ഒരു സ്പര്‍ശത്തിന്നായി – (കഥ)
“അതൊന്നു കൂടി അടിയ്ക്കണം ചേട്ടാ,” എന്നു പറഞ്ഞുകൊണ്ട് സരള തിരിഞ്ഞു നോക്കിയപ്പോഴാണ് സദുവിനെ കാണുന്നത്.
104 total views, 1 views today

“ചേട്ടാ, ഈ മിക്സിയൊന്നടിച്ചു തരൂ.” സരളയുടെ വിളികേട്ടു ഞാന്‍ അടുക്കളയിലേയ്ക്കു ചെന്നു. രാവിലെ ഒരൊന്പതു മണിയായിട്ടുണ്ടാകും. ഞായറാഴ്ച്ചകളില്‍ അമ്മയുടെ ശുശ്രൂഷയൊഴിച്ചുള്ള കാര്യങ്ങള്‍ ഒരല്‍പ്പം വൈകിയേ തുടങ്ങാറുള്ളു.
നാളികേരം ചിരവിയതു ഞാന്‍ മിക്സിയില്‍ അടിച്ചു കൊണ്ടിരിയ്ക്കുന്നു, സരള ഗ്യാസില്‍ ദോശയുണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നു. ആ സമയം സദു ശബ്ദമുണ്ടാക്കാതെ, പതുങ്ങിപ്പതുങ്ങിയെത്തി. ഉദ്വേഗപൂര്‍ണ്ണമായ കൊച്ചു മുഖം. എന്തോ രഹസ്യം പറയാനുള്ള ആവേശം പ്രകടം. തൊട്ടുപിന്നാലെ അവന്റെ ചേച്ചി സരി – സരിത – യുമുണ്ട്.അവനെന്റെയടുത്തു വന്ന് ശബ്ദകോലാഹലമുണ്ടാക്കുന്ന മിക്സി ഓഫു ചെയ്യാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. ഞാന്‍ അതനുസരിച്ചു.
ഒന്‍പതു വയസ്സുകാരന്റെ മുഖത്ത് അത്ര ഗൌരവമുണ്ടായിരുന്നു.
“അതൊന്നു കൂടി അടിയ്ക്കണം ചേട്ടാ,” എന്നു പറഞ്ഞുകൊണ്ട് സരള തിരിഞ്ഞു നോക്കിയപ്പോഴാണ് സദുവിനെ കാണുന്നത്. സദു ഞങ്ങള്‍ രണ്ടു പേരേയും അടുത്തേയ്ക്കു വരാന്‍ രണ്ടു കൈകൊണ്ടും ആംഗ്യം കാണിച്ചു. അവന് ഞങ്ങള്‍ രണ്ടുപേരുടേയും പുറത്തു കൂടി കൈകള്‍ ചുറ്റി ശിരസ്സുകള്‍ വലിച്ചു താഴ്ത്തി, ഞങ്ങളുടെ കാതുകള്‍ അവന്റെ ചുണ്ടോടടുപ്പിച്ചു. അവനെന്തോ പരമരഹസ്യം വെളിപ്പെടുത്താന്‍ പോകുന്നുണ്ടെന്നു വ്യക്തം. സരിയും ഞങ്ങളോടു ചേര്‍ന്നു നിന്നു.
“അമ്മൂമ്മ എന്നോടു മിണ്ടി.” ഇടതുകൈയ്യുയര്ത്തി അതിലെ മോതിരത്തില്‍ തൊട്ടുകാണിച്ചു കൊണ്ടു സദു അതീവ രഹസ്യത്തില്‍ പറഞ്ഞു, “ടൈറ്റായീ”ന്നു പറഞ്ഞു. “ടൈറ്റായീ” എന്ന് അവന് ഉറപ്പിനു വേണ്ടി വ്യക്തമായി ആവര്‍ത്തിച്ചു.
സരളയും ഞാനും മുഖത്തോടു മുഖം നോക്കി. “അമ്മ ഇന്നു മിണ്ടിയിരുന്നോ?” ഞാന്‍ സരളയോടു ചോദിച്ചു.
അല്‍പ്പം മുന്‍പ് അവള് അമ്മയെ കുളിപ്പിച്ച്, വസ്ത്രം ധരിപ്പിച്ച്, തലമുടി ചീകിക്കൊടുത്ത്, മെല്ലെ പിടിച്ച് അമ്മയുടെ കട്ടിലിന്നരികില്ത്തന്നെയുള്ള സെറ്റിയില്‍ ഇരുത്തുന്നതു വരെ അമ്മ ഒന്നും സംസാരിച്ചിട്ടില്ലായിരുന്നു. സരളയുടെ ശുശ്രൂഷകള്‍ക്ക് യാന്ത്രികമായി നിന്നു കൊടുത്തിരുന്നെങ്കിലും അമ്മ ഒരക്ഷരമെങ്കിലും മിണ്ടുകയോ ശിരസ്സുയര്‍ത്തി അവളുടെ കണ്ണുകളിലേയ്ക്ക് ഒരു തവണയെങ്കിലും നോക്കുകയോ ചെയ്തിരുന്നില്ല.
കുറേ നാളായി അതാണു പതിവ് .
അമ്മയുടെ സംസാരവും പ്രതികരണവും നിലച്ചശേഷം, നടക്കാന്‍ തുടങ്ങിയ ഒരു കൊച്ചു കുഞ്ഞിനെയെന്ന പോലെയാണ് സരള അമ്മയെ കൈകാര്യം ചെയ്തു പോന്നിരിയ്ക്കുന്നത്. ഇന്നു രാവിലെ പോലും അമ്മയുടെ മുഖത്തു പൌഡര്‍ പൂശി, നെറ്റിയില്‍ കുങ്കുമം കൊണ്ടു പൊട്ടു തൊട്ടുകൊടുത്ത്, ഒരല്‍പ്പം അകന്നു നിന്നു തല ചെരിച്ചു നോക്കി, “എന്റെ ലക്ഷ്മിക്കുട്ടി ഇന്നു നല്ല ചുന്ദരിക്കുട്ടിയായിട്ടുണ്ട്” എന്ന കമന്റു പാസ്സാക്കിയ ശേഷം അമ്മയുടെ കവിളത്ത് അവള് ഒരുമ്മയും വച്ചതിനു ഞാന്‍ സാക്ഷ്യം വഹിച്ചിരുന്നു.
അപ്പോഴൊക്കെ അമ്മ തികച്ചും നിര്‍വ്വികാരയായിരുന്നു. യാതൊരു വിധ ഭാവമോ ഭാവഭേദമോ ഇല്ലാതെ. പിന്നെയെങ്ങനെ…
സദുവിന്റെ വിവരണത്തില്‍ നിന്നു മനസ്സിലായതിതാണ്.
പത്രം വായന എക്കാലവും അമ്മയുടെ ദിനചര്യയുടെ അവിഭാജ്യഘടകമായിരുന്നു. രാഷ്ട്രീയചേരിതിരിവില്ലാതെ തന്നെ സംസ്ഥാനരാഷ്ട്രീയത്തില്‍ ശ്രദ്ധാലുവായിരുന്നു, അമ്മ. പണ്ട്, വളര്‍ന്നു വരുന്ന സമയത്ത് ഞാന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധിയ്ക്കാനിടവന്നതും അമ്മയുമായുള്ള ചര്‍ച്ചകളില്‍ നിന്നായിരുന്നു. പത്രം വന്നാല്‍ രാഷ്ട്രീയകാര്യങ്ങളാണ് അമ്മ ആദ്യം തന്നെ നോക്കാറുണ്ടായിരുന്നതും. അവ വായിച്ച് അവയെപ്പറ്റിയുള്ള സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നതും അമ്മയുടെ പതിവായിരുന്നു. ആ അഭിപ്രായങ്ങളില്‍ നിന്നാണ് എനിയ്ക്ക് അല്പ്പമെങ്കിലുമൊരു പക്വത ലഭിച്ചത്.
അമ്മ പ്രവര്ത്തനനിരതയല്ലാതായ ശേഷം അന്നാന്നത്തെ പത്രം അമ്മയ്ക്ക് വായിച്ചു കൊടുക്കുകയെന്ന ഒരു പതിവ് എങ്ങനെയോ തനിയേ ഉണ്ടായി. പത്രം വായിച്ചു കേള്‍ക്കുമ്പോള്‍ അമ്മയ്ക്ക് അതീവ താത്പര്യമുള്ള വിഷയങ്ങളെപ്പറ്റി എന്തെങ്കിലുമൊന്നു പറയാനുള്ള പ്രചോദനവും അതുവഴി സജീവ ജീവിതത്തിലേയ്ക്കു മടങ്ങിവരാനുള്ള സാദ്ധ്യതയുമുണ്ടായേയ്ക്കാം എന്നൊരാശയില്‍ നിന്നാണ് ആ പതിവ് ഉരുത്തിരിഞ്ഞുണ്ടായത്. പ്രവൃത്തിദിവസങ്ങളില്‍ മറ്റെല്ലാവരും പോയി തിരക്കൊഴിഞ്ഞ ശേഷം സരള പത്രം വായിച്ചു കേള്‍പ്പിയ്ക്കും. അവധി ദിവസങ്ങളില്‍ സരിയോ സദുവോ ആ ചുമതല നിറവേറ്റുന്നു.
വായിച്ചു കേള്‍ക്കുന്നത് അമ്മ മനസ്സിലാക്കുന്നുണ്ടാവില്ല. എങ്കിലും പതിവു മുടങ്ങിയിട്ടില്ല.
കുളി കഴിഞ്ഞൊരുങ്ങിയ അമ്മയെ കട്ടിലിന്നരികില്ത്തന്നെയുള്ള സെറ്റിയിലാണ് സരള ഇരുത്തിയിരുന്നത്. കുറേയേറെ സമയം അമ്മ അതിലിരിയ്ക്കുക പതിവാണ്. സരള അമ്മയെ ഊട്ടുന്നതും അതിലിരുത്തിയാണ്. മിയ്ക്കപ്പോഴും വിദൂരതയിലേയ്ക്കു കണ്ണും നട്ട് അമ്മ നിശ്ചലയായി ഇരിയ്ക്കും. വായില്‍ വച്ചു കിട്ടുന്ന ആഹാരം അറിയാതെ തന്നെ, യാന്ത്രികമായി ചവയ്ക്കുന്നു.
ഇന്ന് അമ്മ അങ്ങനെയിരിയ്ക്കുമ്പോള്‍ അമ്മയോടു ചേര്‍ന്നിരുന്നു കൊണ്ട് സദു പത്രവാര്‍ത്തകള്‍ ഓരോന്നോരോന്നായി വായിച്ചു കേള്‍പ്പിച്ചു കൊടുത്തു. പത്രം മടിയില്‍ വിരിച്ച് വാര്‍ത്തകളില്‍ വിരലോടിച്ചാണവന്റെ പത്രവായന. ഓരോ വാര്‍ത്തയും വായിച്ചശേഷം അവന് അമ്മൂമ്മയുടെ മുഖത്തു നോക്കും. ഇടയ്ക്കിടെ, “അതമ്മൂമ്മയ്ക്കിഷ്ടായോ?” എന്നു ചോദിയ്ക്കുകയും, “അതമ്മൂമ്മയ്ക്കിഷ്ടായിട്ടുണ്ടാകും” എന്നു സ്വയം സമാധാനിയ്ക്കുകയും ചെയ്യും.
അങ്ങനെയിരിയ്ക്കെയാണ്, ദൂരെ നട്ടിരുന്ന നോട്ടം എപ്പോഴോ പിന്‍വലിച്ച് അമ്മ അവന്റെ ഇടത്തു കൈയ്യിലുണ്ടായിരുന്ന മോതിരത്തിന്മേല്‍ സ്പര്‍ശിച്ചതും അതു “ടൈറ്റായീ” എന്നു പറഞ്ഞതും.
ബോധത്തിന്റെ നൈമിഷികമായ മിന്നലാട്ടം തുടര്‍ന്നു കിട്ടാനായി സദു അമ്മൂമ്മയോട് ചില ചോദ്യങ്ങള്‍ ചോദിച്ചു ശ്രമം നടത്തി നോക്കിയെങ്കിലും അതു വിഫലമായി. അപ്പോഴേയ്ക്കും അമ്മൂമ്മയുടെ നോട്ടം മരവിച്ചു പോയിക്കഴിഞ്ഞിരുന്നു. തുടര്ശ്രമങ്ങളെല്ലാം വിഫലമായപ്പോഴാണ് അവന് ഞങ്ങളുടെ അടുത്തേയ്ക്കോടി വന്നത്.
തൊട്ടടുത്ത മുറിയിലിരുന്നെഴുതിക്കൊണ്ടിരുന്ന സരിയും നീണ്ട കാലമായി കേള്‍ക്കാറില്ലാത്ത അമ്മൂമ്മയുടെ പതിഞ്ഞ സ്വരം കേട്ടിരുന്നു. അതു കേട്ടയുടനെ അവളും പ്രതീക്ഷകളോടെ ഓടി അമ്മൂമ്മയുടെ അടുത്തേയ്ക്കു ചെന്നിരുന്നു.
സദുവിന്റെ വിശദീകരണം കേട്ട പാതി കേള്‍ക്കാത്ത പാതി, സരള അമ്മയുടെ അടുത്തേയ്ക്കോടി. ബോധത്തിന്റെ മിന്നലാട്ടം അണഞ്ഞു പോകും മുന്‍പേ അതിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിച്ചേയ്ക്കുമെന്ന പ്രത്യാശ അവളുടെ മുഖത്തു വ്യക്തമായിരുന്നു. സെറ്റിയില്‍ , കൈകള്‍ മടിയില്‍ ചേര്‍ത്തു വച്ച്, നിലത്തേയ്ക്കു നോക്കിക്കൊണ്ട് മരവിച്ചിരിയ്ക്കുകയായിരുന്നു, അമ്മ. സരള അമ്മയുടെ മുന്പില് നിലത്തിരുന്നുകൊണ്ട് അമ്മയുടെ മുഖത്തേയ്ക്കുറ്റു നോക്കി. സദുവിനെ ആംഗ്യത്തിലൂടെ അരികത്തു വരുത്തി അവന്റെ കൈയ്യിലെ മോതിരം പിടിച്ചുയര്ത്തിക്കാണിച്ചു കൊണ്ട് അവള് അമ്മയോടു പറഞ്ഞു,
“അവന്റെ മോതിരം ടൈറ്റായിപ്പോയമ്മേ. അമ്മ പറഞ്ഞപ്പഴാ അതറിഞ്ഞത്. ദാ, ഇതു കണ്ടോ.” സരള സദുവിന്റെ മോതിരവിരല്‍ അമ്മയുടെ ദൃഷ്ടിയില്‍പ്പെടാന്‍ വേണ്ടി ഉയര്‍ത്തിക്കാണിച്ചു.
അമ്മയില്‍ നിന്നു പ്രതികരണമുണ്ടായില്ല.
“അതു മാറ്റിയിടാം.” അവള് അമ്മയോടു പറഞ്ഞുകൊണ്ട് അടുത്തു നിന്നിരുന്ന എന്നെ നോക്കി. “അതു മാറ്റിക്കോളാമമ്മേ” എന്നു ഞാനും അമ്മയ്ക്കുറപ്പു കൊടുത്തു.
എന്നാല്‍ അമ്മ കേട്ടതായി തോന്നിയില്ല.
മോതിരം സദുവിന്റെ വിരലില്‍ മുറുകിപ്പോയിരുന്നുവെന്നതു സത്യമാണ്. അമ്മ പറഞ്ഞപ്പോഴാണ് അതു ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതും. മോതിരം കിടന്നിരുന്ന ഭാഗത്ത് വിരലല്പ്പം നേര്‍ത്തിരുന്നു. അരനിമിഷനേരത്തേയ്ക്കു വീണ്ടു കിട്ടിയ ബോധത്തിന്നിടയില് അമ്മയതു കണ്ടെത്തി.
ബോധത്തിന്റെ ആ ഒളിനോട്ടം ഒരല്‍പ്പം കൂടി നേരം നീണ്ടു നിന്നിരുന്നെങ്കില്‍ ! മനസ്സഭിലഷിച്ചു പോയി.
സദു ജനിച്ച ശേഷം ആദ്യമായി അവനെ കയ്യിലെടുത്തത് അമ്മയാണ്. അടുത്തു തന്നെയുള്ള കിന്റര്‍ ഗാര്‍ട്ടനിലെ പ്ലേയേഴ്സ്, എല്‍കെജി, യുകെജി ക്ലാസ്സുകളിലേയ്ക്ക് അവനെ കൈപിടിച്ചു കൂട്ടിക്കൊണ്ടു പോകുകയും തിരികെ കൊണ്ടു വരികയും ചെയ്തിരുന്നതും അമ്മയായിരുന്നു. അവനു പനിവരാന്‍ പോകുന്നുണ്ടെന്നാദ്യം കണ്ടറിയാറുണ്ടായിരുന്നതും അമ്മ തന്നെയായിരുന്നു.
സദു അമ്മയ്ക്കെപ്പോഴും ഹൃദയത്തോടടുത്ത വിഷയമായിരുന്നു.
ഒരു പക്ഷേ അതു കൊണ്ടായിരിയ്ക്കുമോ അവന്റെ വിരലില്‍ മോതിരം മുറുകിപ്പോയിരിയ്ക്കുന്നത് കാണാന്‍ അമ്മയ്ക്കു കഴിഞ്ഞത്?
ഞങ്ങള്‍ നാലു പേര്‍ക്കും കാണാന്‍ കഴിയാഞ്ഞത് അമ്മയ്ക്ക് അര നിമിഷം കൊണ്ടു കാണാന്‍ കഴിഞ്ഞ നിലയ്ക്ക് അത്തരം കഴിവുകള്‍ അമ്മയുടെ ഉള്ളില്‍ അവശേഷിച്ചിരുന്നെന്നുറപ്പ്. ആ കഴിവു മുഴുവന്‍ അര നിമിഷം കൊണ്ടു വറ്റിപ്പോയിക്കാണാന്‍ വഴിയില്ല. ആ കഴിവിന്റെ അവശിഷ്ടം വീണ്ടും ചെറു കണികകളായെങ്കിലും പുറത്തു വരും. വരാതിരിയ്ക്കില്ല. ഞാനും ആശയോടെ സരളയുടെ സമീപത്ത് നിലത്തിരുന്നു.
അമ്മയുടെ ശ്രദ്ധയാകര്‍ഷിയ്ക്കാന്‍ വേണ്ടി സരള പലതും അമ്മയോടു പറഞ്ഞു കൊണ്ടിരുന്നു. ആ ശ്രമത്തില്‍ സരിയും സദുവും പങ്കു ചേര്‍ന്നു. അമ്മൂമ്മയെക്കൊണ്ട് എന്തെങ്കിലും കൂടി സംസാരിപ്പിയ്ക്കണം.
“അമ്മ പഴയപോലെ ആയിട്ടു വേണം നമുക്കു രണ്ടു പേര്‍ക്കും കൂടി വീണ്ടും കറക്കം തുടങ്ങാന്‍,” സരള പറഞ്ഞു.
അവളും അമ്മയും കൂടി കുറേയേറെ സ്ഥലങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. “അമ്മേ, നമുക്കവിടെയൊന്നു പോയാലോ” എന്നു സരള ചോദിയ്ക്കുമ്പോഴൊക്കെ, “പോകാം” എന്നായിരുന്നു അമ്മയുടെ സ്ഥിരം മറുപടി.
അവളും ഞാനും കൂടി ചെയ്തിരിയ്ക്കുന്ന യാത്രകളേക്കാള്‍ കൂടുതല്‍ അവളും അമ്മയും കൂടിയാണു ചെയ്തിരിയ്ക്കുന്നത്. അവളുടെ കൂടെ നടന്ന് അവളുടെ യുവത്വത്തില്‍ കുറേ അമ്മയ്ക്കും പകര്‍ന്നു കിട്ടിയതു പോലായിരുന്നു.
സരളയുടെ വാക്കുകള്‍ അമ്മ കേട്ടതായി തോന്നിയില്ല. അവള് അമ്മയുടെ ദൃഷ്ടിപഥത്തിലായിരുന്നെങ്കിലും അവളെ അമ്മ കാണുന്നതായും തോന്നിയില്ല. അമ്മയുടെ നോട്ടം നിര്‍ജ്ജീവമായിത്തുടര്‍ന്നു.
“ചേട്ടാ സന്ദീപിനോടൊന്നു ചോദിയ്ക്കായിരുന്നു,” സരള അഭിപ്രായപ്പെട്ടു. നിര്‍വ്വികാരാവസ്ഥയ്ക്കിടെ ബോധത്തിന്റെ മിന്നലാട്ടം കണ്ടതിന്റെ അര്ത്ഥമെന്തെന്നവള്ക്കറിയണം. സന്ദീപിനതു പറയാന്‍ പറ്റും.
സന്ദീപ് സരളയുടെ ഒരകന്ന കസിനാണ്. ഡോക്ടറുമാണ്. സന്ദീപാണ് വീട്ടില്‍ വന്ന് അമ്മയെ പരിശോധിയ്ക്കുന്നതും അമ്മയെ ചികിത്സിയ്ക്കുന്ന രണ്ടു ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നതും അവരുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ക്കു കൈമാറുന്നതും. ഏതാനും ദിവസം മുന്‍പ് അമ്മയ്ക്കുള്ള മരുന്നുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് സന്ദീപിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു.
ആ മാറ്റങ്ങളുടെ ഫലമായിരിയ്ക്കുമോ അമ്മയ്ക്ക് പെട്ടെന്നുണ്ടായിമറഞ്ഞ ഈ തെളിച്ചം?
മരുന്നില്‍ വരുത്തിയിരിയ്ക്കുന്ന പരിവര്‍ത്തനം പാര്‍ശ്വഫലങ്ങളും ദൂഷ്യഫലങ്ങളും കുറയ്ക്കാനുദ്ദേശിച്ചു കൊണ്ടുള്ളതാണെന്നും അത് അമ്മയുടെ സ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടാക്കുമെന്നു കരുതുന്നില്ലെന്നുമുള്ള മുന്നറിയിപ്പ് അന്നു തന്നെ സന്ദീപ് തന്നിരുന്നു. അത്ഭുതങ്ങള്‍ പ്രതീക്ഷിയ്ക്കാന്‍ പാടില്ല.
എങ്കിലും…
പ്രതീക്ഷയോടെ ഞാന്‍ സന്ദീപിനെ വിളിച്ചു.
സന്ദീപ് വിവരങ്ങള്‍ വിശദമായി, വീണ്ടും വീണ്ടും, ചോദിച്ചറിഞ്ഞു. അമ്മ ആകെ എത്ര വാക്കുകള്‍ പറഞ്ഞു, നമ്മെ നേരേ നോക്കുന്നുണ്ടോ, നോക്കുന്നതു കാണുന്നതായി പ്രതികരിയ്ക്കുന്നുണ്ടോ, എന്തെങ്കിലും തരത്തിലുള്ള പരിചയഭാവം ഒരല്പ്പനേരത്തേയ്ക്കാണെങ്കിലും മിന്നിമറയുന്നുണ്ടോ, വായന, എഴുതല്‍ , എന്നിങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടോ, അങ്ങനെയങ്ങനെ നിരവധി ചോദ്യങ്ങള്‍ .
മിനിറ്റുകള്‍ നീണ്ട സംഭാഷണത്തിന്നിടയില്‍ അവനൊരു ചെക്ക് ലിസ്റ്റില്‍ നിന്ന് ഓരോന്നോരോന്നായി, വ്യക്തമായി ചോദിച്ച ചോദ്യങ്ങളില്‍ മിയ്ക്കതിനും ഇല്ല, അല്ല എന്ന ഉത്തരങ്ങള്‍ എനിയ്ക്കു കൊടുക്കേണ്ടി വന്നു.
എന്റെ തൊണ്ടയിടറി.
എങ്കിലും ഏതാനും മിനിറ്റിനു മുന്‍പ് സദുവിന്റെ മോതിരവിരലില്‍ സ്പര്‍ശിച്ചു കൊണ്ട് “ടൈറ്റായി” എന്ന് അമ്മ കൃത്യമായിപ്പറഞ്ഞത് വലിയൊരു പുരോഗതിയല്ലെന്നു പറയാന്‍ പറ്റുമോ എന്നു ഞാനവനോടു ചോദിച്ചു. ഏറെ നാളായി അമ്മ എന്തെങ്കിലുമൊന്നു സംസാരിച്ചിട്ട്. അങ്ങനെയിരിക്കെ ഈയൊരു വാക്കു പറഞ്ഞത് അമ്മയ്ക്കുണ്ടായിരിയ്ക്കുന്ന പുരോഗതിയെത്തന്നെയല്ലേ സൂചിപ്പിയ്ക്കുന്നത്? അങ്ങനെയല്ലേ കണക്കാക്കേണ്ടത്?
ആ ഒരു വാക്ക് തത്ക്കാലം പ്രതീക്ഷയ്ക്കു വക തരുന്നില്ല. ബോധത്തിന്റേതായ, വ്യക്തമായി തിരിച്ചറിയാന്‍ പറ്റുന്ന, തുടര്‍ച്ചയായ സൂചനകളാണു വേണ്ടത്. പ്രായോഗികമല്ലാത്ത ആശകള്‍ വച്ചു പുലര്‍ത്തരുത്. യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ സരളച്ചേച്ചിയോടും പറയുക. സന്ദീപ് ഉപദേശിച്ചു.
മനസ്സിടിഞ്ഞു.
അമ്മയുടെ മുഖത്തു തുടരുന്ന നിര്‍വ്വികാരതയും എന്റെ മുഖത്തു പ്രതിഫലിച്ച നിരാശയും മാറിമാറി നോക്കിക്കൊണ്ടിരുന്ന സരള തളര്‍ന്നു. അവള് അമ്മയുടെ മടിയില്‍ തല ചായ്ച്ചു.
പണ്ട് ഞാന്‍ വരാന്‍ വൈകുമ്പോഴൊക്കെ അവളുടെ പതിവ് അതായിരുന്നു. ആദ്യം കുറേ നേരം രണ്ടു പേരും വഴിയില്‍ കണ്ണും നട്ടിരിയ്ക്കും. ടെന്‍ഷന്‍ കൂടുമ്പോള്‍ സരള അമ്മയുടെ കാല്ക്കലിരുന്നു കൊണ്ട് അമ്മയുടെ മടിയില്‍ തല ചായ്ക്കും. അമ്മ അവളുടെ ശിരസ്സില്‍ തലോടിക്കൊണ്ടിരിയ്ക്കും. എന്നെ കാത്തിരിയ്ക്കുമ്പോള്‍ മാത്രമല്ല, എന്തെങ്കിലും വിഷമം തോന്നുമ്പോഴൊക്കെ അവളമ്മയുടെ മടിയില്‍ അഭയം പ്രാപിയ്ക്കുക പതിവായിരുന്നു. വര്‍ഷങ്ങളായുള്ള പതിവ്. അമ്മയുടെ സ്നേഹമസൃണമായ തലോടലും ആശ്വാസവചനങ്ങളും അവളുടെ വിഷമങ്ങള്‍ അകറ്റിയിരുന്നു. അമ്മയായിരുന്നു അവളുടെ ആത്മധൈര്യത്തിന്റെ ഉറവിടം.
ഇന്നിപ്പോള്‍ സരള മടിയില്‍ തലചായ്ച്ചിട്ടും അമ്മയതു കാണുന്നില്ല, അറിയുന്നു പോലുമില്ല.
അവള്‍ക്കതു ഹൃദയഭേദകമായിരുന്നിരിയ്ക്കണം.
അതിനിടെ നിശ്ചലമായിരുന്ന അമ്മയുടെ വലതു കൈ അവളുടെ ശിരസ്സില്‍ തലോടാനെന്ന പോലെ പെട്ടെന്ന് അല്പ്പമുയര്ന്നു.
സരള ശ്വാസമടക്കിപ്പിടിച്ചു. കൂടെ ഞങ്ങളും.
അമ്മയുടെ മടിയില്‍ തല ചായ്ച്ചു കിടന്ന സരള അമ്മ അല്പ്പമുയര്ത്തിപ്പിടിച്ച കൈയ്യിലേയ്ക്കു തന്നെ നോക്കിക്കിടന്നു. ആശയോടെ. പ്രതീക്ഷയോടെ.
സരളയുടെ ബാല്യത്തില്‍ത്തന്നെ അവളുടെ അമ്മ മണ്മറഞ്ഞു പോയിരുന്നു. രണ്ടു മൂത്ത സഹോദരന്മാരും അച്ഛനും കൂടിയാണ് അവളെ വളര്‍ത്തിയത്. അവര്‍ സ്നേഹസമ്പന്നരായിരുന്നു. എങ്കിലും അവര്‍ പുരുഷന്മാരല്ലേ. അവളുടെ ആവശ്യങ്ങളെല്ലാം അവര്‍ നിറവേറ്റിയിരുന്നെങ്കിലും ഒരമ്മയുടെ വാത്സല്യപ്രകടനങ്ങള്‍ അവര്‍ക്കു പൊതുവേ അപരിചിതമായിരുന്നു.
അമ്മയാണ് എനിയ്ക്കു വേണ്ടി അവളെച്ചെന്നു കണ്ടത്. അമ്മയുമായി ഒരു മണിക്കൂര്‍ സംസാരിച്ചതോടെ അവളമ്മയുടെ ആരാധികയായി മാറി. “ക്ലീന്‍ ബോള്‍ഡ് ” എന്നാണതിനെപ്പറ്റി അവള് പറയാറ്.
അവളിവിടെ വന്നു കയറിയ ശേഷം അവര്‍ തമ്മിലുള്ള ബന്ധം സുദൃഢമായി. അവള്ക്കൊരമ്മയെക്കിട്ടി. അമ്മയ്ക്കൊരു മകളും.
അമ്മയുടെ ബോധം പതുക്കെ പുറകോട്ടു വലിയുന്നത് ആദ്യം തിരിച്ചറിഞ്ഞതും അവള് തന്നെ. അതവള്‍ക്കൊരു ആഘാതമായിരുന്നു. രണ്ടു പേരേയും ഒരേ സമയം ശുശ്രൂഷിയ്ക്കേണ്ടി വരുമോയെന്നു പോലും ഞാന്‍ ഭയന്ന ഒരു ഘട്ടമുണ്ടായിരുന്നു. അമ്മയുടെ ഡോക്ടര്‍മാരുമായി സന്ദീപ് ഒരുക്കിത്തന്ന സുദീര്‍ഘമായ ചര്‍ച്ചകളാണ് സരളയ്ക്ക് യാഥാര്‍ത്ഥ്യത്തെ നേരിടാനുള്ള കെല്‍പ്പുണ്ടാക്കിയത്. അമ്മ അറിയുന്നില്ലെങ്കിലും അമ്മയ്ക്ക് സരളയെ വളരെ ആവശ്യമുള്ള സമയമാണിതെന്ന് ഡോക്ടര്‍മാര്‍ അവളെ പറഞ്ഞു മനസ്സിലാക്കി. അമ്മയുടെ സാന്നിദ്ധ്യം കഴിയുന്നത്ര നീണ്ടു കിട്ടാന്‍ അതത്യാവശ്യമാണെന്നും അവര്‍ മുന്നറിയിപ്പു നല്കി.
ഇതൊക്കെയാണെങ്കിലും ചില സമയം അവള് തളരും.
“ആരാ?” ഒരുദിവസം രാവിലെയുണരാന്‍ വൈകിയതെന്തേയെന്നന്വേഷിയ്ക്കാന് ചെന്ന സരളയോട് അമ്മ ചോദിച്ചു. “മോളാരാ?” തീരെ പരിചയമില്ലാത്ത മട്ടില്‍ അമ്മ വീണ്ടും ചോദിച്ചു. ചോദ്യമാവര്‍ത്തിച്ചു. അതായിരുന്നു തുടക്കം.
പെട്ടെന്നു വന്ന മറവി മനസ്സിലാക്കി അധികം കഴിയുംമുമ്പെ അമ്മ ചിരിച്ചെങ്കിലും അമ്മയ്ക്ക് എന്തോ കുഴപ്പം വരാന്‍ പോകുന്നെന്നു അന്നു സരള എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടു പറഞ്ഞു. ഞാനന്നവളെ ശാസിച്ചു, നീ വെറുതേ ഭയപ്പെടുകയാണ്. അമ്മയ്ക്കൊരു കുഴപ്പവുമില്ല. മനുഷ്യര്‍ക്ക് ഇടയ്ക്കിടെ മറവിയുണ്ടാവില്ലേ? നമ്മുടെ കാര്യം പോലും അങ്ങനെ. പിന്നെ വയസ്സായവരുടെ കാര്യം പറയാനുണ്ടോ?
കുറച്ചു നാള് കഴിഞ്ഞ ശേഷമാണ് അവള് പറഞ്ഞതില്‍ ശരിയുണ്ട് എന്നെനിയ്ക്കും തോന്നിത്തുടങ്ങിയത്. അമ്മയുടെ നെഞ്ചോടൊട്ടി നിന്നിരുന്നതു കൊണ്ട് അമ്മയുടെ അതിസൂക്ഷ്മമായ ഭാവവും ഭാവമാറ്റവുംവരെ അവള് വ്യക്തമായി വായിച്ചെടുത്തിരുന്നു. അവള് മനസ്സിലാക്കിയെടുത്ത കാര്യങ്ങള്‍ സന്ദീപിന് ആശയക്കുഴപ്പമുണ്ടാകാതിരിയ്ക്കാന് വളരെ ഉപകരിച്ചു. ആശയപ്രകാശനം അമ്മയ്ക്ക് ബുദ്ധിമുട്ടായിത്തീര്‍ന്നു കൊണ്ടിരുന്നുവെങ്കിലും അമ്മ പറയാതെ തന്നെ അമ്മയുടെ ആഗ്രഹങ്ങള്‍ മനസ്സിലാക്കിയെടുക്കാനും അതു നിറവേറ്റികൊടുക്കാനും സരളയ്ക്കു കഴിഞ്ഞിരുന്നു.
അവളില്ലായിരുന്നെങ്കില്‍ ഞാനെന്തു ചെയ്യുമായിരുന്നെന്നു ഞാനത്ഭുതപ്പെട്ടുപോകാറുണ്ട്.
ഞാന്‍ സരളയുടെ തോളത്തു സ്നേഹത്തോടെ കൈ വച്ചു.
അമ്മയുടെ മടിയില്‍ തല ചായ്ച്ചുകൊണ്ട് അമ്മ അല്‍പ്പം ഉയര്‍ത്തിപ്പിടിച്ചിരുന്ന കൈയ്യിലേയ്ക്കു തന്നെ, ആഗ്രഹത്തോടെ, ഉത്ക്കണ്ഠയോടെ, ഉറ്റുനോക്കിക്കിടന്നു, സരള.
അല്പ്പമുയര്ന്ന ആ കൈ പകുതി വഴിയില്‍ വച്ചു നിശ്ചലമായി.
കാതരയായി സരളയെന്നെ നോക്കി.
അമ്മയുടെ കൈയ്യും സരളയുടെ ശിരസ്സും തമ്മില്‍ ഇഞ്ചുകളുടെ അകലമേയുള്ളു. എന്നിട്ടും ആ അകലമൊന്നു കടക്കാന്‍ അമ്മയുടെ കൈയ്ക്കു കഴിയുന്നില്ലല്ലോ, ഈശ്വരാ….
ഒരായിരം തവണ അമ്മ അവളെ തലോടിയിട്ടുള്ളതാണ്. ഒന്നു കൂടി തലോടിയിരുന്നെങ്കില്‍ ….
സരിയും സദുവും സ്തബ്ധരായി അമ്മൂമ്മയുടെ കൈയ്യില്‍ത്തന്നെ ഉറ്റുനോക്കി നിന്നു. അതുയരില്ലേ?
അമ്മയ്ക്ക് സരളയെ കാണാന്‍ കഴിയുന്നതായി തോന്നിയില്ല.
എന്നാല്‍ മടിയില്‍ അവളുടെ ശിരസ്സുണ്ടെന്നു അമ്മ മനസ്സിലാക്കുന്നതായി തോന്നുന്നില്ലേ? എന്തോ ഒരസ്വസ്ഥത കാണുന്നില്ലേ ആ മുഖത്ത്? എന്തെങ്കിലുമൊരു സൂചനയ്ക്കായി ഞാന്‍ അമ്മയുടെ മുഖമാകെ പരതി.
മുഖത്തു പ്രതികരണമുണ്ടാകുന്നില്ലെങ്കിലും മടിയില്‍ സരള തലചായ്ച്ചിരിയ്ക്കുന്നതായി അമ്മ മനസ്സിലാക്കിയതു കൊണ്ടായിരിയ്ക്കണമല്ലോ കൈ അല്‍പ്പം ഉയര്‍ത്തിയിരിയ്ക്കുന്നത്. ആ പ്രതികരണം അമ്മ പൂര്ത്തിയാക്കാതിരിയ്ക്കുമോ? അതു പൂര്‍ത്തിയാക്കാന്‍ അമ്മയ്ക്കു പറ്റാതിരിയ്ക്കുമോ?
അമ്മ സരളയുടെ നേരേ ഒരു തവണ പോലും നോക്കിയിട്ടില്ല. തൊട്ടടുത്തു നില്ക്കുന്ന സരിയേയും സദുവിനേയും.
അമ്മ പെറ്റു വളര്‍ത്തിയ, അമ്മയുടെ ഏകമകനായ എന്റെ പോലും നേരേ നോക്കിയിട്ടില്ല.
പക്ഷേ, അതിലതിശയമില്ല. സരളയുടെ കടന്നുവരവോടെതന്നെ ഞാന്‍ പുറകോട്ടു തള്ളപ്പെട്ടു കഴിഞ്ഞിരുന്നു. സരിയും സദുവും കൂടി വന്നതോടെ എന്റെ സ്ഥാനം വീണ്ടും പുറകോട്ടു പോയി. അവസാനമായി അമ്മ ഓമനിച്ചു കൊണ്ടു നടന്ന അവരെപ്പോലും തിരിച്ചറിയാന്‍ കഴിയാത്ത നിലയ്ക്ക് അമ്മയ്ക്ക് എന്നെ തിരിച്ചറിയാനും പ്രയാസമാകും.
ഓര്‍ത്തപ്പോള്‍ നെഞ്ചു വലിഞ്ഞു മുറുകി.
സരളയുടെ പൊട്ടിക്കരച്ചില്‍ കേട്ടാണ് ഞാന്‍ തലയുയര്‍ത്തി നോക്കിയത്.
അമ്മയുടെ അല്‍പ്പം ഉയര്‍ന്നിരുന്ന കൈ താഴ്ന്ന് പൂര്‍വ്വസ്ഥിതിയിലേയ്ക്കു മടങ്ങിപ്പോയിരിയ്ക്കുന്നു. സരളയെ സ്പര്‍ശിയ്ക്കുക പോലും ചെയ്യാതെ.
തന്നെ സ്പര്ശിയ്ക്കാതെ പോയ ആ കൈയ്യില്‍ നോക്കിയാണു സരള ഏങ്ങിയേങ്ങിക്കരയുന്നത്. തന്റെ ശിരസ്സിലൊന്നു തലോടുമെന്നവള് തീവ്രമായി ആഗ്രഹിച്ചു പോയ കൈ. അവള്‍ക്കു സഹിയ്ക്കുന്നുണ്ടാവില്ല.
സരി സരളയെ കെട്ടിപ്പിടിച്ചു കരയാന്‍ തുടങ്ങി.
സദു പകച്ചു കൊണ്ട് എന്നെയും കരയുന്ന സരളയേയും സരിയേയും, ചുറ്റും നടക്കുന്നതൊന്നുമറിയാതെ നിര്വ്വികാരയായിരിയ്ക്കുന്ന അമ്മൂമ്മയേയും മാറി മാറി നോക്കി നിന്നു.
കണ്ണുനീരിന്റെ മൂടലില്‍ എന്റെ കാഴ്ച്ച മങ്ങി.
105 total views, 2 views today
