ഒരു യാത്രാമൊഴി….
കാര്‍മേഘത്തിന്റെ പുതപ്പണിഞ്ഞ് പകല്‍ ചലനമറ്റത്തു പോലെ …..മുറ്റത്ത് ആളുകള്‍ കൂടി കൂടി വരുന്നു…എത്ര പെട്ടെന്നാണ് എല്ലാവരും അറിഞ്ഞത്…ഇവരെല്ലാം ആരെല്ലാമാണ്..?അറിയുന്നതും …അറിയാത്തതുമായ… ഏറെ മുഖങ്ങള്‍…
ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞ് മാവിന് ചുവട്ടിലേക്ക് മാറി നിന്നപ്പോഴാണു ശ്രദ്ധിച്ചത്…സുജയുടെ വീട്ടില്‍ നിന്നും കൊണ്ടു വന്നു നട്ടു പിടിപ്പിച്ച പനിനീര്‍ച്ചെടി അവിടെ കാണുന്നില്ല..അത് എവിടേക്കു മാറ്റി….ഓ…മുറ്റത്ത് പന്തലിടാന്‍ വന്നവര്‍ അത് പിഴുത് കളഞ്ഞുവൊ…ആശിച്ചു വളര്‍ത്തിയതാണത്…ആ പനിനീര്‍ച്ചെടി ..എന്നും സൌഹൃദത്തിന്റെ നനുത്ത ഓര്‍മ്മകളേകി.. അവളുടെ ഓര്‍മ്മകള്‍ക്ക് പച്ചപ്പു നല്‍കുമായിരുന്നു…….
118 total views
കാര്‍മേഘത്തിന്റെ പുതപ്പണിഞ്ഞ് പകല്‍ ചലനമറ്റത്തു പോലെ …..മുറ്റത്ത് ആളുകള്‍ കൂടി കൂടി വരുന്നു…എത്ര പെട്ടെന്നാണ് എല്ലാവരും അറിഞ്ഞത്…ഇവരെല്ലാം ആരെല്ലാമാണ്..?അറിയുന്നതും …അറിയാത്തതുമായ… ഏറെ മുഖങ്ങള്‍…
ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞ് മാവിന് ചുവട്ടിലേക്ക് മാറി നിന്നപ്പോഴാണു ശ്രദ്ധിച്ചത്…സുജയുടെ വീട്ടില്‍ നിന്നും കൊണ്ടു വന്നു നട്ടു പിടിപ്പിച്ച പനിനീര്‍ച്ചെടി അവിടെ കാണുന്നില്ല..അത് എവിടേക്കു മാറ്റി….ഓ…മുറ്റത്ത് പന്തലിടാന്‍ വന്നവര്‍ അത് പിഴുത് കളഞ്ഞുവൊ…ആശിച്ചു വളര്‍ത്തിയതാണത്…ആ പനിനീര്‍ച്ചെടി ..എന്നും സൌഹൃദത്തിന്റെ നനുത്ത ഓര്‍മ്മകളേകി.. അവളുടെ ഓര്‍മ്മകള്‍ക്ക് പച്ചപ്പു നല്‍കുമായിരുന്നു…….
അതാ…ബീനാമ്മയും മക്കളും ഒക്കെ വരുന്നുണ്ട്…ഓടിച്ചെന്നു അരികത്തണയാനും വിശേഷങ്ങള്‍ തിരക്കാനും തോന്നുന്നു …പക്ഷേ…..എത്ര നാളായി കൊതിക്കുന്നു ബീനാമ്മയെ കാണാന്‍…ഒന്നു പോയി കാണാനുള്ള സമയം വേണ്ടേ….സമയം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ല എന്നതു എത്ര ശരിയാ… ജോലി കിട്ടിയതില്‍ പിന്നെ ജോലി തിരക്കു തന്നെയായിരുന്നല്ലോ…എവിടെയും പോകാന്‍ കഴിഞ്ഞിട്ടില്ല..പിന്നെയെങ്ങനെ കാണാനാ ബന്ധുക്കളെ ഒക്കെ…എല്ലവരും ഇന്ന് വന്നിട്ടുണ്ട്…
പക്ഷേ…ഒന്നും മിണ്ടാന്‍ പോലും കഴിയുന്നില്ല….
ചാറ്റല്‍മഴ തുടങ്ങീയിരിക്കുന്നു…
എന്നും പ്രിയപ്പെട്ടതായിരുന്നു മഴ…മഴയത്ത് കുട എടുക്കാതെ മനപൂര്‍വ്വം സ്കൂളിലേക്കും മറ്റും പോകുമായിരുന്നു….മഴ നനയുന്നതിനു പലപ്പോഴും അമ്മയുടെ ശകാരം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്……
കാറിന്റെ ഡോര്‍ അടയുന്ന ശബ്ദം കേട്ടപ്പോള്‍ എല്ലാവരുടെയും നോട്ടം ചെമ്മണ് പാതയിലേക്കായി…പാതയുടെ ഇരുവശവും നിറയെ തുമ്പപ്പൂക്കളുമായി തുമ്പച്ചെടി ഉണ്ടായിരുന്നു…ഇന്നിനി വരുന്ന വണ്ടികള്‍ അവയെ നശിപ്പിക്കുമൊ…പാവം തുമ്പച്ചെടികള്‍….
ഗേറ്റ് കടന്നു വരുന്നവരെ നല്ല പോലെ കാണാന്‍ കഴിയുന്നില്ല…ആരോ പറയുന്നതു കേട്ടു…’ശേഖരനാണ്…അവര്‍ക്ക് വേണ്ടിയാണിതു വരെ കാത്തത്’ എന്ന്…
ശേഖരമ്മാവനോ…ലക്ഷ്മിയമ്മായിയും വന്നിട്ടുണ്ടാകും…അടുത്തെത്തിയപ്പോള്‍ കണ്ടു.. അമ്മായി കൈലേസ് കൊണ്ട് കണ്ണുകള്‍ തുടയ്ക്കുന്നു…അമ്മാവന്റെ മുഖത്ത് ഇപ്പൊഴും കാര്‍ക്കശ്യഭാവം തുളുമ്പി നില്ക്കുന്നു….ശേഖരമ്മാവന് ഒരിക്കലും ചിരിച്ചു കണ്ടിട്ടേയില്ല…വലിയ മീശയും സ്വര്‍ണ്ണ കണ്ണടയും വച്ചുള്ള ആ വരവും…’എന്താടീ, നിന്റെ പഠിത്തമൊക്കെ എങ്ങനെ..?നല്ല മാര്‍ക്ക് വാങ്ങിച്ചോണം’ എന്നൊക്കെ വളരെ കനത്തില്‍ ശബ്ദത്തില്‍ അന്വേഷിക്കുമ്പോള്‍…എന്തെന്നില്ലാത്ത ദേഷ്യമായിരുന്നു മനസ്സില്‍ തോന്നിയിരുന്നത്…’എന്താമ്മേ ശേഖരമ്മാവന് ഇങ്ങനെ…’ എന്ന് അമ്മയോട് പരിഭവം പറയുമ്പോള്‍ ‘ശേഖരേട്ടന്, പാവമാ…എല്ലാരോടും സ്നേഹം തന്നെയാ ആ മനസ്സില്‍ ….’ എന്നാവും അമ്മയുടെ പ്രതികരണം..
അമ്മ….എന്റെ പാവം അമ്മ….ആ മനസ്സില്‍ എല്ലാവരും നല്ല പ്രകൃതക്കാരാ….എല്ലാവരോടും സൌമ്യമായേ അമ്മ സംസാരിക്കാറുള്ളൂ… ഒറ്റയ്ക്കിരുന്നു മനസ്സിലെ വിഷമങ്ങള്‍ എല്ലാം സാരിത്തുമ്പില്‍ ഒപ്പിയെടുക്കുന്നത് പലകുറി കണ്ടിട്ടുണ്ട്….
അകത്ത് ജനാലയ്ക്കരികില്‍ നില്‍ക്കുന്നത് സുജ അല്ലേ….അവളുടെ വിഷമം കാണണ്ട എനിക്ക്…സ്കൂളില്‍ ചേര്‍ന്ന നാള് മുതലുള്ള കൂട്ടായിരുന്നു……. ഇനി ആരാ അവള്‍ക്ക് കൂട്ട്..?എന്തു സ്നേഹമാ സുജയ്ക്കും അവളുടെ അമ്മയ്ക്കും…..വീടിനകത്തേക്ക് കയറി അമ്മയേയും സുജയേയും ആശ്വസിപ്പിക്കണമെന്നുണ്ട്…
പക്ഷേ…അവിടെ…ദേവകിയമ്മ ഇരുന്നു ഉറക്കെ ഭാഗവതം വായിക്കുന്നുണ്ട്…ആ ശബ്ദവും …ചന്ദനത്തിരികളുടെ ഗന്ധവും …കരഞ്ഞു കലങ്ങിയ അമ്മയുടെ മുഖവും…ഹോ! വയ്യ…..അതൊന്നും കാണാന്‍ എനിക്കു വയ്യ…..
ഏട്ടന് പന്തലില്‍ തന്നെ ഒരു കസേരയില്‍ തലയ്ക്കു കൈയും കൊടുത്ത് ഇരിക്കയാണ്…കൂട്ടുകാര്‍ ചുറ്റും ഇരുന്ന് എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ട്…..
ഏറെ നാളത്തെ കാത്തിരുപ്പിനു ശേഷമാണ് അകലെയുള്ള സ്കൂളില്‍ ജോലി കിട്ടുന്നത്…അന്ന്, തന്നെക്കാള്‍ ഏറെ സന്തോഷിച്ചത് ഒരു പക്ഷേ അമ്മയും ഏട്ടനും ആണെന്നു തോന്നുന്നു..അതിരാവിലെ എഴുന്നേറ്റ് സുജയോടൊത്ത് ഭഗവതിക്കാവില്‍ പോയി തൊഴുതു…ആദ്യമായി ജോലിക്ക് പോകുന്നതോര്‍ത്ത് പരിഭ്രമിച്ചിരുന്നപ്പോള്‍ ..’ഒറ്റയ്ക്ക് പോകണ്ട ..ഞാന്‍ കൂടെ വരാം..’ എന്ന് ഏട്ടന് പറഞ്ഞപ്പോള്‍ എന്തു ആശ്വാസമായിരുന്നു….പാവം ഏട്ടന്…ഏട്ടനും ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുന്നുണ്ടാകും…
ആരൊക്കെയോ രണ്ടു മൂന്നു പേര് തെക്കേ മുറ്റത്തേക്കു പോകുന്നു… അമ്മയുടെ ദുഃഖസഞ്ചാരത്തിന്റെ അടയാളമെന്നോണം തെക്കേ പറമ്പിലേക്ക് ഒരു വഴി തെളിഞ്ഞു കാണാം..വഴി ചെന്നവസാനിക്കുന്നിടത്താണ് അച്ഛന് അന്ത്യവിശ്രമം കൊള്ളുന്നത്….അച്ഛന്റെ അസ്ഥിത്തറയില്‍ എന്നും വിളക്കു കൊളുത്താന്‍ പോകുന്നത് അമ്മയാണ്….
കുമാരന് മാഷും മറ്റ് മാഷുമാരും തെക്കേപറമ്പിലേക്ക് നോക്കി നില്ക്കയാണ്…മാഷിന്റെ മുഖം കണ്ടാലറിയാം …ആ മനസ്സില്‍ ഒരു ദുഃഖ സാഗരം ആര്‍ത്തിരമ്പുന്നുണ്ട്……കുട്ടികളോടൊപ്പം പോകാന്‍ മടിച്ചു നിന്നപ്പോള്‍ കുമാരന് മാഷാണ് ‘ യാതൊരു ഒഴിവുകഴിവുകളും എനിക്കു കേള്‍ക്കണ്ട ..ഗായത്രി കൂടി പോയേ പറ്റൂ…’ എന്ന് താക്കീതായി പറഞ്ഞത്…’ഹെഡ് മാസ്റ്റര്‍ അല്ലേ പറയുന്നത് നീ കൂടി പോയി വാ’
എന്ന് ഏട്ടന് പറഞ്ഞപ്പോഴും മനസ്സില്‍ എവിടെയോ ഒരു വിഷമം ഉണ്ടായിരുന്നു…
എങ്കിലും ബസ്സില്‍ കുട്ടികള്‍ക്ക് ഒപ്പം കളിച്ച് പാട്ടും പാടി യാത്ര തുടങ്ങിയപ്പോള്‍ വിഷമം ഒക്കെ മാറിയിരുന്നു….
ആതിരപ്പിള്ളിയില്‍ ബസ്സ് ചെന്നപ്പോഴേക്ക് കുട്ടികള്‍ സന്തോഷതിമര്‍പ്പില്‍ ആയിരുന്നു….ആരും വെള്ളത്തിലിറങ്ങരുത് എന്ന ജാഗ്രതാ നിര്‍ദ്ദേശം പലയിടത്തായി കണ്ടപ്പോഴെല്ലാം കുട്ടികളെ വിലക്കിയിരുന്നു…വെള്ളത്തിലാരും ഇറങ്ങരുത്..മാറി നിന്നു കണ്ടാല്‍ മതി എന്ന്…എന്നിട്ടും, ആ കുട്ടികള്‍ എന്തിനു വേണ്ടിയായിരുന്നു വെള്ളത്തിലേക്ക് ഇറങ്ങിയത്…കണ്ണന്റെ നിലവിളി കേട്ടു നോക്കിയപ്പോഴാണ് കണ്ടത്..അവന് മറ്റൊരാളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്…..നോക്കി നില്ക്കാന് കഴിഞ്ഞില്ല…..ഓടി ചെന്ന് അവരെ പിടിച്ചു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ കണ്ണന്റെ കാല് വഴുതി പോവുകയായിരുന്നു…അവന് കൈയില്‍ മുറുക്കി പിടിച്ചതിനാല്‍ മൂന്നു പേരും ആ ഒഴുക്കില്‍പ്പെട്ടു പോവുകയായിരുന്നു….
അതാ..വീടിനകത്തു നിന്നു നിലവിളികള്‍ ഉയരുന്നു….അവിടേക്ക് ഓടി കയറാന്‍ എനിക്കു കഴിയുന്നില്ല…ആളുകള്‍ തിങ്ങി നിറഞ്ഞു നില്ക്കയാണ്…അമ്മയുടെ നിലവിളി കേട്ടു നില്ക്കാന് എന്നെ കൊണ്ടു കഴിയുന്നില്ല…ഞാന്‍ എങ്ങനെ അമ്മയെ ആശ്വസിപ്പിക്കും…
നാലഞ്ചു പേര് താങ്ങിയെടുത്തു കൊണ്ടു വരുന്ന വെള്ള പുതച്ച ഒരു തുണിക്കെട്ട്…
അവരതുമായി വടക്കേ മുറ്റത്തേക്ക് പോവുകയാണ്…ഏതാനും സമയത്തിനകം എന്റെ ശരീരം ഒരു മണ്‍ക്കൂനയ്ക്കുള്ളിലായ് തീരും….പിന്നെ …പിന്നെ…നാളുകള്‍ കഴിയവേ…ആ മണ്‍ക്കൂന ഇടിഞ്ഞു നിരപ്പാകും…അതുപോലെ തന്നെ എന്നെ കുറിച്ചുള്ള ഓര്‍മ്മകളും മാഞ്ഞു മാഞ്ഞില്ലാതെയാവും….
119 total views, 1 views today
