ഒരു വർഷം ഒരു മാസം
Roy VT
M.G.സോമൻ നായകനായിരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിെന്റെ ഏറ്റവും ഉജ്വലമായ ഭാവാഭിനയ മുഹൂർത്തങ്ങൾ പ്രകടമായ ഒരു ചിത്രമായിരുന്നു നവരത്നാ മൂവീസിനു വേണ്ടി ഹിറ്റ്മേക്കർ ശശികുമാർ സംവിധാനം ചെയ്ത ഒരു വർഷം ഒരു മാസം .അച്ഛനും മകനുമായി ഇരട്ട വേഷങ്ങളിലാണ് M.G.സോമൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ജയഭാരതി നായികയായി വേഷമിട്ടു.ജഗതി ശ്രീകുമാർ എന്ന അഭിനേതാവ് ചുവടുറപ്പിക്കുന്ന ഘട്ടത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ഇതിലേത്.
ഞാൻ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ അത്ഭുതം സൃഷ്ടിക്കും എന്ന് സ്വയം പ്രവചിച്ചു നടക്കുന്ന മണ്ടൻ കഥാപാത്രത്തെ ജഗതി രസകരമാക്കി.അക്കാലത്ത് ജഗതിയുടെ ഈ സംഭാഷണം സ്കൂൾകുട്ടികൾ ഉൾപ്പെടെ പലരും പറഞ്ഞു നടന്നതായി ഓർക്കുന്നു. കുര്യൻ വർണ്ണശാല ഒരുക്കിയ ഗംഭീര പരസ്യങ്ങൾ ഈ ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കി. എന്നാൽ സാമ്പത്തികമായി ഈ ചിത്രം അത്രവലിയ വിജയമായിരുന്നില്ല.
കടൽപ്പാലം പോലെ, മീൻ പോലെ വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള അച്ഛനും മകനും ആശയപരമായി പരസ്പരം ഏറ്റുമുട്ടുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളായിരുന്നു പരസ്യങ്ങളിലൂടെ പ്രേക്ഷകർ പ്രതീക്ഷിച്ചത്. പക്ഷെ ഇടവേളയ്ക്കു ശേഷം ശോകരംഗങ്ങളുടെ അതിപ്രസരത്താൽ ഇഴഞ്ഞുനീങ്ങുന്ന ദുരന്തപര്യവസായിയായ ഒരു ചിത്രമെന്ന നിലയിൽ ഒന്നുകണ്ടവർ വീണ്ടുംകാണാൻ താല്പര്യപ്പെടാത്ത കാരണത്താലാകാം ഇതൊരു വലിയ വിജയമാകാഞ്ഞത്. പൂവച്ചൽ ഖാദർ രചിച്ച്, രവീന്ദ്രൻ സംഗീതം പകർന്ന ഇതിലെ ഗാനങ്ങളിൽ ഇനിയെന്റെ ഓമലിനായൊരു ഗീതം ഹൃദയങ്ങൾ ചേരും സംഗീതം ..എന്ന ഗാനം മാത്രമാണ് ഭേദപ്പെട്ടതായി തോന്നിയത്. മറ്റു ഗാനങ്ങൾ യാതൊരു വിധത്തിലും ശ്രദ്ധിക്കപ്പെട്ടില്ല.