മിനി പൂങ്ങാട്ട് സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘ഒരു വലിയ എ ‘ . അടുത്തിടെ പലരും കൈകാര്യം ചെയ്തിട്ടുള്ള ട്രാന്സ്ജെന്ഡേഴ്സ് വിഷയം തന്നെയാണ് ഷോർട്ട് മൂവി പറയുന്നത്. എന്നാൽ എങ്ങനെയാണ് അവരുടെ ജീവിതം അഴുക്കുചാലിൽ ഒഴുകുന്നതെന്നു വളരെ സ്പഷ്ടമായി തന്നെ ചിത്രം പറയുന്നുണ്ട്. തന്റെയുള്ളിലെ സ്ത്രീയെ പ്രസവിച്ചുകഴിഞ്ഞാൽ ഓരോ ട്രാൻസ്ജെൻഡറും സമൂഹത്തിനു മുന്നിൽ പരിഹാസപാത്രങ്ങളോ തങ്ങളുടെ കാമതൃഷ്ണകളെ തൃപ്തിപ്പെടുത്താനുള്ള യന്ത്രങ്ങളോ ആണ്. മാനുഷികമായ ഒരു വികാരവും അവർക്കു നൽകാത്ത സമൂഹം എപ്പോഴും ട്രാൻസ്ജെൻഡേഴ്സിന് വേട്ടനായ്ക്കൾ തന്നെയാണ്. സർക്കാർ അവർക്കനുകൂലമായി എന്തൊക്കെ ചെയ്താലും നിയമങ്ങൾ അവർക്കനുകൂലമായി നിലകൊണ്ടാലും സമൂഹം മാറിചിന്തിക്കുന്നില്ല. ഒരുപക്ഷെ അല്പം പുരോഗമനപരമായ മാറ്റം കണ്ടുതുടങ്ങി എന്നതിൽ അല്പം ആശ്വസിക്കാം എന്നുമാത്രം. എങ്കിൽ പോലും ആ പുരോഗമനത്തിനുള്ളിലും ഒരു കപടതയുണ്ട് എന്നതാണ് സത്യം.
vote for oru valiya A
ഒരാളുടെ സ്വത്വത്തിൽ ആണോ പെണ്ണോ എന്നത് അയാളുടെ കുറവോ കൂടുതലോ അല്ല. എന്നാൽ തന്നിലുള്ളത് എന്താണോ അതിനനുസരിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യം ആ വ്യക്തിക്ക് സമൂഹം നൽകുന്നില്ല എങ്കിൽ ആ സമൂഹം യാഥാസ്ഥിതികത കൊണ്ട് അധഃപതിച്ച ഒരു സമൂഹമാകുന്നു. അവരും എല്ലാരേയും പോലെ മജ്ജയും മാംസവും ചോരയുമൊക്കെയുള്ള മനുഷ്യർ തന്നെയാണ്. ചാന്തുപൊട്ട് എന്നും ശിഖണ്ഡിയെന്നും ഒമ്പതെന്നും ഒക്കെ വിളിച്ചു അധിക്ഷേപിക്കുമ്പോൾ നമ്മുടെ ഭാഷയ്ക്ക് അവരെ സൂചിപ്പിക്കാൻ ഒരു പദം പോലും ഇല്ല എന്നതിൽ ലജ്ജിക്കേണ്ടിവരും. ഇവിടെ ഭാഷ തന്നെ യാഥാസ്ഥിതികതയ്ക്കു വളമാകുന്നു.
ഞാനൊരിക്കൽ കൊങ്കൺ റെയിൽ പാതയിലൂടെ ഗോവയിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നപ്പോൾ കാർവാറിൽ വച്ച് ഒരു ട്രാൻസ്‌ജെൻഡർ യുവതി അടുത്തുവന്നിരുന്നു എന്റെ കൈയിലും മുഖത്തും നെഞ്ചിലും ഒക്കെ ലൈംഗികാസക്തി അഭിനയിച്ചുകൊണ്ടു തടവി .പണം ആണ് ലക്‌ഷ്യം. ഒരു പത്തുരൂപ കൊടുത്താൽ അവർ മടങ്ങിപ്പോക്കൊള്ളും. എന്നാൽ ഇതിനിടയിൽ വേഷംകെട്ടുകാരും ക്രിമിനലുകളും ഉണ്ടെന്നത് സത്യമാണ്. ഒരുപക്ഷെ അവരാകാം ഈ വിഭാഗക്കാരോടുള്ള അവജ്ഞയ്ക്കു മറ്റൊരുകാരണം.
എന്തുകൊണ്ടാകാം ട്രാന്സ്ജെന്ഡേഴ്സ് ലൈംഗികവൃത്തി ജീവിക്കാൻ തിരഞ്ഞെടുക്കുന്നത് ? ഇക്കാര്യത്തിൽ നമ്മൾ അവരെ പുച്ഛിക്കുന്നതിനു മുൻപ് അവർ പിന്നെ എന്ത് ചെയ്യണം എന്നുകൂടി പറയേണ്ടതുണ്ട്. അവർക്കു നല്ല തൊഴിലുകളോ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളോ ഒരുക്കുന്നതിൽ നിങ്ങളുടെ പങ്കെന്താണ് ? എവിടെയും ആട്ടിപ്പായിക്കുന്ന അവർക്കു പിന്നെന്ത് ജോലിയാണ് വഴങ്ങുക ? നിങ്ങള്ക്ക് പറയാനുള്ള കാരണം എനിക്കറിയാം , ഈ വേഷങ്ങളും നാട്യങ്ങളും അഴിച്ചുകളഞ്ഞിട്ട് പുരുഷന്മാരായി മുണ്ടുമടക്കിക്കുത്തി നരസിംഹത്തിലെ ഇന്ദുചൂഡൻ എന്ന കേരളീയ പൗരുഷത്തിന്റെ റോൾ മോഡലിനെ അനുകരിച്ചു ജീവിക്കുക .
എന്നാൽ ഇതുപറയുന്ന നിങ്ങൾ എതിർലിംഗാഭിനിവേശം ഉള്ളവർ ആകുമല്ലോ സ്വാഭാവികമായും . നിങ്ങളോടു നിങ്ങളുടെ സമാനലിംഗത്തിലെ ഒരാളുമായി ബന്ധപ്പെടാൻ പറഞ്ഞാൽ നിങ്ങള്ക്ക് സാധിക്കുമോ ? നിങ്ങൾ പുരുഷനെങ്കിൽ നിങ്ങൾക്കുള്ളിലെ പുരുഷനും നിങ്ങളൊരു സ്ത്രീയെങ്കിൽ നിങ്ങൾക്കുള്ളിലെ സ്ത്രീയും അതിനെ എതിർക്കുമെങ്കിൽ അതുതന്നെയാണ് ട്രാൻസ്ജേൻഡറിന്റെയും വിഷയം. ഒരു പുരുഷന് അവനുള്ളിലെ സ്ത്രീയെ പുറത്തുകൊണ്ടുവന്നേ ജീവിക്കാൻ സാധിക്കൂ എന്ന് മനസിലാക്കണം. അതിനു നിങ്ങൾ പഴിചാരുന്നെങ്കിൽ അത് വ്യക്തികളെ അല്ല പ്രകൃതിയെ മാത്രമാണ് പഴിചാരേണ്ടത് . എന്തിനാ ഈ ഹോർമോൺ വ്യതിയാനങ്ങൾ മനുഷ്യന് നൽകുന്നത് എന്ന് ചോദിക്കണം. മറുപടിയായി നിങ്ങളെ പരിഹസിച്ചുകൊണ്ടുള്ള പ്രകൃതിയുടെ ചിരി കേൾക്കാം.
മറ്റൊരുകൂട്ടരുണ്ട്, ഇതിലൊക്കെ പ്രകൃതിവിരുദ്ധത ആരോപിക്കുന്നവർ . എന്താണ് പ്രകൃതി എന്നറിയാത്തവർ ആണ് പ്രകൃതി വിരുദ്ധതയും പ്രകൃതി പരവും പറയുന്നവർ. രക്തബന്ധരതിയും റേപ്പും പ്രകൃതിപരമാണ്. നിങ്ങൾ പ്രകൃതിസ്നേഹം കൊണ്ട് അങ്ങനെയാണോ ജീവിക്കുന്നത് ? എന്തിന്, കൃഷി പോലും പ്രകൃതിവിരുദ്ധമാണ്. കാരണം ആകാശത്തിലെ പറവകളും ഭൂമിയിലെ മൃഗങ്ങളും ഉരഗങ്ങളും ഒന്നും വിതച്ചു കൊയ്തിട്ടല്ല മൃഷ്ടാനം ഉണ്ണുന്നത്. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്തിട്ടാണ് കൃഷിചെയുന്നത് . അപ്പോൾ അത്യാവശ്യം എങ്കിൽ നിങ്ങള്ക്ക് പ്രകൃതിവിരുദ്ധർ ആകാം അല്ലെ ?
ഈ അവഗണയും അതിക്രമവും ട്രാൻസ്ജെൻഡർ വിഭാഗങ്ങളോട് മാത്രമല്ല കേട്ടോ. എല്‍.ജി.ബി.ടി വിഭാഗങ്ങളോട് മൊത്തത്തിൽ ഉണ്ട്. അവിടെയാണ് ‘ഒരു വലിയ എ’ എന്ന ഷോർട്ട് മൂവിയുടെ പ്രസക്തി. ഈ മൂവിയിൽ രണ്ടു രീതിയിൽ ജീവിക്കുന്ന ട്രാൻസ്ജെൻഡറുകളെ അവതരിപ്പിച്ചിക്കുന്നു. ഒരാൾ ഒരു കാബറെ ഡാൻസുകാരി എങ്കിൽ മറ്റൊരാൾ ഉപജീവനത്തിന് വേണ്ടി സെക്സ് ചെയുന്നവൾ . എന്നാൽ ഈ രണ്ടുപേരും ഒരു കാര്യത്തിൽ സമാനഹൃദയം ഉള്ളവരാണ്. മനുഷ്യരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയുന്ന കാര്യത്തിൽ.
പട്ടിണി കിടക്കാതിരിക്കാൻ ഒരാൾക്ക് തന്റെ ആഹാരപ്പൊതി നല്കുന്നവൾ നല്ല മനസിന് ഉടമയാണ്. ആ മനസുകാണാതെയാണ് അവളെ മോശക്കാരി എന്ന് വിധിയെഴുതുന്നത്. എന്നാൽ വിധി എഴുതുന്നവർ എത്രപേർക്ക് ഒരുനേരത്തെ ആഹാരം കൊടുത്തിട്ടുണ്ടാകും ? ഇനി മറ്റൊരുവൻ ശരീരം വിറ്റുകിട്ടിയ പണം കൊണ്ട് നിർദ്ധനനായ ഒരു കുട്ടിയുടെ പഠനാവശ്യങ്ങൾ നിറവേറ്റുന്നു. ആ കുട്ടിയുടെ വീട്ടുകാർക്കും നാട്ടുകാർക്കും ആ ട്രാൻസ്ജെൻഡർ പിഴച്ചവളാണ് , വ്യഭിചാരിണിയാണ്, മോശക്കാരിയാണ്, ഒരുങ്ങിച്ചമഞ്ഞു ആണുങ്ങളെ വലയിൽ വീഴ്ത്താൻ നടക്കുന്നവളാണ്.
ശരിയാണ് അവൾ ആൾക്കൂട്ടത്തിൽ നിന്നും തന്റെ അന്നം കണ്ടെത്തുന്നവൾ തന്നെയാണ് . വിശന്നു മരിക്കാൻ അവൾക്കു മനസില്ല. തന്റെ അന്നവും മറ്റൊരാളിന്റെ ജീവിതപ്രശ്നവും അതിലൂടെ പരിഹരിക്കാൻ സാധിക്കുന്നെങ്കിൽ അവൾ ചെയുന്ന ജോലി അതെന്തായാലും മോശമല്ല. ഒടുവിൽ ഇരുളിന്റെ മറവിൽ ഏതോ അധമനായ കാമചെന്നായ അവളെ പിച്ചിച്ചീന്തുമ്പോൾ അവളുടെ ആർത്തനാദങ്ങൾ ലോകത്തിന്റെ തിരക്കിൽ മുങ്ങിപ്പോയിരുന്നു. അവൾ നിത്യശാന്തിയിലേക്കു നിശ്ചലമായപ്പോൾ ലോകം ഉണർന്നുവരുന്നതേയുണ്ടായിരുന്നുള്ളൂ.
ഇവിടെ രണ്ടു ട്രാൻസ്ജെന്ഡറുകളുടെ ജീവിതത്തെ ആണ് അനാവരണം ചെയുന്നത്. ഒരാൾ രശ്മി എന്ന ബാർ ഡാൻസുകാരി . തന്റെ ശരീരത്തെ വിൽക്കാതെ ജീവിക്കുന്നവൾ. മറ്റെയാൾ നമ്മുടെ കഥാനായികയായ ലച്ചു. അവൾക്കു മറ്റൊരു തൊഴിലും അറിയില്ല. അഗ്രഹാരത്തിൽ വളർന്ന അവൾ എന്തുകൊണ്ട് അത്തരത്തിലായി എന്ന് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ കുടുംബ – സാമൂഹിക സാഹചര്യങ്ങൾ എല്ലാം തന്നെ അവൾക്കു പ്രതികൂലമാകുമ്പോൾ അവളുടെ ജീവിതം മറ്റൊന്നാകാൻ തരമില്ലല്ലോ.
ലച്ചു, അവൾ വർത്തമാനകാല ലോകത്തിന്റെ വാസവദത്തയാണ് . ഉപഗുപ്തനെന്ന നല്ലകാലത്തെ സ്വപ്നംകണ്ട് ജീവിച്ചൊരു വാസവദത്ത. ലോകമാകുന്ന രാജധാനിയിൽ ആടിയും പാടിയും കാമാസക്തികളെ ശമിപ്പിച്ചും അവൾ ജീവിച്ചു. പക്ഷെ അവൾ വീണുപോയി. അവൾക്കുവേണ്ടി ആരും കരയാനുണ്ടായില്ല ..അവൾക്കു വേണ്ടി ആരും ദുഖിക്കാൻ ഉണ്ടായിരുന്നില്ല. അവൾക്കു കിട്ടിയത് കാർക്കിച്ചു തുപ്പലുകൾ മാത്രം, സദാചാര കോമാളികളുടെ പുലഭ്യം മാത്രം . അവളുടെ ആത്മാവ് മാത്രം മൗനമായി ചോദിച്ചുകൊണ്ടിരുന്നു…
സമയമായില്ല’പോലും ‘സമയമായില്ല’പോലും
ജീവനെന്റെ ഹൃദയത്തിലൊഴിഞ്ഞു പോയി ……
‘ഒരു വലിയ എ’ ഇവിടെ പൂർത്തിയാകുമ്പോൾ… ഇവിടെ ‘എ’ എന്നാൽ അഡൾട്ട് ഒൺലി അല്ല… ഒരു വലിയ ലക്‌ഷ്യം ..AIM . ആ ലക്ഷ്യത്തിലേക്കു നടന്നെത്താൻ നമ്മുടെ സമൂഹത്തിനു സാധിക്കട്ടെ…നമുക്കാകെയും സാധിക്കട്ടെ. മികച്ച കഥ, ചിത്രം എന്നിവയ്ക്കുള്ള നിരവധി പുരസ്‌കാരം നേടിയ ശേഷം ‘ഒരു വലിയ A’ മലയാള ഷോർട് ഫിലിം ചരിത്രത്തിലെ ആദ്യ ഐറ്റം ഡാൻസ്, നടന്ന കഥയുടെ ദൃശ്യവിഷ്കാരം, വലിയ A വലിയ വിജയമാകാൻ കാണുക, അഭിപ്രായം രേഖപ്പെടുത്തുക
സംവിധായിക മിനി പൂങ്ങാട്ട് ബൂലോകം ടീവിയോട് സംസാരിക്കുന്നു – ഓഡിയോ
[zoomsounds_player artistname=”BoolokamTV Interview” songname=”MINI POONGHAT” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/12/oru-valiya-a-final.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
Direction MINI POONGHAT
Producers SHAFEEQ
MURALEEDHARAN
SANAL KUMAR
MIDHUN KUMAR
SURESH KUMAR
Story & Screenplay YESKUMAR
Cinematography GOKUL KARTHIC
Final Editing QUILL PEN STUDIO
Editing RED ARK STUDIO
Art & Makeup SAMBRAJ NAIR
Assis Director BIJIN SURYA
Assis Camera ABHILASH
Location Manager RAJESH
Travel BALU KYLAS
Publicity Design QUILL PEN DESIGN
Actors
ANZAAR
ADHRIJA LLEKSHMI
AJAYAN VIJAYALAYAM
SANAL KUMAR
RAJESH