Sunil Kumar
രണ്ട് അഭിനയ ചക്രവർത്തിമാർക്കിടയിൽ അന്തംവിട്ടിരിക്കുന്ന പാവം കൃഷ്ണപ്രസാദ്. ശിവാജിഗണേശനും മോഹൻലാലും. നടുവിൽ കൃഷ്ണപ്രസാദും.’ഒരു യാത്രാമൊഴി’
ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി നാംകാണുന്ന ഈ നല്ലനടന്റെ കരിയറിലെ ഏറ്റവുംവലിയ ഭാഗ്യമായിരിക്കും ഈ സിനിമ എന്ന്തോന്നുന്നു..ശിവാജി മലയാളത്തിൽ അഭിനയിക്കാൻ എത്തുന്നു എന്ന വാർത്ത പരന്നതോടുകൂടി ആ സിനിമയിൽ ഒരു ചെറിയവേഷമെങ്കിലും ചെയ്യാൻ താല്പര്യമുണ്ട് എന്ന്പറഞ്ഞ് മലയാളത്തിലെ പ്രഗൽഭരായ പല നടന്മാരും തന്നെ സമീപിച്ചിരുന്നതായി സംവിധായകൻ പ്രതാപ് പോത്തൻ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്.
രണ്ട് സീനിൽ അഭിനയിക്കാൻ മാത്രമായി ഈ സിനിമയിൽ വന്ന മഹാനടൻ തിലകന്റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു ശിവാജിയോടൊപ്പം ഒരു രംഗത്ത് നേർക്ക്നേരെ നിന്നഭിനയിക്കുക എന്നത്.. ചെറുപ്പകാലത്ത് തന്റെ ആരാധനാപാത്രമായിരുന്ന ശിവാജിയുടെ സിനിമകൾ കാണാൻ മണിക്കൂറുകളോളം നടന്ന് ടൗണിലെ തീയറ്ററിൽഎത്തിയിരുന്നത് തിലകൻ അനുസ്മരിച്ചിട്ടുണ്ട്.. അക്കാലത്ത് അഭിനയരംഗത്ത് നിന്ന് ഏറെക്കുറെ പിന്മാറിക്കഴിഞ്ഞിരുന്ന വിഖ്യാതനടൻ ബഹദൂർ ശിവാജിയോടൊപ്പം അഭിനയിക്കാൻ വളരെ താല്പര്യപ്പെട്ടിരുന്നു.. നടികർതിലകത്തിന്റെ കാര്യസ്ഥനായി ബഹദൂർ ചിത്രത്തിൽ വേഷമിട്ടു.
ശിവാജിയുടെ അടുത്ത സുഹൃത്തായിരുന്ന മലയാളസിനിമയുടെ കാരണവർ തിക്കുറിശ്ശി സുകുമാരൻനായർക്കും ഈ ചിത്രത്തിൽ അഭിനയിക്കാൻ വലിയ താല്പര്യമുണ്ടായിരുന്നെങ്കിലും എന്തോ കാരണത്താൽ അത് സാധ്യമായില്ല.പക്ഷേ ആഗ്രഹിച്ച പലർക്കും ലഭിക്കാത്ത, മോഹൻലാലിനോടും ശിവാജിയോട് ഒപ്പംനിന്ന് അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചത് കൃഷ്ണപ്രസാദിനാണ്.