Narmam
ഒരു പാവത്തിന്റെ മറ്റൊരു തല്ലുകൊള്ളി ഐഡിയ
കന്നുകാലികളും പട്ടികളും ഒക്കെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരു മൊട്ട കുന്ന്..
ആ ആളു കേറാ മലയില്‍ ഒരു എഞ്ചിനീയറിംഗ് കോളേജ് (വിത്ത് ഹോസ്റ്റല്‍ )
133 total views

കന്നുകാലികളും പട്ടികളും ഒക്കെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരു മൊട്ട കുന്ന്..
ആ ആളു കേറാ മലയില്‍ ഒരു എഞ്ചിനീയറിംഗ് കോളേജ് (വിത്ത് ഹോസ്റ്റല്‍ )
അവിടെ നേരത്തെ പറഞ്ഞ ‘ടിയാന്’മാര്‍ക്ക് കമ്പനി കൊടുക്കാനായി ഞങ്ങളെ പോലുള്ള കുറെ എണ്ണം…
ഈ കോളേജിന്റെ സ്ഥാപകന്‍ ഒരു സ്ത്രീ വിരോധി ആയത് കൊണ്ടാവണം ഒരു മെന്‍സ് കോളേജ് ആക്കി അങ്ങ് മാറ്റിയത്…
എല്ലാ സ്വാതന്ത്ര്യത്തോടെയും കൂടി അന്യ നാട്ടില്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ ( പഠിക്കണം എന്നായിരുന്നു െ്രെപമറി അജണ്ട…ആ അജണ്ട പ്രാവര്‍ത്തികം ആയത് ഫൈനല്‍ ഇയറില്‍ മാത്രം..) പോയപ്പോള്‍ മനസ്സില്‍ ഉണ്ടായ സന്തോഷം കെട്ടടങ്ങിയത് അതൊരു മെന്‍സ് കോളേജ് ആണെന്ന് അറിഞ്ഞപ്പോള്‍ ആയിരുന്നു….
ഡീ ടീ എസ് തീയേറ്ററില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് അവാര്‍ഡ് സിനിമ കാണാന്‍ കേറിയവന്റെ അവസ്ഥ…കളര്‍ഫുള്‍ എന്ന് പറയാന്‍ ആയി ആകെ ഉണ്ടായിരുന്നത് ഹോസ്റ്റലിറെ ജനാലകളില്‍ ഉണങ്ങാന്‍ കിടന്നിരുന്ന ചില ‘അന്തര്‍ദേശീയ’ സംഭവങ്ങള്‍ മാത്രം…വിധി….അല്ലാണ്ടെന്താ…
ഒരു കൊച്ചു ഗള്‍ഫ് പോലത്തെ സ്ഥലം ആയിരുന്നു അത്…വെള്ളിയാഴ്ച ദിവസം മാത്രം അവധി….അല്ലേലും എന്തിനാ ആഴ്ചയില്‍ ഒന്നില്‍ കൂടുതല്‍ ദിവസത്തെ അവധി..സുരേഷ് ഗോപിക്ക് ഷാജി കൈലാസിന്റെ പടത്തില്‍ ഊമയുടെ റോള്‍ കൊടുത്ത പോലത്തെ ഒരു അവസ്ഥ ……ഒന്ന് പഞ്ചാര അടിക്കാന്‍ ഒരു ചെറിയ മൈന പോലും ഇല്ലാത്ത ആ മൊട്ടക്കുന്നിന്റെ മുകളില്‍ ആഴ്ചയില്‍ ഒരു ദിവസത്തെ അവധി കിട്ടുന്നത് തന്നെ തുണി അലക്കിയും കത്തി അടിച്ചും ഒക്കെ അങ്ങ് തീര്‍ക്കും…
അങ്ങനിരിക്കെ എങ്ങനെയോ ഒരു നാല് ദിവസത്തെ അവധി വീണു കിട്ടി..കാസര്‍ഗോട് മുതല്‍ കോഴിക്കോട് വരെ ഉള്ള മഹാന്മാര് നാട്ടിലേക്ക് തിരിച്ചു….അതിനപ്പുറം ഉള്ളവര്‍ ആ മോഹം ഉപേക്ഷിച്ചു…പത്തു പന്ത്രണ്ടു മണിക്കൂര്‍ യാത്ര ഉണ്ട് അവിടുന്ന് തിരോന്തരം വരെ…അങ്ങനെ ഈ നാല് ദിവസത്തെ അവധിക്കു ഞാന്‍ അങ്ങോട്ടേക്ക് പോയാല്‍ നേരെ തമ്പാനൂര്‍ സ്റ്റേഷനില്‍ ഇറങ്ങി എന്നെ വിളിക്കാന്‍ വന്ന വീട്ടുകാരോട്…’അന്നാ പിന്നെ അങ്ങനാവട്ടെ,ഞാന്‍ അവിടെ ചെന്നിട്ട് വിളിക്കാം’ എന്നും പറഞ്ഞു അടുത്ത വണ്ടിയേല് കേറി തിരിച്ചു പോരേണ്ടി വരും…..
സോ….ഞങ്ങള്‍ ഹോസ്റ്റലില്‍ തന്നെ നില്കാന് തീരുമാനിച്ചു….പോകുന്നവന്മാരുടെ കയ്യില്‍ നിന്നും കിട്ടിയ ‘സീ ഓഫ് ‘എന്നാ പേരില്‍ കിട്ടിയ കാശിനു കാന്റീനില്‍ നിന്നും മിക്സ്ചര്‍ വാങ്ങി കൊറിചോണ്ടിരുന്നു.
കുറെ എന്‍ ആര് ഐ ക്ണാപ്പ്ന്മാര് ഉടനെ പോയി ഐഡി കാര്‍ഡ് ഒക്കെ ജാമ്യം വച്ച് കുറെ ബൈക്കും എടുത്തു കൊണ്ട് വന്നു…എല്ലാരും ജോഗ് ഫാള്‍സ് എന്നാ വെള്ള ചാട്ടത്തിലേക്ക് ട്രിപ്പ് പോകുന്നു….
ഞങ്ങളെയും വിളിച്ചു..ഷെയര്‍ ഇട്ടു പോകാന്‍ വേണ്ടി…
ഒന്നാമത് വെള്ളച്ചാട്ടം…
രണ്ടാമത് വിവരവും ബോധവും യുക്തിയും ഒക്കെ ഗള്‍ഫില്‍ ഉള്ള പെരന്സിന്റെ കയ്യില്‍ സൂക്ഷിക്കാന്‍ ഏല്പിച്ചിട്ടു നാട്ടില്‍ പഠിക്കാന്‍ വന്നേക്കുന്ന പുള്ളാര്…
മൂന്നാമത് കയം കണ്ട കന്നിനെ പോലെ ബൈക്കും എടുത്തു പറക്കാന്‍ വെമ്പുന്ന വലിയ മനസ്സും ശരീരങ്ങളും…
സോ…ആ ട്രിപ്പില്‍ ബൈക്കില്‍ ഇരുന്നു പോയാല്‍ പിന്നെ എന്റെ നാട്ടിലെ പള്ളിയില്‍ ഒരു കുഴി വെറുതെ തുരക്കേണ്ടി വരും…
എന്തിനാ ചുമ്മാ കുഴിവെട്ടുകാരന് പണി ഉണ്ടാക്കുന്നേ…അയാളെ എനിക്ക് അല്ലെങ്കിലേ കലിപ്പാ….അങ്ങനിപ്പം ഞാന്‍ മൂലം ആ കുഴി വെട്ടുന്ന ആള് കാശ് ഉണ്ടാക്കണ്ട..ഹമ്പടാ….
സോ…ഞങ്ങള്‍ എഴെട്ടെണ്ണം പോയില്ല…
അടുത്ത ദിവസം എങ്ങാനും അഞ്ചു രൂപ വീതം ഇട്ട് ടൌണില്‍ നിന്നും വാടകയ്ക്ക് സൈക്കിള്‍ എടുത്തു ബൈന്ദൂര് ബീച്ചില്‍ പോയി വരാം എന്ന് പ്ലാന്‍ ഇട്ടു …അത് ഞാനും സമ്മതിച്ചു…കാരണം ആ പ്ലാന്‍ കൊണ്ട് വന്നത് എന്നെക്കാള്‍ പ്രായവും പക്വതയും ഒക്കെ ഉള്ള ഡിപ്ലോമയും കഴിഞ്ഞു എഞ്ചിനീയറിംഗ് പഠിക്കാന്‍ വന്ന എന്റെ ക്ലാസ് മേറ്റ്സ് ആയിരുന്നു….അതാവുമ്പം കുഴപ്പമില്ല…എന്നെ ഇടം വലം തിരിയാന്‍ സമ്മയിക്കില്ല .
സന്ധ്യ ആയി …..അങ്ങനെ ഞങ്ങള്‍ അടുത്ത ദിവസം ബീച്ചില്‍ പോകുന്നതിനെ കുറിച്ച് ഒരു ചര്‍ച്ച നടത്തിക്കൊണ്ട് ഇരിക്കുവായിരുന്നു…ഹോസ്റ്റലിന്റെ വെളിയില്‍ ആയി കുറെ മരങ്ങള്‍ ഉണ്ട്…നമ്മുടെ നാട്ടിലെ ആല്‍ത്തറ പോലെ ഓരോ മരത്തിന്റെയും ചുവട്ടില്‍ ഭിത്തി കെട്ടി ഇട്ടിട്ടുണ്ടായിരുന്നു,…അതില്‍ ഇരുന്നാണ് സംസാരം….
ഞങ്ങള്‍ നാലഞ്ചു പേര് ഇരിക്കുന്നു…ഒരുത്തന് നേരെ വന്നു അന്തസ്സായി അങ്ങ് കിടന്നു…
അങ്ങനെ ഞങ്ങള്‍ കൂലംകഷമായി സംസാരിച്ചു കൊണ്ടിരിക്കെ…ഞാന്‍ ഇടയില്‍ ഓര്‍ത്തു…ശോ…ഈ ദിവസം ഇത്രേം നേരം ആയിട്ടും ആരുടേയും കയ്യില്‍ നിന്നും ഒന്നും മേടിച്ചില്ലല്ലോ…മിനിമം രണ്ടു തെറി എങ്കിലും കേട്ടില്ലേല് എങ്ങനാ…
അങ്ങനെ ലവന്മാര് സംസാരിച്ചും ഞാന്‍ ചിന്തിച്ചും ഇരിക്കെ ഞാന്‍ ആ കിടക്കുന്നവനെ ശ്രദ്ധിച്ചു….
അവന് പതുക്കെ കണ്ണൊക്കെ അടക്കുന്നു….അന്ന് ഈ ലഡ്ഡു പൊട്ടുന്ന സംഭവം ഒന്നും റിലീസ് ആയിട്ടില്ലല്ലോ…സോ എന്റെ തലയില്‍ ഒരു ചിമ്മിനി വിളക്ക് മിന്നി
ഞാന്‍ ബാക്കി സംസാരിച്ചു കൊണ്ടിരുന്ന ഇക്കാമാരോടും ചേട്ടന്മാരോടും (അക്കൂട്ടത്തില്‍ ജൂനിയര്‍ ഞാനായിപ്പോയി) പതുക്കെ കൈ വച്ച് ആംഗ്യം കാണിച്ചു..’സംസാരത്തിന്റെ ഒച്ച കുറച്ചു കൊണ്ട് വാ’ എന്ന്
അങ്ങനെ സംസാരം നേര്‍ത്ത് നേര്‍ത്ത് വന്നു അങ്ങ് മ്യൂട്ട് ആയപ്പോള്‍….,,,,, ഇല്ലെ കിടന്നു ഉറങ്ങിക്കൊണ്ടിരുന്ന മച്ചാന് , പഴയ ബെന്‍സ് ലോറി സ്റ്റാര്‍ട്ട് ആക്കുന്ന പോലെ കൂര്‍ക്കം വലിക്കാന്‍ തുടങ്ങി….
ഞാന്‍ പയ്യെ എണീറ്റ്….,..ലവന്മാരോടും എണീക്കാന്‍ പറഞ്ഞു…
അവരും അത് അനുസരിച്ചു (പറഞ്ഞത് ഞാന്‍ ആയോണ്ട് എവിടെയോ ഒരു അപകടം മണക്കുന്നതു കൊണ്ട് പരസ്പരം നോക്കി കൊണ്ട് ‘എന്താ സംഭവം’ എന്നാ എക്സ്പ്രഷനും മുഖത്ത് ഉണ്ട്)…
അവരോട് അവിടെ നില്കാന് പറഞ്ഞിട്ട് ഞാന്‍ നേരെ ഹോസ്റ്റലിന്റെ അകത്തേക്ക് ഓടി….കോറിഡോറില്‍ അയയില്‍ കിടന്നിരുന്ന കുറെ തോര്‍ത്തും (വെള്ള മുതല്‍ കഴുകാതെ കറുപ്പ് ആയത് വരെ ഉണ്ട് പല പല വര്‍ണ്ണങ്ങളില്‍),) ഒരു വെളുത്ത മുണ്ടും ,എന്റെ റൂമില്‍ നിന്ന് കുറച്ചു കിടുപിടി ഐറ്റംസും എടുത്തു കൊണ്ട് വെളിയിലേക്ക് ഓടി..
നേരെ അവരുടെ അടുത്ത് എത്തി….എന്നിട്ട് ആദ്യമേ ഈ വെള്ള മുണ്ട് എടുത്തു ഇല്ലെ ഉറങ്ങുന്ന മച്ചാനെ അങ്ങ് പുതപ്പിച്ചു….
കയ്യില്‍ ഇരുന്ന തോര്‍ത്തുകള്‍ വട്ടത്തില്‍ ആക്കി റീത്ത് പോലെ ആക്കി അവന്റെ നെഞ്ചത്തും സൈഡിലും ഒക്കെ ആയി വച്ച്….എന്നിട്ട് എന്റെ റൂമില്‍ നിന്നും എടുത്തോണ്ട് വന്ന ചന്ദനത്തിരികള്‍ രണ്ടു മൂന്നെണ്ണം കത്തിച്ചു സൈഡില്‍ കുത്തി വച്ച്….എന്നിട്ട് ഒരു ഇക്കയെ പറഞ്ഞു വിട്ടു ബാക്കി ആളുകളെ ഒക്കെ വിളിപ്പിച്ചു…
രണ്ടു പഞ്ഞി കിട്ടിയാരുന്നേല് അത് ലവന്റെ മൂക്കിന്റെ അടുത്തെങ്കിലും വച്ചേനെ…ഒരു ആവശ്യത്തിന് നോക്കുമ്പം ഒന്നും കിട്ടില്ല
എന്നിട്ട് ഒരു ഡെഡ് ബോടിക്ക് കൊടുക്കേണ്ട സകല ബഹുമാനത്തോടെയും ആളുകളെ വരി വരിയായി കൊണ്ട് വന്നു ഈ ശരീരത്തെ കാണിപ്പിച്ചു …
എല്ലാ മുഖത്തും ഒരു ശോക ഭാവം…
ഞാന്‍ അടുത്ത് തന്നെ മാറി കൈ ഒക്കെ കെട്ടി വളരെ വിഷമ ഭാവത്തില്‍ നിന്ന്…
ഏകദേശം പതിനഞ്ചു മിനുട്ട് ഈ ദുഃഖ കാഴ്ച എല്ലാവരും കണ്ടു…
എവിടെ നിന്നാണെന്നറിയില്ല, ഒരു വിവരം കെട്ട ഉറുമ്പ് വന്നു ലവനെ ഒന്ന് ആശ്ലേഷിച്ചു…
തീര്‍ന്നു….ലവന് ചാടി എണീറ്റു….സംഭവം എന്താണെന്നറിയാതെ ചുറ്റിലും നില്‍ക്കുന്നവരെ നോക്കി…..
എല്ലാവരും വന്‍ ചിരി….
ഞാന്‍ എന്റെ റൂമിലെ ജനലിലൂടെ ഈ കാഴ്ചകള്‍ കണ്ടു കൊണ്ട് അവരുടെ ചിരിയില്‍ പങ്കു ചേര്‍ന്നു (ലവന് ഉണര്‍ന്നപ്പോഴേ ഞാന്‍ ഓടി )
‘എടാ &$**** ..നിന്നെ ഞാന്‍ ….എവിടെടാ പുല്ലേ നീ …ഇറങ്ങിവാടാ &&*****ഫ%%’
എന്ന എന്റെ ഒറിജിനല്‍ പേര് ചേര്‍ത്തുള്ള വിളി ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെ അവിടെ മുഴങ്ങി….
അവധി ആയത് കാരണം പത്തമ്പത് പേര് മാത്രം ഉള്ള ഹോസ്റ്റലില്‍ അക്കൂട്ടത്തില്‍ ഞാനും ഉണ്ട് എന്ന് അറിയാവുന്ന ലവന് ഈ പരിപാടി നടത്തിയത് ആരാണ് എന്ന് അറിയാന്‍ കവടി നിരത്തേണ്ട ആവശ്യമേ വന്നില്ല….
ശേഷം ചിന്ത്യം…..
134 total views, 1 views today