജീവിതത്തിൽ കണ്ടിട്ടില്ല”.

ഡോക്ടറെ കണ്ടിട്ട് ഞങ്ങൾ വീട്ടിലെത്തി. ഞാൻ കമ്പ്യൂട്ടറിലെന്തൊക്കെയോ നോക്കിയിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ് ചാരുവും കൂട്ടുകാരിയും വീട്ടിലെത്തിയത്. അവർ വന്നയുടനെ സാധനങ്ങൾ കെട്ടിപ്പെറുക്കാൻ ആരംഭിച്ചു. ഞാനും അമ്മയും മുഖാമുഖം നോക്കി വെറുതേ ഇരുന്നു.

സാധനങ്ങളിൽ അവളുടെ പുസ്തകശേഖരമായിരുന്നു പ്രധാനപ്പെട്ടത്. വളരെ വിലമതിക്കുന്ന ഗ്രന്ഥശേഖരം തനിക്കുണ്ടായിരുന്നെന്നും പകുതിയിലേറെ മുൻഭർത്താവിന്റെ വീട്ടിൽ ആയിപ്പോയെന്നും ഇനിയതു തിരിച്ചുകിട്ടില്ലെന്നും എന്നോട് പറയുമായിരുന്നു. ഒരിക്കൽ നീയെന്നെ വെളിയിലാക്കിയാലും ഈ പുസ്തകങ്ങളെങ്കിലും എനിക്ക് തരണേടാ എന്നും തമാശയ്ക്കു പറഞ്ഞിരുന്നു. ഏതുതരത്തിലായാലും അത് അറംപറ്റിയെന്നു ഞാനോർത്തു

അതുകൊണ്ടുതന്നെ അവൾ സാധനങ്ങളെടുക്കാൻ വന്നാൽ ആ പുസ്തകങ്ങളാകും ആദ്യം എടുക്കുക എന്നും അറിയാമായിരുന്നു. വേണമെങ്കിൽ എനിക്കവിടെ ഒരു കളികളിക്കാമായിരുന്നു. അവളുടെ വാക്കുകേട്ടു ഓരോന്നുകാണിച്ചതും ആ സാധനങ്ങൾ അവിടെനിന്നും എത്തിച്ചതും എല്ലാം ചേർത്ത് നോക്കിയാൽ ഒരു ലക്ഷത്തിലേറെ രൂപ ഞാൻ നശിപ്പിച്ചിരുന്നു. പകുതിജീവിതം അവളുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ അമ്പതിനായിരം രൂപയെങ്കിലും തന്നിട്ട് സാധനമെടുത്താൽ മതിയെന്ന് പറഞ്ഞു അവളെ വീട്ടിൽ കയറ്റാതിരിക്കാമായിരുന്നു. ഒരു ഭിക്ഷ പോലെ ആ സാധനങ്ങൾ എടുക്കാനനുവദിച്ചു ഞാൻ മനഃപൂർവ്വം അവിടെ സ്വയം മഹത്വവത്കരിക്കുകയായിരുന്നു ഉണ്ടായിരുന്നത്. അല്ലെങ്കിലും ആരുടെയും സാധനങ്ങൾ നമുക്കുവേണ്ടന്നും അവൾ ജോലിചെയ്തുവാങ്ങിയത് അവൾ തന്നെ കൊണ്ടുപോട്ടെയെന്നും അമ്മയും പറയുമായിരുന്നു.

വീട്ടിൽ അതൊക്കെ അരങ്ങേറുമ്പോൾ, ഇപ്പൊ വരാമെന്നു അമ്മയോട് പറഞ്ഞു ഞാൻ റോഡിലേക്കിറങ്ങി. പരിചയമുള്ള ഒരു ഓട്ടോ പിടിച്ചു ചുമ്മാ നഗരത്തെരുവിലൂടെ ചുറ്റിയടിച്ചു. പേട്ടയിലും പാളയത്തും സ്റ്റാച്യൂവിലും ഓവർ ബ്രിഡ്ജിലും കിഴക്കേക്കോട്ടയിലും കിള്ളിപ്പാലത്തിലും …. അങ്ങനെ അവളുടെ കൈപിടിച്ചുകൊണ്ടു നടന്ന സ്ഥലങ്ങളിലൂടെയെല്ലാം കറങ്ങി. പാളയം അണ്ടർപാസ്സിലൂടെയും സഞ്ചരിച്ചു. കാൽനടയാത്രക്കാരെ അനുവദിക്കാത്ത അണ്ടർപാസ്സിലൂടെ നടന്നായിരുന്നു ഓണംഘോഷയാത്ര കണ്ടിട്ട് അന്നു ഞാനും ചാരുവും പാളയംഭാഗത്തേയ്ക്കു പോയിട്ട്  വീട്ടിലേക്കു നടന്നത്. എന്റെ കൈകോർത്തുപിടിച്ചു അവൾ അണ്ടർപാസ്സ് റോഡിലെ ഇടുങ്ങിയ ഓടയ്ക്കു മുകളിലൂടെ റെയിൽവേ പാളത്തിലൂടെയെന്നപോലെ ബാലൻസ്‌ചെയ്തു നടന്നത് ഞാനോർത്തു.

നെടുവീർപ്പുകളുടെ ഘോഷയാത്രയ്‌ക്കൊടുവിൽ ബേക്കറിയിലെ പ്രിൻസ് ബാറിനുമുന്നിൽ ഓട്ടോനിന്നു. അവിടെ കയറി വേഗത്തിൽ മൂന്നു പെഗ്ഗുമടിച്ചു ഞാൻ അതെ ഓട്ടോയിൽ വീട്ടിലെത്തി. അവർ സാധനങ്ങൾ പെറുക്കി കഴിഞ്ഞിരുന്നില്ല. തത്കാലം ചെറിയ സാധനങ്ങൾ മാത്രമേ കൊണ്ടുപോകുന്നുള്ളൂ എന്നും മറ്റുള്ളവ രണ്ടുദിവസത്തിനകം വന്നു മാറ്റാം എന്നും അമ്മയോട് പറഞ്ഞത്രേ. ‘ചെറിയ സാധനവും… വലിയ സാധനവും….’ എന്ന് പിറുപിറുത്തുകൊണ്ട് ഞാൻ ഉള്ളുകൊണ്ടു ചിരിച്ചു. ഏറ്റവും വിലമതിക്കുന്നവ എല്ലാം മാറ്റുകയും മറ്റുള്ള പഴകിയ ചില സാധനങ്ങൾ അവിടെ ഉപേക്ഷിച്ചു പോകാനുമായിരുന്നു പ്ലാൻ. അല്ലെങ്കിൽ പഴയ സാധനങ്ങൾ എന്റെ തലയിൽ കെട്ടിവയ്ക്കുക.

എല്ലാം കെട്ടിപ്പെറുക്കി വാഹനത്തിൽ കയറ്റിവിട്ടിട്ടു അവൾ പോകാനിറങ്ങി. ഒരു ജീവിതം അവസാനിപ്പിച്ചിട്ടു അവൾ പോകാൻ നിൽക്കുന്ന കാഴ്ച എന്റെ ഹൃദയത്തെ വെട്ടിനുറുക്കി.

“എന്താ ചാരൂ.. എന്നോടും അമ്മയോടും ഒന്നും മിണ്ടാതെ പോകുകയാണോ നീ…. ”
(സങ്കടഭാരത്തോടെ ഞാൻ ചോദിച്ചു)

“പോകുന്നു ശിവാ…അമ്മാ ഞാൻ പോകുന്നു ..”
(ഇപ്പൊ പെയ്തിറങ്ങും എന്ന മുഖഭാവത്തോടെ അവൾ എന്നെയും അമ്മയെയും മാറിമാറി നോക്കി പറഞ്ഞൊപ്പിച്ചു )

അവൾ പുറത്തേക്കിറങ്ങിപോയി.

‘അമ്മ മുകളിലേക്കുനോക്കി കൈകൂപ്പിക്കൊണ്ട്   “അങ്ങനെ എല്ലാംപോയി…. ” എന്ന് പറഞ്ഞുകൊണ്ട് കുനിഞ്ഞിരുന്നു കരയാൻ തുടങ്ങി. താമസം തുടങ്ങിയ സമയത്തു സൗകര്യങ്ങൾ ഒട്ടുംഇല്ലാതിരുന്നതുകൊണ്ടു നമ്മൾ മൂവരും നിലത്തു ഒരുമിച്ചിരുന്നു ആഹാരം കഴിച്ചതും ബാൽക്കണിയിലിരുന്ന് റോഡിലെ തിരക്കുകളാസ്വദിച്ചു ചായകുടിച്ചതും നർമ്മസംഭാഷണങ്ങളിൽ ഏർപ്പെട്ടതും സായാഹ്നങ്ങളിൽ പുറത്തു കറങ്ങാൻ പോയതും … സിനിമയിലെ ഫ്‌ളാഷ് ബാക്കെന്നപോലെ അമ്മയിലൂടെ കടന്നുപോയിരിക്കാം. അവരുടെ ജീവിതത്തിലെ സന്തോഷനിമിഷങ്ങളായിരുന്നു ആ ഹ്രസ്വകാലം. കാലിയായ വീടിനെ നോക്കി ‘അമ്മ അലമുറയിടാൻ തുടങ്ങി. വീടിന്റെ ഓരോ മുക്കുംമൂലയും അമ്മയെയും എന്നെയും വേട്ടയാടിക്കൊണ്ടിരുന്നു.

എന്റെയും ചാരുവിന്റെയും കിടപ്പുമുറിയിലെ വിശാലമായ കട്ടിൽ ഒരു ദുരന്തനാടകം തീർന്ന വേദിപോലെ മൂകമായിക്കിടന്നു. അവളുടെ മണം ആ മുറിയിലാകെ നിറഞ്ഞുനിന്നിരുന്നു. ഒന്നും പറയാനാകാതെ ഞാൻ ഹാളിൽ ഉലാത്തിക്കൊണ്ടിരുന്നു. എന്നിട്ടു ബെഡ്റൂമിലേക്ക് കയറി. ഈ നാടകം ഇവിടെ അവസാനിച്ചിരിക്കുന്നെന്നു മനസ്സിൽ പറഞ്ഞുകൊണ്ട് ജനാലപ്പാളികൾ അടയ്ക്കാൻ കർട്ടൻ നീക്കി. അന്നൊരു പനിക്കാലത്തു അവൾ കുടിച്ചിട്ട് വച്ച കഷായക്കുപ്പി അവിടിരിക്കുന്നു . അതിൽ കാൽഭാഗത്തോളം കഷായമുണ്ടായിരുന്നു. അത് വിഷമായിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു. ജീവിതത്തിന്റെ മധുരത്തിലേക്കു ആ കഷായം ഒരു സുനാമി പോലെ അടിച്ചുകയറി. ഞാൻ ജാലകങ്ങൾ അടച്ചു. ഇരുട്ടത്തുനിന്നു കണ്ണുകൾ തുടച്ചിട്ടു ഹാളിൽ നിലത്തിട്ടിരുന്ന മെത്തയിൽ ചെന്നുവീണു. വെളിച്ചത്തിൽ നിന്നും ഓടിയൊളിക്കാതെ ‘അമ്മ കണ്ണുകൾ അടച്ചു ദുഖത്തെ ധ്യാനിച്ചിരിക്കുന്നു. മൗനത്തിന്റെ ഭീകരാക്രമണത്തിൽ  ഒരായിരം വെടിയുണ്ടകൾ ഞങ്ങളുടെ ഹൃദയങ്ങളിൽ തുളച്ചുകയറി.

മനസ്സിൽ നിലവിളിച്ചുകൊണ്ട് വേദനയോടെ ഞാൻ അവിടെ നിന്നെഴുന്നേറ്റു ടെറസിനു മുകളിലേക്ക് ഓടികയറി. വല്ലാത്തൊരാർത്തിയോടെ ചാരുവിനെ ഫോൺ ചെയ്തു. അവൾ ഫോണെടുത്തു. സാധനങ്ങൾ ഇറക്കുന്നെന്നും അവർക്കു കാശുകൊടുക്കണമെന്നും കുറച്ചുകഴിഞ്ഞിട്ടു വിളിക്കാമെന്നും പറഞ്ഞു കട്ടുചെയ്തു.

ഞാൻ വീണ്ടും അമ്മയ്ക്കരികിലെത്തി. കുറച്ചുകാലങ്ങളിലെ ജീവിതം നമ്മൾ  അയവിറക്കി. എന്തുസന്തോഷമായിരുന്നു ആദ്യമൊക്കെ…എല്ലാം പോയി… എന്ന് ‘അമ്മ നെടുവീർപ്പിട്ടുകൊണ്ടിരുന്നു. അവൾ സാധനമെടുക്കുമ്പോൾ ഞാൻ പുറത്തുപോയ സമയത്തു ‘അമ്മ രണ്ടു ബുദ്ധിമോശം പ്രവർത്തിച്ചിരുന്നു. അതിലൊന്ന്, ചാരു അമ്മയ്ക്ക് മേടിച്ചുകൊടുത്ത ഓണക്കോടി തിരിച്ചു അവൾക്കു കൊടുക്കാൻ ശ്രമിച്ചതാണ്.  അവളുടെ ഗ്രന്ഥങ്ങളിരുന്ന ഷെൽഫിൽ ആ സാരി ഇരിക്കുന്നതുകണ്ടു ഞാൻ ചോദിച്ചപ്പോൾ ”അമ്മ തന്നെയാണ് അത് പറഞ്ഞതും.. അങ്ങനെ പ്രവർത്തിക്കുമെന്ന് ‘അമ്മ നേരത്തെ എന്റെകൂടെ പറഞ്ഞിരുന്നു. ഒരിക്കലും അതുചെയ്യരുതെന്നു ഞാൻ അമ്മയെ കർശനമായി വിലക്കിയിരുന്നു. എന്നിട്ടും വൈകാരികതയിൽ അമ്മയതു പ്രവർത്തിച്ചു.

“എന്തിനാണമ്മാ…അങ്ങനെ ചെയ്തത്. അത് മേടിച്ചുതരുമ്പോൾ അവളുടെ സന്തോഷം ഞാൻ കണ്ടതാണ്. ഒരിക്കലും സമ്മാനങ്ങൾ തിരിച്ചുകൊടുക്കരുത്. എത്രവലിയ ശത്രുവായാലും മനസുവേദനിക്കും. അങ്ങനെ ചെയ്യരുതെന്ന് ഞാൻ പറഞ്ഞതല്ലേ… എന്നിട്ടും ചെയ്തല്ലോ…..”

ഞാൻ അമ്മയെ കുറ്റപ്പെടുത്തി.
അമ്മയൊന്നും മിണ്ടിയില്ല. ആ കാളരാത്രി ഇഴഞ്ഞുനീങ്ങുകയായിരുന്നു. അതിനിടയിൽ ഞാൻ ആരോടൊക്കെയോ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു.

പതിനൊന്നു മണിയോടടുത്തപ്പോൾ ചാരു എന്നെ വിളിച്ചു. അവളോട് രഹസ്യമായി സംസാരിക്കാൻ ഞാൻ വീണ്ടും ടെറസിനു മുകളിലേക്ക് കയറി. സാധനങ്ങൾ എവിടേക്കാണ് കൊണ്ടുപോയതെന്നു ഞാൻ ചോദിച്ചു. തത്കാലം അവയൊക്കെ സൂക്ഷിക്കാൻ ഒരുവീടിന്റെ ചെറിയൊരു ഭാഗം വാടകയ്‌ക്കെടുത്തെന്നും നീ വീടൊഴിയാൻ പോകുമ്പോൾ ഞാൻ മറ്റെന്തു ചെയ്യണമെന്നും അവൾ ചോദിച്ചു.

അവളോട് തിരിച്ചുവരാൻ ഞാൻ യാചിച്ചു.

‘എന്തിനാ ശിവാ ഇനിയും വഴക്കിടാനാണോ. എന്റെ സ്വസ്ഥത മുഴുവൻ നഷ്ടപ്പെട്ടു. ഇനിയെന്തിനാണ്..?. ”

“ചാരൂ, പരസ്പരം അഡ്ജസ്റ്റ് ചെയ്താൽ മുന്നോട്ടുപോകാവുന്നതേയുണ്ടായിരുന്നുള്ളൂ. എന്റെ അവസ്ഥകൾ നിനക്കറിയുന്നതല്ലേ… എനിക്ക് സ്നേഹം വേണം. ”

“ശിവാ… നിന്റെ കൂടെ നിൽക്കുന്നൊരു പെണ്ണ് വന്നാൽ നിന്റെ പ്രശ്നങ്ങൾ മാറും. എന്നാൽ ഒരു കുടുംബജീവിതം ഉൾക്കൊള്ളാൻ പറ്റാത്ത തരത്തിൽ ഞാൻ മാറിപ്പോയി. എന്നെ ഞാനെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കിൽ ….”

“എന്റെ സ്വഭാവത്തിനും ഒരുപാടു കുറവുകൾ ഉണ്ട് ചാരൂ. നിന്നെ സ്വീകരിക്കാനെടുത്ത തീരുമാനം ഒരു എടുത്തുചാട്ടമാണ് .അതാണ് എന്റെ പ്രശ്നം. അതു നിന്നേയുംകൂടി കഷ്ടത്തിലാക്കി.”

“എത്രവേണമെങ്കിലും കാത്തിരിക്കാമായിരുന്നല്ലോ നിനക്കായി ഞാൻ. എന്തിനാണ് ശിവാ എന്നിട്ടും വാക്കുകൾ കൊണ്ടെന്നെ മുറിവേൽപ്പിച്ചത് ?”

“വിരസത താങ്ങാനായില്ല ചാരൂ. പ്രതീക്ഷിച്ചതിനു വിപരീതമായ ജീവിതം എന്നെ തളർത്തിക്കളഞ്ഞു . എനിക്ക് പ്രായോഗികജീവിയാകാൻ സാധിക്കില്ല ചാരൂ. ഇങ്ങനെ ലാഘവത്തോടെ ജീവിക്കുന്നതിൽ എന്താണ് കുഴപ്പം. നമുക്ക് വേറാരും ഇല്ലല്ലോ . നിന്റെ കുറ്റപ്പെടുത്തലുകൾ, പരാതികൾ..എനിക്ക് എന്നോട് തന്നെ പുച്ഛം ഉണ്ടാക്കി ”

“അത് നിന്നെ ഉത്തരവാദിത്തമുള്ള ഒരാളാക്കാൻ ആയിരുന്നില്ലേ ശിവാ ”

സംസാരത്തിനിടയിൽ എപ്പോഴോ അവളുടെ നിയന്ത്രണം വിട്ടു. അവൾ ഉച്ചത്തിൽ ആർത്തലച്ചു കരയാൻ തുടങ്ങി. ഞാൻ വിലക്കിയിട്ടും ഏതാണ്ട് പത്തു മിനിറ്റോളം നിർത്താതെയവൾ  കരഞ്ഞുകൊണ്ടിരുന്നു. അവൾക്കൊപ്പം എന്റെയും അണപൊട്ടി. വിജനമായിക്കഴിഞ്ഞ നഗരവീഥിയുടെ പാർശ്വത്തിൽ സ്ഥിതിചെയ്യുന്ന വീടിന്റെ മുകളിൽ നിന്ന് ഞാനും പെയ്തിറങ്ങി. സ്വപ്നംകണ്ട ഒരു ജീവിതത്തിന്റെ തകർച്ച ഇടിവെട്ടി പെയ്തുകൊണ്ടിരുന്നു. എന്നിലെ പുരുഷന്റെ വമ്പും ഹുങ്കും എവിടേക്കോ ഒലിച്ചുപോയി. കരഞ്ഞുകൊണ്ടുതന്നെ ഞാനവളെ മടക്കിവിളിച്ചു.

നമ്മൾ താമസിച്ച വീട് കൊള്ളില്ലെന്നും വല്ലാത്തൊരു നെഗറ്റിവ് എനർജിയാണ് അവിടെയെന്നും അങ്ങോട്ടേയ്ക്കിനി ഇല്ലെന്നും മറ്റൊരു വീട് എടുത്താൽ അവിടേയ്ക്കു മാറാമെന്നും അവൾപറഞ്ഞു.

(അവൾ അന്നുതന്നെ സാധനമെടുക്കാൻ ഒരു കാരണമുണ്ടായിരുന്നു. തലേദിവസം ഞാനും അവളുമായുള്ള സംസാരത്തിൽ, എപ്പോഴും എന്നെ കുത്തിവേദനിപ്പിക്കാൻ അവൾ പറയുന്ന വാചകം ആവർത്തിച്ചു.
“നിന്റെകൂടെ ഒരു പെണ്ണും നിൽക്കില്ല ശിവാ..നിന്റെ സ്വഭാവംകാരണം”
ഒരുപാടുതവണ അവളിൽ നിന്നും അതുകേട്ടിട്ടും മറുപടി പറയാത്ത ഞാൻ അന്ന് പ്രതികരിച്ചു.

” നിന്റെ കൂടെ ജീവിച്ച പുരുഷൻമാർ ഉപേക്ഷിച്ചുപോയതിൽ അപാകതയൊന്നും ഞാൻ കാണുന്നില്ല , എന്നാൽ നിന്റെ അമ്മയും നിന്റെ മകളും നിന്നോടൊപ്പമുണ്ടോ ? എന്നെ ഉപേക്ഷിച്ചുപോയതു അന്യസ്ത്രീകൾ അല്ലെ ..അവരെന്റെ ഭാര്യമാർ പോലുമല്ല. എന്റെ കുറ്റംപറയുന്ന നിന്റെകൂടെ ഇന്നാരൊക്കെയുണ്ട് ? ഒരാളെയും അവരുടെ ‘അമ്മ ഉപേക്ഷിക്കില്ല. നിന്റെ കാര്യത്തിൽ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു….?”

എന്റെ ഈ മറുപടി ചരുവിനെ ഒന്നുലച്ചു. ‘അമ്മ പോലും ഉപേക്ഷിച്ചു പോയ ഒരുത്തിക്കു കാര്യമായ എന്തോ തകരാറുണ്ട് . അതുകൊണ്ടു ഇനിയുള്ള ജീവിതം ഒറ്റയ്ക്കുമതി എന്ന് തീരുമാനിച്ചതുകൊണ്ടാണത്രേ സാധനം പെറുക്കി എത്രയുംവേഗം എന്നിൽനിന്നും അകന്നു മാറാനുള്ള തീരുമാനമെടുത്തത്.

എന്റെ ജേർണലിസ്റ്റ് സുഹൃത്തായ ഡിന്നിസത്യൻ, അവളെന്നോട് ആയിടെയും പറഞ്ഞിരുന്നു ചാരുവിനു ഈ ജീവിതവുമായി ഒന്നു പൊരുത്തപ്പെടാൻ സമയം കൊടുക്കണമെന്ന്. എന്നാൽ ചാരു മറ്റുസ്ത്രീകളെ പോലെ അല്ലെന്നു ഞാൻ മനസിലാക്കിയിട്ടു ഏറെ ദിവസങ്ങൾ കഴിഞ്ഞിരുന്നു. ഞാൻ സ്നേഹത്തോടെ പറയുന്നതിൽ പോലും ആണധികാരത്തിന്റെ ഹുങ്കായിരുന്നു അവൾ വായിച്ചെടുത്തത്. ആ വീട്ടിൽ അമ്മയ്ക്കും എനിക്കും മുകളിലായിരുന്നു അവൾക്കു സ്ഥാനം, എന്നിട്ടും അവളതു മനസിലാക്കിയില്ല. ഏകാന്തതയുടെ ബോംബുകളിട്ടു അവളെന്റെ ഹൃദയത്തെ അത്രമാത്രം ശിക്ഷിച്ചിരുന്നു. എന്റെയുള്ളിലെ നിറങ്ങളെ പോലും അവൾ മായ്ചുകളഞ്ഞിരുന്നു. )

ഇനി കാര്യത്തിലേക്കുവരാം

മറ്റൊരുവീടെടുത്തൽ കൂടെവരാമെന്നു അവൾ പറഞ്ഞതുകേട്ടപ്പോൾ വല്ലാത്തൊരു ആശ്വാസംതോന്നി. ആ രാത്രിയിൽ ഞങ്ങൾ രണ്ടുമണിക്കൂറിലേറെ ഫോണിൽ സംസാരിച്ചു. എന്നെ കാണാഞ്ഞിട്ട് ‘അമ്മ ടെറസിലേക്കു കയറിവന്നു. താഴേയ്ക്ക് വരാമെന്നു ഞാൻ കൈകൊണ്ടു ആംഗ്യംകാണിച്ചു, ‘അമ്മ തിരിച്ചുപോയി.

ഞാനും ചാരുവും ഞങ്ങളുടെ ജീവിതം ഓരോന്നും ഓർത്തെടുത്തു സംസാരിച്ചു.

അന്ന് വൈകുന്നേരം ഞാൻ ഓട്ടോയിൽ നമ്മൾ നടന്ന വഴിയിലൂടെയൊക്കെ പോയതും നമ്മൾ ജ്യൂസ് കുടിച്ച കടകളും ആഹാരം കഴിച്ച ഹോട്ടലുകളും ഓണാഘോഷം കണ്ടുകൊണ്ടുനിന്ന സാഫല്യം കോംപ്ലക്‌സിന്റെ രണ്ടാംനിലയും നമ്മൾ സിനിമകണ്ട ശ്രീകുമാർ, ശ്രീപദ്മനാഭ, ഏരീസ് പ്ലക്‌സ്‌, ശ്രീ തിയേറ്ററുകളും …എല്ലാം കണ്ടുകൊണ്ടു നീങ്ങിയതും അവളോട് സംസാരിച്ചു.

“നിന്നോട് ഒരായുസ്സ് മുഴുവൻ ജീവിക്കാൻ ഇറങ്ങി വന്നവളല്ലേ ശിവാ ഞാൻ….”
എന്നുപറഞ്ഞുകൊണ്ടു അവൾ നെടുവീർപ്പിച്ചു

ഫോൺ സംഭാഷണമവസാനിപ്പിച്ചു. ഞാൻ ടെറസിൽ നിന്നും താഴേയ്ക്കിറങ്ങുമ്പോൾ ഒരു പ്രതീക്ഷയും ആശ്വാസവും മനസ്സിൽ കുടിയേറിയിരുന്നു. അമ്മയോടും അതുപറഞ്ഞു. അമ്മയ്ക്കും അല്പം സന്തോഷമായി. ചെറിയ ചെറിയ കാര്യങ്ങൾക്കു ഇങ്ങനെ ചെയ്യേണ്ട ഒരാവശ്യവും ഇല്ലായിരുന്നെന്നു ‘അമ്മ നിഷ്കളങ്കമായി പറഞ്ഞു ചിരിച്ചു.

തൊണ്ടയ്ക്ക് വീക്കവുമായാണ് ചാരു പിറ്റേന്ന് ഉണർന്നതത്രെ. തലേന്ന് രാത്രി തൊണ്ടകീറി കരഞ്ഞത് തന്നെയായിരുന്നു കാരണം. ചെറിയ പനിയും ബാധിച്ചിരുന്നു. അതുകൊണ്ടു ഞാൻ വിളിച്ചപ്പോൾ ഫോണെടുക്കാതെ, സംസാരിക്കാൻ വയ്യെന്ന് മെസഞ്ചറിൽ എഴുതിയിട്ടു. മറ്റൊരു വീടെടുത്താൽ ഒരുമിച്ചു താമസിക്കാം എന്ന അവളുടെ വാക്ക് എന്റെയുള്ളിൽ പ്രതീക്ഷയോടെ കിടക്കുന്നുണ്ടായിരുന്നു.

വീടൊഴിയാൻ പോകുന്നകാര്യം ഞാൻ വീട്ടുടമസ്ഥയോടു സംസാരിച്ചു. അവർക്കു അതത്ര ഇഷ്ടപ്പെട്ടില്ല. വാടകക്കാർ വന്നയുടനെ മാറുന്നത് വീടിനെന്തെങ്കിലും കുഴപ്പമുള്ളതായി ആളുകൾ തെറ്റിദ്ധരിക്കുമെന്നും അഡ്വാൻസ് പൈസ മറ്റൊരു കാര്യത്തിന് മറിച്ചതുകൊണ്ടു പെട്ടന്ന് മടക്കിത്തരുക പ്രയാസമാണെന്നും അവർ പറഞ്ഞു. ആ വിഷയവുമായി ബന്ധപ്പെട്ടു ഞാനും അവരും പരസ്പരം കയർത്തു സംസാരിക്കുകയുണ്ടായി. എന്തായാലും ഈവരുന്ന ഒന്നാംതീയതി തന്നെ മാറുമെന്നും അന്ന് പണം മടക്കിത്തരണമെന്നും കർശനമായി പറഞ്ഞിട്ട് ഞാൻ ഇറങ്ങിപ്പോന്നു. എന്റെ പ്രശ്നങ്ങളൊന്നും അറിയേണ്ട കാര്യമില്ലെന്നും ആ വീട്ടിൽ ഒരുവർഷം തികച്ചു താമസിക്കണമെന്നും ആയിരുന്നു അവരുടെ ആഗ്രഹം. വാടകയില്ലാതെ താമസിക്കാൻ അനുവദിക്കുമെങ്കിൽ എനിക്ക് പ്രശ്‌നമില്ലെന്ന് പറഞ്ഞതായിരുന്നു അവരെ പ്രകോപിപ്പിച്ചത്. അഡ്വാൻസ് തുക തീരുന്നതുവരെ,അതായതു അഞ്ചാറുമാസം താമസിച്ചുകൊള്ളാൻ അവർ പറഞ്ഞു. പറ്റില്ല, ആ പണം കൊണ്ട് എനിക്ക് വേറെ ആവശ്യമുണ്ടെന്നു ഞാനും പറഞ്ഞു.

രണ്ടുദിവസത്തിനുശേഷം ചാരു വീണ്ടുംവാക്കുമാറി. ഇനിയുള്ള ജീവിതം ഒറ്റയ്ക്ക് ചിലവഴിക്കാൻ ആണ് താത്പര്യമെന്നും ആരുംകൂടെ വേണ്ടെന്നുമാണ് അവസാനതീരുമാനമെന്നും അഗതികളെ ശുശ്രൂഷിക്കാൻ പോകുന്നെന്നും മനുഷ്യസേവനത്തിനു ജീവിതം ഉഴിഞ്ഞുവയ്ക്കാൻ പോകുന്നെന്നും എന്നോട് പറഞ്ഞു. ആ തീരുമാനത്തിൽ എനിക്ക് ഞെട്ടലൊന്നും ഉണ്ടായില്ല. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്ന് എനിക്കും ബോധ്യമായിരുന്നു. വീണ്ടും ജീവിതവാഗ്ദാനം നടത്തിയിട്ടു പിന്മാറാൻ ഒരുകാരണം അവൾക്കുണ്ടായിരുന്നു. അതായിരുന്നു ‘അമ്മ കാണിച്ച രണ്ടാമത്തെ ‘ബുദ്ധിമോശം’.

ചാരു വീട്ടിൽനിന്നും സാധനം കെട്ടിപ്പെറുക്കിയ ആ രാത്രി ‘അമ്മ നിയന്ത്രണം വിട്ടു അവളോട് യാചിക്കുകയും പോകരുതെന്ന് കാലുപിടിക്കുകയും ചെയ്തു. ആ സമയം ഞാനവിടെ ഇല്ലായിരുന്നല്ലോ. അമ്മയുടെ അപേക്ഷകൾ ചെവിക്കൊള്ളാതെ എന്നെ കുറ്റംപറഞ്ഞുകൊണ്ടിരുന്ന അവളോട് അമ്മയ്ക്ക് പിന്നെ ദേഷ്യമായി. അത് ചെറിയൊരു വഴക്കിൽ കലാശിച്ചു. പെറ്റമ്മയുടെ വിലയറിയാത്ത നിനക്ക് എന്റെ കണ്ണീരിന്റെ വില മനസിലാകില്ലെന്ന് ‘അമ്മ അറിയാതെ പറഞ്ഞുപോയി. അതാണ് അവളെ ചൊടിപ്പിച്ചതത്രെ.
അവളുടെ കൂട്ടുകാരിയേയും ‘അമ്മ എന്തോ പറഞ്ഞത്രേ. ഇക്കാര്യം ചോദിയ്ക്കാൻ മറ്റൊരുദിവസം കൂട്ടുകാരി എന്നെവിളിച്ചു വഴക്കുകൂടുകയുണ്ടായി. എനിക്ക് നിങ്ങളുടെ ജീവിതത്തിൽ ഉത്തരവാദിത്തം ഇല്ലെന്നും ഞാൻ പറഞ്ഞിട്ടാണോ നിങ്ങൾ അടുത്തതെന്നും ചോദിച്ചുകൊണ്ട്
ആ സ്ത്രീ ക്ഷോഭിച്ചു. എന്തായാലും അന്നേരം ഞാൻ അവളോട് വഴക്കിടാൻ പോയില്ല.

തന്റെ വാക്കുകളാണ് അവസാനപ്രതീക്ഷയും ഇല്ലാതാക്കിയതെന്ന തിരിച്ചറിവിൽ ‘അമ്മ തീവ്രമായി ദുഖിച്ചു. അവർ പലദിവസങ്ങൾ വീട്ടുപരിസരത്തെ ക്ഷേത്രങ്ങളിൽ പോയിരുന്നു കരയുകയുണ്ടായി. അമ്മയുടെ ആ മൂഡ് മാറിക്കിട്ടാൻ, പെൻഷൻവാങ്ങാൻ തിരുവനന്തപുരത്തേയ്ക്കുവന്ന വല്യമ്മയുടെ കൂടെ അമ്മയെ എറണാകുളത്തേയ്ക്കു അയച്ചു. ഒന്നാംതിയതി കൗമുദിയിൽ നിന്നും ഇറങ്ങിപ്പോകാനും തീരുമാനിച്ചു. എന്നാൽ വീടുമാറുമ്പോൾ ശേഷിക്കുന്ന കുറെ സാധനങ്ങൾ അവിടയുള്ളത് ഒരു തടസമായതിനാൽ ഞാൻ ചാരുവിനോട് അത് മാറ്റിത്തരാൻ ആവശ്യപ്പെട്ടു. അവളെന്റെ ചാറ്റിൽ ഇങ്ങനെ കുറിച്ചു

ചാരു :
“സാധനങ്ങൾ എടുത്തു മാറ്റാൻ വരുമ്പോൾ വീണ്ടും ശിവയുടെ അമ്മയുടെ വക പെർഫോമൻസ് ഉണ്ടാവുമെങ്കിൽ സാധനങ്ങൾ എടുക്കണ്ട എന്ന് തീരുമാനിക്കേണ്ടി വരും. കാരണം അതെടുപ്പിക്കാൻ കൊണ്ടുവരുന്ന ആളുകളുടെ മുന്നിൽ എനിക്ക് നാണം കെടാൻ പറ്റില്ല…പണത്തേക്കാൾ എനിക്ക് വലുത് മനഃസമാധാനമാണ് ശിവാ. അന്ന് എന്റെ കൂടെ എനിക്കൊരു താങ്ങായി വന്നതാണ് എന്റെ കൂട്ടുകാരി അവളും കുറെ അധിക്ഷേപം കേൾക്കേണ്ടി വന്നു. എന്നെ പറഞ്ഞത് സഹിക്കാം പക്ഷേ ഇതുമായി ഒരു ബന്ധവും ഇല്ലാത്ത അവൾ എന്തിനാണ് വെറുതേ”

അമ്മ അന്ന് എന്തോ പറഞ്ഞെന്നു ഞാനറിഞ്ഞത് അവളുടെ ഈ ചാറ്റിലൂടെയായിരുന്നു

ഞാൻ :
“അന്ന്… മറ്റൊരു വീട് എടുക്കൂ.. ആ വീട് താമസിക്കാൻ കൊള്ളില്ല… അവിടെ ഇരിക്കുന്ന സാധനങ്ങൾ മാറുന്ന വീട്ടിലേക്കു മാറ്റാം എന്നൊക്കെ എന്നോട് പറഞ്ഞിട്ട് തൊട്ടടുത്ത ദിവസം അഭിപ്രായം മാറ്റാൻ എന്താണ് സംഭവിച്ചത് ശ്രീ..? ”

ചാരു : 
“ശിവയുടെ ആ മെയിൽ ഞാൻ വീണ്ടും വായിച്ചു അമ്മയുടെ വാക്കുകൾ അത് വീണ്ടും വായിക്കണം എന്ന് തോന്നിപ്പിച്ചു. അതാണ് ശരി എന്ന് തോന്നി. പെറ്റമ്മ പോലും ഉപേക്ഷിച്ചവൾ ഒറ്റയ്ക്ക് തുടരുന്നതാണ് നല്ലതെന്നു തോന്നി… “

ഞാൻ :
“ഒരു കാര്യത്തിന്റെ അർത്ഥതലങ്ങൾ വ്യാഖ്യാനിച്ചു പ്രശ്നം കലുഷിതമാക്കുക …എന്നാൽ അത് അപ്പറഞ്ഞ സമയത്തു പ്രശ്നമൊന്നും അധികം ഉണ്ടാകുകയും ഇല്ല… ഇതൊക്കെ നമ്മുടെ മനസിന്റെ തോന്നലാ ശ്രീ… കാര്യമൊന്നും ഇല്ല.. ഞാൻ പറഞ്ഞ കാര്യവും അമ്മയുടെ വാക്കുകളും ബന്ധമില്ല… ഞാൻ അമ്മയോട് പലപ്രാവശ്യം ചോദിച്ചു.. ‘അമ്മ ഓരോന്നായി ഓർത്തെടുത്തു പറഞ്ഞു.. അവർ അന്നേരം അത്രമാത്രം തകർന്നു നിന്നപ്പോൾ പറഞ്ഞതാ… ഞാൻ മെയിലിൽ എഴുതിയിട്ട ഒന്നും അമ്മയോട് ഞാൻ ഒരിക്കലും ഡിസ്കസ് ചെയ്തിട്ടില്ല… എന്നാൽ നിന്നെ കുറിച്ചുള്ള കാര്യങ്ങൾ എല്ലാം ഞാൻ അമ്മയോട് പറഞ്ഞിരുന്നു നമ്മൾ താമസം തുടങ്ങുന്നതിനു മുന്നേ…..”

ചാരു :
“ആയിക്കോട്ടെ സന്തോഷമേ ഉള്ളൂ. എന്നെ സ്വന്തം മകളായി കരുതിയിരുന്നെന്ന് ആ നാവുകൊണ്ട് ഇനിയൊരിക്കലും പറയരുതെന്ന് അമ്മയോട് പറയണം”

ഞാൻ :
“പക്ഷെ അവർ നിന്നെയോർത്തു ഇന്നും കരയുകയാണ് എന്നത് ഞാൻ മാത്രം കാണുന്ന സത്യമാണ് ശ്രീ..”

ചാരു :
“വാക്കുകൾ കൊണ്ട് ആരും ആരുടേയും സ്വന്തം ആകില്ല ശിവാ. നിന്റെ ‘അമ്മ കരയുന്നതു എന്നെ ഓർത്തല്ല നീ അവരെ ഉപേക്ഷിച്ചു പോകുന്നതിനാണ്. പറഞ്ഞതൊക്കെ ശിവയുടെ ‘അമ്മ മറന്നിട്ടുണ്ടാവും പക്ഷേ കേട്ട ഞാൻ മറന്നിട്ടില്ല. മറക്കാൻ കഴിയുന്നുമില്ല. ഞാൻ പുസ്തകങ്ങൾ പാക്ക് ചെയ്തുകൊണ്ടിരുന്നപ്പോൾ വന്ന ഫോൺ കാൾ ആരുടേതായിരുന്നു എന്ന് ചോദിക്കൂ. ഫോണിലൂടെ ഉച്ചത്തിൽ എന്നെയും കൂട്ടുകാരിയേയും കുറിച്ച് എന്തൊക്കെയാണ് മറുപടികളായി പറഞ്ഞതെന്നും.”

(കുറച്ചുനേരത്തിനു ശേഷം )

ഞാൻ :
“അമ്മയോട് ആ ഫോൺ സംഭാഷണത്തിന്റെ കാര്യം ഞാൻ ചോദിച്ചു.  ഇളയമാമന്റെ ഭാര്യ വിളിച്ചു . അപ്പോൾ ആണ് ആ സംസാരം ഉണ്ടായതെന്ന് പറഞ്ഞു. ”

“അവളും കൂട്ടുകാരിയും വന്നിരുന്നു സാധനങ്ങൾ പെറുക്കുന്നു. പറഞ്ഞാൽ കേൾക്കില്ലല്ലോ ആരും. ഒരു അമ്മയുടെ വേദന ആർക്കും മനസിലാകില്ല. എനിക്ക് ട്രെയിനിൽ തലവച്ചു ചാകാൻ പറ്റില്ലല്ലോ… മോൻ എന്നെ കളഞ്ഞിട്ടു പോകാൻ പോകുന്നു. ഞാൻ ചത്താൽ പോലും അവൻ വരുമോ എന്തോ… ”

ഈ വാചകം അല്ലാതെ ഒന്നും പറഞ്ഞിട്ടില്ല എന്ന് അമ്മ എന്നെകൊണ്ട് ആണയിട്ടു പറയുന്നു . അമ്മയുടെ വേദന ആർക്കും മനസിലാകില്ല എന്ന വാചകം ആണോ നിനക്ക് തെറ്റിദ്ധാരണ ഉണ്ടാക്കിയത്. അമ്മ അവരെ കുറിച്ച് തന്നെയാണ് പറഞ്ഞതെന്ന് എന്നോട് പറയുന്നു. ”

ചാരു :
“ശിവയുടെ ‘അമ്മ നന്നായി അഭിനയിക്കും എന്ന് ഇപ്പോൾ മനസ്സിലായി.ശരി അതൊക്കെ നിങ്ങൾ അമ്മയും മകനും തമ്മിലുള്ള കാര്യം പറഞ്ഞവർക്ക് മറക്കാം മാറ്റി പറയാം.കേട്ട ഞാൻ മറക്കില്ല”

ഞാൻ :
“അമ്മയും മകനും എന്ന നിലയിൽ ഞാനിതിനെ കാണുന്നില്ല. ഞാനും അവളും എന്തെങ്കിലും കാര്യത്തിന് വഴക്കു കൂടിയാലും അമ്മയതിൽ ഇടപെടരുതെന്ന്  ഞാൻ അമ്മയോട് പലപ്രാവശ്യം പറഞ്ഞിട്ട്ണ്ടായിരുന്നു. നീ കേട്ട കാര്യം മറക്കില്ല എങ്കിൽ നിന്നോട് പറഞ്ഞത് എന്തെന്ന് പറയു..  ഞാൻ അറിഞ്ഞാൽ …അമ്മയെ വഴക്കു പറഞ്ഞിട്ട് ഇറങ്ങിപോകുമോ എന്ന പേടികൊണ്ട് ‘അമ്മ എന്തെങ്കിലും മറച്ചു വയ്ക്കുന്നു എങ്കിൽ നീ എന്നോട് പറയൂ. എന്താണ് പറഞ്ഞതെന്ന് ഞാൻ കൂടി അറിയട്ടെ. ഇനിയിപ്പോൾ പ്രതികരണങ്ങൾക്കു അർത്ഥമില്ല . എങ്കിലും കാര്യം അറിയാൻ ഒരു ആഗ്രഹം.”
 
ചാരു :
“ശിവ പറഞ്ഞതും ചെയ്തതും ശരിയെന്നു ശിവയും അമ്മ പറഞ്ഞത് ശരികൾ മാത്രമെന്ന് അമ്മയും സമർത്ഥിക്കാൻ ശ്രമിക്കുന്നു. ഞാൻ സമർഥിക്കാൻ വരുന്നില്ല ശിവാ. 
 
കൂട്ടുകാരിയും വന്നിട്ടുണ്ട്. എല്ലാറ്റിനും കൂട്ടുനിൽക്കുന്നതു കൂട്ടുകാരിയാണ്. അന്നേ ഞാൻ പറഞ്ഞതാണ് ഇത്രയും പത്രാസുള്ളവരൊന്നും നമുക്ക് ചേരില്ല എന്ന്. അവർക്ക് ഇതൊക്കെ ഒരു രസം. ഇനിയെങ്കിലും വേറൊരാണിനോടെങ്കിലും ഇങ്ങനെയൊന്നും കാണിക്കരുത്. ഇതിന്റെയൊക്കെ പഠിച്ചോളും എന്നോ അനുഭവിച്ചോളും എന്നോ അങ്ങിനെ എന്തോ ഒരു വാക്കാണ് പറഞ്ഞത്. അവൾക്കൊരു കുഴപ്പോം ഇല്ല. ഞാനും എന്റെ മോനും മാത്രം നാണം കെട്ടു. അവർടെ ആർക്കും ഒന്നും അറിയില്ലല്ലോ അവനോടു പറഞ്ഞു എല്ലാരോടും പറഞ്ഞോളാൻ.  അവർക്കൊക്കെ ഇതൊരു രസമാണ് ഒരാണിന്റെ കൂടെ വന്നു താമസിക്കുന്നു. നാല് ദിവസം കഴിഞ്ഞു വേണ്ടെന്നും പറഞ്ഞു പോകുന്നു. ഞാനിതൊന്നും കേട്ടിട്ടില്ലേ ദൈവമേ. അമ്മയുടെ കൂടെ ജീവിക്കുന്നവർക്കല്ലേ അമ്മമാരുടെ വിഷമം അറിയൂ. ഇത് അതൊന്നുമില്ലല്ലോ. അത് കൂട്ടുകാരിയോടും പറയുന്നത് കേട്ടു. അമ്മപോലും കൂടെയില്ലാത്തവർക്കു ഇതൊന്നും മനസിലാകില്ല എന്ന്. ഇതിന്റെയൊക്കെ അനുഭവിച്ചോളും എന്ന് പലതവണ ശാപവാക്കുകൾ പറഞ്ഞു. 
ശിവ വരുന്നതുവരെ ‘അമ്മ സംസാരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ആ വണ്ടിക്കാർ സാധനങ്ങൾ എടുക്കാൻ വീട്ടിനുള്ളിൽ വന്നപ്പോഴും. ശിവ വന്നശേഷം ‘അമ്മ മിണ്ടിയില്ല. അതെന്തുകൊണ്ടെന്നു ഇപ്പൊ മനസ്സിലായി. ഇതൊന്നും പറഞ്ഞിട്ട് നിങ്ങൾക്കിടയിൽ ഈർഷ്യ ഉണ്ടാക്കാനല്ല. ഞാൻ കള്ളം പറയുന്നു എന്ന ധ്വനി വന്നതുകൊണ്ട് പറഞ്ഞതാണ് “.
ഏറ്റവുമൊടുവിൽ ചാരു കുറ്റസമ്മതം നടത്തിക്കൊണ്ടു എന്റെ ചാറ്റിൽ അവസാനമായി ഇങ്ങനെ എഴുതിയിട്ടു
ചാരു :
“ഇനിയും നമ്മൾ ഒരുമിച്ചാൽ ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്ന് പറയുന്ന അവസ്ഥയാകും. കുടുംബം എന്നത് എനിക്ക് ചേരില്ല. അത് ഞാനെങ്കിലും തിരിച്ചറിയണമല്ലോ. നിനക്ക് ചേരുന്ന നീ ആഗ്രഹിക്കുന്ന തരത്തിൽ നിന്റൊപ്പം ജീവിക്കുന്ന ഒരു പെണ്ണിനെ കിട്ടിയാൽ നിനക്ക് സുഖമായി ജീവിക്കാം. എന്റെ ചിന്തകളെയും പെരുമാറ്റങ്ങളെയും ഒരു മാതിരി പുരുഷന്മാർ ആരും accept ചെയ്യാൻ വഴിയില്ല. എന്റെ രീതികളോട് പൊരുത്തപ്പെടാൻ നിനക്കാവില്ല അന്നും ഇന്നും എന്നും.എനിക്ക് ഞാൻ ആവാനും നിനക്ക് നീ ആവനുമേ ആത്യന്തികമായി കഴിയൂ
ബാക്കിയൊക്കെ adjustment ആണ്. ആ adjustment എല്ലാക്കാലവും എല്ലാറ്റിലും നിലനിൽക്കില്ല..”

സത്യത്തിൽ ചാരുവിന്റെ ഈ അവസാന വാക്കുകൾ വായിക്കുന്നതിന് മുമ്പ് പകുതിതെറ്റുകൾ എന്റെ ഭാഗത്തുനിന്നാണെന്നു കുറ്റബോധത്തോടെ കരുതിയിരുന്നു. അത് വായിച്ചപ്പോൾ അഭിപ്രായംമാറി. അവൾക്കു എന്റെ ജീവിതം ഒരു പരീക്ഷണവസ്തു ആയിരുന്നു. തനിക്കു കുടുംബം ചേരുമോ എന്നറിയാൻ പരീക്ഷിച്ച ഗിനിപ്പന്നി ആയിരുന്നു ഞാൻ എന്ന തിരിച്ചറിവിൽ ഞാൻ അറിയാതെ ചിരിച്ചുപോയി .

നവംബർ 29നു അർദ്ധരാത്രി ജോലികഴിഞ്ഞു ഞാൻ വീട്ടിലേക്കു നടക്കുമ്പോൾ പേട്ട ഓവർബ്രിഡ്ജ് തുടങ്ങുന്ന ഭാഗമെത്തി. ഇടതുവശത്തെ വഴിയിലൂടെ പോയാൽ റെയിൽവേസ്റ്റേഷൻ . വലതുവശത്തേയ്ക്കെങ്കിൽ പാലത്തിന്റെ കയറ്റം. എന്തോ ഒരു പ്രേരണയാൽ ഞാൻ ഇടതുവശം തിരഞ്ഞെടുത്തു. അതുവഴി നടന്നാലും പാളം ക്രോസ് ചെയ്തു പേട്ട ജങ്ഷനിൽ എത്താം. ഓവർ ബ്രിഡ്‌ജിന്റെ താഴെ ഒരുപാടുപേർ ആത്മഹത്യ ചെയ്ത ഇടമായിരുന്നു. പകൽ സമയത്തു പോലും ആ ഭാഗത്തെന്തോ ദുരൂഹതകലർന്ന ഭീതി എനിക്കനുഭവപ്പെട്ടിരുന്നു. ആത്മഹത്യയുടെ ആ ഗുഹാമുഖത്തെത്തിയയപ്പോൾ മരണദാഹം എന്റെ മസ്തിഷ്കത്തിൽ കലശലായിരുന്നു. പ്ലാറ്റ്ഫോം അവസാനിക്കുന്ന അവിടെ ഞാൻ വെറുതേനിന്നു. (ജോലിചെയുമ്പോൾ ഏഴുമണിയോടെ ബാറിൽ പോയി ആവശ്യത്തിന് പെരുക്കിയിരുന്നു. ആരെപേടിക്കാൻ. സ്ഥാപനത്തിൽ ഇനി ഒരു ദിനംകൂടി. അതുകൊണ്ടുതന്നെ നന്നായി മദ്യപിച്ചു വന്നു ജോലിചെയ്തു) . ഞാനങ്ങനെ പാളത്തിനു സമീപത്തുനിൽക്കുമ്പോൾ അജ്ഞാതനായ ഒരാൾ പ്രാഞ്ചിപ്രാഞ്ചി നടന്നുവരുന്നു. അയാൾ റെയിൽവെസ്റ്റേഷനിലെ ഒരു അന്തേവാസിയാണെന്നു തോന്നുന്നു. നട്ടപ്പാതിരയ്ക്ക് ഇവിടെ നിൽക്കുന്നതെന്തിനെന്ന് എന്നോട് ചോദിച്ചു. മദ്യലഹരി വിട്ടിട്ടില്ലായിരുന്ന ഞാൻ തമാശയ്ക്കു പറഞ്ഞു അടുത്ത ട്രെയിനിൽ കയറി നരകത്തിന്റെ സ്റ്റേഷനിൽ ഇറങ്ങണമെന്ന്. ഇപ്പോൾ വണ്ടിയില്ലെന്നും രണ്ടുമണിക്കൂർ എങ്കിലും കഴിയുമെന്നും പറഞ്ഞ അയാൾ എന്നോട് ഓരോന്ന് ചോദിയ്ക്കാൻ തുടങ്ങി. വീട്ടിൽ പോകാൻ നിർബന്ധിച്ചു. ഇല്ലെങ്കിൽ സ്റ്റേഷനിൽ പോയി ഇപ്പോൾ എല്ലാരേയും വിളിച്ചുകൊണ്ടു വരുമെന്നും പറഞ്ഞു. അവിടത്തെ ഓട്ടോ സ്റ്റാന്റിലെ ഏറെക്കുറെ എല്ലാ ഡ്രൈവർമാരും എന്നെ കണ്ടുപരിചയമുള്ളവരാണ്..ഒരാൾ എന്റെ ബന്ധുവുമാണ്. അയാൾക്കാണെങ്കിൽ എന്റെ കാര്യങ്ങൾ കുറെയൊക്കെ അറിയുകയുംചെയ്യാം. അതുകൊണ്ടു ഞാൻ മുന്നോട്ടുനടന്നു വീട്ടിലെത്തി.  ഒരുപക്ഷെ അയാൾ എന്നെ കണ്ടില്ലായിരുന്നെങ്കിൽ എന്തുസംഭവിക്കുമെന്നു എനിക്കറിയില്ല. ഒരു ഭീരുവായതിനാൽ ട്രെയിനിനുമുന്നിൽ ചാടുമെന്നു ഉറപ്പൊന്നും ഇല്ല. (ഈ സംഭവം ആദ്യമായി ഇതിലൂടെ മാത്രമാണ് ഞാൻ വെളിപ്പെടുത്തുന്നത്)

മുപ്പതാംതിയതിയോടെ കേരളകൗമുദിയിൽ നിന്നും ഞാൻ ഇറങ്ങി. ഒരുമാസത്തെ ലീവ് ചോദിച്ചു തരാത്തതുകൊണ്ടായിരുന്നു ഇറങ്ങിയത്. ഒരു യാത്ര അനിവാര്യമായിരുന്നു. സ്റ്റാഫുകൾക്ക് ലീവ് കൊടുക്കണം എന്ന നിയമം ഒന്നും അവിടെ കൃത്യമായി നടപ്പാക്കപ്പെട്ടിട്ടില്ല. അന്നത്തെ ദിവസം  ബോസുമായി അവസാനവട്ടം ഗുസ്തിപിടിച്ചു. ഒരു എഴുത്തുകാരിയും സഞ്ചാരിയുമായ രാജനന്ദിനി വെള്ളയമ്പലത്തു വന്നിട്ട് എന്നെ വിളിക്കുകയുണ്ടായി. അവളെ കാണാൻപോയപ്പോൾ അല്പം താമസിച്ചു. അതിനെ ചൊല്ലിയായിരുന്നു വഴക്ക്. നാളെ റിസൈൻ ചെയുന്നെങ്കിലും ജോലിചെയ്യുന്ന നിമിഷം വരെ ഉത്തരവാദിത്തം പാലിക്കണം എന്നായിരുന്നു താത്കാലികമായി മെന്റൽ സ്റ്റെബിലിറ്റി നഷ്ടപ്പെട്ടിരുന്ന എന്നോട് ബോസ് ഉദ്ബോധിപ്പിച്ചത്. അവനാകട്ടെ മുതലാളിയുടെ തികഞ്ഞ വിധേയനും മുതലാളി കണ്ണുരുട്ടിയാൽ ട്രൗസറിൽ മുള്ളുന്നവനുമായിരുന്നു.
രാജനന്ദിനി എന്നോട് ഇത്തരം ലിവിങ് ടുഗെദർ ജീവിതം ഒരു ബോറൻ ഇടപാടാണെന്നും ശിവയെ പോലെ സെൻസിറ്റിവ് കക്ഷികൾക്ക് ചേരില്ലെന്നും പെട്ടന്നൊരു ദിവസം ഗുഡ്ബൈ പറഞ്ഞുപോകാൻ മാത്രം സീരിയസില്ലായ്മ ഉള്ളവർക്കേ പറ്റൂ എന്നും എല്ലാ സ്ത്രീകളും മൂല്യമുള്ളവരെന്നു തെറ്റിദ്ധരിക്കരുതെന്നും എന്നെ ഉപദേശിച്ചു. നല്ലൊരു സഞ്ചാരിയായ അവൾ അതിന്റെ ചില പാഠങ്ങൾ പകർന്നുതന്നിട്ടു എന്നെ യാത്രയാക്കി.

കേരളകൗമുദിയിൽ നിന്നിറങ്ങി ഞാൻ പിറ്റേന്ന് എറണാകുളത്തേക്കു പോയി. വല്യമ്മയുടെ വീട്ടിൽ അവിടെ അമ്മയും ഉണ്ടല്ലോ. രണ്ടുദിവസം അവിടെ നിന്നിട്ടു അമ്മയുമായി തിരിച്ചുപോന്നു. വീടൊഴിയേണ്ടതുണ്ട്. വീട്ടിലെത്തിയപ്പോഴേയ്ക്കും ചാരു ബാക്കി സാധനവും കൊണ്ടുപോയിരുന്നു. അവളുടെ കയ്യിലും കീയുണ്ടായിരുന്നു. സെപ്തംബർ നാലാംതീയതി  മുതലായിരുന്നു താമസം അതുകൊണ്ടുതന്നെ ഒന്നാംതീയതി മാറുമെന്ന് പറഞ്ഞിരുന്നെങ്കിലും ഡിസംബർ നാലാംതീയതിവരെ സമയമുണ്ടായിരുന്നു. ‘അമ്മ ചെറിയ ചെറിയ സാധനങ്ങൾ ഓട്ടോയിൽ കുടുംബവീട്ടിലേക്കു കൊണ്ടുപോന്നു.

മൂന്നാംതിയതി, അന്ന് ആ വീട്ടിൽ നമ്മുടെ അവസാനദിനം. എന്റെയും ചാരുവിന്റെയും കിടപ്പുമുറി ഇരുളടഞ്ഞു കിടന്നു. അതിനുള്ളിൽ നിന്നും ശിവാ …ശിവാ എന്ന വിളികൾ എന്റെ ചെവികളിലൂടെ ഹൃദയത്തിലേക്ക് തുളച്ചുകയറി. സ്നേഹവും പ്രണയവും രതിയും പരിഭവങ്ങളും പിണക്കങ്ങളും വഴക്കുകളും നിശ്വാസങ്ങളും ആ മുറിയിൽ നിറഞ്ഞുനിന്നു. അവളുടെ ഗന്ധം വിട്ടുകളയാൻ ആ മുറി തയ്യാറാകാത്തപോലെ. ഹാളിൽ നിൽക്കുമ്പോൾ ആ മുറിയിലേക്ക് നോക്കിയാൽ അവളവിടെ നിൽക്കുന്നതായി തോന്നും. ഇരു കുസൃതിക്കാരിയുമായിരുന്നു ചാരു.
സ്നേഹത്തോടെ അവളെന്നെ നല്ലരീതിയിൽ നുള്ളുമായിരുന്നു. അങ്ങനെ എനിക്കിട്ട് എന്തോ പണിതരാൻ അവളവിടെ പതുങ്ങി നിൽക്കുകയാണെന്ന് തോന്നി.

എന്നോടുള്ള ജീവിതം വിശ്വസിച്ചു അവൾ കൊണ്ടിട്ട സാധനങ്ങളുടെ ചില അവശിഷ്ടങ്ങൾ അവിടവിടെ ചിതറിക്കിടന്നു. അതിലും അവളുടെ ഓർമ്മകൾ. ചാരുവിനോടുള്ള സ്നേഹം എന്തുമാത്രമെന്നു ഞാൻ മനസിലാക്കിയ ദിവസമായിരുന്നു അത്. അവൾ കുടിച്ചിട്ടുവച്ച കഷായം വീണ്ടും കണ്ടു…അതിന്റെ അടപ്പു തുറന്നിട്ട് ഞാനതിൽ  ചുണ്ടുകൾ കൊണ്ടുരസി… അവൾ ആ കുപ്പിയിൽ നിന്നും നേരിട്ടാണ് കുടിച്ചുകൊണ്ടിരുന്നത്. പിന്നെ ഞാനതിനെ വീടിന്റെ പിന്നാമ്പുറത്തുകൊണ്ടു വച്ചു. ഷോക്കേസിൽ ഇരുന്ന അവളുടെ ഒരു പാവ, അതിനെ കാജൽ എന്നായിരുന്നു അവൾ വിളിച്ചിരുന്നത്. അതൊന്നും കൊണ്ടുപോയിരുന്നില്ല.  അങ്ങനെ ഓർമകൾക്ക് ക്വട്ടേഷൻ കൊടുത്തിട്ടായിരുന്നു അവൾ പോയത്.

നാലാം തിയതി,  അവസാന സാധനങ്ങളും കുടുംബവീട്ടിലേക്കു മാറ്റി. കട്ടിലും മേശയും എല്ലാം.
ചാരുവിന്റെ ചില ചെറിയചെറിയ വസ്തുക്കളും ഉണ്ടായിരുന്നു..അവൾ മനപൂർവ്വം ഉപേക്ഷിച്ചുപോയവ. ഒരു ഓർമയ്ക്കായി ഞാനവയെല്ലാം എടുത്തുകൊണ്ടുപോന്നു. അങ്ങനെ ശിവന്റെ ഗാർഹസ്ഥ്യത്തിനു തിരശീലവീണു. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായെന്നപോലെ ഞാൻ വീണ്ടും കുടുംബവീടിന്റെ പടികയറി. അന്നുവൈകിട്ടോടെ അഡ്വാൻസ് മടക്കിവാങ്ങി അമ്മയുടെ കൈയിൽ കൊടുത്തിട്ടു രാത്രി കവി അനിൽകുര്യാത്തിയുടെ വീട്ടിലേക്കുപോയി. കുറെയേറെ മദ്യപിച്ചു ഞാൻ മുകളിലത്തെ നിലയിൽ കിടന്നുറങ്ങി. അന്നെനിക്ക് രാത്രി കൂട്ടിനുണ്ടായിരുന്നത് അവിടത്തെ ലാബ്രഡോർ സുന്ദരി മാത്രമായിരുന്നു. അവൾ പുലരുന്നതുവരെ എന്റെ സുഖവിവരമന്വേഷിച്ചു ഇടയ്ക്കിടെ എന്റെയടുത്തു വന്നു കിടന്നു മുഖത്തു നക്കി നക്കി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

പിറ്റേന്നുരാവിലെ വീട്ടിലെത്തി. ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം കോയമ്പത്തൂർക്ക് പോയി.
പേട്ടയിൽ നിന്നും ട്രെയിനിൽ കയറി ഷൊർണൂർ ഇറങ്ങിയിട്ട് പാലക്കാട് ബസ്റ്റാന്റിലേക്കു പോയി അവിടെനിന്നു ബസുമാർഗം കോയമ്പത്തൂരെത്തി. ഷൊർണൂർ വച്ച് ഞാൻ അമ്മയെ വിളിച്ചു സംസാരിച്ചിരുന്നു.  “അവളൊരു വഴിക്കു പോയി, നീ മറ്റൊരു വഴിക്കും..ഞാൻ മാത്രം തനിച്ചായി..” ‘എന്നുപറഞ്ഞു അമ്മ ഒരുപാട് കരഞ്ഞു. ഞാൻ എല്ലാം ഉപേക്ഷിച്ചുപോകുകയാണെന്നാണു ‘അമ്മ കരുതിയത്. എന്നാൽ അങ്ങനെയല്ലെന്നും ഒരു യാത്രയ്ക്ക് ശേഷം ഉടനെ മടങ്ങിവരുമെന്നുംപറഞ്ഞു ഞാൻ അമ്മയെ ആശ്വസിപ്പിച്ചു.

അവിടെ വല്യച്ഛൻ ഒരു ട്രീറ്റ്മെന്റിലായിരുന്നു. ഒരു വലിയ ഫ്‌ളാറ്റോക്കെ വാടകയ്‌ക്കെടുത്തു സ്റ്റാഫിനൊപ്പം ആയിരുന്നു താമസം. അവർക്കൊപ്പം ഒരാഴ്ചതാമസിച്ചു. കോയമ്പത്തൂർ നഗരത്തിൽ ഞാൻ ഗതികിട്ടാപ്രേതം പോലെ ചുമ്മാ ചുറ്റിയടിച്ചു. അവിടെനിന്നിറങ്ങി പഴനിക്കു പോയി രണ്ടുദിവസം അവിടെയും  ചിലവഴിച്ചു. അവിടെവച്ചു ഒരു വല്ലാത്ത ആത്മീയമോഹം എന്നെ ഗ്രസിച്ചിരുന്നു. പഴനിയുടെ തെരുവിൽ ഒരു സർവ്വസംഗപരിത്യാഗിയെ പോലെ ചുമ്മാ കാവിയുടുത്തു നടന്നു. അതൊരു അഭിനയമെന്നു മനസിലാക്കിത്തന്നത്  അവിടെ കണ്ട അതിസുന്ദരിയായ ഒരു ലൈംഗികത്തൊഴിലാളി ആയിരുന്നു. ഞാൻ കണ്ട ഏറ്റവും സുന്ദരമുഖങ്ങളിൽ ഒന്ന്. അവളെക്കണ്ടപ്പോൾ അറിയാതെ എന്നിലുദ്ദരിച്ച ശാരീരികതൃഷ്ണകൾ കാരണം  പഴനി വിടുമ്പോൾത്തന്നെ കാവിയിൽ നിന്നും പുറത്തുചാടാൻ ഞാൻ തീരുമാനിച്ചു. അവളെന്നെനോക്കി മോഹിപ്പിച്ചുകൊണ്ടിരുന്നെങ്കിലും മലമുകളിലെ ആണ്ടവൻ താത്കാലികമായെങ്കിലും എന്നെ പിന്തിരിപ്പിച്ചു.

അവിടെ നിന്ന് മാംഗളൂരിലേക്ക് പോയി . കർണ്ണാടകയിലെ ധർമ്മസ്ഥലയിൽ ഏതാനും ദിവസം ചിലവഴിച്ചു. ധർമ്മസ്ഥല എന്ന് കേൾക്കുമ്പോൾ തന്നെ ചരിത്രപരമായി എന്തൊക്കയോ ബന്ധമുണ്ടെന്ന് നമുക്ക് തോന്നും.സംഗതി ശരിയാണ്. മഞ്ജുനാഥേശ്വര ക്ഷേത്രമാണ് അവിടത്തെ പ്രധാന ആകർഷണം. സാക്ഷാൽ ശിവൻ തന്നെയാണ് മഞ്ജുനാഥൻ . ദിവസേന പതിനായിക്കണക്കിനു ഭക്തജനങ്ങൾ ഇന്ത്യയുടെ എല്ലാ കോണിൽ നിന്നും ഇവിടെ എത്തുന്നു. ഭാഗ്യാന്വേഷികളും ആത്മാന്വേഷികളും ഇടകലർന്ന ജനക്കൂട്ടത്തിൽ അലിഞ്ഞില്ലാതായി ഞാൻ ഏതാനുംദിവസങ്ങൾ.. ക്ഷേത്രത്തിനു ഇടതുവശത്തുള്ള അന്നപൂർണ്ണ എന്ന വിശാലമായ മണ്ഡപത്തിൽ എല്ലാ ദിവസവും ജാതിമതഭേദമന്യേ അന്നദാനം നൽകിവരുന്നു . ഇവിടെ സമ്പന്നനും ദരിദ്രനും ഇല്ല. ഞാൻ അവിടത്തെ ഫുഡുമടിച്ചു അലഞ്ഞുതിരിഞ്ഞു നടന്നു.

അവിടെ വച്ച് ഞാനെന്റെ പഴയ കാമുകി ‘പാറുവിനെ’ കാണുകയും അവളോടു ഈ കഥകൾ വിസ്തരിച്ചു പറയുകയുമുണ്ടായി. അവൾ കർണ്ണാടകയിലാണല്ലോ ജോലിചെയ്യുന്നത്. ഒരു ദിവസം മുഴുവൻ നമ്മൾ ധർമ്മസ്ഥലയിലും പരിസരത്തും കറങ്ങിനടന്നു. എന്റെ ജീവിതത്തിനു സംഭവിച്ച പിഴവുകൾ അവൾ വിസ്തരിച്ചു പറയുകയുണ്ടായി. പിറ്റേന്ന് ഞാൻ തിരിച്ചു വീണ്ടും കോയമ്പത്തൂരിലേക്ക്. അവിടെ ഇഷ യോഗസെന്ററും സന്ദർശിച്ചു തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു.

വീട്ടുസാധനങ്ങൾ എടുക്കാൻവന്ന ദിവസത്തിനുശേഷം ചരുവിനെ കണ്ടിട്ടേയില്ല.. കോയമ്പത്തൂർ വച്ച് ഒരിക്കൽ ഫോണിൽ ബന്ധപ്പെട്ടതിനു ശേഷം അവളുടെ ശബ്ദവും കേട്ടിട്ടില്ല. അവളെയും ആ ജീവിതത്തെയും മറക്കാൻ ആകില്ല. പരസ്പരം എത്രമേൽ വെറുത്താലും സംഭവബഹുലമായ നാലുമാസ ദാമ്പത്യം നാല്പതുവർഷത്തിന്റെ ഓർമ്മകൾ പേറി എന്നിലുണ്ടാകും . ഞാനവളോട് ചെയ്ത തെറ്റ്, മോശമായ ഭൂതകാല അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടു ജീവിച്ച അവളെ
വിളിക്കരുതായിരുന്നു. നിന്റെ ഗംഗയാകാം ശിവാ എന്നുപറഞ്ഞ അവളെ ഉമയാക്കരുതായിരുന്നു.
ഒരു പ്രണയമായി അവൾക്കൊപ്പം ചേർന്നുനിന്നാൽ മതിയായിരുന്നു. വല്ലപ്പോഴുമുള്ള കൂടിക്കാഴ്ചകളിൽ സംതൃപ്തി കൊള്ളാമായിരുന്നു. പക്ഷെ അപ്പോഴത്തെ എന്റെ ആവശ്യകത മറ്റൊരു ജീവിതമായിരുന്നു. എന്റെ തെറ്റായ ചോയിസ് ആയി ചാരു എന്നിലൊരു മുറിവാകുന്നു.

ഇന്നും പേട്ടയിലൂടെ നടക്കുമ്പോൾ നമ്മുടെ ആ വാടകവീടിന്റെ ബാൽക്കണിയിൽ അറിയാതെ നോക്കും. ജീവിതത്തിന്റെ ആദ്യആഴ്ചകളിൽ നമ്മൾ ഒന്നിച്ചിരുന്നു ഒരുപാട് സ്വപ്‌നങ്ങൾ കണ്ട ബാൽക്കണി…. പുറത്തുപോയാൽ ഞാൻ വരുന്നതുവരെ  ചാരു എന്നെ നോക്കിനിൽക്കുന്ന ബാൽക്കണി. അവളും അമ്മയും ഞാനും തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു നിന്ന ബാൽക്കണി…  നമ്മുടെ കോഫീ ടൈമുകൾ എന്നും പുനർജനിച്ചു നിൽക്കുന്ന ബാൽക്കണി…അതിനിന്ന് മറ്റേതോ അവകാശികളാണ്.  ആ ബാൽക്കണിയിലേക്കു നോക്കുമ്പോൾ ഇന്നും അവളെന്നെ കൈവീശികാണിച്ചു നിൽക്കും. തോന്നലല്ല, ഓർമ്മകൾ തോന്നലാകുന്നതെങ്ങനെ ?

(അവസാനിച്ചു )

**********************************
(ഇതിങ്ങനെ എഴുതി അവസാനിപ്പിക്കുന്ന അർദ്ധരാത്രി ഏറെക്കാലത്തിനുശേഷം ഞാൻ ഒരുപാട് കരഞ്ഞു. ഞാനവളോട് തെറ്റുചെയ്‌തോ അവളെന്നോട് തെറ്റുചെയ്‌തോ എന്നതല്ല…..ഞാൻ കാരണം അവൾ ദുഖിച്ചു എന്നതാണ് എന്നെ വേട്ടയാടുന്നത്. ശരിയായ തീരുമാനങ്ങൾ അല്ലെങ്കിൽ ദുഖമാകും  ജീവിതത്തിൽ നിത്യേനയുള്ള അതിഥി. ഏറെ വായനക്കാർ ഉണ്ടായി ഈ ഓർമ്മക്കുറിപ്പിന് . ചാരുവിനെയും അമ്മയെയും എന്നെയും സ്വീകരിച്ചു വിജയമാക്കിയ എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി.)

Leave a Reply
You May Also Like

”റൂട്ട് നമ്പർ 17 ” ജനുവരി 26-ന്

”റൂട്ട് നമ്പർ 17 ” ജനുവരി 26-ന് ജിത്തൻ രമേഷ്,അരുവി മധൻ,ഹരീഷ് പേരടി,അഖിൽ പ്രഭാകർ, ഡോക്ടർ…

ധൂമത്തിൽ അവിനാഷ് എന്ന കഥാപാത്രം ആയി ഫഹദ് ഫാസിൽ എത്തുന്നു

ധൂമത്തിൽ അവിനാഷ് എന്ന കഥാപാത്രം ആയി ഫഹദ് ഫാസിൽ എത്തുന്നു FAHADH FAASIL as AVINASH…

മമ്മൂട്ടി @ 72, പിറന്നാളാശംസകൾ മമ്മുക്കാ…

മമ്മുട്ടി @ 72 Muhammed Sageer Pandarathil ചലച്ചിത്രതാരവും നിർമ്മാതാവുമായ മുഹമ്മദ്കുട്ടി ഇസ്മയിൽ പണിപ്പറമ്പിൽ എന്ന…

ഒരു വെള്ളിയാഴ്ചയിലെ നായകന്റെ അസ്തമയവും ഒരു വെള്ളിയാഴ്ചയിലെ നായകന്റെ ഉദയവും

രാഗീത് ആർ ബാലൻ ഒരു വെള്ളിയാഴ്ചയിലെ നായകന്റെ അസ്തമയവും ഒരു വെള്ളിയാഴ്ചയിലെ നായകന്റെ ഉദയവും 2002…