സിനിമാപരിചയം
Oru Pennum Randaanum
2008/malayalam

തകഴി ശിവശങ്കരപ്പിള്ള എഴുതിയ നാല് ചെറുകഥകളെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആന്തോളജി ചിത്രം . 1940 കളിലെ തിരുവിതാംകൂർ രാജകുമാരന്റെ സംസ്ഥാനമാണ് എല്ലാ കഥയുടെയും പശ്ചാത്തലം. കള്ളന്റെ മകൻ , നിയമവും നീതിയും , ഒരു കൂട്ടുകാരൻ , പങ്കിയമ്മ . മേൽ പറഞ്ഞ കാലഘട്ടത്തിൽ നടക്കുന്ന നാല് കഥകളാണ് ചിത്രത്തിന്റെ ആധാരം. ഗോപകുമാർ, ഇന്ദ്രൻസ്, നെടുമുടി, സുധീഷ്, ജഗദിഷ്,പ്രവീണ, മനോജ് കെ ജയൻ തുടങ്ങി നല്ലൊരു കാസ്റ്റിംങ്ങുണ്ട് ചിത്രത്തിന്. മികച്ച ഫീച്ചർ ഫിലിം, സംവിധായകൻ, തിരക്കഥാകൃത്ത്, മികച്ച രണ്ടാമത്തെ നടിയായി പ്രവീണ ഒപ്പം മികച്ച ശബ്ദലേഖനം എന്നിവയ്ക്കുള്ള 2008-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ചിത്രം നേടിയിരുന്നു.

Hareesh N. Nampoothiri

‘നാലു പെണ്ണുങ്ങള്‍’ക്കു ശേഷം തകഴിയുടെ ചെറുകഥകളെ അധികരിച്ച് മറ്റൊരു അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം, ‘ഒരു പെണ്ണും രണ്ടാണും’. സംവിധാനത്തെക്കൂടാതെ തിരക്കഥ, സംഭാഷണം എന്നിവയുടെ രചന; ദൂരദര്‍ശന്റെ പിന്തുണയോടെ ചിത്രത്തിന്റെ നിര്‍മ്മാണം എന്നിവയും അടൂര്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. വ്യത്യസ്ത കഥകളിലായി പ്രവീണ, മനോജ് കെ. ജയന്‍, നെടുമുടി വേണു, ബാബു നമ്പൂതിരി, സുകുമാരി, ജഗന്നാഥവര്‍മ്മ, ജഗദീഷ്, സുധീഷ്, രവി വള്ളത്തോള്‍, എം.ആര്‍. ഗോപകുമാര്‍, സീമ ജി. നായര്‍ തുടങ്ങി അഭിനേതാക്കളുടെ ഒരു നീണ്ടനിര തന്നെ ചിത്രത്തിലുണ്ട്. അഞ്ച് സംസ്ഥാന അവാര്‍ഡുകളുടേയും, പല അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേയും പങ്കാളിത്തത്തിന്റേയും പെരുമയിലെത്തിയിരിക്കുന്ന ഈ ചിത്രം പക്ഷെ, ‘ഇതിനൊക്കെ എന്തര്‍ഹത?’ എന്ന ചോദ്യമാണ് സാധാരണ മലയാളസിനിമാ പ്രേക്ഷകരിലുയര്‍ത്തുന്നത്.

കഥയും, കഥാപാത്രങ്ങളും [ 3/10 ] തകഴി ശിവശിങ്കര പിള്ളയുടെ കഥകള്‍ സിനിമയ്ക്കുവേണ്ടി എഴുതപ്പെട്ടവയല്ല. അതിനാല്‍ തന്നെ തിരക്കഥാകൃത്തിന്റെ ജോലി അത്ര എളുപ്പമല്ല. ആ ഒരു പരിഗണന കൊടുക്കാമെങ്കില്‍, തിരക്കഥകള്‍ മോശമായില്ലെന്നു കരുതാം. ഓരോ കഥയും പറയുമ്പോള്‍, എങ്ങിനെയാണിത് അവസാനിക്കുക എന്നറിയുവാനൊരു ചെറിയ ആകാംക്ഷ പ്രേക്ഷകര്‍ക്കുണ്ടാകും. എന്നാല്‍ സംഭാഷണങ്ങളുടെ കാര്യമെടുത്താല്‍, മിക്കതിലും പ്രകടമാവുന്ന അതിനാടകീയതയും മുഴച്ചു നില്‍ക്കുന്ന കൃത്രിമത്വവും പലയിടത്തും അരോചകമാണ്. ‘നാലു പെണ്ണുങ്ങളി’ല്‍ കഥകള്‍ പഴയകാലത്തു നടക്കുന്നവയായിരുന്നെങ്കിലും, സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ ഇന്നും മാറ്റമൊന്നും വന്നിട്ടില്ലെന്നു പറയുവാന്‍ അവ ഉതകുന്നവയായിരുന്നു. ഇതിലെ കഥകള്‍ക്ക് അങ്ങിനെ പ്രത്യേകിച്ചെന്തെങ്കിലുമൊരു ധര്‍മ്മം നിറവേറ്റുവാനില്ല, അതിനാല്‍ തന്നെ ചിത്രത്തിന് പഴയ കഥകളുടെ ദൃശ്യാവിഷ്കാരം എന്നതിനപ്പുറത്തേക്ക് ഒന്നുമാകുവാനും കഴിയുന്നില്ല.

സംവിധാനം [ 4/10 ] കുറ്റിയില്‍ കെട്ടിയിട്ട പശുവിനെപ്പോലെ ഒരിടത്തു തന്നെ നിന്നു കറങ്ങുകയാണ് അടൂര്‍ ചിത്രങ്ങള്‍ ഇപ്പോഴും. തൊണ്ടു തല്ലുന്നത്, പാത്രം കഴുകുന്നത്, തുഴ ഊന്നുന്നത്, പലരുടേയും നടപ്പ്; ഇങ്ങിനെയുള്ള ബിംബങ്ങള്‍ വിവിധ ലോങ്ങ്-മീഡിയം-ക്ലോസ് ഫ്രയിമുകളില്‍, തീരുവാന്‍ പ്രേക്ഷകരെ കാത്തിരിപ്പിക്കുന്ന രീതിയില്‍ ചിത്രീകരിച്ച് ചിത്രത്തില്‍ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. സംഭാഷണങ്ങള്‍ ഒഴിവാക്കി അല്ലെങ്കില്‍ വളരെ മിതമായ ഭാഷണങ്ങളിലൂടെ കഥാപാത്രങ്ങളുടെ ഭാവം പ്രേക്ഷകരിലെത്തിക്കുവാന്‍ സംവിധായകനായി എന്നത് ഒരു മികവായി കാണാം. പ്രത്യേകിച്ചും ‘ന്യായവും നീതിയും’ എന്ന കഥയുടെ ഒടുക്കം, ചെയ്യാത്ത കുറ്റത്തിനു സാക്ഷിവിസ്താരം കേട്ടുനില്‍ക്കുന്ന റിക്ഷാക്കാരന്‍ ഔതയുടെ ഭാവം ചിരിയുണര്‍ത്തും. സമാനമായ ഒരു രംഗമാണ് ‘ഒരു പെണ്ണും രണ്ടാണും’ എന്ന കഥയുടെ ഒടുവിലേതും. കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ മലയാളത്തിലെ വാണിജ്യ/സമാന്തര ചലച്ചിത്രസംവിധായകര്‍ ഒരുപോലെ പിന്നിലാണ്. ‘കള്ളന്റെ മകന്‍’ എന്ന കഥയിലെ കുട്ടികളുടെ അഭിനയമൊക്കെ അസഹനീയമാണ്. വിശേഷിച്ചും ‘പസന്‍‌ഗ’ പോലെയുള്ള തമിഴ് ചിത്രങ്ങള്‍ ഇറങ്ങുന്ന ഈ കാലത്ത്. നവാഗത സംവിധയകനായ പാണ്ഡിരാജ് കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ കാണിച്ചിരിക്കുന്ന കയ്യടക്കം, സംവിധാനരംഗത്ത് ഏറെനാളത്തെ അനുഭവസമ്പത്തുള്ള അടൂരിനുമില്ല എന്നത് മലയാള സിനിമയുടെ ശോചനീയാവസ്ഥ വെളിവാക്കുന്നതാണ്.

അഭിനയം [ 6/10 ] ചുരുക്കം വരകളിലൂടെ വ്യക്തികളെ ചിത്രങ്ങളാക്കുന്ന കാരിക്കേച്ചറുകളിലെന്ന പോലെ; വളരെക്കുറച്ച് സീനുകളില്‍, അല്പമാത്രമായ സംഭാഷണങ്ങളിലൂടെ കഥാപാത്രത്തെ വരച്ചിടുക എന്നതാണ് ഈ ചിത്രത്തില്‍ അഭിനേതാക്കള്‍ക്കു മുന്നിലുള്ള വെല്ലുവിളി. ബാബു നമ്പൂതിരി, സുകുമാരി, സുധീഷ്, വിജയരാഘവന്‍, നെടുമുടി വേണു, മനോജ് കെ. ജയന്‍, പ്രവീണ, ഇന്ദ്രന്‍സ്, ജഗദീഷ് തുടങ്ങിയവരൊക്കെ ഇതില്‍ വിജയിച്ചിട്ടുണ്ട്. എം.ആര്‍. ഗോപകുമാര്‍, രവി വള്ളത്തോള്‍, സീമ ജി. നായര്‍ തുടങ്ങിയവരുടെ വേഷങ്ങള്‍, ഇവരുടെ തന്നെ മുന്‍‌കാല വേഷങ്ങളുടെ ഛായയുള്ളവയാണ്. ജഗന്നാഥന്‍, പി. ശ്രീകുമാര്‍, കൃഷ്ണപ്രസാദ്, കൃഷ്ണകുമാര്‍, പ്രിയങ്ക തുടങ്ങിയ മറ്റു പലരുടേയും വേഷങ്ങള്‍ കേവലം ചില കഥാപാത്രങ്ങള്‍ എന്നതിനപ്പുറത്തേക്ക് പരിഗണന അര്‍ഹിക്കുന്നവയല്ല. ഈ ചിത്രത്തിലെ പങ്കിയമ്മയായുള്ള പ്രകടനത്തിന് അവാര്‍ഡ് കിട്ടാത്തതിലുള്ള പ്രവീണയുടെ ദുഃഖത്തിന് സാധുതയില്ല. അത്രയൊന്നും മികവു പ്രകടിപ്പിക്കുവാനുള്ള സാധ്യതയും ആ കഥാപാത്രത്തിനില്ല.

സാങ്കേതികം [ 3/5 ] എം.ജെ. രാധാകൃഷ്ണന്‍ പകര്‍ത്തിയിരിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ശരാശരിയില്‍ നിന്നും ഉയരുന്നില്ല. അനാവശ്യഷോട്ടുകള്‍ മുറിച്ചുമാറ്റുക എന്നതിനപ്പുറം ചിത്രസംയോജകനെന്ന നിലയില്‍ അജിത്തിനും കാര്യമായൊന്നും ചെയ്യേണ്ടി വന്നിരിക്കില്ല. പഴയകാലം വിശ്വസിനീയമായി ഒരുക്കിയിരിക്കുന്നതില്‍ കലാസംവിധാനം നിര്‍വ്വഹിച്ച രാജശേഖരന്‍, വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച എസ്.ബി. സതീശന്‍, മേക്കപ്പ് നിര്‍വ്വഹിച്ച പി.എന്‍. മണി; തുടങ്ങിയവര്‍ ഒരുപോലെ പ്രശംസയര്‍ഹിക്കുന്നു. ഐസക് തോമസ് കൊടുക്കാപ്പിള്ളിയുടെ പശ്ചാത്തല സംഗീതം ചിത്രത്തോടു ചേര്‍ന്നു പോവുന്നു.

പാട്ട്, നൃത്തം, ആക്ഷന്‍ [ 0/0 ] ഈ വിഭാഗം പരിഗണിക്കുവാനില്ല.

ആകെത്തുക [ 4.60/10 ] ആയിരത്തിതൊള്ളായിരത്തി നാല്പതുകളില്‍, രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയമായതിനാല്‍ കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ പെരുകി എന്ന പശ്ചാത്തലത്തിലാണ് കഥകള്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ സാഹചര്യം ഒരു കഥയിലും വെളിവാവുന്നില്ല. തികച്ചും സാധാരണമായ അന്തരീക്ഷത്തില്‍ നടക്കുന്ന ചില കുറ്റങ്ങള്‍ എന്നേ ചിത്രത്തില്‍ കാണുവാനുള്ളൂ. പല എപ്പിസോഡുകള്‍ ചേര്‍ത്തുവെച്ച ഒരു സീരിയല്‍ (ഓരോ എപ്പിസോഡിലും ഓരോ കഥ പറയുന്ന സീരിയലുകള്‍ ആദ്യകാലങ്ങളില്‍ ധാരാളം ഉണ്ടായിരുന്നു.) മാത്രമായി ചിത്രം ചുരുങ്ങുവാനും കാരണം മറ്റൊന്നാവില്ല. പുതുമയുള്ള വിഷയങ്ങളില്‍, കാലഗതിക്കനുയോജ്യമായ മാറ്റങ്ങളോടെ, വാണിജ്യ/സമന്തര ചിത്രങ്ങളെന്ന അതിര്‍വരമ്പുകളില്ലാതെ പുറത്തിറങ്ങുന്ന സമകാലീന തമിഴ് ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ അന്താരാഷ്ട്ര മേളകളില്‍ ഇന്നത്തെ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കുവാന്‍ എന്തര്‍ഹതയാണ് തൊട്ടടുത്ത സംസ്ഥാനമായ കേരളത്തില്‍ നിന്നും പുറത്തിറങ്ങുന്ന വാണിജ്യ/വാണിജ്യേതര മലയാളസിനിമകള്‍ക്കുള്ളതെന്ന് ഇവിടുത്തെ ചലച്ചിത്രപ്രവര്‍ത്തകര്‍ അല്പമൊന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ചിത്രങ്ങളുടെ എണ്ണം കൂട്ടാമെന്നല്ലാതെ, വരും നാളുകളില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന സംവിധായകന്റെ മികവളക്കുവാന്‍ പ്രാപ്തമായ ചിത്രങ്ങളല്ല അടുത്തിറങ്ങിയവയൊന്നും. മുന്‍പെപ്പോഴൊക്കെയോ സംഭവിച്ചു പോയിട്ടുള്ള ‘കൊടിയേറ്റം’, ‘മതിലുകള്‍’, ‘വിധേയന്‍’ തുടങ്ങിയവയൊക്കെ തന്നെയേ അടൂരിനെക്കുറിച്ചു പറയുവാന്‍ ഇപ്പോഴുമുള്ളൂ എന്നതാണ് മലയാളസിനിമയുടെ ഇന്നത്തെ ഗതികേടിന്റെ ഒരു നേര്‍ചിത്രം!

Leave a Reply
You May Also Like

സന്തോഷ് ശിവൻ മാനഗരത്തെ മുംബൈക്കർ എന്നപേരിൽ ഹിന്ദിയിലേക്ക് റീമേക് ചെയ്തു കുളമാക്കി

Vani Jayate   മാനഗരം – ലോകേഷ് കനകരാജിന്റെ ആദ്യത്തെ സിനിമ. ഇറങ്ങിയ സമയത്ത് തന്നെ കണ്ടിഷ്ടപ്പെട്ടതാണ്.…

മലയാളസിനിമയിൽ മുൻനിര “നായകനടനായി” ഒരു നടൻ എത്ര വർഷം അഭിരമിച്ചു എന്ന ഒരു കണക്കെടുത്താൽ പല കൗതുകങ്ങളും കാണാൻ സാധിക്കും

അജു  മലയാളസിനിമയുടെ ചരിത്രത്തിൽ മുൻനിര “നായകനടനായി” ഒരു നടൻ എത്ര വർഷം അഭിരമിച്ചു എന്ന ഒരു…

എന്തെന്നറിയാത്തൊ രാരാധനയുടെ …

ജന്മദിനാശംസകൾ ❤ എന്തെന്നറിയാത്തൊരാരാധനയുടെ … ഗിരീഷ് വർമ്മ ബാലുശ്ശേരി പാട്ടുകളൊഴുകിത്തീർന്ന വരണ്ട മണ്ണിലേക്ക് ജീവജലം തളിച്ചെത്തിയ…

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും നായകനും നായികയുമാകുന്നു

വാഴൂർ ജോസ് ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും…